ഭരണകൂടം വേട്ടയാടിയ  മാധ്യമ പ്രവർത്തകർ

ഭരണകൂടം വേട്ടയാടിയ  മാധ്യമ പ്രവർത്തകർ

മാധ്യമപ്രവർത്തന രീതികളോട് ഭരണകൂടത്തിനു വിയോജിപ്പുകൾ ഉള്ളപ്പോഴും കോടതിക്ക് വിധേയമായി തീർത്തും നിയമപരമായി പത്രാധിപന്മാരെ നേരിട്ട ഉദാത്ത പാരമ്പര്യമായിരുന്നു കേരളത്തിലെ പഴയ സർക്കാരുകൾക്ക് 
Updated on
8 min read

All kinds of arguments take place about the freedom of the Editor. For many years, I was chairman of the board of directors of a newspaper. I did not remember a single instance when I interfered with the freedom of my editor, when some time there was some difference of opinion between me and him, we discussed whether he accepted my viewpoint or he did not, it was left to him to do what he liked. I believed in the independence of the editor.

- Indian Prime Minister Jawaharlal Nehru during the All India Editors Conference, New Delhi, November 9, 1957.

ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്‌റ്റിങ്സിനെ അഴിമതി കുറ്റത്തിന് വിചാരണ ചെയ്തു കൊണ്ട് ഇംഗ്ലണ്ടിൽ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണിൽ ഇരുനുറു വർഷങ്ങൾക്കപ്പുറം എഡ്മണ്ട് ബർക്ക് നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിനിടയിലാണ് There sits the Fourth Estate എന്ന് പത്രക്കാരെ വിരൽ ചൂണ്ടി വിശേഷിപ്പിച്ചത്. ഭരണകൂടത്തിന്റെ തെറ്റുകളെ വിമർശിക്കാനും തിരുത്താനാവശ്യമായ നിർദേശങ്ങൾ നൽകാനും ജനാധിപത്യത്തിൽ മനഃസാക്ഷി ഉണർത്തുന്ന പത്രങ്ങളുടെ പങ്കിനെ മുൻനിർത്തിയാണ് എഡ്മണ്ട് ബർക്ക് പത്രങ്ങളെ ഇങ്ങനെ വിശേഷിപ്പിച്ചത്.

വാറൻ ഹേസ്റ്റിങ്സിന്റെ  കുറ്റാരോപണങ്ങൾ നീണ്ട ചർച്ചയ്ക്ക് പാർലമെന്റ് വിധേയമാക്കിയിരുന്നു. കുറ്റാരോപണത്തിന്റെ അടിസ്ഥാനമായി അവർ പരിഗണിച്ചത്  ഇന്ത്യയിൽ നിന്നുള്ള ഒരു പത്രത്തിൽ വന്ന ആരോപണങ്ങളും. ഇന്ത്യയിലെ ആദ്യത്തെ പത്രമായ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ൽ സ്ഥാപിച്ച 'ബംഗാൾ ഗസറ്റ്’ ആയിരുന്നു ആ പത്രം.

ഈസ്റ്റ് ഇന്ത്യ കമ്പനി അധികാരികളുടെ അഴിമതി മാത്രമല്ല ഗവർണർ ജനറലിന്റെ ദുഷ്ചെയ്തികളും പത്രത്തിൽ എഴുതാൻ തുടങ്ങിയതോടെ, ഭരണകൂടം അയാളെ വേട്ടയാടാൻ തുടങ്ങി. വാറൻ ഹേസ്റ്റിങ് കുപ്രസിദ്ധമായ ബംഗാൾ ക്ഷാമകാലത്ത് പോലും നികുതി ഇളവ് ചെയ്യാതിരുന്നതുൾപ്പടെ അയാൾക്കെതിരെയുണ്ടായ ജനരോഷം വരെ ഹിക്കി പത്രത്തിൽ എഴുതിയതോടെ മാനനഷ്ട കേസ് കൊടുത്ത് അയാളെ കുടുക്കി. പിഴ കൊടുക്കാനില്ലാത്തതിനാൽ പ്രസ് കണ്ടുകെട്ടി.,രണ്ടു വർഷം മൂന്ന് മാസം ജയിലിലും കഴിഞ്ഞു.

ബോംബെയിൽ തന്റെ പത്രവുമായി  ഭരണാധികാരികളോട് ഏറ്റുമുട്ടിയ വ്യക്തിയായിരുന്നു ഫ്രീപ്രസ് ജേർണലിന്റെ ഉടമയും സ്ഥാപക എഡിറ്ററുമായിരുന്ന എസ് സദാനന്ദ്

കേവലം രണ്ട് വർഷം മാത്രം പത്രം നടത്തി ഒരു ഗവർണർ ജനറലിനെ വിറപ്പിച്ച ജെയിംസ് അഗസ്റ്റസ് ഹിക്കിയാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ രക്തസാക്ഷിയായ ഇന്ത്യയിലെ ആദ്യത്തെ പത്രക്കാരൻ. അവിടെ തുടങ്ങുകയാണ് പത്ര സ്വാതന്ത്ര്യത്തിന്റെ പേരിൽ പത്രാധിപന്മാരും ഭരണകൂടങ്ങളും തമ്മിലുള്ള തുടരുന്ന സംഘർഷത്തിന്റെ കഥ. 

