തിരികെ വരൂ ലെനിൻ, നവയുഗ 
സഖാക്കൾക്ക് വഴികാട്ടാൻ 

തിരികെ വരൂ ലെനിൻ, നവയുഗ  സഖാക്കൾക്ക് വഴികാട്ടാൻ 

ഇരുപതാം നൂറ്റാണ്ടിന്റെ ലോകചരിത്രത്തിൽ 'ചരിത്ര പുരുഷൻ' എന്നു വിളിക്കാൻ യോഗ്യതയുള്ള ആരെങ്കിലുമുണ്ടെങ്കിൽ അത് റഷ്യൻ വിപ്ലവത്തിന്റെ നായകനായ വി ഐ ലെനിനാണ്. അദ്ദേഹം ഓർമയായിട്ട് ഇന്ന് ഒരു നൂറ്റാണ്ട് 

വ്ലാദിമിർ ഇല്ലിച് ലെനിന്റെ ഐതിഹാസിക ജീവിതം  ബോൾഷെവിക് വിപ്ലവത്തിന്റെ ചരിത്രം കൂടിയാണ്. രണ്ടും വേർപ്പെടുത്താനാവാത്ത വിധം അഭേദ്യം. വ്യക്തിയല്ല ചരിത്രപരവും സാമൂഹികവുമായ സന്ദർഭമാണ് ചരിത്രത്തെ സൃഷ്ടിക്കുന്നതെന്ന മാർക്സിസ്റ്റ് ചരിത്രശാസ്ത്രത്തിന്റെ നിഷ്‌കൃഷ്ട യുക്തിയെ അനുസരിക്കുന്നില്ലെങ്കിൽ ഇരുപതാം നൂറ്റാണ്ടിന്റെ വിപ്ലവചരിത്രം ലെനിൻ എന്ന വ്യക്തിയില്ലായിരുന്നുവെങ്കിൽ അപൂർണമായേനെ എന്ന് നിശ്‌ചയം അനുമാനിക്കാം. ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകമായ വികാസപ്രക്രിയക്ക് വിരുദ്ധമായി ഒരു വ്യക്തിയെ ചരിത്രത്തിനുമേൽ അതിനിർണയിക്കുകയാണെന്നു വാദിക്കാം. പ്രസ്തുത വാദത്തെ തള്ളിക്കളയേണ്ടതില്ലെങ്കിലും ചരിത്രത്തിന്റെ ചില സവിശേഷ ഘട്ടങ്ങളിൽ വ്യക്തികൾ നടത്തുന്ന കൃത്യതയാർന്ന ഇടപെടലുകൾ വിപ്ലവകരമായ മാറ്റങ്ങളെ അനിവാര്യമാക്കുന്നതാണ്. 

അങ്ങനെയുള്ള വ്യക്തികളെയാണ് ചരിത്ര വ്യക്തിത്വങ്ങൾ എന്നു വിളിക്കുന്നത്. ലെനിന്റേത് ചരിത്ര വ്യക്തിത്വമായിരുന്നു. കുറച്ചുകൂടി പഴയൊരു ഭാഷയിൽ വിശേഷിപ്പിച്ചാൽ ഇരുപതാം നൂറ്റാണ്ടിന്റെ ലോകചരിത്രത്തിൽ 'ചരിത്ര പുരുഷൻ' എന്നു വിളിക്കാൻ യോഗ്യതയുള്ള ആരെങ്കിലുമുണ്ടെങ്കിൽ അത് തീർച്ചയായും വ്ലാദിമിർ ഇല്ലിച് ഉല്യാനോവ് എന്ന ലെനിനാണ്. ലെനിൻ എന്നത് ഉല്യാനോവ് സ്വീകരിച്ച തൂലിക നാമമാണ്. ഈ വ്യക്തി വിശേഷണമൊക്കെ കമ്യൂണിസ്റ്റുകൾക്ക് വർജ്യമായതാണെങ്കിലും ഏകാധിപത്യ പ്രവണതകളുള്ള നേതൃത്വത്തെ  അതാതു കാലങ്ങളിൽ ന്യായീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾ ഇതു വ്യാപകമായി ഉപയോഗപ്പെടുത്തിയിട്ടുള്ളതുമാകുന്നു. "വ്യക്തി പൂജ" എന്ന സവിശേഷ ആരാധനാക്രമത്തിന്റെ പരിധിയിൽ വരില്ലേ 'ലെനിൻ ആരാധന' എന്ന ചോദ്യത്തിനുള്ള ഉത്തരം നമ്മെ നയിക്കുക ലെനിന്റെ പാർട്ടി സങ്കല്പത്തിലേക്കും പാർട്ടിയെ ലെനിൻ എന്തിനുവേണ്ടിയുള്ള ഉപാധിയായാണ് കണ്ടിരുന്നതെന്നുമുള്ള ചരിത്രാത്മകമായ വസ്തുതകളിലേക്കുമാണ്. 

ഭൂമിയിൽ കെട്ടിപ്പടുക്കാവുന്ന സാങ്കല്പിക സ്വർഗങ്ങളായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ വിപ്ലവപ്രസ്ഥാനങ്ങളുടെയും വിപ്ലവകാരികളുടെയും മനസ്സുകളിൽ നിറയെ

പത്തൊൻപതാം നൂറ്റാണ്ടോടെ ലോകവിപ്ലവത്തെക്കുറിച്ചുള്ള ബഹുവിധമായ ആശയങ്ങൾ രാഷ്ട്രീയാന്തരീക്ഷത്തിൽ ഏറ്റുമുട്ടിക്കൊണ്ടിരുന്നു. യൂറോപ്പായിരുന്നു ഈ സംഘർഷത്തിന്റെ ഭൂമിക. രാജഭരണാധികാരം ജനാധിപത്യപരമായ പ്രതിനിധാനങ്ങൾക്ക് വഴിമാറിക്കൊടുക്കണമെന്നുള്ള ആവശ്യം എവിടെയും മാറ്റൊലിക്കൊണ്ടു. രാഷ്ട്രീയ പരമാധികാരത്തിന്റെ സ്വഭാവമെന്തായിരിക്കണമെന്ന പരിമിതമായ ദർശനത്തിൽനിന്നും എത്രയോ വിശാലമായ വീക്ഷണകോണിൽ മനുഷ്യവിമോചനത്തെക്കുറിച്ചുള്ള ഗംഭീരങ്ങളായ ആശയങ്ങൾ ഉരുവംകൊണ്ടു. രാഷ്ട്രീയ പരമാധികാരമല്ല മനുഷ്യവിമോചനത്തെ ആത്യന്തിക ലക്ഷ്യമാക്കിക്കൊണ്ട് ആശയസമരങ്ങളുടെ മുൻനിരയിലേക്ക് കമ്യൂണിസം സ്ഥാനമുറപ്പിച്ചു.

