തിരഞ്ഞെടുപ്പാകണം കുടിയേറ്റം

തിരഞ്ഞെടുപ്പാകണം കുടിയേറ്റം

കേരളത്തില്‍ തൊഴിലില്ലായ്മയും മാന്യമായ തൊഴില്‍ സാഹചര്യവും വേതനവും ഇല്ലാത്തതും നിര്‍ബന്ധിത കുടിയേറ്റത്തിനു കാരണമാകുന്നു

കുടിയേറ്റം സ്വയം തിരഞ്ഞെടുക്കുന്നത് ആയിരിക്കണം. അല്ലാതെ നിര്‍ബന്ധപൂര്‍വം നടത്തുന്നതായിരിക്കരുത് എന്നാണ് അന്താരാഷ്ട തൊഴിലാളി സംഘടനകള്‍ പറയുന്നത്. എന്നാല്‍ 1960കളില്‍ മലയാളി തുടങ്ങിയ അറബ്, ഗള്‍ഫ് കുടിയേറ്റം മുതല്‍ ഇപ്പോള്‍ നടക്കുന്ന ' സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ' കുടിയേറ്റത്തില്‍ വരെ നിര്‍ബന്ധിത കുടിയേറ്റം ആണ് നടക്കുന്നത്.

1960കളില്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ ആയിരുന്നു കുടിയേറ്റത്തിന് കാരണം ആയതെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് തൊഴിലില്ലായ്മക്ക് പുറമെ ആഗോള തലത്തില്‍ ജോലി നേടിത്തരുന്ന പാഠ്യപദ്ധതികളോ കലാലയങ്ങളോ ഉന്നതവിദ്യാഭാസ രംഗത്ത് നമ്മുടെ സംസ്ഥാനത്ത് ഇല്ല എന്നതും കാരണം ആകുന്നു. അതായത് തൊഴില്‍ തേടിയും പഠിക്കാന്‍ ഉള്ള അവസരങ്ങള്‍ തേടിയും മലയാളികള്‍ കുടിയേറ്റം നടത്താന്‍ നിര്‍ബന്ധിതര്‍ ആകുന്നു.

എല്ലാ സൂചികകളിലും ഒന്നാമതായി നില്‍ക്കുന്ന കേരളത്തില്‍ മാന്യമായ തൊഴില്‍ സാഹചര്യവും വേതനമോ ഇല്ല എന്നുള്ളതും ഒരു വസ്തുതയാണ്

കേരള എക്കണോമിക് റിവ്യൂ 2021 അനുസരിച്ച് ഇന്ത്യയില്‍ തൊഴില്ലായ്മയുടെ തോത് 2018-19ല്‍ 5.8 ശതമാനത്തില്‍ നിന്നും 2019-2020ല്‍ 4.8 ശതമാനം ആയി കുറഞ്ഞപ്പോള്‍ കേരളത്തില്‍ 2018-19ല്‍ 9 ശതമാനത്തില്‍ നിന്നും 2019-2020ല്‍ 10 ശതമാനം ആയി കൂടി. അതായത് ഇപ്പോഴും കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന് പിന്നിലെ പ്രധാന കാരണം തൊഴിലല്ലായ്മ തന്നെ ആണ്. ഒപ്പം മറ്റെല്ലാ സൂചികകളിലും ഒന്നാമതായി നില്‍ക്കുന്ന കേരളത്തില്‍ മാന്യമായ തൊഴില്‍ സാഹചര്യവും വേതനമോ ഇല്ല എന്നുള്ളതും ഒരു വസ്തുത കൂടിയാണ്.

ബി ടെക് കഴിഞ്ഞ തുടക്കക്കാരന്‍ ആയ ഒരു എഞ്ചിനീയറിന് കേരളത്തിലെ സ്വകാര്യ മേഖലയില്‍ കിട്ടുന്ന ശരാശരി ശമ്പളം 15,000 രൂപയ്ക്കു താഴെ ആണ്. നാലു വര്‍ഷം പഠിച്ച ഒരു എഞ്ചിനീയറിന് മാന്യമായ വേതനം കിട്ടുന്നില്ല എന്നത് മാത്രമല്ല സ്വകാര്യ മേഖലയില്‍ മാന്യമായ തൊഴില്‍ സാഹചര്യവും ഇല്ല എന്നുള്ളതും ഒരു വസ്തുത ആണ്. ഇവിടെ ആണ് കുടിയേറ്റം ഒരു നിര്‍ബന്ധം ആയി തീരുന്നത്.

കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സ്ഥിതി എഞ്ചിനീയറുമാരേക്കാള്‍ കഷ്ടമാണ്. 

മെച്ചപ്പെട്ട ശമ്പളം, അതും ഒരു തുടക്കകാരന് 40,000 രൂപയ്ക്ക് അടുത്താണെങ്കില്‍ പോലും അവര്‍ ഗള്‍ഫിലേക്കോ മറ്റേതെങ്കിലും വിദേശ രാജ്യത്തേക്കോ തൊഴില്‍ തേടി പോകാന്‍ തയ്യാറാകുന്നു. ചിലപ്പോള്‍ ഒരു സിവില്‍ എഞ്ചിനീയറിനു ഡ്രാഫ്‌റ്‌സ്മാന്‍ ജോലി ആയിരിക്കും വിദേശത്ത് കിട്ടുക. എങ്കില്‍ പോലും ശമ്പളം കേരളത്തിലേതും ആയി താരതമ്യം ചെയ്താല്‍ മെച്ചപ്പെട്ടതായിരിക്കും. അങ്ങനെ കുടിയേറ്റം നടത്തിയിട്ടുള്ള ഒരുപാട് സുഹൃത്തുക്കളെ എനിക്ക് അറിയാം.

കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സ്ഥിതി എഞ്ചിനീയറുമാരേക്കാള്‍ കഷ്ടം ആണ്. 2018ല്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സമരം നടത്തി കുറഞ്ഞ വേതനം 20,000 ആയി നേടിയെടുത്തു എങ്കിലും, ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും ഇപ്പോഴും കടലാസില്‍ മാത്രം ആണ് 20,000 ശമ്പളം ആയി കാണിക്കുന്നത്.

എന്നോട് സംസാരിച്ചിട്ടുള്ള നഴ്‌സുമാര്‍ പറയുന്നത് 20,000 രൂപയുടെ ശമ്പള സ്ലിപ്പില്‍ ഒപ്പു വെച്ച ശേഷം 10,000ന് താഴെ മാത്രമേ കൈയില്‍ കിട്ടുകയുള്ളു എന്നാണ്. നഴ്‌സിങ് പഠനത്തിന് വേണ്ടിയുള്ള ലക്ഷങ്ങള്‍ കടമെടുത്താണ് ഒട്ടുമിക്കവരും കണ്ടെത്തുന്നത്. അതിന്റെ തിരിച്ചടവ് തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുമ്പോള്‍ സാധ്യമാകാതെ വരുന്നു.

ഗുരുതരമായ മറ്റൊരു സ്ഥിതി എന്താണെന്ന് വെച്ചാല്‍ നഴ്‌സിങ് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് ആശുപത്രിയും ഉണ്ടാകും. പഠനം ലക്ഷങ്ങള്‍ മുടക്കി പൂര്‍ത്തീകരിച്ചതിന് ശേഷം ആശുപത്രിയില്‍ ഒരു നിശ്ചിത വര്‍ഷം ജോലി ചെയ്‌തോളാം എന്ന് കരാര്‍ ഒപ്പിടേണ്ടിയും വരും. ഒപ്പം സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രിയുടെ പക്കല്‍ കൊടുക്കേണ്ടിയും വരും. ആ അവസരത്തില്‍ ഏത് തരത്തിലുള്ള ചൂഷണം ഉണ്ടായാലും അവര്‍ അത് സഹിക്കും.

സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന, മനുഷ്യാവകാശങ്ങളും തൊഴിലാളി അവകാശങ്ങളും മതിക്കാത്ത കഫാലയെ അടിമ പണി എന്നാണ് ലോക തൊഴിലാളി സംഘടനകള്‍ പറയുന്നത്

തിരഞ്ഞെടുപ്പാകണം കുടിയേറ്റം
വിദേശയാത്ര പ്രതീക്ഷിച്ചതിലേറെ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി; യുകെയുമായി തൊഴില്‍ കുടിയേറ്റ കരാര്‍ ഒപ്പിട്ടു

പഠന സര്‍ട്ടിഫിക്കറ്റുകള്‍ പാസ്‌പോര്‍ട്ട് പോലുള്ള യാത്രാരേഖകള്‍ പിടിച്ചു വെയ്ക്കുന്നത് അന്താരാഷ്ട്ര തൊഴിലാളി സംഘടന 1930ല്‍ പാസാക്കിയ കണ്‍വെന്‍ഷന്‍ സി29 അനുസരിച്ച് തൊഴിലാളിയെ അടിമപ്പണിക്ക് വിധേയമാക്കുന്നതായാണ് കണക്കാക്കുന്നത്. തൊഴിലാളിയുടെ രേഖകള്‍ തൊഴില്‍ദാതാവിന്റെ കയ്യില്‍ ഉള്ളിടത്തോളം കാലം തൊഴില്‍ ദാതാവ് പറയുന്നത് എന്തും തൊഴിലാളി കേള്‍ക്കും. 1954ല്‍ തന്നെ മേല്‍പറഞ്ഞ കണ്‍വെന്‍ഷന്‍ ഇന്ത്യ ഒപ്പിട്ടിട്ടുള്ളതാണ്.

എന്നാല്‍ ഇത്തരത്തിലുള്ള ലംഘനങ്ങള്‍ കേരളത്തിലും ഉണ്ടാകുന്നുണ്ട് എന്ന് ഒരു തൊഴിലാളി യുണിയനുകളും ശ്രദ്ധിക്കുന്നില്ല എന്നതാണ് ദുഃഖരമായ വസ്തുത. ഈയൊരു സാഹചര്യത്തില്‍ ആണ് നിര്‍ബന്ധിത കുടിയേറ്റം ഉണ്ടാകുന്നത്. അതാകട്ടെ കൂടുതലും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് താനും. അവിടെ ആകട്ടെ കഫാല എന്ന സംവിധാനം ആണ് തൊഴിലാളിയും തൊഴില്‍ ഉടമയും തമ്മിലുള്ള ബന്ധം തീരുമാനിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന, മനുഷ്യാവകാശങ്ങളും തൊഴിലാളി അവകാശങ്ങളും മതിക്കാത്ത കഫാലയെ അടിമ പണി എന്നാണ് ലോക തൊഴിലാളി സംഘടനകള്‍ പറയുന്നത്.

ഇത് തിരിച്ചറിയണം എങ്കില്‍ ക്യാമ്പുകളില്‍ തൊഴിലാളികളോടും ഹോസ്പിറ്റലിലെ നഴ്‌സുമാരോടും കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എഞ്ചിനീയര്‍മാരോടും സംസാരിച്ചാല്‍ മതി. അവര്‍ പറയും എങ്ങനെ ഒക്കെയാണ് തൊഴില്‍ദാതാവിന് വഴങ്ങികൊടുക്കേണ്ടി വരുന്നത് എന്നും ചൂഷണത്തിന് വിധേയം ആകുന്നതെന്നും.

തിരഞ്ഞെടുപ്പാകണം കുടിയേറ്റം
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തൊഴിലവസരം; കേരളവും യുകെയും ധാരണാ പത്രം ഒപ്പുവച്ചു

കുടിയേറ്റത്തിന് ഇടനിലക്കാരന് കൊടുത്ത പൈസയും അതിന് വേണ്ടി എടുത്ത കടവും, മറ്റു സാമ്പത്തിക ബാധ്യതകളും ഒപ്പം മുന്‍പ് സൂചിപ്പിച്ചപോലെ കേരളത്തില്‍ തൊഴിലില്ലാത്ത സാഹചര്യവും, മാന്യമായ വേതനം ഇല്ലാത്തതും മെച്ചപ്പെട്ട ഉപരിപഠന സാഹചര്യം ഇല്ലാത്തതും കുടിയേറ്റം നടത്തിയ മലയാളി വിദേശത്ത് തന്നെ എന്ത് ചൂഷണവും സഹിച്ചു തുടരാന്‍ ശ്രമിക്കും.