സ്വാമിനാഥ് സദാനന്ദിനെ ഓർമ്മിക്കാതെ ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യത്തെ പറ്റി പറയാനാവില്ല. മദ്രാസിൽ ജനിച്ച്, ബോംബെയിൽ തന്റെ പത്രവുമായി  ഭരണാധികാരികളോട് ഏറ്റുമുട്ടിയ വ്യക്തിയായിരുന്നു ഫ്രീപ്രസ് ജേർണലിന്റെ ഉടമയും സ്ഥാപക എഡിറ്ററുമായിരുന്ന എസ് സദാനന്ദ് . ആദ്യം ബ്രിട്ടീഷുകാരുമായും പിന്നെ ഇന്ത്യൻ ഭരണാധികാരികളുമായും പത്ര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സന്ദാനന്ദ്, ഇന്ത്യ സ്വതന്ത്രമായപ്പോൾ വാഷിംഗ്ടണിലും ലണ്ടനിലും ബ്യൂറോകളുള്ള രാജ്യാന്തര ന്യൂസ് ഏജൻസി തുടങ്ങാൻ ശ്രമിച്ച പത്രപ്രവർത്തകനായിരുന്നു. വിദേശ വാർത്താ  ഏജൻസികളെ അവരുടെ തട്ടകത്ത് പോയി നേരിടുകയെന്ന ധീരത കാണിച്ചയാൾ.

എസ് സദാനന്ദ്
എസ് സദാനന്ദ്

1932ൽ സിവിൽ ലംഘന സമയത്ത് രണ്ടുമാസം ജയിലിൽ കിടന്ന സന്ദാനന്ദ് സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയുടെ ലേഖനങ്ങൾ തന്റെ പത്രത്തിൽ  പ്രസിദ്ധീകരിച്ചതിന് ,രൂപ പിഴ ശിക്ഷ അടച്ച പത്രാധിപരായിരുന്നു. അതേ സമയം ഇന്ത്യൻ നേതാക്കളോടും എന്തിന് ഗാന്ധിജിയുടെ ചില നയങ്ങളോടും ആ കാലത്ത് തന്നെ സദാനന്ദ് തന്റെ പത്രത്തിലൂടെ വിയോജിച്ചിരുന്നു.

വട്ടമേശ സമ്മേളനത്തിലെ ഗാന്ധിജിയുടെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് 'Gandhiji, you are wrong' എന്ന് ഫ്രീ പ്രസ്സ് ജേർണലിന്റെ മുൻ പേജിൽ അച്ചടിച്ച പത്രാധിപരായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം ഇന്ത്യയുടെ പടിവാതിലെത്തിയപ്പോൾ നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിലോ പാകിസ്താനിലോ ചേരാമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഗുജറാത്തിലെ ജുനഗഡ് ഭരിച്ചിരുന്ന ഭരണാധികാരി നവാബ് പാകിസ്താനിൽ ചേരാൻ ശ്രമം നടത്തിയപ്പോൾ ഇന്ത്യൻ നാവികസേന ജുനഗഡ് ഉപരോധിച്ചു.  അതിലെ കപ്പലുകളുടെയും യൂണിറ്റുകളുടേയും വിശദ വിവരങ്ങൾ ഫ്രീപ്രസ് ജേർണൽ പ്രസിദ്ധീകരിച്ചത് ആഭ്യന്തര മന്ത്രി സർദാർ പട്ടേലിനെ ക്ഷുഭിതനാക്കി.

ഏഴ് ലക്ഷം രൂപയോളം ചിലവിട്ട് തന്റെ രാജാന്തര വാർത്താ ഏജൻസിയുടെ എല്ലാ സംവിധാനങ്ങളും പൂർത്തിയാക്കിയ സമയമായിരുന്നു അത്. ഭരണകൂടത്തിന്റെ അനുമതി കിട്ടിയാൽ മാത്രം മതിയായിരുന്നു. എന്നാൽ അതിന് ഒരിക്കലും അനുമതി കിട്ടിയില്ല. ക്രുദ്ധനായ, ഉരുക്കു മനുഷ്യൻ, പട്ടേലിന്റെ ഇടപെടൽ അത് തടഞ്ഞു. അങ്ങനെ, ഇന്ത്യൻ പത്രപ്രവർത്തന രംഗത്തിന്റെ മുഖം തന്നെ മാറ്റുമായിരുന്ന,  ഇന്ത്യൻ ഉടമസ്ഥയിലുള്ള ഒരു അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ പിറവി  ഇല്ലാതായി. സദാനന്ദിന്റെ സ്വപ്നം പൊലിഞ്ഞെന്ന് മാത്രമല്ല, തുടർന്നുണ്ടായ സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് രക്ഷപ്പെടാൻ തന്റെ ഫ്രീ പ്രസ് ജേർണൽ പത്രം കൈ മാറേണ്ടിവന്നു.

പത്ര സ്വാതന്ത്യത്തിന് വേണ്ടി ഭരണകൂടത്തോട്  പോരാടിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ  പത്രപ്രവർത്തകൻ എന്ന കീർത്തി എസ് സദാനന്ദിനാണ്

സ്വതന്ത്ര ഇന്ത്യയിൽ 1951ൽ പത്ര സ്വാതന്ത്ര്യം നിയന്ത്രിച്ചുകൊണ്ടുള്ള നിയമം പാസാക്കിയതിനെതിരെ, ‘ആവിഷ്ക്കാരസ്വാതന്ത്ര്യം ജന്മാവകാശമാണ്. ഭരണഘടന അത് പൂർണ്ണമായും  ഉറപ്പു വരുത്തും വരെ ഞങ്ങൾ വിശ്രമിക്കില്ല' എന്ന സന്ദേശം ഉൾക്കൊള്ളുന്ന മുഖപ്രസംഗം സദാനന്ദ് ഫ്രീ പ്രസ്സിൽ എഴുതിയിരുന്നു.  

