'ഇനിയും എന്റെ ക്ഷമ പരീക്ഷിക്കരുത്, കീഴടങ്ങി നിയമനടപടി നേരിടുക;' പ്രജ്വല്‍ രേവണ്ണയ്ക്ക് ദേവെ ഗൗഡയുടെ താക്കീത്

'ഇനിയും എന്റെ ക്ഷമ പരീക്ഷിക്കരുത്, കീഴടങ്ങി നിയമനടപടി നേരിടുക;' പ്രജ്വല്‍ രേവണ്ണയ്ക്ക് ദേവെ ഗൗഡയുടെ താക്കീത്

ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ പാര്‍ട്ടി ലെറ്റര്‍ ഹെഡില്‍ എഴുതിയ കത്തിലൂടെയാണ് പൗത്രന്‍ കൂടിയായ ഹാസന്‍ എംപിയോടുള്ള അഭ്യര്‍ഥന

ലൈംഗികാതിക്രമ കേസില്‍ പ്രതിയായി രാജ്യം വിട്ട ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണക്ക് കീഴടങ്ങാന്‍ അന്ത്യ ശാസനവുമായി മുത്തച്ഛനും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച് ഡി ദേവെഗൗഡ. കഴിഞ്ഞ 26 ദിവസമായി കേസില്‍ നിയമനടപടികള്‍ നേരിടാതെ വിദേശത്ത് ഒളിച്ചു കഴിയുന്ന പ്രജ്വലിനോട് ഉടനെ രാജ്യത്ത് മടങ്ങിയെത്താനും നിയമ നടപടി നേരിടാനും അഭ്യര്‍ഥിക്കുകയാണ് ദേവെഗൗഡ. പാര്‍ട്ടി ലെറ്റര്‍ ഹെഡില്‍ തയ്യാറാക്കിയ കത്തിലൂടെയാണ് പ്രജ്വലിനുള്ള താക്കീത്.

'ഇനിയും എന്റെ ക്ഷമ പരീക്ഷിക്കരുത്. ജനങ്ങളോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. നിന്റെ പ്രവൃത്തികളെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല, എന്നിട്ടും ജനങ്ങളോട് ഉത്തരം പറയേണ്ട സാഹചര്യമാണ്. ഇന്ത്യയിലേക്ക് ഉടന്‍ തിരിച്ചെത്തുക. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ അന്വേഷണവുമായി സഹകരിക്കുക, തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ ഏറ്റു വാങ്ങുക' അതി വൈകാരികമായ വാക്കുകളിലൂടെയാണ് ദേവെഗൗഡയുടെ പൗത്രനോടുള്ള അഭ്യര്‍ഥന.

'ഇനിയും എന്റെ ക്ഷമ പരീക്ഷിക്കരുത്, കീഴടങ്ങി നിയമനടപടി നേരിടുക;' പ്രജ്വല്‍ രേവണ്ണയ്ക്ക് ദേവെ ഗൗഡയുടെ താക്കീത്
പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണം; വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ

പ്രജ്വല്‍ എവിടെയാണെന്നറിയില്ല. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ ഏറ്റവും കടുത്ത ശിക്ഷ തന്നെ അവനു ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 60 വര്‍ഷം പിന്നിടുന്ന രാഷ്ട്രീയ ജീവിതത്തില്‍ ജനങ്ങളോട് കടപ്പാടുള്ളവനാണ്, ഇനിയും ജനങ്ങളെ അതുമിതും പറഞ്ഞു നിര്‍ത്താനാവില്ല. ഒളിച്ചിരുന്ന് കുടുംബത്തെ പഴി കേള്‍പ്പിക്കുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ ആരും പ്രജ്വലിനോടൊപ്പം നിലകൊള്ളുകയില്ലെന്നും ദേവെഗൗഡ കത്തില്‍ പറയുന്നു.

'പ്രജ്വലിന്റെ ജര്‍മനിയിലെ താമസത്തെ കുറിച്ചോ വിദേശ യാത്രയെ കുറിച്ചോ അറിവുണ്ടായിരുന്നില്ല, സത്യം ദൈവത്തിനു മാത്രമേ അറിയൂ. എനിക്ക് ചെയ്യാനാവുന്നത് അവനോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുക എന്നത് മാത്രമാണ്. ഇതൊരു അഭ്യര്‍ഥനയല്ല, താക്കീതും അന്ത്യശാസനവുമാണ്. എന്നോടും കുടുംബത്തിനോടും അല്പമെങ്കിലും ബഹുമാനവും സ്‌നേഹവും ശേഷിക്കുന്നുവെങ്കില്‍ അവനിപ്പോള്‍ തന്നെ കീഴടങ്ങുകയാണ് വേണ്ടത്' ദേവെഗൗഡ കത്ത് അവസാനിപ്പിക്കുന്നതിങ്ങനെ.

