മുസ്‌ലിം ലോകത്തെ വിഖ്യാതരായ 'അഴിഞ്ഞാട്ടക്കാരികള്‍'

മുസ്‌ലിം ലോകത്തെ വിഖ്യാതരായ 'അഴിഞ്ഞാട്ടക്കാരികള്‍'

ആസൂത്രിത സ്ത്രീവിരുദ്ധ നിര്‍മിതിയുടെ അപകടകരമായ ആഴം തിരിച്ചറിഞ്ഞ് പുനര്‍വായന നടത്തിയ ആധുനിക ഇസ്ലാമിക ചരിത്രത്തിലെ ഉജ്വലരായ സ്ത്രീകളെ അറിയാം

മുസ്‌ലിം ലോകത്തിന് സംഭവിച്ച അത്യപകടകരമായ അധഃപതനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുന്നു അതിനകത്തെ സ്ത്രീകളുടെ നേര്‍ക്കുള്ള സമീപനങ്ങള്‍. മുസ്‌ലിം സ്ത്രീയും അവളുടെ ശിരോവസ്ത്രവും ഇറാനിലെ വനിതകളിലൂടെ ലോകത്ത് വീണ്ടും ചര്‍ച്ചയാവുകയാണ്. കേരളത്തിലും അതിന്റെ അലയൊലികള്‍ ഉയര്‍ന്നിരിക്കുന്നു. യാഥാസ്ഥിതിക മതപൗരോഹിത്യവും അവരുടെ പിണിയാളുകളും 'ഫത്‌വച്ചൂണ്ടകള്‍' കൊരുത്ത് അവള്‍ക്കുനേര്‍ക്ക് എറിയാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇന്നിപ്പോള്‍ അത്തരം ചൂണ്ടത്തുമ്പുകളെ തിരിച്ചറിയാനുള്ള വകതിരിവ് പെണ്‍കുട്ടികള്‍ നേടിയതോടെ മൊത്തം ഹാലിളകിയ അവസ്ഥയിലാണ് മുസ്‌ലിംകളുടെ അട്ടിപ്പേറവകാശമുണ്ടെന്ന് ധരിക്കുന്ന മതാധികാര വൃന്ദങ്ങള്‍. ഏതോ കാലത്തില്‍ മനസ്സും കാലും ഊന്നിക്കൊണ്ട് ഇവര്‍ പുറപ്പെടുവിക്കുന്ന വാക്കുകള്‍ മലര്‍ന്നുകിടന്ന് തുപ്പുമ്പോഴുണ്ടാവുന്ന ഫലത്തിലേക്ക് എത്തിച്ചിട്ടും കാര്യം തിരിയാത്ത ഇക്കൂട്ടരോട് വേദമോതിയിട്ട് കാര്യമേയില്ല. എങ്കിലും, മുസ്‌ലിം ലോകത്ത് ഇപ്പോള്‍ നടക്കുന്ന പെണ്ണുണര്‍വകളുടെ പശ്ചാത്തലത്തിലേക്ക് ഭൂതകാലത്തിലെ ഉജ്വലമായ അധ്യായങ്ങള്‍ ചേര്‍ത്തുവയ്‌ക്കേണ്ടതുണ്ട്. അത്രമാത്രം പിന്നിലല്ലാത്ത അത്തരം ചില പോരാട്ടങ്ങളെക്കുറിച്ച് പയാതിരിക്കുന്നത് ആ വ്യക്തികളോടും ചരിത്രത്തോടും ചെയ്യുന്ന അനീതിയായിരിക്കും.

19-ാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലും മുസ്‌ലിം സ്ത്രീകള്‍ വിവിധ ദേശങ്ങളില്‍ സമരമുഖം തുറന്നിടുകയുണ്ടായി. പൗരോഹിത്യത്തിന്റെ പുറന്തോടുപൊളിച്ച് ഇവര്‍ പുറത്തേക്കിറങ്ങിയത് വൈയക്തികമായ ആനന്ദത്തില്‍ 'അഴിഞ്ഞാടാനായിരുന്നില്ല'. മതമേലാളന്മാരും രാഷ്ട്രീയാധികാരകേന്ദ്രങ്ങളും കൈകോര്‍ത്ത അക്കാലത്തെ സമൂഹങ്ങളിലെ ഇരകളായ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇരുളില്‍നിന്ന് വിമോചിപ്പിക്കാനായിരുന്നു

19-ാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലും മുസ്‌ലിം സ്ത്രീകള്‍ വിവിധ ദേശങ്ങളില്‍ സമരമുഖം തുറന്നിടുകയുണ്ടായി. പൗരോഹിത്യത്തിന്റെ പുറന്തോടുപൊളിച്ച് ഇവര്‍ പുറത്തേക്കിറങ്ങിയത് വൈയക്തികമായ ആനന്ദത്തില്‍ 'അഴിഞ്ഞാടാനായിരുന്നില്ല'. മതമേലാളന്മാരും രാഷ്ട്രീയാധികാരകേന്ദ്രങ്ങളും കൈകോര്‍ത്ത അക്കാലത്തെ സമൂഹങ്ങളിലെ ഇരകളായ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇരുളില്‍നിന്ന് വിമോചിപ്പിക്കാനായിരുന്നു. ചില വനിതകള്‍ പടിഞ്ഞാറന്‍ സ്ത്രീവിമോചനത്തിന്റെ ഓരംചേര്‍ന്ന് പൊരുതിയെങ്കില്‍ മറ്റു ചിലര്‍ സ്വന്തം അസ്തിത്വത്തിനകത്തുനിന്നുകൊണ്ട് വിമോചനത്തെ ദര്‍ശിച്ചു. അതിനുതകുംവിധം ഇസ്‌ലാമിക പ്രമാണങ്ങളുടെ പുരുഷാഖ്യാനങ്ങളെ ചരിത്രത്തിന്റെ പുനര്‍വായനയിലൂടെയും യുക്തിയിലൂടെയും ശക്തമായും നിരന്തമായും അവര്‍ ചോദ്യം ചെയ്തു. ആധുനിക മൂല്യങ്ങളായി വ്യാഖ്യാനിക്കുന്ന ലിംഗസമത്വം, തുല്യത, നീതി തുടങ്ങിയവയെ ഇതേ വിശ്വാസപ്രമാണങ്ങളില്‍നിന്ന് അവര്‍ കണ്ടെടുത്തു. അതേമസയം, ഇതേ മൂല്യങ്ങളോട് പുറന്തിരിഞ്ഞുനിന്ന 'ആണിസ്ലാം' ലോകത്തിന്റെ മുന്നില്‍ പരിഹാസ്യതയും പുച്ഛവും നിരന്തരം ഏറ്റുവാങ്ങി.

മുസ്‌ലിം ലോകത്തെ വിഖ്യാതരായ 'അഴിഞ്ഞാട്ടക്കാരികള്‍'
ശരീരം തന്നെ ബാധ്യതയായി തോന്നുന്ന മുസ്ലീം സ്ത്രീകളുടെ സമകാലിക ജീവിതം

ഇസ്‌ലാം തങ്ങളുടെ മുന്നില്‍ തുറന്നിട്ട നീതിക്കും അവകാശത്തിനും വേണ്ടിയുള്ള വഴികളില്‍ ഈ പോരാളികള്‍ക്ക് സമാധാനം അന്യമായി. അകത്തും പുറത്തും നടത്തിയ സമരപ്രക്ഷോഭങ്ങളുടെ പേരില്‍ തിരസ്‌കാരങ്ങളും ജയിലഴികളും മര്‍ദനങ്ങളും തേടിയെത്തി. എന്നാല്‍, പോയ നൂറ്റാണ്ടില്‍ പല രാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ക്ക് ഇവരുടെ മുന്നില്‍ മുട്ടുമടക്കേണ്ടിവന്നുവെന്നതാണ് യാഥാര്‍ഥ്യം. വിദ്യാഭ്യാസത്തിലും വോട്ടവകാശത്തിലും കുടുംബ- സാമൂഹ്യ പദവികളിലുമൊക്കെ സ്ത്രീകളെ പരിഗണിക്കുംവിധം നിയമങ്ങള്‍ തന്നെ മാറ്റിയെഴുതപ്പെട്ടു. പലയിടങ്ങളിലും അവര്‍ അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടാക്കി.

ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസങ്ങളിലും ധിഷണയിലും അന്നത്തെ ആണ്‍ലോകത്തോട് കിടപിടിക്കാനോ മുന്നില്‍ നില്‍ക്കാനോ തക്ക യോഗ്യതയും ശേഷിയുമുള്ളവരായിരുന്നു അവരൊക്കെ. അവര്‍ നടത്തിയ അന്വേഷണങ്ങളുടെയും പോരാട്ടങ്ങളുടെയും വഴി തുടര്‍ന്നും വികസിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ 'ആറാം നൂറ്റാണ്ടിലെ ഗോത്രമത'മെന്ന ചാപ്പയടിക്കുപകരം ആധുനികസമൂഹങ്ങളുടെ വിമോചന ദര്‍ശനമെന്ന തലത്തിലേക്ക് ഇസ്‌ലാമിനെ പരിവര്‍ത്തിപ്പിക്കാനും പരിചയപ്പെടുത്താനും സാധിക്കുമായിരുന്നു! എന്നാല്‍, പിന്നീട് ഈ പെണ്‍പോരാട്ടങ്ങളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലിട്ട് അദൃശ്യമാക്കാനുള്ള ശ്രമങ്ങളാണ് മുസ്‌ലിംനാടുകളിലെ ആണധികാര പ്രഭുത്വം നടത്തിയത്.

20ാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയില്‍ ആ മുന്നേറ്റങ്ങള്‍ ക്ഷയിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ടായി. പടിഞ്ഞാറിന്റെ 'ഭീകരതാ വിരുദ്ധ' യുദ്ധമാണ് അതിലൊന്ന്. ഇറാഖില്‍നിന്ന് തുടങ്ങി പശ്ചിമേഷ്യയിലേക്ക് ആകമാനം വ്യാപിച്ച നവ കൊളോണിയല്‍ അധിനിവേശങ്ങള്‍ മുസ്‌ലിം നാടുകളെ തകര്‍ത്തെറിഞ്ഞെറിഞ്ഞപ്പോള്‍ അതിനൊപ്പം ഛിന്നഭിന്നമായത് ആ നാടുകളിലെ സ്ത്രീജീവിതം കൂടിയായിരുന്നു. യുദ്ധവും പലായനവും ചേര്‍ന്ന് നരകതുല്യമാക്കി അത്. ഒരു ഭാഗത്ത് പൗരോഹിത്യത്തിന്റെ കരാള ഹസ്തങ്ങള്‍, മറുഭാഗത്ത് മുസ്‌ലിംനാടുകളുടെ രക്ഷകരെന്ന വ്യാജേന അവതരിച്ച സാമ്രാജ്യത്വ വൈദേശികര്‍. ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയില്‍ നേരത്തെ മുസ്‌ലിം ലോകത്ത് സംഭവിച്ച പെണ്ണുണര്‍വുകളുടെ വേരുകള്‍ ദുര്‍ബലമായി.

