ലോക്പാൽ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ജ. ഖാന്‍വില്‍ക്കറുടെ നിയമനവും അദ്ദേഹത്തിന്റെ വിധിന്യായങ്ങളും

ലോക്പാൽ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ജ. ഖാന്‍വില്‍ക്കറുടെ നിയമനവും അദ്ദേഹത്തിന്റെ വിധിന്യായങ്ങളും

ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ വിധികള്‍ പലതും ഭരണകൂടത്തെ സഹായിക്കുന്നതായിരുന്നു. ലോക്പാൽ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിൻ്റെ നിയമനത്തെ വിധികളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുകയാണ് ലേഖകന്‍

രണ്ടുവര്‍ഷമായി ഒഴിഞ്ഞുകിടന്ന ലോക്പാല്‍ ചെയര്‍മാന്‍ പദവിയിലേക്ക്, വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറെ നിയമിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നു. ആരെയും അത്ഭുതപ്പെടുത്താത്ത ഒരു നിയമനമാണിത്. അര്‍ഹതയ്ക്ക് ലഭിച്ച അംഗീകാരം. സുപ്രീംകോടതി ജഡ്ജിയായിരുന്ന കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വിധിന്യായങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജ. ദീപക് മിശ്ര, ജ. രഞ്ജന്‍ ഗൊഗോയ്, ജ. എസ് എ ബോബ്‌ഡെ, ജ. അരുണ്‍ മിശ്ര എന്നിവര്‍ക്ക് ശേഷം ഭരണകൂടത്തിന് പ്രിയങ്കരമായ നിയമ വ്യാഖ്യാനങ്ങളിലൂടെയും നിലപാടുകളിലൂടെയും ശ്രദ്ധേയനായ ന്യായാധിപനാണ് അദ്ദേഹം. ആധാര്‍ കേസ് മുതല്‍ ഗുജറാത്ത് കലാപ കേസ് വരെ വളരെ പ്രധാനപ്പെട്ട നിരവധി കേസുകളില്‍ വിധി എഴുതിയിട്ടുണ്ട് ഇദ്ദേഹം. നമുക്കൊന്ന് പരിശോധിക്കാം.

ആധാര്‍; എക്‌സിക്യൂട്ടീവിന് വേണ്ടി ഒരു വിധിന്യായം.

ലോകചരിത്രത്തില്‍ ആദ്യമായി ഒരു വാട്സ്ആപ് മെസേജില്‍ നിന്നും ആരംഭിക്കുന്ന സുപ്രീംകോടതി വിധി ആധാര്‍ കേസിലേതായിരിക്കും. ജസ്റ്റിസ് ഖാന്‍വില്‍കര്‍ എഴുതിയ ഭൂരിപക്ഷ വിധി ആരംഭിക്കുന്നത് ഒരു മനുഷ്യന്റെ വിരലടയാളമാണ് അയാളുടെ വ്യതിരിക്തതയെ നിര്‍വചിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ്. ശേഷിക്കുന്ന ഭാഗം മുഴുവന്‍ ആധാര്‍ പദ്ധതിയെ ഏതുവിധേനയും സംരക്ഷിച്ചെടുക്കാനായി എഴുതിയതാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നു.

പദ്ധതിക്ക് ബദലുകള്‍-സ്മാര്‍ട്ട് കാര്‍ഡുകളും, വിതരണശൃംഖലകളുടെ പരിഷ്‌കരണവുമെല്ലാം- ഹര്‍ജിക്കാര്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നുവെന്നും ഓപ്പണ്‍ കോര്‍ട്ടില്‍ വാദിക്കുകയും ചെയ്തിരുന്നുവെന്നതുമാണ്. ഇതുപോലെ നിരവധി തെറ്റുകള്‍ ആധാര്‍ വിധിയില്‍ ചൂണ്ടിക്കാണിക്കാനാകും. ഇക്കാര്യങ്ങളെല്ലാം ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡിന്റെ വിയോജന വിധിന്യായം ചര്‍ച്ചചെയ്യുന്നുണ്ട്.
ലോക്പാൽ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ജ. ഖാന്‍വില്‍ക്കറുടെ നിയമനവും അദ്ദേഹത്തിന്റെ വിധിന്യായങ്ങളും
ഹിജാബ് നിരോധനം -'സ്ഥാപിതമായ അനീതികള്‍ക്ക് അംഗീകാരം നല്‍കുന്ന നീതിന്യായം'

വിധിയില്‍ ഏറ്റവും ആശ്ചര്യകരമായ കാര്യം ആധാര്‍ നിയമം ഒരു ധനബില്‍ ആയി പാസ് ആക്കിയ നടപടിയെ സുപ്രീംകോടതി അംഗീകരിച്ചു എന്നതാണ്. ഇവിടെ തര്‍ക്കം ആധാര്‍ മൗലികാവകാശങ്ങളെ ലംഘിക്കുന്നുണ്ടോ എന്നതായിരുന്നില്ല, മറിച്ച് ഭരണഘടനയുടെ 110-ാം അനുച്ഛേദപ്രകാരം ആധാര്‍ ബില്ലിനെ ഒരു ധനബില്‍ ആയി സാക്ഷ്യപ്പെടുത്തിയ സ്പീക്കറുടെ നടപടി മാത്രമാണ് ചോദ്യം ചെയ്യപ്പെട്ടത്. സാധാരണഗതിയില്‍ ഒരു ബില്ല് നിയമമാകുന്നതിന് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ സഞ്ചിതനിധിയില്‍ നിന്നുള്ള ധനവിനിയോഗത്തെ മാത്രം സംബന്ധിച്ചുള്ള നിയമങ്ങള്‍ക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല.

