അനുകമ്പയുടെ റഫാ അതിര്‍ത്തി ഇനിയെന്നാണ് തുറക്കുക?

അനുകമ്പയുടെ റഫാ അതിര്‍ത്തി ഇനിയെന്നാണ് തുറക്കുക?

ഭക്ഷ്യധാന്യങ്ങളും മരുന്നും വെള്ളവുമായി നിറഞ്ഞ ട്രക്കുകള്‍ ഒരുവശത്ത്. ഒരു ബിസ്‌ക്കറ്റിനും ഒരു തുള്ളി വെള്ളത്തിനും യാചിച്ച് ഒഴിഞ്ഞ വയറുകള്‍ മറുവശത്ത്.

1380 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതെന്ന് കരുതുന്ന മഹാവിസ്‌ഫോടനം, അതില്‍ നിന്നുരൂപം കൊണ്ടതെന്ന് നാം നിരൂപിക്കുന്ന അതിവിശാലവും അനന്തവുമായ പ്രപഞ്ചം. ചിന്തിച്ചാലിന്നും അന്തവും കുന്തവുമില്ലാത്ത ഒന്ന്. ഭൂമിയിലാകട്ടെ, മുക്കാലും ജലം മാത്രം.

ഭൂമിയില്‍ ദൃശ്യമായ, നമുക്ക് കാണാന്‍ കഴിയുന്ന ആദ്യത്തെ ജീവി കടല്‍പഞ്ഞി (Sea sponge)ആണത്രെ. പിന്നീട് കടല്‍സസ്യങ്ങളും പവിഴപ്പുറ്റുകളും ജെല്ലി മത്സ്യവും. മത്സ്യങ്ങളില്‍നിന്ന് കനത്ത പുറന്തോടുകള്‍ ഉള്ള ജീവജാതികളിലേക്ക്.

പരിണാമത്തിന്റെ പല പല പടവുകളില്‍, ജലവാസം മടുത്ത് കരപറ്റുന്നു ചിലര്‍. ജീവബിന്ദുക്കള്‍ നടക്കാനിറങ്ങുന്നു എന്ന് ഖസാക്കില്‍ ഒ വി വിജയന്‍. അവരില്‍നിന്ന് തേരട്ടകള്‍, പഴുതാരകള്‍, ചിലന്തി, തേള്‍, പ്രാണികള്‍, പറവകള്‍.

പിന്നീട്, അതായത് 21 കോടി വര്‍ഷം മുമ്പ് പരിണാമത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയായി. നാല് കാലുകള്‍ ഉള്ള ജീവികളുടെ ഗണം(Tetrapodes) ഉണ്ടാകുന്നു.

ദിനോസറുകള്‍ക്കും ചിമ്പാന്‍സികള്‍ക്കും ശേഷം ഒടുവിലൊടുവില്‍ ചിന്തിക്കുന്ന മൃഗമായി മനുഷ്യനും.

നാം നമ്മെതന്നെ നവീകരിക്കുകയും പരിപോഷിപ്പിക്കുകയുമായിരുന്നു പിന്നെ. അകത്തെന്ത്, പുറത്തെന്ത്? ഞാനാര്? സൂര്യനും നക്ഷത്രങ്ങള്‍ക്കും സൗരയൂഥങ്ങള്‍ക്കുമപ്പുറം മറ്റെന്ത്? അന്വേഷണം തുടര്‍ന്നു, എവിടെയൊക്കെയോ എത്തി, എത്താത്ത ഇടങ്ങളാണ് ഇപ്പോഴുമേറെയും.

അനുകമ്പയുടെ റഫാ അതിര്‍ത്തി ഇനിയെന്നാണ് തുറക്കുക?
ഭക്ഷണം നൽകാതിരിക്കുന്ന യുദ്ധതന്ത്രം; ഉപരോധത്തെ ഗാസ എങ്ങനെ അതിജീവിക്കും?

