നോട്ട് നിരോധനം പോലെ തന്നെ മറ്റൊരു വിഡ്ഢിത്തം; 2000 രൂപ  പിൻവലിച്ചതിന്  പിന്നിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ടാകാം

നോട്ട് നിരോധനം പോലെ തന്നെ മറ്റൊരു വിഡ്ഢിത്തം; 2000 രൂപ പിൻവലിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ടാകാം

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് നിരോധനമെങ്കിൽ മറ്റ് കക്ഷികൾക്ക് ലഭിക്കേണ്ട പണം അവരിലേക്ക് എത്താതിരിക്കുക എന്ന ലക്ഷ്യം കൂടി കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിന് ഉണ്ടായിരിക്കാം

2016ലെ നോട്ട് നിരോധനം പോലെ തന്നെ രണ്ടായിരത്തിന്റെ നോട്ടുകളും ഒരു വിഡ്ഢിത്തമായിരുന്നു. നോട്ട് നിരോധനത്തിൽ ഇല്ലാതെപോയ ആസൂത്രണമില്ലായ്മയുടെ ബാക്കിയാണ് 2000 രൂപയുടെ നോട്ടുകൾ. ഒരു സുപ്രഭാതത്തിൽ നോട്ടുകൾ നിരോധിക്കുമ്പോൾ വിപണിയിൽ വിനിമയത്തിന് വേറെ നോട്ടുകൾ ഉണ്ടാകേണ്ടതുണ്ട്. അത്തരത്തിലുള്ള യാതൊരു ചിന്തയുമില്ലാതെയാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത്.

വിനിമയത്തിനുള്ള നോട്ടുകൾ ഇല്ലാതെ വന്നപ്പോളാണ് രണ്ടായിരത്തിന്റെ നോട്ടുകൾ യുദ്ധകാലാടിസ്ഥാനത്തിൽ അച്ചടിക്കാനും വിപണിയിലെത്തിക്കാനും തുടങ്ങിയത്. ഒരു വലിയ ഡിനോമിനേഷനിലുള്ള നോട്ടുകളാകുമ്പോൾ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പണമെത്തിക്കാൻ സാധിക്കുമെന്നതിനാലാണ് 2000 തിരഞ്ഞെടുത്തത്. എന്നിട്ട് പോലും അതിന് എത്ര കാലമെടുത്തുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ബാങ്കുകളിൽ നിന്നും എടിഎമ്മുകളിൽ നിന്നും 2000ത്തിന്റെ നോട്ടുകൾ കൊടുക്കരുതെന്ന നിർദേശം നേരത്തെ തന്നെയുണ്ടായിരുന്നു. പതിയെ പതിയെ 2000 നിർത്തലാക്കാനുള്ള നടപടികളും നടക്കുന്നുണ്ടായിരുന്നു. പക്ഷേ പെട്ടെന്നൊരു നിരോധനം എന്തുകൊണ്ടുണ്ടായി എന്നത് അത്ഭുതമാണ്.

സാമ്പത്തികമായാലും മറ്റ് കാര്യങ്ങളിലായാലും യാതൊരു ദീർഘവീക്ഷണവുമില്ലാതെ പെട്ടെന്നുള്ള തോന്നലുകളുടെ പുറത്ത് നടത്തിയ നോട്ട് നിരോധനം പോലെയൊരു പ്രവൃത്തിയാണ് ഇപ്പോഴത്തേതും

ഇന്ത്യൻ കറൻസികളെ സംബന്ധിക്കുന്ന രണ്ട് വലിയ പ്രഖ്യാപനങ്ങളാണ് ഈ മാസം ഉണ്ടായത്. ഒന്നാമത്തേത് നോട്ടുകൾക്ക് പകരം ആർബിഐ പുറത്തിറക്കുന്ന ടോക്കണുകൾ വച്ചുകൊണ്ടുള്ള വിനിമയത്തിന്റെ (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി) ആദ്യഘട്ടം ആരംഭിക്കുമെന്ന പ്രഖ്യാപനമാണ്. അച്ചടിച്ച നോട്ടുകൾക്ക് പകരം യുപിഐ പോലെ ടോക്കൺ വച്ചുകൊണ്ടുള്ള സംവിധാനം റീട്ടെയിൽ അടിസ്ഥാനത്തിൽ തുടങ്ങുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിന് ശേഷമാണ് മെയ് 19ന് 2000ത്തിന്റെ നോട്ടുകൾ നിർത്തലാക്കി കൊണ്ടുള്ള പ്രഖ്യാപനവും വരുന്നത്.