 1848 കാലത്തിൽ ഫ്രഞ്ച് വിപ്ലവത്തേക്കാൾ തീവ്രമായി സാമൂഹ്യവിമോചനത്തിന്റെ അനിവാര്യത ലക്ഷ്യമാക്കിക്കൊണ്ട് യൂറോപ്പിൽ വിപ്ലവമുന്നേറ്റങ്ങൾ അരങ്ങേറി. ഇതിൽ ചരിത്രപരമായി ഏറ്റവും [പ്രസക്തമായത് പാരീസ് കമ്യൂൺ തന്നെ. തൊഴിലാളികൾ ഉയർത്തിയ ബാരിക്കേഡ് പുതിയൊരു ലോകപിറവിയെ ഉദ്ഘോഷിച്ചു. ഇതിനുശേഷം രണ്ടു നൂറ്റാണ്ട് രാഷ്ട്രീയതലത്തിൽ ഒട്ടനവധി അനുഭവങ്ങളിലൂടെ കടന്നുപോയ ലോകജനത പക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പാരീസ് കമ്യൂൺ ദർശിച്ചപോലെ ഒരു വിമോചിതവും ജനാധിപത്യപരവുമായ സാമൂഹിക വ്യവസ്ഥയെ ദിവാസ്വപ്നമായി പോലും കാണുന്നില്ലെന്നതാണ് യാഥാർഥ്യം. ജനാധിപത്യത്തിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനത തിരിച്ചറിയുന്നുണ്ടെങ്കിലും വിമോചനത്തിന്റെ ഉട്ടോപിയൻ പരീക്ഷണങ്ങളോട് പൊതുവേ പരാങ്മുഖത്വമാണ് എവിടെയും.

പാരീസ് കമ്യൂൺ
പാരീസ് കമ്യൂൺ

എന്നാൽ ഭൂമിയിൽ കെട്ടിപ്പടുക്കാവുന്ന സാങ്കല്പിക സ്വർഗങ്ങളായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ വിപ്ലവപ്രസ്ഥാനങ്ങളുടെയും വിപ്ലവകാരികളുടെയും മനസ്സുകളിൽ നിറയെ. പാരീസ് കമ്യൂൺ ഇതിന്റെ സൃഷ്ടിയാണ്. പാരീസ് കമ്യൂൺ സ്ഥാപിതമായശേഷം എഴുപത്തിയൊന്നാം ദിവസം തൊഴിലാളിമുന്നേറ്റം മൃഗീയമായി  അടിച്ചമർത്തപ്പട്ടു. മാർക്‌സും ഏംഗൽസും ചരിത്രപരമായ ഭൗതികവാദ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സവിസ്തരം വിപ്ലവത്തെയും പ്രതിവിപ്ലവത്തെയും വിശകലനം ചെയ്യുന്നുണ്ട്. പാരീസ് കമ്യൂൺ രണ്ടു പാഠങ്ങളാണ് പ്രധാനമായും തൊഴിലാളി വിമോചനപ്രസ്ഥാനങ്ങൾക്ക് നൽകിയത്. ഒന്ന്, പഴയ ഭരണക്രമത്തെ (ancient regime) സംഘടിത മുന്നേറ്റത്തിലൂടെ തൂത്തെറിയാൻ കഴിയും. രണ്ട്, പുതുതായി സ്ഥാപിച്ച അധികാരവ്യവസ്ഥ സുസ്ഥിരമാക്കാൻ ദൃഢമായ സംഘടനാരൂപം വേണം. ഉട്ടോപ്പിയയ്ക്കുപകരമായി ശാസ്ത്രീയ സോഷ്യലിസ്റ്റ് ലോകവീക്ഷണം വിപ്ലവപ്രസ്ഥാനങ്ങളെ  പ്രചോദിപ്പിച്ചു. 

പാരീസ് കമ്യൂണിന്റെ തകർച്ചയിൽനിന്നാണ് കമ്യൂണിസ്റ്റ് സംഘടനാ രൂപത്തെക്കുറിച്ചുള്ള ആലോചനകൾ കൂടുതൽ മൂർത്തരൂപം നേടുന്നത്. അയഞ്ഞ ഘടനയിൽനിന്ന് കൂടുതൽ സംഘടിതമായ ഘടനയുടെ അനിവാര്യതയാണ് ബോധ്യമായത്. ഇതിനൊപ്പം തൊഴിലാളിവർഗ സർവാധിപത്യം എന്ന ആശയത്തിന്റെ പ്രയോഗരൂപം എന്തായിരിക്കണമെന്നുള്ള ഗൗരവമായ അന്വേഷണങ്ങൾക്ക് ദിശാബോധം ലഭിക്കുകയുണ്ടായി. പാരീസ് കമ്യൂണിന്റെ ഘട്ടം കഴിയുന്നതോടെ അന്താരാഷ്ട്ര തൊഴിലാളി പ്രസ്ഥാനത്തിൽ മാർക്സിന്റെയും ഏംഗൽസിന്റെയും ആശയങ്ങൾക്കും നിലപാടുകൾക്കും പ്രാമുഖ്യം ലഭിക്കാൻ തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ട് അവസാനത്തോടെ മാർക്സിസ്റ്റ് ബ്രാൻഡ് കമ്യൂണിസം മേൽക്കൈ നേടി.

