വൈറ്റ് ഹൗസ് പിടിക്കാൻ വർധിത വീര്യവുമായി ട്രംപ്;
പ്രായം തളർത്തിയിട്ടും പോരാടാൻ ഉറപ്പിച്ച് ബൈഡൻ

വൈറ്റ് ഹൗസ് പിടിക്കാൻ വർധിത വീര്യവുമായി ട്രംപ്; പ്രായം തളർത്തിയിട്ടും പോരാടാൻ ഉറപ്പിച്ച് ബൈഡൻ

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാൾഡ് ട്രംപ് തന്നെയായിരിക്കുമെന്ന് ഏകദേശം ഉറപ്പിക്കാം. മാത്രമല്ല ട്രംപ് പ്രസിഡന്റായേക്കുമെന്ന് വരെ മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തുന്നുണ്ട്

അമേരിക്കയിലെ ജനാധിപത്യവ്യവസ്ഥയെ വെല്ലുവിളിച്ച സംഭവങ്ങളായിരുന്നു നാലു വർഷങ്ങൾക്ക് മുൻപ് അരങ്ങേറിയത്. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചത് താനാണെന്നും ജോ ബൈഡന്‍ കള്ളത്തരത്തിലൂടെ വിജയം അട്ടിമറിച്ചതാണെന്നുമൊക്കെ മുൻ പ്രസിഡന്റ് ഡോണൾഡ്‌  ട്രംപ് അവകാശപ്പെടുകയും സമാധാനപരമായ അധികാരകൈമാറ്റത്തിന് വിസമ്മതിക്കുകയും ചെയ്തു. 2021 ജനുവരി ആറിന് ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോള്‍ ആക്രമണം ലോകത്തെതന്നെ ഞെട്ടിച്ചു. വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സ് ഉള്‍പ്പെടെയുള്ള  ട്രംപിന്റെ ചില അടുത്ത അനുയായികള്‍ക്ക് പോലും അദ്ദേഹത്തെ  തള്ളിപ്പറയേണ്ടി വന്നു. 

അഭിപ്രായ സര്‍വേകൾ പരിശോധിക്കുകയാണെങ്കില്‍ നിലവില്‍ ബൈഡനെക്കാള്‍ നേരിയ മുന്‍തൂക്കം ട്രംപിനുണ്ട്. എന്നാല്‍ ഇനിയും മാസങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ കാര്യങ്ങള്‍ മാറിമറിയാനും സാധ്യതയുണ്ട്

പിന്നീട് ജോ ബൈഡന്‍ അധികാരമേല്‍ക്കുകയും ട്രംപ് ഔദ്യോഗിക വസതിയൊഴിഞ്ഞ് ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള തന്റെ വസതിയായ മാര്‍ എ ലാഗോയിലേക്ക് താമസം മാറുകയും ചെയ്തു. എന്നാല്‍ ആ പോക്കില്‍ ട്രംപ് ചില അതീവ രഹസ്യരേഖകളും വൈറ്റ് ഹൗസില്‍നിന്ന് കടത്തിക്കൊണ്ടുപോയത് വിവാദമായി. നിരവധി കേസുകള്‍ ദേശീയ- സംസ്ഥാന തലത്തില്‍ അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്യപ്പെട്ടു.  ജയില്‍ ശിക്ഷ ലഭിക്കാവുന്ന ഗൗരവകരമായ ക്രിമിനല്‍  കുറ്റങ്ങള്‍ അടക്കം തൊണ്ണൂറ്റിയൊന്ന് വകുപ്പുകളാണ്  അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണിത്. കേസുകളുടെ വിസ്താരം നടന്നു വരുന്നു. കഴിഞ്ഞ വര്‍ഷം യുഎസ് കോൺഗ്രസിലേക്കു നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ  ട്രംപ് അനുകൂലികള്‍ക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതുകൂടി ആയപ്പോള്‍ ട്രംപ് അധ്യായം അടഞ്ഞതായി പലരും കരുതി. പക്ഷേ ആ തോന്നല്‍ തെറ്റിയെന്നു മാത്രമല്ല വലിയ തിരിച്ചുവരവാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. 

