ബിജെപി പ്രതീക്ഷിക്കുന്നത് തിരുവനന്തപുരവും തൃശൂരും; എക്‌സിറ്റ് പോൾ  കൊടുക്കുന്ന മൂന്നാം സീറ്റ് ഏത്?

ബിജെപി പ്രതീക്ഷിക്കുന്നത് തിരുവനന്തപുരവും തൃശൂരും; എക്‌സിറ്റ് പോൾ കൊടുക്കുന്ന മൂന്നാം സീറ്റ് ഏത്?

കേരളത്തിൽ തൃശൂരിലും തിരുവനന്തപുരത്തും ബിജെപിക്ക് ജയം പ്രവചിക്കുന്ന സര്‍വേ ഫലങ്ങൾ അവര്‍ക്ക് ലഭിക്കുന്ന മൂന്നാം സീറ്റ് ഏതെന്നതിൽ വ്യക്തത നൽകുന്നില്ല. കിട്ടിയാൽ ഏതായിരിക്കും ബിജെപിയുടെ മൂന്നാം സീറ്റ്?

രാജ്യം ഉറ്റുനോക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചുകൊണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. രാജ്യഭരണം മൂന്നാം തവണയും നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയുടെയും എന്‍ഡിഎ മുന്നണിയുടെയും കൈകളിലേക്കു പോകുമെന്നാണ് എല്ലാ സര്‍വേകളും വ്യക്തമാക്കുന്നത്.

കഴിഞ്ഞ തവണത്തേതു പോലെ ഗുജറാത്തും ഹിന്ദി ഹൃദയഭൂമിയും ഒന്നടങ്കം കാവി പുതയ്ക്കുമെന്ന പ്രവചനം വരുമ്പോള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി വംഗനാടും ദക്ഷിണേന്ത്യയും കൂടി മാറി ചിന്തിക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. ഹൃദയഭൂമിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി വരുന്ന ഏതാനും നഷ്ടങ്ങള്‍ ഒട്ടും ബാധിക്കാതെ നോക്കാന്‍ ഇതിലൂടെ ബിജെപിക്ക് സാധിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

ബിജെപി പ്രതീക്ഷിക്കുന്നത് തിരുവനന്തപുരവും തൃശൂരും; എക്‌സിറ്റ് പോൾ  കൊടുക്കുന്ന മൂന്നാം സീറ്റ് ഏത്?
Exit Poll 2024 | ഹൃദയഭൂമിയില്‍ ബിജെപി അല്‍പം തളരും, പക്ഷേ ദക്ഷിണേന്ത്യ നികത്തും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നു മാത്രമല്ല മൂന്നു സീറ്റുകള്‍ വരെ നേടുമെന്ന് ഒട്ടുമിക്ക സര്‍വേകളും ഒരേസ്വരത്തില്‍ പറയുമ്പോള്‍ ദക്ഷിണേന്ത്യയെയും ഏറെക്കുറേ പൂര്‍ണമായും തങ്ങളുടെ പിടിയില്‍ ഒതുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കേന്ദ്ര നേതൃത്വത്തിന് സമ്മാനിക്കുന്നത്

സംഘപരിവാര്‍ രാഷ്ട്രീയത്തെ അകറ്റി നിര്‍ത്തിയിരുന്ന ദക്ഷിണേന്ത്യന്‍ മണ്ണിലേക്ക് ഉറച്ച കാല്‍വയ്പ് നടത്താന്‍ സാധിക്കുന്നുവെന്നത് ബിജെപിയെ തെല്ലൊന്നുമായിരിക്കില്ല ആഹ്‌ളാദിപ്പിക്കുന്നത്. കര്‍ണാടകയ്ക്കു പുറമേ, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ സ്വാധീനം ഏറെക്കുറേ ഉറപ്പിക്കാന്‍ കഴിഞ്ഞ ബിജെപി കേന്ദ്ര നേതൃത്വത്തിന് ഏറ്റവും ഉണര്‍വ് നല്‍കുന്ന ഫലം കേരളത്തില്‍ നിന്നായിരിക്കുമെന്ന് സര്‍വേകള്‍ പറയുന്നു.

