നവീൻ ബാബു തളർന്നാൽ ഒഡിഷയില്‍ ആർക്കാണ് ഗുണം?

നവീൻ ബാബു തളർന്നാൽ ഒഡിഷയില്‍ ആർക്കാണ് ഗുണം?

രണ്ടാം നിര നേതാക്കളെ അവതരിപ്പിക്കുന്നതിൽ ബിജെഡി പരാജയപ്പെട്ടു എന്നത് വ്യക്തമാണ്. ആകെ ഉള്ളത് നവീൻ പട്നായിക്കിന്റെ വലംകയ്യായി കണക്കാക്കുന്ന തമിഴ്നാട്ടുകാരനായ വികെ പാണ്ഡ്യനാണ്‌

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴാം ഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെക്കുറിച്ച് ബിജെപി തൊടുത്തുവിട്ട ആരോപണമാണ് പ്രധാന ചർച്ച. കഴിഞ്ഞ ദിവസം അദ്ദേഹം ഒരു ഇലക്ഷൻ റാലിയിൽ സംസാരിക്കുന്ന വീഡിയോ ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ വിമർശനം. സംസാരത്തിനിടയിൽ കൈ വിറയ്ക്കുന്ന നവീൻ പട്നായിക്കിന്റെ കൈകൾ ആളുകൾ കാണാത്ത തരത്തിൽ മാറ്റുന്ന ബിജെഡി നേതാവ് വി കെ പാണ്ഡ്യനെ ആണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. നവീൻ പട്നായികിന്റെ ആരോഗ്യം എങ്ങനെ ഇത്രയും ക്ഷയിച്ചു എന്നാണ് നരേന്ദ്രമോദിയും അമിത് ഷായുമുൾപ്പെടെയുള്ള നേതാക്കൾ ചോദിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നതിനു പിന്നിൽ വികെ പാണ്ഡ്യനാണെന്ന വിമർശനവും ബിജെപി കേന്ദ്രങ്ങളിൽ നിന്നും വന്നിരുന്നു.

പാണ്ഡ്യനാണ് ബിജു ജനതാ ദളിലെ അടുത്ത പ്രധാനമുഖം. കഴിഞ്ഞ 24 വർഷങ്ങളായി ഒഡിഷയിലെ മുഖ്യമന്ത്രിയായിരുന്ന നവിൻ പട്നായിക്കിന് 77 വയസാണ് പ്രായം. അദ്ദേഹത്തിന് ശേഷം ആര് പാർട്ടിയെ നയിക്കും എന്ന ചോദ്യം ശക്തമായി നിലനിൽക്കുന്നുണ്ട്. രണ്ടാംനിര നേതാക്കളെ അവതരിപ്പിക്കുന്നതിൽ ബിജെഡി പരാജയപെട്ടു എന്നത് വ്യക്തമാണ്. ആകെ ഉള്ളത് നവീൻ പട്നായിക്കിന്റെ വലംകയ്യായി കണക്കാക്കുന്ന തമിഴ്നാട്ടുകാരനായ പാണ്ഡ്യനാണ്‌. 'ഒഡിഷയിലെ ജനങ്ങളെ ഭരിക്കാൻ എന്തിനാണ് ഒരു തമിഴൻ' എന്ന ചോദ്യം ബിജെപി നേരത്തെ തന്നെ ചോദിക്കുന്നുണ്ട്. ഈ വീഡിയോ കൂടി വിവാദമാകുന്നതോടെ 'തമിഴ് ബാബു ഭരിക്കുന്ന ഒഡിഷയാണോ നിങ്ങൾക്കാവശ്യം' എന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്.

നവീൻ ബാബു തളർന്നാൽ ഒഡിഷയില്‍ ആർക്കാണ് ഗുണം?
'കാറ്റ് മാറി വീശുന്നു, ഇന്ത്യ മുന്നണി അധികാരത്തില്‍ വരും'; മോദിക്ക് ഭരണം നഷ്ടമാകുമെന്ന പ്രചാരണം ശക്തമാക്കി പ്രതിപക്ഷം

ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന റെക്കോഡിലേക്കെത്താൻ നവീൻ പട്നായിക്കിന് ഇനി ഒരുപാട് കാലമൊന്നും വേണ്ട. 24 വർഷം ഒഡിഷ മുഖ്യമന്ത്രിയായ നവീൻ പട്നായിക്കിന് ഇപ്പോഴും ഒഡിയ അറിയില്ല എന്നതാണ് വസ്തുത. അദ്ദേഹം പൊതുയോഗങ്ങളിലൂടെയല്ല ഒഡിഷയിലെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നത്, മിക്കപ്പോഴും വിഡിയോകളിലൂടെയാണ്. ഒഡിയ അറിയാതിരുന്നിട്ടുകൂടി നവീൻ ബാബുവിനെ ഒഡിഷയിലെ ജനങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ നവീൻ പട്നായിക്കിന് ശേഷം അവർ വികെ പാണ്ഡ്യനെ പോലെ ഒഡിയ അറിയാത്ത മറ്റൊരു നേതാവിനെ കൂടി അംഗീകരിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. എന്നാൽ ഒഡിഷയ്ക്ക് ഒഡിയ അറിയാവുന്ന ഒരു യുവമുഖ്യമന്ത്രിയെ തങ്ങൾ നൽകുമെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പുകൂടി നടക്കുന്ന സാഹചര്യത്തിൽ ബിജെപിയുടെ വാഗ്ദാനം.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ബിജെപി സർക്കാർ നിലവിൽ വരികയാണെങ്കിൽ നവീൻ പട്നായിക്കിന്റെ ആരോഗ്യത്തിന് എന്താണ് സംഭവിച്ചത് എന്നറിയാൻ സമിതിയെ നിയോഗിക്കുമെന്നും അന്വേഷണം നടത്തുമെന്നുമാണ് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രഖ്യാപനം. എന്നാൽ തന്റെ ആരോഗ്യസ്ഥിതിയെന്താണെന്നറിയാൻ ഒരു ഫോൺ എടുത്ത് തന്നെ വിളിച്ച് ചോദിച്ചുകൂടെ എന്നാണ് നവീൻ പട്നായിക്ക് തിരിച്ചു ചോദിക്കുന്നത്. തന്റെ ആരോഗ്യം തൃപ്തികരമാണെന്നും അദ്ദേഹം പ്രധാനമന്ത്രിയോടായി പറഞ്ഞു.