നിക്കി ഹേലി
നിക്കി ഹേലി

നിലവില്‍ റിപ്പബ്ലിക്കന്‍ പ്രൈമറികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുൻ അംബാസഡറും സൗത്ത് കരോലൈന ഗവര്‍ണറുമായിരുന്ന നിക്കി ഹേലി മാത്രമാണ് ഇപ്പോഴും ട്രംപിനൊരു എതിരാളിയായി നില്‍ക്കുന്നത്. മറ്റുള്ളവർ പിന്മാറുകയും പലരും ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഹേലി ട്രംപിനൊരു വെല്ലുവിളി അല്ലെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി അദ്ദേഹം തന്നെയായിരിക്കുമെന്നും ഏകദേശം ഉറപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് കാര്യങ്ങള്‍. മാത്രമല്ല 2024 പൊതുതിരഞ്ഞെടുപ്പില്‍ ട്രംപ് പ്രസിഡന്റായേക്കുമെന്നു വരെ മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തുന്നുണ്ട്.

അഭിപ്രായ സര്‍വേകൾ പരിശോധിക്കുകയാണെങ്കില്‍ നിലവില്‍ ബൈഡനെക്കാള്‍ നേരിയ മുന്‍തൂക്കം ട്രംപിനുണ്ട്. എന്നാല്‍ ഇനിയും മാസങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ കാര്യങ്ങള്‍ മാറിമറിയാനും സാധ്യതയുണ്ട്. അതുമല്ല, സര്‍വേകള്‍ എപ്പോഴും ശരിയായിരിക്കണമെന്നുമില്ല. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ തരംഗം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നെങ്കിലും അത് ഫലത്തിൽ പ്രതിഫലിച്ചില്ല. സര്‍വേകള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്നില്ലെങ്കില്‍ പോലും പ്രസിഡന്റെന്ന നിലയില്‍ ബൈഡന് ജനസമ്മതി കുറവാണെന്നുള്ളത്  യാഥാര്‍ഥ്യമാണ്. 81 വയസ്സുള്ള അദ്ദേഹത്തിന്റെ  ആരോഗ്യവും കാര്യക്ഷമതയുമൊക്കെ തീരുമാനമെടുക്കുമ്പോൾ വോട്ടർമാർ പരിഗണിച്ചേക്കാവുന്ന ഘടകങ്ങളാണ്. പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ നിർണായകമാകുന്ന ചില വിഷയങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

എല്ലാ തിരഞ്ഞെടുപ്പുകളിലും പ്രധാനപ്പെട്ട വിഷയമാണ് രാജ്യത്തിന്റെ  സാമ്പത്തികാവസ്ഥ. സാമ്പത്തിക വിഷയത്തിൽ  തിരിച്ചടികള്‍ നേരിട്ട പ്രസിഡന്റാണ് ജോ ബൈഡന്‍

ഗര്‍ഭഛിദ്ര അവകാശം

പ്രധാനപ്പെട്ട ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ് ഗര്‍ഭഛിദ്രത്തിനുള്ള (Abortion) അവകാശം. ഇത് സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് ഡെമോക്രാറ്റുകള്‍ കണക്കുകൂട്ടുന്നത്.  തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഈ വിഷയം മുഖ്യമായും ഉന്നയിക്കുന്നത് കാണാം. ഗര്‍ഭഛിദ്രത്തിനുള്ള അവകാശം നിഷേധിക്കുന്ന ഉത്തരവ്  പുറപ്പെടുവിച്ച ആറ് ജഡ്ജിമാരില്‍ മൂന്നുപേരെ ട്രംപ് കൊണ്ടുവന്നതാണെന്ന കാര്യമൊക്കെ കമല ഹാരിസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോൾ അവകാശം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമാണ്. ഇനിയൊരിക്കല്‍ കൂടി ട്രംപ് അധികാരത്തില്‍ വന്നാല്‍ ഗര്‍ഭഛിദ്രത്തിന് രാജ്യത്തെമ്പാടും കൂടുതൽ നിയന്ത്രണങ്ങൾ  കൊണ്ടുവരുമെന്നും അവര്‍ ആരോപിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ ബൈഡൻ ഭരണകൂടം ബാധ്യസ്ഥമാണെന്നും അവർ വാദിക്കുന്നു. 

ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ആവശ്യപ്പെട്ട് സമരം
ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ആവശ്യപ്പെട്ട് സമരം

സാമ്പത്തികാവസ്ഥ 

എല്ലാ തിരഞ്ഞെടുപ്പുകളിലും പ്രധാനപ്പെട്ട വിഷയമാണ് രാജ്യത്തിന്റെ  സാമ്പത്തികാവസ്ഥ. സാമ്പത്തിക വിഷയത്തിൽ  തിരിച്ചടികള്‍ നേരിട്ട പ്രസിഡന്റാണ് ജോ ബൈഡന്‍. അദ്ദേഹത്തിന്റെ കാലയളവില്‍ പണപ്പെരുപ്പം  വര്‍ധിച്ചിരുന്നു. അത് ജനങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.  അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം വരാന്‍ പോകുന്നുവെന്ന് ഒരവസരത്തില്‍ നിരീക്ഷകര്‍ പറഞ്ഞിരുന്നു.  പക്ഷേ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകൾ ആശാവഹമാണ്. ജനുവരിയില്‍ മൂന്നരലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ ഉണ്ടായിരിക്കുന്നു. 2023 ഡിസംബറിലും മൂന്നുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടാക്കപ്പെട്ടിരുന്നു. തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനത്തിലേക്ക് ചുരുങ്ങി.

വൈറ്റ് ഹൗസ് പിടിക്കാൻ വർധിത വീര്യവുമായി ട്രംപ്;
പ്രായം തളർത്തിയിട്ടും പോരാടാൻ ഉറപ്പിച്ച് ബൈഡൻ
ജോലി നഷ്ടമായത് രണ്ട് ലക്ഷത്തിലധികം പേർക്ക്: പിരിച്ചുവിടലുകളുടെ 2023

എന്നിരുന്നാലും ഫിനാൻസ്, ടെക്നോളജി പോലെയുള്ള മേഖലകളിൽ ഇപ്പോഴും കൂട്ടപ്പിരിച്ചുവിടലുകള്‍ തുടരുന്നുണ്ട്. ഐടി രംഗത്ത് പതിനായിരങ്ങളെ ഒരുമിച്ച് പിരിച്ചുവിടുന്നത്  ഇന്ത്യന്‍ വംശജരെ വലിയ തോതിലാണ് ബാധിച്ചിട്ടുള്ളത്. ഇന്ത്യൻ വംശജർക്കിടയിൽ അമേരിക്കൻ പൗരത്വം ലഭിച്ചവരോ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് ഉള്ളവരോ അല്ലാത്ത, തൊഴിൽ വിസയിൽ ഉള്ള ലക്ഷക്കണക്കിനു പേർക്ക്  പിരിച്ചുവിട്ടു കഴിഞ്ഞാൽ മാസങ്ങൾക്കുള്ളിൽ പുതിയ ജോലി കണ്ടെത്തുകയോ രാജ്യം വിടുകയോ ചെയ്യണം എന്നത് വലിയ വെല്ലുവിളിയാണ്. 

ജോ ബൈഡന്‍
ജോ ബൈഡന്‍

ഓഹരി വിപണിയുടെ കാര്യമെടുത്താൽ, തകര്‍ച്ചയില്‍നിന്ന് വിപണി തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നു കാണാം. അതേസമയം താനാണ് പുതിയ പ്രസിഡന്റായി വരാൻ പോകുന്നതെന്ന് വിപണിക്ക് മനസിലായെന്നും അതുകൊണ്ടാണ് കാര്യങ്ങള്‍ വീണ്ടും ഉഷാറായതെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. 