ഒരു തുണിക്കഷ്ണത്തില്‍ തട്ടി മുസ്‌ലിം സ്ത്രീയുടെ പ്രശ്‌നങ്ങളുടെ നേര്‍ക്കുള്ള ജനാധിപത്യപരമായ എല്ലാ ഇടപെടലുകളും അട്ടിമറിക്കുകയും മറയ്ക്കപ്പെടുകയും ചെയ്യുന്ന പുതിയ സാഹചര്യങ്ങളില്‍ ഈ ഭൂതകാലം നിഗൂഢമാക്കപ്പെട്ടതിന്റെ യഥാര്‍ഥ ഗുണഭോക്താക്കളായി മുസ്‌ലിം പുരുഷനൊപ്പം നിയോ ലിബറലിസത്തിന്റെ പ്രചാരകരും കടന്നുവരുന്നു

ആത്മീയമോ ബൗദ്ധികമോ ആയി ആധുനിക കാലഘട്ടത്തിലെ മുസ്‌ലിംകളെ നയിക്കാനുള്ള ഒരുവിധ ശേഷിയും ഇല്ലാത്തവരാല്‍ ഇസ്‌ലാം പൂര്‍വാധികം പ്രതിസ്ഥാനത്തേക്ക് തള്ളപ്പെട്ടു. സെപ്റ്റംബര്‍ 11നുശേഷമുള്ള മുസ്‌ലിം ലോകത്തിന്റെ പതിതാവസ്ഥയിലേക്ക് എണ്ണപകരുന്ന സമീപനവും ഇടപെടലുമായിരുന്നു ഇവരുടേത്. ഒരു മതസമൂഹമെന്ന നിലയില്‍ ഇതിനുനേര്‍ക്കുള്ള എല്ലാ ബാഹ്യ ആക്രമണങ്ങളെയും കടുത്ത യാഥാസ്ഥിതികത്വത്തിന്റെ മേലങ്കിയണിഞ്ഞ് പ്രതിരോധിക്കാനായിരുന്നു ശ്രമം. അതിലെ തുരുപ്പുചീട്ടായിരുന്നു മുസ്‌ലിം സ്ത്രീയുടെ ശരീരം. അതിനെ മൂടിപ്പുതപ്പിച്ചാല്‍ തീരുന്നതേയുള്ളൂ ഇതിലെ ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളെന്ന് തങ്ങളുടെ സ്വാധീനവലയത്തിലുള്ള ലോകത്തെ അവര്‍ വിശ്വസിപ്പിച്ചു. ആണായും പെണ്ണായും അതിനനുസരിച്ച് തുള്ളുന്ന അടിമത്തലകളെ സൃഷ്ടിച്ചു. നവയാഥാസ്ഥിതികത്വത്തെ ഇസ്‌ലാമിന്റെ ലേബലില്‍ പ്രതിഷ്ഠിക്കാന്‍ അറബ് ദേശീയതയെ കൂട്ടുപിടിച്ചു. ദുര്‍വ്യാഖ്യനം ചെയ്ത വിശ്വാസ പ്രമാണങ്ങളെ ലോകത്തുടനീളം എത്തിക്കുന്നതിന് ആധുനിക ടെക്‌നോളജിയെക്കൂടി ഉപയോഗിച്ചു. അതിന്റെ ഫലം ഇസ്‌ലാമിക പൂര്‍വ അറേബ്യന്‍ ഗോത്രജീവിതത്തിന്റെ ബാക്കിപത്രമായ സ്ത്രീവിരുദ്ധത പൂര്‍വാധികം ശക്തമായി ഇസ്‌ലാമിന്റെ പേരില്‍ നാനാഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടുവെന്നതാണ്. അതിന്റെ പ്രത്യക്ഷ വ്യാപനം സംഭവിച്ചതാകട്ടെ കറുത്ത നീളന്‍ വേഷത്തിലൂടെയും.

ഒരു തുണിക്കഷ്ണത്തില്‍ തട്ടി മുസ്‌ലിം സ്ത്രീയുടെ പ്രശ്‌നങ്ങളുടെ നേര്‍ക്കുള്ള ജനാധിപത്യപരമായ എല്ലാ ഇടപെടലുകളും അട്ടിമറിക്കുകയും മറയ്ക്കപ്പെടുകയും ചെയ്യുന്ന പുതിയ സാഹചര്യങ്ങളില്‍ ഈ ഭൂതകാലം നിഗൂഢമാക്കപ്പെട്ടതിന്റെ യഥാര്‍ഥ ഗുണഭോക്താക്കളായി മുസ്‌ലിം പുരുഷനൊപ്പം നിയോ ലിബറലിസത്തിന്റെ പ്രചാരകരും കടന്നുവരുന്നു. ഇസ്‌ലാമിന്റെ പ്രാദേശിക വൈവിധ്യങ്ങളെയും അവകാശസമരങ്ങളെയും അടിച്ചമര്‍ത്തി ഈ അധിനിവേശം കടുക്കുന്ന വേളയിലാണ് നവ സമൂഹമാധ്യമ പിന്തുണയോടെ മുസ്ലിം സ്ത്രീകള്‍ പല നാടുകളില്‍ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയത്. അത് നേരത്തെയുള്ളതും പിന്നീട് മുറിഞ്ഞുപോയതുമായ ഉണര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു. അതാണ് ഇപ്പോള്‍ ഇറാനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിന്റെ തരംഗങ്ങള്‍ പല നാടുകളിലേക്ക് വ്യാപിക്കുന്നു.

ആസൂത്രിതമായ സ്ത്രീവിരുദ്ധ നിര്‍മിതിയുടെ അപകടകരമായ ആഴം തിരിച്ചറിഞ്ഞ് പുനര്‍വായന നടത്തിയ ഉജ്വലരായ സ്ത്രീകള്‍ ആധുനിക ഇസ്‌ലാമിക ചരിത്രത്തിന്റെ പല ഘട്ടങ്ങളിലുണ്ടായിട്ടുണ്ട്. പോയ നൂറ്റാണ്ടിലെ ഈജിപ്ഷ്യന്‍ സ്ത്രീയവകാശപോരാട്ടങ്ങള്‍ ആയിരുന്നു അതിലെ ആദ്യ ധാര

സാമ്രാജ്യത്ത്വത്തിന്റെയും ഫാഷിസത്തിന്റെയും മൂര്‍ച്ചയേറിയ നഖങ്ങളില്‍ അമര്‍ന്ന് ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹം അസ്വസ്ഥമായ ചുറ്റുപാടുകളിലൂടെ കടന്നുപോവുമ്പോഴും സ്ത്രീകളുടെ വിശ്വാസത്തിനും ആത്മവിശ്വാസത്തിനും നേര്‍ക്ക് കൊഞ്ഞനംകുത്തി 'ഇസ്‌ലാമിക പ്രമാണം' എന്ന എളുപ്പം സ്വീകാര്യത കിട്ടുന്ന പരിചകൊണ്ട് പുറത്തുനിന്നുള്ള വെളിച്ചവും കാറ്റും തടുക്കുന്ന തിരക്കിലാണ് അധികാര പൗരോഹിത്യം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മുസ്ലിം 'നവോത്ഥാനത്തിന്'ഏറെ വളക്കൂറുള്ള മണ്ണെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ ഇത്തരം നവീകരണശ്രമങ്ങളെ തികഞ്ഞ പുച്ഛത്തോടെ പുറംകാല്‍കൊണ്ട് ചവിട്ടിത്തൊഴിക്കുന്നതാണ് കാണാനാവുന്നത്. അതിന്റെ ദുര്‍ഗന്ധമണ് മൗലവിമാരുടെ വാക്കുകളിലൂടെ ബഹിര്‍ഗമിക്കുന്നത്.

ആസൂത്രിതമായ സ്ത്രീവിരുദ്ധ നിര്‍മിതിയുടെ അപകടകരമായ ആഴം തിരിച്ചറിഞ്ഞ് പുനര്‍വായന നടത്തിയ ഉജ്വലരായ സ്ത്രീകള്‍ ആധുനിക ഇസ്‌ലാമിക ചരിത്രത്തിന്റെ പല ഘട്ടങ്ങളിലുണ്ടായിട്ടുണ്ട്. പോയ നൂറ്റാണ്ടിലെ ഈജിപ്ഷ്യന്‍ സ്ത്രീയവകാശപോരാട്ടങ്ങള്‍ ആയിരുന്നു അതിലെ ആദ്യ ധാര. കേരളത്തിന്റെയടക്കം വായന പരിസരങ്ങളിലേക്ക് അടുപ്പിക്കാതിരുന്ന വിഖ്യാത പോരാളികളെ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ. ഇവിടെയുള്ള മുല്ലാമാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മതത്തെ വെല്ലുവിളിച്ച 'അഴിഞ്ഞാട്ടക്കാരികളെ'.

ഹുദാ ഷരാവി
ഹുദാ ഷരാവി

ഹുദ ഷരാവി: പൗരോഹിത്യത്തിന്റെ മുഖത്തേക്ക് ശിരോവസ്ത്രം ഊരിയെറിഞ്ഞ പെണ്ണ്

ഈജിപ്തിലെ കടുത്ത യാഥാസ്ഥികത്വത്തിലേക്ക് 1879ലായിരുന്നു ഹുദാ ഷരാവിയുടെ ജനനം. ഈജിപ്തിനെ മാറ്റിമറിച്ച വനിതകളുടെ പട്ടികയില്‍ ആദ്യംവരുന്ന പേരാണ് ഹുദ ഷരാവിയുടേത്. ആ രാജ്യത്തെ വനിതാ പ്രസ്ഥാനത്തിന്റെ അമരക്കാരിയായും അവര്‍ കരുതപ്പെടുന്നു. അവര്‍ പിറന്നുവീണത് സ്ത്രീകളെയും പുരുഷന്‍മാരെയും വേര്‍തിരിക്കുന്ന 'ഹറം' സമ്പ്രദായത്തിലേക്കായിരുന്നു. ഈജിപ്ഷ്യന്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന മുഹമ്മദ് സുല്‍ത്താന്‍ പാഷയായിരുന്നു അവരുടെ പിതാവ്.