പത്ര സ്വാതന്ത്യത്തിന് വേണ്ടി ഭരണകൂടത്തോട്  പോരാടിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ  പത്രപ്രവർത്തകൻ എന്ന കീർത്തി, എസ് സദാനന്ദിനാണ്. ഭരണകൂടത്തിന് വഴങ്ങാത്തതിനാൽ തന്റെ പത്രപ്രവർത്തന ജീവിതം തന്നെ ബലികൊടുക്കേണ്ടി വന്ന പത്രാധിപരായിരുന്നു അദ്ദേഹം.  

1957-ൽ രാജ്യത്തെ ഏറ്റവും വലിയ പത്രമായ ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ ദുർഗാദാസ് തന്റെ പംക്തിയായ ഇൻസാഫിലൂടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ വിമർശിച്ചത് സഹിഷ്ണുതയോടെ കാണാൻ നെഹ്റുവിന് സാധിച്ചില്ല. അക്കാലത്തെ, ഏറ്റവും പ്രശസ്തനായ പത്രപ്രവർത്തകനായിരുന്ന  ദുർഗാദാസ് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള അസോസിയേറ്റ് വാർത്താ എജൻസിയിൽ പ്രത്യേക ലേഖകനായ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു. ഇന്ത്യയിലെ മികച്ച വാർത്താ ലേഖകൻ എന്നാണ് 1950കളിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. 

ഇതേ കുറിച്ച് നെഹറുവിന്റെ സെപെഷൽ അസിസ്റ്റന്റ് ആയിരുന്ന എ ഒ മത്തായി, വിവാദമായ തന്റെ ഓർമ്മക്കുറിപ്പിൽ എഴുതി, “ദുർഗാദാസിന്റെ കോളത്തിലെ ഈ വിമർശനം വായിച്ച് അസ്വസ്ഥനായ നെഹറു ഈർഷയോടെ ചോദിച്ചു ഹിന്ദുസ്ഥാൻ ടൈംസിന്റെ ഉടമ ജി ഡി ബിർളയുടെ അഭിപ്രായങ്ങളാണോ ദുർഗാ ദാസ് പത്രത്തിലൂടെ പ്രകടമാക്കുന്നത്?” ഇതറിഞ്ഞ ജി ഡി ബിർള ദുർഗാ ദാസിനെ ശക്തമായി താക്കിത് ചെയ്തു. ഏറെ താമസിയാതെ ദുർഗാ ദാസിനെ ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ പദവിയിൽ നിന്ന് നീക്കം ചെയ്തു.

ഭരണകൂടങ്ങളിൽ നിന്നാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഭീഷണികൾ നിരന്തരം ഉയരാറുള്ളത്. ഭരണകൂടത്തോടും പത്രയുടമകളോടും ചില നിലപാടുകളിൽ ഒരേ സമയം എറ്റുമുട്ടേണ്ടി വരേണ്ടവരാണ് പത്രപ്രവർത്തകരെന്നോർക്കുക. ഇങ്ങനെ ഏറ്റുമുട്ടി ജയിച്ച പത്രപ്രവർത്തകരുടെ കഥകളൊക്കെ ഇന്ത്യൻ പത്രപ്രവർത്തക രംഗത്ത് വിരളമാണ്.

ഭരണകൂടങ്ങളുമായുള്ള ഏറ്റുമുട്ടലുകളിൽ മാധ്യമ സ്ഥാപന ഉടമ പത്രാധിപരെ പിന്തുണയ്ക്കുമോ? സാധ്യത വിരളമാണ്. അവരുടെ മറ്റ് വ്യവസായങ്ങളെ അത് ബാധിക്കുമെന്നതിനാൽ അതിനവർ തയ്യാറാവില്ല. അപൂർവ സംഭവങ്ങളും ഇല്ലാതില്ല. അതിലൊന്നാണ് സെർച്ച് ലൈറ്റ് കേസ്.

അറുപത് കൊല്ലം മുൻപ് 1963 ഡിസംബറിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി ഒരു ദിനപത്രത്തിന്റെ എഡിറ്ററെ പത്ര സ്വാതന്ത്ര്യമൊക്കെ കാറ്റിൽ പറത്തി രാജ്യരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലടച്ചു. ബിഹാറിലെ പാറ്റ്നയിൽ 'സർച്ച് ലൈറ്റ് ' ഇംഗ്ലീഷ് ദിനപത്രത്തിന്റെ എഡിറ്ററും മലയാളിയുമായ പ്രശസ്ത പത്രപ്രവർത്തകൻ ടി ജെ എസ് ജോർജിനെയാണ് അന്നത്തെ ബീഹാർ മുഖ്യമന്ത്രി കെ ബി സഹായ് തുറങ്കിലടച്ചത്. പാറ്റ്നയിൽ അക്കാലത്ത് നടന്നിരുന്ന വിദ്യാർത്ഥി സമരങ്ങളുടെ നേർ കാഴ്ച വിശദമായി സെർച്ച് ലൈറ്റ് റിപ്പോർട്ട് ചെയ്തു. ഏകാധിപതിയായ മുഖ്യമന്ത്രി സഹായ് സമരം അടിച്ചമർത്താൻ ശ്രമിച്ചു. വിദ്യാർത്ഥികൾ സമരവുമായി അക്രമാസക്തരായി തെരുവിലിറങ്ങി. പോലീസ് ലാത്തിച്ചാർജും വെടിവെപ്പും നടത്തി. ഇതെല്ലാം സെർച്ച് ലൈറ്റ് പൂർണമായി റിപ്പോർട്ട് ചെയ്തു. ബീഹാറിലെ പത്രങ്ങളിൽ അക്കാലത്ത് ഗവൺമെന്റിന്റെ വിശദീകരണം മാത്രമെ കൊടുത്തിരുന്നുള്ളൂ. ടി ജെ എസ് ഒരു പടി കൂടി കടന്ന് ഗവർണർ അനന്തശയനം അയ്യങ്കാരുടെയും വിദ്യാർത്ഥികളുടെയും സമരത്തെക്കുറിച്ചുള്ള പ്രതികരണങ്ങൾ സെർച്ച് ലൈറ്റിൽ വിശദമായി പ്രസിദ്ധീകരിച്ചു. അതോടെ പാറ്റ്നയിലെ വിദ്യഭ്യാസ രംഗത്തെ അരക്ഷിതാവസ്ഥ പുറം ലോകമറിഞ്ഞു.