ബൈഡൻ ഭരണകൂടം നിര്‍മാണമേഖലയില്‍ കൊണ്ടുവന്ന ചലനങ്ങൾ ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികൾ,  ഉപകരണങ്ങള്‍ വിദേശത്തുണ്ടാക്കുന്നതിന് പകരം അമേരിക്കയില്‍ നിർമ്മിക്കുക  എന്നതൊക്കെ പൊതുവെ സ്വീകാര്യമാണ്. ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് ആശ്വാസകരമായ നടപടികൾ ഉണ്ടായതുകൊണ്ടാവാം ‘യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ്’ പോലെയുള്ള തൊഴിലാളി സംഘടനകളുടെ പിന്തുണ ബൈഡന് ലഭിച്ചത്. ഇലക്ട്രോണിക് മേഖലയിൽ അവശ്യമായി വേണ്ട സെമികണ്ടക്ടറുകൾ ആഭ്യന്തരമായി നിർമ്മിക്കാനുള്ള  ‘ചിപ്സ് ആന്‍ഡ് സയന്‍സ് ആക്ട്' രാജ്യത്തെ കൂടുതൽ സാമ്പത്തിക പുരോഗതിയിലേക്കു നയിക്കും എന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നു.

വൈറ്റ് ഹൗസ് പിടിക്കാൻ വർധിത വീര്യവുമായി ട്രംപ്;
പ്രായം തളർത്തിയിട്ടും പോരാടാൻ ഉറപ്പിച്ച് ബൈഡൻ
ടെക്സസിലെ മാളില്‍ വെടിവയ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു, അക്രമിയെ വകവരുത്തി പോലീസ്

തോക്കുപയോഗത്തിനു പുതിയ മാർഗനിർദേശങ്ങളും മാനസികാരോഗ്യ മേഖലയിൽ പരിഷ്‌ക്കാരങ്ങളുമടങ്ങിയ  'ബൈപാര്‍ട്ടിസന്‍ സെയ്ഫര്‍ കമ്മ്യൂണിറ്റീസ് ആക്ട്' പ്രാബല്യത്തിൽ വരുത്താൻ ബൈഡൻ ഭരണകൂടത്തിന് കഴിഞ്ഞു. ലോകത്തെങ്ങുമില്ലാത്ത വിധത്തിൽ വിദ്യാലയങ്ങളിലുൾപ്പടെ തോക്കുപയോഗിച്ചുള്ള ആക്രമണം നടക്കുന്ന അമേരിക്കയിൽ ശക്തമായ തോക്ക് ലോബിയെ മറികടന്ന് നിയമനിർമ്മാണങ്ങൾ നടത്താൻ പ്രയാസമാണ്. ഇനിയും ബഹുദൂരം പോകേണ്ടതുണ്ടെങ്കിലും കുറച്ചെങ്കിലും മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ  ബൈഡന് കഴിഞ്ഞത് തോക്കു നിയന്ത്രണങ്ങൾക്കായി പൊരുതുന്ന സംഘടനകൾക്ക് ആശ്വാസമാണ്.

2023ൽ മാത്രം 23 ലക്ഷം പേരാണ് അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിച്ചത്

യുദ്ധങ്ങൾ 

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധമായിരുന്നു അഫ്‌ഗാനിസ്താനിലേത്. ചില മുൻ പ്രസിഡന്റുമാർ ഇതിന് അന്ത്യം കുറിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും സാധ്യമാക്കിയത് ജോ ബൈഡനാണ്. യുദ്ധമവസാനിപ്പിച്ച രീതിയിൽ പരക്കെ വിമർശനം ഉയർന്നുവെങ്കിലും എന്തായാലും കഴിഞ്ഞുകിട്ടിയല്ലോ എന്ന് ആശ്വസിച്ചവരുമുണ്ട്. ഇനിയൊരു യുദ്ധത്തെപ്പറ്റി അടുത്തെങ്ങും കേൾക്കേണ്ടി വരില്ലായിരിക്കും എന്നാശിച്ചവർക്ക് തെറ്റി. പുടിന്‍ യുക്രെയ്ന്‍ അധിനിവേശം നടത്തിയപ്പോൾ ഉടനടി അമേരിക്ക ഇടപെട്ടു. പാശ്ചാത്യന്‍ രാജ്യങ്ങളുടെ പ്രത്യേകിച്ചും അമേരിക്കയുടെ പണവും ആയുധ സഹായവുമാണ് യുക്രൈനെ ചെറുത്തുനില്പിന് സഹായിക്കുന്നത്. എന്നാല്‍ റഷ്യയെ തോല്‍പ്പിക്കാന്‍ യുക്രൈന്  ഇനിയും കഴിഞ്ഞിട്ടില്ല. അമേരിക്കയുടെ പണവും വിഭവശേഷിയും ഇനി എത്രകാലം അവർക്ക് തുടർന്നും നൽകണമെന്ന ചോദ്യം ശക്തമാണ്. 

