ചിരിയുടെ സര്‍ദാര്‍, ചിന്തയുടെയും: ഖുഷ്വന്ത് സിങ് ഓര്‍മയായിട്ട് ഒന്‍പത് വര്‍ഷം

ചിരിയുടെ സര്‍ദാര്‍, ചിന്തയുടെയും: ഖുഷ്വന്ത് സിങ് ഓര്‍മയായിട്ട് ഒന്‍പത് വര്‍ഷം

ഈ നൂറ്റാണ്ടില്‍ ഇന്ത്യയിലെ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരൻ എന്ന നിലയില്‍ ഖുഷ്വന്ത് സിങ് സ്മരിക്കപ്പെടും. നിങ്ങള്‍ക്ക് ഖുഷ്വന്തിനെ ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം പക്ഷേ, അവഗണിക്കാൻ സാധ്യമല്ല

'ദൈവത്തേയോ മനുഷ്യനെയോ വെറുതെ വിടാത്ത ഒരുവന്‍ ഇവിടെ കിടക്കുന്നു. അവനു വേണ്ടി കണ്ണുനീര്‍ വീഴ്ത്താതിരിക്കുക, അവന്‍ ഒരു മണ്‍തിട്ട മാത്രമായിരുന്നു. അനാവശ്യങ്ങള്‍ എഴുതിക്കൂട്ടുക രസമായിരുന്നു അവന്. ദൈവത്തിന് നന്ദി; അവന്‍ മരിച്ചുവല്ലോ ഈ ആഭാസന്‍': സ്വന്തം സ്മാരക ലേഖനം, ഖുഷ്വന്ത് സിങ്ങ്.

ഖുഷ്വന്ത് സിങ്ങിന്റെ ചരമ വാര്‍ഷികമാണിന്ന്. ഒന്‍പത് വര്‍ഷം മുന്‍പ്, 99ാം വയസ്സില്‍ അന്തരിക്കുമ്പോള്‍ തന്റെ അവസാന പുസ്തകം 'ദ ഗുഡ്, ബാഡ് ആന്റ് റിഡിക്കലസ് ' വായനക്കാര്‍ ആഘോഷത്തോടെ ഏറ്റുവാങ്ങുന്നത് കണ്ടിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ഒരു ഇന്ത്യന്‍ എഴുത്തുകാരന് ലഭിച്ച അപൂര്‍വ ഭാഗ്യമായിരുന്നു അത്.

നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പംക്തികാരന്‍, ചരിത്രകാരന്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ എന്നിവയുടെ എഡിറ്റര്‍ ആയിരുന്ന ഖുഷ്വന്ത് സിങിനെ നിര്‍വചിക്കുക എളുപ്പമല്ല. അദ്ദേഹം സ്വയം വിലയിരുത്തിയത് ഇങ്ങനെയായിരുന്നു: 'ആരേയും ഞാന്‍ വലിയ ഗൗരവമായിയെടുത്തിട്ടില്ല - എന്നെപ്പോലും. ഞാനെപ്പൊഴും മറ്റുള്ളവരുടെ സ്വകാര്യ ജീവിതം ചികഞ്ഞു നോക്കുന്ന ഒരു വ്യക്തിയാണ്. ഞാന്‍ അപവാദം ഇഷ്ടപ്പെടുന്നു'. ഖുഷ്വന്ത്് സിങ്ങിന് 68 വയസുള്ളപ്പോള്‍ 'സണ്‍ഡേ ഒബ്‌സര്‍വറില്‍' അദ്ദേഹത്തിന്റെ ഒരു ചരമക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു.

ചിരിയുടെ സര്‍ദാര്‍, ചിന്തയുടെയും: ഖുഷ്വന്ത് സിങ് ഓര്‍മയായിട്ട് ഒന്‍പത് വര്‍ഷം
ഭീകരതയുടെ ആൾരൂപം ; ഭിന്ദ്രൻ വാലയുടെ പേര് വീണ്ടുമുയരുമ്പോൾ

'ഖുഷ്വന്ത് സിങ്ങ് കഴിഞ്ഞയാഴ്ച ഉറക്കത്തില്‍ അന്തരിച്ചുവെന്ന് വായിച്ചപ്പോള്‍ എനിക്ക് സങ്കടം തോന്നി. ഇത്രയും ശബ്ദ കോലാഹലമുണ്ടാക്കിയ ഒരു മനുഷ്യന് എന്തൊരു ശാന്തമായ അന്ത്യം. പരിഹാസത്തെ ദൈവങ്ങള്‍ പരിഹസിക്കുന്നതു നോക്കൂ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വൈരുദ്ധ്യങ്ങള്‍ ഖുഷ്വന്ത് സിങിനെ വലയം ചെയ്തു. താന്‍ ഒരു മദ്യപാനിയാണെന്ന് വരുത്താന്‍ അയാള്‍ ശ്രമിച്ചു, എന്നിട്ടും എനിക്ക് അറിയാവുന്ന ഏറ്റവും കഠിനാധ്വാനിയും കൃത്യനിഷ്ഠയും ഉള്ള ഒരാളാണ് അദ്ദേഹം. അദ്ദേഹം അജ്ഞേയവാദം പ്രഖ്യാപിച്ചു. എന്നാല്‍, കീര്‍ത്തനം ആസ്വദിച്ചു, കുറച്ച് പേര്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ. അദ്ദേഹം ദേശീയതലത്തില്‍ പ്രശസ്തനായ 'ഒരു വഷളന്‍' എന്നറിയപ്പെട്ടു. ഒറ്റയ്ക്ക് പ്രവര്‍ത്തിച്ചു. ശൂന്യമായ പാത്രങ്ങളാണ് ഏറ്റവും കൂടുതല്‍ ശബ്ദമുണ്ടാക്കുന്നത്, എന്നാല്‍ ഖുഷ്വന്ത് സിങില്‍ മറ്റുള്ളവരില്‍ നിന്ന് തട്ടിയെടുത്ത, സ്‌കോച്ച് എപ്പോഴും നിറഞ്ഞിരുന്നു. എല്ലാത്തിലും സജീവമായിരുന്ന ഒരു മനുഷ്യന്‍. ഞാന്‍ ഇതെഴുതുമ്പോഴും ഖുഷ്വന്ത് മാലാഖമാരുടെ പാവാടകള്‍ മുകളിലേക്ക് ഉയര്‍ന്നു പൊന്തുന്നുണ്ടോ എന്ന് നോക്കുന്ന തിരക്കിലാണെന്ന് എനിക്ക് ഉറപ്പുണ്ട്.''