ചന്ദ്രനും ചൊവ്വയും മനുഷ്യന് മുന്നില്‍ മഹാരഹസ്യങ്ങളുടെ കെട്ടഴിച്ചു. 1969ല്‍ നീല്‍ ആംസ്‌ട്രോങിനെ ചന്ദ്രനിലെത്തിച്ച അമേരിക്കക്ക് പിന്നാലെ ചാന്ദ്രദൗത്യത്തില്‍ വിജയിച്ച് ചൈനയും റഷ്യയും ഒടുവില്‍ ഇന്ത്യയും. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയായി. ജനുവരിയില്‍ അര്‍ധമനുഷ്യ റോബര്‍ട്ട് 'വ്യോമമിത്ര' ബഹിരാകാശത്തേക്ക് കുതിക്കും.

നമുക്കിപ്പോള്‍ ചുഴലിക്കാറ്റുകളുടെ ഗതിയറിയാം, സുനാമി പ്രവചിക്കാം, പ്രകൃതി ദുരന്തങ്ങളെ കുറേയൊക്കെ മുന്‍കൂട്ടികണ്ട് അവയില്‍ നിന്ന്ഒഴിഞ്ഞുമാറിയും രോഗങ്ങള്‍ക്ക് ചികിത്സ തേടിയും ആയുസ് കൂട്ടാം. ജനിതകമാറ്റം വരുത്തിയ വിളകളെ പോലെ കേട്കൂടാത്ത മനുഷ്യരെയും വേണമെങ്കില്‍ ഉത്പാദിപ്പിക്കാം. 2030കളോടെ അതും സംഭവിച്ചേക്കാം. ഒന്നാലോചിച്ച് നോക്കൂ, കൃത്രിമമായി രൂപകല്‍പ്പന ചെയ്യപ്പെട്ട കുട്ടികള്‍- Designer Babies! ശാസ്ത്രം അവരെ വിളിക്കുന്നത് GM Kids അഥവാ Genetically Modified kids.

ജനിതകമാറ്റം വരുത്തിയ അരിയും പയറും ഗോതമ്പും പോലെ കുട്ടികളും!

(മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഉണ്ണി ബാലകൃഷ്ണന്റെ പ്രായമാകുന്നില്ല ഞാന്‍ എന്ന ഗ്രന്ഥത്തില്‍ ജനിതക എഡിറ്റിംഗിനെ കുറിച്ച് വിശദീകരിക്കുണ്ട്)

അതിശയമല്ലന്നേ, അത്രയ്ക്കും വളര്‍ന്നു നമ്മള്‍.

എന്നിട്ടോ, എന്നിട്ടെന്തുണ്ടായി?

നാലുകാലില്‍ നിന്ന് രണ്ടുകാലിലേക്ക് മാറി കരയില്‍ നടത്തം തുടങ്ങിയ ആദിമ മനുഷ്യന്‍ ഹിംസ തുടങ്ങി. ആദ്യം ഭക്ഷണത്തിന് വേണ്ടി പക്ഷികളെ, മൃഗങ്ങളെ.

പിന്നെ പതുക്കെ പതുക്കെ ആധിപത്യത്തിന്, അധിനിവേശത്തിന് അപ്പുറത്താരോ, അയലത്താരോ അവരെ. ചിലപ്പോള്‍ ഒപ്പം നില്‍ക്കുന്നവരെതന്നെയും. കൊന്നും തിന്നും മനുഷ്യന്‍ ഭൂമി വാണു.

ഒരാള്‍ മറ്റൊരാളെ, ഒരു കുടുംബം മറ്റൊരു കുടുംബത്തെ, ഒരു ഗോത്രം മറ്റൊരു ഗോത്രത്തെ, ഒരു ഗ്രാമം മറ്റൊരു ഗ്രാമത്തെ, ഒരു രാജ്യം മറ്റൊരു രാജ്യത്തെ ഇല്ലാതാക്കാനും ആധിപത്യം നേടി ധനവും ധാതുസമ്പത്തും കൊള്ളയടിച്ച് കരുത്ത് കൂട്ടാനും പരസ്പരം പോരാടി. അപ്രകാരം യുദ്ധങ്ങളുണ്ടായി. ശാസ്ത്ര പുരോഗതിയെ സര്‍വനാശത്തിന് ആയുധമാക്കി. ഹിരോഷിമയിലെയും നാഗസാക്കിയിലെയും കൂട്ടക്കുരുതിക്ക് ലോകം സാക്ഷിയായി.