ജോര്‍ജ് ഡബ്ള്യു ബുഷ്
ജോര്‍ജ് ഡബ്ള്യു ബുഷ്

ജോര്‍ജ് ഡബ്ള്യു ബുഷിന്റെ കാലത്ത് നടന്ന ഇറാഖ് അധിനിവേശത്തിനു  ശേഷം അമേരിക്കയിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ക്ക് വിദേശ രാജ്യത്ത് പോയി യുദ്ധം ചെയ്യുന്നതിനോട് എതിർപ്പ് ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ഇവിടുത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട നികുതിപ്പണം അമേരിക്കയ്ക്ക് നേരിട്ട് ഭീഷണി ഇല്ലാത്ത സാഹചര്യങ്ങളിൽ  മറ്റു രാജ്യങ്ങളുടെ യുദ്ധങ്ങൾക്ക് വേണ്ടി  കൊടുക്കേണ്ടതുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇപ്പോൾ വ്യാപകമായി ഉയരുന്നുണ്ട്. ഭൗമരാഷ്ട്രീയ ഘടകങ്ങള്‍ സാമ്പത്തിക-സൈനിക സഹായങ്ങള്‍ക്ക് പിന്നിലുണ്ടെങ്കിലും യുദ്ധങ്ങളുടെ  ദൈർഘ്യം കൂടുമ്പോൾ ജനങ്ങളില്‍  അമര്‍ഷം വര്‍ധിക്കുകയാണ്.

ഈയൊരു സാഹചര്യത്തിലാണ് ഹമാസ്‌ ഇസ്രയേലിനെ  ആക്രമിക്കുന്നതും ഗാസയ്ക്കു നേരേ ഇസ്രയേൽ യുദ്ധം തുടങ്ങുന്നതും. എല്ലാകാലത്തും ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് അമേരിക്ക എടുത്തിട്ടുള്ളത്. എങ്കിലും ഇപ്പോഴത്തെ യുദ്ധത്തിന്റെ ഭീകരത, പിഞ്ചുകുഞ്ഞുങ്ങളുടെ ശവശരീരങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പലരിലും അത് കടുത്ത മനോവിഷമവും അമർഷവും ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല, പണത്തിന്റെ വിഷയം കൂടിയുണ്ട്. യാതൊരു നിബന്ധനകളുമില്ലാതെ നെതന്യാഹു ഭരണകൂടത്തിന് ഭീമമായ തുക നൽകുന്നതിൽ എതിർപ്പുള്ളവരുണ്ട്. ഇതുവരെയും ഹമാസിന്റെ തടവിൽ കഴിയുന്നവരെ പൂർണമായും മോചിപ്പിക്കാനുമായിട്ടില്ല. യുദ്ധവിരുദ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാർത്ഥികളും മറ്റും ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെ രംഗത്തുവന്നു. തെരുവുകളിലും കാമ്പസുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നു, അതിനെ പ്രതിരോധിക്കാനായി മറുഭാഗവും രംഗത്തുണ്ട്. 