വരേണ്യ കുടുംബത്തില്‍ പിറന്നിട്ടും അവരും മറക്കപ്പുറം വളരാന്‍ വിധിക്കപ്പെട്ടു. ആ കാലത്ത് പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നു. സ്ത്രീകള്‍ വീടിനുള്ളില്‍ ആളൊഴിഞ്ഞ മുറികളില്‍ ഒതുങ്ങിക്കൂടുകയും പുറത്തേക്ക് പോകുമ്പോള്‍ മുഖാവരണം ധരിക്കുകയും ചെയ്തു. ഹുദ ഷരാവിയുടെ അവസ്ഥയും ഭിന്നമായിരുന്നില്ല. സഹോദരന്റെ അതേ സ്‌കൂള്‍ വിദ്യാഭ്യാസം തനിക്ക് നിഷേധിച്ചതില്‍ അവള്‍ കടുത്ത നിരാശയിലായി. തന്റെ പഠനത്തിന്റെ കാര്യത്തില്‍ കുടുംബം പുര്‍ത്തുന്ന അവഗണനയും പെണ്‍കുട്ടിയെന്ന നിലയില്‍ അവര്‍ അതിനോട് കാണിക്കുന്ന രണ്ടാംകിട മനോഭാവവും അവളെ അത്യധികം ദുഃഖിതയാക്കി. പെണ്ണായതാണ് തനിക്കും തന്റെ സ്വാതന്ത്ര്യത്തിനുമിടയില്‍ തടസമായതെന്ന് ഹുദ തിരിച്ചറിഞ്ഞു.

1920ല്‍ 'വഫ്ദ്' എന്ന ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ വിമന്‍സ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായ ഹുദാ ഷരാവി 1923ല്‍ ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് യൂണിയന്‍ സ്ഥാപിച്ചു. അതേ വർഷം മാർച്ചിൽ കെയ്റോ റെയില്‍വേ സ്റ്റേഷനില്‍വച്ച് തീവണ്ടിയില്‍നിന്ന് മുഖാവരണത്തോടുകൂടിയ തന്റെ ശിരോവസ്ത്രം അവര്‍ ഊരിയെറിഞ്ഞു. തുറന്നിട്ട ശിരസ്സുമായി ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയിറങ്ങി. മറ്റു സ്ത്രീകളോട് ഈ മുന്നേറ്റത്തില്‍ അണിചേരാന്‍ ആഹ്വാനം ചെയ്തു

13-ാം വയസില്‍ തന്നെക്കാള്‍ 40 വയസ്സോളം മുതിര്‍ന്ന ബന്ധുവായ അലി ഷരാവിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതയായി. കുടുംബത്തിന്റെ മാനം സംരക്ഷിക്കാന്‍ അതിന് വഴങ്ങുകയല്ലാതെ അവളുടെ മുന്നില്‍ വഴിയില്ലായിരുന്നു. എന്നാല്‍, തന്റെ വേദനയെക്കുറിച്ച് ഉറക്കെ ശബ്ദിക്കാനും വിപ്ലവം തന്നെ നടത്താനും ഹുദ തീരുമാനിച്ചു. അങ്ങനെ ബാലികയായിരിക്കുമ്പോള്‍ തന്നെ ഈ അനീതിക്കെതിരെ അവള്‍ ആളുകളോട് സംസാരിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായി ഒട്ടേറെ സ്ത്രീകള്‍ ജീവിതത്തിലാദ്യമായി മറയ്ക്കുപിന്നില്‍നിന്ന് പുറംലോകത്തേക്ക് ഇറങ്ങിവന്നു. 1908ല്‍ ഹുദയുടെ നേതൃത്വത്തില്‍ ഈജിപ്ഷ്യന്‍ വനിതകള്‍ നടത്തുന്ന ആദ്യത്തെ മതേതര ജീവകാരുണ്യ സംഘടന രൂപീകരിച്ചു. അധഃസ്ഥിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയായിരുന്നു ഇത്.

ഹുദാ ഷരാവി
ഹുദാ ഷരാവി

ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നുള്ള ഈജിപ്ഷ്യന്‍ സ്വാതന്ത്ര്യത്തിന്റെ ശക്തമായ പിന്തുണക്കാരായിരുന്നു ഹുദയും ഭര്‍ത്താവ് അലിയും. 1920ല്‍ 'വഫ്ദ്' എന്ന ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ വിമന്‍സ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായി ഹുദ. ദേശീയപ്രസ്ഥാനത്തിലെ സ്ത്രീകളുടെ തുറന്ന പങ്കാളിത്തം ഈജിപ്ഷ്യന്‍ സമൂഹത്തില്‍ വഴിത്തിരിവായി. അതിന് മുമ്പൊരിക്കലും ഇത്രയധികം സ്ത്രീകള്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പരസ്യമായി ഏര്‍പ്പെട്ടിരുന്നില്ല. ഭര്‍ത്താവിന്റെ മരണശേഷം ദേശീയ പ്രസ്ഥാനത്തില്‍നിന്ന് സ്ത്രീ സമത്വത്തിലേക്കുള്ള ശ്രമങ്ങളിലേക്ക് ഹുദ ഷെരാവി കൂടുതല്‍ ഊന്നല്‍ കൊടുത്തു. 1923ല്‍ അവര്‍ ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് യൂണിയന്‍ സ്ഥാപിച്ചു. അത് സ്ത്രീകളുടെ വോട്ടവകാശം, വ്യക്തിനിയമ പരിഷ്‌കരണങ്ങള്‍, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസ അവസരങ്ങള്‍ തുടങ്ങിയവുടെ ആക്കം കൂട്ടി.

അതേവര്‍ഷം മാര്‍ച്ചില്‍ രാജ്യത്തെ നടുക്കിയ ആ സംഭവം നടന്നു. റോമിലെ ഇന്റര്‍നാഷണല്‍ വിമന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ഹുദ ഷരാവി വീട്ടിലേക്ക് മടങ്ങുന്ന വേളയിലായിരുന്നു അത്. കെയ്റോ റെയില്‍വേ സ്റ്റേഷനില്‍വച്ച് തീവണ്ടിയില്‍നിന്ന് മുഖാവരണത്തോടുകൂടിയ തന്റെ ശിരോവസ്ത്രം അവര്‍ ഊരിയെറിഞ്ഞു. തുറന്നിട്ട ശിരസ്സുമായി ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയിറങ്ങി. മറ്റു സ്ത്രീകളോട് ഈ മുന്നേറ്റത്തില്‍ അണിചേരാന്‍ ആഹ്വാനം ചെയ്തു. ഈജിപ്തിലെ ആദ്യ ശിരോവസ്ത്ര വിരുദ്ധ സമരമായിരുന്നു ഇത്. മത പൗരേഹിത്യത്തിന്റെ മുഖത്തേറ്റ ശക്തമായ പ്രഹരമായി മാറി അത്. നിരവധി സ്ത്രീകള്‍ ആ പ്രതിഷേധത്തിന്റെ ഭാഗമായി അകത്തളങ്ങളില്‍നിന്ന് പുറത്തേക്കിറങ്ങിവന്നു. തുടര്‍ന്ന് ഹുദ സ്ത്രീ വിദ്യാഭ്യാസത്തിന്റെ പായോഗിക വഴികളിലേക്ക് നടന്നുകയറി. പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ ആരംഭിച്ചു. ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് യൂനിയന്‍ എന്ന പേരില്‍ സംഘടനയും രൂപീകരിച്ചു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസാക്കുന്നതിന് അവര്‍ നടത്തിയ പോരാട്ടം വിജയം കണ്ടു. ഹുദ ഷരാവി ജീവിതകാലം മുഴുവന്‍ ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് യൂനിയന്റെ പ്രസിഡന്റായി തുടരുകയും 1945ല്‍ അറബ് ഫെമിനിസ്റ്റ് യൂണിയന്റെ സ്ഥാപക പ്രസിഡന്റായി മാറുകയും ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും വിമോചനത്തിനും അവകാശത്തിനും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ 1947ല്‍ അവര്‍ ഈ ലോകത്തു നിന്ന് വിടവാങ്ങി.

ദോറിയ ഷെഫീഖ്
ദോറിയ ഷെഫീഖ്

ദോറിയ ഷഫീഖ്: കൊടുങ്കാറ്റായി മാറിയ നൈലിന്റെ മകള്‍

1940കളുടെ മധ്യത്തില്‍ ഈജിപ്തിലെ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു കവിയും എഡിറ്ററുമായിരുന്ന ദോറിയ ഷെഫീഖ്. അവരുടെ പോരാട്ടത്തിന്റെ ഫലമായാണ് ഈജിപ്ഷ്യന്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത്.

18-ാം വയസില്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ബാക്കലോറിയ ബിരുദം നേടിയ ആദ്യത്തെ ഈജിപ്ഷ്യന്‍ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദോറിയ. പാരീസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ പഠിക്കാന്‍ ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയം അവള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ഫിലോസഫിയില്‍ പി എച്ച് ഡി നേടി. സ്ത്രീകളുടെ തുല്യാവകാശങ്ങളെക്കുറിച്ച് അവര്‍ തിസീസ് രചിച്ചു. പഠനാനന്തരം 1940ല്‍ ഫ്രാന്‍സില്‍നിന്ന് ഈജിപ്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ തന്റെ രാജ്യത്തെ യുവതയുടെ വിദ്യാഭ്യാസത്തിനുവേണ്ടി അധ്യാപനത്തിലൂടെ സംഭാവന നല്‍കാന്‍ ആഗ്രഹിച്ചെങ്കിലും 'ലിബറല്‍' ആണെന്ന കാരണം പറഞ്ഞ് അവര്‍ക്ക് കെയ്റോ സര്‍വകലാശാലയിലെ സാഹിത്യ ഫാക്കല്‍റ്റി ഡീന്‍ അധ്യാപകസ്ഥാനം നിഷേധിച്ചു.

1951ഫെബ്രുവരിയിലായിരുന്നു ഈജിപ്ഷ്യല്‍ പാര്‍ലമെന്റില്‍ കൊടുങ്കാറ്റുയര്‍ത്തിയ ആ സംഭവം നടന്നത്. ബിന്‍ത് അല്‍ നില്‍, ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് യൂണിയന്‍ എന്നീ സംഘടനകളിലൂടെ 1500 സ്ത്രീകളെ ഒരുമിച്ച് രഹസ്യമായി പാര്‍ലമെന്റിലെത്തിച്ചു ദോറിയ ഷെഫീഖ്. സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക അവകാശങ്ങളുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങളുന്നയിച്ച് അവര്‍ മണിക്കൂറുകളോളം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. ഇത് രാജ്യത്ത് വന്‍ കോളിളക്കമുണ്ടാക്കി

തുടര്‍ന്ന് ഫ്രഞ്ച് സാംസ്‌കാരിക-സാഹിത്യ മാസികയായ ലാ ഫെമ്മെ നൂവെല്ലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയി. ഈജിപ്ഷ്യന്‍ സ്ത്രീകളെ പഠിപ്പിക്കാനും കുടുംബത്തിലും സമൂഹത്തിലും ഏറ്റവും ഫലപ്രദമായ പങ്ക് വഹിക്കാന്‍ അവരെ സഹായിക്കാനും ലക്ഷ്യമിട്ട് ബിന്‍ത് അല്‍ നില്‍ (നൈലിന്റെ മകള്‍) എന്ന അറബി മാസിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. 1945 നവംബറില്‍ പുറത്തിറങ്ങി ഉടന്‍ തന്നെ ആദ്യ പതിപ്പ് വിറ്റുതീര്‍ന്നു.

