പോളിങ് കുറഞ്ഞതിന്റെ പ്രയോജനം ആര്‍ക്ക്?   പരമ്പരാഗത വിശദീകരണം ഇത്തവണയും നിലനില്‍ക്കുമോ

പോളിങ് കുറഞ്ഞതിന്റെ പ്രയോജനം ആര്‍ക്ക്? പരമ്പരാഗത വിശദീകരണം ഇത്തവണയും നിലനില്‍ക്കുമോ

വോട്ടെടുപ്പ് ദിനം കഴിഞ്ഞു. കേരളത്തില്‍ 71.16 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇനി വിശകലനങ്ങളാണ്. എല്ലാ മുന്നണികളും പ്രതീക്ഷയിലാണ്. വോട്ടിങ് ശതമാനം കുറഞ്ഞത് ആര്‍ക്ക് ഗുണം ചെയ്യും?

വോട്ട് ചെയ്യാന്‍ വരിനില്‍ക്കുന്നതിനിടെ മുഷിഞ്ഞ കൈലിമുണ്ടുടുത്ത് ഒരാള്‍ വിയര്‍ത്ത് കുളിച്ച് അടുത്തുള്ള ആണുങ്ങളുടെ ക്യൂവില്‍ വന്ന് നിന്നു. പരിചയം വച്ച് സിപിഎമ്മിന്റെ പരമ്പരാഗത വോട്ടറാണ്. ചൂടില്‍ നിന്ന് അകത്തെത്തിയതിന്റെ ആശ്വാസത്തില്‍ ഒരു ശബ്ദമുയര്‍ത്തിക്കൊണ്ട് എങ്ങോട്ടെന്നില്ലാതെ നോക്കി ആരോടെന്നില്ലാതെ ഉച്ചത്തില്‍ ഒരു കമന്റ്... ''പണിക്കിടെ ഓടി വന്നതാ, കെ സിക്ക് ഒരു വോട്ട് കൊടുത്തേക്കാം''- അയാളില്‍ നിന്ന് വരേണ്ടതല്ലാത്ത ഒരു കമന്റ് കേട്ട് കുറച്ച് അദ്ഭുതത്തോടെ തിരിഞ്ഞ് നോക്കിയ എനിക്ക് നേരെ നോക്കി അയാള്‍ പിന്നേയും ''ഇവിടെ വന്നകൊണ്ട് നമുക്ക് ഒരു ഗുണവും ഉണ്ടായിട്ടല്ല, എന്നാലും കൊടുത്തേക്കാം''- ഇത് കേട്ട് മുന്നില്‍ നിന്ന ഒരു സ്ത്രീ ചിരിച്ചുകൊണ്ട് ''ചേട്ടാ, ഇതൊക്കെ വിളിച്ചുപറയാവോ, നമ്മുടെ മനസില്‍ ഉള്ളത് മനസില്‍ ഇരുന്നാ പോരേ, അത് നമ്മള്‍ ചെയ്തിട്ട് പോയാല്‍ പോരേ''...

എന്തായിരുന്നു കേരളത്തിന്റെ മനസ്സിലിരിപ്പ്? വോട്ടെടുപ്പ് ദിനം കഴിഞ്ഞു. കേരളത്തില്‍ 71.16 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇനി വിശകലനങ്ങളാണ്. എല്ലാ മുന്നണികളും പ്രതീക്ഷയിലാണ്. വോട്ടിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞത് ആര്‍ക്ക് ഗുണം ചെയ്യും? മുന്നണികളിലെല്ലാം പ്രതീക്ഷയ്‌ക്കൊപ്പം തന്നെ ആശങ്കകളും നിറയുകയാണ്.

പോളിങ് ശതമാനം ഇങ്ങനെ

20 മണ്ഡലങ്ങളിലും വിധിയെഴുത്ത് പൂര്‍ത്തിയായി. പലയിടങ്ങളിലും രാത്രി ഏറെ വൈകിയാണ് വോട്ടെടുപ്പ് കഴിഞ്ഞത്. അവസാനം ലഭ്യമായ കണക്കുകള്‍ പ്രകാരം 71.16 ശതമാനമാണ് കേരളത്തിലെ പോളിങ്. ഓരോ മണ്ഡലത്തിലേയും കണക്കുകള്‍ പരിശോധിച്ചാല്‍ തിരുവനന്തപുരം- 66.46, ആറ്റിങ്ങല്‍-69.40, കൊല്ലം-68.09, പത്തനംതിട്ട-63.35, മാവേലിക്കര-65.91, ആലപ്പുഴ-74.90, കോട്ടയം-65.60, ഇടുക്കി-66.53, എറണാകുളം- 68.27, ചാലക്കുടി- 71.84, തൃശൂര്‍-72.79, പാലക്കാട്- 73.37, ആലത്തൂര്‍- 73.20, പൊന്നാനി- 69.21, മലപ്പുറം- 72.90, കോഴിക്കോട്- 75.42, വയനാട്- 73.48, വടകര- 78.08, കണ്ണൂര്‍- 76.92, കാസര്‍കോഡ്- 75.94 ഇങ്ങനെ പോവുന്നു പോളിങ് ശതമാനം. കണക്കില്‍ ഇനിയും മാറ്റങ്ങള്‍ വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

