ഹസാരിബാഗില്‍ ബിജെപിയെ വെള്ളം കുടിപ്പിക്കുന്ന സിന്‍ഹ കുടുംബം; തലവേദനയായി യശ്വന്തിന് പിന്നാലെ ജയന്തും

ഹസാരിബാഗില്‍ ബിജെപിയെ വെള്ളം കുടിപ്പിക്കുന്ന സിന്‍ഹ കുടുംബം; തലവേദനയായി യശ്വന്തിന് പിന്നാലെ ജയന്തും

ഹസാരിബാഗില്‍ സീറ്റ് നിഷേധിച്ചതാണ് ജയന്തിനെ പ്രകോപിപ്പിച്ചത് എന്നാണ് ബിജെപിയുടെ ആരോപണം

മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ ഒരു കാലത്ത് ബിജെപിയുടെ കരുത്തരായ മുഖങ്ങളില്‍ പ്രധാനിയായിരുന്നു. ഇന്ന്, ബിജെപിയുടെ പ്രധാന ശത്രുക്കളുടെ പട്ടികയിലാണ് യശ്വന്ത് സിന്‍ഹയുടെ സ്ഥാനം. മോദി കാലത്ത്, പടിയിറങ്ങേണ്ടിവന്ന പഴയ പടക്കുതിര രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവരെ ബിജെപിയെ പ്രതിരോധത്തിലാക്കി. ഇപ്പോള്‍, യശ്വന്ത് സിന്‍ഹയുടെ കുടുംബമാണ് ജാര്‍ഖണ്ഡില്‍ ബിജെപിയുടെ പുതിയ തലവേദന. അദ്ദേഹത്തിന്റെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ ജയന്ത് സിന്‍ഹ വോട്ട് ചെയ്യാതിരിക്കുകയും ചെറുമകന്‍ ആശിഷ് സിന്‍ഹ 'ഇന്ത്യ' സഖ്യത്തിന്റെ റാലിയില്‍ പങ്കെടുക്കുകയുംകൂടി ചെയ്തതോടെ, ബിജെപി വലിയ പ്രതിസന്ധിയിലായി. പിന്നാലെ, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനിന്നതിന് ജയന്ത് സിന്‍ഹയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.

Summary

വാജ്‌പേയ് കാലത്ത് ബിജെപിയുടെ ശക്തനായ നേതായിരുന്ന യശ്വന്ത് സിന്‍ഹ, മോദി യുഗത്തില്‍ പാര്‍ട്ടിയോട് കലഹിച്ച് പുറത്തുപോവുകയും 2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു

ഹസാരിബാഗില്‍ സീറ്റ് നിഷേധിച്ചതാണ് ജയന്തിനെ പ്രകോപിപ്പിച്ചത് എന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍, ഏറെനാളായി പുകഞ്ഞുനിന്ന പടലപ്പിണക്കം മറനീക്കി പുറത്തുവന്നു എന്നാണ് പ്രതിപക്ഷം പറയുന്നത്. മെയ് 20-നായിരുന്നു ഹസാരിബാഗില്‍ വോട്ടെടുപ്പ്. 2019-ല്‍ നാലര ലക്ഷത്തിന് മുകളില്‍ വോട്ട് നേടിയാണ് ജയന്ത് ഹസാരിബാഗില്‍ നിന്ന് വിജയിച്ചത്. സിറ്റിങ് എംഎല്‍എ മനിഷ് ജയ്‌സ്‌വാളിനാണ് ജയന്തിനെ മാറ്റി ബിജെപി ഇത്തവണ സീറ്റ് നല്‍കിയത്. തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നും ആഗോള കാലാവസ്ഥ വ്യതിയാന വിഷയങ്ങളില്‍ ശ്രദ്ധചെലുത്താന്‍ പോവുകയാണ് എന്നുമായിരുന്നു ജയന്തിന്റെ പ്രതികരണം. ഒന്നാം മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന ജയന്തിന്, രണ്ടാം മന്ത്രിസഭയില്‍ ബിജെപി ഇടം നല്‍കിയിരുന്നില്ല.

ഹസാരിബാഗില്‍ ബിജെപിയെ വെള്ളം കുടിപ്പിക്കുന്ന സിന്‍ഹ കുടുംബം; തലവേദനയായി യശ്വന്തിന് പിന്നാലെ ജയന്തും
'മമതയുടെ നയങ്ങള്‍ ബിജെപിയെ വളര്‍ത്തി, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി കണ്ടില്ല'

1998-ന് ശേഷം ആദ്യമായാണ് സിന്‍ഹ കുടുംബത്തിന് പുറത്തുനിന്നുള്ളൊരാള്‍ ഹസാരിബാഗ് സീറ്റില്‍ മത്സരിക്കുന്നത്. വാജ്‌പേയ് കാലത്ത് ബിജെപിയുടെ ശക്തനായ നേതായിരുന്ന യശ്വന്ത് സിന്‍ഹ, മോദി യുഗത്തില്‍ പാര്‍ട്ടിയോട് കലഹിച്ച് പുറത്തുപോവുകയും 2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

1992-ല്‍ ബിജെപിയില്‍ ചേര്‍ന്ന സിന്‍ഹ, വാജ്‌പേയിയുടെ അടുത്ത അനുയായിമാറി. ബിജെപി പ്രതിപക്ഷത്തിരുന്ന 2004-2014 കാലയളവില്‍ വിവിധ വിഷയങ്ങളില്‍ കേന്ദ്ര നേതൃത്വത്തോട് കലഹിച്ച സിന്‍ഹ 2009-ല്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷ പദവി രാജിവച്ചു. 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പോടെ എ ബി വാജ്‌പേയി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് സിന്‍ഹയും പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടുതുടുങ്ങി.

