കേരളത്തില്‍ യുഡിഎഫ് തരംഗം; മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍; തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്
അജയ് മധു

കേരളത്തില്‍ യുഡിഎഫ് തരംഗം; മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍; തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

ആറ്റിങ്ങലില്‍ നടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടം മാത്രമാണ് പ്രവചനാതീതം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2019 ആവര്‍ത്തിച്ച് കേരളം. 20ല്‍ 17 സീറ്റുകളില്‍ യുഡിഎഫ് ജയം ഉറപ്പിച്ചു. ഒമ്പത് മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിച്ചതോടെ 2019നേക്കാള്‍ തിളക്കമേറിയ വിജയമാണ് ഇക്കുറി യുഡിഎഫിന്. പൊന്നാനി, എറണാകുളം, മലപ്പുറം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം രണ്ട് ലക്ഷത്തിനും മുകളിലാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം പിന്നിട്ടു. ആറ്റിങ്ങലില്‍ നടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടം മാത്രമാണ് പ്രവചനാതീതം. ആറ്റിങ്ങലും ആലത്തൂരും തൃശൂരും ഒഴികെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് ജയം ഉറപ്പിച്ചിരിക്കുകയാണ്.

2019ല്‍ യുഡിഎഫ് തരംഗത്തില്‍ എല്‍ഡിഎഫിലെ വന്‍ മരങ്ങള്‍ ഉള്‍പ്പെടെ വീണു. എന്നാല്‍ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ചു. 2021 പ്രതിഫലിച്ചില്ലെങ്കിലും എല്‍ഡിഎഫ് നില മെച്ചമാക്കാന്‍ പറ്റും എന്നായിരുന്നു കരുതിയിരുന്നത്. അതിനനുസരിച്ച് ശക്തരായ സ്ഥാനാര്‍ഥികളെ തന്നെയാണ് എല്‍ഡിഎഫ് ഇക്കുറി രംഗത്തിറക്കിയതും. 2019ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് പല യുഡിഎഫ് സ്ഥാനാര്‍ഥികളും വിജയിച്ചത്. എന്നാല്‍ ഇത്തവണ തിരുവനന്തപുരം ഒഴിച്ച് ബാക്കി യുഡിഎഫ് ജയം ഉറപ്പിച്ച മണ്ഡലങ്ങളിലെല്ലാം അമ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷവുമായാണ് സ്ഥാനാര്‍ത്ഥികള്‍ തിളങ്ങിയത്.

കേരളത്തില്‍ യുഡിഎഫ് തരംഗം; മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍; തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്
തിരിച്ചുവരവുകളുടെ തരൂര്‍, തിരുവനന്തപുരത്തിന്റെയും

അതേസമയം തൃശൂരില്‍ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പോയത് മുന്നണിക്ക് ക്ഷീണമായി. വോട്ടെണ്ണലിന്റെ ഒരു സമയത്ത് പോലും ലീഡ് വര്‍ധിപ്പിക്കാന്‍ മുരളീധരന് സാധിച്ചില്ല. വിജയം പ്രതീക്ഷിച്ചാണ് വടകരയില്‍ നിന്ന് കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയത്. എന്നാല്‍ മത്സരം സുരേഷ്‌ഗോപിയും സുനില്‍കുമാറും തമ്മിലായിരുന്നു എന്നാണ് ഫലം വ്യക്തമാക്കുന്നത്. രാജീവ് ചന്ദ്രശേഖറുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തരൂര്‍ മണ്ഡലം നാലാമതും നിലനിര്‍ത്തി. കേരളം ഉറ്റുനോക്കിയിരുന്ന വടകര മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടിനാണ് ജയിച്ചത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവുമധികം വോട്ട് നേടി വിജയിച്ച കെ കെ ശൈലജ ടീച്ചര്‍ക്ക് വലിയ തിരിച്ചടിയാണ് യുഡിഎഫ് നല്‍കിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ഭൂരിപക്ഷം നേടിയവരില്‍ ഒരാളായ രമ്യ ഹരിദാസിന്റെ തോല്‍വി യുഡിഎഫിന് മറ്റൊരു തിരിച്ചടിയാണ്. ഇരുപതിനായിരത്തില്‍ അധിക വോട്ടുകള്‍ക്ക് കെ രാധാകൃഷ്ണന്‍ ലീഡ് ചെയ്യുകയാണ്.

logo
The Fourth
www.thefourthnews.in