വികെ പാണ്ഡ്യൻ മുഖ്യമന്ത്രി സ്ഥാനം കാത്തിരിക്കുന്ന വ്യക്തിയാണെന്നാണ് അമിത്ഷാ വിമർശിച്ചത്. നവീൻ ബാബു ഒരു തമിഴ് ഉദ്യോഗസ്ഥനെ വച്ചുകൊണ്ടാണ് ഭരിക്കുന്നത് എന്നും പറഞ്ഞു. എന്നാൽ ഇതിനു മറുപടിയായി, കഴിഞ്ഞ ഒരു മാസത്തോളമായി താൻ ഒഡിഷ മുഴുവൻ പ്രചാരണം നയിക്കുകയാണെന്നും വളരെ മികച്ച ആരോഗ്യ സ്ഥിതിയിലാണ് താനുള്ളതെന്നുമാണ് നവീൻ പട്നായിക്ക് പറഞ്ഞത്.

2009 വരെ ബിജെപിയുമായി സഖ്യമുണ്ടായിരുന്ന പാർട്ടിയാണ് ബിജെഡി. സഖ്യം പിരിഞ്ഞതിന് ശേഷവും നിർണായകമായ പല അവസരങ്ങളിലും ബിജെപിക്ക് ബിജെഡി പിന്തുണ നൽകിയിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തിൽ പാർലമെന്റിൽ ബിജെഡിയുടെ പിന്തുണ സർക്കാരിനുണ്ടായിരുന്നു. പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചപ്പോൾ, ദ്രൗപദി മുർമു രാഷ്‌ട്രപതി സ്ഥാനാർഥിയായപ്പോൾ എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട എല്ലാ സന്ദർഭങ്ങളിലും ബിജെപിക്ക് നവീൻ പട്നായിക്കിന്റെ പിന്തുണയുണ്ടായിരുന്നു.

ഈ അന്തർധാരണയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രതിപക്ഷനേതാവായി പ്രതിപ്ത നായിക്കിനെ നിയമിക്കാൻ ബിജെപി തീരുമാനിച്ചത്. ബിജെപി എംഎൽഎമാർക്ക് താല്പര്യം ജയ നാരായൺ മിശ്രയെ ആയിരുന്നു. എന്നാൽ അതിനു വിപരീതമായി ബിജെപി നവീൻ പട്നായിക്കിന് വേണ്ടി പ്രതിപ്ത നായിക്കിന്റെ നിയമിക്കുകയായിരുന്നു എന്ന വിമർശനം ശക്തമായിരുന്നു.

നവീൻ ബാബു തളർന്നാൽ ഒഡിഷയില്‍ ആർക്കാണ് ഗുണം?
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചാല്‍ മോദി ധ്യാനത്തിന് പോകും, ഇത്തവണ കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലേക്ക്; 30ന് എത്തും

2014-ൽ ആകെയുള്ള 21 ലോക്സഭാ സീറ്റുകളിൽ 20ഉം നേടിയത് ബിജെഡി ആയിരുന്നു. ബിജെപിക്ക് കിട്ടിയത് കേവലം ഒരു സീറ്റു മാത്രമാണ്. എന്നാൽ 2019-ൽ ബിജെപിയുടെ സീറ്റുകൾ ഒന്നിൽ നിന്നും 8 ആയി ഉയർന്നു. ബിജെഡി പന്ത്രണ്ടിലേക്ക് താഴ്ന്നു. 2019 മുതൽ 2024 വരെ നവീൻ പട്നായിക്കിനെതിരെ കാര്യമായ വിമർശനമൊന്നും മോദി ഉന്നയിച്ചിട്ടില്ല എന്നത് നമുക്ക് കാണാൻ സാധിക്കും. പ്ടനായിക്ക് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയാണെങ്കിൽ രണ്ടാംനിര നേതാക്കളില്ലാത്ത ബിജെഡിയെ എളുപ്പം ഒതുക്കാം എന്ന കണക്കുകൂട്ടലിലാവാം ബിജെപി ഇപ്പോൾ നവീൻ പട്നായിക്കിന്റെ ആരോഗ്യം ചർച്ചയാകുന്നത്. എന്താണ് നവീൻ പട്നായിക്കിന് സംഭവിച്ചതെന്ന് അറിയേണ്ടതുണ്ട്. പിൻഗാമിയായി വരുന്നത് വികെ പാണ്ഡ്യനാണെങ്കിൽ ഒഡിഷയിലെ ജനങ്ങൾ തമിഴനായ അദ്ദേഹത്തെ അംഗീകരിക്കുമോ എന്നതും, ഈ സാഹചര്യം ഉപയോഗപ്പെടുത്തി ഒഡിഷയിൽ ബിജെപി ബിജെഡിക്ക് പകരക്കാരാകുമോ എന്നതുമാണ് അറിയേണ്ടത്.

logo
The Fourth
www.thefourthnews.in