യുദ്ധങ്ങള്‍ എവിടെയും അവശേഷിപ്പിക്കുന്നത് വിവസ്ത്രയാക്കപ്പെട്ട സ്ത്രീകളെ. മക്കള്‍ നഷ്ടപ്പെട്ട അമ്മമാരെ.

കൃത്രിമമായി മനുഷ്യനെ വരെ ഉണ്ടാക്കാമെന്ന് തെളിയിച്ച അതേ ശാസ്ത്രം, ലക്ഷക്കണക്കിന് മനുഷ്യരെ ഒരൊറ്റ നിമിഷം കൊണ്ട് കൊന്നൊടുക്കാമെന്നും കാട്ടിത്തന്നു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ബോംബിട്ടത് 1945 ആഗസ്റ്റ് 6നും 9നും. മൂന്ന് ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. 1968ല്‍ ലോകം ആണവ നിര്‍വ്യാപന കരാര്‍ (Non-proliferation treaty-NPT) പ്രഖ്യാപിച്ചു.

അനുകമ്പയുടെ റഫാ അതിര്‍ത്തി ഇനിയെന്നാണ് തുറക്കുക?
ഒരിടവും സുരക്ഷിതമല്ലാതെ ഗാസൻ ജനത; തെക്കൻ മേഖലയിലും വ്യോമാക്രമണം നടത്തി ഇസ്രയേൽ, നടപടി ശക്തമാക്കുമെന്ന് സൈന്യം

ഇന്ന് അണ്വായുധ നിര്‍മാണം നിയമ വിധേയമല്ല, എന്നാല്‍ ആരത് പാലിക്കുന്നു?

മഹായുദ്ധങ്ങളുടെയും വംശോച്ഛാടനങ്ങളുടെയും കൂട്ടക്കുരുതികളുടെയും കഥ കൂടിയാണ് ചരിത്രം.

ഏകാധിപതികളുടെ ഗ്യാസ് ചേംബറുകളും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും കവച്ചുവെക്കാതെ, കപ്പലില്‍ കാലില്‍ ചങ്ങല ബന്ധിച്ച് കടല്‍ കടത്തവെ കൊല്ലപ്പെട്ട പതിനായിരക്കണക്കിന് അടിമകളുടെ ചോരയില്‍ ചവിട്ടാതെ മനുഷ്യ പരിണാമ മഹാചരിത്രത്തിന് ചന്ദ്രനില്‍ തൊടാനാകില്ല.

എവിടെയും കൊല്ലപ്പെട്ടത്, അനാഥരായത്, അഭയാര്‍ഥികളായി അലഞ്ഞത് നിരപരാധികള്‍, അവരിലേറെയും സ്ത്രീകള്‍, നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 2996 പേര്‍. 8 വര്‍ഷത്തിലധികം നീണ്ട അമേരിക്കന്‍ അധിനിവേശത്തില്‍ മരിച്ച് വീണത് പത്ത് ലക്ഷത്തിലേറെ ഇറാഖി പൗരന്മാര്‍. ഇന്ത്യയിലേക്കുതന്നെ നോക്കൂ, എത്രയെത്ര കലാപങ്ങള്‍, കൊല, തീവെപ്പ്, കൊള്ള. കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ അഴിഞ്ഞുലഞ്ഞ മുടിയാല്‍ മുഖം മറച്ച് വിലപിക്കുന്ന രണ്ടിടങ്ങള്‍ ഇന്ത്യയില്‍ കാണാം, ഗുജറാത്തും മണിപ്പൂരും. കലാപങ്ങള്‍, യുദ്ധങ്ങള്‍ എവിടെയും അവശേഷിപ്പിക്കുന്നത് വിവസ്ത്രയാക്കപ്പെട്ട സ്ത്രീകളെ. മക്കള്‍ നഷ്ടപ്പെട്ട അമ്മമാരെ.

