'97 ശതമാനം ഇഡി കേസും രാഷ്ട്രീയത്തിലില്ലാത്തവർക്കെതിരെ'; ഇലക്ടറല്‍ ബോണ്ടില്‍ എല്ലാവരും പശ്ചാത്തപിക്കുമെന്ന് പ്രധാനമന്ത്രി

'97 ശതമാനം ഇഡി കേസും രാഷ്ട്രീയത്തിലില്ലാത്തവർക്കെതിരെ'; ഇലക്ടറല്‍ ബോണ്ടില്‍ എല്ലാവരും പശ്ചാത്തപിക്കുമെന്ന് പ്രധാനമന്ത്രി

വാർത്താ ഏജൻസിയായ എഎൻഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസുകളില്‍ 97 ശതമാനവും രാഷ്ട്രീയത്തില്‍ ഇല്ലാത്തവര്‍ക്കെതിരേയാണെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാം തവണയും തങ്ങള്‍ ഭരിക്കുമെന്ന ആത്മവിശ്വാസം മാത്രമല്ല, തിരഞ്ഞെടുപ്പ് ഫലം വന്ന് അടുത്ത 100 ദിവസം ചെയ്യേണ്ട പദ്ധതികള്‍ വരെ തങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ഇലക്ടറല്‍ ബോണ്ട്, ഇഡി നടപടികള്‍, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കിയ മോദി കോണ്‍ഗ്രസിനെതിരേ കടന്നാക്രമണം നടത്തുകയും ചെയ്തു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

മൂന്നാം ഭരണത്തിലേക്കുള്ള പദ്ധതികള്‍

തുടര്‍ച്ചയായ മൂന്നാ തവണയും അധികാരത്തിലെത്തിയതിന് ശേഷം ആദ്യ 100 ദിവസം നടത്തേണ്ട പദ്ധതികള്‍ തയ്യാറാണെന്ന വാഗ്ദാനമാണ് മോദി നടത്തുന്നത്. തനിക്ക് വലിയ പദ്ധതികളുണ്ടെന്നും അതില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. തന്റെ തീരുമാനങ്ങള്‍ ആരെയും പേടിപ്പെടുത്താനോ ഇല്ലാതാക്കാനോ ഉള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് വേണ്ടിയുള്ള പദ്ധതികളാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

'97 ശതമാനം ഇഡി കേസും രാഷ്ട്രീയത്തിലില്ലാത്തവർക്കെതിരെ'; ഇലക്ടറല്‍ ബോണ്ടില്‍ എല്ലാവരും പശ്ചാത്തപിക്കുമെന്ന് പ്രധാനമന്ത്രി
കേരളാ കോണ്‍ഗ്രസുകളുടെ പോരാട്ടം ഇച്ചിരെ കടുപ്പമാണ്‌; ശ്രീലക്ഷ്മി ടോക്കീസ് കോട്ടയത്ത്‌

പാപത്തെക്കുറിച്ചുള്ള ഭയം

രാഷ്ട്രീയ ശത്രുക്കളെ ബിജെപി സര്‍ക്കാര്‍ ജയിലിലയക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. രാഷ്ട്രീയവുമായി ബന്ധമില്ലാത്തവരുടെ പേരിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏറ്റവും കൂടുതലായി കേസ് ചുമത്തിയതെന്ന് മോദി പറഞ്ഞു.

''എത്ര പ്രതിപക്ഷ നേതാക്കളാണ് ജയിലിലുള്ളത്? ഇതേ പ്രതിപക്ഷ നേതാക്കളാണല്ലോ ഒരു കാലത്ത് ഭരിച്ചുകൊണ്ടിരുന്നത്. ഇവിടെയുള്ളത് പാപം ചെയ്തതിനെക്കുറിച്ചുള്ള ഭയമാണ്. സത്യസന്ധനായ വ്യക്തിക്ക് ഭയമെന്തിനാണ്? ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവര്‍ എന്റെ ആഭ്യന്തര മന്ത്രിയെ (അമിത് ഷാ) ജയിലിലടച്ചു. മൂന്ന് ശതമാനം രാഷ്ട്രീയക്കാര്‍ക്കെതിരെ മാത്രമേ ഇഡി കേസുള്ളുവെന്ന് രാജ്യം മനസിലാക്കണം. ബാക്കിയുള്ള 97 ശതമാനം കേസും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാത്തവര്‍ക്കെതിരെയാണ്'', മോദി പറഞ്ഞു.

