വാജ്‌പേയിയെ പറ്റിച്ച എക്‌സിറ്റ് പോള്‍; 2004 ആവര്‍ത്തിക്കുമോ?

വാജ്‌പേയിയെ പറ്റിച്ച എക്‌സിറ്റ് പോള്‍; 2004 ആവര്‍ത്തിക്കുമോ?

എക്‌സിറ്റ് പോളുകള്‍ അച്ചട്ടായി ഭവിച്ചതും അപ്പാടെ തെറ്റിയതുമായ സംഭവങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്ത് സംഭവിച്ചിട്ടുണ്ട്

നിര്‍ണായകമായ പൊതു തിരഞ്ഞെടുപ്പില്‍ അവസാനഘട്ട വിധിയെഴുതാന്‍ രാജ്യം ഒരുങ്ങുകയാണ്. 57 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തീരുന്നതോടെ എക്‌സിറ്റ് പോളുകളുടെ സമയമാണ്. യഥാര്‍ഥ ജനവിധി ജൂണ്‍ നാലിന് പുറത്തുവരും വരെ ചൂടുള്ള ചര്‍ച്ചകള്‍ക്കാകും വിവിധ എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടുകള്‍ വഴിവയ്ക്കുക.

ഇന്ത്യയുടെ രാഷ്ട്രീയ കാറ്റ് എങ്ങോട്ട്? ജനവിധിയുടെ സ്പന്ദനങ്ങള്‍ എന്ത്? കൂട്ടിയും കിഴിച്ചും ജനങ്ങളോട് അഭിപ്രായം തേടിയും തയ്യാറാക്കിയ വിവരങ്ങള്‍ പുറത്തുവിടാന്‍ ഏജന്‍സികള്‍ കാത്തിരിക്കുകയാണ്. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും മുന്നില്‍ ഈ കണക്കുകള്‍ എത്തിയിട്ടുണ്ടാകാം. അതിന്റെ അടിസ്ഥാനത്തിലാകാം, നരേന്ദ്ര മോദിയുടെ വര്‍ഗീയ പരാമര്‍ശങ്ങളുടെ തോത് വര്‍ധിച്ചതും ഇന്ത്യ സഖ്യത്തിന് അപ്രതീക്ഷിതമായൊരു ആത്മവിശ്വാസം വന്നുചേര്‍ന്നതും.

എക്സിറ്റ് പോളുകള്‍ അച്ചട്ടായി ഭവിച്ചതും അപ്പാടെ തെറ്റിയതുമായ സംഭവങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്ത് സംഭവിച്ചിട്ടുണ്ട്. അത്തരത്തില്‍ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിയ വര്‍ഷമായിരന്നു 2004. അന്ന് എ ബി വാജ്പേയി സര്‍ക്കാര്‍ തുടര്‍ഭരണത്തിലെത്തുമെന്ന് എല്ലാവരും വിലയിരുത്തി. എന്നാല്‍, ജനങ്ങള്‍ ബിജെപിയെ ഞെട്ടിച്ചു. 2014-ലും 2019-ലുമാകട്ടെ, എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് അതുപോലെ തന്നെ അരങ്ങേറുകയും ചെയ്തു.

Summary

ജനപ്രാതിനിധ്യ നിയമം 126 എ അനുസരിച്ച്, അവസാന വോട്ടും രേഖപ്പെടുത്തി പോളിങ് അവസാനിപ്പിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയതിന് ശേഷം അര മണിക്കൂര്‍ കഴിഞ്ഞുമാത്രമേ, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ പാടുള്ളു

എന്താണ് എക്‌സിറ്റ് പോള്‍?

തിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നുകേള്‍ക്കുന്ന രണ്ട് വാക്കുകളാണ് പ്രീപോള്‍ സര്‍വേയും എക്‌സിറ്റ് പോള്‍ സര്‍വേയും വോട്ടെടുപ്പിന് മുന്‍പ് ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ച് തയാറാക്കുന്നതാണ് പ്രീപോള്‍ സര്‍വേകള്‍. പോളിങ് ദിവസം മുതല്‍, വോട്ട് രേഖപ്പെടുത്തിയവരോട് ആര്‍ക്ക് വോട്ട് ചെയ്തു എന്ന് ചോദിച്ചറിഞ്ഞ് തയാറാക്കുന്നതാണ് എക്‌സിറ്റ് പോള്‍. നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ ഏജന്‍സികള്‍ സര്‍വേ നടത്തുന്നു.