ധീരേന്‍ ഭഗത്ത് എന്ന പത്രപ്രവര്‍ത്തകനെഴുതിയ ഈ ചരമക്കുറിപ്പ് വായിച്ച് പലരും ഖുഷ് വന്ത് സിങ്ങിന്റെ ഭാര്യക്ക് പലരും അനുശോചന സന്ദേശങ്ങളും കത്തുകളും അയച്ചു. അവരൊന്നും ആ ലേഖനം മുഴുവന്‍ വായിക്കാത്തവരായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം ചരമകുറിപ്പ് വായിക്കാന്‍ ഭാഗ്യം സിദ്ധിക്കുക അപൂര്‍വമാണ്. എന്നാലത് ഖുഷ്വന്തിനെ ചൊടിപ്പിക്കുകയോ കോപാകുലനാക്കുകയോ ചെയ്തില്ല. അദ്ദേഹം പ്രതികരിച്ചതേയില്ല. മരിച്ചവരെ പോലും വെറുതെ വിടാത്ത ആളാണദ്ദേഹമെന്നോര്‍ക്കുക. പക്ഷേ, പിന്നീട് അദ്ദേഹത്തിന് ധീരേനെ കുറിച്ചെഴുതേണ്ടിവന്നു. കാലം കാത്ത് വെച്ചതു പോലെ.

തന്റെ ചരമകുറിപ്പ് എഴുതിയാളിന്റെ അനുസ്മരണം എഴുതാന്‍ അവസരം സിദ്ധിച്ച, ഇന്ത്യയിലെ ആദ്യത്തെ പത്രപ്രവര്‍ത്തകന്‍ ഖുഷ്വന്ത് സിങായിരിക്കും.

നര്‍മം കലര്‍ത്തി ആ കുറിപ്പെഴുതിയ പത്രപ്രവര്‍ത്തകന്‍ ധീരേന്‍ ഭഗത്ത് ഒരു വാഹനാപകടത്തില്‍ മരിച്ചു. ലണ്ടനിലെ ഒബ്‌സര്‍വറിനും ബോംബെയിലെ ഇന്ത്യന്‍ പോസ്റ്റിനും വേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്ന മികച്ച പത്രപ്രവര്‍ത്തകനായിരുന്ന, അയാളുടെ പ്രായം അപ്പോള്‍ വെറും 31 വയസ് മാത്രമായിരുന്നു. ''ധീരേന്‍ ഭഗത്ത് എന്നെക്കുറിച്ച് ഒരു പരിഹാസ ചരമക്കുറിപ്പെഴുതുമ്പോള്‍ എനിക്ക് വയസ് 68. ഞാനപ്പോള്‍ പൂര്‍ണ ആരോഗ്യവാനായിരുന്നു. ഇന്ന് ധീരേനെക്കുറിച്ചൊരു ചരമക്കുറിപ്പെഴുതാന്‍ ഞാന്‍ ജീവിച്ചിരിക്കുന്നു,'' ഖുഷ്വന്ത് എഴുതി. തന്റെ ചരമകുറിപ്പ് എഴുതിയാളിന്റെ അനുസ്മരണം എഴുതാന്‍ അവസരം സിദ്ധിച്ച, ഇന്ത്യയിലെ ആദ്യത്തെ പത്രപ്രവര്‍ത്തകന്‍ ഖുഷ്വന്ത് സിങായിരിക്കും.

ചിരിയുടെ സര്‍ദാര്‍, ചിന്തയുടെയും: ഖുഷ്വന്ത് സിങ് ഓര്‍മയായിട്ട് ഒന്‍പത് വര്‍ഷം
ആശ ഭട്‌നഗര്‍, മനക്കരുത്തുകൊണ്ട് വിധിയെ പോലും തോല്‍പ്പിച്ച വനിത

ഒരു കാലത്ത് ഇന്ത്യയിലെ വിഖ്യാത പ്രസിദ്ധീകരണമായിരുന്ന ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ എഡിറ്ററായിരുന്ന ഖുഷ്വന്ത് സിങ് അമേരിക്കയിലെ റോക്ക് ഫെല്ലര്‍ ഫൗണ്ടെഷന്റെ ഫെല്ലോഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടു. വടക്കന്‍ ഇറ്റലിയിലെ കോമോ തടാകത്തിന്റെ കരയിലുളള ഫൗണ്ടഷന്റെ എസ്റ്റേറ്റില്‍ ഒരു മാസം വിശ്രമം. അനുപമ സുന്ദരമായ ആ സ്ഥലത്ത് ഒരു ദിവസമെങ്കിലും താമസിക്കാന്‍ സാധിക്കുക ജീവിതത്തിലെ സൗഭാഗ്യമാണെത്രെ. സുന്ദരമായ പ്രകൃതിഭംഗി, പൈന്‍മരങ്ങള്‍ കുടപിടിച്ച ആ നദിക്കരയില്‍ ഉലാത്താം. അല്ലെങ്കില്‍ കോഫി ഷോപ്പിലിരുന്ന് നദിയുടെ സൗന്ദര്യം ആസ്വദിക്കാം. യൂറോപ്പിലെ ഏറ്റവും പ്രകൃതി ഭംഗിയുള്ള സ്ഥലമാണിത്. സന്ദര്‍ശകനെ, പ്രത്യേകിച്ച് ഒരു എഴുത്തുകാരനെ, അനൂഭുതികളിലേക്ക് ആനയിക്കുന്ന സൗന്ദര്യമാണ് വില്ല സെര്‍ബലോനിയെന്ന ആ സ്ഥലം.

അവിടെ സാധാരണ വരുന്ന സന്ദർശകർ ക്‌ളീൻ ഷേവ് ചെയ്ത പാശ്ചാത്യരോ മുടി പറ്റെ വെട്ടിയ വെളളക്കാരോ ആയിരുന്നു. അവരുടെ സ്വപ്നങ്ങളില്‍ പോലും പ്രത്യക്ഷപ്പെടാത്ത ഈ കഥാപാത്രം ഒരു ദിവ്യൻ തന്നെയെന്ന് അവർ കരുതി.