കോടതിയിൽ ടി ജെഎസിന് വേണ്ടി ഹാജരായത് സാക്ഷാൽ വി കെ കൃഷ്ണ മേനോനായിരുന്നു

ക്രുദ്ധനായ സഹായ് സെർച്ച് ലൈറ്റിന്റെ ഉടമ കെ കെ ബിർളക്ക് എഡിറ്റർക്കെതിരെ പരാതി നൽകി. ബീഹാറിൽ ധാരാളം വ്യവസായ താൽപ്പര്യങ്ങളുള്ള വ്യവസായിയാണ് ബിർളയെങ്കിലും ഒന്നും സംഭവിച്ചില്ല. പ്രതിപക്ഷ കക്ഷികൾ വിദ്യാർത്ഥികളെ അനുകൂലിച്ച് ബീഹാറിൽ ഒരു ദിവസം ബന്ദ് പ്രഖ്യാപിച്ചു.

ഡോ രാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിൻതുണ നൽകിക്കൊണ്ട് ബന്ദ് ദിനത്തിൽ സെക്രട്ടറിയേറ്റ് ഉപരോധിച്ചപ്പോൾ ബന്ദ് അക്രമാസക്തമായി വെടിവെയ്പ്പുണ്ടായി. അന്ന് വൈകുന്നേരം പോലീസ് സെർച്ച് ലൈറ്റിലെത്തി എഡിറ്ററായ ടി ജെ എസ് ജോർജിനെ അറസ്റ്റ് ചെയ്ത് ബങ്കിപ്പൂർ ജയിലിട്ടു. സെർച്ച് ലൈറ്റിൽ ടി ജെ എസ്  'സൈഡ് ലൈറ്റ്' എന്നൊരു കോളം എഴുതിയിരുന്നു. പിറ്റേന്ന് അത് ഒരു ഹെഡ് ലൈൻ മാത്രം കൊടുത്തു കോളം, ശൂന്യമായി പ്രസിദ്ധീകരിച്ചു:  ഈ കോളമെഴുതുന്ന ടിജെഎസ് ജോർജ് ഡിഐആർ പ്രകാരം അറസ്റ്റിലാണ്. ജയിലിൽ അദ്ദേഹത്തിന്റെ ആദ്യ ദിവസമാണ്  ഇന്ന്'.

ഈ അറസ്റ്റ് ഇന്ത്യയൊട്ടുക്കു പ്രതിഷേധമുയർത്തി. എഡിറ്റർമാരുടെ, അഖിലേന്ത്യാ സംഘടനയും സിവിൽ ലിബർട്ടി യൂണിയനും പ്രതിഷേധവുമായി ഉടനടി രംഗത്തെത്തി. പ്രശ്നം സങ്കീർണമായതോടെ മുഖ്യമന്ത്രി കെ ബി സഹായ് റേഡിയോയിലൂടെ അറസ്റ്റിനെ ന്യായികരിച്ചു സംസാരിച്ചു. ടി ജെ എസ് ജോർജിന് വേണ്ടി പാറ്റ്നാ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. കോടതിയിൽ ടി ജെഎസിന് വേണ്ടി ഹാജരായത് സാക്ഷാൽ വി കെ കൃഷ്ണ മേനോനായിരുന്നു. ആളുകൾ തിങ്ങി നിറഞ്ഞ കോടതിയിൽ മേനോൻ പത്രപ്രവർത്തനത്തേയും പത്രപ്രവർത്തകരേയും കുറിച്ച് ഗംഭീര പ്രസംഗം നടത്തി. “ഒരു എഡിറ്ററുടെ സ്വഭാവ ഗുണം വിലമതിക്കാനാവാത്ത സ്വത്താണ്. സ്വഭാവഗുണം മാത്രമാണ് അയാൾ ലോകത്തിന് നൽകുന്നത്. പത്രപ്രവർത്തനത്തിന്റെ യഥാർത്ഥ മൂല്യം ഭയമില്ലായ്മയാണ്,” കൃഷ്ണമേനോൻ വാദിച്ചു. കോടതി എഡിറ്റർക്ക് ജാമ്യം അനുവദിച്ചു. പക്ഷെ, അപ്പോഴേക്കും അദ്ദേഹം മൂന്നാഴ്‌ച ജയിലിൽ കിടന്നു കഴിഞ്ഞിരുന്നു. 

കേസിന്റെ തുടക്കം മുതൽ പത്രമുടമയായ ബിർള പത്രാധിപരായിരുന്ന ടി ജെ എസ് ജോർജിനെ ശക്തമായി പിന്തുണച്ചുവെന്നതാണ് ഈ സംഭവത്തെ ശ്രദ്ധേയവും വ്യത്യസ്തവുമാക്കുന്നത്. ലൈസൻസ് രാജിന്റെ കാലമായിരുന്നിട്ടു പോലും ഭരണകൂടത്തിന്റെ അപ്രീതി സമ്പാദിക്കാൻ ബിർളയെപ്പോലെയൊരു വ്യവസായി തയ്യാറായത് അപൂർവമായ സംഭവങ്ങളിലൊന്നാണ്.   