രണ്ടു വര്‍ഷത്തിനുശേഷം ദോറിയ സ്ത്രീകളുടെ പ്രാഥമിക സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ രാജ്യത്തിന്റെ നയങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുന്നതിനുമായി 'ബിന്‍ത് അല്‍ നില്‍' യൂണിയന്‍ രൂപീകരിച്ചു. രാജ്യത്തുടനീളം അതിനായി കേന്ദ്രങ്ങള്‍ സ്ഥാപിച്ച് തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി എംപ്ലോയ്മെന്റ് ഓഫിസും കഫറ്റീരിയയും സ്ഥാപിച്ച് നിരക്ഷരത തുടച്ചുനീക്കാന്‍ യത്‌നിച്ചു.

1951ഫെബ്രുവരിയിലായിരുന്നു ഈജിപ്ഷ്യല്‍ പാര്‍ലമെന്റില്‍ കൊടുങ്കാറ്റുയര്‍ത്തിയ ആ സംഭവം നടന്നത്. ബിന്‍ത് അല്‍ നില്‍, ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് യൂണിയന്‍ എന്നീ സംഘടനകളിലൂടെ 1500 സ്ത്രീകളെ ഒരുമിച്ച് രഹസ്യമായി പാര്‍ലമെന്റിലെത്തിച്ചു ദോറിയ. സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക അവകാശങ്ങളുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങളുന്നയിച്ച് അവര്‍ മണിക്കൂറുകളോളം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. ഇത് രാജ്യത്ത് വന്‍ കോളിളക്കമുണ്ടാക്കി. അതേവര്‍ഷം, യൂണിഫോം ധരിച്ച ഒരു അര്‍ധസൈനിക വിഭാഗത്തെ ദോറിയ വാര്‍ത്തെടുത്തു. രാജ്യത്തെ ഒരു ബാങ്ക് വളയാനും അടച്ചുപൂട്ടിക്കാനും മുതിര്‍ന്ന ഒരു ബ്രിഗേഡിനെ അവര്‍ നയിച്ചു. പ്രകടനത്തിനിടെ അവരെ പോലീസ് അറസ്റ്റ് ചെയ്തു.

1952ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തിനുശേഷം 'ബിന്‍ത് അല്‍ നിലിനെ' ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാന്‍ ഗവണ്‍മെന്റ് ക്ഷണിച്ചു. ദോറിയ ഷഫീക്ക് തന്നെ അതിന്റെ പ്രസിഡന്റായി. 1954 മാര്‍ച്ചില്‍ സ്ത്രീകളില്ലാതെ ഭരണഘടന സമിതി രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് എട്ട് ദിവസത്തെ നിരാഹാര സമരം നടത്തി. സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുന്ന ഭരണഘടനയ്ക്ക് പ്രസിഡന്റ് നജീബ് പ്രതിജ്ഞാബദ്ധനാണെന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതോടെയാണ് അവര്‍ സമരം അവസാനിപ്പിച്ചത്. നിരാഹാര സമരം ഉണര്‍ത്തപ്പെട്ട താല്‍പ്പര്യത്തിന്റെ ഫലമായി ഈജിപ്ഷ്യന്‍ സ്ത്രീകളെക്കുറിച്ച് ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും പ്രഭാഷണം നടത്താന്‍ ദോറിയ ക്ഷണിക്കപ്പെട്ടു. ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ജപ്പാന്‍, ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് അവള്‍ യാത്രകള്‍ നടത്തി. ദോറിയയുടെ അക്ഷീണ ശ്രമഫലമായി 1956ലെ ഭരണഘടന പ്രകാരം സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.

പ്രസിഡന്റ് ജമാല്‍ അബ്ദുള്‍ നാസറിന്റെ ഏകാധിപത്യ ഭരണത്തില്‍ പ്രതിഷേധിച്ച് ദോറിയ ഇന്ത്യന്‍ എംബസിയില്‍ രണ്ടാമത്തെ നിരാഹാര സമരം നടത്തി. നാസര്‍ അവരെ വീട്ടുതടങ്കലിലാക്കി. അവരുടെ പേര് പത്രങ്ങളില്‍നിന്നും അവരുടെ മാസികകള്‍ പ്രചാരത്തില്‍നിന്നും നിരോധിക്കപ്പെട്ടു. അടിപതറാത്തതും നിരന്തരവുമായ പോരാട്ടമായിരുന്നു മതപൗരോഹിത്യത്തിനും ഭരണകൂടത്തിനുമെതിരെ അവര്‍ നടത്തിയത്. അച്ചടി മാധ്യമങ്ങള്‍ക്ക് പുറമേ സ്ത്രീയുടെ പുരുഷനോടുള്ള അടിമത്തത്തെക്കുറിച്ച് 'എല്‍ എസ്ലേവ് ഡി സുല്‍ത്താന്‍' (രാജാവിന്റെ അടിമ) എന്ന ഒരു നോവലും നിരവധി കവിതകളും അവര്‍ രചിച്ചിട്ടുണ്ട്.

നവാല്‍ എല്‍ സദാവി
നവാല്‍ എല്‍ സദാവി

നവാല്‍ എല്‍ സദാവി: തെളിച്ചമുള്ള വിമോചന രാഷ്ട്രീയത്തിന്റെ ഉടമ

നവാല്‍ എല്‍ സദാവിയെ പോലെ മതത്തിനകത്തെയും മുതലാളിത്തത്തിനകത്തെയും ആണധികാര വ്യവസ്ഥയോട് ഒരുപോലെ പൊരുതിയും കലഹിച്ചും കടന്നുപോയ വനിതാ വിമോചകയും ലോകത്ത് വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല. ഈജിപ്തിലെ സ്ത്രീയവകാശ പോരാട്ടത്തിലെ രണ്ടാംതരംഗമാണ് നവാല്‍ സദാവി. അറിയാന്‍ ശ്രമിക്കുന്നവരെ ഒരേസമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്നതരം അനുഭവങ്ങളുടെ വന്‍ കടലായിരുന്നു ആ ജീവിതം. സാഹിത്യകാരി, ആക്ടിവിസ്റ്റ്, ഫിസിഷ്യന്‍, മാനസികാരോഗ്യ വിദഗ്ധ, അധ്യാപിക, സംഘാടക എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മണ്ഡലങ്ങളില്‍ തിളങ്ങിയ ഉജ്വല വ്യക്തിത്വം.

89-ാം വയസില്‍ 2021 മാര്‍ച്ച് 21ന് ഈ ലോകത്തുനിന്ന് വിടപറയുന്നതുവരെ അവര്‍ അനന്യമായ ചിന്തയുടെയും ശൗര്യത്തിന്റെയും പുത്തന്‍ ഈര്‍ജം ചുറ്റിലും പ്രസരിപ്പിച്ചുകൊണ്ടിരുന്നു. നോവലുകള്‍, ഉപന്യാസങ്ങള്‍, ആത്മകഥകള്‍, ഊര്‍ജസ്വലമായ സംഭാഷണങ്ങള്‍ എന്നിവയിലൂടെ പതിറ്റാണ്ടുകളായി സ്വന്തം കഥയും കാഴ്ചപ്പാടുകളും അവര്‍ ലോകത്തോട് പങ്കുവച്ചു. അവരുടെ ക്രൂരമായ സത്യസന്ധതയും സ്ത്രീകളുടെ രാഷ്ട്രീയ, ലൈംഗികാവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അചഞ്ചലമായ സമര്‍പ്പണവും തലമുറകളെ പ്രചോദിപ്പിക്കാന്‍ തക്കവണ്ണം കാതലുറ്റതായി.

'സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെ വേരുകള്‍ കിടക്കുന്നത് ആഗോള മുതലാളിത്ത വ്യവസ്ഥയിലാണ്, അത് മത മൗലികവാദത്തിന്റെ പിന്തുണയോടെയാണെന്ന' ഏറ്റവും കൃത്യതയുള്ള രാഷ്ട്രീയ നിരീക്ഷണം നവാല്‍ എല്‍ സദാവി മുന്നോട്ടുവച്ചു

സദാവിയുടെ കൃതികള്‍ അറബിയില്‍നിന്ന് മുപ്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. മതങ്ങളെ പോലെ മുതലാളിത്തത്തിന്റെയും ശക്തയായ വിമര്‍ശകയായിരുന്നു അവര്‍. 'സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെ വേരുകള്‍ കിടക്കുന്നത് ആഗോള മുതലാളിത്ത വ്യവസ്ഥയിലാണ്, അത് മത മൗലികവാദത്തിന്റെ പിന്തുണയോടെയാണെന്ന' ഏറ്റവും കൃത്യതയുള്ള രാഷ്ട്രീയ നിരീക്ഷണം അവര്‍ മുന്നോട്ടുവച്ചു.

1931ല്‍ കൈറോയുടെ ഓരംചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ ഒമ്പത് മക്കളില്‍ രണ്ടാമതായി ജനിച്ച സദാവിയുടെ ജീവിതം അതിശയിപ്പിക്കും വിധം സംഭവബഹുലമായിരുന്നു. ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു സദാവിയുടെ പിതാവ്. 1919 ലെ ഈജിപ്ഷ്യന്‍ വിപ്ലവകാലത്ത് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പ്രചാരണം നടത്തിയതിന്റെ ഫലമായി അദ്ദേഹത്തെ നൈല്‍ നദിക്കരയിലെ ഒരു ചെറിയ പട്ടണത്തിലേക്ക് നാടുകടത്തി. താരതമ്യേന പുരോഗമനവാദിയായ അദ്ദേഹം മകളെ ആത്മാഭിമാനത്തോടെ വളരാന്‍ പഠിപ്പിച്ചു. മക്കളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു ആ മാതാപിതാക്കള്‍. എന്നിട്ടുപോലും ആ നാട്ടിലെ രീതിയനുസരിച്ച് ആറാം വയസ്സില്‍ പെണ്‍ ചേലാകര്‍മത്തിന് (എഫ് ജി എം)വിധേയയായിരുന്നു സദാവി. 'ദി ഹിഡന്‍ ഫെയ്‌സ് ഓഫ് ഈവ്' എന്ന പുസ്തകത്തില്‍, ബാത്ത്‌റൂം തറയില്‍ വേദനാജനകമായ ക്രൂരത അവര്‍ വിവരിക്കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ ഈ ദുരാചാരത്തിനെതിരെ അവര്‍ പ്രചാരണം നടത്തി. ഇത് സ്ത്രീകളെ പീഡിപ്പിക്കാനുള്ളതാണെന്ന് വാദിച്ചു. 2008 ല്‍ ഈജിപ്ത് എഫ് ജി എം നിരോധിച്ചു. എന്നിട്ടും സദാവി അതിനെതിരെ പൊരുതിക്കൊണ്ടേയിരുന്നു.