ജസ്റ്റിസ് ഖാൻവിൽകര്‍
ജസ്റ്റിസ് ഖാൻവിൽകര്‍
വിചാരണക്കോടതിവിധി റദ്ദുചെയ്ത്, വതാലിക്ക് ജാമ്യവും അനുവദിച്ചു ഹൈക്കോടതി. യുഎപിഎ എന്ന കിരാതനിയമത്തില്‍, സാമാന്യനീതിയുടെ അംശം വിളക്കിച്ചേര്‍ത്ത മികച്ചൊരു വിധിയായിരുന്നു അത്. എന്നാല്‍ സുപ്രീംകോടതി ആ വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി നിലപാട് ''അനുചിത'മെന്നു പ്രസ്താവിച്ചു. ''ജാമ്യാപേക്ഷയുടെ ഘട്ടത്തില്‍, പോലീസ് നല്‍കിയ തെളിവുകള്‍ കോടതി വിലയിരുത്തേണ്ടതില്ല, അന്വേഷണസംഘം സമര്‍പ്പിച്ച രേഖകള്‍ എല്ലാം പരിശോധിക്കുമ്പോള്‍, അതിന്റെ സമഗ്രതയില്‍ പ്രഥമദൃഷ്ട്യാ ഒരു കേസുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി'', ജസ്റ്റിസ് ഖാന്‍വില്‍കര്‍ എഴുതി.

ആധാര്‍ ബില്ല്, പ്രത്യക്ഷത്തില്‍ തന്നെ ധനബില്‍ അല്ല. ഒരു തിരിച്ചറിയല്‍ പദ്ധതിക്ക് നിയമ സാധുത നല്‍കുന്നതിനു വേണ്ടി അവതരിപ്പിക്കപ്പെട്ടതാണ്. പക്ഷേ, ധനബില്ലായി ഒരു ബില്ല് സാക്ഷ്യപ്പെടുത്തുന്ന സ്പീക്കറുടെ നടപടി കോടതിക്ക് പരിശോധിക്കാനാകുമെന്നു വിധിച്ചെങ്കിലും, ആധാര്‍ ബില്ല് ധനബില്‍ ആയിരുന്നോ എന്നു പരിശോധിക്കുന്നതിന് മുന്നേ തന്നെ, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന വകുപ്പ് ഉള്‍പ്പടെ 'പ്രശ്‌നക്കാരായ' ഭാഗങ്ങള്‍ ആദ്യമേ റദ്ദു ചെയ്തതിനു ശേഷം, ശിഷ്ടഭാഗത്തെ ധനബില്‍ ആണെന്ന് വ്യാഖ്യാനിക്കുകയായിരുന്നു കോടതി ചെയ്തത്. നീതിന്യായയുക്തിയെ തലതിരിച്ചു നിര്‍ത്തുന്ന പ്രവര്‍ത്തിയായി അത്.

സ്വകാര്യതയും സര്‍വെയിലന്‍സും അനുബന്ധ പ്രശ്‌നങ്ങളുമെല്ലാം പരിശോധിക്കുമ്പോഴും ഇതുപോലെയുള്ള വസ്തുതാപരമായ പിശകുകള്‍ വിധിയിലുടനീളം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഒരു ഘട്ടത്തില്‍ ഹര്‍ജിക്കാര്‍ പോലും ആധാറിന്റെ വിവര ശേഖരണത്തെ എതിര്‍ക്കുന്നില്ല, വിവരസഞ്ചയത്തിന്റെ സുരക്ഷയും ഉപയോഗവും സംബന്ധിച്ചു മാത്രമാണ് ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ എന്ന് പറയുന്നു. ഈ പ്രസ്താവന വസ്തുതാപരമല്ല. മറ്റൊരു കാര്യം ആധാറിന് പകരം വയ്ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല എന്ന വാദമാണ്. രണ്ടു കാര്യങ്ങളാണ് ഇതിലുള്ളത് ഒന്ന്, ബദല്‍ മാര്‍ഗങ്ങള്‍ ഇല്ല എന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനോ അതോ ഹര്‍ജി ക്കാര്‍ക്കോ എന്നതാണ്. രണ്ട്, പദ്ധതിക്ക് ബദലുകള്‍-സ്മാര്‍ട്ട് കാര്‍ഡുകളും, വിതരണശൃംഖലകളുടെ പരിഷ്‌കരണവുമെല്ലാം- ഹര്‍ജിക്കാര്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നുവെന്നും ഓപ്പണ്‍ കോര്‍ട്ടില്‍ വാദിക്കുകയും ചെയ്തിരുന്നുവെന്നതുമാണ്. ഇതുപോലെ നിരവധി തെറ്റുകള്‍ ആധാര്‍ വിധിയില്‍ ചൂണ്ടിക്കാണിക്കാനാകും. ഇക്കാര്യങ്ങളെല്ലാം ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡിന്റെ വിയോജന വിധിന്യായം ചര്‍ച്ചചെയ്യുന്നുണ്ട്.