നെതന്യാഹുവിനൊപ്പം ബൈഡന്‍
നെതന്യാഹുവിനൊപ്പം ബൈഡന്‍

ഈ വിഷയത്തിൽ മുസ്ലിം, അറബ് അമേരിക്കൻ വിഭാഗങ്ങൾ ബൈഡൻ- കമല ഭരണകൂടത്തിന് എതിരെ തിരിഞ്ഞു. അവരൊരു ന്യൂനപക്ഷമാണെങ്കിൽ പോലും മിഷിഗൺ പോലെ ഏത് വശത്തേക്കും തിരിയാൻ സാധ്യതയുള്ള സ്റ്റേറ്റുകളിൽ അവർക്ക് സ്വാധീനമുണ്ട്. അവർ ബൈഡന് വോട്ട് നൽകില്ലെന്ന് പറയുക മാത്രമല്ല ബൈഡന്റെ പ്രചാരണപരിപാടികളിൽ 'സീസ് ഫയർ നൗ' പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിക്കുന്നുമുണ്ട്. കഴിഞ്ഞ തവണ ഇടതുപക്ഷക്കാരനായ ബെർണി സാൻഡേഴ്സിന് വോട്ട് നൽകിയെന്ന് തുറന്നു പറഞ്ഞ ഒരു സ്ത്രീ ഇത്തവണ ട്രംപിനെ പിന്തുണയ്ക്കുമെന്ന് പറയുന്നത് വരെയായി കാര്യങ്ങൾ. എന്നാൽ ട്രംപ് അധികാരത്തിലെത്തിയാൽ എന്താകും നിലപാടെന്ന കാര്യം പ്രസക്തമാണ്. ചില മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രാ നിരോധനം വരെ ഏർപ്പെടുത്തിയ ഭരണാധികാരിയാണ് ഇസ്രയേൽ അനുകൂലിയായ ട്രംപ്. എന്നാൽ ഇപ്പോൾ നടക്കുന്നതിന് ഉത്തരവാദി നിലവിലെ ഭരണകൂടമാണെന്ന ബോധ്യത്തിൽ നിന്നാണ് ബൈഡനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്. ട്രംപിന്റെ കാലത്ത് യുദ്ധമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അനുകൂലികൾ വാദിക്കുന്നുണ്ട്. എന്നാൽ ട്രംപ് അധികാരത്തിലെത്തിയാൽ നിലവിലെ യുദ്ധങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയേണ്ടതുണ്ട്.

വൈറ്റ്   ഹൗസിന് സമീപം പലസ്തീന്‍ അനുകൂല പ്രതിഷേധം
വൈറ്റ് ഹൗസിന് സമീപം പലസ്തീന്‍ അനുകൂല പ്രതിഷേധം

അനധികൃത കുടിയേറ്റം

കഴിഞ്ഞ കുറേ വർഷങ്ങളായി നിയമപരമല്ലാതെ അമേരിക്കയുടെ അതിർത്തികളിലൂടെ രാജ്യത്തേക്ക് കടന്ന് വരുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു. 2023ൽ മാത്രം 23 ലക്ഷം പേരാണ് അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിച്ചത്. മറ്റു രാജ്യങ്ങളിലൂടെയുള്ള ദുർഘടമായ യാത്രയ്ക്ക് ശേഷം അതിർത്തി കടന്ന് അധികൃതർക്ക് മുൻപാകെ കീഴടങ്ങി, തങ്ങളെ അഭയാർഥികളായി പരിഗണിക്കണമെന്ന് ആവശ്യപ്പെടാറാണ് വരുന്നവരുടെ പതിവ്. സ്വന്തം രാജ്യത്ത് അരക്ഷിതാവസ്ഥയുള്ള, വേട്ടയാടലുകൾ നേരിടുന്ന, സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന നിക്കരാഗ്വ, ഹോണ്ടുറസ്, ഹെയ്തി, വെനസ്വേല എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ നിന്നാണ് ആളുകളെത്തുന്നത്. എല്ലാ കാലത്തും ഇങ്ങനെയുള്ള കുടിയേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴത് വളരെയധികമാണ്. ഇതിങ്ങനെ കൂടിയത് ചൂടുപിടിച്ച ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.

യുഎസ്- മെക്സികോ ബോർഡർ
യുഎസ്- മെക്സികോ ബോർഡർ

വരുന്ന ആളുകൾക്ക് പാർപ്പിടവും മറ്റു സൗകര്യങ്ങളും നൽകണമല്ലോ. അഭയാർഥി പരിരക്ഷ അപേക്ഷിക്കുന്നവർ അതിനർഹരാണോ എന്നൊക്കെയുള്ള തീർപ്പുകളിലെത്തേണ്ട കേസുകൾ ഒരുപാട് കെട്ടിക്കിടക്കുയാണ്. ഈ പശ്ചാത്തലത്തിലാണ് ആളുകളുടെ ഒഴുക്ക് വീണ്ടും കൂടുന്നത്. ഇത് ബൈഡൻ ഭരണകൂടത്തിന്റെ കുഴപ്പമാണെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നത്. ടെക്സസ് പോലെ റിപ്പബ്ലിക്കൻ ഭരണമുള്ള സംസ്ഥാനങ്ങളിൽ നിന്ന് അവിടേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാരെ ബസിൽ കയറ്റി ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വിടുന്നു. ന്യൂ യോർക്കിലും ന്യൂജേഴ്‌സിയിലുമുള്ള ഡെമോക്രാറ്റ് മേയർമാർ പോലും തങ്ങളെക്കൊണ്ട് നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറിയെന്ന് പരാതി പറയുന്നുണ്ട്.

