മോദി അറിയാഞ്ഞിട്ടാണ്, സിനിമയ്ക്ക് മുൻപും ഗാന്ധിയുണ്ട്

മോദി അറിയാഞ്ഞിട്ടാണ്, സിനിമയ്ക്ക് മുൻപും ഗാന്ധിയുണ്ട്

അമേരിക്കയുടെ വിഖ്യാതമായ ചാമ്പ്യൻസ് ഓഫ് ലിബർട്ടി സ്റ്റാമ്പിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇടംപിടിച്ചത് 1961ൽ

1982 ൽ പുറത്തിറങ്ങിയ 'ഗാന്ധി' സിനിമയ്ക്കുശേഷമാണ് ലോകം മഹാത്മാ ഗാന്ധിയെക്കുറിച്ച് അറിഞ്ഞതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. എബിപി ന്യൂസിനു നൽകിയ അഭിമുഖത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകൾക്കെതിരെ പ്രതിപക്ഷമൊന്നാകെയും മറ്റു മേഖലകളിലുള്ളവരും രംഗത്തുവന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് കുത്തിയൊഴുകുന്ന വ്യാജപ്രചാരണങ്ങളിൽ ഒടുവിലത്തേതായിരിക്കും മോദിയുടെ ഈ വാക്കുകൾ. 1982നു മുൻപ് വിവിധ ലോകരാജ്യങ്ങളിൽ ഗാന്ധി അംഗീകരിക്കപ്പെട്ടിരുന്നില്ലേ? എന്താണ് യാഥാർഥ്യം?

1915ലാണ് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലെത്തുന്നത്. ശേഷം അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ വ്യാപൃതനായി. എന്നാൽ അതിനു മുൻപു തന്നെ ലോകപ്രസിദ്ധരായ നിരവധിപേരുമായി ഗാന്ധിജിക്കു ബന്ധമുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ സജീവമായതോടെ കൂടുതൽ ജനകീയനാവുകയും ചെയ്തു.

എന്നിട്ടും 1982ൽ പുറത്തിറങ്ങിയ റിച്ചാർഡ് അറ്റെൻബൊറോ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് ലോകം ഗാന്ധിയെ അറിഞ്ഞതെന്നു പറയുകയാണെങ്കിൽ ചില കാര്യങ്ങൾ ഓർമിപ്പിക്കാം.

ലോകം ആദരിച്ച പോരാളികൂടിയായ നേതാവ് മാർട്ടിൻ ലൂഥർ കിങ് 1950കളിൽ മഹാത്മാ ഗാന്ധിക്കു കത്തെഴുതുന്നുണ്ട്. ക്രിസ്തു നമുക്ക് കാണിച്ചുതന്ന വഴി സാധ്യമാണെന്നു തെളിയിച്ച വ്യക്തിയെന്നാണ് മഹാത്മാ ഗാന്ധിയെക്കുറിച്ച് മാർട്ടിൻ ലൂഥർ എഴുതുന്നത്. അതിനുദാഹരണമായി അദ്ദേഹം ഗാന്ധിയുടെ അഹിംസയിലൂന്നിയ സമരരീതിയെ പരാമർശിക്കുന്നു.

മോദി അറിയാഞ്ഞിട്ടാണ്, സിനിമയ്ക്ക് മുൻപും ഗാന്ധിയുണ്ട്
നവീൻ ബാബു തളർന്നാൽ ഒഡിഷയില്‍ ആർക്കാണ് ഗുണം?

മാർട്ടിൻ ലൂഥറിൽ അത് അവസാനിക്കുന്നില്ല. വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റൈൻ 1939ൽ ഗാന്ധിജിക്കു കത്തെഴുതുന്നുണ്ട്. ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ അവിശ്വസനീയമായ ശക്തിയെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നുണ്ട് കത്തിൽ. തങ്ങളുടെ കാലത്ത് ഏറ്റവുമധികം ബോധോദയമുണ്ടായ വ്യക്തിയാണ് ഗാന്ധിയെന്നും ഐൻസ്റ്റൈൻ പറയുന്നുണ്ട്.

അവിടെയും ഇത് അവസാനിക്കുന്നില്ല. നെൽസൺ മണ്ടേല മഹാത്മാ ഗാന്ധിയെ 'വിശുദ്ധനായ പോരാളി' എന്നു വിശേഷിപ്പിക്കുന്നുണ്ട്. "ധാർമികതയെ കൈമുതലാക്കി പോരാടിയ ഗാന്ധി ഒരിക്കൽപോലും സാമ്രാജ്യത്വത്തിനു വഴങ്ങാൻ തയാറായിരുന്നില്ല," എന്നാണ് മണ്ടേല ഗാന്ധിയെക്കുറിച്ച് പറഞ്ഞത്.

എബിപി ന്യൂസിന്റെ അഭിമുഖം
എബിപി ന്യൂസിന്റെ അഭിമുഖം

ഇതിനെല്ലാം ശേഷം ഒരാളെക്കുറിച്ച് പറയാനുണ്ട്, ഗാന്ധി തന്റെ ഗുരുവായി കണക്കാക്കിയ വ്യക്തി, എഴുത്തുകാരനെന്ന നിലയിലും തത്വചിന്തകനെന്നനിലയിലും ലോകം അംഗീകരിച്ച ലിയോ ടോൾസ്റ്റോയ്. നേരിട്ടുകാണാൻ ഇരുവർക്കും സാധിച്ചില്ലെങ്കിലും ടോൾസ്റ്റോയും ഗാന്ധിയും നിരവധി കത്തുകളിലൂടെ സംവദിച്ചു. അതും ഗാന്ധി ഇന്ത്യയിൽ എത്തുന്നതിനും മുൻപ്. അഹിംസയെന്ന സമരമാർഗം അവതരിപ്പിക്കുന്നതിൽ ഗാന്ധിജിയിൽ ടോൾസ്റ്റോയിയുടെ സ്വാധീനം വളരെയധികമാണ്.

