പഴയിടത്തിന്റെ 'ശുദ്ധ' അടുക്കളയില്‍നിന്ന് കേരളത്തിന്റെ 
കൗമാരത്തെ വീണ്ടും ഊട്ടാൻ ഇടതുസർക്കാർ

പഴയിടത്തിന്റെ 'ശുദ്ധ' അടുക്കളയില്‍നിന്ന് കേരളത്തിന്റെ കൗമാരത്തെ വീണ്ടും ഊട്ടാൻ ഇടതുസർക്കാർ

ആർക്കു വേണ്ടിയാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭാഗമായ മന്ത്രി ഇതുപോലൊരു വ്യക്തിയെ നേരിൽ കണ്ട് തിരിച്ചുവരാൻ ആവശ്യപ്പെടുന്നത്?

പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും സംസ്ഥാന കലോത്സവത്തിൽ ഭക്ഷണം പാകം ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. സസ്യാഹാരത്തിന്റെയും ജാതീയതയുടെയും പേരിൽ നിരവധി ചർച്ചകൾക്കു ശേഷം ഇനി കലോത്സവത്തിലേക്കില്ല എന്ന് തീരുമാനിച്ച പഴയിടത്തെ ക്ഷണിച്ചാനയിച്ചു തിരിച്ചു കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന ചോദ്യം ഈ സർക്കാർ നിർബന്ധമായും ഉത്തരം നൽകേണ്ടുന്ന ചോദ്യമാണ്. അത്തരമൊരു ചോദ്യത്തെ പക്ഷെ നേരിടാനോ അതിനോട് സംവദിക്കാനോ, ഈ സർക്കാറിന് നേതൃത്വം നൽകുന്ന ഇടതുപാർട്ടികൾ സത്യസന്ധത കാണിക്കുമെന്ന് കരുതാൻ വയ്യ

പഴയിടത്തിന്റെ 'ശുദ്ധ' അടുക്കളയില്‍നിന്ന് കേരളത്തിന്റെ 
കൗമാരത്തെ വീണ്ടും ഊട്ടാൻ ഇടതുസർക്കാർ
'പഴയിടം മാറ്റി നിര്‍ത്താന്‍ പറ്റാത്ത വ്യക്തിത്വം'; വീട്ടിലെത്തിക്കണ്ട് മന്ത്രി വാസവന്‍, അനുനയനീക്കം?

കഴിഞ്ഞ 16 വർഷക്കാലമായി സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പഴയിടം മോഹനൻ നമ്പൂതിരിയും സസ്യാഹാരവും തുടരുന്നതെങ്ങനെയാണെന്ന ചോദ്യത്തിൽ നിന്നാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മത്സരത്തിനായി എത്തുന്ന കലോത്സവത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണം എന്തുകൊണ്ട് സസ്യാഹാരംമാത്രമാകുന്നു എന്നത് പ്രധാനപ്പെട്ട ചോദ്യം തന്നെയാണ്. 'സസ്യാഹാരവും ശുദ്ധിയും' പതിനാറു വർഷമായി തുടരുമ്പോൾ, അതിൽ ഭക്ഷണത്തിന്റെ നിലവാരമോ, സ്വാദോ മാത്രമല്ല ആ ഭക്ഷണം പാകം ചെയ്യുന്ന വ്യക്തിയുടെ ജാതിയുൾപ്പെടെയുള്ള സാമൂഹിക സ്ഥാനങ്ങൾ കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട് എന്ന ആവശ്യം തള്ളിക്കളയാനാകില്ല. ശുദ്ധിയുടെയും അശുദ്ധിയുടെയും വാദങ്ങള്‍ക്ക് പിന്നില്‍ വൃത്തിയെക്കുറിച്ചുള്ള ആശങ്കകളല്ല, മറിച്ച് പതിഞ്ഞു പോയ ജാതി ബോധമാണ് പ്രകടിപ്പിക്കപ്പെടുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവരാരും ഈ ഇടതുപക്ഷത്തില്ലെന്ന് കരുതാന്‍ കഴിയില്ല. ഉറച്ചുപോയ ജാതീയ അധീശത്വ മൂല്യ ബോധത്തെ സംരക്ഷിക്കുകയെന്ന എല്ലാ ഭരണവര്‍ഗ പാര്‍ട്ടികളും ചെയ്യുന്ന പ്രവര്‍ത്തനം ഇടതുപക്ഷവും ചെയ്യുന്നുവെന്ന് മാത്രം.