ലോക്പാൽ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ജ. ഖാന്‍വില്‍ക്കറുടെ നിയമനവും അദ്ദേഹത്തിന്റെ വിധിന്യായങ്ങളും
ലോഹ്യ മുതല്‍ നിതീഷ്കുമാര്‍ വരെ; സോഷ്യലിസ്റ്റ് അടുക്കളയില്‍ ഫാസിസത്തിന് കഞ്ഞിവെച്ചവര്‍

ആധാര്‍ കേസിലെ ധനബില്‍ സംബന്ധിച്ച നിരീക്ഷണത്തില്‍ മറ്റൊരു അഞ്ചംഗ സുപ്രീംകോടതി ബഞ്ച് സംശയം പ്രകടിപ്പിക്കുകയും വിഷയം ഒരു ഏഴംഗ ബെഞ്ചിന് വിടുകയും ചെയ്തിരുന്നു. ആധാര്‍ പുനഃപരിശോധനാ ഹര്‍ജിയിന്മേലുള്ള വാദം തുറന്ന കോടതിയില്‍ ആകണം എന്നുള്ള ഹര്‍ജിക്കാരുടെ അവശ്യം പോലും പരിഗണിക്കാതെ തള്ളിയ സുപ്രീംകോടതി നടപടിയെ നാളത്തെ നിയമവൈജ്ഞാനികചരിത്രം രേഖപ്പെടുത്തുക സുവര്‍ണലിപികളാലാകില്ല എന്നുറപ്പാണ്.

യുഎപിഎ ജാമ്യവ്യവസ്ഥ (വതാലി കേസ്)

ഭീമ കോറേഗാവിന്റെ തുടര്‍ച്ചയെന്നോണം വന്നൊരു കേസാണ് വതാലി കേസ്. ഷുഹൂര്‍ അഹ്‌മദ്ദ് ഷാ വതാലി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് ചെയ്യുന്ന ഇടപാടുകളിലുമേര്‍പ്പെട്ടു എന്നായിരുന്നു കേസ്. യുഎപിഎ ആണ് നിയമം. വകുപ്പ് 43(ഡി) അനുസരിച്ച് ജാമ്യം ലഭിക്കണമെങ്കില്‍, ''പോലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും പരിശോധിച്ചതിനുശേഷം, കുറ്റാരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലേ ജാമ്യം കൊടുക്കാവൂ എന്നാണ്.'' അതായത് ഫലത്തില്‍ ജാമ്യം കിട്ടാന്‍ സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ വതാലിയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. എന്നാല്‍, ഡല്‍ഹി ഹൈക്കോടതി മറ്റൊരു നിലപാടാണെടുത്തത്. ''എന്‍ഐഎ ശേഖരിച്ച സാക്ഷിമൊഴികള്‍ ഇന്ത്യന്‍ തെളിവുനിയമപ്രകാരം സ്വീകാര്യമല്ല. അദ്ദേഹം എഴുതിയെന്ന് എന്‍ഐഎ ആരോപിക്കുന്ന രേഖകളില്‍ അദ്ദേഹത്തിന്റെ ഒപ്പുള്ളതോ, ലെറ്റര്‍ പാഡില്‍ ഉള്ളതോ അല്ല. ബാങ്കിടപാടുകളിലും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്താവുന്നതൊന്നും ഇല്ല.'' ഹൈക്കോടതി എഴുതി.

വിചാരണക്കോടതിവിധി റദ്ദുചെയ്ത്, വതാലിക്ക് ജാമ്യവും അനുവദിച്ചു ഹൈക്കോടതി. യുഎപിഎ എന്ന കിരാതനിയമത്തില്‍, സാമാന്യനീതിയുടെ അംശം വിളക്കിച്ചേര്‍ത്ത മികച്ചൊരു വിധിയായിരുന്നു അത്. എന്നാല്‍ സുപ്രീംകോടതി ആ വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി നിലപാട് ''അനുചിത'മെന്നു പ്രസ്താവിച്ചു. ''ജാമ്യാപേക്ഷയുടെ ഘട്ടത്തില്‍, പോലീസ് നല്‍കിയ തെളിവുകള്‍ കോടതി വിലയിരുത്തേണ്ടതില്ല, അന്വേഷണസംഘം സമര്‍പ്പിച്ച രേഖകള്‍ എല്ലാം പരിശോധിക്കുമ്പോള്‍, അതിന്റെ സമഗ്രതയില്‍ പ്രഥമദൃഷ്ട്യാ ഒരു കേസുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി'', ജസ്റ്റിസ് ഖാന്‍വില്‍കര്‍ എഴുതി.

എന്‍ജിഒകള്‍ക്ക് കൂച്ചുവിലങ്ങിടുന്നു

2020-ല്‍ വിദേശ ധനസഹായ നിയന്ത്രണനിയമത്തില്‍ (എഫ്‍സിആര്‍എ) കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ഭേദഗതികള്‍ വിവാദമായിരുന്നു. വിദേശസഹായം സ്വീകരിക്കുന്ന സംഘടനകള്‍ എസ്‍ബിഐയുടെ ഒരു പ്രത്യേക ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങണം, ലഭിക്കുന്ന ഫണ്ട്, സബ്-ഗ്രാന്റുകളായി മറ്റു സംഘടനകള്‍ക്ക് നല്‍കാന്‍ പാടില്ല, സ്വീകരിക്കുന്നയാള്‍ നിര്‍ബന്ധമായും ആധാര്‍ വിവരങ്ങള്‍ ലിങ്ക് ചെയ്തിരിക്കണം അങ്ങനെ തുടങ്ങി പണം ചെലവഴിക്കുന്നതിന് പല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്നതായിരുന്നു ഭേദഗതി. സുപ്രീംകോടതിയില്‍ ഇതിനെതിരെയുള്ള കേസ് പരിഗണിച്ചത് ജസ്റ്റിസ് ഖാന്‍വില്‍കര്‍, നേതൃത്വം നല്‍കിയ ബെഞ്ചാണ്.