മറ്റു ഭാഷാ യോഗ്യതകള്‍ വേണ്ടാത്ത ഗള്‍ഫിലേക്കാണ് മലയാളികള്‍ കൂടുതലും കുടിയേറുന്നത്. യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ എണ്ണം കുറവാണ്. കുടിയേറുന്നവര്‍ ആകട്ടെ തൊഴില്‍ നൈപുണ്യം ഉള്ളവരും ആണ്. യൂറോപ്പിലൊന്നും അടിമ പണി ഇല്ല എന്ന് മാത്രം അല്ല, തൊഴിലാളിയുടെ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍ ബഹുമാനിക്കുന്ന സംവിധാനമാണ് അവിടെയുള്ളത്. യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ കാര്യത്തില്‍ നമ്മുടെ മുഖ്യമന്ത്രി അത്ര വേവലാതിപ്പെടേണ്ടതും ഇല്ല.

മറിച്ച് ഗള്‍ഫിലേക്ക് നമ്മള്‍ 1960കളില്‍ കുടിയേറ്റം തുടങ്ങിയതാണ്. പക്ഷെ ഇപ്പോഴും പറ്റിക്കപ്പെടുന്നുണ്ട്. ചതിക്കുഴികളില്‍ വീഴുന്നുണ്ട്. അവിടെയാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ വേണ്ടത്. മലയാളി തൊഴിലിനോ പഠനത്തിനോ കുടിയേറാന്‍ അവസരം തേടി നടക്കുമ്പോള്‍ ആണ് ' സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ' കുടിയേറ്റം ഉണ്ടാകുന്നത്.

യുകെയിലേക്ക് മലയാളി നഴ്‌സുമാരുടെ കുടിയേറ്റം സാധ്യമാക്കുന്ന സര്‍ക്കാര്‍ നയം ' സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ' കുടിയേറ്റം എന്ന് തന്നെ പറയാന്‍ സാധിക്കും. കാരണം കേരളത്തില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി തൊഴിലിന് വേണ്ടി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് ചേര്‍ത്ത് അവസരത്തിന് വേണ്ടി കാത്തുനില്‍ക്കുന്നവരുടെ എണ്ണം 27,000 വരും. അവര്‍ക്ക് ഇവിടെ ജോലി നല്‍കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. അതുകൊണ്ടാണ് അവര്‍ നിര്‍ബന്ധിത കുടിയേറ്റം നടത്തുന്നത്.

53,000 എന്‍ജിനീയറിങ് ബിരുദധാരികളാണ് തൊഴിലിനായി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് ചേര്‍ത്ത് അവസരത്തിന് വേണ്ടി കാത്തിരിക്കുന്നത്

അതുപോലെ തന്നെ 53,000 എന്‍ജിനീയറിങ് ബിരുദധാരികള്‍ ആണ് തൊഴിലിനായി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് ചേര്‍ത്ത് അവസരത്തിന് വേണ്ടി കാത്തിരിക്കുന്നത്. കേരളത്തില്‍ തൊഴിലില്ലായ്മ ദൃശ്യമല്ലെങ്കില്‍ കൂടി ജൂണ്‍ മാസം വരെ 37,71,628 തൊഴില്‍ അന്വേഷകര്‍ ആണ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് ചേര്‍ത്ത് അവസരത്തിന് വേണ്ടി കാത്തിരിക്കുന്നത്.

എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ നയം എന്ന് മുഖ്യമന്ത്രി പറയുമ്പോഴും, കേരളത്തില്‍ തൊഴിലില്ലായ്മയും മാന്യമായ തൊഴില്‍ സാഹചര്യവും വേതനവും ഇല്ലാത്തതും നിര്‍ബന്ധിത കുടിയേറ്റത്തിനു കാരണമാകുന്നു.

അതുപോലെ മുഖ്യമന്ത്രി പറയുന്നുണ്ട്, വിദ്യാഭ്യാസമേഖലയെ കൂടുതല്‍ ശാക്തീകരിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകയുമാണ് ലക്ഷ്യം എന്നും. എന്നാല്‍ നിലവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് ഉന്നതവിദ്യാഭാസത്തിനു വേണ്ടി പോകുന്നുണ്ട്. അവര്‍ക്ക് ഇവിടെ ആഗോളതലത്തില്‍ ജോലി നേടിത്തരുന്ന പാഠ്യപദ്ധതികള്‍ കേരളത്തില്‍ ലഭ്യം അല്ല എന്നതും ഒരു വസ്തുതയാണ്.