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നു മാത്രമല്ല മൂന്നു സീറ്റുകള്‍ വരെ നേടുമെന്ന് ഒട്ടുമിക്ക സര്‍വേകളും ഒരേസ്വരത്തില്‍ പറയുമ്പോള്‍ ദക്ഷിണേന്ത്യയെയും ഏറെക്കുറേ പൂര്‍ണമായും തങ്ങളുടെ പിടിയില്‍ ഒതുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കേന്ദ്ര നേതൃത്വത്തിന് സമ്മാനിക്കുന്നത്. തമിഴ്‌നാട് മാത്രമാണ് ഇപ്പോഴും കടന്നുകയറാന്‍ അനുവദിക്കാതെ ബിജെപിയെ അകറ്റി നിര്‍ത്തുന്നതെന്നും വ്യക്തം.

കേരളത്തില്‍ ഇക്കുറി വലിയ മുന്നേറ്റമാണ് ബിജെപി നടത്തുകയെന്നാണ് പ്രവചനം. മൂന്നു സീറ്റുകളേക്കാളുപരി വോട്ടുവിഹിതത്തില്‍ ഗണ്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയുമെന്ന നിരീക്ഷണം സംഘപരിവാര്‍ രാഷ്ട്രീയത്തെ കണ്ണുംപൂട്ടി എതിര്‍ക്കുന്ന ഇടതുപക്ഷത്തെയാണ് 'ക്ഷീണിപ്പിക്കുന്നത്'. 27 ശതമാനം വോട്ട് ഇക്കുറി ബിജെപി പിടിക്കുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

ബിജെപി പ്രതീക്ഷിക്കുന്നത് തിരുവനന്തപുരവും തൃശൂരും; എക്‌സിറ്റ് പോൾ  കൊടുക്കുന്ന മൂന്നാം സീറ്റ് ഏത്?
Exit Poll 2024 | കെജ്‌രിവാൾ പ്രഭാവം ഏറ്റില്ല; ഡൽഹി ഇക്കുറിയും ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ, ബംഗാളിലും എൻഡിഎ

കഴിഞ്ഞ തവണ 14.2 ശതമാനമാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം കേരളത്തില്‍ നിന്നു പിടിച്ചത്. ബിജെപി മാത്രം 12.91 ശതമാനവും സ്വന്തമാക്കിയിരുന്നു. ഇത്തവണ ഏതാണ്ട് ഇരട്ടിയോളം വര്‍ധനയുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് പ്രവചനം. തങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന പുരുഷ-സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലും അവര്‍ ഗണ്യമായ വര്‍ധന ഉണ്ടാക്കുമെന്നാണ് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പറയുന്നത്. 26 ശതമാനം പുരുഷന്മാരും 29 ശതമാനം സ്ത്രീകളും ഇക്കുറി എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തുവെന്നാണ് അവരുടെ കണക്കുകള്‍. കഴിഞ്ഞകുറി ഇത് യഥാക്രമം 16 ഉം 19 ഉം ആയിരുന്നു.

ക്രിസ്ത്യന്‍-മുസ്ലീം വോട്ടുകളും എന്‍ഡിഎയ്ക്ക്?

സാമുദായിക വോട്ടുകളിലും ബിജെപി ഗണ്യമായ വര്‍ധന ഉണ്ടാക്കിയെന്നാണ് ഇന്ത്യ ടുഡെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. ബിജെപിയുടെ നേട്ടം കോട്ടമായത് ഇടതുപക്ഷത്തിനാണ്. പരമ്പരാഗത വോട്ടുകളില്‍ ഗണ്യമായ ഇടിവ് ഇടതുപക്ഷത്തിന് നേരിടുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

പരമ്പരാഗത മുസ്ലീം-ക്രിസ്ത്യന്‍ വോട്ടുകള്‍ ഏറെക്കുറേ പൂര്‍ണമായും ഇടതുപക്ഷത്തിന് നഷ്ടമാകുമെന്നാണ് കരുതുന്നത്. ഇടതുപക്ഷത്തിന് 33 ശതമാനം മുസ്ലീം വോട്ടുകള്‍ മാത്രമാണ് ലഭിക്കുകയെന്നാണ് പ്രവചനം. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു ശതമാനം കുറവാണിത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ഒന്നും മുസ്ലീം സമുദായത്തിന്റെ വിശ്വാസം പിടിച്ചുപറ്റാന്‍ ഇടതുപക്ഷത്തെ തുണച്ചില്ലെന്നു വേണം കരുതാന്‍.