അലക്‌സാണ്ടർ ഉല്യാനോവ് (ലെനിന്റെ മൂത്ത ജ്യേഷ്ഠൻ)
അലക്‌സാണ്ടർ ഉല്യാനോവ് (ലെനിന്റെ മൂത്ത ജ്യേഷ്ഠൻ)

സാമൂഹ്യപരിവർത്തനത്തിന്റെ അനിവാര്യതയെ സംബന്ധിച്ച് വിപ്ലവപ്രസ്ഥാനങ്ങൾക്ക് മാത്രമല്ല രാജഭരണാധികാരത്തിനും സംശയങ്ങളുണ്ടായിരുന്നില്ല. ആസന്നമായ വിപ്ലവത്തെ പ്രതിരോധിക്കാൻ ഏത്  അടിച്ചമർത്തൽ മാർഗവും സ്വീകരിക്കാമെന്ന നിലപാടായിരുന്നു യൂറോപ്പിലെ രാജഭരണാധികാരങ്ങൾക്ക്. യൂറോപ്പിൽതന്നെ വിപ്ലവകാരികൾക്കെതിരെ ഏറ്റവും ഭീകരമുറകൾ നടപ്പാക്കിയത് റഷ്യയിലെ സാർ ചക്രവർത്തിയായിരുന്നു. റഷ്യയിൽ സാഹസികരായ വിപ്ലവകാരികളുടെ നേതൃത്വത്തിൽ തീവ്ര വിപ്ലവപ്രസ്ഥാനങ്ങൾ രൂപംകൊണ്ടു. എന്നാൽ ഈ പ്രസ്ഥാനങ്ങളൊക്കെ രഹസ്യ സ്വഭാവത്തിലുള്ളതായിരുന്നു, ബഹുജന പ്രസ്ഥാനങ്ങളായിരുന്നില്ല. റഷ്യയിലെ കർഷക പ്രസ്ഥാനമായ നരോദനിക്കുകൾ നിഗൂഢ പ്രവർത്തനങ്ങളിലൂടെയാണ് വിപ്ലവം നടത്താൻ പരിപാടിയിട്ടത്. സാർ ഭരണകൂടം കൂടുതൽ നിഷ്ഠൂരമാവുകയും രഹസ്യ പോലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തു. ലെനിന്റെ മൂത്ത ജ്യേഷ്ഠൻ അലക്‌സാണ്ടർ ഉല്യാനോവ്, സാറിനെതിരായ വിപ്ലവപ്രവർത്തനത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്ത വിപ്ലവകാരിയാണ്. പന്ത്രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന ലെനിന്റെ  മനസ്സിൽ താൻ ആരാധനയോടെ കണ്ടിരുന്ന ജ്യേഷ്ഠന്റെ വധശിക്ഷ തീരാനോവായി അവശേഷിച്ചു.

"എന്ത് ചെയ്യണം" ഒരേസമയം ഔദ്യോഗിക മാർക്സിസത്തിന്റെ തിരസ്‌ക്കാരമാണ് അതേസമയം ഇരുപതാം നൂറ്റാണ്ടിലേക്കുള്ള മാർക്സിസത്തിന്റെ വിപ്ലവ പാതയുടെ ഉദ്‌ഘാടനവുമാണ്. സാമ്പത്തികമാത്രവാദത്തെയും (Economism) ട്രേഡ് യൂണിയനിസത്തെയും ലെനിൻ പൂർണമായും തിരസ്കരിക്കുന്നു,  നൈസർഗികതയ്‌ക്കു (Spontaneity) പ്രാധാന്യം കൊടുത്തുക്കൊണ്ടുള്ള  വിപ്ലവപ്രവർത്തനത്തെ നിരാകരിച്ചുക്കൊണ്ട് ജനാധിപത്യ കേന്ദ്രീകരണത്തിനു ശ്രേണീപരമായി പ്രാമുഖ്യം നല്കുന്ന പ്രഫഷണൽ വിപ്ലവകാരികളുടെ സംഘടനാ രൂപത്തെയാണ് ലെനിൻ നിർദേശിക്കുന്നത്. ലെനിനിസ്റ്റ് സംഘടനാ രൂപമായി ഇതു രൂപാന്തരപ്പെടുന്നു.
'എന്ത് ചെയ്യണം' എന്ന ലെനിൻ്റെ ലഘുലേഖയുടെ കവർ
'എന്ത് ചെയ്യണം' എന്ന ലെനിൻ്റെ ലഘുലേഖയുടെ കവർ

ലെനിനിലെ വിപ്ലവകാരിയെ ഉണർത്തിയ സംഭവം കൂടിയാകണം ഇത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസ ഘട്ടത്തിൽ പ്രശ്നങ്ങൾ ലെനിൻ നേരിടുന്നുണ്ട്. എങ്കിലും വിപ്ലവരാഷ്ട്രീയത്തിലേക്ക് മുഴുകുന്നത് അല്പംകൂടി കഴിഞ്ഞാണ്. സാർ ഭരണത്തോടുള്ള വിദ്വേഷം ലെനിനിൽ ഒരിക്കലും അവസാനിച്ചില്ല. വിപ്ലവത്തിന് അരാജകമായ മാർഗമോ അവ്യവസ്ഥിതമായ സംഘടനാ രൂപമോ മതിയാകില്ലെന്ന് ലെനിൻ ഔദ്യോഗിക (ലീഗൽ) മാർക്സിസ്റ്റുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ തിരിച്ചറിഞ്ഞു. റഷ്യൻ മാർക്സിസ്റ് ആചാര്യനായ പ്ലഹനോവുമായി ലെനിൻ അടുക്കുന്നത് ഈ ഘട്ടത്തിലാണ്. അതോടെ പൂർണമായും വിപ്ലവ പ്രവർത്തനത്തിലേക്ക് ലെനിൻ തിരിയുകയായിരുന്നു. ലെനിന്റെ രാഷ്ട്രീയജീവിതത്തിൽ  വഴിത്തിരിവുണ്ടാകുന്നത് 1902 -ലെ "എന്തു ചെയ്യണം" എന്ന ലഘുലേഖയുടെ പ്രസിദ്ധീകരണത്തോടയാണ്.  തനിക്ക് വളരെ പ്രിയപ്പെട്ട നിക്കോളായ് ചെർണിവെസ്‌കിയുടെ  "What is to be Done?" എന്ന നോവലിന്റെ പേരാണ് ലെനിൻ ലഘുലേഖയ്ക്ക് സ്വീകരിച്ചത്. ലെനിന്റെ ഈ രചന മാർകിസ്റ്റ് പാഠാവലികളിൽ സുപ്രധാന സ്ഥാനമുള്ള ഒന്നാണ്. ലെനിനിസത്തിലേക്ക് മാർക്സിസം വികസ്വരമാകുന്നതിൽ ഒരു നിർണായക സന്ധിയാണ്  ഈ രചന. 