ഓരോ ഘട്ടത്തിലും ഈ സര്‍വേകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ രഹസ്യമായി ആശ്രയിക്കാറുണ്ട്. ജനവികാരം മനസിലാക്കി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറ്റാന്‍ ഈ സര്‍വേകള്‍ രഹസ്യമായി മനസിലാക്കുന്നതിലൂടെ പാര്‍ട്ടികള്‍ക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. ജനപ്രാതിനിധ്യ നിയമം 126 എ അനുസരിച്ച്, അവസാന വോട്ടും രേഖപ്പെടുത്തി പോളിങ് അവസാനിപ്പിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയതിന് ശേഷം അര മണിക്കൂര്‍ കഴിഞ്ഞുമാത്രമേ, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ പാടുള്ളു.

2019-ലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

2019-ല്‍ എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും മോദി തരംഗം അടിവരയിട്ടിരുന്നു. ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ, ന്യൂസ് 24- ടുഡേ ചാണക്യ എക്സിറ്റ് പോളുകളാണ് യഥാര്‍ഥ ഫലത്തോട് ഏറ്റവും കൂടുതല്‍ ചേര്‍ന്നു നിന്നത്. 339 മുതല്‍ 365 വരെ സീറ്റ് എന്‍ഡിഎ നേടുമെന്നായിരുന്നു ഇന്ത്യ ടുഡെ-ആക്സിസ് ഇന്ത്യ പ്രവചനം. യുപിഎ 77-നും 108-നും ഇടയില്‍ ഒതുങ്ങുമെന്നും ഇവര്‍ പ്രവചിച്ചിരുന്നു. രാജ്യത്ത് ശക്തമായ മോദി തരംഗം നിലനില്‍ക്കുന്നതായും ഇവര്‍ പറഞ്ഞിരുന്നു.

വാജ്‌പേയിയെ പറ്റിച്ച എക്‌സിറ്റ് പോള്‍; 2004 ആവര്‍ത്തിക്കുമോ?
ഇനി ഏഴാം ഘട്ടം: ബിജെപിക്ക് നിര്‍ണായകം, ഇറങ്ങുന്നത് കഴിഞ്ഞ തവണ പതറിയ കളത്തിലേക്ക്‌

ന്യൂസ് 24-ടുഡേസ് ചാണക്യ സര്‍വെ എന്‍ഡിഎയ്ക്ക് പ്രവചിച്ചിരുന്നത് 350 സീറ്റായിരുന്നു. ബിജെക്ക് മാത്രം 300. യുപിഎ 95 സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് 55 സീറ്റില്‍ ഒതുങ്ങുമെന്നും ചാണക്യ പ്രവചിച്ചു. ഫലം വന്നപ്പോള്‍ 353 സീറ്റ് ആണ് എന്‍ഡിഎ സഖ്യം നേടിയത്. യുപിഎ 91 സീറ്റില്‍ ഒതുങ്ങി. ബിജെപിക്ക് 303 സീറ്റും കോണ്‍ഗ്രസ് 52 സീറ്റും.

സി വോട്ടര്‍ എന്‍ഡിഎയ്ക്ക് 287-ഉം യുപിഎയ്ക്ക് 128 സീറ്റും പ്രവചിച്ചു. എബിപി-സിഎസ്ഡിഎസ് സര്‍വെ എന്‍ഡിഎയ്ക്ക് പ്രവചിച്ചത് 277 സീറ്റായിരുന്നു. യുപിഎയ്ക്ക് 230. ടൈംസ് നൗ-വിഎംആര്‍ സര്‍വെ പ്രകാരം എന്‍ഡിഎയ്ക്ക് 306. യുപിഎയ്ക്ക് 132. ഇന്ത്യ ടിവി സിഎന്‍എക്സ് എക്സിറ്റ്പോള്‍ എന്‍ഡിഎ സഖ്യത്തിന് 300 സീറ്റാണ് പ്രവചിച്ചിരുന്നത്. യുപിഎയ്ക്ക് 120.