യുഡിഎഫിന്റെ കാര്യവും മറിച്ചല്ല. 59 ശതമാനം മുസ്ലീം വോട്ടുകള്‍ യുഡിഎഫിനു ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നാലു ശതമാനത്തിന് കുറവാണിത്. അതേസമയം 2019-നെ അപേക്ഷിച്ച് മൂന്നു ശതമാനം അധികം മുസ്ലീം വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നത് വളരെ ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ ഒരു ശതമാനം മുസ്ലീം വോട്ടായിരുന്നു എന്‍ഡിഎ നേടിയതെങ്കില്‍ ഇത്തവണ അത് നാലു ശതമാനമായാണ് ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ക്രൈസ്തവ വോട്ടുകളില്‍ ഇതിലും വലിയ നേട്ടമാണ് ബിജെപി കൊയ്യുകയെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്ത്യന്‍ വോട്ടുകളില്‍ 48 ശതമാനവും നേടുന്ന യുഡിഎഫിന് ഏഴു ശതമാനത്തിന്റെയും എല്‍ഡിഎഫിന് ആറു ശതമാനത്തിന്റെയും ഇടിവാണ് നേരിടുകയെന്നു സര്‍വേകള്‍ സൂചിപ്പിക്കുന്നു. 2019-ല്‍ 55 ശതമാനം ക്രിസ്ത്യന്‍ വോട്ടുകള്‍ നേടിയ യുഡിഎഫിന് ഇക്കുറി 48 ശതമാനവും 32 ശതമാനം നേടിയ എല്‍ഡിഎഫിന് ഇക്കുറി 26 ശതമാനവും മാത്രമേ ലഭിക്കൂയെന്നാണ് സര്‍വേകള്‍ പറയുന്നത്.

അതേസമയം ക്രൈസ്തവ വോട്ടുകളില്‍ 11 ശതമാനമെന്ന വലിയ വര്‍ധനയാണ് എന്‍ഡിഎ കൈവരിക്കുന്നത്. കഴിഞ്ഞ തവണ 12 ശതമാനമായിരുന്ന ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി 23 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയുമെന്നും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ബിജെപി പ്രതീക്ഷിക്കുന്നത് തിരുവനന്തപുരവും തൃശൂരും; എക്‌സിറ്റ് പോൾ  കൊടുക്കുന്ന മൂന്നാം സീറ്റ് ഏത്?
Exit Poll 2024 | ദക്ഷിണേന്ത്യയില്‍ ബിജെപി കാലുറപ്പിക്കും; ഇടറിവീഴാതെ 'ഇന്ത്യ'

ആ മണ്ഡലം ആറ്റിങ്ങലോ?

ആകെ പുറത്തുവന്ന ഒമ്പത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നാലെണ്ണവും സംസ്ഥാനത്ത് മൂന്നുവരെ സീറ്റുകള്‍ ബിജെപി നേടുമെന്ന് പ്രവചിക്കുന്നുണ്ട്. അതില്‍ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും തൃശൂരില്‍ സുരേഷ് ഗോപിക്കും വിജയം പ്രവചിക്കുന്ന സര്‍വേ ഫലങ്ങള്‍ കേരളത്തില്‍ ബിജെപിയുടെ മൂന്നാം സീറ്റ് എവിടെ നിന്നെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നില്ല.

ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ എന്നീ മണ്ഡലങ്ങളില്‍ ഒന്നായിരിക്കും മൂന്നാം സീറ്റ് എന്നാണ് വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലാകും ബിജെപി മൂന്നാം ജയം കുറിയ്ക്കാന്‍ കൂടുതല്‍ സാധ്യതയെന്നും പ്രവചനങ്ങള്‍ പറയുന്നു.

കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയും സിറ്റിങ് എംഎല്‍എയും തമ്മില്‍ നടന്ന ത്രികോണപ്പോരാട്ടത്തില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശും സിപിഎമ്മിന്റെ വി ജോയിയുമായിരുന്നു മുരളീധരന്റെ എതിരാളികള്‍. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ വോട്ടുബാങ്കുകളില്‍ കൃത്യമായ അടിയൊഴുക്കുണ്ടായിട്ടുള്ളതായി ആയിരുന്നു തിരഞ്ഞെടുപ്പിനു ശേഷമുള്ള വിലയിരുത്തലുകള്‍.

ബിജെപി പ്രതീക്ഷിക്കുന്നത് തിരുവനന്തപുരവും തൃശൂരും; എക്‌സിറ്റ് പോൾ  കൊടുക്കുന്ന മൂന്നാം സീറ്റ് ഏത്?
യോഗേന്ദ്ര യാദവിന് തെറ്റിയോ, പ്രശാന്ത് കിഷോറിന്റെ പ്രവചനങ്ങള്‍ ഫലിക്കുമോ? എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനയെന്ത്?