ടെന്നീസ് കോര്‍ട്ട് ഇല്ല എന്നതായിരുന്നു ആ ഹോളിഡേ സ്‌പോട്ടിന്റെ കുറവ്. എല്ലാ ദിവസവും രണ്ട് ഗെയിം ടെന്നീസ് കളിച്ചിരുന്ന ഖുഷ്വന്തിന് അതൊരു പോരായ്മയായ് തോന്നി. പകരം നദിയില്‍ നീന്താന്‍ അദ്ദേഹം തീരുമാനിച്ചു. രാവിലെ നേരത്തെ അദ്ദേഹം നദിയില്‍ ഇറങ്ങി നീന്താന്‍ തുടങ്ങി. നീന്തല്‍ കഴിഞ്ഞ് ഇടതൂര്‍ന്ന നീളന്‍ മുടി വിടര്‍ത്തിയിട്ട് തന്റെ സമുദായത്തിന്റെ അടയാളമായ തലപ്പാവോടു കൂടി ഇളം വെയില്‍ കായും. അതിന് ശേഷം അദ്ദേഹം മറുഭാഗത്തു കൂടി നടന്ന് കുന്നു കയറും. കുറച്ചു സമയത്തിനുശേഷം അദ്ദേഹം തടാകത്തിലൂടെ ഇറങ്ങി മറുകരയിലുളള തന്റെ വില്ലയിലേക്ക് തിരികെ പോകും. പ്രതിദിനമുളള ഈ ആചാരം മറുകരയിലുളള താമസക്കാരെ ആകർഷിച്ചു. കോമോ തടാകതീരത്ത് ആടു വളർത്തുന്ന കൃഷിക്കാരും സാധാരണക്കാരും താമസിച്ചിരുന്നു. അവരുടെ നാടോടി കഥകളില്‍ പോലും ഇത്തരത്തിലുളള ഒരു കഥാപാത്രമുണ്ടായിരുന്നില്ല.

അവിടെ സാധാരണ വരുന്ന സന്ദർശകർ ക്‌ളീൻ ഷേവ് ചെയ്ത പാശ്ചാത്യരോ മുടി പറ്റെ വെട്ടിയ വെളളക്കാരോ ആയിരുന്നു. അവരുടെ സ്വപ്നങ്ങളില്‍ പോലും പ്രത്യക്ഷപ്പെടാത്ത ഈ കഥാപാത്രം ഒരു ദിവ്യൻ തന്നെയെന്ന് അവർ കരുതി. താമസം അവസാനിക്കുമ്പോഴേക്കും ആ നാട്ടില്‍ ഖുഷ്വന്ത് സിങ്ങ് ഒരു ദിവ്യന്റെ പദവിയിലേക്ക് ഉയർത്തപ്പെട്ടു കഴിഞ്ഞിരുന്നു.

ബെസ്റ്റ് സെല്ലറുകളായ അശ്ലീല നോവലുകളുടെ രചയിതാവായി ഖ്യാതി നേടിയ ഇതേ വ്യക്തിയാണ് സിഖുകാരുടെ ഏറ്റവും ആധികാരികമായ ചരിത്രം ആദ്യമായി ഇംഗ്‌ളീഷില്‍ എഴുതിയത് - ഹിസ്റ്ററി ഓഫ് സിഖ്സ് / 1953.

ആ നാടിന്റെ ചരിത്രത്തില്‍ ഖുഷ്വന്ത് സിങ് ഒരു നാഴികക്കല്ലായി. ഇന്നും ആ മനുഷ്യർ തങ്ങളുടെ കാലഗണന കണക്കാക്കുന്നത് ഈ ദിവ്യന്റെ സന്ദർശനത്തോട് ബന്ധിപ്പിച്ചാണ് . അവിടെയുള്ള വയസ്സായവർ ഇങ്ങനെ പറഞ്ഞു 'ബനഡിക്റ്റ് മരിച്ചത് ഓർക്കുന്നില്ലേ, ആ വിശുദ്ധൻ വന്നതിന്റെ നാലാം ദിവസമായിരുന്നു. 'അങ്ങനെ ഖുഷ്വന്ത് സിങ് വിശുദ്ധനുമായി. അര നൂറ്റാണ്ടുകാലം ഇന്ത്യയിലെ പത്രപ്രവർത്തനരംഗത്തും സാഹിത്യത്തിലും ഇതേ ദിവ്യപരിവേഷം ആർജിച്ച, എന്നാല്‍ വിശുദ്ധനല്ലാത്ത എഴുത്തുകാരനായിരുന്നു ഖുഷ്വന്ത് സിങ്. അദ്ദേഹമെഴുതിയത് ഇന്ത്യയിലെ 250ലധികം പ്രസിദ്ധീകരണങ്ങളില്‍, വിവിധ ഭാഷകളില്‍ വായിക്കപ്പെട്ടു. ഒരു എഴുത്തുകാരനും ലഭിക്കാത്ത അംഗീകാരം.

ബെസ്റ്റ് സെല്ലറുകളായ അശ്ലീല നോവലുകളുടെ രചയിതാവായി ഖ്യാതി നേടിയ ഇതേ വ്യക്തിയാണ് സിഖുകാരുടെ ഏറ്റവും ആധികാരികമായ ചരിത്രം ആദ്യമായി ഇംഗ്‌ളീഷില്‍ എഴുതിയത് - ഹിസ്റ്ററി ഓഫ് സിഖ്സ് / 1953.

അദ്ദേഹത്തിന്റെ നോവലുകളും കുറിപ്പുകളും അടക്കം അനേകം പുസ്തകങ്ങള്‍ 99ാം വയസ്സില്‍ അവസാന നാളുകളിലും ഏറെ വിറ്റഴിഞ്ഞിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും നിർണായകമായ രണ്ട് വഴിത്തിരിവുകളില്‍ തന്റെ നിലപാടുകളിലൂടെ ജനങ്ങളെ അദ്ദേഹം അമ്പരപ്പിച്ചിരുന്നു. 1975 ലെ അടിയന്തരാവസ്ഥയായിരുന്നു ആദ്യത്തേത്. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം എഡിറ്ററായിരുന്ന 'ഇലസ്‌ട്രേറ്റഡ് വീക്കിലി' യിലൂടെ സഞ്ജയ് ഗാന്ധിയെ ദൈവമാക്കി പ്രതിഷ്ഠിക്കാൻ നടത്തിയ ശ്രമങ്ങള്‍ ഇന്ത്യയിലെ പത്രപ്രവർത്തനത്തിലെ സുപ്രസിദ്ധമോ കുപ്രസിദ്ധമോ ആയ അധ്യായമാണ്.