പോളിങ് കുറഞ്ഞതിന്റെ പ്രയോജനം ആര്‍ക്ക്?   പരമ്പരാഗത വിശദീകരണം ഇത്തവണയും നിലനില്‍ക്കുമോ
കേരളത്തില്‍ 71.16 ശതമാനം പോളിങ്; മുന്നില്‍ വടകര, കുറവ് കോട്ടയം

2019-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ കുറവ് സംഭവിച്ചു. അന്ന് 77.84 ശതമാനം പോളിങ്ങാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. മുപ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങായിരുന്നു അന്ന്. ഏകദേശം ഏഴ് ശതമാനം വോട്ടുകളുടെ കുറവ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായി. 2021-ല്‍ കേരളത്തില്‍ 74.06 ശതമാനം പോളിങ്ങും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അത്രപോലും പോളിങ് ശതമാനം ഇത്തവണയുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. കനത്ത ചൂടാണ് ഇതിന് രാഷ്ട്രീയ പാര്‍ട്ടികളില്‍ പലരും കാരണമായി ചൂണ്ടിക്കാട്ടുന്നത്.

വര്‍ഷങ്ങളായുള്ള പാറ്റേണ്‍ മുന്നില്‍ വച്ച് പോളിങ് ശതമാനം കുറഞ്ഞത് ആര്‍ക്ക് ഗുണകരമെന്ന രീതിയില്‍ പലതരം ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ അത്തരത്തില്‍ വിശകലനം ഇപ്പോള്‍ സാധ്യമാവുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയം ഉന്നയിക്കുന്നു

പോളിങ് കുറഞ്ഞത് ആര്‍ക്ക് ഗുണം?

വര്‍ഷങ്ങളായുള്ള പാറ്റേണ്‍ മുന്നില്‍ വച്ച് പോളിങ് ശതമാനം കുറഞ്ഞത് ആര്‍ക്ക് ഗുണകരമെന്ന രീതിയില്‍ പലതരം ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ അത്തരത്തില്‍ വിശകലനം ഇപ്പോള്‍ സാധ്യമാവുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയം ഉന്നയിക്കുന്നു. 2019-ലെ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ന്നത് യുഡിഎഫിന് അനുകൂലമായെങ്കില്‍ 2021ലെ തിരഞ്ഞെടുപ്പില്‍ അത് എല്‍ഡിഎഫിന് അനുകൂലമായിരുന്നു. വര്‍ഷങ്ങളുടെ പാറ്റേണ്‍ മുന്നില്‍വച്ചുകൊണ്ട് പോളിങ് ശതമാനം കൂടിയാല്‍ യുഡിഎഫിനും കുറഞ്ഞാല്‍ എല്‍ഡിഎഫിനും അനുകൂലമാവും എന്ന ഊഹങ്ങളില്‍ എത്തുന്നു. ഇതിന് അവര്‍ കൂട്ട് പിടിക്കുന്നത് ചില കണക്കുകളാണ്.

1980 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഈ വാദത്തിന് ബലം കൂടുതലാണ്. 1980-ല്‍ സംസ്ഥാനത്ത് 62.16 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 12 സീറ്റുകള്‍ എല്‍ഡിഎഫിനായിരുന്നു. 84-ല്‍ 77.13 ശതമാനം പോളിങ് വന്നപ്പോള്‍ യുഡിഎഫ് 17 സീറ്റില്‍ വിജയിച്ചു. 89-ല്‍ 79.03 പോളിങ് ശതമാനം, വിജയം കൂടുതല്‍ യുഡിഎഫിന് തന്നെ. അന്നും 17 സീറ്റ് യുഡിഎഫ് നേടി. 91-ല്‍ 73.32 ആയി പോളിങ് ശതമാനം കുറഞ്ഞു. എങ്കിലും 16 സീറ്റ് യുഡിഎഫ് നേടി. എല്‍ഡിഎഫിന് ഒരു സീറ്റ് കൂടുതല്‍ ലഭിച്ചു.

