കൈപിടിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ചെങ്കൊടി, ബംഗാള്‍ വീണ്ടും ഇടതുപാതയിലേക്കോ?

എസ്എഫ്ഐ, ഡിവൈഎഫ്ഐ പോലെ സിപിഎമ്മിന്റെ യുവജന- വിദ്യാർഥി സംഘടനകളാണ് ബംഗാളിലെ ഇടതുപക്ഷത്തിന്‍റെ ഉയർത്തെഴുന്നേല്‍പ്പിന് ചുക്കാന്‍ പിടിച്ചത്

തകര്‍ന്നടിഞ്ഞ മണ്ണില്‍ ഇടതുപക്ഷം തിരിച്ചുവരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള തിരഞ്ഞെടുപ്പു വാര്‍ത്തകളില്‍ പ്രധാനം ഇടതുപാര്‍ട്ടികളുടെ വര്‍ധിത വീര്യത്തോടെയുള്ള പോരാട്ടത്തിന്റെ കഥകളാണ്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാണ് ഇത്തവണ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ ബംഗാളില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിങ്ങുന്നത്.

2024 ജനുവരി 7, ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ ചെമ്പട്ടണിഞ്ഞ ജനാവലി, സംസ്ഥാനം അടക്കിഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനേയും മമത ബാനർജിയെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ സംപൂജ്യരായി മടങ്ങിയ സിപിഎം രണ്ടുവർഷത്തിന് ശേഷം സംഘടിപ്പിച്ച ഇൻസാഫ് റാലിയിലെ ജനസഞ്ചയം ദേശീയതലത്തിൽ ഇടതുപക്ഷത്തിന് നൽകിയ പ്രതീക്ഷ ചെറുതായിരുന്നില്ല. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജീ അന്ന് ആ മൈതാനിയിൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞതുപോലെ സിപിഎമ്മിന്റെ തിരിച്ചുവരവിനുള്ള പോരാട്ടത്തിന്റെ കാഹളമായിരുന്നു അന്നവിടെ മുഴങ്ങിയത്.

2007ലെ നന്ദിഗ്രാം വെടിവയ്‌പ്പോടെ ആരംഭിച്ച ഇടതുപക്ഷത്തിന്റെ തകർച്ച 2011ലാണ് സമ്പൂർണമാകുന്നത്. അധികാരക്കസേരയിൽനിന്ന് കേവലം 40 സീറ്റിലേക്കൊതുങ്ങിയ ഇടതുപക്ഷത്തിന് പിന്നീട് ഇതുവരെയും ഒരുതിരഞ്ഞെടുപ്പിലും വിജയം പോയിട്ട് നിലമെച്ചപ്പെടുത്താൻ പോലും ആയിട്ടില്ല. ഇടതുപക്ഷത്തിന്റെ അഭാവത്തിൽ പ്രതിപക്ഷമായി വളർന്ന ബിജെപി സിപിഎമ്മിന്റെ ഓഫീസുകൾ അടക്കം കയ്യേറി. ഒരു പ്രതിഷേധ ജാഥാ നടത്താൻ പോലും ഇടതുപക്ഷം ഭയന്നിരുന്നു. അത്രത്തോളം വലിയ ഭീകരതയായിരുന്നു മുപ്പത് വർഷത്തിലധികം തുടർച്ചയായി സംസ്ഥാനം ഭരിച്ചിരുന്ന സിപിഎമ്മിന് ബംഗാളിൽ നേരിടേണ്ടി വന്നത്.

ദീപ്സിത ധർ
ദീപ്സിത ധർ

അവിടെനിന്നാണ് ജനങ്ങളെ ഒപ്പം നിർത്തിയുള്ള ശക്തമായ തിരിച്ചുവരവ് സിപിഎം നടത്തുന്നത്. സാമൂഹ്യമാധ്യമങ്ങളെ വേണ്ടവിധത്തിൽ ഉപയോഗിക്കുകയും ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനവുമാണ് സിപിഎം അതിനായി തിരഞ്ഞെടുത്തത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ പോലെ സിപിഎമ്മിന്റെ യുവജന- വിദ്യാർഥി സംഘടനകളായിരുന്നു ആ യാത്രയ്ക്ക് ചുക്കാൻ പിടിച്ചത്. മാധ്യമങ്ങളെ പോലും കടത്തി വിടാതെ മമത ബാനർജിയുടെ പോലീസ് വലയം തീർത്ത് മൂടിവച്ച സന്ദേശ്ഖാലിയിലേക്ക് വേഷം മാറി കടന്നുകയറി അവിടുത്തെ സ്ത്രീകളുടെയും മറ്റുവിഭാഗങ്ങളുടെയും ദുരിതം കേൾക്കാനും അവരോട് സംവദിക്കാനും മീനാക്ഷി മുഖർജി കാണിച്ച മനോധൈര്യവുമെല്ലാം അതിനോട് ചേർത്ത് വേണം വായിക്കാൻ.