പഴയിടം മോഹനൻ നമ്പൂതിരിയോടൊപ്പം മന്ത്രി വിഎൻ വാസവൻ
പഴയിടം മോഹനൻ നമ്പൂതിരിയോടൊപ്പം മന്ത്രി വിഎൻ വാസവൻ

ഇനി കലോത്സവത്തിലേക്കില്ല എന്ന് തീരുമാനിച്ച മോഹനൻ നമ്പൂതിരി മാധ്യമങ്ങളെ കണ്ട് അന്നു പറഞ്ഞ കുറെ കാര്യങ്ങളുണ്ട്. ഒരു വിവാദം ഒഴിവാക്കാൻ വേണ്ടി താൻ പിന്മാറുന്നു എന്നും, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ തലയിലേറ്റാൻ വയ്യെന്നും ധ്വനിപ്പിക്കുന്ന ആ പ്രതികരണങ്ങൾ, തന്നെക്കാൾ യോഗ്യത ഇവിടെ വേറെ ആർക്കുമില്ല എന്ന് മറ്റൊരു രീതിയിൽ സ്ഥാപിക്കുന്നതിന് തുല്യമായിരുന്നു. "കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും വർഗീയത കലർത്തുന്ന കാലമാണിത്. ഇത്രയും അധികം കുട്ടികള്‍ വന്നുപോകുന്ന അടുക്കള നിയന്ത്രിക്കാന്‍ ഭയമുണ്ട്." പഴയിടം പറഞ്ഞു.

ബ്രാഹ്‌മണ്യ ശുദ്ധി ബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നര പതിറ്റാണ്ട് വിളംബിയ ഭക്ഷണത്തെ പഴയിടം കണ്ടത് (പഴയിടം മാത്രമല്ല, ഇടതുപക്ഷം അടക്കം എല്ലാ ഭരണക്കാരും) എല്ലാ ജാതി മത വിഭാഗത്തിന്റെയും പ്രിയ ആഹാരമായിട്ടായിരുന്നു

താനെന്ന വ്യക്തിയെയും, സാമൂഹിക അന്തരീക്ഷത്തെയും മലീമസമാക്കുന്ന അധിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കാര്യമില്ലെന്നും, പുതിയ കാലത്തിന്റെ അടുക്കളയില്‍ തനിക്ക് സ്ഥാനമില്ലെന്നും പഴയിടം പറയുന്നു. അവസാനം പറഞ്ഞ വാചകം ശരിയാണെന്നു വയ്ക്കാവുന്നതാണ്, സസ്യാഹാരം പാകം ചെയ്യാൻ താല്പര്യമുള്ള, പാചകം സവർണ ജാതി ബോധത്തിലൂന്നിയ പ്രവർത്തനമായി കൂടി കാണുന്ന പഴയിടം നമ്പൂതിരിക്ക് പുതിയ കാലത്തെ അടുക്കളയിൽ യഥാർത്ഥത്തിൽ സ്ഥാനമുണ്ടാകേണ്ടതില്ല. പക്ഷെ, കേരളത്തിലെ ഇടതുപക്ഷത്തിന് പഴയിടത്തെയും അദ്ദേഹത്തിൻ്റെ മൂല്യബോധത്തെയും തള്ളികളയാൻ വയ്യ.

പഴയിടത്തിന്റെ 'ശുദ്ധ' അടുക്കളയില്‍നിന്ന് കേരളത്തിന്റെ 
കൗമാരത്തെ വീണ്ടും ഊട്ടാൻ ഇടതുസർക്കാർ
കലോത്സവ ഊട്ടുപുരയില്‍ അടുത്ത വർഷം മുതൽ മാംസാഹാരവും; വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢ ലക്ഷ്യമെന്ന് വി ശിവന്‍കുട്ടി

തന്നെയും സമൂഹത്തെയും മലീമസമാക്കുന്ന അധിക്ഷേപങ്ങളായാണ് അദ്ദേഹം ഈ വിവാദങ്ങളെ കാണുന്നത് എന്നിടത്ത് ഈ ചർച്ചകളിലെ ജാതീയതയുമായി ബന്ധപ്പെട്ട വിഷയം അദ്ദേഹം ഉൾക്കൊള്ളുന്നില്ല എന്നുതന്നെയാണ്‌ മനസിലാക്കേണ്ടത്. സവർണ ജാതി ബോധത്തിൻ്റെ പ്രവർത്തനം അങ്ങനെയാണ്. സ്വാഭാവികമാണെന്ന് അത് എല്ലാവരെക്കൊണ്ടും തോന്നിപ്പിക്കും.