ലെനിനിസ്റ്റ് സങ്കല്പത്തിലെ സംഘടന പ്രവർത്തനത്തിന്റെ സവിശേഷത എന്തെന്നാൽ പാർട്ടിയിൽ അംഗത്വം സ്വീകരിക്കുന്നതോടെ വ്യക്തിയുടെ അഹംഭാവം പാർട്ടിക്ക് കീഴപ്പെടുന്നുവെന്നതാണ്. പാർട്ടി, വ്യക്തിയേക്കാൾ പ്രാധാന്യമുള്ളതാകുന്നു

"എന്ത് ചെയ്യണം" ഒരേസമയം ഔദ്യോഗിക മാർക്സിസത്തിന്റെ തിരസ്‌ക്കാരമാണ് അതേസമയം ഇരുപതാം നൂറ്റാണ്ടിലേക്കുള്ള മാർക്സിസത്തിന്റെ വിപ്ലവപാതയുടെ ഉദ്‌ഘാടനവുമാണ്. സാമ്പത്തികമാത്രവാദത്തെയും (Economism) ട്രേഡ് യൂണിയനിസത്തെയും ലെനിൻ പൂർണമായും തിരസ്കരിക്കുന്നു,  നൈസർഗികതയ്‌ക്കു (Spontaneity) പ്രാധാന്യംക്കൊടുത്തുക്കൊണ്ടുള്ള  വിപ്ലവപ്രവർത്തനത്തെ നിരാകരിച്ചുക്കൊണ്ട് ജനാധിപത്യ കേന്ദ്രീകരണത്തിനു ശ്രേണീപരമായി പ്രാമുഖ്യം നല്കുന്ന പ്രഫഷണൽ വിപ്ലവകാരികളുടെ സംഘടനാരൂപത്തെയാണ് ലെനിൻ നിദർശിക്കുന്നത്. ലെനിനിസ്റ്റ് സംഘടനാ രൂപമായി ഇതു രൂപാന്തരപ്പെടുന്നു. ഇതേ ലെനിൻ തന്റെ നിലപാടുകളെ അംഗീകരിക്കാത്തതിന്റെ പേരിൽ കൗൺസിൽനിന്ന് ഇറങ്ങിപ്പോകുന്നുമുണ്ട്.  ലെനിന്റെ പാർട്ടി സങ്കൽപ്പം വ്യവസ്ഥാപിത സ്വഭാവമാർജിക്കുകയും ഈ ഘടന കമ്യൂണിസ്റ്റ് പാർട്ടികളുടെ നിയത ഘടനയായി ലോകമെങ്ങും പരക്കുകയും ചെയ്തു.

സാർ ചക്രവർത്തിയുടെ രാജാധിപത്യം നിലനിൽക്കുന്ന കാലത്തു റഷ്യൻ രഹസ്യ പോലീസ് രാഷ്ട്രീയ പ്രവർത്തകർക്കെതിരെയും വിപ്ലവകാരികൾക്കെതിരെയും അതിനിഷ്ഠൂരമായ മുറകൾ നടപ്പാക്കിയിരുന്ന ഒരു രാഷ്ട്രീയ കാലയളവിൽ ചരിത്രപരമായ മുന്നേറ്റത്തിനും സായുധകലാപത്തിനും അനുയോജ്യമാകുന്നവിധം രൂപപ്പെടുത്തതാണ് ലെനിനിസ്റ്റ് എന്ന് സ്റ്റാലിന്റെ കാലം മുതൽ വിളിക്കാൻ തുടങ്ങിയ ഈ സംഘടന രൂപം. സ്റ്റാലിനാണ് ലെനിനിസത്തെ വ്യവസ്ഥാപിതമായ ഒരു സംഹിതയാക്കി മാറ്റുന്നത്. "ഫൗണ്ടേഷൻ ഓഫ് ലെനിനിസം" എന്ന പുസ്തകം ആദ്യകാല കമ്യൂണിസ്റ്റുകളുടെ പാഠപുസ്തകമാണ്. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗം ലെനിന്റെ കാഴ്ചപ്പാടിൽ സംയുക്തമായ നേതൃത്വമാണ് (Collective Leadership). കമ്യൂണിസ്റ്റ് എന്ന പേരിലറിയപ്പെടുന്ന ഏതു ലെനിനിസ്റ്റ് പാർട്ടിയും അവകാശപ്പെടുന്നത് സംയുക്ത നേതൃത്വമാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എന്നാണ്. ലെനിന്റെ പാർട്ടി സങ്കൽപം നവീനമായൊരു സംഘാടന ഭാവനയും മുന്നോട്ടുവെയ്ക്കുന്നു. വിപ്ലവത്തിനായി പ്രതിജ്ഞാബദ്ധമായ വ്യക്തിത്വങ്ങളാണ് പാർട്ടി നേതൃത്വത്തിലും പാർട്ടി ശ്രേണികളിലുമുണ്ടായിരിക്കുക എന്നാണ് ലെനിൻ വിഭാവനം ചെയ്തത്. ഇവർ തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിനിധികൾ മാത്രമാണ്. യഥാർത്ഥത്തിൽ തൊഴിലാളി വർഗ്ഗത്തിൽ നിന്നുമുയർന്നുവന്നരാകണമെന്നില്ല. ലെനിൻ തന്നെയാണ് മാതൃക. ലെനിനിസ്റ്റ് സങ്കല്പത്തിലെ സംഘടന പ്രവർത്തനത്തിന്റെ സവിശേഷത എന്തെന്നാൽ പാർട്ടിയിൽ അംഗത്വം സ്വീകരിക്കുന്നതോടെ വ്യക്തിയുടെ അഹംഭാവം പാർട്ടിക്ക് കീഴപ്പെടുന്നുവെന്നതാണ്. പാർട്ടി, വ്യക്തിയേക്കാൾ പ്രാധാന്യമുള്ളതാകുന്നു. ലെനിന്റെ ഈ സങ്കൽപനത്തിൽ വ്യതിയാനമുണ്ടാകുന്നത് സ്റ്റാലിൻ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയാകുന്നതോടെയാണ്.