താമസസൗകര്യം ഇല്ലാത്തവർ പാടില്ലെന്നതാണ് ന്യൂയോർക്കിലെ നിയമം. അങ്ങനെയുള്ളവരെ ഭരണകൂടത്തിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമുകളിലാണ് താമസിപ്പിക്കുക. അവിടെയെല്ലാം നിറഞ്ഞുകവിയുന്നതിനാൽ അഭയാർഥികളായി എത്തുന്നവരെ ന്യൂയോർക്കിലെ ഹോട്ടലുകളിൽ മാസങ്ങളോളം താമസിപ്പിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അതിനുപുറമെ ഭക്ഷണം, ആരോഗ്യം എന്നിവയെല്ലാം ഭരണകൂടത്തിന്റെ ചുമതലയാണ്. അമേരിക്കയിലെ ജനങ്ങൾ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ നികുതിപ്പണം അനധികൃത കുടിയേറ്റക്കാരെ സഹായിക്കാൻ മുടക്കുന്നതിനെതിരെ വാദിക്കുന്നവർ ഒരു ഭാഗത്തുണ്ട്. . മറ്റൊരു കൗതുകകരമായ കാര്യം, ചൈനയിൽനിന്നും ഇന്ത്യയിൽ നിന്നുമുള്ള അനധികൃത കുടിയേറ്റവും വർധിച്ചിരിക്കുന്നു എന്നതാണ്.

ട്രംപ് ഇക്കാര്യത്തിൽ തീവ്രനിലപാടുകാരനാണ്. ഇത്തരത്തിൽ കുടിയേറ്റക്കാരായി എത്തുന്നവരിൽ ഭൂരിഭാഗവും മോശക്കാരാണെന്നും അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പ്രസംഗിക്കാറുണ്ട്. ഈ വിഷയം എങ്ങനെയാകും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നത് കണ്ടറിയണം. ബൈഡൻ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ കർശനമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. സംവിധാനങ്ങളൊക്കെ ശക്തമാക്കാനും ശ്രമങ്ങളുണ്ട്. എന്നാൽ റിപ്പബ്ലിക്കൻമാരെ ഒപ്പം നിർത്തിയൊരു മാറ്റം കൊണ്ടുവരാനാകുമെന്ന് തോന്നുന്നില്ല. കാരണം സർക്കാരിനെതിരെയുള്ള അവരുടെ ഒരു പ്രധാന ആയുധമാണിത്. ഈ വിഷയം ഇലക്ഷൻ കാലത്തു സജീവമായി നിലനിൽക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആവശ്യം.

വൈറ്റ് ഹൗസ് പിടിക്കാൻ വർധിത വീര്യവുമായി ട്രംപ്;
പ്രായം തളർത്തിയിട്ടും പോരാടാൻ ഉറപ്പിച്ച് ബൈഡൻ
അമേരിക്കയിലേക്ക് കടക്കാൻ ശ്രമം; കാനഡ അതിർത്തിയിൽ ഇന്ത്യക്കാർ ഉൾപ്പെടെ 8 പേർ മരിച്ചനിലയിൽ

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നിയമപരമായ കുടിയേറ്റവും പ്രശ്നത്തിലാണ്. തൊഴിൽ വിസയിലുള്ള ഏകദേശം 18 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് വേണ്ടി കാത്തുനിൽക്കുന്നത്. നിലവിലെ നിയമങ്ങൾ മാറാതെ പലർക്കും നീണ്ട വർഷങ്ങൾ കാത്തിരിപ്പ് തുടരേണ്ടി വരും.