സഞ്ജയ് ഗാന്ധിയുടെ ഒരു എക്‌സ്‌ക്ലൂസിവ് ഇന്റ‍ർവ്യൂ അഥവാ ഒരു അഭിമുഖവാർത്ത ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ചോദ്യവും ഉത്തരവും എഡിറ്ററായ ഖുഷ്വന്ത് തന്നെയാണ് പറയുന്നതെന്ന് ബുദ്ധിയുളള വായനക്കാരന് മനസിലാക്കാം.

അഭിമുഖത്തില്‍ ഇങ്ങനെ ചിലത് വായിക്കാം:

അടിയന്തരാവസ്ഥ കൊണ്ട് 6 മാസത്തിനിടയില്‍ എന്ത് നേട്ടമുണ്ടായി?

സഞ്ജയ് ഗാന്ധി- എന്താണ് നഷ്ടമായത്? അച്ചടക്കബോധവും, ജോലികള്‍ ത്വരിതപ്പെട്ടതുമാണ് ഏറ്റവും വലിയ നേട്ടം. സമസ്ത മേഖലകളിലും കൈവരിച്ച നേട്ടങ്ങളുടെ പട്ടിക നിരത്താൻ കഴിയും. വില കുറഞ്ഞതു മുതല്‍ ഉല്പ്പാദനം വർദ്ധിച്ചതു വരെ. ഈ പുരോഗതി ഒരു വർഷം മുന്‍പ് വരെ കാണാൻ കഴിയില്ലായിരുന്നു. എന്താണ് രാജ്യത്തിന് നഷ്ടമായത് - കളളക്കടത്ത്, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് , ബസ്സ് കത്തിക്കല്‍, ജോലിയില്‍ താമസിച്ച് വരിക.

സെൻസർഷിപ്പിനെ കുറിച്ച്?

സഞ്ജയ് ഗാന്ധി- അപഖ്യാതി പരത്തലാണ് ഇന്ന് ഇന്ത്യൻ പത്രങ്ങളുടെ ശൈലി. സെൻസർഷിപ്പ് മാത്രമാണ് ഇത് അവസാനിപ്പിക്കാനുളള പോം വഴി.

മുത്തച്ഛൻ (ജവഹര്‍ലാല്‍ നെഹ്റു) ഏതെങ്കിലും വിധത്തിൽ സ്വാധീനിച്ചിട്ടുണ്ടോ?

സഞ്ജയ് ഗാന്ധി- ഓർക്കാൻ കഴിയുന്നില്ല.

അഭിമുഖത്തിനൊപ്പം അദ്ദേഹം സഞ്ജയ് ഗാന്ധിയുടെ സുദീർഘമായ ജീവിതചരിത്രകുറിപ്പ് നൽകിയിരുന്നു.

അതിന്റെ അവസാനം തടിച്ച അക്ഷരങ്ങളില്‍ ഖുഷ്വന്ത് എഴുതി. സഞ്ജയ് ഗാന്ധിയുടെ ഉയർച്ചയില്‍ എന്തെങ്കിലും സംശയമുളളവർ ഈ ജീവിതക്കുറിപ്പ് വായിക്കുമ്പോള്‍ ശാന്തരാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ അഭിമുഖം അച്ചടിച്ച് വന്നപ്പോള്‍ വായനക്കാർ രൂക്ഷമായി പ്രതികരിച്ചു. അവരുടെ കത്തുകൾ അതേപടി പ്രസിദ്ധീകരിക്കാൻ ഖുഷ്വന്ത് തയ്യാറായി. അത് അദ്ദേഹത്തിന്റെ പത്രപ്രവർത്തനത്തിലെ ധീരതയായിരുന്നു.

ഒരു വായനക്കാരൻ എഴുതി ' ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ദിര ആന്റ് സഞ്ജയ് എന്ന് വീക്കിലിയുടെ പേര് മാറ്റുകയാണ് മാറ്റുകയാണ് 'നല്ലത്. ഏറ്റവും മികച്ച കത്തായി ഖുഷ്വന്ത് പ്രസിദ്ധീകരിച്ചത് ബോംബെയില്‍ നിന്നുളള സത്യനാരായണന്റേതായിരുന്നു. സഞ്ജയ് ഗാന്ധിയെ കുറിച്ചുളള നിങ്ങളുടെ മുഷിപ്പൻ ധർമ്മവചനങ്ങള്‍ തുടങ്ങിയതിനു ശേഷം 'വെണ്ണ' അപൂർവ വസ്തുവായിരിക്കുന്നു. അതിന്റെ വില കുതിച്ചുയരുന്നു.

ചിരിയുടെ സര്‍ദാര്‍, ചിന്തയുടെയും: ഖുഷ്വന്ത് സിങ് ഓര്‍മയായിട്ട് ഒന്‍പത് വര്‍ഷം
വിക്ടര്‍ ലീനസ്: ത്രസിപ്പിക്കുന്ന കഥ പോലെ ജീവിച്ചു മറഞ്ഞൊരാള്‍

80കളില്‍ ഇന്ത്യയെ ആകെ പിടിച്ചു കുലുക്കിയ സിഖ് തീവ്രവാദത്തിന്റെ ഉപോത്പ്പന്നമായ ഓപ്പറേഷൻ ബ്‌ളൂസ്റ്റാറിന്റെ പ്രത്യാഘാതങ്ങളിലൂടെ കടന്നു പോയതാണ് ഖുഷ്വന്തിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലം. 80 കളില്‍ പഞ്ചാബില്‍ തീവ്രവാദം കൊടുമ്പിരിക്കൊണ്ട കാലഘട്ടത്തില്‍ ഇന്ത്യയിലെ പത്രപ്രവര്‍ത്തകരടക്കമുളള എഴുത്തുകാർ ആശയക്കുഴപ്പത്തിലായപ്പോള്‍ തന്റെ ധീരമായ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ച എഴുത്തുകാരനായിരുന്നു ഖുഷ്വന്ത്. കാരണം ഭിന്ദ്രൻവാലയെന്ന ഭീകരനെ എതിർക്കാനോ പിന്തുണയ്ക്കാനോ എഴുത്തുകാര്‍ക്ക് ധൈര്യമുണ്ടായില്ല. എതിരാളികളെ നിർദാക്ഷിണ്യം കൊന്നൊടുക്കുന്ന ഭിന്ദ്രൻവാലയുടെ തീവ്രവാദം ഇന്ത്യയില്‍ അക്കാലത്ത് പുതുമയുളള ശൈലിയായിരുന്നു.