പോളിങ് കുറഞ്ഞതിന്റെ പ്രയോജനം ആര്‍ക്ക്?   പരമ്പരാഗത വിശദീകരണം ഇത്തവണയും നിലനില്‍ക്കുമോ
പോളിങ്ങില്‍ ഇടിവ് ഏഴ് ശതമാനത്തോളം; ആശങ്കയില്‍ മുന്നണികള്‍

96-ല്‍ 71.11 ആയി പോളിങ് ശതമാനം വീണ്ടും കുറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായി. 10-10 സീറ്റുകള്‍ ഇരുവിഭാഗത്തിനും ലഭിച്ചു. 98-ല്‍ 70.66 ശതമാനം പോളിങ്, യുഡിഎഫ് 11ഉം, എല്‍ഡിഎഫ് ഒമ്പതും സീറ്റുകള്‍ നേടി. 99-ല്‍ 70.19 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ 98-ല്‍ ലഭിച്ച അത്രയും സീറ്റുകള്‍ തന്നെ ഇരുമുന്നണികള്‍ക്കും സ്വന്തമായി. 2004-ല്‍ 71.45 ആയിരുന്നു പോളിങ് ശതമാനം. യുഡിഎഫ് തകര്‍ന്നു. എല്‍ഡിഎഫിന് 18 സീറ്റുകളും ലഭിച്ചു. എന്‍ഡിഎ ഒരു സീറ്റും നേടി. 2009-ല്‍ പോളിങ് ശതമാനം അല്‍പ്പം ഉയര്‍ന്നു. 73.38 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ യുഡിഎഫിന് 16 സീറ്റ് നേടാനായി. 2014-ല്‍ 73.94 ശതമാനം പോളിങ്, യുഡിഎഫ് 12 സീറ്റ്, എല്‍ഡിഎഫിന് എട്ട് സീറ്റ്. 2019-ല്‍ റെക്കോര്‍ഡ് പോളിങ്, യുഡിഎഫ് 19 സീറ്റിലും ജയിച്ചു.

എന്നാല്‍ പോളിങ് ശതമാനം കുറയുന്നതോ കൂടുന്നതോ തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുമോ? രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് ഇതിന് വിരുദ്ധമായ അഭിപ്രായമാണ്. കേരള യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരുന്ന ജെ പ്രഭാഷ് പറയുന്നു: ''പണ്ട് കാലത്ത് അത്തരത്തില്‍ പറയുമായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെ വിലയിരുത്തേണ്ടതില്ല. മുമ്പ് മിഡില്‍ ക്ലാസ് വോട്ടുകള്‍ യുഡിഎഫിനാണ് കൂടുതല്‍ എന്ന ഒരു കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് മുന്നണികള്‍ക്കും മിഡില്‍ ക്ലാസ് വോട്ടര്‍മാരുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തില്‍ ഒരു കോ-റിലേഷനില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്റെ കണക്കുകൂട്ടല്‍ വച്ച് കേരളത്തില്‍ യുഡിഎഫിന് 15 മുതല്‍ 18 വരെ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കേരളത്തിലെ ഭരണ വിരുദ്ധ വികാരം മാത്രമല്ല, കേന്ദ്രത്തില്‍ പ്രതിപക്ഷമെങ്കിലും ആവാനുള്ള സാധ്യത കോണ്‍ഗ്രസിനാണ് എന്നത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനാണിട''.

''അത്തരത്തിലുള്ള തിയറിയെല്ലാം നേരത്തെ തന്നെ തെറ്റാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഈക്വല്‍ പ്രോബബിലിറ്റി സാമ്പിള്‍ എടുത്താല്‍ മാത്രമേ അക്കാര്യം പ്രവചിക്കാന്‍ കഴിയൂ''-രാഷ്ട്രീയ നിരീക്ഷകനായ പ്രമോദ്കുമാര്‍ പറയുന്നു. ''വോട്ടര്‍മാര്‍ പ്രതിനിധീകരിക്കുന്ന മേഖലകളില്‍ നിന്ന് സാമ്പിളുകള്‍ ഇല്ലാതെ അത് പറയുക അസാധ്യമാണ്. ന്യൂനപക്ഷം, സ്ത്രീ വോട്ടര്‍മാര്‍ ഇതെല്ലാം പരിശോധിച്ചാല്‍ മാത്രമേ വ്യക്തമായ കണക്കുകള്‍ ലഭിക്കൂ. സ്ത്രീ വോട്ടര്‍മാരാണ് കേരളത്തില്‍ കൂടുതല്‍. എന്നാല്‍ സര്‍വേകളില്‍ ഉള്‍പ്പെടെ പലപ്പോഴും അവരെ ശ്രദ്ധിച്ച് കണ്ടിട്ടില്ല. ചെറുപ്പക്കാരായ വോട്ടര്‍മാര്‍ കുറവാണ്, ഉള്ളവര്‍ തന്നെ പലരും ഇതര ദേശങ്ങളിലാണ്. പോളിങ്ങിലെ കുറവില്‍ അവരും ഉള്‍പ്പെടും. അതെല്ലാം ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതാണ്''.