കഴിഞ്ഞ വർഷം കോഴിക്കോട് വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തെ തുടർന്നാണ് ഈ വിവാദങ്ങൾ ഉണ്ടായത്. അതിനു ശേഷം തൃശൂരിൽ നടന്ന ദക്ഷിണേഷ്യൻ സ്കൂൾ ശാസ്ത്രമേളയിൽ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. എന്നാൽ പിന്നീട് മന്ത്രി വിഎൻ വാസവൻ നേരിട്ട് വന്നു കണ്ട് അനുനയ ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പഴയിടം മാറിനിൽക്കേണ്ടതില്ല എന്ന് വാസവൻ അന്ന് തന്നെ പറഞ്ഞിരുന്നു. മുസ്ലീങ്ങൾക്കെതിരെ നാർക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച ബിഷപ്പിനെ, ആ ക്രിമിനൽ പ്രസ്താവന നടത്തിയ പിറ്റേ ദിവസം അരമനയിൽ പോയി 'ആദരിച്ച' അതേ വാസവൻ

ആർക്കു വേണ്ടിയാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭാഗമായ മന്ത്രി ഇതുപോലൊരു വ്യക്തിയെ പോയി നേരിൽ കണ്ട് തിരിച്ചുവരാൻ ആവശ്യപ്പെടുന്നത്? അത് പഴയിടം ചോദ്യം ചെയ്യപ്പെടുമ്പോൾ പൊള്ളുന്ന സവർണബോധമുള്ളവരെ മാത്രം തൃപ്തിപ്പെടുത്താനാണ്. പഴയിടമില്ലെങ്കിൽ മറ്റൊരാൾ എന്ന് ചിന്തിക്കാൻ ഈ സർക്കാരിന് സാധിക്കാത്തതും ഈ സവര്ണബോധത്തിന് അടിയറവു പറയേണ്ടി വരുന്നതുകൊണ്ടാണ്.

2023 ജനുവരി മാസത്തിലാണ് മന്ത്രി കുറിച്ചിത്താനത്തെ വീട്ടിൽ ചെന്ന് പഴയിടം നമ്പൂതിരിയെ കാണുന്നത്. സിപിഎം ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് മന്ത്രി അവിടെയെത്തിയത്. എങ്കിൽക്കൂടി പഴയിടത്തെപ്പോലൊരാളെ നേരിൽക്കണ്ട് അനുനയിപ്പിക്കാൻ ഒരു മന്ത്രി നേരിട്ട് പോകുന്നതിൽ നേരത്തെ പറഞ്ഞതുപോലെ പഴയിടം പാകം ചെയ്ത ഭക്ഷണത്തിന്റെ സ്വാദ് മാത്രമല്ല ഉള്ളത്, അതിൽ പഴയിടത്തിന്റെ ജാതിയുമുണ്ട്.

പഴയിടത്തിന്റെ 'ശുദ്ധ' അടുക്കളയില്‍നിന്ന് കേരളത്തിന്റെ 
കൗമാരത്തെ വീണ്ടും ഊട്ടാൻ ഇടതുസർക്കാർ
പഴയിടം ഇനി കലോത്സവത്തിന്റെ കലവറയിലേക്കില്ല

അന്ന് പാതി മനസിൽ നിന്നിരുന്ന പഴയിടം ഇതാ പൂർണമനസോടെ അടുത്ത കലോത്സവത്തിന് സദ്യയൊരുക്കാൻ പുറപ്പെടുകയാണ്, തീർത്തും സസ്യാഹാരങ്ങൾ മാത്രം പാകം ചെയ്യുന്ന അടുക്കളയുമായി. അടുത്ത തവണ കലോത്സവത്തിന്റെ ഭക്ഷണത്തിൽ മാംസാഹാരം കൂടി ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്ന് കോഴിക്കോട്‌ പറഞ്ഞിരുന്നെങ്കിലും, ഇത്തവണയും മെനുവിൽ സസ്യാഹാരം മാത്രമേ ഉണ്ടാകൂ.

പഴയിടം നമ്പൂതിരി സസ്യാഹാരം മാത്രമല്ല മാംസവും പാകം ചെയ്യുമെന്ന ന്യായീകരണങ്ങൾ വിവാദ സമയത്തുണ്ടായിരുന്നു. എന്നാൽ ഇപ്പോഴും തന്റെ ജാതീയമായ ശുദ്ധിയിൽ അദ്ദേഹം വിശ്വസിക്കുകയും സസ്യാഹാരത്തിനു പ്രാധാന്യം നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ മനസില്ലാമനസോടെ രണ്ടാംതരമായി തയ്യാറാക്കുന്ന മാംസ ഭക്ഷണങ്ങൾ പൊതുസ്വീകാര്യത നേടാനുള്ള കാട്ടിക്കൂട്ടലായി മാത്രമേ കാണാൻ സാധിക്കൂ. ഇത്തരമൊരു വ്യക്തിയെ കഷ്ടപ്പെട്ട് തിരിച്ചു കൊണ്ടുവരാൻ കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന ഒരു പാർട്ടി നേതൃത്വം നൽകുന്ന ഒരു സർക്കാർ ശ്രമിക്കുന്നു എന്നതിനർത്ഥം സവർണ മൂല്യബോധത്തിൻ്റെ പിടിയിൽനിന്ന് കുതറിമാറാൻ പോലും അവരും ശ്രമിക്കുന്നില്ലെന്ന് തന്നെയാണ്.

logo
The Fourth
www.thefourthnews.in