ജെർണയില്‍ സിങ്ങ് ഭിന്ദ്രന്‍വാലക്കെതിരെ പരസ്യമായി രംഗത്തു വന്ന ഖുഷ്വന്ത് സിഖ് നേതാക്കളേയും ഭിന്ദ്രൻവാലയെയും, ഭിന്ദ്രൻവാലയുടെ തീവ്രവാദത്തേയും രൂക്ഷമായി വിമർശിച്ചു. താൻ എഡിറ്റ് ചെയ്യുന്ന പത്രത്തില്‍ വിശുദ്ധൻ എന്നര്‍ഥമുള്ള സന്ത്, (ഭിന്ദ്രൻവാല ഉപയോഗിച്ച പദവി ) ഒരിക്കല്‍ പോലും അച്ചടിക്കില്ലെന്ന് നിഷ്‌കര്‍ഷിച്ചു. ഇത് ഭിന്ദ്രൻവാലയെ ചൊടിപ്പിച്ചു. ഖുഷ്വന്തിന് വധഭീഷണിയുയരുകയും സിഖ് തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റില്‍ അദ്ദേഹം സ്ഥാനം പിടിക്കുകയും ചെയ്തു.

വിദേശത്തും അദ്ദേഹത്തിന് നേരെ എതിർപ്പുണ്ടായി. ഓസ്ലോ വിമാനത്താവളത്തില്‍ എത്തിയ ഖുഷ്വന്തിനെ എതിരേറ്റത് 'രാജ്യദ്രോഹി തിരികെ പോകൂ' എന്ന പ്ലക്കാർഡായിരുന്നു.

ബ്രിട്ടിഷ് ഇന്ത്യയിലെ ഹദാലില്‍ (ഇപ്പോള്‍ പാകിസ്താനില്‍) ജനിച്ച ഖുഷ്വന്ത് നിയമം പഠിച്ച് ലാഹോറില്‍ വക്കീല്‍ പണി ചെയ്ത ശേഷമാണ് എഴുത്തിലേക്ക് തിരിഞ്ഞത്. അംഗീകരിക്കപ്പെട്ട എഴുത്തുകാരനായതിനു ശേഷം ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, ഉറുദു എന്നീ നാല് ഭാഷകളില്‍ അദ്ദേഹത്തിന് ദിനംപ്രതി മുപ്പതോളം കത്തുകള്‍ കിട്ടുമായിരുന്നു. എല്ലാത്തിനും അദ്ദേഹം മറുപടി അയക്കും. 'പാക്കിസ്ഥാനി വേശ്യയുടെ മകന്‍', 'പാകിസ്താനി ഇടനിലക്കാരന്‍' എന്നൊക്കെ വിശേഷിപ്പിക്കുന്ന കത്തുകള്‍ക്കും , അവയില്‍ വിലാസമുണ്ടെങ്കില്‍ മറുപടി അയക്കുന്ന സഹൃദയത്വം അദ്ദേഹത്തിനുണ്ടായിരുന്നു.

1984 ജൂണില്‍ സുവർണ ക്ഷേത്രത്തില്‍ പട്ടാള നടപടിയുണ്ടായതോടെ സിഖ് സമുദായം ദുരന്തങ്ങളേറ്റു വാങ്ങാൻ ആരംഭിച്ചു. ഇന്ദിരാഗാന്ധിയുടെ വധവും അതിനെ തുടർന്നുണ്ടായ സിഖ് നരവേട്ടയും ഖുഷ്വന്ത് സിങ്ങെന്ന സിഖുകാരനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. രാഷ്ട്രം തനിക്ക് സമ്മാനിച്ച പത്മഭൂഷൺ പ്രതിഷേധസൂചകമായി തിരിച്ചേല്‍പ്പി ച്ചു. അത് തിരികെ ഏല്‍പ്പിച്ചതാകട്ടെ മറ്റൊരു സിഖുകാരനും പ്രസിഡന്റുമായ ഗ്യാനി സെയില്‍ സിങ്ങിനും.

ആ കൂടിക്കാഴ്ചയെ കുറിച്ച് ഖുഷ്വന്ത് എഴുതി. അങ്ങെയറ്റം മാനസിക സമ്മർദ്ദമുണ്ടായിരുന്നു സെയില്‍ സിങ്ങിന്. സൈനികനടപടിയെ പറ്റി അദ്ദേഹം എന്നോട് പറഞ്ഞു. ''എന്റെ സമുദായം ഇതിന് ഒരിക്കലും എനിക്ക് മാപ്പ് തരില്ല. താൻ രാജീവ് ഗാന്ധിയുടെ കയ്യിൽ ഒരു റോസാപുഷ്പം നല്‍കിയപ്പോള്‍ തിരിച്ച് രാജീവ് ഗാന്ധി കല്ലെറിയുകയാണ് ചെയ്തത്,'' അതായിരുന്നു സെയില്‍ സിങ്ങിന്റെ വികാരം. സിഖ് കൂട്ടക്കൊലയെ നിഷ്‌ക്രിയമായി നേരിട്ട സർക്കാർ നടപടിയെ അദ്ദേഹം ജീവിതാവസാനം വരെ വിമർശിച്ചിരുന്നു. സിഖ് നരഹത്യക്ക് പിന്നില്‍ പ്രവർത്തിച്ച ചില കോണ്‍ഗ്രസ് നേതാക്കള്‍, എച്ച് കെ ഭഗത്, ജഗദീഷ് ടൈറ്റ്‌ലർ തുടങ്ങിയവർ സസുഖം കേന്ദ്രമന്ത്രിമാരായി വിലസുന്നത് ഖുഷ്വന്ത് സിങ്ങിന് കാണേണ്ടി വന്നു.

പത്മഭൂഷൺ തിരിച്ചു നല്‍കിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ധീരമായ നടപടിയായിരുന്നു. എന്നാല്‍ തന്റെ രാജ്യസഭാംഗത്വം രാജി വയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ആ വിമര്‍ശനത്തിനും അദേഹത്തിനു മറുപടിയുണ്ടായിരുന്നു. 'എന്റെ പ്രതിഷേധം, ഉയര്‍ത്താന്‍ ആ പദവി വേണം.'' അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ ഇന്ത്യയിലെ പ്രധാന പദവികളെല്ലാം വഹിക്കുന്നത് സിഖുകാരാണെന്ന യാഥാർത്ഥ്യം അദ്ദേഹത്തെ ആനന്ദിപ്പിച്ചു.

പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്, സൈനികത്തലവൻ ജെ ജെ സിങ്, തെരഞ്ഞടുപ്പ് കമ്മിഷണര്‍ കെ പി എസ് ഗില്‍, പ്‌ളാനിങ് കമ്മീഷൻ തലവൻ മൊണ്ടേക് സിങ് ആലുവാലിയ, എല്ലാവരും സിഖുകാര്‍. ഒടുവില്‍ ചരിത്രം സിഖുകാരോട് നീതി കാട്ടിയെന്ന് അദ്ദേഹം സമാധാനിച്ചിരിക്കാം.

ചിരിയുടെ സര്‍ദാര്‍, ചിന്തയുടെയും: ഖുഷ്വന്ത് സിങ് ഓര്‍മയായിട്ട് ഒന്‍പത് വര്‍ഷം
ഒരു മാധ്യമ പ്രവര്‍ത്തകന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

തന്റെ സമകാലീനരായ പലരേയും കുറിച്ച് ലേഖനങ്ങള്‍ അദ്ദേഹം എഴുതി. എഴുത്തിന്റെ ഭംഗിയും കഥാപാത്രത്തിന്റെ പ്രാധാന്യവും ഈ ലേഖനങ്ങളെ പ്രശസ്തമാക്കി. എന്നാല്‍ വി കെ കൃഷ്ണമേനോൻ മരിച്ച് അര നൂറ്റാണ്ടായിട്ടും അദ്ദേഹത്തെ വെറുതെ വിടാൻ ഖുഷ്വന്ത് തയ്യാറായില്ല. 1950 കളില്‍ ലണ്ടനില്‍ ഹൈക്കമ്മീഷണറോഫീസില്‍ വെച്ച് തുടങ്ങിയ ശതുത്രയായിരുന്നു അത്.

ആ കാലത്ത് തുടങ്ങിയ കൃഷ്ണമേനോനോടുള്ള വെറുപ്പ് മരണത്തിനു ശേഷവും തുടര്‍ന്നു. ഖുഷ്വന്ത് സിങ്ങിന്റെ ആത്മകഥയിലും, അവസാനമായി പുറത്തിറങ്ങിയ ദ ഗുഡ്, ബാഡ്, ആന്റ് റിഡിക്കലസ് എന്ന കൃതിയിലും മേനോൻ ഹത്യ മറക്കാതെ ആവർത്തിച്ചിരിക്കുന്നു. അവസാനത്തെ കൃതിയില്‍ കൃഷ്ണ മേനോനെ കുറിച്ചുള്ള ലേഖനം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. 'ജനറല്‍ ശിവ വര്‍മയാണ് അദ്ദേഹത്തെ (കൃഷ്ണ മേനോനെ) ഉചിതമായി വിശേഷിപ്പിച്ചത്. മേനോന്‍ ഒരു അവിവിവാഹിതനായിരുന്നു; അദേഹത്തിന്റെ പിതാവിനെപ്പോലെ!'

ഖുഷ്വന്ത് സിങ്ങിനെ രൂക്ഷമായി വിമർശിച്ചതും ഒരു മലയാളിയായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസിന്റെ ഡെപ്യൂട്ടി എഡിറ്ററും പ്രശസ്ത പത്രപ്രവർത്തകനുമായിരുന്ന സി പി രാമചന്ദ്രൻ. 'റെച്ചഡ് സർദാർ എന്നാണ് ഖുഷ്വന്തിനെ വിശേഷിപ്പിച്ചത്. മേനകാ ഗാന്ധി വഴി സഞ്ജയ് ഗാന്ധിയുടെ സദസ്സില്‍ കയറി പറ്റി, ആദ്യം ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ പദവിയും, പിന്നീട് രാജ്യസഭാംഗത്വവും നേടി. അത് നേടിയെടുത്തത് എങ്ങനെയെന്ന് സി പിക്ക് അറിയാമായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ഡല്‍ഹിയിലെ അപകടകാരികളായ, പത്രപ്രവർത്തകരുടെ ഒരു ലിസ്റ്റ് ഖുഷ്വന്ത് സിങ് സഞ്ജയ് ഗാന്ധിക്ക് നല്‍കി. അതില്‍ പേര് മുൻ കമ്യൂണിസ്റ്റായ സി പി രാമചന്ദ്രന്റെ പേരും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയിലുടനീളം സഞ്ജയ് ഗാന്ധിയുടെ പടമോ പേരോ തന്റെ പത്രത്തിലച്ചടിക്കില്ലെന്ന് നിഷ്‌കർഷിച്ച്, സ്വന്തം സെൻസർഷിപ്പ് നടപ്പിലാക്കിയ ഡല്‍ഹിയിലെ 'പാട്രിയറ്റ്' ഇംഗ്ലീഷ് ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന എടത്തട്ട നാരായണനായിരുന്നു ആ ലിസ്റ്റിലെ മറ്റൊരു മറ്റൊരു മലയാളി.

എന്നാല്‍ ഖുഷ്വന്ത് സിങ്ങിന് മികച്ച സഹൃദയൻ എന്ന സർട്ടിഫിക്കറ്റ് കൊടുത്തത് ഒരു മലയാളിയായിരുന്നു, ഒ വി വിജയന്‍. വിരോധാഭാസമെന്ന് പറയട്ടെ. അദ്ദേഹം അതെഴുതിയത് സി പി രാമചന്ദ്രന്റെ ചരമക്കുറിപ്പിലും. ഖുഷ്വന്ത് സിങ്ങ് ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപ സ്ഥാനമേറ്റപ്പോള്‍ അവിടെ പത്രപ്രവർത്തകനായിരുന്ന സി പി രാമചന്ദ്രന്‍ കുറെക്കാലമായി ഒന്നും എഴുതാതെ മൗനത്തിലായിരുന്നു.