ലെനിൻ, സ്റ്റാലിൻ, ട്രോട്സ്കി
ലെനിൻ, സ്റ്റാലിൻ, ട്രോട്സ്കി

ലെനിന്റെ വ്യക്തിപ്രഭാവം ഒരു നിർമിതിയുമായിരുന്നില്ല; മാവോയുടെ വ്യക്തിപ്രഭാവവും അങ്ങനെ തന്നെ. എന്നാൽ ഒന്നാം തലമുറ ബോൾഷെവിക് വിപ്ലവകാരിയായിരുന്നെങ്കിലും സ്റ്റാലിൻ വ്യക്തിപ്രഭാവത്തിനു ഊന്നൽ നൽകുകയുണ്ടായി

ജനാധിപത്യ കേന്ദ്രീകരണത്തിന്റെ മാനദണ്ഡങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ വ്യക്തിയുടെ അഹംഭാവത്തിനു പാർട്ടി കീഴ്‌പ്പെടുകയെന്ന അവസ്ഥയാണ് സംജാതമായത്. ലെനിനിസ്റ്റ് സംഘടനയുടെ വൈരുദ്ധ്യാത്മക ഘടനയുടെ പ്രത്യേകതയാണ് ഇത്. സംയുക്ത നേതൃത്വം വിപ്ലവ പ്രവർത്തനങ്ങൾ നിർണയിക്കുമെന്ന നിലപാടിൽനിന്ന് അധികാര ലബ്ധിയോടെ പാർട്ടിയുടെ ഉന്നത നേതൃത്വത്തിലുള്ള വ്യക്തിയിലേക്ക് അധികാരം സങ്കോചിക്കുകയും പ്രസ്തുത വ്യക്തിയുടെ അഹംഭാവത്തിനു സംഘടന വിധേയപ്പെടുകയും ചെയ്യുന്നു. ഉൾപാർട്ടി സമരമൊക്കെ ലെനിനിസ്റ്റ് സംഘടന രീതികളിൽ പ്രധാനമാണെങ്കിലും വ്യക്തിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതോടെ ഉൾപാർട്ടി അഭിപ്രായ വ്യത്യാസങ്ങൾ നിശബ്ധമാക്കപ്പെടുന്നു. ഭയം സംഘടനാ തലത്തിലെങ്ങും വ്യാപിക്കുന്നു.

ലെനിൻ ഒരിക്കലും തന്റെ വ്യക്തിപ്രഭാവം സഖാക്കൾക്കുമേൽ അടിച്ചേൽപ്പിച്ചില്ലെന്ന് ട്രോട്സ്‌കി ലെനിനെക്കുറിച്ചുള്ള ഓർക്കുറിപ്പിൽ പറയുന്നുണ്ട്. ലെനിൻ ശക്തമായി അഭിപ്രായവ്യത്യാസങ്ങൾ നിലനിർത്തുകയും  തന്റെ വാദങ്ങൾ നടപ്പാക്കാൻ വേണ്ടി നിലകൊള്ളുകയും ചെയ്തു. എന്നാൽ, എതിർത്തവരെ നിഷ്‌കാസനം ചെയ്യുന്ന പ്രവർത്തനം ഒരിക്കലും ലെനിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. മാർക്സിസ്റ്റ് വിപ്ലവമാർഗത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് ലെനിനുണ്ടായിരുന്നത്. വിപ്ലവമെന്ന ലക്ഷ്യത്തിൽ വ്യക്തിഗതമായ ഒരു നേട്ടവും ലെനിൻ കണ്ടിരുന്നില്ല. മാത്രമല്ല, ലെനിന്റെ വ്യക്തിപ്രഭാവം ഒരു നിർമിതിയുമായിരുന്നില്ല; മാവോയുടെ വ്യക്തിപ്രഭാവവും അങ്ങനെ തന്നെ. എന്നാൽ ഒന്നാം തലമുറ ബോൾഷെവിക് വിപ്ലവകാരിയായിരുന്നെങ്കിലും സ്റ്റാലിൻ വ്യക്തിപ്രഭാവത്തിനു ഊന്നൽ നൽകുകയുണ്ടായി. 

എലേന സ്റ്റാസോവ ലെനിനൊപ്പം
എലേന സ്റ്റാസോവ ലെനിനൊപ്പം

ബോൾഷെവിക് കലാപത്തിനു (Insurgency) തൊട്ടുമുമ്പ് ബോൾഷെവിക് വിഭാഗത്തിന്റെ സെക്രട്ടറി എലേന സ്റ്റാസോവയായിരുന്നു. ബോൾഷെവിക്ക് ചരിത്രത്തിലെ ഏക വനിത സെക്രട്ടറി. ലെനിന്റെ കാലത്തെ സെക്രട്ടറി. എങ്കിലും വിപ്ലവനാന്തരം അവർ കേന്ദ്ര കമ്മിറ്റിയിൽനിന്ന് നീക്കപ്പെട്ടു. സ്റ്റാലിന്റെ ഭരണകാലത്ത് അവർ കേന്ദ്ര കമ്മിറ്റിയിൽ തുടർന്നെങ്കിലും എലേന സ്റ്റസൊവയോട് സ്റ്റാലിന് നീരസമായിരുന്നു. സ്റ്റാലിൻ വധിച്ച ബുഖാറിൻ ഉൾപ്പെടെയുള്ള ബോൾഷെവിക് ഒന്നാം തലമുറ നേതൃത്വനിരയെ ലെനിൻ തുല്യ നിലയ്ക്കാണ് കണ്ടിരുന്നതെന്നു പറഞ്ഞതിന്റെ പേരിലായിരുന്നു ആ ഇഷ്ടക്കേട്.  ബ്രെഷ്നേവിന്റെ ഭരണകാലത്താണ് എലേന സ്റ്റെസോവ മരണപ്പെടുന്നത്. സ്റ്റാലിൻ വിചാരണ നടത്തി വധശിക്ഷയ്ക്ക് വിധിച്ച നിക്കോളായ് ബുഖാറിന്റെ പേര് രാജ്യദ്രോഹികളുടെ പട്ടികയിൽനിന്ന് മാറ്റി പാർട്ടി നേതൃത്വസ്ഥാനത്തേക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടൊരാൾ എലേന സ്റ്റെസോവയായിരുന്നു.