അപകടകരമായി സംസാരിക്കാന്‍ ധൈര്യപ്പെട്ടതുമുതല്‍ വധഭീഷണി, ജയില്‍വാസം തുടങ്ങിയ തിക്താനുഭവങ്ങള്‍ക്ക് സദാവി വിധേയയായി. അവര്‍ ഒരിക്കലും ഭയന്ന് പിന്‍മാറിയില്ല. 'ഞാന്‍ സത്യം പറയുന്നു. സത്യം ക്രൂരവും അപകടകരവുമാണ്' എന്നവര്‍ ഒരിക്കല്‍ പറഞ്ഞു

10 വയസ്സുള്ളപ്പോള്‍ അവളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും മാതാവ് എതിര്‍ത്തു. പെണ്‍മക്കള്‍ക്ക് ആ സമൂഹത്തില്‍ ആണ്‍മക്കളേക്കാള്‍ വില കുറവാണെന്ന് ചെറുപ്രായത്തില്‍ തന്നെ സദാവി മനസ്സിലാക്കി. 'ഒരു ആണ്‍കുട്ടിക്ക് 15 പെണ്‍കുട്ടികളുടെയെങ്കിലും വിലയുണ്ട്' എന്ന് ഒരിക്കല്‍ മുത്തശ്ശി പറഞ്ഞപ്പോള്‍ അവള്‍ അതിനെതിരെ കയര്‍ത്തു. സദാവി തന്റെ 13-ാം വയസ്സില്‍ ആദ്യ നോവല്‍ എഴുതി! മാതാപിതാക്കളുടെ നേരത്തെയുള്ള വിയോഗം വലിയ കുടുംബത്തെ പരിപാലിക്കാനുള്ള ഭാരം അവളുടെ ചുമലിലാക്കിയെങ്കിലും തളര്‍ന്നില്ല. 1955 ല്‍ കെയ്റോ സര്‍വകലാശാലയില്‍നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി, ഗ്രാമങ്ങളിലടക്കം ഡോക്ടറായി ജോലി ചെയ്തു, ഒടുവില്‍ സൈക്യാട്രിയില്‍ വിദഗ്ധയായി. ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ പൊതുജനാരോഗ്യ ഡയറക്ടറായി ജോലിയില്‍ പ്രവേശിച്ചു.

അപകടകരമായി സംസാരിക്കാന്‍ ധൈര്യപ്പെട്ടതുമുതല്‍ വധഭീഷണി, ജയില്‍വാസം തുടങ്ങിയ തിക്താനുഭവങ്ങള്‍ക്ക് സദാവി വിധേയയായി. അവര്‍ ഒരിക്കലും ഭയന്ന് പിന്‍മാറിയില്ല. 'ഞാന്‍ സത്യം പറയുന്നു. സത്യം ക്രൂരവും അപകടകരവുമാണ്' എന്നവര്‍ ഒരിക്കല്‍ പറഞ്ഞു. 'പോരാട്ട മനോഭാവത്തോടെ ജനിച്ചവള്‍' എന്നാണ് സുഹൃത്തായ ഡോ. ഓംനിയ അമിന്‍ സദാവിയെക്കുറിച്ച് പറയുന്നത്. പിതാവില്‍നിന്ന് ലഭിച്ചതായിരുന്നു അവര്‍ക്ക് പോരാട്ടവീര്യവും ആത്മാഭിമാനവും. ചെറുപ്പകാലം മുതല്‍ കറുത്ത തൊലിയുള്ള ഈജിപ്ഷ്യന്‍ സ്ത്രീയാണെന്ന് അഭിമാനത്തോടെ സ്വയം വിശേഷിപ്പിച്ചു. നിര്‍ഭയം പൗരോഹിത്യത്തിന്റെയും അവയുടെ രാഷ്ട്രീയ രൂപങ്ങളുടെയും മുഖത്തുനോക്കി അവര്‍ സത്യം തുറന്നടിച്ചു. ഇതിലൊരു ഘട്ടത്തില്‍ ഈജിപ്ത് പ്രസിഡന്റ് അന്‍വര്‍ സാദത്ത് അവരെ ഇരുമ്പഴിക്കുള്ളിലടച്ചു.

പൊതുജനാരോഗ്യ ഡയറക്ടറായിരിക്കെ 1972 ല്‍ എഫ് ജി എമ്മിനെതിരെയും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരെയും വിമര്‍ശിച്ച് 'വിമന്‍ ആന്‍ഡ് സെക്‌സ്' എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകം പ്രസിദ്ധീകരിച്ചശേഷം അവര്‍ ആ ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ടു. സദാവി സ്ഥാപിച്ച 'ഹെല്‍ത്ത്' എന്ന മാഗസിന്‍ അടച്ചുപൂട്ടി. എന്നിട്ടും പറച്ചിലും എഴുത്തും നിര്‍ത്തിയില്ല. 1975-ല്‍ 'വുമണ്‍ അറ്റ് പോയിന്റ് സീറോ' എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. വധശിക്ഷയ്ക്ക് വിധേയയായ സ്ത്രീയുടെ യഥാര്‍ത്ഥ ജീവിത വിവരണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ നോവല്‍.

1977-ല്‍ രചിച്ച 'ഹിഡന്‍ ഫെയ്‌സ് ഓഫ് ഈവ്' ലൈംഗിക പീഡനം, കൊലപാതകങ്ങള്‍, വേശ്യാവൃത്തി എന്നിവയ്ക്ക് സാക്ഷിയായ ഒരു ഗ്രാമത്തിലെ ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങള്‍ അവര്‍ രേഖപ്പെടുത്തി. ഇത് വലിയ പ്രകമ്പനം സൃഷ്ടിച്ചു. അറബ് സ്ത്രീകളുടെ വാര്‍പ്പുമാതൃകകളെ മാറ്റിയെടുക്കുന്നുവെന്ന് വിമര്‍ശകര്‍ ആരോപിച്ചു. 1981 സെപ്റ്റംബറില്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ ഭരണത്തില്‍ സദാവിയെ അറസ്റ്റ് ചെയ്യുകയും മാസങ്ങളോളം ജയിലിലടയ്ക്കുകയും ചെയ്തു. ജയിലില്‍ തനിക്കൊപ്പമുണ്ടായിരുന്ന ലെംഗികത്തൊഴിലാളിയുടെ പക്കലുള്ള പുരികം വരയ്ക്കുന്ന പെന്‍സില്‍ ഉപയോഗിച്ച് മുഷിഞ്ഞ ടോയ്ലറ്റ് പേപ്പറില്‍ അവര്‍ ഓര്‍മക്കുറിപ്പുകള്‍ എഴുതി.

അന്‍വര്‍ സാദത്തിന്റെ വധത്തിനുശേഷം സദാവി ജയില്‍ മോചിതയായി. എന്നാല്‍ അവരുടെ ജോലി സെന്‍സര്‍ ചെയ്യുകയും പുസ്തകങ്ങള്‍ നിരോധിക്കുകയും ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മതമൗലികവാദികളില്‍നിന്ന് വധഭീഷണികള്‍ വന്നു. കോടതികള്‍ കയറി. ഒടുവില്‍ യു എസില്‍ പ്രവാസിയായി. നോര്‍ത്ത് കരോലിനയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയുടെ ഏഷ്യന്‍, ആഫ്രിക്കന്‍ ഭാഷാ വകുപ്പിലും വാഷിങ്ടണ്‍ സര്‍വകലാശാലയിലും പഠിപ്പിക്കുന്നതിനുള്ള വാഗ്ദാനം അവര്‍ സ്വീകരിച്ചു. അവിടെനിന്നുകൊണ്ട് മതം, കൊളോണിയലിസം, പാശ്ചാത്യ കാപട്യം എന്നിവക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ന്നു.

പിന്നീട് കെയ്റോ യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ്, യേല്‍, കൊളംബിയ, സോര്‍ബോണ്‍, ജോര്‍ജ്ടൗണ്‍, ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, ബെര്‍ക്ക്ലി എന്നിവയുള്‍പ്പെടെ നിരവധി പ്രശസ്ത കോളേജുകളിലും സര്‍വകലാശാലകളിലും പദവികള്‍ വഹിച്ചു. മൂന്ന് ഭൂഖണ്ഡങ്ങളില്‍നിന്ന് അവര്‍ക്ക് ഓണററി ബിരുദം ലഭിച്ചു. എന്നാല്‍, അവരുടെ ഏക സ്വപ്നം അല്ലെങ്കില്‍ പ്രതീക്ഷ ഈജിപ്തില്‍ നിന്നുള്ള അംഗീകാരങ്ങളായിരുന്നു. ലോകമെമ്പാടും ബഹുമതികള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ സ്വന്തം രാജ്യത്തുനിന്ന് ഒന്നും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. സദാവി 1996 ല്‍ തന്റെ പ്രിയപ്പെട്ട ഈജിപ്തിലേക്ക് മടങ്ങി. 2004 ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിച്ചു. 2011 ല്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിനെതിരായ പ്രക്ഷോഭത്തിനായി കെയ്‌റോയിലെ തഹ്രീര്‍ സ്‌ക്വയറിലായിരുന്നു. മകനും മകള്‍ക്കുമൊപ്പം കെയ്റോയില്‍ അവസാന വര്‍ഷങ്ങള്‍ ചെലവഴിച്ചു.

ഡോ. ലൈലാ അഹമ്മദ്
ഡോ. ലൈലാ അഹമ്മദ്

ലൈല അഹ്‌മദ്: അറബ് ദേശീയതയുടെ ശത്രു

ഉപരിവര്‍ഗ സ്ത്രീകളുടെ അവകാശ ബോധങ്ങളില്‍ മാത്രം കെട്ടുപിണഞ്ഞുകിടന്ന പാശ്ചാത്യ ഫെമിനിസത്തിന്റെ ആശയങ്ങളെ തിരസ്‌കരിച്ചുകൊണ്ട് ഇസ്ലാമിന്റെ തന്നെ ചരിത്രത്തിലും ആശയഗതികളിലും പ്രവര്‍ത്തനങ്ങളിലും സ്ത്രീവിമോചനപരമായ പലതും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് മതത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ പില്‍ക്കാലത്തുണ്ടായി. ഈ ധാരയില്‍ ഏറ്റവും ശ്രദ്ധേയമായത് ഈജിപ്തിലെ ഡോ. ലൈലാ അഹമ്മദ് ആയിരുന്നു. കെയ്‌റോവിലെ അന്‍സാര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു അവര്‍. തന്റെ മുന്‍ഗാമികള്‍ ആയ ഹുദാ ഷരാവിയെയോ ദോറിയ ഷെഫീഖിനെയോ നവാല്‍ സആദവിയെയോ പോലെയായിരുന്നില്ല ലൈലാ അഹ്‌മദിന്റെ ഇടപെടലുകള്‍.