പോളിങ് കുറഞ്ഞതിന്റെ പ്രയോജനം ആര്‍ക്ക്?   പരമ്പരാഗത വിശദീകരണം ഇത്തവണയും നിലനില്‍ക്കുമോ
'നാരീ ശക്തി എവിടെ', പറച്ചില്‍ ഒന്ന് പ്രവൃത്തി മറ്റൊന്ന്; വാഗ്ദാനം മാത്രമാകുന്ന സംവരണം

ന്യൂനപക്ഷ അടിയൊഴുക്ക് എങ്ങോട്ട്?

2019-ലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണയിച്ചത് ന്യൂനപക്ഷ വോട്ടുകളായിരുന്നു. ശബരിമല വിഷയവും രാഹുല്‍ഗാന്ധി തരംഗവും എല്ലാം ഉണ്ടായിരുന്നെങ്കിലും വലിയ ഭൂരിപക്ഷം യുഡിഎഫിന് നേടിക്കൊടുത്തതും 19 സീറ്റ് എന്ന ചരിത്ര വിജയം സമ്മാനിച്ചതിലും ന്യൂനപക്ഷത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഇക്കുറിയും വോട്ട് ചെയ്തവരുടെ നീണ്ട നിരകളില്‍ കഴിഞ്ഞ തവണത്തേതിന് സമാനമായ തോതില്‍ ന്യൂനപക്ഷ നിര ഉണ്ടായിരുന്നു എന്നാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പറയുന്നത്. എന്നാല്‍ ന്യൂനപക്ഷത്തിന്റെ മനസ്സില്‍ എന്താണ്?

''ഏറ്റവും വലിയ സ്വാധീന ശക്തിയാണ് ന്യൂനപക്ഷം. പ്രത്യേകിച്ചും മുസ്ലീം വോട്ടര്‍മാര്‍. ന്യൂനപക്ഷത്തിന്റെ അടിയൊഴുക്ക് ഒരിക്കലും ആര്‍ക്കും മനസിലാവില്ല. പുറത്ത് പ്രകടമാവില്ല. അത് വോട്ടില്‍ മാത്രമേ പ്രതിഫലിക്കൂ. രാജ്യത്ത് എക്‌സിസ്റ്റന്‍ഷ്യല്‍ ക്രൈസിസ് നിലനില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമോ യുഡിഎഫിനൊപ്പം നില്‍ക്കുമോ എന്നതിലിരിക്കും വിധി നിര്‍ണയം. 96-ല്‍ ജയലളിതയ്ക്ക് കിട്ടിയ രണ്ട് സീറ്റ് ആ അടിയൊഴുക്കിന്റെ ബാക്കിപത്രമായിരുന്നു. അത്തരമൊരു അടിയൊഴുക്ക് ഉണ്ടെങ്കില്‍, അത് യുഡിഎഫിന് അനുകൂലമാണെങ്കില്‍ കേരളത്തില്‍  ക്ലീൻ സ്വീപ്പ് ആയിരിക്കും. അങ്ങനെയൊന്ന് ഉണ്ടായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്'' -പ്രമോദ്കുമാര്‍ അഭിപ്രായപ്പെടുന്നു.

''ഇതേ അഭിപ്രായമാണ് എനിക്കും ഉള്ളത്. ന്യൂനപക്ഷത്തിന്റെ മനസ്സ് എങ്ങോട്ടാണ് എന്നുള്ളത് പ്രധാനമാണ്. എന്റെ കണക്കുകൂട്ടലില്‍ അത് ഇത്തവണയും യുഡിഎഫിന് അനുകൂലമാവാനാണ് സാധ്യത. പ്രത്യേകിച്ചും അവസാനഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ കൂടി വന്ന സാഹചര്യത്തില്‍''- പ്രഭാഷ് കൂട്ടിച്ചേര്‍ത്തു.