കൃത്യമായ നിയമയുക്തിക്ക് പകരം ''തീവ്ര ദേശീയതാവാദികള്‍' നടത്തുന്നതുപോലെയുള്ള പൊള്ളയായ ഭാഷാപ്രയോഗങ്ങള്‍ ആയിരുന്നു വിധിയില്‍ കടന്നുവന്നത്. ''ഇന്ത്യ ഒരു വന്‍ശക്തിയായി വളരുന്ന രാജ്യമാണ്, നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള പണം നമുക്ക് ആഭ്യന്തരമായി തന്നെ കണ്ടെത്താന്‍ കഴിയും'' എന്ന അര്‍ഥത്തിലാണ് വിധി പോകുന്നത്. ഭേദഗതികള്‍ ഭരണഘടനയുടെ അനുച്ഛേദം 14, 19(1) സി, 21 എന്നിവയുടെ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം മതിയായ ആലോചനകള്‍ ഇല്ലാതെയാണ് തള്ളിയത്. വിധിയിലുടനീളം എന്‍ജിഒകള്‍ എന്തോ രാജ്യവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരാണെന്ന മുന്‍വിധി പ്രകടമാണ്. സമീപകാലത്ത് എന്‍ജിഒകളെ വ്യാപകമായി വേട്ടയാടുന്ന പശ്ചാത്തലത്തില്‍ കൂടി വേണം, സംഘം ചേരുക, പ്രതികരിക്കുക, എന്ന അടിസ്ഥാന മൗലികാവകാശത്തെ കളങ്കപ്പെടുത്തുന്ന ഈ വിധി മനസിലാക്കപ്പെടേണ്ടത്.

ടീസ്റ്റ സെതൽവാദിനും ആർ ബി ശ്രീകുമാറിനും വേണ്ടി നടന്ന പ്രകടനം
ടീസ്റ്റ സെതൽവാദിനും ആർ ബി ശ്രീകുമാറിനും വേണ്ടി നടന്ന പ്രകടനം
അവകാശ സംരക്ഷണത്തിനായി കോടതിയില്‍ എത്തുന്നവരുടെ ഹര്‍ജി തള്ളുന്നതിനോടൊപ്പം അവര്‍ക്കെതിരെ യാതൊരു തെളിവിന്റെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാതെ ഗൂഢാലോചനയില്‍ പങ്കാളികള്‍ ആണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും നടപടികള്‍ വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്.

സെന്‍ട്രല്‍ വിസ്ത പദ്ധതി

നരേന്ദ്ര മോദി സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ പുതിയ പാര്‍ലമെന്റ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടപ്പോഴും രക്ഷകനായി എത്തിയത് ജസ്റ്റിസ് ഖാന്‍വില്‍കര്‍ ആയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ നിന്നാണ് തുടക്കം. ആ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. അത് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. ആ അവസരത്തിലാണ് എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ ഉത്തരവായത്. സെന്‍ട്രല്‍ വിസ്ത കമ്മിറ്റിയുടെ രൂപീകരണം, പദ്ധതിക്ക് നല്‍കിയ അനുമതി, പദ്ധതിക്കായി ഭൂവിനിയോഗത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്നിവയായിരുന്നു പരിഗണനാവിഷയങ്ങള്‍. ഇതെല്ലം ശരിയായ ദിശയിലാണെന്ന് ജസ്റ്റിസ് ഖാന്‍വില്‍കര്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ വിലയിരുത്തിയപ്പോള്‍, ബെഞ്ചിലെ മൂന്നാമനായ ജസ്റ്റിസ് സന്‍ജീവ് ഖന്ന വിയോജിച്ചു. കേവലം ഗസറ്റ് വിജ്ഞാപനം പബ്ലിക് നോട്ടീസിന് പകരമാകില്ല. എതിര്‍പ്പുകളും നിര്‍ദേശങ്ങളും നല്‍കുന്നതിന്, പര്യാപ്തമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.'' അദ്ദേഹം നിരീക്ഷിച്ചു.

ഗുജറാത്ത് കലാപ കേസ്

2002-ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുത്തതും ജസ്റ്റിസ് ഖാന്‍വില്‍കര്‍ ആണ്. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ആയിരുന്നു ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റ്റ സെറ്റല്‍വാദ്, മുന്‍ ഐജി ആര്‍. ബി. ശ്രീകുമാര്‍ എന്നിവര്‍ കേസില്‍ കക്ഷിചേര്‍ന്നിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ സുപ്രീംകോടതി കേസ് തള്ളി. എന്നാല്‍ വിമര്‍ശകരെ പോലും ഞെട്ടിച്ചത് ജസ്റ്റിസ് ഖാന്‍വില്‍കര്‍ എഴുതിയ വിധിന്യായത്തിലെ ചില നിരീക്ഷണങ്ങളാണ്.