ഇസ്ലാമിനകത്തെ സ്ത്രീവാദം ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളായിരുന്നു അവര്‍ നടത്തിയത്. 1992ല്‍ എഴുതിയ 'വുമണ്‍ ആന്റ് ജന്‍ഡര്‍ ഇന്‍ ഇസ്ലാം' എന്ന പുസ്തകം ഇസ്ലാമിലെ പാട്രിയാര്‍ക്കല്‍ വ്യാഖ്യാനങ്ങളാണ് സ്ത്രീയെ ഇത്രയും അധികം പതിതമായ അവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന് അവര്‍ സമര്‍ഥിച്ചു. മുല്ലമാരുടെ കൈകളിലേക്ക് ഇസ്ലാം മതം വരികയും അവരുടെ ഭരണം മതത്തിനുമേലെ വരികയും ചെയ്തു. മൗലവിമാരുടെ കൈകളില്‍ മാത്രമൊതുങ്ങാതെ നിലനിന്നിരുന്നുവെങ്കില്‍ വളരെ പരിവര്‍ത്തനോന്മുഖമായി സാധ്യതകള്‍ ഇസ്ലാമികലോകത്ത് സംഭവിച്ചേനേയെന്ന് ലൈല നിരീക്ഷിച്ചു.

ആത്മീയമായും ധാര്‍മികമായും ഒരുപോലെ മാനവസമൂഹത്താനകമാനം വേണ്ട നീതിശാസ്ത്രമായി മാറിയെങ്കില്‍ മാത്രമേ ഇസ്ലാം സ്വയമേവ വികസിക്കുകയും പരിണമിക്കുകയും ചെയ്യൂയെന്ന് ലൈല അഹ്‌മദ് പറഞ്ഞുവച്ചു

സ്വത്തവകാശം പോലെ വിവാഹം, വിവാഹമോചനം, കുടുംബ ജീവിതം, കച്ചവടം, മറ്റു സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങള്‍ എന്നിവയില്‍ ഇസ്ലാം ആധുനിക ലോകത്തിനും വളരെ മുമ്പേ തന്നെ മുഖ്യധാരയില്‍ സ്ത്രീക്ക് ഇടം നല്‍കിയിരുന്നു. എന്നാല്‍, അതിനെ കാലികമായി വ്യാഖ്യാനിക്കാന്‍, നിലവിലുള്ള യാഥാസ്ഥിതിക പൗരോഹിത്യമോ ഭരണകൂടങ്ങളോ തയാറാവുന്നില്ലെന്നിടത്ത് ഇസ്ലാമിനകത്തെ യഥാര്‍ഥ സ്ത്രീവിമോചനപരമായ സാധ്യതകള്‍ക്ക് താഴുവീഴുകയായിരുന്നുവെന്നും അവര്‍ ആര്‍ജവത്തോടെ പറഞ്ഞു.

ഈജിപ്ഷ്യന്‍ അറബ് ദേശീയതക്കെതിരെ ശക്തമായ നിലപാടാണ് ലൈല പുലര്‍ത്തിപ്പോന്നത്. അറബ് ദേശീയത ഒരു തരത്തിലുള്ള സാംസ്‌കാരിക സാമ്രാജ്യത്വമാണെന്നവര്‍ വാദിച്ചു. അറബ് സംസാരിക്കുന്ന ജനതയെ മാത്രമല്ല, അതല്ലാത്ത മുസ്ലിംകളുടെ സാംസ്‌കാരിക വൈവിധ്യത്തെയും സര്‍ഗപരതയെയും അത് ക്ഷയിപ്പിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ആത്മീയമായും ധാര്‍മികമായും ഒരുപോലെ മാനവസമൂഹത്താനകമാനം വേണ്ട നീതിശാസ്ത്രമായി മാറിയെങ്കില്‍ മാത്രമേ ഇസ്ലാം സ്വയമേവ വികസിക്കുകയും പരിണമിക്കുകയും ചെയ്യൂയെന്ന് ലൈല അഹ്‌മദ് പറഞ്ഞുവച്ചു. ഈജിപ്തിന്റെ സാംസ്‌കാരിക വൈവിധ്യത്തില്‍നിന്നു കൊണ്ട് 1999ല്‍ അവര്‍ എഴുതിയ 'എ ബോര്‍ഡര്‍ പാസേജ്' പുതിയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ പ്രസക്തിയുള്ള ഒന്നാണ്.

ഫാത്തിമ മെര്‍നീസി
ഫാത്തിമ മെര്‍നീസി

ഫാത്വിമ മെര്‍നീസ്സി: അപകടകാരിയായ മുസ്‌ലിം പണ്ഡിത

സ്ത്രീ, പുരുഷന്‍ എന്നീ രണ്ട് കേവല സംജ്ഞകള്‍ക്കപ്പുറത്ത് ഇസ്ലാമിലെ ലിംഗസമത്വം-നീതി എന്ന ഉള്ളടക്കത്തിനുമേല്‍ പില്‍ക്കാലത്ത് അട്ടിപ്പേറായി വന്നു പൊതിഞ്ഞ പൗരോഹിത്യത്തിന്റെ നൂറു നൂറ് പുറന്തോടുകള്‍ അടര്‍ത്തിമാറ്റി വിശ്വാസിയായ ഒരു മുസ്ലിം വനിത ചരിത്രത്തിലേക്ക് നടത്തിയ പിന്‍നടത്തം അമ്പരപ്പിക്കുന്നതാണ്. അധികമാരും പിന്തുടരാത്ത ആ വഴികളിലൂടെ കഠിന പ്രയത്‌നം നടത്തി മൊറോക്കന്‍ വംശജയായ ഫാത്തിമ മെര്‍നീസി സഞ്ചരിച്ചപ്പോള്‍ ലോകത്തിനു മുന്നില്‍ അതുവരെ വെളിപ്പെടാത്ത ചില കടുത്ത യഥാര്‍ഥ്യങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു. കാലത്തിലുടെ പിറകോട്ട് സഞ്ചരിക്കുമ്പോള്‍ അപകടങ്ങള്‍ ഏറെയുണ്ടാവുമെന്ന് അറിയാമായിരുന്നുവെന്ന് മെര്‍നീസി എഴുതി.

ഇസ്ലാമിലെ ഹിജാബ് എന്നത് സ്ത്രീയുടെ ശിരോവസ്ത്രമല്ലെന്നും മറിച്ച് വീട്ടിലെ അകംലോകവും പുറത്തെ പൊതു ഇടത്തെയും  വേർതിരിക്കുന്ന ആശയമായിട്ടാണ് ഖുർആൻ അത് മുന്നോട്ടുവച്ചതെന്നുമുള്ള അതിനിർണായകമായ കണ്ടെത്തലുകൾ മെര്‍നീസി നടത്തി. അക്കാലത്തെ അറബ് ജനതയെ ഔചിത്യ മര്യാദ പഠിപ്പിക്കുന്നതിനുവേണ്ടി അവതീർണമായ ഹിജാബിൻ്റെ ഖുർആൻ വചനം പിന്നീട് വൻ അട്ടിമറിക്ക് വിധേയമാക്കി സ്ത്രീയെ മൂടാനുള്ള തുണിക്കഷ്ണമാക്കി മാറ്റി

മുസ്‌ലിം ലോകത്ത് നിലവില്‍ ആഘോഷിക്കപ്പെടുന്ന സ്ത്രീവിരുദ്ധമായ ഹദീസുകളെ (പ്രവാചകാധ്യാപനങ്ങള്‍) അവര്‍ അതിന്റെ സ്വഭാവം കൊണ്ട് ഒരു സ്ത്രീയെന്ന നിലയില്‍ കണ്ണടച്ച് നിഷേധിക്കുകയായിരുന്നില്ല. മറിച്ച് മുഹമ്മദ് നബിയിലേക്ക് പരമ്പര ചേര്‍ത്ത് പറയപ്പെടുന്ന സ്ത്രീവിരുദ്ധതയുടെ ഉത്ഭവത്തിലേക്ക് സൂക്ഷ്മമായ അന്വേഷണത്തെ നയിക്കുകയായിരുന്നു. പ്രമാണികതയുടെ തന്നെ അടിത്തറയില്‍ ഊന്നിയ വിജ്ഞാനത്തെ കൂട്ടുപിടിച്ച് മെര്‍നീസി നടത്തിയ എഴുത്തുകള്‍ ഇസ്ലാമിനെ സ്വന്തം 'മത'മാക്കി കാല്‍വട്ടത്തില്‍ ഒതുക്കി ആഘോഷിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം പുരുഷ മേല്‍ക്കോയ്മക്കാര്‍ക്ക് പ്രതിരോധം ചമയ്ക്കാനാവാത്തവിധം അത്യന്തം അപകടകരമാണ്.

'സ്വർഗത്തിൽ 'നിന്നിറങ്ങി വന്ന മൂടുപടം സ്ത്രീകളെ മൂടിപ്പൊതിയാനും അവരെ പുരുഷൻമാരിൽനിന്ന് വിഭജിക്കാനും ദൈവത്തിൽനിന്ന് വേറിട്ടു നിർത്താനും ഉപയോഗിക്കപ്പെട്ടുവെന്ന് ഹിജാബിൻ്റെ ഭാഷാശാസ്ത്രപരവും സാമൂഹ്യവും ചരിത്രപരവുമായ വശങ്ങൾ പരിശോധിച്ച് മെർനീസി തുറന്നെഴുതി

ഇസ്ലാമിലെ ഹിജാബ് എന്നത് സ്ത്രീയുടെ ശിരോവസ്ത്രമല്ലെന്നും മറിച്ച് വീട്ടിലെ അകംലോകവും പുറത്തെ പൊതു ഇടത്തെയും  വേർതിരിക്കുന്ന ആശയമായിട്ടാണ് ഖുർആൻ അത് മുന്നോട്ടുവച്ചതെന്നുമുള്ള അതിനിർണായകമായ കണ്ടെത്തലുകൾ അവർ നടത്തി. അക്കാലത്തെ അറബ് ജനതയെ ഔചിത്യ മര്യാദ പഠിപ്പിക്കുന്നതിനുവേണ്ടി അവതീർണമായ ഹിജാബിൻ്റെ ഖുർആൻ വചനം പിന്നീട് വൻ അട്ടിമറിക്ക് വിധേയമാക്കി സ്ത്രീയെ മൂടാനുള്ള തുണിക്കഷ്ണമാക്കി മാറ്റി.