ലെനിൻ എല്ലാ സഖാക്കളെയും തുല്യനിലയിലായിരുന്നു കണ്ടിരുന്നത് എന്നത് പ്രധാന കാര്യമാണ്. അധികാരവടംവലിയിൽ തന്റെ പ്രമാണിത്തം ഉറപ്പാക്കാൻ ബോൾഷെവിക് വിപ്ലവത്തിലെ ഒന്നാം തലമുറയിലെ ഒന്നാംനിര നേതാക്കളെ മുഴുവൻ ഉന്മൂലനം ചെയ്യേണ്ടത് സ്റ്റാലിന്റെ ആവശ്യമായിരുന്നു. ഉൾപാർട്ടി സമരങ്ങളെ ഭയന്ന സ്റ്റാലിൻ ജനാധിപത്യ കേന്ദ്രീകരണം ഉപയോഗിച്ചാണ് വ്യത്യസ്ത ശബ്ദങ്ങളെ അമർച്ച ചെയ്തത്. ജോസഫ് സ്റ്റാലിനു പറ്റിയ വലിയ പിശകും അതായിരുന്നു. ബോൾഷെവിക് വിപ്ലവത്തിന്റെ ഒന്നാംനിര നേതാക്കളെ മുഴുവനായും അമർച്ച ചെയ്തു സർവാധികാരിയായ സ്റ്റാലിൻ നേതൃത്വനിരയിലേക്ക് കൊണ്ടുവന്നത് യൂത്ത് ലീഗിലൂടെ കരിയർ നിർമിക്കാൻ അഭിലഷിച്ച അധികാരക്കൊതിമൂത്ത നേതൃത്വത്തെയാണ്. ലവരെന്റി ബേറിയ മുതൽ ക്രൂഷ്‌ചേവും പിന്നീട് പാർട്ടി സെക്രട്ടറിയായ ബ്രെഷ്നേവും കരിയർ രാഷ്ട്രീയക്കാരായിരുന്നു. ജനകീയ നേതാക്കളെയല്ല, പാർട്ടി ഉദ്യോഗസ്ഥ വൃന്ദത്തെയാണ് സ്റ്റാലിൻ വളർത്തിക്കൊണ്ടുവന്നത്. 

സ്റ്റാലിന് ശരിക്കും അധികാര ഭ്രാന്ത് (Paranoia) ബാധിക്കുന്നത് അധികാരത്തിൽ വന്ന് ഒരു ദശകം കഴിഞ്ഞിട്ടാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധയോടെ കേട്ട് അവധാനതയോടെ തീരുമാനമെടുത്തിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു ആദ്യകാല സ്റ്റാലിന്

ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനകൾ പോലും അന്ന് നിലവിൽ വന്നിട്ടില്ലെന്ന് ഓർക്കണം. ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗം കോളനികളായിരുന്നു, കോളനികളിൽ വിമോചന പോരാട്ടങ്ങൾ നടക്കുകയായിരുന്നു. ദേശീയ വിമോചനത്തെക്കുറിച്ചുള്ള ലെനിന്റെ തീസിനു ബദലായുള്ള എം എൻ റോയിയുടെ തീസിസ് പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കാൻ ലെനിൻ തന്നെ അംഗീകാരം നൽകി. ദേശീയ വിമോചനത്തിനായുള്ള വ്യത്യസ്ത പാതകൾ സ്വീകരിക്കുന്നതിനെ ലെനിൻ അനുകൂലിച്ചിരുന്നുവെന്നുവേണം അനുമാനിക്കാൻ. പ്രതിനിധാന ജനാധിപത്യത്തെക്കുറിച്ചും ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും പരിമിതമായ അനുഭവം മാത്രമേ അന്നത്തെ ലോകജനതയ്‌ക്കുള്ളൂ.

ലെനിൻ മാർക്സിസ്റ്റ് വിപ്ലവകാരികളെയും ധൈഷണികമായി ഉന്നത നിലവാരം പുലർത്തിയിരുന്നവരെയും ബോൾഷെവിക് നേതൃത്വനിരയിലേക്ക് ആകർഷിച്ചെങ്കിൽ ഇതിനു നേർ വിപരീതമായാണ് സ്റ്റാലിൻ കരിയർ രാഷ്ട്രീയക്കാരെ നേതൃത്വസ്ഥാനങ്ങളിലേക്ക് അവരോധിച്ചത്. ലെനിനുമായി ഒരുഘട്ടത്തിൽ അകന്നിരുന്ന ട്രോട്സ്കിയെ ലെനിൻ തിരികെകൊണ്ടുവന്നു. സ്റ്റാലിന് മുമ്പ് ലെനിൻ വിപ്ലവാനന്തര കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ തിരഞ്ഞെടുത്തത് അസാധാരണ ബുദ്ധിശേഷിയുള്ള യാകോവ് സ്വേർദലോവിനെയാണ്. യാകോവ് സ്വേർദലോവിന്റെ അകാലത്തിലുള്ള മരണമാണ് അധികാരം വൈകാതെ സ്റ്റാലിനിലേക്കെത്താനുള്ള കാരണം. സ്റ്റാലിന് ശരിക്കും അധികാര ഭ്രാന്ത് (Paranoia) ബാധിക്കുന്നത് അധികാരത്തിൽ വന്ന് ഒരു ദശകം കഴിഞ്ഞിട്ടാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധയോടെ കേട്ട് അവധാനതയോടെ തീരുമാനമെടുത്തിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു ആദ്യകാല സ്റ്റാലിന്. 

സ്റ്റാലിൻ
സ്റ്റാലിൻ

ലെനിന്റെ പാർട്ടി സങ്കൽപ്പം സാർ ചക്രവർത്തിയുടെ നിഷ്ഠൂരമായ രാജവാഴ്ചയെ അധികാര ഭ്രഷ്ടമാക്കാൻ വേണ്ടി കൂടിയുള്ളതായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന ലോകസാഹചര്യമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ  തുടക്കത്തിലുള്ളത്. ലെനിൻ തന്നെ വിപ്ലവാനന്തരം പരീക്ഷണങ്ങൾക്ക് തയ്യാറായിരുന്നു. യുദ്ധകാല കമ്മ്യൂണിസവും പുത്തൻ സാമ്പത്തിക നയവും (NEP) സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനായി പുത്തൻ പരീക്ഷണങ്ങളുടെ മാർഗം അവലംബിച്ചതിന്റെ ഭാഗമായിരുന്നു. വിപണിയെ പൂർണമായും നിരാകരിച്ചിരുന്നില്ല. തുടക്കത്തിൽ ഇതര രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. സോവിയറ്റുകൾക്കായിരുന്നു പരമാധികാരം. കാർഷിക പരിഷ്‌കാരങ്ങൾ നല്ല ഫലം കണ്ടിരുന്നു. അന്താരാഷ്ട്ര വിപ്ലവ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്കും ദേശീയ സ്വയം നിർണയകാവകാശത്തിനും പ്രാമുഖ്യവും നൽകി.  ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനകൾ പോലും അന്ന് നിലവിൽ വന്നിട്ടില്ലെന്ന് ഓർക്കണം.