ജനങ്ങളുടെ വിധിയെഴുത്തിനു ശേഷം നടന്ന ബിജെപിയുടെ അവലോകനയോഗത്തില്‍ പോലും പാര്‍ട്ടി വോട്ടുകളില്‍ ഗണ്യമായ ചോര്‍ച്ച വന്നേക്കുമെന്ന വിലയിരുത്തലുകളാണ് ഉണ്ടായതെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജാതി-സാമുദായിക വോട്ടുകളും കൃത്യമായി ഏകീകരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ശബരിമല വിഷയം കത്തിനിന്ന 2019-ലാണ് ബിജെപി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്. സംസ്ഥാന നേതൃത്വത്തിലെ ശ്രദ്ധേയ മുഖവും ശബരിമല പ്രക്ഷോഭങ്ങളില്‍ മുന്നില്‍ നിന്നയാളുമായ ശോഭാ സുരേന്ദ്രനെയാണ് അത്തവണ ആറ്റിങ്ങലില്‍ അവര്‍ സ്ഥാനാര്‍ഥിയാക്കിയത്. മണ്ഡലത്തില്‍ 14.7 ശതമാനം വോട്ടുവിഹിതം വര്‍ധിപ്പിച്ച ശ്രദ്ധേയ പോരാട്ടം കാഴ്ചവച്ച ശോഭ 248,081 വോട്ടുകളാണ് നേടിയത്.

ബിജെപി പ്രതീക്ഷിക്കുന്നത് തിരുവനന്തപുരവും തൃശൂരും; എക്‌സിറ്റ് പോൾ  കൊടുക്കുന്ന മൂന്നാം സീറ്റ് ഏത്?
Exit Poll 2024 | കേരളം യുഡിഎഫിനൊപ്പം, എൽഡിഎഫ് നില മെച്ചപ്പെടുത്തും; ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന്റെ എ സമ്പത്തിനെക്കാള്‍ വെറും 9.4 ശതമാനം മാത്രം കുറവ്. 2014-ല്‍ ഇതേ മണ്ഡലത്തില്‍ വെറും 90,528 വോട്ടുകള്‍ മാത്രം നേടിയിടത്തു നിന്നാണ് ബിജെപി ഈ കുതിപ്പ് നടത്തിയത്. എന്നാല്‍ അത്ര വലിയ മുന്നേറ്റം നടത്തിയിട്ടും മണ്ഡലത്തില്‍ അട്ടിമറി ജയം നേടിയ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് നേടിയ വോട്ടുവിഹിതത്തെക്കാള്‍ 13.8 ശതമാനം കുറവ് വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് കഴിഞ്ഞ കുറി നേടാനായത്.

അടൂര്‍ പ്രകാശ്
അടൂര്‍ പ്രകാശ്

ആ സാഹചര്യത്തില്‍ ബിജെപിക്ക് പ്രവചിക്കുന്ന മൂന്നാം സീറ്റ് ആറ്റിങ്ങലില്‍ നിന്നാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തലുകള്‍. കുത്തക മണ്ഡലത്തില്‍ കഴിഞ്ഞ തവണ പറ്റിയ പിഴവുകള്‍ നികത്താന്‍ മണ്ഡലത്തിലെ പരിചിതമുഖവും വര്‍ക്കല എംഎല്‍എയുമായ വി ജോയിയെയാണ് സിപിഎം ഇക്കുറി കളത്തിലിറക്കിയിരുന്നത്. അതുകൊണ്ടു തന്നെ ശക്തമായ ത്രികോണ പോരാട്ടത്തിനു തന്നെയാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്.

തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ സംരക്ഷിച്ചുകൊണ്ട് യുഡിഎഫും എല്‍ഡിഎഫും കളമറിഞ്ഞു തന്നെയാണ് ഇറങ്ങിയത്. മാത്രമല്ല കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു ശബരിമല വിഷയം പോലുള്ള അനുകൂല സാഹചര്യവും മണ്ഡലത്തില്‍ ബിജെപിക്ക് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ 13.8 ശതമാനമെന്ന വിജയ മാര്‍ജിന്‍ മറികടന്ന് മുരളീധരന്‍ അട്ടിമറി ജയം നേടുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

വി ജോയി
വി ജോയി

എങ്കില്‍ ആ മൂന്നാം സീറ്റ് എവിടെ നിന്ന്?