ട്രംപിൻറെ കോടതി വ്യവഹാരങ്ങൾ

ഡൊണാൾഡ് ട്രംപ് ക്രിമിനൽ കേസുകൾ നേരിടുന്നതിനാൽ എന്തെങ്കിലുമൊരു തിരിച്ചടി ഏതെങ്കിലും സാഹചര്യത്തിൽ നേരിട്ടേക്കുമെന്ന കണക്കുകൂട്ടലിലാവണം നിക്കി ഹേലി. അതുകൊണ്ടായിരിക്കണം ട്രംപിനെക്കാൾ ഒരുപാട് പിന്നിലാണെങ്കിലും ഹേലി മത്സരങ്ങളിൽ നിന്ന് പിന്മാറാൻ കൂട്ടാക്കാത്തത്.

ട്രംപ് കോടതിയില്‍
ട്രംപ് കോടതിയില്‍

ട്രംപ് കേസുകളെ എങ്ങനെ നേരിടുമെന്നും അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ടാകുമോ എന്നൊന്നും ഇപ്പോൾ പറയാറായിട്ടില്ല. കേസുകളിൽ വിധി വരാനും അതിന് അപ്പീൽ നൽകി തീർപ്പുണ്ടാകാനുമൊക്കെ സമയമെടുക്കും. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് ഈ നടപടിക്രമങ്ങൾ പൂർത്തിയാകുമോ എന്നതിൽ വ്യക്തതയില്ല. തനത് ശൈലിയിലുള്ള പ്രകടനങ്ങളൊക്കെ ഇപ്പോഴും മുൻ പ്രസിഡന്റ് കാണിക്കുന്നുണ്ട്. ഭരണകൂടവും മുൻനിര മാധ്യമങ്ങളും ഒക്കെയടങ്ങിയ ഡീപ് സ്റ്റേറ്റ് തന്നെ കുടുക്കാൻ നോക്കുകയാണ് എന്ന് അദ്ദേഹം ആരോപിക്കുന്നു.

വിവേക് രാമസ്വാമി
വിവേക് രാമസ്വാമി

മലയാളി സാന്നിധ്യം

പാലക്കാട്ടു നിന്നു കുടിയേറിയ തമിഴ് ദമ്പതികളുടെ മകൻ വിവേക് രാമസ്വാമി ആയിരിക്കുമോ ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി എന്ന ചർച്ചകളും ഉയർന്നിട്ടുണ്ട്. ട്രംപിനെക്കാൾ തീവ്രമായി 'അമേരിക്ക ഫസ്റ്റ്' എന്ന മുദ്രാവാക്യം ഉയർത്തുന്ന വ്യക്തിയാണ് വിവേക്. ചെറുപ്പകാലത്തുതന്നെ ബിസിനസിൽ വലിയ നേട്ടമുണ്ടാക്കിയിട്ടുള്ള വിവേക് വിചിത്രമായ വാദഗതികൾ നിരത്തി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. എഫ്ബിഐ, വിദ്യാഭ്യാസ വകുപ്പ് എന്നിവയൊക്കെ പിരിച്ചുവിടണം. അനധികൃത കുടിയേറ്റം തടയാൻ അതിർത്തികളിലേക്ക് പട്ടാളത്തെ ഇറക്കണം എന്നൊക്കെയാണ് വിവേകിന്റെ വാദങ്ങൾ.

അമേരിക്കയിൽ ആര് പ്രസിഡന്റാകുമെന്നത് ലോകരാജ്യങ്ങളും ഉറ്റുനോക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുടെ തലപ്പത്തേക്ക് ട്രംപ് ഇനിയും വരുമോ എന്നതാണ് പ്രധാന ചോദ്യം. റഷ്യ - യുക്രെയ്ൻ യുദ്ധം, നാറ്റോയുടെ നിലനിൽപ്പ് ഉൾപ്പെടെയുള്ള പല വിഷയങ്ങളും അടുത്ത പ്രസിഡന്റിനെ ആശ്രയിച്ചിരിക്കും.

(ന്യൂ ജേഴ്സിയിൽ താമസിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് ലേഖിക)

logo
The Fourth
www.thefourthnews.in