തിരികെ വരൂ ലെനിൻ, നവയുഗ 
സഖാക്കൾക്ക് വഴികാട്ടാൻ 
ചരിത്രവും ആർക്കിയോളജിയും പറയുന്ന ബാബരി മസ്ജിദിൻ്റെ കഥ

ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗം കോളനികളായിരുന്നു, കോളനികളിൽ വിമോചന പോരാട്ടങ്ങൾ നടക്കുകയായിരുന്നു. ദേശീയ വിമോചനത്തെക്കുറിച്ചുള്ള ലെനിന്റെ തീസിനു ബദലായുള്ള എം എൻ റോയിയുടെ തീസിസ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ ലെനിൻ തന്നെ അംഗീകാരം നൽകി. ദേശീയ വിമോചനത്തിനായുള്ള വ്യത്യസ്ത പാതകൾ സ്വീകരിക്കുന്നതിനെ ലെനിൻ അനുകൂലിച്ചിരുന്നുവെന്നുവേണം അനുമാനിക്കാൻ. പ്രതിനിധാന ജനാധിപത്യത്തെക്കുറിച്ചും ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും പരിമിതമായ അനുഭവം മാത്രമേ അന്നത്തെ ലോകജനതയ്‌ക്കുള്ളൂ. ജനാധിപത്യത്തെക്കുറിച്ചുള്ള പുത്തൻ കാഴ്ചപ്പാടുകളും വെസ്റ്റ് മിനിസ്റ്റർ മാതൃകയിലല്ലാത്ത ജനാധിപത്യ ഘടനളുടെ പ്രയോഗ രൂപങ്ങളെക്കുറിച്ചുള്ള ആശയങ്ങളും വളരെ പ്രാധാന്യം നേടുന്ന കാലമാണ് നമ്മുടേത്. ഒപ്പം തന്നെ സാങ്കേതിക വിദ്യകൾ ജനാധിപത്യത്തെ കൂടുതൽ ദൃഢവും ആഴമുള്ളതുമാക്കുന്ന ഈക്കാലത്തു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ സവിശേഷ സന്ദർഭത്തിൽ രൂപംകൊണ്ട ലെനിനിസ്റ്റ് സംഘടന രീതി പ്രസക്തമാണോയെന്ന് ഗൗവരമായി ചിന്തിക്കേണ്ടതുണ്ട്.

വർഗസമരത്തിൽ വെള്ളം മുക്കിയൊഴിക്കുകയും ബുർഷ്വാവൽക്കരിക്കപ്പെടുകയും ചെയ്ത ഇന്നത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ സംഘടനാ കാര്യത്തിൽ മാത്രം റിവിഷനിസം പറയുന്നത് വിരോധാഭാസമാണ്. സോഷ്യൽ ഡെമോക്രസിക്ക് പ്രാധാന്യം നല്‍കുന്ന വിധം ലെനിനിസ്റ്റ് പാർട്ടികൾ മാറേണ്ടതുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികളായി നിലക്കൊണ്ടു തന്നെ ഘടനാപരമായ മാറ്റങ്ങൾ വരുത്താവുന്നതാണ്. മാർക്സിസ്റ്റ് രാഷ്ട്രീയ ചിന്തയുടെ വികാസത്തിൽ ലെനിൻ നൽകിയ മറ്റൊരു മൗലികമായ സംഭാവന സാമ്രാജ്യത്വത്തിന്റെ വിശകലനമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും പ്രസക്തമായ ലെനിനിസ്റ്റ് ആശയമാണിത്. സാമ്രാജ്യത്വ കാലഘട്ടത്തിലെ മാർക്സിസമാണ് ലെനിനിസമെന്നാണ് മനസ്സിലാക്കപ്പെടുന്നത്.

നവംബർ വിപ്ലവം
നവംബർ വിപ്ലവം

നവംബർ വിപ്ലവത്തിനു മുമ്പ് 1917 - തുടക്കത്തിൽ ലെനിന്റെ സൂറിച്ചിലെ പ്രവാസക്കാലത്താണ്  "സാമ്രജ്യത്വത്തിന്റെ, മുതലാളിത്തത്തിന്റെ ഉയർന്ന ഘട്ടം" എന്ന ലഘുലേഖ എഴുതുന്നത്. ലോകമഹായുദ്ധത്തിന്റെ സ്വഭാവമെന്താണെന്നു മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ വിശദീകരിക്കേണ്ട അടിയന്തിര സാഹചര്യമുണ്ടായിരുന്നു. ഈ പഠനത്തിന്റെ രണ്ടു സ്രോതസ്സുകൾ ലെനിൻ വ്യക്തമാക്കുന്നുണ്ട് - ഹോബ്‌സന്റെ സാമ്രാജ്യത്വവും ഡോൾഫ് ഹിൽഫെർഡിംഗിന്റെ ഫിനാൻസ് ക്യാപിറ്റലും.  മുതലാളിത്തത്തിന്റെ കുത്തക ഘട്ടമാണ് സാമ്രാജ്യത്വമെന്നാണ് ലെനിൻ നിർവചിച്ചത്. സാമ്രാജ്യത്വം കൂടുതൽ സങ്കീർണവും ബൃഹത്തുമായിട്ടുണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ. നെഗ്രി ഹാർഡ്‌റ്റും "സാമ്രാജ്യം" എന്ന പഠനത്തിൽ ലോകമുതലാളിത്തത്തിന്റെ ആഗോളഘടനയെ ലെനിനിൽ നിന്നും വ്യതിരിക്തമായി മാർക്സിസ്റ്റ് രീതിശാസ്ത്രം അവലംബിച്ചു തന്നെ വിശകലനം ചെയ്യുന്നുണ്ട്.