ആറ്റിങ്ങലില്‍ അട്ടിമറി നടക്കില്ലെങ്കിൽ ബിജെപിക്ക് വിജയസാധ്യത പ്രവചിക്കുന്ന മൂന്നാം മണ്ഡലം ഏതാണെന്നാണ് രാഷ്ട്രീയ കുതുകികള്‍ ഉറ്റുനോക്കുന്നത്. കണക്കുകൂട്ടലുകള്‍ക്കൊടുവില്‍ അവര്‍ വിരല്‍ ചൂണ്ടുന്നത് ജാതിസമവാക്യങ്ങള്‍ നിര്‍ണായകമായേക്കാവുന്ന പത്തനംതിട്ടയിലേക്കാണ്.

രൂപീകൃതമായ കാലംതൊട്ട് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉരുക്കുകോട്ടയായ പത്തനംതിട്ടയ്ക്ക് ഇതുവരെ ഒരൊറ്റ എംപിയെ ഉണ്ടായിട്ടുള്ളു, ആന്റോ ആന്റണി. ആന്റോയെ മലര്‍ത്തിയടിച്ച് മണ്ഡലം പിടിക്കാന്‍ സിപിഎം കളത്തിലിറക്കിയത് സാക്ഷാല്‍ ടി എം തോമസ് ഐസക് എന്ന അതികായനെ. ഇവിടെ പിന്നെയെങ്ങനെ ബിജെപി വെന്നിക്കൊടി നാട്ടുമെന്ന ചോദ്യം ഉയരുന്നുണ്ട്.

അവിടെയാണ് ജാതിസമവാക്യങ്ങള്‍ മുന്‍നിര്‍ത്തി ബിജെപി നിര്‍ത്തിയ അനില്‍ ആന്റണിയെന്ന സ്ഥാനാര്‍ഥിയുടെ പേര് ഉയര്‍ന്നുവരുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സാക്ഷാല്‍ എ കെ ആന്റണിയുടെ മകന്‍ ആയതുകൊണ്ടു മാത്രമല്ല സഭാ സമവാക്യങ്ങളും ഒപ്പംകൂട്ടിയ പി സി ജോര്‍ജ് എന്ന പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരന്റെ കുശാഗ്രതയും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു.

അനില്‍ ആന്റണി മോദിക്കൊപ്പം
അനില്‍ ആന്റണി മോദിക്കൊപ്പം

മണ്ഡലത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ക്ക് വ്യക്തമായ സ്വാധീനമാണുള്ളത്. ഈ രണ്ടു സഭാ നേതൃത്വവുമായി ജോര്‍ജിന് ഊഷ്മള ബന്ധവുമുണ്ട്. ഇതിനു പുറമേ ശബരിമല പ്രക്ഷോഭത്തിന്റെ കേന്ദ്ര സ്ഥാനം കൂടിയാണ് പത്തനംതിട്ട. അവിടെയുള്ള തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ ഒപ്പം നിര്‍ത്തി ജോര്‍ജിലൂടെ സഭാനേതൃത്വത്തിന്റെ പിന്തുണ കൂടി സ്വന്തമാക്കിയാല്‍ അട്ടിമറി ജയം നേടാനാകുമെന്നാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ മണ്ഡലത്തില്‍ തനിക്കോ മകനോ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച ജോര്‍ജ് അനില്‍ ആന്റണിയെ അപ്രതീക്ഷിതമായി കെട്ടിയിറക്കിയപ്പോള്‍ ഇടഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സഭാ വോട്ടുകള്‍ ഏകീകരിച്ച് സ്വന്തമാക്കാന്‍ ബിജെപിക്ക് കഴിഞ്ഞോയെന്നത് ചോദ്യമാണ്. എന്നാല്‍ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം ക്രൈസ്തവ വോട്ടുകളില്‍ ബിജെപി ഗണ്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നത് കൂട്ടിവായിക്കുമ്പോള്‍ അത് പത്തനംതിട്ട മണ്ഡലത്തിലും പ്രതിഫലിച്ചേക്കാം.