എന്നാൽ കേരളത്തിലെ കാര്യം അന്നും വ്യത്യസ്തമായിരുന്നു. ഇതിലും വലിയ പ്രതിസന്ധികളിൽ മാധ്യമങ്ങൾ അന്നത്തെ സർക്കാരുകളെ കൊണ്ടെത്തിച്ചിരുന്നെങ്കിലും മാധ്യമ സ്വാതന്ത്ര്യം എന്ന വിശാല താല്പര്യം അംഗീകരിച്ചുകൊണ്ടുള്ള നടപടികൾ മാത്രമേ അധികാരികൾ കൈക്കൊണ്ടുള്ളൂ. 

ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭ നേരിട്ട  ആദ്യ പരീക്ഷണങ്ങളിലൊന്നായിരുന്നു സർക്കാരിന്റെ പ്രഥമ ബജറ്റ് തന്നെ ചോർന്നത്. ചോർന്നു എന്നതു മാത്രമല്ല, അവതരണത്തിന് മൂന്ന് നാൾ മുൻപ്  വാർത്ത പത്രത്തിൽ അച്ചടിച്ചു വരികയും ചെയ്തു. പ്രസിദ്ധീകരിച്ചതാകട്ടെ കമ്യൂണിസ്‌റ്റ്‌ പാർട്ടിയെ എതിർക്കുന്ന, ശത്രുവായ ആർ എസ് പിയുടെ ദിനപത്രമായ കൗമുദിയും. അന്നത്തെ ധനമന്ത്രി ചില്ലറക്കാരനല്ലായിരുന്നു, സി  അച്യുതമേനോൻ. 1957 ജൂൺ 8 നായിരുന്നു ബജറ്റ് നിർദ്ദേശങ്ങൾ സഭയിൽ അവതരിപ്പിച്ചത്. എന്നാൽ ജൂൺ 5 ലെ കൗമുദി പത്രത്തിൽ  ‘മൂന്ന് കോടി രൂപയുടെ കമ്മി ബജറ്റ്’ എന്ന ശീർഷകത്തിൽ ബജറ്റ് വിവരങ്ങൾ ഏതാണ്ട് പൂർണ്ണമായും അച്ചടിച്ചു വന്നു.

സഭയിൽ അത് പ്രശ്നമായി ഉന്നയിക്കും മുൻപ് അച്യുതമേനോൻ ഒരു പ്രസ്താവന നടത്തി. ക്രൈം ബ്രാഞ്ചിനെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും, അന്തസുള്ള ഒരു പത്രവും ഇത് ചെയ്യില്ലെന്നും കൗമുദി ദിനപത്രത്തിന്റെ എഡിറ്റർ കെ ബാലകൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ടെന്നും. പത്രത്തിന്റെ ബ്യൂറോ ചീഫ് ജി വേണു ഗോപാലാണ് ഗവ. പ്രസ്സിലെ ആർ എസ് പിക്കാരായ തൊഴിലാളികളുടെ സഹായത്താൽ രഹസ്യ വിവരം ചോർത്തി വാർത്തയാക്കിയതെന്നും എന്നും ധനമന്ത്രി സഭയെ അറിയിച്ചു.

പിന്നീ ട് കേസിൽ കോടതി ബാലകൃഷ്ണനും വേണുഗോപാലിനും 100 രൂപ പിഴ ശിക്ഷ വിധിച്ചു. കോടതി വഴി നിയമപരമായി നീങ്ങുകയല്ലാതെ പോലീസിനെ ഇറക്കി ശല്യക്കാരനായ പത്രാധിപരെ പിടിപ്പിക്കാനുള്ള പണി  ഇഎംഎസ് ചെയ്തില്ല. പത്രം ഓഫീസിൽ ഒരു റെയ്‌ഡ്‌ പോലും ആ പേരിൽ നടന്നില്ലെന്ന് ഓർക്കുമ്പോഴാണ് തന്റെ പിൻഗാമികളായ ഇന്നത്തെ മാർക്സിസ്റ്റ് നേതാക്കളും ഇഎംഎസും തമ്മിലുള്ള വ്യത്യാസം മനസിലാകുന്നത്. അനുഭവ സമ്പത്തുള്ള  പക്വതയുള്ള മന്ത്രിമാരും അവരെ സഹായിക്കാൻ അവരെക്കാൾ പ്രഗത്ഭരായ പാർട്ടി നേതാക്കളും ഉണ്ടായിരുന്ന കാലമായിരുന്നു അത്.  അന്ന് കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. ഐക്യ കേരളത്തിൽ ഒരു ദിനപത്രം റിപ്പോർട്ട് ചെയ്ത  ആദ്യ വമ്പൻ രാഷ്ട്രീയ സ്കൂപ് ഈ ബജറ്റ് ചോർച്ചയായിരുന്നു.