'ഭിന്ദ്രന്‍വാലയുടെ വെല്ലുവിളി സ്വീകരിക്കാനുള്ള ഖുഷ്വന്തിന്റെ ധൈര്യം, എഡിറ്റര്‍മാര്‍ക്ക് മാത്രമല്ല സമാധാനം കാംക്ഷിക്കുന്ന ഏതൊരു പൗരനു മുന്നിലും ഒരു മാതൃകയായി നിലനില്‍ക്കും'

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പത്രാധിപരായ ഖുഷ്വന്ത് സിങ്ങ് സി പിയെ കൈകാര്യം ചെയ്ത രീതിയാണ് വിജയന്‍ എഴുതിയത്.

'ഞാന്‍ താങ്കളെ വെറുതെ വിടില്ല.'

ഖുഷ്വന്ത് സിങ്ങ് ഉല്ലാസത്തോടെ സിപി രാമചന്ദ്രനോട് പറഞ്ഞു. 'താങ്കള്‍ എഴുതാതിരുന്നു കൂടാ',

എന്ത് എഴുതണം?

എന്തുമാകാം.

കുറെ കാലത്തെ മൗനത്തിന് ശേഷം സിപി ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഒരു പംക്തി ആരംഭിച്ചു. ആര്‍ക്കും അങ്ങനെ വഴങ്ങാത്ത സിപിയെ പോലും ഉത്തേജിപ്പിക്കാനുള്ള ആ എഡിറ്ററുടെ കഴിവിനെ പറ്റി ഒ വി വിജയന്‍ പറയുന്നു.

'ഖുഷ്വന്തിന് മനുഷ്യന്റെ ആന്തര സത്തയെ അറിഞ്ഞു തൊടാനുള്ള കഴിവ് വിസ്മയാവഹമായിരുന്നു. അദേഹവുമായി അടുത്ത് പരിചയപ്പെടുമ്പോള്‍ മാത്രമെ അശ്ലീല ബെസ്റ്റ് സെല്ലറുകളുടെ ആഖ്യാതാവായ ഖുഷ്വന്തിന്റെ ഉള്ളിലെ സഹൃദയനെ നമുക്ക് മനസിലാകൂ. 'ആധുനിക ഇന്ത്യന്‍ പ്രത്രപ്രവര്‍ത്തന രംഗത്തെ ഏറ്റവും പ്രഗല്‍ഭനായ പത്രാധിപന്മാരിലൊരാളും, 'ഔട്ട് ലുക്ക്' വാരികയുടെ സ്ഥാപക പത്രാധിപരുമായ, വിനോദ് മേത്ത തന്റെ 'എഡിറ്റര്‍ അണ്‍ പ്ലഗ്ഡ്ഡ്' എന്ന പുസ്തകത്തില്‍ താനാരാധിക്കുന്ന ആറു പേരിലൊരാള്‍ ഖുഷ്വന്ത് സിങ്ങാണെന്ന് എഴുതി.

1984ല്‍ പത്മഭൂഷൺ തിരികെ നല്‍കിയ ഖുഷ്വന്തിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച 'സണ്‍ഡേ ഒബ്‌സര്‍റി'ന്റെ എഡിറ്ററായിരുന്നു അക്കാലത്ത് വിനോദ് മേത്ത. ക്ഷുഭിതനായ ഖുഷ് വന്ത് സണ്‍ഡേ ഒബ്‌സര്‍റി' ല്‍ താനെഴുതിയിരുന്ന പംക്തി അവസാനിപ്പിച്ചു. 'ഞങ്ങള്‍ തമ്മിലുള്ള പിണക്കം അധികം നീണ്ടു നിന്നില്ല' .

'ഭിന്ദ്രന്‍വാലയുടെ വെല്ലുവിളി സ്വീകരിക്കാനുള്ള ഖുഷ്വന്തിന്റെ ധൈര്യം, എഡിറ്റര്‍മാര്‍ക്ക് മാത്രമല്ല സമാധാനം കാംക്ഷിക്കുന്ന ഏതൊരു പൗരനു മുന്നിലും ഒരു മാതൃകയായി നിലനില്‍ക്കും' വിനോദ് മേത്ത താന്‍ എന്തുകൊണ്ട് ഖുഷ്വന്തിനെ ആദരിക്കുന്നു എന്ന കുറിപ്പില്‍ എഴുതി.

ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്ന മലയാള ഭാഷയില്‍ ഖുഷ്വന്ത് സിങ്ങിന്റെ കൃതികള്‍ അധികമൊന്നും പുറത്തിറങ്ങിയിട്ടില്ല എന്നത് അത്ഭുതമായി നിലനില്‍ക്കുന്നു. അശ്‌ളീല നോവലായ 'ഞാനും എന്റെ സഖിമാരും' ആണ് മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത് പുറത്തിറങ്ങിയ ആദ്യ കൃതി (The Company of Women. 1995). 'ആബ്‌സല്യൂട്ട് ഖുഷ്വന്ത് സിങ്ങ്,' ഡെത്ത് അറ്റ് മൈ ഡോര്‍ സ്റ്റെപ്പ്' എന്ന കൃതികള്‍ കൂടി മലയാളത്തില്‍ പിന്നീട് പുറത്തിറക്കി.

ഏത് അന്യഭാഷകൃതിയേയും സ്വാഗതം ചെയ്യുന്ന വായനാശീലമുളള മലയാളത്തില്‍, അദ്ദേഹത്തിന്റെ കൃതികള്‍ പരിമിതമായതിന് ഒരു കാരണം ഭീമമായ അദ്ദേഹത്തിന്റെ റോയല്‍റ്റിയായിരുന്നു.

എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ എഴുത്ത് വായനക്കാരെ ആകർഷിച്ചത്? അദ്ദേഹത്തിനേക്കാള്‍ മികച്ച പത്രപ്രവര്‍ത്തക എഴുത്തുകാർ ഇവിടെയുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ പംക്തികള്‍ വളരെ ശ്രദ്ധിക്കപ്പെട്ടു, ജനപ്രീതി നേടി. പിന്നെന്താണു കാരണം?