സാധാരണയായി തിരഞ്ഞെടുപ്പ് കാലത്ത് ഇലക്ട്‌റൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചുകൊണ്ടിരുന്ന പണത്തിൽ ഇത്തവണ ഇടിവ് സംഭവിച്ചിട്ടുണ്ട്

കഴിഞ്ഞ ആഴ്ചകളിൽ ജി20 യുടെ ഭാഗമായി ഇന്ത്യ കാര്യമായി‌ ശ്രമിച്ചുകൊണ്ടിരുന്നത് 'ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ' എന്ന് പേരിട്ട് യുപിഐ പോലുള്ളവ മറ്റു രാജ്യങ്ങൾക്ക് വിൽക്കാനുള്ള ശ്രമമാണ്. ആധാർ പോലുള്ള ഡാറ്റ പ്രൈവസി നിയമമില്ലാത്തതിനാൽമാത്രം ഓടിപ്പോകുന്ന ടെക്നോളജികളാണിവ. എന്നാൽ ഇതിൽ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

2023ലെ‌ എക്കണോമിക്‌‌ സർവേ പ്രകാരം ഇന്ത്യയുടേ ജിഡിപിയിൽ 60-100BPS വരെ ഇതുവഴി‌ വരുമെന്ന്‌‌ പറഞ്ഞ അതേ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറാണ് ജി‌20യില്‍ വിൽക്കാൻ വച്ച് ഒരു പ്രധാന‌ രാജ്യത്തിന്റെയും താത്പര്യം നേടാനാവാതെ തകർന്നടിഞ്ഞത്.

ഇതെടുത്തുപറയാൻ കാരണം നോട്ട് നിരോധനം, ഡിജിറ്റൽ ട്രാൻസാക്ഷനുകൾ പ്രചരിപ്പിക്കാനുള്ള അവസരമാവുമെന്ന്‌ ലോബി ചെയ്തവർ തന്നെയാണ് ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്ന് പേരിട്ട മാർക്കറ്റിങ്ങിന് പിന്നിലും എന്നതിനാലാണ്.

നോട്ട് നിരോധനം പോലെ തന്നെ മറ്റൊരു വിഡ്ഢിത്തം; 2000 രൂപ  പിൻവലിച്ചതിന്  പിന്നിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ടാകാം
പിൻവലിച്ചവ തിരിച്ചെത്തി, ഡിജിറ്റലൈസേഷനും വന്നില്ല, ഇപ്പോൾ 2000 രൂപയും ഒഴിവാക്കി; ശരിക്കും എന്തിനായിരുന്നു നോട്ടുനിരോധനം?

കഴിഞ്ഞ കുറച്ച് കാലങ്ങളായി രൂപയുടെ സ്വീകാര്യത ആഗോള തലത്തിൽ വർധിപ്പിക്കാനുള്ള ശ്രമം ഇന്ത്യ നടത്തുന്നുണ്ടായിരുന്നു. കയറ്റുമതി/ ഇറക്കുമതി എന്നിവയ്ക്ക് രൂപ വിനിമയം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ റഷ്യ ഉൾപ്പെടെയുള്ള പതിനെട്ടോളം രാജ്യങ്ങളുമായി ഇന്ത്യ സംസാരിക്കുന്നുമുണ്ടായിരുന്നു. എന്നാൽ അത്തരത്തിൽ സാഹചര്യങ്ങൾ മാറണമെങ്കിൽ രൂപയുടെ വിശ്വാസ്യത വർധിക്കേണ്ടതുണ്ട്. അങ്ങനെയൊരു ശ്രമം ഒരു വശത്ത് നടക്കുമ്പോൾ വീണ്ടും നോട്ട് നിരോധിക്കുകയെന്ന് പറയുന്നത് രൂപയുടെ വിശ്വാസ്യത വീണ്ടും തകർക്കുന്ന കാര്യമാണ്.