ഇതാ ഒടുവില്‍, കെയ്‌റോ സമാധാന ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടിയ ആ ദുരന്ത കാഴ്ച. റഫായില്‍ 930 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും മരുന്നും വെള്ളവുമായി നിറഞ്ഞ ട്രക്കുകള്‍ ഒരുവശത്ത്. ഒരു ബിസ്‌ക്കറ്റിനും ഒരു തുള്ളി വെള്ളത്തിനും യാചിച്ച് ഒഴിഞ്ഞ വയറുകള്‍ മറുവശത്ത്.

ഗാസയില്‍ 20 ലക്ഷം ജനങ്ങള്‍, അവര്‍ക്ക് നല്‍കാന്‍ ആകെ 22,000 കുപ്പി വെള്ളം മാത്രം. ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ട 4385 പേരില്‍ 1756 പേരും കുട്ടികളെന്ന് വാര്‍ത്ത. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ മരിച്ചോ ജീവനോടെയുണ്ടോ എന്നറിയാതെ ആയിരങ്ങള്‍. ചിന്തിക്കാനാകുണ്ടോ, സ്വിഗ്ഗിയില്‍ കെഎഫ്‌സി ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത് ലോകം ടിവിയില്‍ ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കെ, തൊട്ടപ്പുറത്ത് 20 ലക്ഷം മനുഷ്യര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ, കിടപ്പാടം പോലും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുകയാണ്.

ഇനി പറയൂ, നാമെന്ത് നേടി?

പ്രപഞ്ച രഹസ്യങ്ങള്‍ക്ക് പിറകെ കുതിച്ച മനുഷ്യന്‍, മനുഷ്യനെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടുവോ?

1955 ഏപ്രില്‍ 12നുണ്ടായ ഒരു മഹാസംഭവം കൂടി പറയാം. അന്നാണ് അമേരിക്കന്‍ അണുഗവേഷണ വിദഗ്ധന്‍ ജോനാസ് എഡ്വേര്‍ഡ് സാല്‍ക്ക് പോളിയോക്കുള്ള വാക്‌സിന്‍ കണ്ടെത്തിയത്. ലക്ഷക്കണക്കിന് കുട്ടികളെ അംഗവൈകല്യമുള്ളവരാക്കി മാറ്റിയ ഒരു മഹാരോഗത്തിന് മരുന്ന് കണ്ടെത്തിയ ആ ദിനം, ജനങ്ങള്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി വീടുകള്‍ വിട്ട് തെരുവിലേക്കിറങ്ങി. കണ്ടവര്‍ കണ്ടവര്‍ പരസ്പരം കെട്ടിപ്പിടിച്ചു. അന്നുവരെ കാണാത്തവരോട് പോലും പുഞ്ചിരിച്ചു, കുശലം പറഞ്ഞു. അങ്ങനെയുമാണ് മനുഷ്യര്‍.

അനുകമ്പയുടെ റഫാ അതിര്‍ത്തി ഇനിയെന്നാണ് തുറക്കുക?
വംശീയതയുടെ ആക്രോശങ്ങൾ; ജയ് ശ്രീറാം വിളിയും പലസ്തീൻ വിരുദ്ധതയും

കോവിഡില്‍ അടച്ചിടലിന്റെ കാലത്തും അനുകമ്പയുടെ പൊതിച്ചോറ് പങ്കിട്ടവരാണ് നാം.

അതിനാല്‍, ജയിച്ച മനുഷ്യന്‍ തോറ്റുകൊണ്ടേയിരിക്കുമ്പോഴും അനുകമ്പ എന്നൊന്ന് അവിടെ തന്നെയുണ്ട്.

കാത്തിരിക്കാം,

ഇനിയെന്നാകും റഫാ അതിര്‍ത്തി വീണ്ടും തുറക്കുക?

logo
The Fourth
www.thefourthnews.in