അതിനുത്തരം എഡിറ്ററായ ഖുഷ് വന്ത് സിങ് 'ഇല്ലസ്‌ട്രേറ്റഡ് വീക്കിലി' യെ ഇന്ത്യയിലെ എറ്റവും പ്രചാരമുള്ള വാരികയാക്കിയ കഥയിലുണ്ട്. 1969 ലാണ് ബെന്നറ്റ് കോള്‍ മാന്‍, കുടുംബപ്രസിദ്ധീകരണമായ ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ എഡിറ്ററാകുന്നത്. അക്കാലത്ത് ആ പ്രസിദ്ധീകരണം അറിയപ്പെട്ടിരുന്നത് ഒരു കുടുംബ വാരികയായിട്ടായിരുന്നു. ഇന്ത്യൻ സമൂഹത്തിലെ കുലീനമായ അന്തരീക്ഷത്തെ പരിപോഷിക്കുന്ന ലേഖനങ്ങള്‍, വിഖ്യാതരായ ചിത്രകാരന്മാരെ കുറിച്ചും അവരുടെ ചിത്രങ്ങളെ കുറിച്ചുമുളള സചിത്രലേഖനങ്ങള്‍ തുടങ്ങിയവ. ആദ്യമായി ഖുഷ്വന്ത് സിങ് ഇവയൊക്കെ വാരികയില്‍ നിന്ന് നിഷാകാസനം ചെയ്തു. പകരം എരുവും പുളിയുമുളള ചേരുവകള്‍ ചേർത്തു.

മറ്റുളള പത്രാധിപന്മാർ അധമമെന്ന് കരുതിയ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് വീക്കിലിയുടെ പേജുകളിൽ പ്രത്യക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ പംക്തികളിലും ഈ വ്യത്യസ്തത കാണാൻ തുടങ്ങി. കുരങ്ങന്മാരുടെ അടിഭാഗം എന്താണ് ചുവന്നിരിക്കുന്നത്? കടകളില്‍ നിന്ന് എങ്ങനെ സാധനം അടിച്ചുമാറ്റാം? മദ്യപാനത്തിലെ സന്തോഷം, സിനിമാ താരങ്ങളുടെ രഹസ്യകഥകള്‍, തുടങ്ങിയവ രസകരമായ ഭാഷയില്‍ പ്രത്യക്ഷപ്പെട്ടത് വായനക്കാരെ മയക്കിക്കളഞ്ഞു.

അപമാനകരമായ വിധത്തില്‍, ഖുഷ്വന്ത് സിങ് ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ പത്രാധിപസ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടു. പുതിയ പ്രധാനമന്ത്രിയായ മൊറാര്‍ജി ദേശായിക്കും അദേഹത്തിന്റെ പാര്‍ട്ടിക്കും ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ ഇപ്പോഴത്തെ പത്രാധിപര്‍ ഒരു ഇന്ദിരാ - സഞ്ജയ് ഭക്തനാണെന്നത് പൊറുക്കാനാവില്ലായിരുന്നു.

ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ ഒരു വാരിക 1 ലക്ഷം കോപ്പി അച്ചടിച്ചു. വാരികയുടെ ബൗദ്ധിക നിലവാരം ഉലഞ്ഞെങ്കിലും പ്രചാരം വര്‍ദ്ധിച്ചു. 45,000 ല്‍ നിന്ന് കോപ്പികള്‍ നാല് ലക്ഷത്തിലേക്ക് കുതിച്ചു. ഇത്രയൊക്കെയാണെങ്കിലും 1978, ല്‍ 9 വര്‍ഷത്തെ സേവനത്തിന് ശേഷം, തന്റെ സേവനകരാര്‍ പുതുക്കുന്നതിന് മൂന്ന് മാസം മുന്‍പ് അപമാനകരമായ വിധത്തില്‍, ഖുഷ്വന്ത് സിങ് ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ പത്രാധിപസ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടു. പുതിയ പ്രധാനമന്ത്രിയായ മൊറാര്‍ജി ദേശായിക്കും അദേഹത്തിന്റെ പാര്‍ട്ടിക്കും ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ ഇപ്പോഴത്തെ പത്രാധിപര്‍ ഒരു ഇന്ദിരാ - സഞ്ജയ് ഭക്തനാണെന്നത് പൊറുക്കാനാവില്ലായിരുന്നു. അതിനാല്‍ പ്രധാനമന്ത്രിക്കും ഭരണകൂടത്തിനും ഖുഷ്വന്ത് സിങ് അനഭിമതനാണെന്ന കാര്യം ഇല്ലസ്‌ട്രേറ്റഡ് വീക്കിലി കയ്യാളുന്ന കമ്പനിയായ ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥര്‍ക്ക് ബോധ്യപ്പെട്ടതായിരുന്നു കാരണം.

തന്റെ പത്രപ്രവർത്തനത്തെ കുറിച്ച് മറച്ചുവെയ്ക്കാൻ അദ്ദേഹത്തിന് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹം എഴുതി, 'ഒരിക്കലും കപട നാട്യക്കാരനാവരുത്. നാട്യമേ വേണ്ട. സത്യസന്ധനായിരിക്കുകയും, കടിച്ചാല്‍പൊട്ടാത്ത ഭാഷ ഉപയോഗിക്കാതിരിക്കുകയും വേണം. ഉപന്യാസ കർത്താവോ നോവലിസ്റ്റോ ആകട്ടെ, എഴുത്തുകാരന്റെ ഉത്തരവാദിത്വം വായനക്കാരനെ പ്രകോപിപ്പിക്കുകയോ രസിപ്പിക്കുകയോ ചെയ്യണം. അറിവ് നല്‍കുക, വായനക്കാരന് അറിയാത്തതെങ്കിലും അറിയിക്കുക എന്നതാണ് നിങ്ങളുടെ വെല്ലുവിളി. വായനക്കാരന്റെ നിലവാരത്തില്‍ താഴ്ന്നതൊന്നും പറയരുത്. അതില്‍ സമനില വേണം. നിർഭയനായിരിക്കുകയും വേണം. 'ഈ നിലപാടുകള്‍ കണ്ടിട്ടാണ് ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്ററായ ഷാം ലാല്‍ ' നിങ്ങള്‍ എരുമച്ചാണകത്തെ ഒരു കലാരൂപമാക്കി' എന്ന് ഖുഷ്വന്തി നോട് പറഞ്ഞത്. 'ഒരു മുഖസ്തുതിയായിരുന്നു എനിക്കത്', ഖുഷ്വന്ത് എഴുതി.

ഈ നൂറ്റാണ്ടില്‍ ഇന്ത്യയിലെ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരൻ എന്ന നിലയില്‍ ഖുഷ്വന്ത് സിങ് സ്മരിക്കപ്പെടും. നിങ്ങള്‍ക്ക് ഖുഷ്വന്തിനെ ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം പക്ഷേ, അവഗണിക്കാൻ സാധ്യമല്ല.

logo
The Fourth
www.thefourthnews.in