2014ല്‍ താന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഇഡി 5000 കോടിയുടെ സ്വത്തുക്കള്‍ മാത്രമേ കണ്ടുകെട്ടിയിട്ടുള്ളുവെന്നും എന്നാല്‍ തന്റെ ഭരണകാലത്ത് 1 ലക്ഷം കോടി വരെ കണ്ടുകെട്ടിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇലക്ടറല്‍ ബോണ്ട്; 'എല്ലാവരും പശ്ചാത്തപിക്കും'

ഇലക്ടറല്‍ ബോണ്ട് തീരുമാനങ്ങള്‍ക്ക് പോരായ്മയുണ്ടാകുമെന്ന് സമ്മതിച്ച മോദി ഇലക്ടറല്‍ ബോണ്ടിനെക്കുറിച്ച് പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. തിരിച്ചടികളുണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും കുറ്റബോധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി കൊണ്ടുവന്നതെന്നും ആരോപണമുണ്ടാക്കി ഓടിമറയാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജന്‍സിയുടെ നടപടികള്‍ക്ക് ശേഷമാണ് 16 കമ്പനികള്‍ സംഭാവന നല്‍കിയതെന്നും അതില്‍ 37 ശതമാനം തുക മാത്രമേ ബിജെപിക്ക് ലഭിച്ചുള്ളുവെന്നും ബിജെപിയെ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനാണ് 63 ശതമാനവും ലഭിച്ചതെന്നും മോദി വ്യക്തമാക്കി.

'97 ശതമാനം ഇഡി കേസും രാഷ്ട്രീയത്തിലില്ലാത്തവർക്കെതിരെ'; ഇലക്ടറല്‍ ബോണ്ടില്‍ എല്ലാവരും പശ്ചാത്തപിക്കുമെന്ന് പ്രധാനമന്ത്രി
'ജനകീയപ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ മോദി പൂജയ്ക്ക്‌ കടലിനടിയില്‍ പോകുന്നു, അവിടെ ക്ഷേത്രം പോലുമില്ല'; പരിഹസിച്ച്‌ രാഹുല്‍

വോട്ട്ബാങ്കിന് വേണ്ടി രാമക്ഷേത്രോദ്ഘാടനം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ്

വോട്ട് ബാങ്കിന് വേണ്ടിയാണ് കോണ്‍ഗ്രസ് രാമക്ഷേത്രോദ്ഘാടനം ബഹിഷ്‌കരിച്ചതെന്നും മോദി പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ നിസഹായാവസ്ഥയാണെന്നും മോദി ചൂണ്ടിക്കാട്ടി. ''രാമജന്മഭൂമി ട്രസ്റ്റ് നിങ്ങളുടെ വീട്ടില്‍ വന്ന് ക്ഷണിക്കുകയാണ്. നിങ്ങളും അവരെ തള്ളിക്കളയുന്നു. വോട്ട് ബാങ്ക് നിങ്ങളെ നിസഹായരാക്കിയെന്ന് അപ്പോള്‍ തോന്നും. ഒരാളെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതാണ് അവരുടെ സ്വഭാവവും'', പ്രധാനമന്ത്രി പറഞ്ഞു.

രാമക്ഷേത്ര വിധി വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന് ഇതൊരു രാഷ്ട്രീയാധുമാണെന്നും രാമക്ഷേത്രം പണിയുമെന്നും നിങ്ങളെ കൊല്ലുമെന്നും അവര്‍ പറഞ്ഞുകൊണ്ടേയിരുന്നുവെന്നും മോദി പറയുന്നു. ഒരു വോട്ട് ബാങ്കിനെ പ്രീണിപ്പെടുത്താനുള്ള വഴിയായിരുന്നു ഇതെന്നും എന്നാല്‍ ഇപ്പോള്‍ രാമക്ഷേത്രം പണിതെന്നും മോദി പറഞ്ഞു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കബളിപ്പിക്കുന്ന രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പറയാതെ വിമര്‍ശിക്കാനുള്ള ശ്രമവും മോദി അഭിമുഖത്തില്‍ നടത്തിയിരുന്നു. താന്‍ പറയുന്ന കാര്യങ്ങളോട് ഉത്തരവാദിത്തമോ പ്രതിബദ്ധതയോ വയനാട് എംപിക്കില്ലെന്ന് മോദി പറയുന്നു. ഒറ്റയടിക്ക് ദാരിദ്ര്യമില്ലാതാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെയും മോദി പരിഹസിച്ചു. ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ചിട്ടും ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ ജനം ചോദ്യം ചെയ്യുമെന്നും മോദി വിമര്‍ശിച്ചു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്

ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നത് ബിജെപിയുടെ പ്രതിബദ്ധതയാണെന്നായിരുന്നു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നല്‍കിയ മറുപടി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രാജ്യത്തിന് ഒരുപാട് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

''രാജ്യത്തെ നിരവധിപ്പേര്‍ അവരുടെ നിര്‍ദേശങ്ങള്‍ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. നല്ലതും നൂതനവുമായ പല നിര്‍ദേശങ്ങളും വന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സാധിച്ചാല്‍ രാജ്യത്തിന് ഒരുപാട് ഗുണമുണ്ടാകും'', മോദി പറഞ്ഞു.

logo
The Fourth
www.thefourthnews.in