മിക്ക യാഥാസ്ഥിതിക മാർക്സിസ്റ്റുകളും കരുതിയിരുന്നതിൽനിന്ന് വ്യതിരിക്തമായി തൊഴിലാളിവർഗ വിപ്ലവം ആദ്യം വിജയിച്ചത് റഷ്യയിലാണ്; വികസിത മുതലാളിത്ത രാജ്യങ്ങളിലല്ല

മുതലാളിത്തത്തിന്റെ "ധനവൽക്കരണത്തിന്റെ" (financialisation) ഘട്ടമാണ് നവസാമ്രാജിത്വത്തിന്റേത്. നവസാമ്രാജിത്വത്തിന്റെ ഘട്ടത്തിന്റെ മുമ്പ് നടത്തിയ വിശകലനമാണ് ലെനിന്റേത്. പ്രഭാത് പട്നായിക്  ലെനിന്റെ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള സൈദ്ധാന്തിക വിശകലനത്തിൽ സൂചിപ്പിക്കുന്നപോലെ നവസാമ്രാജ്യത്വത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തിൽ ലെനിൻ വിഭാവനം ചെയ്ത പോലെയുള്ള അന്തർസാമ്രാജ്യ രാഷ്ട്രങ്ങൾ തമ്മിൽ ലോകത്തെ വിഭജിച്ചെടുക്കുന്നതിൽനിന്ന് മാറി മൂലധനത്തിന്റെ ശാശ്വതമായ ഒഴുക്കിനായി അവിഭജിത ലോകമാണ് കാംക്ഷിക്കുന്നത്. ആഗോള തെക്കൻ പ്രദേശങ്ങളിലെ ജനമാണ് ഇതിന്റെ ഇരകൾ. ലെനിന്റെ സാമ്രാജ്യത്വവിശകലനം ഒരു തുടക്കം മാത്രമാണ്. എങ്കിലും മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ ദിശ എങ്ങോട്ടാണെന്നാണ് ലെനിൻ കാണിച്ചുതന്നു. മുതലാളിത്ത രാജ്യങ്ങളിലും കോളനികളിലുമുള്ള വർഗസമരത്തിന്റെ രാഷ്ട്രീയവിശകലനവുമായി സംയോജിപ്പിക്കാനുള്ള ലെനിന്റെ കഴിവാണ് സവിശേഷമാകുന്നത്.

വികസിത മുതലാളിത്ത രാജ്യങ്ങളിലെ ആഭ്യന്തരമായ വർഗസമരത്തിന് പ്രാധാന്യം നഷ്ടപ്പെട്ടുവെന്നും കോളനി ജനതയുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണ് വിപ്ലവത്തിന്റെ പുതിയ ഘട്ടമെന്നുമുള്ള ലെനിൻറെ അനുമാനത്തെ മാർക്സിസത്തിലെ "കോപ്പർനിക്കൻ വിപ്ലവ"മെന്നു വിശേഷിപ്പിക്കാം. മിക്ക യാഥാസ്ഥിതിക മാർക്സിസ്റ്റുകളും കരുതിയിരുന്നതിൽനിന്ന് വ്യതിരിക്തമായി തൊഴിലാളിവർഗ വിപ്ലവം ആദ്യം വിജയിച്ചത് റഷ്യയിലാണ്; വികസിത മുതലാളിത്ത രാജ്യങ്ങളിലല്ല. റഷ്യയിൽനിന്ന് ലോക മുതലാളിത്തത്തിന്റെ മുഴുവൻ വ്യവസ്ഥയും നശിപ്പിക്കപ്പെടുന്നതുവരെ അത് ആഗോളതലത്തിൽ വ്യാപിക്കുമെന്നായിരുന്നു ലെനിന്റെ അനുമാനം. എന്നാൽ ഒറ്റ രാജ്യത്തിൽ സോഷ്യലിസം എന്ന സങ്കുചിത സമീപനത്തിലൂടെ ലോകവിപ്ലവ സാഹചര്യത്തെ സ്റ്റാലിൻ പിന്നോട്ടടിച്ചു. ലെനിൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രസക്തമാകുന്നത് ഇനിയും പൂർത്തീകരിക്കേണ്ട ലെനിനിസത്തിന്റെ തുടർച്ചയിലാണ്. പക്ഷേ അത് ലെനിനിസത്തിൽനിന്ന് മുന്നോട്ടുപോയിക്കൊണ്ടായിരിക്കും. അതേസമയം, ലെനിന്റെ സവിശേഷതയായി ലുകാച് പറയുന്ന  "വിപ്ലവത്തിന്റെ യഥായഥത്വത്തിലുള്ള (Actuality)" വിശ്വാസം ലെനിനിൽനിന്ന് ഉൾക്കൊള്ളേണ്ട പ്രധാന പാഠമാണ്.  നവസാമ്രാജ്യത്വത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് ലോകം പ്രവേശിച്ചുക്കഴിഞ്ഞിരിക്കുന്നു.

നവസാമ്രാജ്യത്വം ഇന്ന് എന്നത്തേക്കാളും കൂടുതൽ ആക്രമോത്സുകമായിരിക്കെ തന്നെ പരിധികൾ ഇല്ലാതെയായിരിക്കുന്നു; അതിരുകളും. ഒപ്പം തന്നെ നവസാമ്രാജിത്വത്തിനു താങ്ങും തണലുമായി നവഫാസിസ്റ്റ് പ്രവണതകൾ വീണ്ടും ഉയർന്നുവന്നിരിക്കുന്നു, കുത്തക -ധന മൂലധനത്തിന്റെ പിണിയാളുകളായിക്കൊണ്ടും വംശീയവൽക്കരിക്കപ്പെട്ട ഉപരി -മധ്യവർഗ്ഗത്തെ പരിപോഷിപ്പിച്ചുമാണ് നവഫാസിസം പലതരം മാനിപുലേഷനുകളോടെ അധികാരത്തിൽ തുടരുന്നത്. ആഗോള മുതലാളിത്ത ക്രമത്തെയും നവഫാസിസത്തെയും വിപ്ലവകരമായ  മറികടക്കുന്നതിനായി അന്റോണിയോ നെഗ്രി സൂചിപ്പിക്കുന്നതുപോലെ "ഊർജ്വസലമായ വിശ്വാസത്തോടെ ലെനിന്റെ പുനഃപരിശോധനയിലൂടെ ലെനിനിൽനിന്ന് മുന്നോട്ടുപോയി"   മൂലധന വിരുദ്ധമായ സോളിഡാരിറ്റി സമ്പദ്‌വ്യവസ്ഥയ്ക്കായി (solidarity economy)  ആഗോള തെക്കൻ രാജ്യങ്ങളിലെ ജനത ശ്രേണീവിരുദ്ധതയുടെ പുതിയ മൂല്യബോധത്താൽ സമ്പുഷ്ടമായ രാഷ്ട്രീയ കർതൃത്വത്തെ പുനഃരാവിഷ്‌കരിച്ചുക്കൊണ്ടും ഹിംസാരഹിതവും യുദ്ധവിരുദ്ധവുമായ ജനാധിപത്യത്തിനു പ്രാധാന്യം നൽകിക്കൊണ്ടും പുത്തനൊരു സമരമുഖം തുറക്കുക തന്നെ ചെയ്യേണ്ടതുണ്ട്. 

logo
The Fourth
www.thefourthnews.in