പരാതിയില്‍ ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട വീഴ്ചകളൊക്കെയും അവഗണിച്ചാണ് കോടതി, പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളുന്നത്, സുപ്രീംകോടതിയെ തന്നെ സംശയിക്കുന്നതിനു സമാനമാണ് എന്ന നിലപാടെടുത്തു. വിചാരണവേളയില്‍, അഡ്വ. കപില്‍ സിബല്‍, ഈ കേസ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെയുള്ള വ്യക്തിപരമായ ഇടപെടലാക്കി മാറ്റാന്‍ താത്പര്യമില്ല എന്നും, സഞ്ജീവ് ഭട്ട് ഉന്നയിച്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗം അവഗണിച്ചാല്‍ തന്നെയും, മറ്റു തെളിവുകള്‍ പരിശോധിച്ച് ഒരു ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ഉണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അന്തിമവിധിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, തങ്ങള്‍ ഊന്നല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല എന്നു വാദി ഭാഗം പറഞ്ഞ യോഗത്തെ മുന്‍നിര്‍ത്തി, മറ്റു തെളിവുകള്‍ സൂക്ഷ്മപരിശോധന നടത്താതെ, കേസ് തള്ളുകയായിരുന്നു. 2002-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്തുത്യര്‍ഹമായ ഇടപെടലുകളെ അഭിനന്ദിക്കാനും മറന്നില്ല കോടതി.

ലോക്പാൽ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ജ. ഖാന്‍വില്‍ക്കറുടെ നിയമനവും അദ്ദേഹത്തിന്റെ വിധിന്യായങ്ങളും
ജനാധിപത്യവാദികൾ ഗാന്ധിയുടെ വിലാപയാത്ര പ്രതീകാത്മകമായി പുനർ സൃഷ്ടിക്കണം; ഫാസിസ്റ്റുകൾ അത് ഭയക്കും

ഇതേ സര്‍ക്കാരിനെ കുറിച്ചാണ് ''രാജധര്‍മം'' നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു എന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്പേയി പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഗൂഢാലോചന ഉണ്ടെന്ന് അന്നത്തെ രാഷ്ട്രപതി കെ. ആര്‍ നാരായണന്‍ പറഞ്ഞത്. ഇവര്‍ ''ആധുനിക കാലത്തെ ''നീറോ'ആണെ''ന്ന് സുപ്രീംകോടതി പറഞ്ഞത്. ഈ സംസ്ഥാനത്ത് നീതി നടപ്പാകില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കലാപക്കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാന്‍, സുപ്രീംകോടതി ഉത്തരവിട്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതേ സുപ്രീംകോടതി തന്നെ ഇപ്പോള്‍ നിലപാട് മാറ്റി എന്ന് മാത്രമല്ല, നീതിക്കായി സമീപിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയുമാണ് ഉണ്ടായത്. 'ഉന്നതതല ഗൂഢാലോചന നടന്നു എന്ന് ഇവര്‍ക്ക് ചിന്തിക്കാന്‍ എങ്ങനെ കഴിഞ്ഞു എന്ന് മനസിലാകുന്നില്ല'' എന്നാണ് കോടതി ഇപ്പോള്‍ പറയുന്നത്. ചില ഉദ്യോഗസ്ഥരും മറ്റു ചിലരും ചേര്‍ന്ന് മനഃപൂര്‍വം കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും ''കോടതി നടപടികളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച എല്ലാവരും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്'' എന്നും കോടതി ഉത്തരവില്‍ രേഖപ്പെടുത്തി.

അവകാശ സംരക്ഷണത്തിനായി കോടതിയില്‍ എത്തുന്നവരുടെ ഹര്‍ജി തള്ളുന്നതിനോടൊപ്പം അവര്‍ക്കെതിരെ യാതൊരു തെളിവിന്റെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാതെ ഗൂഢാലോചനയില്‍ പങ്കാളികള്‍ ആണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും നടപടികള്‍ വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. തൊട്ടടുത്ത ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ടീസ്റ്റ സെറ്റല്‍വാദിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് ഉടന്‍തന്നെ ഗുജറാത്ത് പോലീസ് അവര്‍ക്കെതിരെ കേസെടുക്കുകയും ടീസ്റ്റയും ശ്രീകുമാറും അറസ്റ്റിലാവുകയും ചെയ്തു.