സാമ്പത്തികമായാലും മറ്റ് കാര്യങ്ങളിലായാലും യാതൊരു ദീർഘവീക്ഷണവുമില്ലാതെ പെട്ടെന്നുള്ള തോന്നലുകളുടെ പുറത്ത് നടത്തിയ നോട്ട് നിരോധനം പോലെയൊരു പ്രവൃത്തിയാണ് ഇപ്പോഴത്തേതും. ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന സംവിധാനമാണ് കേന്ദ്ര ബാങ്കും അവർ പുറത്തിറക്കുന്ന നോട്ടുകളും അതിന്റെ വിശ്വാസ്യതയും. അങ്ങനെയൊരു പൊതുസംവിധാനത്തെ ഇടക്കിടയ്ക്കിങ്ങനെ മാറ്റുന്നത് അതിന്റെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തും.

വേറൊന്ന് കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേരിടേണ്ടി വന്ന തോൽവിയാകാം. കർണാടകയിൽ ബിജെപി ഇതര പാർട്ടികൾക്ക് സാമ്പത്തിക സഹായം കിട്ടുന്ന സ്ഥിതി വിശേഷം ഉണ്ടായിട്ടുണ്ട്. കൂടാതെ മാന്ദ്യം അടുത്തുനിൽക്കുന്നത് കൊണ്ടുതന്നെ ക്ഷേമ വാഗ്ദാനങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിയുകയും ചെയ്തിട്ടുണ്ട്. അതിനുപുറമെ ഭരണവിരുദ്ധ വികാരം കൂടി ഉണ്ടായിരുന്നതുകൊണ്ട് ബിജെപി വിരുദ്ധ ചേരിക്ക് പണം നൽകാൻ ആളുണ്ടായിരുന്നു. ഈ നൽകപ്പെട്ട പണം രണ്ടായിരത്തിന്റെ നോട്ടുകളായിരിക്കാം എന്നൊരു വിലയിരുത്തലിലേക്ക് ബിജെപി എത്തിയിട്ടുണ്ടാകാം.

2000 രൂപ നോട്ടുകളായാണ് പണം‌ സൂക്ഷിക്കപ്പെടുന്നത് എന്ന‌ തോന്നലിനപ്പുറം ഒരു തെളിവും ഇതിനില്ല. ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് നിലവിലെ നിരോധാനമെന്ന് ബിജെപി ക്യാംപുകൾ തന്നെ സമ്മതിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ അഞ്ച് സംസ്ഥാനങ്ങളിൽ മറ്റ് കക്ഷികൾക്ക് ലഭിക്കേണ്ട പണം അവരിലേക്ക് എത്താതിരിക്കുക എന്ന ലക്ഷ്യം കൂടി കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിന് ഉണ്ടായിരിക്കാം.

നോട്ട് നിരോധനം പോലെ തന്നെ മറ്റൊരു വിഡ്ഢിത്തം; 2000 രൂപ  പിൻവലിച്ചതിന്  പിന്നിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ടാകാം
രണ്ട് വര്‍ഷമായി പ്രിൻ്റ് ചെയ്യാത്ത 2000 രൂപ നോട്ട് ഇപ്പോള്‍ പിന്‍വലിച്ചതെന്തിന്?

പൊതുവിൽ 2023 വിലയിരുത്തപ്പെടുന്നത് മാന്ദ്യത്തിന്റെ വർഷമായിട്ടാണ്. അതിന്റെ പല സൂചനകളും ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ കണ്ടുതുടങ്ങിയിട്ടുമുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ 'പണക്കാർക്കെതിരെയുള്ള പോരാട്ടം' (War on Rich) എന്ന നിലയിലേക്ക് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിട്ട് വേണമാണെകിൽ ഈ നിരോധനത്തെ കാണാവുന്നതാണ്. മാന്ദ്യത്തെ തടയാൻ സർക്കാരിന് കഴിയാതിരിക്കുകയും അതുമൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരികയും ചെയ്യുമ്പോൾ അതെല്ലാം മോദി പണക്കാർക്കെതിരെ പോരാടിയതിന്റെ ഫലമായുണ്ടായ ചെറിയ പ്രശ്നങ്ങളാണെന്ന തരത്തിലേക്ക് കാര്യങ്ങൾ വഴി തിരിച്ചുവിടാനായിരിക്കാം ശ്രമം.

logo
The Fourth
www.thefourthnews.in