 വാജ്‌പേയിക്കൊപ്പം യശ്വന്ത് സിന്‍ഹ
വാജ്‌പേയിക്കൊപ്പം യശ്വന്ത് സിന്‍ഹ

ബിജെപിയില്‍ നരേന്ദ്ര മോദി-അമിത് ഷാ യുഗം ആരംഭിച്ചതോടെ, യശ്വന്ത് സിന്‍ഹയും എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സമ്പൂര്‍ണമായി ഒതുക്കപ്പെട്ടു. പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യശ്വന്തിന് ബിജെപി സീറ്റ് നിഷേധിച്ചത്. എന്നാല്‍, മകന്‍ ജയന്ത് സിന്‍ഹയ്ക്ക് സീറ്റ് നേടിനല്‍കാന്‍ സാധിച്ചത് യശ്വന്തിന് ആശ്വാസമായി. ഒന്നാം മോദി മന്ത്രിസഭയില്‍ ജയന്ത് അംഗമാവുകയും ചെയ്തു. പ്രായാധിക്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് കേന്ദ്ര നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് 2018-ല്‍ സിന്‍ഹ ബിജെപിയില്‍ നിന്ന് രാജിവച്ചു.

യശ്വന്ത് സിന്‍ഹ
യശ്വന്ത് സിന്‍ഹ

2018 മുതല്‍ 2021 വരെ സ്വതന്ത്രനായി നിന്ന സിന്‍ഹ, 2021 മാര്‍ച്ച് 13-ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മമത ബാനര്‍ജിയാണ് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിച്ചത്. പക്ഷേ, ദ്രൗപദി മുര്‍മുവിനോട് പരാജയപ്പെട്ട സിന്‍ഹ, സജീവ രാഷ്ട്രീയത്തില്‍ നിന്നുവിട്ടുനില്‍ക്കുകയായിരുന്നു. 2024- ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിക്ക് എതിരെ കടുത്ത വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ രംഗത്തുവന്നിരുന്നു. ബിജെപിയിലെ 75 വയസ് പ്രായപരിധി മോദിക്കും ബാധകമാണെന്ന് യശ്വന്ത് സിന്‍ഹ തുറന്നടിച്ചു. 2014-ലാണ് 75 വയസ് പ്രായപരിധി കൊണ്ടുവന്ന് അദ്വാനി അടക്കമുള്ള നേതാക്കളെ ബിജെപി നേതൃസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയത്.

ജയന്ത് സിന്‍ഹ
ജയന്ത് സിന്‍ഹ

മന്ത്രിസ്ഥാനം നിഷേധിച്ചതിന് ശേഷം, ജയന്ത് സിന്‍ഹയും ബിജെപി നേതൃത്വത്ത പലപ്പോഴായി വിമര്‍ശിച്ചിട്ടുണ്ട്. യശ്വന്ത് സിന്‍ഹയുടെ രീതികളില്‍ നിന്ന് വ്യത്യസ്തമായി, കടുത്ത ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ചിരുന്ന നേതാവാണ് ജയന്ത് സിന്‍ഹ. മാംസവ്യാപാരിയെ മര്‍ദിച്ച കേസില്‍ ജയില്‍ മോചിതാരയ പ്രതികളെ മാലയിട്ട് സ്വീകരിച്ചതിലടക്കം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നേതാവാണ് ജയന്ത്. 2018-ല്‍ നടന്ന സംഭവത്തെ വിമര്‍ശിച്ച് അന്ന് യശ്വന്ത് സിന്‍ഹ രംഗത്തുവന്നിരുന്നു. എന്നാല്‍, അച്ഛനെ പോലെ താനും ഒതുക്കപ്പെടുകയാണ് എന്ന് മനസിലായത് മുതല്‍, ജയന്തും ഒളിഞ്ഞും തെളിഞ്ഞും ബിജെപി നേതൃത്തെ വിമര്‍ശിച്ചുതുടങ്ങി.

ഹസാരിബാഗില്‍ ബിജെപിയെ വെള്ളം കുടിപ്പിക്കുന്ന സിന്‍ഹ കുടുംബം; തലവേദനയായി യശ്വന്തിന് പിന്നാലെ ജയന്തും
തുടങ്ങിയത് 'വിശ്വഗുരുവില്‍'; കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്കുശേഷം 'ട്രാക്ക് മാറ്റി' മോദി, പിന്നീട് വിദ്വേഷപ്രസംഗങ്ങൾ

യശ്വന്തിന്റെ സ്ഥിരമായുള്ള മോദി വിമര്‍ശനമാണ് ജയന്ത് സിന്‍ഹയ്ക്ക് 2019-ല്‍ സീറ്റ് നിഷേധിച്ചതിന് പിന്നിലെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാത്തതിന് നേതാക്കളോട് വിശദീകണം തേടുന്നത് പാര്‍ട്ടി സംഘടന രീതിയാണെന്ന് ബിജെപി ന്യായീകരിക്കുന്നു. ഹസാരിബാഗ് മണ്ഡലത്തില്‍ സിന്‍ഹ കുടുംബത്തിന് ശക്തമായ സ്വാധീനമുണ്ട്. സിന്‍ഹ കുടുംബം പിണങ്ങിനില്‍ക്കുന്നത് തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ജയ്പ്രകാശ് ഭായ് പട്ടേലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

logo
The Fourth
www.thefourthnews.in