സിനിമയെക്കുറിച്ചാണല്ലോ നരേന്ദ്രമോദി പറഞ്ഞത്. 'ലിയോ ടോൾസ്റ്റോയ് ആൻഡ് മഹാത്മാ ഗാന്ധി' എന്ന പേരിൽ ഒരു സിനിമ തന്നെയുണ്ട്. അത് ഇവർ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചാണ്. 20, 21 നൂറ്റാണ്ടുകളിലെ മനുഷ്യരുടെ വ്യഥയായിരുന്നു ഇവരുടെ സംസാരവിഷയം. അതിൽ രാഷ്ട്രീയം, ആത്മീയത, തത്വചിന്ത ഉൾപ്പെടെയുള്ളവ വിഷയമായിരുന്നു. സ്വന്തം ആശയങ്ങളെ, ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളുടെയും വിവേചനങ്ങളുടെയും ഭാഗമാക്കി വായിക്കുന്നവരായിരുന്നു ഇരുവരും. ഒരു വർഷം മാത്രം നീണ്ടുനിന്ന ആ കത്തെഴുത്ത് ലോകത്തെ തന്നെ മാറ്റിയെന്നാണ് സിനിമയുടെ സംവിധായിക അന്ന എവ്തുഷെങ്കോ പറഞ്ഞത്. ടോൾസ്റ്റോയ് മരിക്കുന്നത് മോദി പറഞ്ഞ 1982നൊക്കെ കുറേ മുൻപ് 1910ലാണ്!

2019ൽ ധ്യാനിക്കുന്ന മോദി
2019ൽ ധ്യാനിക്കുന്ന മോദി

ലോകത്താകമാനമുള്ള ഗാന്ധി പ്രതിമകളുടെ കൂടി ചരിത്രം പറഞ്ഞാലാണ് ഇത് പൂർത്തിയാവുക. ഒരൊറ്റ ഗാന്ധി പ്രതിമയെ മാത്രമേ ഇവിടെ പരാമർശിക്കേണ്ടതുള്ളൂ. അത് 1952ൽ അമേരിക്കയിലെ കാലിഫോർണിയയിലെ ലേക്ക് ഷ്രൈനിൽ നിർമിക്കപ്പെട്ടിട്ടുള്ള ലോകത്തെ ഏറ്റവും പഴക്കംചെന്ന ഗാന്ധി പ്രതിമയാണ്. അതുകൊണ്ടു തന്നെ ഗാന്ധിയെ ലോകമറിഞ്ഞത് 1982നു ശേഷമാണെന്ന് ചരിത്രം മനസിലാക്കാൻ ശ്രമിക്കുന്ന ആർക്കും അത്ര ധൈര്യത്തോടെ പറയുക എളുപ്പമല്ല.

മോദി അറിയാഞ്ഞിട്ടാണ്, സിനിമയ്ക്ക് മുൻപും ഗാന്ധിയുണ്ട്
'1982ന് മുന്‍പ് ഗാന്ധിയെ അംഗീകരിക്കാതിരുന്ന ഏത് ലോകത്താണ് മോദി ജീവിക്കുന്നത്'; പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിന്റെ മറുപടി

നുണപ്രചാരങ്ങൾക്കെതിരെ തെളിവുകൾ നിരത്തിയാൽ ആ പ്രചാരണങ്ങൾ അവസാനിക്കുമെന്നൊന്നും കരുതാനാകില്ല. എങ്കിലും മറ്റൊരു പ്രധാനപ്പെട്ട തെളിവുകൂടി ചേർക്കാം. അമേരിക്കയുടെ വിഖ്യാതമായ ചാമ്പ്യൻസ് ഓഫ് ലിബർട്ടി സ്റ്റാമ്പിൽ 1961ൽ മഹാത്മാ ഗാന്ധിയുടെ ചിത്രം വരുന്നുണ്ട്. തങ്ങളുടെ സ്വന്തം രാജ്യത്തെ സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ഭാഗമായവരെ ആദരസൂചകമായി അമേരിക്ക സ്റ്റാമ്പിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗാന്ധി ഇടംപിടിച്ചത്. നരേന്ദ്രമോദി പറഞ്ഞ 1982ലെ 'ഗാന്ധി' സിനിമയ്ക്കു മുൻപുതന്നെ അമേരിക്ക ഗാന്ധിയെ അംഗീകരിക്കുന്നുണ്ട്.

ചരിത്രം തനിക്കുശേഷമാണ് കാര്യങ്ങളെ അടയാളപ്പെടുത്തി തുടങ്ങിയതെന്നൊരു നേതാവ് വിചാരിച്ച് തുടങ്ങിയാൽ മറ്റുള്ളവർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, അതിനും മുൻപ് ചരിത്രമുണ്ടെന്ന് ഓർമിപ്പിക്കുകയല്ലാതെ.

logo
The Fourth
www.thefourthnews.in