ഇതിനകം പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ബഹുഭൂരിപക്ഷവും വിദ്യാർത്ഥി യുവജന സംഘടനകളിൽനിന്നുള്ളവർ. എസ് എഫ് ഐയുടെ ദേശീയ ജോയിണ്ട് സെക്രട്ടറി ദീപസിത ധർ, എസ്എഫ് ഐ മുൻ സെക്രട്ടറി ശ്രീജൻ ഭട്ടചാര്യ, സയാൻ ബാനർജി, സബ്യസാചി ചാറ്റർജി എന്നിങ്ങനെ സമരമുഖത്തുണ്ടായിരുന്ന വിദ്യാർഥി- യുവജന പ്രസ്ഥാനത്തിന്റെ നേതാക്കളാണ് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന പഞ്ചായത്ത് തല തിരഞ്ഞെടുപ്പിൽ നേരിയ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞത് ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലായിരുന്നിട്ട് പോലും കോൺഗ്രസുമായി സഹകരിക്കാൻ മമത ബാനർജി തയാറാകാത്തതിന് പിന്നിൽ ഇടതുപക്ഷം വളരുമോ എന്ന ഭയമാണെന്ന് രാഷ്ട്രീയ നിരീക്ഷകരുൾപ്പെടെ വിലയിരുത്തുന്നു.

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ പ്രവർത്തകരെ സജ്ജമാക്കാനും താഴെത്തട്ടിൽ സംഘടനാപ്രവർത്തനം ശക്തമാക്കാനും സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. പൗരത്വ ഭേദഗതിക്കും കാർഷിക നിയമങ്ങൾക്കും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുമെല്ലാം എതിരെ തൃണമൂലിനെക്കാൾ ബംഗാളിൽ ശക്തമായി മുന്നിലുണ്ടായിരുന്നത് ഇടതുപക്ഷമായിരുന്നു. ബിജെപിക്കെതിരായ പോരാട്ടത്തിൽ ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നത് തങ്ങളെയാണെന്നും ഇടതുപക്ഷം ഇതിലൂടെ തെളിയിച്ചു. പല അവസരങ്ങളിലും തൃണമൂലിന്റെ പ്രതിഷേധറാലികളിൽ കണ്ടതിനേക്കാൾ ജനസാഗരമായിരുന്നു ഇടതുപക്ഷത്തിനൊപ്പം അണിനിരന്നത്.

കൈപിടിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ചെങ്കൊടി, ബംഗാള്‍ വീണ്ടും ഇടതുപാതയിലേക്കോ?
നിയമം കണിശമാക്കിയപ്പോൾ പിന്തുണച്ചു, വിട്ടുനിന്ന എംപിയിൽനിന്ന് കാരണം തേടി; യുഎപിഎയോടുള്ള സിപിഎം സമീപനം ശരിക്കുമെന്ത്?

ഈ ആൾക്കൂട്ടത്തെ മുഴുവൻ വോട്ടാക്കി മാറ്റാൻ സാധിക്കുമെന്ന അമിത ആത്മവിശ്വാസം ഇടതുപക്ഷത്തിനില്ലെങ്കിൽ പോലും രാഷ്ട്രീയമെന്നതൊരു ടെസ്റ്റ് മത്സരത്തെ പോലെ സമയമെടുക്കുന്ന പ്രക്രിയയാണെന്നും അതൊരു ടി 20 മാച്ചല്ലെന്നുമുള്ള തിരിച്ചറിവ് അവർക്കുണ്ട്. സ്ത്രീകളെയും യുവാക്കളെയും ന്യൂനപക്ഷങ്ങളെയും കൂടെ നിർത്തി ഭരണമാറ്റം അല്ലെങ്കിൽ പോലും ബിജെപിയെ അപ്രസക്തരാക്കി മുഖ്യപ്രതിപക്ഷമാകാനുള്ള പ്രയാണത്തിലാണ് ബംഗാൾ സിപിഎം. ബംഗാളിൽ ആകെ 42 സീറ്റുകളാണ് ഉള്ളത്. 2019 ലെ തിരഞ്ഞെടുപ്പിൽ 22 സീറ്റ് തൃണമൂൽ നേടിയപ്പോൾ, 18 സീറ്റിലും ബിജെപിയ്ക്കായിരുന്നു വിജയം. ഇടതുപക്ഷത്തിന് സീറ്റൊന്നും ലഭിച്ചില്ല. അവിടെനിന്നാണ് തിരിച്ചുവരവിന്റെ ശക്തമായ സൂചനകൾ നൽകി സിപിഎം തങ്ങളുടെ യാത്ര ആരംഭിച്ചിരിക്കുന്നത്

Related Stories

No stories found.
logo
The Fourth
www.thefourthnews.in