കേരള സംസ്ഥാനത്തിന്റെ  നാലാമത്തെ നിയമസഭയിലെ ഹാജരായ എല്ലാ അംഗങ്ങളും ആകാംക്ഷയോടെ നോക്കി നിൽക്കെ ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദം മുഴങ്ങി

കേരളത്തിലെ മാദ്ധ്യമ രംഗത്തെ ശ്രദ്ധേയമായ മറ്റൊരു സംഭവമാണ് ഒരു  പത്രാധിപരെ നിയമ സഭയിൽ വിളിച്ചു വരുത്തി താക്കീതു നൽകിയത്. 1971 ലെ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധകാലത്താണ് സംഭവം. പ്രകോപനമില്ലാതെ ഇന്ത്യയെ ആക്രമിച്ച പാക്കിസ്ഥാനെ അപലപിക്കുന്ന പ്രമേയത്തിന് നിയമസഭാ സ്പീക്കർ കെ മൊയ്തീൻ കുട്ടി അവതരണാനുമതി നിഷേധിച്ചു. ദേശീയ പ്രശ്നമായതിനാൽ, ഇത് നിയമസഭയല്ല, പാർലമെന്റാണ് കൈകാര്യം ചെയ്യണ്ടതെന്നായിരുന്നു സ്പീക്കറുടെ വാദം.

അടുത്ത ദിവസം തനിനിറം ദിനപത്രത്തിൽ ഇതിനെ നിശിതമായി വിമർശിച്ചുകൊണ്ട് ഒരു മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടു. “അനിവാര്യമായ പ്രസ്തുത പ്രമേയത്തെ, തള്ളിക്കളഞ്ഞത് പ്രതിപക്ഷം കൊണ്ടുവന്നതു കൊണ്ടാണെന്നും, സ്പീക്കർ ഒരു ദേശവിരുദ്ധനാണെന്നും അദ്ദേഹത്തെ തലമുണ്ഡനം ചെയ്ത് പട്ടി കോലം വരച്ച് പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്നും” പറഞ്ഞ ആ മുഖപ്രസംഗം അടിമുടി പ്രകോപനപരമായിരുന്നു. ഇത് നിയമ സഭക്കകത്തും പുറത്തും കോളിളക്കമുണ്ടാക്കി. നിയമസഭാ സ്പീക്കർ ഇത് ഗൗരവമായി തന്നെ, പരിഗണിച്ചു. സഭയുടെ പ്രിവിലേജ് കമ്മറ്റി ഈ വിഷയം പരിശോധിച്ചു. ഇഎംഎസും കെ എം ജോർജുമൊക്കെയായിരുന്നു അംഗങ്ങൾ.

മുഖപ്രസംഗത്തിൽ വ്യക്തമായ അവകാശ ലംഘനം കണ്ടെത്താത്ത പ്രിവിലേജ് കമ്മറ്റി വിശദീകരണം രേഖാമൂലം ആവശ്യപ്പെടുകയും മാപ്പ് എഴുതി തന്നാൽ പ്രശ്നം തീരുമെന്നറിയിച്ചു. പക്ഷേ, തനിനിറം പത്രാധിപർ കൃഷ്ണൻ നായർ തയ്യാറായില്ല. നിയമസഭയിൽ എഡിറ്ററെ നേരിട്ട് വിളിച്ചു വരുത്തി പരസ്യമായി  ശാസിക്കാൻ കമ്മറ്റി തീരുമാനമെടുത്തു. നോട്ടീസ് കിട്ടിയ കൃഷ്ണൻ നായർ സഭാ മന്ദിരത്തിൽ ഹാജരായി. കൃത്യമായി പറഞ്ഞാൽ 1972 ഒക്ടോബർ 31ന്. കേരളത്തിന്റെ പത്രപ്രവർത്തന ചരിത്രത്തിൽ ഒരു ദിനപത്രത്തിന്റെ പത്രാധിപരെ വിളിച്ചു വരുത്തി താക്കീത് നൽകുന്നതിന് സാക്ഷിയാകാൻ മുഖ്യമന്ത്രി അച്യുതമേനോനടക്കം  ഒരു ഡസൻ മന്ത്രിമാരെങ്കിലും സഭയിലുണ്ടായിരുന്നു.

സ്പീക്കർ ഉൾപ്പെട്ട സംഭവമായതിനാൽ ഡെപ്യൂട്ടി സ്പീക്കർ ആർ എസ് ഉണ്ണിയായിരുന്നു സഭ നിയന്ത്രിച്ചത്. സ്പീക്കറുടെ ചേമ്പറിന് താഴെ ലെജിസ്ലേറ്റീവ് ഉദ്യോഗസ്ഥരുടെ മുൻപിലായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത്  കൃഷ്ണൻ നായർ നിന്നു.

കേരള സംസ്ഥാനത്തിന്റെ  നാലാമത്തെ നിയമസഭയിലെ ഹാജരായ എല്ലാ അംഗങ്ങളും ആകാംക്ഷയോടെ നോക്കി നിൽക്കെ ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദം മുഴങ്ങി. “ജനാധിപത്യത്തിന്റെ പരമോന്നത വേദിയായ നിയമസഭയുടെ അവകാശങ്ങളെ മുഖപ്രസംഗത്തിലൂടെ ലംഘിച്ചതിനും ആക്ഷേപിച്ചതിനും സഭ ഗൗരവപൂർവ്വം താക്കീത് ചെയ്യുന്നു.” ഹ്രസ്വമായ ശാസന പത്രം  വായിച്ചതിനു ശേഷം പോകാൻ അനുമതി നൽകി.

ഒന്നും മിണ്ടാതെ തനി നിറം പത്രാധിപർ കലാനിലയം കൃഷ്ണൻ നായർ സഭ വിട്ടു പോയി. ഇന്നത്തെ സാഹചര്യത്തിൽ ചിന്തിക്കാൻ പോലും സാധ്യമല്ലാത്ത വിധം മാന്യവും ഉന്നതവുമായ ഒരു ജനാധിപത്യ മാതൃകയായിരുന്നു അന്ന് കേരളം കണ്ടത്.