പൗരാവകാശത്തിന്റെ നിതാന്തജാഗ്രതയുള്ള സംരക്ഷകരാകേണ്ട കോടതി അവകാശങ്ങള്‍ക്കുവേണ്ടി സമീപിക്കുന്നവരെ ശിക്ഷിക്കാനുള്ള സാഹചര്യം ഒരുക്കുന്നത്, നമ്മുടെ ഭരണഘടനാവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതാണ്. ഇതൊരു അപൂര്‍വതയല്ലെന്ന് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു വിധിയിലൂടെ ജസ്റ്റിസ് ഖാന്‍വില്‍കര്‍ തെളിയിച്ചു. വിധി എഴുതിയത് ജസ്റ്റിസ് ജെ.ബി. പാര്‍ടിവാല ആയിരുന്നെങ്കിലും ബെഞ്ചിലെ മുതിര്‍ന്ന ന്യായാധിപന്‍ ഖാന്‍വില്‍കര്‍ ആയിരുന്നു. ഛത്തീസ്ഗഡിലെ ആദിവാസികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2009-ല്‍ ഹിമാന്‍ഷു കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ആയിരുന്നു ഉത്തരവ്. ഹര്‍ജി തള്ളിയ സുപ്രീംകോടതി, പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. മാത്രമല്ല വ്യാജ പരാതി നല്‍കിയതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനും മറ്റു കുറ്റകൃത്യങ്ങള്‍ക്കും നിയമപ്രകാരം നടപടിയെടുക്കാന്‍ സിബിഐയ്ക്ക് നിര്‍ദേശവും നല്‍കി. സാക്കിയ ജാഫ്രിയുടെ കേസിലെന്നപോലെ തന്നെ, യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെയാണ്, ഇതുപോലെ ഗുരുതരമായ പ്രസ്താവനകള്‍ വിധിയില്‍ ഉള്‍പ്പെടുത്തിയത്. ചുരുക്കത്തില്‍, അംബേദ്കര്‍ ഭരണഘടനയുടെ ഹൃദയം എന്ന് വിശേഷിപ്പിച്ച, അനുച്ഛേദം 32-നെ, ഹൃദയശൂന്യമായ വ്യാഖ്യാനങ്ങളിലൂടെ ഇല്ലായ്മ ചെയ്യുകയാണ് ഈ വിധികള്‍.

കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതരുടെ ബാധ്യതയാണ്. ''ആനുമാനിക നിരപരാധിത്വം' (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണ് എന്ന തത്വം) ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ്.

ഇഡിയുടെ പരമാധികാരം

കള്ളപ്പണ നിയമം (പിഎംഎല്‍എ ആക്ട്) ഇന്ന് ഭരണാധികാരികളുടെ കൈയിലെ ഏറ്റവും വലിയ ആയുധമാണ് എന്ന കാര്യത്തില്‍ ഭരണകക്ഷിക്കാര്‍ പോലും തര്‍ക്കമുന്നയിക്കുമെന്നു കരുതുക വയ്യ. എതിര്‍ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെ, വിയോജിപ്പുകള്‍ ഉന്നയിക്കുന്നവരെ, വിമര്‍ശകരെ, ഒക്കെ വേട്ടയാടുന്ന സമീപനത്തിന്റെ ഭാഗമാണിത്. ആകെ ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകളില്‍ കേവലം മൂന്ന് ശതമാനത്തില്‍ മാത്രമാണ് ശിക്ഷാവിധി ഉണ്ടാവുന്നത്. അത്തരത്തില്‍ ദുരുപയോഗത്തിന് അനന്തസാധ്യതകള്‍ നല്‍കുന്ന നിയമമാണ് പിഎംഎല്‍എ. പോലീസ് കേസൊക്കെ വരുമ്പോള്‍ കുറ്റാരോപിതര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും കള്ളപ്പണക്കേസുകളില്‍ ലഭിക്കുന്നില്ല.

ഒരാള്‍ സ്വയം തനിക്കെതിരെ സാക്ഷി പറയേണ്ടതില്ലെന്ന, ഭരണഘടനയുടെ അനുച്ഛേദം 20(3) നല്‍കുന്ന സംരക്ഷണവും ഇഡി കേസുകളില്‍ ബാധകമാകില്ലെന്ന നിലപാടിലാണ് സുപ്രീംകോടതി. അതായത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നല്‍കിയ മൊഴി തെളിവായി സ്വീകരിക്കുമെന്ന്. അനുച്ഛേദം 20(3) ലെ ഭാഷാപ്രയോഗത്തിലെ സാങ്കേതികത്വമാണ് ഇവിടെ പ്രശ്നം. ഒരു വ്യക്തിയെയും അയാള്‍ക്കെതിരെ തന്നെ സാക്ഷി പറയാന്‍ നിര്‍ബന്ധിക്കരുത് എന്നല്ല, ഒരു കുറ്റാരോപിതനെയും അയാള്‍ക്ക് തന്നെ എതിരെ സാക്ഷി പറയാന്‍ നിര്‍ബന്ധിക്കരുത് എന്ന പ്രയോഗമാണ് ഭരണഘടനയിലുള്ളത്. ഭരണകൂടവും പൗരനും തമ്മിലുള്ള ഭീമമായ അധികാര അസമത്വം പരിഗണിച്ച്, പൗരന് ഭരണഘടന നല്‍കിയിട്ടുള്ള സംരക്ഷണമാണിത്. എന്നാല്‍ ഇതില്‍ എവിടെയാണ് ഒരാള്‍ കുറ്റാരോപിതന്‍ ആകുന്നത്, അപ്പോഴാണ് ഈ അനുച്ഛേദം പ്രവര്‍ത്തിച്ചുതുടങ്ങുകയുള്ളൂ എന്ന സാങ്കേതികത്വത്തിന്റെ പുറത്താണ് കോടതികള്‍ അടയിരിക്കുന്നത്. ഒരാളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമ്പോഴാണോ, അയാള്‍ അറസ്റ്റിലാകുമ്പോഴാണോ, അതോ കോടതി അയാളെ റിമാന്‍ഡ് ചെയ്യുമ്പോഴാണോ എന്നതൊക്കെ പ്രശ്നമാണ്. തെളിവ് നിയമത്തിലെ വകുപ്പ് 25 ''കേവലം തെളിവുകളെ സംബന്ധിച്ച ചട്ടം' മാത്രമാണ് എന്നാണ് കോടതി പറയുന്നത്. അതില്‍, കൂടുതല്‍ മൗലികമായ അനുച്ഛേദം 21, 20, എന്നിവ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന കാര്യം സൗകര്യപൂര്‍വം മറക്കുകയും ചെയ്യുന്നു.

കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതരുടെ ബാധ്യതയാണ്. ''ആനുമാനിക നിരപരാധിത്വം' (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണ് എന്ന തത്വം) ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ്. എന്നാല്‍ കള്ളപ്പണ നിയമത്തിന്റെ സെക്ഷന്‍ 24 ഭരണഘടനാപരമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. യുഎപിഎ നിയമത്തില്‍ പോലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുള്ള കുറ്റസമ്മതം തെളിവായി സ്വീകരിക്കുന്നില്ല. കള്ളപ്പണ നിയമത്തിന്റെ വകുപ്പ് 50 അനിയന്ത്രിതമായ അധികാരങ്ങളാണ് ഇക്കാര്യത്തില്‍ അന്വേഷണ എജന്‍സിക്ക് നല്‍കുന്നത്. ആരുടെയും സ്വത്ത് കണ്ടുകെട്ടാന്‍ ഇഡിയെ അധികാരപ്പെടുത്തുന്ന കള്ളപ്പണ നിയമം ഒരു ''ശിക്ഷാനിയമം' അല്ല എന്ന് വരെ സാങ്കേതികമായി സ്ഥാപിച്ചെടുക്കുന്നുണ്ട് കോടതി. അതുകൊണ്ടു തന്നെ സാധാരണ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലത്രേ. ക്രിമിനല്‍ നടപടിക്രമങ്ങള്‍ നല്‍കുന്ന സംരക്ഷണങ്ങള്‍ അപ്രസക്തമാണ്. ഉദാഹരണത്തിന് സാധാരണഗതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്ഐആറിന്റെ പകര്‍പ്പ് കുറ്റാരോപിതര്‍ക്ക് ലഭിക്കും. എന്നാല്‍ ഇഡിയ്ക്ക് അങ്ങനെയൊരു നടപടിക്രമമില്ല. താരതമ്യം ചെയ്യാവുന്ന ഏകരേഖ ഇസിഐആര്‍. എന്ന ആഭ്യന്തര രേഖയാണ്. ഇതിന്റെ പകര്‍പ്പ് കുറ്റാരോപിതര്‍ക്ക് നല്‍കേണ്ടതില്ല എന്നാണ് കോടതി നിലപാട്.

ലോക്പാൽ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ജ. ഖാന്‍വില്‍ക്കറുടെ നിയമനവും അദ്ദേഹത്തിന്റെ വിധിന്യായങ്ങളും
ആണാവായുധ ഭീഷണി: നാറ്റോയ്ക്ക് പുടിന്‍ നല്‍കുന്ന മുന്നറിയിപ്പിന് പിന്നിലെന്ത്‌?

ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് എന്തിനാണ് താനിതിനൊക്കെ വിധേയമാകുന്നത് എന്ന് കൃത്യമായി അറിയാനുള്ള അവകാശം നല്‍കണമെന്ന് കോടതിക്ക് തോന്നിയില്ല. ഇന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് നോട്ടീസില്‍ കൊടുത്തിട്ടുണ്ടാവുക. ചെയ്ത കുറ്റമെന്തെന്ന് അറിയാന്‍ കഴിയില്ല. ഇസിഐആറും എഫ്ഐആറും ഒന്നല്ല എന്ന സാങ്കേതികത്വത്തില്‍ ഊന്നിയാണ് കോടതി നീങ്ങിയത്. ഇതിന് പിന്‍ബലമാകുന്ന ചില മുന്‍ തീരുമാനങ്ങളും ഉണ്ട്. പൊലീസിന് സമാനമായ അധികാരങ്ങളും പ്രവൃത്തികളും ആണെങ്കിലും ഇഡി പൊലീസല്ല എന്നായിരുന്നു കോടതി നിലപാട്. കുറ്റപത്രം ചാര്‍ജ് ചെയ്യുന്ന ഏജന്‍സികളാണ് ''പോലീസ്', ഇഡി കംപ്ലൈന്റ് ഫയല്‍ ചെയ്യുന്ന ഏജന്‍സിയാണ് എന്ന അതിസാങ്കേതികത്വമാണ് കോടതി ഉയര്‍ത്തിപ്പിടിച്ചത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് കള്ളപ്പണമിടപാട് എന്നാവര്‍ത്തിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ കഠിന വ്യവസ്ഥകളെല്ലാം ന്യായീകരിക്കുന്നത്. പാര്‍ലമെന്റിന്റെ ഉദ്ദേശ്യം അതാണെന്നാണ് യുക്തി. അങ്ങനെയെങ്കില്‍ ഭരണഘടനാപരമായ ഏത് സംരക്ഷണത്തെയും മറികടക്കാന്‍ പാര്‍ലമെന്റിന്റെ ഇച്ഛ മാത്രം മതിയെന്നുവരും. ഇത്ര ഭീഷണമായ കുറ്റകൃത്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി മുതല്‍ ഏതു കുറ്റവും വേണമെങ്കില്‍ നിയമത്തിന്റെ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പെടുത്താനാകുന്ന സാഹചര്യമുണ്ട് എന്ന വസ്തുതയും ഒരു പ്രശ്നമായി സുപ്രീംകോടതിക്ക് തോന്നിയില്ല.

കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ജാമ്യം ലഭിക്കുകയില്ല എന്നുറപ്പുവരുത്തുന്ന ഇരട്ട നിബന്ധനകളും സുപ്രീംകോടതി ശരിവച്ചു. നിയമത്തിന്റെ വകുപ്പ് 45(2) അനുസരിച്ച്, (i) പ്രോസിക്യൂട്ടര്‍ക്ക് ജാമ്യാപേക്ഷയെ എതിര്‍ക്കാനുള്ള അവസരം ലഭിക്കണം (ii) കുറ്റാരോപിതര്‍, ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇനി പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുകയില്ല എന്നുകൂടി ബോധ്യപ്പെട്ടാല്‍ മാത്രമേ കോടതിക്ക് കള്ളപ്പണക്കേസില്‍ ജാമ്യം അനുവദിക്കാനാവൂ. ഇതാണ് ഏറെ ചര്‍ച്ചയാവുന്ന ''ഇരട്ട നിബന്ധനകള്‍'. 2018-ല്‍ നികേഷ് താരാചന്ദ് കേസില്‍ ഈ നിബന്ധനകള്‍ ഐച്ഛികമാണെന്നു കണ്ട് സുപ്രീംകോടതി റദ്ദു ചെയ്തതാണ്. അന്ന്, മൂന്ന് വര്‍ഷത്തിലേറെ തടവുശിക്ഷയ്ക്ക് അര്‍ഹതയുള്ള ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍ക്കായിരുന്നു ഈ നിബന്ധനകള്‍. ഈ വിഭജനമായിരുന്നു കോടതി അനുച്ഛേദം 14-ന്റെ ലംഘനമായി കണക്കാക്കിയത്. പുതിയ ഭേദഗതിയില്‍ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍, ''എ', ''ബി' എന്നിങ്ങനെ രണ്ടു ലിസ്റ്റുകള്‍ മാറി ഒറ്റ ലിസ്റ്റായി. അതോടെ ഈ വകുപ്പ് വീണ്ടും പ്രാബല്യത്തില്‍ വന്നുവെന്നാണ് പുതിയ ഭേദഗതി. മാത്രമല്ല അതിനു മുന്‍കാല പ്രാബല്യമുണ്ടെന്നും ഭേദഗതിയില്‍ ഉണ്ടായിരുന്നു. ''ക്രിമിനല്‍ നിയമങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം ഇല്ല' എന്ന അടിസ്ഥാന നിയമതത്വം പോലും മറന്നുകൊണ്ടാണ് ഇരട്ട ഉപാധികള്‍ പുനഃസ്ഥാപിച്ചത് കോടതി അംഗീകരിച്ചത്.

കോടതിക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഈ ഭേദഗതികള്‍ ''ധനബില്ല്' ആയി അവതരിപ്പിച്ചത് ശരിയാണോ എന്നായിരുന്നു. ഒരു ശിക്ഷാനിയമത്തിന് ഒരിക്കലും ധനബില്ലാകാന്‍ കഴിയില്ല. അതുകൊണ്ടാവും ഇത് ശിക്ഷാനിയമം അല്ല എന്ന ഗവണ്മെന്റ് വാദം അംഗീകരിക്കപ്പെട്ടത്. എന്നാലും ധനബില്ലായി വിഭാഗീകരിച്ചത് ശരിയാണോയെന്ന അന്വേഷണത്തിലേക്ക് കോടതി കടന്നില്ല. ധനബില്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലായതുകൊണ്ട് ഇക്കാര്യത്തില്‍ ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ആകില്ല എന്നായിരുന്നു നിലപാട്. ആധാര്‍ ബില്‍ ധനബില്ലായി അവതരിപ്പിച്ചതില്‍ തെറ്റില്ല എന്ന് പറഞ്ഞ വിധിയ്‌ക്കൊപ്പം നിന്നയാളാണ് ജസ്റ്റിസ് ഖാന്‍വില്‍കര്‍ എന്നുമോര്‍ക്കണം. അങ്ങനെ ഇഡിയ്ക്ക് ആരെയും ചോദ്യംചെയ്യാനും, അറസ്റ്റ് ചെയ്യാനും, സ്വത്ത് കണ്ടുകെട്ടാനും, കുറ്റസമ്മതം നടത്തിപ്പിക്കാനും എല്ലാമുള്ള അധികാരം സംരക്ഷിക്കുകയും, ജാമ്യം ഒരു കാരണവശാലും ലഭിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധിയായിരുന്നു വിജയ് മദന്‍ലാല്‍ ചൗധരി കേസില്‍ ജ. ഖാന്‍വില്‍കര്‍ പുറപ്പെടുവിച്ചത്. ഇതുപോലെ ഭരണകൂടത്തിന് അനുകൂലമായ ഒരു വിചാരധാര ഇവിടെ പ്രതിപാദിച്ച വിധികളിലുടനീളം കാണാനാകും. ലോക്പാല്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ന്യായാധിപന്‍, കര്‍ണാടകയില്‍ ക്‌ളാസുകളില്‍ ഹിജാബ് നിരോധിച്ച നടപടി ശരിവച്ച ജസ്റ്റിസ് ഋതു രാജ് അവസ്തി ആണെന്ന കാര്യം നിയമനത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്.

logo
The Fourth
www.thefourthnews.in