ഏപ്രില്‍ 27 ന് രാജ്യം വിട്ട പ്രജ്വല്‍ ജര്‍മനിയില്‍ എത്തിയതായാണ് വിവരം. ഹാസനില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിയതോടെ പ്രജ്വല്‍ കുടുംബാംഗങ്ങളെ പോലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. കേസ് കെട്ടിച്ചമച്ചതാണെന്ന് വിശദീകരിച്ച് ഒരു തവണ സമൂഹ മാധ്യമ ഹാന്‍ഡിലുകളില്‍ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തതൊഴിച്ചാല്‍ കഴിഞ്ഞ ഒരു മാസത്തോളമായി പ്രജ്വലിനെ കുറിച്ച് ഒരു വിവരവുമില്ല. അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരം സിബിഐ ബ്ലൂ - റെഡ് കോര്‍ണര്‍ നോട്ടീസുകള്‍ പുറപ്പെടുവിച്ചെങ്കിലും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ നിസഹകരണം കാരണം പ്രജ്വലിനെ കണ്ടെത്തല്‍ നടന്നില്ല. കര്‍ണാടക സര്‍ക്കാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടാണ് വിദേശ കാര്യ മന്ത്രാലയം വ്യാഴാഴ്ച മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന ബംഗളുരുവിലെ പ്രത്യേക കോടതിയുടെ അറസ്റ്റു വാറന്റ് ഉള്ളതിനാല്‍ പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ വിദേശ കാര്യ മന്ത്രാലയത്തിന് തടസങ്ങളില്ല. പാസ്‌പോര്‍ട് റദ്ദായാല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി ഇന്ത്യക്കു കൈമാറാനാകും. നയതന്ത്ര പരിരക്ഷയുടെ ബലത്തിലാണ് അന്വേഷണ ഏജന്‍സിയെ കബളിപ്പിച്ച് പ്രജ്വല്‍ രേവണ്ണ ജര്‍മനിയില്‍ തുടരുന്നത്.

'ഇനിയും എന്റെ ക്ഷമ പരീക്ഷിക്കരുത്, കീഴടങ്ങി നിയമനടപടി നേരിടുക;' പ്രജ്വല്‍ രേവണ്ണയ്ക്ക് ദേവെ ഗൗഡയുടെ താക്കീത്
പ്രതികളായി ജനപ്രതിനിധികൾ, സ്ത്രീ സുരക്ഷനിയമങ്ങൾക്കിടയിലും ആവർത്തിക്കുന്ന കുറ്റങ്ങള്‍; പ്രജ്വല്‍ വിവാദം വിരല്‍ചൂണ്ടുന്നത്

തികച്ചും വ്യക്തിപരമായ കാരണം പറഞ്ഞാണ് പ്രജ്വല്‍ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ജര്‍മന്‍ യാത്ര നടത്തിയത്. യാത്രയ്ക്ക് മുന്നേ യാത്ര സംബന്ധിച്ച എല്ലാ വിവരങ്ങളും വിദേശകാര്യ മന്ത്രാലയത്തിന് നല്‍കി രണ്ടാഴ്ച മുന്‍പ് മുന്‍കൂര്‍ അനുമതി നേടണമെന്നതാണ് ചട്ടം. ഇത് ലംഘിച്ചാണ് പ്രജ്വല്‍ യാത്ര ചെയ്തിരിക്കുന്നത്. ചട്ടം ലംഘിക്കാന്‍ പ്രജ്വലിന് ബിജെപി ദേശീയ നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുമാരുടെയും സഹായം ലഭിച്ചെന്നാണ് ആക്ഷേപം. ഏപ്രില്‍ 22ന് ഹാസനില്‍ ഹൊളനരസിപുര പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ഹാസനില്‍ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 26 ആയപ്പോഴേക്കും സ്ഥിതിഗതികള്‍ വഷളായി. ഇതേക്കുറിച്ചെല്ലാം ജെഡിഎസിന്റെ സഖ്യ കക്ഷിയായ ബിജെപിക്ക് അറിവുണ്ടായിരുന്നു. കര്‍ണാടകയില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന മെയ് 7 ന് വിഷയം ചര്‍ച്ചയാകുമെന്ന് കാലേകൂട്ടി മനസിലാക്കിയ ബിജെപി ദേശീയ നേതാക്കള്‍ പ്രജ്വലിനെ നാടുകടത്തി മുഖം രക്ഷിച്ചെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. തിരഞ്ഞെടുപ്പിനുശേഷം പ്രജ്വല്‍ കീഴടങ്ങട്ടെയെന്ന നിലപാട് സ്വീകരിച്ച ബിജെപി ജെഡിഎസ് നേതൃത്വവുമായി സംസാരിച്ച് കാര്യങ്ങള്‍ ഒതുക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാരി ശക്തിയും സ്ത്രീ ശാക്തീകരണവും പറഞ്ഞു വോട്ടു പിടിക്കുന്ന ബിജെപിക്ക് പ്രജ്വലിന്റെ അറസ്റ്റ് തിരിച്ചടിയാകുമെന്ന് ബോധ്യമുണ്ട്. അറസ്റ്റ് വരിച്ച് പ്രജ്വല്‍ നിയമനടപടി നേരിടാന്‍ ജെഡിഎസ് നേതൃത്വം ആഗ്രഹിച്ചിട്ടും ബിജെപി വിലങ്ങു തടിയായി നില്‍ക്കുന്നത് അതുകൊണ്ടാണ്. ഏഴാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞു മതി കീഴടങ്ങല്‍ എന്നതാണ് ബിജെപിയുടെ നിര്‍ദേശം. എന്നാല്‍ കര്‍ണാടകയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ നടക്കാനിരിക്കുന്ന കൗണ്‍സില്‍ - തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ ജെഡിഎസിന്റെ നിലനില്‍പിന് അതി നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് കീഴടങ്ങലും അറസ്റ്റും നിയമനടപടിയുമൊക്കെ കഴിയുന്നതും വേഗത്തില്‍ തീര്‍ക്കാമെന്ന് കണക്കു കൂട്ടിയുള്ള പൗത്രനുള്ള എച് ഡി ദേവെഗൗഡയുടെ അന്ത്യ ശാസനം.

logo
The Fourth
www.thefourthnews.in