ഭരണകൂടം വേട്ടയാടിയ  മാധ്യമ പ്രവർത്തകർ
നമുക്ക് ജാതിയില്ല; പക്ഷേ, മലയാള സിനിമയ്ക്കുണ്ട്

ജീവനുള്ള മുള്ളൻപന്നിയെ കുറിച്ചുള്ളത് സാധാരണ വാർത്തയാണ്. എന്നാൽ ചത്ത മുള്ളൻപന്നിയെ കുറിച്ചുള്ള വാർത്ത അസാധാരണമാകുമെന്നും അത് എഴുതുന്നത് പത്ര സ്വാതന്ത്ര്യമല്ലെന്ന് തിരിച്ചറിവുണ്ടായ ഒരു സംഭവം നാൽപ്പത് വർഷം മുൻപ് കേരളത്തിലുണ്ടായി. പ്രശസ്ത പത്രപ്രവർത്തകനും യശശരീരനുമായ, കെ ജയചന്ദ്രനാണ് ഈ സംഭവത്തിലെ കഥാപാത്രം.  ഏഷ്യാനെറ്റിൽ പ്രവർത്തിച്ചിരുന്ന ജയചന്ദ്രൻ അതിനുമുൻപ് മാതൃഭൂമിയിൽ പത്രപ്രവർത്തകൻ ആയിരുന്നു.  80 കളിൽ മാതൃഭൂമിയുടെ  വയനാട് ലേഖകനായിട്ടാണ് അദ്ദേഹം പത്രപ്രവർത്തനമാരംഭിച്ചത്.  

1984 ൽ ജൂലൈ 2 ന്  വയനാട്ടിലെ ,ചൂരൽ മലയിൽ ഉരുൾപ്പൊട്ടലുണ്ടായി. 14 പേരുടെ ജീവനെടുത്ത ഈ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനെത്തിയ നാട്ടുകാർ മറ്റൊരു ദുരന്ത കാഴ്ച കണ്ടു. മൃതശരീരങ്ങൾ തിരയുന്നതിനിടക്ക് പോലീസിന്റെ നിർദ്ദേശപ്രകാരം അവിടെ കണ്ട ഒരു മുള്ളൻ പന്നിയുടെ ജഡം വൃത്തിയാക്കി പോലിസ് ജീപ്പിലേക്ക് കയറ്റി. ഒരു പോലീസുകാരൻ അവരോട് പറഞ്ഞു വത്രെ, സർക്കിൾ ഇൻസെപെക്ടർ കാട്ടിറച്ചി തിന്നിട്ട് ഒരു പാട് കാലമായെന്ന്.

സംഭവത്തിന് ദൃക്‌സാക്ഷിയായ ജയചന്ദ്രൻ ഇത് വാർത്തയാക്കി. പിറ്റേ ദിവസത്തെ മാതൃഭൂമി ദിനപത്രത്തിൽ പടം സഹിതം വാർത്ത വന്നു.  ‘ദുരന്തത്തിനിടയിലും അവരുടെ നോട്ടം പന്നിയിറച്ചിയിൽ’ എന്നായിരുന്നു തലക്കെട്ട്. "ഉരുൾപൊട്ടൽ ദുരന്തമുണ്ടായിരുന്ന സ്ഥലത്ത് സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ ഒരു കാഴ്ച കണ്ട് മൂക്കത്ത് വിരൽ വെച്ചു പോയി. തിരച്ചിലിനിടയിൽ കിട്ടിയ ഒരു മുള്ളൻപന്നിയുടെ ജഡത്തെ, പോലീസ് ആവശ്യപ്പെടുന്നു. മകൻ നഷ്ടപ്പെട്ട , അമ്മയും അച്ഛനും തൊട്ടടുത്ത ദുരന്തം വിതച്ച മണ്ണിലേക്ക് നോക്കി നെടു വീർപ്പിടുകയാണ്,” എന്ന് തുടങ്ങുന്ന റിപ്പോർട്ട് ജയചന്ദ്രൻ അവസാനിപ്പിച്ചത് ഇങ്ങനെ: "15 കിലോ തൂക്കം വരുന്ന മുള്ളൻ പന്നി ഒരു ദിവസത്തെ പഴക്കം കൊണ്ടായിരിക്കാം, ദുഷിച്ച് നാറി തുടങ്ങിയിരുന്നു. അത് മാത്രമല്ല. ചരൽ കൂമ്പാരങ്ങളിൽപെട്ട് മാംസമെല്ലാം ഉരിഞ്ഞ നിലയിലായിരുന്നു."

പോലിസ് സ്റ്റേഷനിൽ പത്രപ്രവർത്തകനെന്ന ഒരു പരിഗണനയും നൽകാതെ, കൊലക്കേസ് പുള്ളിയെ കൈ കാര്യം ചെയ്ത പോലെയാണ് ജയചന്ദ്രനോട് പോലീസ് പെരുമാറിയത്.

നിയമപാലകരുടെ നികൃഷ്ടമായ ഈ നടപടിയിൽ  പൊതുജനങ്ങളും , സംഘടനകളും പോലീനെതിരെ  വിമർശനങ്ങളുമായി രംഗത്തെത്തി. പത്രങ്ങളിലും മാസികകളിലും ഇതൊരു പ്രധാന വാർത്തയായി. അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ജയചന്ദ്രനോട് ഈ മുള്ളൻപന്നി സംഭവം കള്ളമാണെന്ന് തിരുത്ത് കൊടുക്കാൻ അവശ്യപ്പെട്ടു. പക്ഷേ, ജയചന്ദ്രൻ വഴങ്ങിയില്ല. സംഭവം വിവാദമായതോടെ പോലീസിന് നാണക്കേടുണ്ടാക്കിയ  വാർത്തയിൽ  പരാമർശിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണമുണ്ടായി.