തിരഞ്ഞെടുപ്പാകണം കുടിയേറ്റം
വിദേശത്തേക്ക് പറക്കാൻ എളുപ്പത്തിൽ IELTS കടക്കാം

ഏറ്റവും പുതിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വ്വേ കണക്കനുസരിച്ച് ഇന്ത്യയിലേക്ക് വരുന്ന റെമിറ്റന്‍സിന്റെ 30 ശതമാനം മഹാരാഷ്ട്രയിലേക്കാണ് പോയത്. രണ്ടാം സ്ഥാനത്താണ് കേരളം. കിട്ടിയത് 10 ശതമാനം മാത്രം. ഇതിന് മുന്‍പ് നടന്ന സര്‍വേയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ആയിരുന്നു. ചെന്നൈ ഐഐടിയിലെ ഡെവലപ്‌മെന്റ് എക്കണോമിക്സ് പ്രൊഫസര്‍ സുരേഷ് ബാബു എന്നോട് പറഞ്ഞത്, മഹാരാഷ്ട്രയില്‍ മികച്ച ഉന്നത വിദ്യാഭാസ സ്ഥാപനങ്ങള്‍ ഉള്ളതുകൊണ്ട് മികച്ച വിദ്യാഭ്യാസം ലഭിക്കുകയും അവര്‍ക്ക് മികച്ച ജോലി വിദേശത്ത് കിട്ടുകയും ചെയുന്നു. സ്വാഭാവികമായി അവര്‍ക്ക് കൂടുതല്‍ പണം അയയ്ക്കാന്‍ സാധിക്കും. എന്നാലിപ്പോഴും കേരളത്തില്‍ നിന്നും മലയാളികള്‍ ചെറിയ ജോലികള്‍ തേടിയാണ് പോകുന്നത്. അതുകൊണ്ടു തന്നെ അവര്‍ അയയ്ക്കുന്ന പണവും ചെറുതാണ്.

ഇതിനിടയിലാണ് കോവിഡ് വന്നതും 15 ലക്ഷത്തോളം മലയാളികള്‍ക്ക് വിദേശത്തെ ജോലി നഷ്ടപ്പെട്ടതും. വരുന്നവര്‍ക്ക് സര്‍ക്കാര്‍ അനവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒട്ടുമിക്കതും പ്രായോഗികം ആകാത്തതുകൊണ്ട് വന്നവര്‍ എല്ലാവരും മടങ്ങി പോവുകയാണ് ചെയ്തത്. അതും നിര്‍ബന്ധിത കുടിയേറ്റം തന്നെ.

മൂന്ന് ലോക കേരള സഭകള്‍ നടന്നു. ഒപ്പം മേഖല സമ്മേളനങ്ങളും. പക്ഷെ നിര്‍ബന്ധിത കുടിയേറ്റവും ' സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ' കുടിയേറ്റവും അവസാനിച്ചിട്ടില്ല. കേരളത്തിലെ നിലവിലെ സാമൂഹിക സാമ്പത്തിക സാഹചര്യം കണക്കിലെടുത്താല്‍ ഇനിയൊട്ട് നിര്‍ബന്ധിത കുടിയേറ്റവും ' സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ' കുടിയേറ്റവും അവസാനിക്കാനും പോകുന്നില്ല.

(ലേഖകന്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനും പെന്‍ഗ്വിന്‍ 2021 നവംബറില്‍ പ്രസദ്ധീകരിച്ച അന്‍ഡോകുമെന്റഡിന്റെ രചയിതാവും ആണ്. രേഖകളില്ലാത്തവര്‍ എന്ന ടൈറ്റിലില്‍ കറന്റ ബുക്‌സ് ഈ മാസം അന്‍ഡോകുമെന്റഡ് പുറത്തിറക്കിയിട്ടുണ്ട്)

logo
The Fourth
www.thefourthnews.in