അനുയായികൾക്ക് എപ്പോഴും ഏത് സമയത്തും കടന്നുവരാവുന്ന നിലയിലായിരുന്നു മുഹമ്മദ് നബിയുടെ വസതി. മാത്രമല്ല, അദ്ദേഹത്തിൻ്റെ സ്വകാര്യജീവിതവും പൊതുജീവിതവും തമ്മിൽ വിഭജനമുണ്ടായിരുന്നില്ല. ജനങ്ങൾ യാതൊരു ഔപചാരികതയുമില്ലാതെ അദ്ദേഹത്തെ സന്ദർശിച്ച സന്ദർഭത്തിലായിരുന്നു പ്രസ്തുത ദൈവവചനം പിറന്നത്. അനുമതിയില്ലാതെ നിങ്ങൾ അദ്ദേഹത്തിൻ്റെ ഭവനത്തിൽ പ്രവേശിക്കരുതെന്ന് പഠിപ്പിക്കുന്ന വാക്യം പിൽക്കാലത്ത്  ലിംഗാടിസ്ഥാനത്തിലുള്ള വിഭജനമായി പരിണമിച്ചു. 'സ്വർഗത്തിൽ 'നിന്നിറങ്ങി വന്ന മൂടുപടം സ്ത്രീകളെ മൂടിപ്പൊതിയാനും അവരെ പുരുഷൻമാരിൽനിന്ന് വിഭജിക്കാനും ദൈവത്തിൽനിന്ന് വേറിട്ടു നിർത്താനും ഉപയോഗിക്കപ്പെട്ടുവെന്ന് ഹിജാബിൻ്റെ ഭാഷാശാസ്ത്രപരവും സാമൂഹ്യവും ചരിത്രപരവുമായ വശങ്ങൾ പരിശോധിച്ച് മെർനീസി തുറന്നെഴുതി. 

മറ്റൊരു ഗൗരവമേറിയ വസ്തുത, മുസ്ലിം ലോകത്തിൻ്റെ ആഭ്യന്തര ശൈഥില്യം മുഹമ്മദ് നബിയുടെ വിയോഗത്തിൻ്റെ തൊട്ടടുത്ത വേളയിൽ തന്നെ സംഭവിച്ചതായും ചരിത്രത്തിൻ്റെ മറയ്ക്കപ്പെട്ട വഴികളിലേക്ക് നടത്തിയ സൂക്ഷ്മവും ദീർഘവുമായ അന്വേഷണനാനന്തരം അവർ കണ്ടെത്തിയെന്നതാണ്. ഒരു മുസ്ലിം പണ്ഡിത നടത്തിയ അസാധാരണവും അമ്പരപ്പിക്കുന്നതായ അന്വേഷണങ്ങളും വായനകളും പക്ഷെ, അറബ് പുരുഷമത പരിസരത്തിൽ അന്നും ഇന്നും അവഗണിക്കപ്പെട്ടു.

മുഹമ്മദ് നബിയുടെ മരണശേഷം രണ്ടു നൂറ്റാണ്ടുകള്‍ കഴിയുന്നതിനു മുമ്പ് തന്നെ 5,96,725 വ്യാജ ഹദീസുകള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നുവെന്ന് വിഖ്യാത ഹദീസ് ഏകോപകന്‍ അല്‍ ബുഖാരി കണ്ടത്തെിയതായി മെര്‍നീസി പറയുന്നു. പ്രവാചകന്റേതെന്ന് അവകാശപ്പെട്ട വ്യാജമായ വചനങ്ങള്‍ തങ്ങളുടെ സ്വാര്‍ഥലാഭത്തിനുവേണ്ടി പ്രചരിപ്പിക്കുന്നവരുണ്ടായിരുന്നു. ഹദീസിന്റെ ഉള്ളടക്കങ്ങള്‍ വളച്ചൊടിച്ചുകൊണ്ടും അത് പ്രേഷണം ചെയ്ത വ്യക്തകളുടെ പരമ്പരയില്‍ തിരിമറികള്‍ നടത്തിക്കൊണ്ടമായിരുന്നു അതത്രെ!

അന്തസ്സിനും പൗരത്വത്തിനുള്ള അവകാശങ്ങള്‍ക്കും വേണ്ടി പേരാടുന്ന ഏത് മുസ്ലിം സ്ത്രീയുടെയും സ്ഥാനം ഈ സമൂഹത്തിന് പുറത്താണെന്ന് വാദിക്കുന്നു മുസ്ലിം പുരുഷന്‍. സ്വന്തം മതപാരമ്പര്യത്തെയും സാംസ്‌കാരികത്തനിമയെയും മനസിലാക്കാത്തതിനാല്‍ ഇവര്‍ പാശ്ചാത്യരുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരായവരാണ് അവരെന്ന് എളുപ്പത്തില്‍ ചാപ്പയടിക്കുന്നു. അഭിമാനത്തിനും ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നമ്മുടെ രാജ്യത്തിലെ രാഷ്ട്രീയവും സാമൂഹ്യവുമായ കാര്യങ്ങളില്‍ തുല്യ പങ്കാളിത്തത്തിനും വേണ്ടിയുള്ള നമ്മുടെ അന്വേഷണം യഥാര്‍ഥമായ മുസ്ലിം പാരമ്പര്യങ്ങളില്‍നിന്നാണ് ഉത്ഭവിക്കുന്നതെന്നും ഇറക്കുമതി ചെയ്ത പാശ്ചാത്യ മൂല്യങ്ങളില്‍ നിന്നല്ലെന്നും അതിനാല്‍, ഈ അറിവ് മുസ്ലിം സ്ത്രീകളെന്ന നിലയ്ക്ക് ഈ ലോകത്തിനു മുന്നിലേക്ക് അഭിമാനപൂര്‍വം നടന്നത്തൊന്‍ നമുക്ക് കരുത്തുപകരുന്നുവെന്നും അര്‍ഥ ശങ്കക്കിടയില്ലാത്തവിധം മെര്‍നീസി ഓര്‍മിപ്പിക്കുന്നു.

നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാചകന്‍ ജീവിച്ചിരിക്കെ തന്നെ മദീനാ തെരുവുകളില്‍ സ്ത്രീവിമോചനത്തെക്കുറിച്ചുള്ള സജീവ സംവാദങ്ങളും അവയോടുള്ള വിവിധ സമീപനങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെന്നും അതിലൂടെ സ്ത്രീകള്‍ ബഹുമുഖമായ അവകാശങ്ങള്‍ കയ്യാളിയിരുന്നുവെന്നുമുള്ളതായിരുന്നു മെര്‍നീസിയുടെ ആധികാരികമായ കണ്ടെത്തല്‍. ഈ സ്ത്രീകളെക്കുറിച്ച് നമ്മുടെ ചരിത്രം ബോധപൂര്‍വം ഒളിച്ചുവച്ച സത്യങ്ങളിലേക്കുള്ള കുതിപ്പായിരുന്നു മെര്‍നീസിയുടേത്.

''മക്കയിലെ കുലീന ഗോത്രാധിപത്യത്തില്‍നിന്ന് ഏഴാം ശതാബ്ദത്തില്‍ ആയിരക്കണക്കിനു സ്ത്രീകള്‍ പ്രവാചകന്റെ നഗരമായ മദീനയിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും യജമാനന്‍മാര്‍ക്കും ഭൃത്യന്‍മാര്‍ക്കും ഇസ്ലാം ഒരുപോലെ അന്തസ്സും സമത്വവും വാഗ്ദാന നല്‍കിയതു മൂലമായിരുന്നു.'' ഗോത്ര വര്‍ഗങ്ങളില്‍പെട്ട നിരവധി ചെറുപ്പക്കാരായ സ്ത്രീകളും അടിമകളും ഒരുപോലെ പുതിയ മതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഈ മതത്തിന്റെ പ്രവാചകന്‍, വ്യവസ്ഥാപിതത്വത്തിന് ആപല്‍ക്കരമായ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ട് മനുഷ്യന്റെ അന്തസ്സിനെപ്പറ്റിയും തുല്യ അവകാശങ്ങള്‍ക്കുവേണ്ടിയും സംസാരിക്കുകയും മക്കയിലെ അധികാരികള്‍ക്ക് പേടിസ്വപ്നമാവുകയും ചെയ്തു. എന്നാല്‍, അദ്ദേഹം ഉയര്‍ത്തിയ സാര്‍വത്രിക സമത്വത്തിന്റെ സന്ദേശം പുറംലോകത്തുനിന്നുള്ള ഇറക്കുമതിയായി വീക്ഷിക്കപ്പെടുന്നുവെന്നതാണ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രഹേളികയെന്ന് മെര്‍നീസി പറയുന്നു.

ലിംഗസമത്വം എന്നത് വൈദേശികാശയമാണെന്ന് വാദിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒന്ന് മദീനയുടെ ഇടുങ്ങിയ തെരുവുകള്‍ 15 നൂറ്റാണ്ട് മുമ്പുതന്നെ ലിംഗസമത്വത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നുവെന്ന തീവ്ര യാഥാര്‍ഥ്യമാണ്. 'ജനാധിപത്യം, ലിംഗ സമത്വം എന്നീ ആശയങ്ങള്‍ ദഹിക്കാന്‍ പാശ്ചാത്യര്‍ക്ക് പിന്നെയും അനേകം നൂറ്റാണ്ടുകള്‍ വേണ്ടിവന്നപ്പോള്‍ മുസ്ലിംകള്‍ക്ക് ഇസ്ലാം സ്ഥാപിതമായ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തന്നെ അതിനോട് പ്രതികരിക്കേണ്ടിവന്നുവെന്നും തന്റെ 'വെയ്ല്‍ ആന്‍ഡ് ദ മെയ്ല്‍ എലൈറ്റ്' എന്ന പുസ്തകത്തിലൂടെ അവര്‍ ചൂണ്ടിക്കാട്ടുന്നു.

1975ല്‍ പ്രസിദ്ധീകരിച്ച മെര്‍നിസിയുടെ 'ബിയോണ്ട് ദി വെയ്ല്‍' ഇംഗ്ലീഷില്‍ ഏറ്റവും അധികം വായിക്കപ്പെടുന്ന ക്ലാസിക് ആയിത്തീര്‍ന്നിരിക്കുന്നു. ഈ പുസ്തകത്തിലൂടെ നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ തലങ്ങളില്‍നിന്നുകൂടിയും അറബ് ലോകത്തെയും മുസ്‌ലിം സ്ത്രീജീവിതത്തെയും അവര്‍ പരിശോധനക്കുവയ്ക്കുന്നു.