ഇടതിന്റെ രാഷ്ട്രീയം

തിരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായാലും, എല്‍ഡിഎഫ് ശക്തമായ രാഷ്ട്രീയം മുന്നോട്ട് വക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. രാഷ്ട്രീയം പറഞ്ഞ് പോരാടിയിട്ടുള്ള എല്‍ഡിഎഫ്, ഇത്തവണ അതില്‍ നിന്നെല്ലാം ഏറെ പിന്നോട്ട പോവുന്ന കാഴ്ചയാണ് കണ്ടത്. എന്തുകൊണ്ട് ഇടതിന് വോട്ട് ചെയ്യണം എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് ചെയ്താല്‍ അത് താമരയ്ക്കുള്ള വോട്ടാവും, ഫാസിസത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയ വാദങ്ങളൊഴിച്ചാല്‍ ഇടത് ക്യാമ്പില്‍ നിന്ന് ശക്തമായ രാഷ്ട്രീയം പറച്ചിലുകള്‍ ഉണ്ടായില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

പ്രമോദികുമാര്‍ പറയുന്നു - ''പാട്രണ്‍ ക്ലയന്റ് റിലേഷന്‍ഷിപ്പ് എന്നതിലേക്ക് ഇടത് സംഘടനകള്‍ മാറി. യൂണിവേഴ്‌സല്‍ ആയുള്ള പ്രോഗ്രാമുകള്‍ ഉണ്ടാക്കാതെ, രാഷ്ട്രീയം പറയാതെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പോപ്പുലര്‍ ആയ പ്രോഗാമുകള്‍ കൊണ്ടുവന്ന് ക്ലയന്റ്‌സ് ആയ വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശം. കിറ്റ് വിതരണം അടക്കമുള്ള കാര്യങ്ങള്‍ ചെയ്തും അത് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയും എല്‍ഡിഎഫ് കുറച്ച് നാളായി അത് ചെയ്യുന്നു. ഇത്തവണ അതിനുള്ള സാഹചര്യം ലഭിച്ചില്ല. പെന്‍ഷന്‍ തന്നാല്‍ വോട്ട് ചെയ്യാം എന്ന മാനസികാവസ്ഥയിലേക്ക് വോട്ടര്‍മാരെ അവര്‍ തന്നെയാണ് എത്തിച്ചത്. എന്നാല്‍ രാഷ്ട്രീയം മുന്നോട്ട് വക്കാതെ ഇത്തരം സമര്‍ത്ഥമായ ഇടപെടല്‍ ഒന്നും അധികകാലം നിലനില്‍ക്കില്ല. വലിയ വിഭാഗം ജനങ്ങള്‍ ദരിദ്രരാണ്. അവരുടെ ഇല്ലായ്മയെ ചൂഷണം ചെയ്യുന്നതാണ് പോപ്പുലര്‍ പ്രോഗ്രാമുകള്‍''.

'രാഷ്ട്രീയ അജണ്ട ഇല്ലാതെ ഇടതുപക്ഷം മുന്നോട്ട് പോവുന്നത് വലിയ അപകടമാണ്. രാഷ്ട്രീയം ഉപേക്ഷിച്ച് അധികാരത്തിന് പുറകേ പോയി വലതുപക്ഷവല്‍ക്കരണത്തിലേക്ക് പോവുന്ന പാര്‍യായി സിപിഎം മാറുകയാണ്. പോളിങ് ശതമാനം കുറഞ്ഞതുള്‍പ്പെടെ ഇതുമായി കൂടി ചേര്‍ത്ത് വായിക്കേണ്ടതാണ്.' പ്രഭാഷ് അഭിപ്രായപ്പെട്ടു.

വിവാദങ്ങളിലൂടെ

ബിജെപി ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എന്ന പരാമര്‍ശത്തിലൂടെ ഇ പി ജയരാജന്‍ തന്നെ തുടക്കമിട്ട പ്രചാരണ സമയത്തെ വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിലൂടെ അദ്ദേഹം തന്നെ വിരാമമിട്ടു. ഇതിനിടയില്‍ നിരവധി വാദപ്രതിവാദങ്ങള്‍ ഓരോ മണ്ഡലങ്ങളിലുമുണ്ടായി. എന്നാല്‍ ഇതെല്ലാം വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിച്ചു എന്നത് 36 ദിവസത്തെ കാത്തിരിപ്പിന് ഒടുവില്‍ അറിയാം.

logo
The Fourth
www.thefourthnews.in