നരേന്ദ്രമോദി
നരേന്ദ്രമോദി

വാജ്‌പേയിയെ പറ്റിച്ച എക്‌സിറ്റ് പോള്‍

2004-ല്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് എല്ലാ എക്സിറ്റ്പോളുകളും ഉറപ്പിച്ച് പറഞ്ഞു . എന്നാല്‍, പ്രവചനങ്ങള്‍ അസ്ഥാനത്തായി. യുപിഎ സഖ്യം അധികാരത്തിലെത്തി. എന്‍ഡി ടിവി-എസി നെയില്‍സണ്‍ സര്‍വെ എന്‍ഡിഎയ്ക്ക് 230 മുതല്‍ 250 വരെ സീറ്റുകളാണ് പ്രവചിച്ചിരുന്നത്. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് 145 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിക്ക് 138.

വാജ്‌പേയിയെ പറ്റിച്ച എക്‌സിറ്റ് പോള്‍; 2004 ആവര്‍ത്തിക്കുമോ?
നവീൻ ബാബു തളർന്നാൽ ഒഡിഷയില്‍ ആർക്കാണ് ഗുണം?

2009-ല്‍ എക്സിറ്റ് പോളുകള്‍ യുപിഎയും എന്‍ഡിഎയും തമ്മില്‍ കനത്ത മത്സരം എന്ന തരത്തിലായിരുന്നു. ഇന്ത്യ ടിവി-സി വോട്ടര്‍ സര്‍വെ യുപിഎയ്ക്ക് 189 മുതല്‍ 201 സീറ്റുവരെ പ്രവചിച്ചപ്പോള്‍ എന്‍ഡിഎയ്ക്ക് 183 മുതല്‍ 195 വരെ നല്‍കി. യഥാര്‍ഥ ഫലം വീണ്ടും യുപിഎയ്ക്ക് അനുകൂലം. 262 സീറ്റ് നേടി യുപിഎ അധികാരത്തില്‍ തുടര്‍ന്നു. എന്‍ഡിഎ 159 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് മാത്രം 206 സീറ്റ്. ബിജെപി 116ല്‍ ഒതുങ്ങി.

എ ബി വാജ്പേയ്
എ ബി വാജ്പേയ്

2014-ല്‍ എക്സിറ്റ്പോളുകള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായിരുന്നു. സിഎന്‍എന്‍ ഐബിഎന്‍ ലോക്നീതി സിഎസ്ഡിഎസ് സര്‍വെ 270നും 282നും ഇടയിലാണ് എന്‍ഡിഎയ്ക്ക് പ്രവചിച്ചത്. യുപിഎക്ക് 92-നും 102-നും ഇടയില്‍ സീറ്റ്. ചാണക്യ എന്‍ഡിഎയ്ക്ക് 340ഉം യുപിഎയ്ക്ക് 70 സീറ്റാണ് പ്രവചിച്ചത്. ഫലം വന്നപ്പോള്‍ എന്‍ഡിഎയ്ക്ക് 336 സീറ്റ്. ബിജെപിക്ക് മാത്രം 282. യുപിഎ 59 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് 44-ലേക്ക് കൂപ്പുകുത്തി.

വാജ്‌പേയിയെ പറ്റിച്ച എക്‌സിറ്റ് പോള്‍; 2004 ആവര്‍ത്തിക്കുമോ?
'കാറ്റ് മാറി വീശുന്നു, ഇന്ത്യ മുന്നണി അധികാരത്തില്‍ വരും'; മോദിക്ക് ഭരണം നഷ്ടമാകുമെന്ന പ്രചാരണം ശക്തമാക്കി പ്രതിപക്ഷം

തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിപ്പിച്ച് പാര്‍ട്ടികള്‍ കൂട്ടിക്കിഴിക്കലുകളിലേക്ക് കടക്കാന്‍ പോകുന്നു. അവിടെ, ഈ എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. 2004 ആണോ 2019 ആണോ ആവര്‍ത്തിക്കുന്നതെന്ന് കാത്തിരുന്നു കാണാം.

logo
The Fourth
www.thefourthnews.in