ബിജെപി പ്രതീക്ഷിക്കുന്നത് തിരുവനന്തപുരവും തൃശൂരും; എക്‌സിറ്റ് പോൾ  കൊടുക്കുന്ന മൂന്നാം സീറ്റ് ഏത്?
Exit Poll 2024| ബിജെപിക്ക് മൂന്നാമൂഴം പ്രവചിച്ച് എക്സിറ്റ് പോളുകള്‍; 150 കടക്കാതെ ഇന്ത്യ സഖ്യം

ഈ സാഹചര്യത്തില്‍ ബിജെപിയുടെ മൂന്നാം സീറ്റ് പത്തനംതിട്ട ആകാമെന്ന വിലയിരുത്തലുകളുണ്ട്. ഇതിനെല്ലാം പുറമേ പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ വൈദികനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഹുസൈൻ വ്യാജ പ്രചരണം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ വിമർശനം മണ്ഡലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യം മണ്ഡലത്തിലെ മുസ്ലീം വോട്ടുകളില്‍ ഉണ്ടായ ഭിന്നിപ്പും ബിജെപിക്ക് നേരിയ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ മൂന്നാം സീറ്റ് ഇതാണെന്ന് ഉറപ്പിച്ചു പറയാന്‍ ഇതുവരെ മണ്ഡലത്തിലെ ബിജെപി നേതാക്കള്‍ക്കോ അനില്‍ ആന്റണിക്കോ സാധിച്ചിട്ടില്ല.

തുഷാറിന്റെ പിന്തുണ ആലപ്പുഴയില്‍ ശോഭയാകുമോ?

ആറ്റിങ്ങല്‍, പത്തനംതിട്ട എന്നീ മണ്ഡലങ്ങള്‍ കഴിഞ്ഞാല്‍ ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന രണ്ടു മണ്ഡലങ്ങളില്‍ ഒന്ന് ആലപ്പുഴയും മറ്റൊന്നു പാലക്കാടുമാണ്. കടുത്ത ബിജെപി അനുയായികള്‍ മാത്രമാണ് ഇവിടെ രണ്ടിടത്തും അട്ടിമറി ജയം പ്രതീക്ഷിക്കുന്നത്. കെ സി വേണുഗോപാല്‍ എന്ന അതികായന്റെ സാന്നിദ്ധ്യം കൊണ്ടുതന്നെ ഉറച്ച സീറ്റ് എന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചു കഴിഞ്ഞ ആലപ്പുഴയില്‍ ബിജെപിയുടെ പ്രതീക്ഷ ശോഭാ സുരേന്ദ്രനിലാണ്.

ശോഭാ സുരേന്ദ്രൻ
ശോഭാ സുരേന്ദ്രൻ

സിറ്റിങ് എംപി എ എം ആരിഫാണ് സിപിഎം ചിഹ്നത്തില്‍ മത്സരിക്കുന്നത്. കെ സി മത്സരിച്ചപ്പോഴൊന്നും ആലപ്പുഴക്കാര്‍ അദ്ദേഹത്തെ കൈവിട്ടിട്ടില്ല. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിന് ഒരു 'കേക്ക് വാക്ക്' ആയിരിക്കും മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം എന്നാണ് പൊതുവെ വിലയിരുത്തുന്നത്. എന്നാല്‍, ചില ജാതിസമവാക്യങ്ങളും അതുവഴി വന്നിരിക്കാനുള്ള അടിയൊഴുക്കുകളും അട്ടിമറിക്ക് കാരണമായേക്കാം.

ഹൈന്ദവ വോട്ടുകള്‍ പ്രത്യേകിച്ച് ഈഴവ സമുദായ വോട്ടുകള്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന മണ്ഡലമാണ് ആലപ്പുഴ. മുസ്ലീം-ക്രൈസ്തവ വോട്ടുകള്‍ക്കും എന്‍എസ്എസ് വോട്ടുകളും നിര്‍ണായകമാണ്. ഇവിടെ ബിഡിജെഎസിന്റെ പിന്തുണ ബിജെപിക്ക് പ്ലസ് പോയിന്റാണ്. പ്രത്യേകിച്ച്, ചേര്‍ത്തല, കണിച്ചുകുളങ്ങര, പുന്നപ്ര, തോട്ടപ്പള്ളി, ആറാട്ടുപുഴ, ഹരിപ്പാട് തുടങ്ങിയ പ്രദേശങ്ങളിലെ ഈഴവ വോട്ടു ബാങ്കുകളില്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി വഴി പരമ്പരാഗത ഇടതു വോട്ടുകളായ ഈഴവ വോട്ടുബാങ്ക് തകര്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ മണ്ഡലത്തിലെ കണക്കുകളില്‍ വലിയ മാറ്റമുണ്ടാകും.

പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ആക്രമണത്തില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടതും ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും വര്‍ഗീയ ധ്രൂവീകരണത്തിനു കാരണമായിട്ടുണ്ടെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്ക് വധശിക്ഷ പുറപ്പെടുവിച്ചതും. ആലപ്പുഴ നഗരത്തിലും ചുറ്റുമായുള്ള വോട്ടുകള്‍ വര്‍ഗീയമായി തന്നെ ധ്രുവീകരിക്കാന്‍ ഈ കേസ് കാരണമായിട്ടുണ്ടെന്ന് ഇടത്-വലതുപക്ഷ മുന്നണികളുടെ തിരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ തന്നെ സമ്മതിക്കപ്പെട്ടതാണ്. ഇതിനൊപ്പം എസ്എന്‍ഡിപിയുടെ ഉറച്ച പിന്തുണയും ബിജെപിക്കു ലഭിച്ചിട്ടുണ്ടെങ്കില്‍ ആലപ്പുഴയ്ക്കുമാകാം ആ മൂന്നാം സീറ്റിന്റെ ശോഭ.

പാലക്കാടും അവര്‍ക്ക് പ്രതീക്ഷയുടെ ഒരു പച്ചത്തുരുത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ പ്രചരണത്തിന് ഇറക്കിയാണ് ബിജെപി പാലക്കാട് അങ്കം കുറിച്ചത്. കേന്ദ്രസര്‍ക്കാര്‍ പാലക്കാടിന് നല്‍കിയ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞായിരുന്നു സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ വോട്ടഭ്യര്‍ഥന.

സി കൃഷ്ണകുമാര്‍
സി കൃഷ്ണകുമാര്‍

റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം, ഐഐടി, ദേശീയപാത വികസനം, ഫുഡ്പാര്‍ക്ക്, ഫിലിം പാര്‍ക്ക്, അട്ടപ്പാടിക്കുള്ള 2400 കോടി രൂപയുടെ പാക്കേജ്, അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചയാക്കാന്‍ അവര്‍ക്കായി. സിറ്റിങ് എംപി വി കെ ശ്രീകണ്ഠനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിപിഎം ആകട്ടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ വിജയരാഘവനെയാണ് കളത്തിലിറക്കിയത്.

മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം സിറ്റിങ് എംപി എന്താണ് കാഴ്ചവച്ചതെന്ന ചോദ്യം ഉയര്‍ത്തിയ ബിജെപി, മണ്ഡലത്തില്‍ വന്ന വികസനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് വന്നതെന്ന പ്രചാരണം അഴിച്ചുവിട്ട് ശ്രീകണ്ഠനെ പ്രതിരോധത്തിലാഴ്ത്തിയെന്നു തന്നെയാണ് വിലയിരുത്തലുകള്‍. മണ്ഡലത്തോടു ചേര്‍ന്നു കിടക്കുന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും മറ്റും സിപിഎമ്മിനും തലവേദനയായിരുന്നു.

എന്നാല്‍ ഇത് ബിജെപിക്ക് ഒരു അട്ടിമറിക്കുള്ള ഇന്ധനമാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പാര്‍ട്ടിക്കുള്ളില്‍ സി കൃഷ്ണകുമാറിനോടുള്ള എതിര്‍പ്പാണ് ബിജെപി പ്രതീക്ഷകള്‍ പൊലിഞ്ഞേക്കുമെന്ന വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്... അപ്പോഴും ചോദ്യം ബാക്കിനില്‍ക്കുകയാണ്. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റം ഇക്കുറി ബിജെപി നടത്തുമെന്നു പ്രവചിക്കപ്പെടുമ്പോള്‍ അവര്‍ക്ക് ലഭിക്കുമെന്നു പറയുന്ന മൂന്നാം സീറ്റ് ഏതായിരിക്കും? ബിജെപി നേതൃത്വത്തിനു പോലും അതിന് ഉത്തരമില്ലാത്ത സ്ഥിതിയില്‍ ഈ എക്‌സിറ്റ് പോളിനൊക്കെ എന്ത് വിശ്വാസ്യത എന്നാണ് പൊതുജനം ചോദിക്കുന്നത്.

logo
The Fourth
www.thefourthnews.in