വയനാടിന്റെ ചരിത്രത്തിലാദ്യമായി ഒരു പത്ര ലേഖകന്, ജയചന്ദ്രന്, വയനാടുകാർ സ്വീകരണം നൽകി. അതോടെ  ജയചന്ദ്രൻ പോലീസിന്റെ നോട്ടപ്പുള്ളിയായി. ഒരു മാസത്തിന് ശേഷം, 1984 സെപ്റ്റംമ്പർ 6 ന് , ഓണത്തിന്റെ തലേനാൾ വെളുപ്പിന് കൽപ്പറ്റയിലുള്ള വീട്ടിൽ നിന്ന് രഹസ്യമായി ജയചന്ദ്രനെ അറസ്റ്റ് ചെയ്തു. ഗൂഢമായി പോലീസ് സേന ആസൂത്രണം ചെയ്ത പരിപാടിയായിരുന്നു അത്. തിരുവോണമായതിനാൽ  അവധി കാരണം പത്ര പ്രവർത്തകർ ആരും സഹായത്തിനെത്തുകയില്ലെന്ന കണക്കുകൂട്ടലായിരുന്നു പോലീസിന്റെത്. കോടതിയും അവധിയായതിനാൽ, മൂന്ന് ദിവസം ലോക്കപ്പിലിടാമെന്ന ദുഷ്ടലാക്കായിരുന്നു അവരുടേത്.

പക്ഷേ, അവരുടെ കണക്കുകൂട്ടലിൽ പിശകുപറ്റി. ജയചന്ദ്രന്റെ കൂടെ ഒരാൾ ഉണ്ടായിരുന്നു. അടുത്തെങ്ങോ ഉള്ള ആദിവാസി യുവാവാണെന്ന് കരുതി അയാളെ പോലീസ് അവിടെ വിട്ടുപോയി.

പക്ഷെ, അയാൾ ഒരു പത്രപ്രവർത്തകനായിരുന്നു. അപകടം മനസിലാക്കിയ അയാൾ ഉടനടി ഈ വാർത്ത എല്ലാവരേയും അറിയിച്ചു. മുണ്ടക്കെ എസ്റ്റേറ്റിലെ അബു എന്നൊരു തൊഴിലാളിയുടെ പരാതിയിലാണ് പോലീസ് ഈ കള്ളക്കേസ് എടുത്തത്. ഉടനടി മാതൃഭൂമിയുടെ ഉടമകൾ ഉൾപ്പടെ, ഉന്നതർ ഇടപ്പെട്ടതിനാൽ ജയചന്ദ്രന് മോചനം ലഭിച്ചു.

പോലിസ് സ്റ്റേഷനിൽ പത്രപ്രവർത്തകനെന്ന ഒരു പരിഗണനയും നൽകാതെ, കൊലക്കേസ് പുള്ളിയെ കൈ കാര്യം ചെയ്ത പോലെയാണ് ജയചന്ദ്രനോട് പോലീസ് പെരുമാറിയത്. “പോലീസ് അക്രമങ്ങൾ വാർത്തകളാക്കാനുള്ളതല്ല. അനുഭവിക്കാനുള്ളതാണ്,” അറസ്റ്റ് ചെയ്ത സബ് ഇൻസ്പെക്ടർ ജയചന്ദ്രനോട് പറഞ്ഞു. വയനാട് എസ് പി നേരിട്ട് വന്ന് ജാമ്യം അനുവദിച്ചിട്ടും പുലരും വരെ ജയചന്ദ്രനെ സ്റ്റേഷനിൽ നിറുത്തി. ഇരിക്കാൻ ഒരു കസേര പോലും അയാൾക്ക് നൽകിയില്ല.

ഈ പോലീസ് കിഡ്നാപ്പ് കൂടെയുള്ള പത്രപ്രവർത്തകന് ലോകത്തെ അറിയിക്കാൻ പറ്റിയാൽ മാത്രമായിരുന്നു ജയചന്ദ്രൻ പരുക്കില്ലാതെ രക്ഷപ്പെട്ടത്.

ഏതാണ്ട് , കാൽ നൂറ്റാണ്ട് മുൻപ് മലയാളത്തിലിറങ്ങിയ  'പത്രം' എന്ന ഹിറ്റ് ചിത്രത്തിൽ ഒരു പത്രം ഓഫീസിൽ നിന്ന് എഡിറ്ററെ അറസ്റ്റ് ചെയ്ത്  കൊണ്ട് പോകുമ്പോൾ ക്രൂരമായി പോലീസ് മർദിക്കുന്ന ഒരു രംഗമുണ്ട്. ഒരു പത്രപ്രവർത്തകൻ കൂടിയായ രഞ്ജി പണിക്കരെഴുതിയ ആ ചിത്രത്തിലെ രംഗം അന്ന് കണ്ടപ്പോൾ അസംബന്ധം എന്നാണ് തോന്നിയത്. പക്ഷേ, ഇപ്പോഴത്തെ പത്രപ്രവർത്തകരെ ഭരണകൂടം കൈകാര്യം ചെയ്യുന്ന രീതികൾ  കാണുമ്പോൾ അതും അതിനപ്പുറവും  ഏറെ താമസിയാതെ  കേരളത്തിലും യാഥാർത്ഥ്യമായേക്കാമെന്ന് തോന്നുന്നു.