'കയ്യിലിരിപ്പിന് ജനങ്ങളുടെ മറുപടി'; ഹാസനിൽ പ്രജ്വൽ രേവണ്ണക്ക് തോൽവി

'കയ്യിലിരിപ്പിന് ജനങ്ങളുടെ മറുപടി'; ഹാസനിൽ പ്രജ്വൽ രേവണ്ണക്ക് തോൽവി

30,526 വോട്ടിനാണ് തോല്‍വി

കര്‍ണാടകയില്‍ ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണ പരാജയപ്പെട്ടു. ഹാസൻ മണ്ഡലത്തിൽ കോണ്‍ഗ്രസിന്റെ ശ്രേയസ് എം പട്ടേലിനോട് 30,526 വോട്ടിനാണ് തോല്‍വി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഡിഎസ് വിജയിച്ച ഏക സീറ്റാണ് ഇതോടെ നഷ്ടപ്പെട്ടത്. പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരായ ലൈംഗിക പീഡന ആരോപണവും എന്‍ഡിഎയെ പ്രതിരോധത്തിലാക്കിയിരുന്നു. വോട്ടെണ്ണല്ലിന്റെ ആദ്യ മണിക്കൂറുകളില്‍ മുന്നില്‍ നിന്ന പ്രജ്വല്‍ പിന്നീട് പിന്നോട്ടുപോവുകയായിരുന്നു.

ഹാസനിലെ വോട്ടെടുപ്പ് ദിവസം ജര്‍മനിയിലേക്ക് പറന്ന പ്രജ്വല്‍, അവസാന ഘട്ട പോളിങ്ങിന്റെ തലേദിവസമാണ് തിരികെയെത്തിയത്. എയര്‍ പോര്‍ട്ടില്‍ വെച്ചുതന്നെ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മെയ് 31ന് അന്വേഷണ സംഘം മുന്‍പാകെ കീഴടങ്ങുമെന്ന വീഡിയോ സന്ദേശം നേരത്തെ തന്നെ പ്രജ്വല്‍ പുറത്തു വിട്ടിരുന്നു. പറഞ്ഞ ദിവസം തന്നെ ടിക്കറ്റെടുത്തെന്നും യാത്ര തിരിച്ചെന്നും ഉറപ്പിച്ച അന്വേഷണ സംഘം പ്രതിയെ വിമാനത്താവളത്തിനകത്തു വച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ സജീകരണങ്ങളും ചെയ്യുകയായിരുന്നു.

'കയ്യിലിരിപ്പിന് ജനങ്ങളുടെ മറുപടി'; ഹാസനിൽ പ്രജ്വൽ രേവണ്ണക്ക് തോൽവി
LIVE | തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം, ലീഡ് തിരിച്ചു പിടിച്ച് തരൂര്‍ എല്‍ഡിഎഫും

ലൈംഗികാതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 27 ന് രാജ്യം വിട്ട പ്രജ്വല്‍ രേവണ്ണ മുപ്പത്തിനാല് ദിവസങ്ങള്‍ക്കു ശേഷമാണ് അറസ്റ്റിലായത്. നാനൂറോളം സ്ത്രീകളെ ലൈംഗികാതിക്രമത്തിനു വിധേയരാക്കി മൂവായിരത്തോളം വീഡിയോകള്‍ പ്രജ്വല്‍ ചിത്രീകരിച്ചെന്നാണ് കണ്ടെത്തല്‍. സ്വന്തം വീട്ടിലെ സഹായി ആയ സ്ത്രീ ഉള്‍പ്പടെ മൂന്നു അതിജീവിതരാണ് പ്രജ്വലിനെതിരെ പരാതി നല്‍കിയത്.

മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ അനന്തരവനുമാണ് പ്രജ്വല്‍ രേവണ്ണ. ഹാസനിലെ വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ട വീഡിയോകള്‍ പ്രചരിക്കുന്നത്. ഇത് പ്രതിപക്ഷവും വലിയ രീതിയില്‍ പ്രചാരണായുധമാക്കിയിരുന്നു. പിന്നാലെ വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേന്ന് തന്നെ രേവണ്ണ ജര്‍മനിയിലേക്ക് പോകുകയായിരുന്നു.

logo
The Fourth
www.thefourthnews.in