ആമിന വദൂദ്
ആമിന വദൂദ്

ആമിനാ വദൂദ്: കര്‍മംകൊണ്ട് വെല്ലുവിളിയുയര്‍ത്തിയ വനിത

ഇസ്ലാമിനകത്തുള്ള വിമോചനസാധ്യതകളെ അന്വേഷണങ്ങളിലൂടെയും പഠനങ്ങളിലുടെയും തിരിച്ചറിഞ്ഞ് അതിനെ ആശ്ലേഷിക്കുന്നതുവരെ, ഒരു ആഫ്രോ-അമേരിക്കന്‍ കുടുംബത്തിലെ മേരി ടെസ്ലി ആയിരുന്നു ആമിന വദൂദ്. മുസ്ലിം ലോകത്തെ ആര്‍ജവമുള്ള മറ്റു വനിതാ വ്യക്തിത്വങ്ങളില്‍നിന്ന് വ്യത്യസ്തമായി 1994ല്‍ ദക്ഷിണാഫിക്കയിലെ കേപ് ടൗണിലെ ഒരു പള്ളിയില്‍ 1994ല്‍ അവര്‍ ജുമുഅ (വെള്ളിയാഴ്ച നമസ്‌കാരം) പ്രഭാഷണം നിര്‍വഹിച്ചു. പൗരോഹിത്യ പ്രഭുത്വത്തിന്റെ തലയ്‌ക്കേറ്റ ശക്തമായ പ്രഹരമായി അതു വായിക്കപ്പെട്ടു. അതും നടന്ന് പത്തു വര്‍ഷം കഴിഞ്ഞ് 2005ല്‍ വെള്ളിയാഴ്ച ജുമുഅക്ക് തന്നെ അവര്‍ നേതൃത്വം നല്‍കി.

സ്ത്രീകളും പുരുഷന്‍മാരും വേര്‍തിരിവില്ലാതെ ആ വനിതക്കുപിന്നില്‍ അണിനിരന്നു. ഇതോടെ കേരളത്തിലടക്കമുള്ള സാമ്പ്രദായിക മുസ്ലിം ലോകത്ത് ഇവര്‍ അടുപ്പിക്കാന്‍ പാടില്ലാത്ത അത്യപകടകാരിയായി മാറി. എന്നാല്‍, ഇത്തരം അവഹേളനങ്ങളും ഭീഷണികളും ഗൗനിക്കാതെ യു എസ്, ദക്ഷിണേഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്റെ അന്വേഷണങ്ങളും വായനകളും പ്രചരിപ്പിക്കുന്ന തിരക്കിലാണ് ഇന്നുമവര്‍.

1994ല്‍ ദക്ഷിണാഫിക്കയിലെ കേപ് ടൗണിലെ ഒരു പള്ളിയില്‍ 1994ല്‍ അവര്‍ ജുമുഅ (വെള്ളിയാഴ്ച നമസ്‌കാരം) പ്രഭാഷണം നിര്‍വഹിച്ചു. പൗരോഹിത്യ പ്രഭുത്വത്തിന്റെ തലയ്‌ക്കേറ്റ ശക്തമായ പ്രഹരമായി അതു വായിക്കപ്പെട്ടു. അതും നടന്ന് പത്തു വര്‍ഷം കഴിഞ്ഞ് 2005ല്‍ വെള്ളിയാഴ്ച ജുമുഅക്ക് തന്നെ അവര്‍ നേതൃത്വം നല്‍കി

വിര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയില്‍ 1999ല്‍ റിലിജ്യന്‍ ആന്‍ഡ് ഫിലോസഫി വിഭാഗത്തില്‍ പ്രൊഫസറായി ജോലിയില്‍ പ്രവവേശിച്ച ആമിനാ വദൂദ് 2008ലാണ് അവിടെനിന്ന് വിരമിച്ചത്. 'ഖുര്‍ആന്‍ ആന്‍ഡ് വുമണ്‍' എന്ന പുസ്തകം മാത്രം മതി അവരുടെ അറിവിന്റെയും അന്വേഷണ ത്വരയുടെയും ആഴം മനസ്സിലാക്കിത്തരാന്‍.

അസ്മ ബെര്‍ലാസ്
അസ്മ ബെര്‍ലാസ്

അസ്മ ബെര്‍ലാസ്: ഇസ്‌ലാമിന്റെ സ്ത്രീപക്ഷ വായനയിലെ തീപ്പൊരി

ഖുര്‍ആനിന്റെ പാട്രിയാര്‍ക്കല്‍ വ്യാഖ്യാനങ്ങളെ ചരിത്രപരമായി വിചാരണ ചെയ്യുന്ന 'ബിലീവിങ് വുമണ്‍ ഇന്‍ ഇസ്ലാം' എന്ന ഗ്രന്ഥത്തി?െന്റ കര്‍ത്താവായ പ്രൊഫസര്‍ അസ്മ ബെര്‍ലാസ് ഇസ്ലാമിന്റെ സ്ത്രീപക്ഷ വായനയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മറ്റൊരു വനിതയാണ്. സ്വതന്ത്രവും ശക്തവുമായ വ്യക്തിത്വത്തിനുടമയാണ് പാക്- അമേരിക്കന്‍ എഴുത്തുകാരിയും അക്കാദമിക വിദഗ്ധയുമായ അസ്മ.

ലിംഗസമത്വത്തിന്റെയും സാമൂഹിക നീതിയുടെയും ഒരു വ്യവഹാരമായി നിര്‍വചിക്കാനാവാത്തപക്ഷം 'ഇസ്ലാമിക ഫെമിനിസ'ത്തെ നിരാകരിക്കുന്നതായി അസ്മ ബെര്‍ലാസ് വ്യക്തമാക്കിയിട്ടുണ്ട്

1950ല്‍ പാകിസ്ഥാനിലെ ലാഹോറില്‍ ജനിച്ച അവരുടെ വിദ്യാഭ്യാസം യു എസിലേക്കു കൂടി നീണ്ടു. മുസ്ലിം സാംസ്‌കാരിക ആചാരങ്ങളുടെയോ പാശ്ചാത്യ -മാധ്യമ വാര്‍പ്പുമാതൃകകളിലൂടെയോ അല്ലാതെ തീര്‍ത്തും ഖുര്‍ആനിനകത്തുനിന്നാണ് സ്ത്രീ, ലിംഗം എന്നീ ധാരണകളെ അസ്മ ബര്‍ലാസ് പൊളിച്ചെഴുതുന്നത്. 'Believing Women' in Islam: Unreading Patriarchal Interpretations of the Qur'an എന്ന പുസ്തകം ആ അര്‍ഥത്തില്‍ ഇസ്‌ലാമിനെ പഠിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കുള്ള വലിയ സംഭാവനയാണ്.

ലൈംഗികമായ അടിച്ചമര്‍ത്തല്‍, അസമത്വം, പുരുഷാധികാരം തുടങ്ങിയവക്ക് ഖുര്‍ആനില്‍നിന്ന് നീതീകരണം തേടുന്ന മതാധികാരികളുടെയും സാമ്പ്രദായിക മുസ്ലിം ലോകത്തിന്റെയും അഹന്തയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു ഇവരുടെ രചനകള്‍. ലിംഗസമത്വത്തിന്റെയും സാമൂഹിക നീതിയുടെയും ഒരു വ്യവഹാരമായി നിര്‍വചിക്കാനാവാത്തപക്ഷം 'ഇസ്ലാമിക ഫെമിനിസ'ത്തെ നിരാകരിക്കുന്നതായി അസ്മ ബെര്‍ലാസ് വ്യക്തമാക്കിയിട്ടുണ്ട്. പൊതു-സ്വകാര്യ തുടര്‍ച്ചയിലുടനീളം എല്ലാ മനുഷ്യര്‍ക്കും അവരുടെ അസ്തിത്വത്തിന്റെമേല്‍ ആകമാനമുള്ള നീതിയെക്കുറിച്ച് ഖുര്‍ആന്‍ കല്‍പ്പിക്കുന്നതായി അവര്‍ പഠനങ്ങളിലൂടെ കണ്ടെത്തി.

ഇംഗ്ലീഷ് സാഹിത്യത്തിലും തത്വചിന്തയിലും ബിരുദാനന്തര ബിരുദവും പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും ഡെന്‍വര്‍ സര്‍വകലാശാലയില്‍നിന്ന് അന്താരാഷ്ട്ര പഠനങ്ങളില്‍ പി എച്ച് ഡിയും കരസ്ഥമാക്കിയ അസ്മ 1976ല്‍ വിദേശസേവനത്തില്‍ പ്രവേശിച്ച ആദ്യ പാക് വനിതകളില്‍ ഒരാളായിരുന്നു. ആറ് വര്‍ഷത്തിനുശേഷം ജനറല്‍ സിയാഉല്‍ ഹഖിന്റെ ഉത്തരവനുസരിച്ച് അവരെ പിരിച്ചുവിട്ടു. 1991ല്‍ ഇത്താക്ക കോളേജിലെ പൊളിറ്റിക്കല്‍ സ്റ്റഡീസ് വിഭാഗത്തില്‍ ചേര്‍ന്നു. 12 വര്‍ഷം അവര്‍ സംസ്‌കാരം, വംശം, വംശീയത എന്നിവയുടെ പഠന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. 2008ല്‍ ആംസ്റ്റര്‍ഡാം സര്‍വകലാശാലയില്‍ തത്വശാസ്ത്ര വിഭാഗത്തിലും സേവനമനുഷ്ഠിച്ചു.

മുസ്‌ലിം ലോകത്തെ എല്ലാ അര്‍ഥത്തിലും അധപതനത്തിലേക്കു നയിക്കാന്‍ മൂല കാരണമായ 'ആണധികാര ഇസ്ലാമില്‍' എന്നോ മരിച്ചുപോയ ഇജ്തിഹാദിന്റെ ഗവേഷണത്തിന്റെ പുനര്‍ജനിക്ക് ആധുനിക ലോകത്ത് ഇങ്ങനെ ഒട്ടനവധി ഉജ്ജ്വലരായ വനിതകള്‍ ജീവജലം പകര്‍ന്നിരിക്കുന്നു. പണ്ഡിതലോകത്ത് വനിതകള്‍ 'സംപൂജ്യ'രാണെന്ന കേവലവാദം ഇനിയും ഉയര്‍ത്താന്‍ കഴിയാത്തവിധം ഇത്തരം വ്യക്തിത്വങ്ങള്‍ ഉയര്‍ത്തിവിട്ട ആഴമേറിയ അന്വേഷണങ്ങളുടെയും ആശയങ്ങളുടെയും ലോകം സംവാദങ്ങളിലൂടെ തുറന്നിട്ടാല്‍ ഈ ജനത ഇപ്പോഴുള്ള ചിന്താ ദാരിദ്ര്യത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പടുകുഴിയില്‍നിന്ന് രക്ഷപ്പെടുമെന്നതില്‍ സംശയമില്ല.

logo
The Fourth
www.thefourthnews.in