ജനാധിപത്യകാലത്ത് രാജനാമം കടംകൊള്ളുമോ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍; ആരാണ് രാജര്‍ഷി രാമവര്‍മ?

ജനാധിപത്യകാലത്ത് രാജനാമം കടംകൊള്ളുമോ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍; ആരാണ് രാജര്‍ഷി രാമവര്‍മ?

എറണാകുളം റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാമവർമ പതിനഞ്ചാമന്റെ പേരിടണമെന്ന പ്രമേയം കൊച്ചി നഗരസഭാ പാസ്സാക്കിയത് വലിയ വാർത്തയായിരുന്നു

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് കൊച്ചി രാജാവായിരുന്ന രാമവര്‍മ പതിനഞ്ചാമന്റെ പേര് നല്‍കണമെന്ന് പ്രമേയം പാസാക്കിയിരിക്കുകയാണ് സി പി എം ഭരിക്കുന്ന കൊച്ചി നഗരസഭ. രാജഭരണകാലം ചൂഷണത്തിന്റേതും ഫ്യൂഡലിസത്തിന്റേതുമാണെന്ന് പറയുന്ന സി പി എമ്മിനെപ്പോലുള്ള ഇടതുപാര്‍ട്ടികള്‍ തന്നെ രാജഭരണകാലത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന സ്മാരകങ്ങള്‍ പുതുതായി നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്നതിലെ വൈചിത്ര്യം ചൂണ്ടിക്കാട്ടി കോര്‍പറേഷന്‍ ആവശ്യത്തിന്റെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രംഗത്തുവന്നിരിക്കുന്നത്.

എന്നാല്‍ സ്‌റ്റേഷന്‍ പേരുമാറ്റണമെന്ന ആവശ്യത്തിനുപിന്നില്‍ രാജഭക്തിയല്ല മറിച്ച് രാജഭരണത്തിന്റെ പുരോഗമനപരമായ മുഖം സാധാരണ മനുഷ്യര്‍ മനസിലാക്കുന്നതിന് വേണ്ടിയാണെന്നാണ് കൊച്ചി മേയര്‍ അനില്‍കുമാറിന്റെ നിലപാട്. റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിച്ചതിനുപിന്നില്‍ രാമവര്‍മ പതിനഞ്ചാമന്റെ ദീര്‍ഘകാലത്തെ പ്രയത്‌നമുണ്ടെന്നും അങ്ങനെ ഒരാളുടെ പേര് നേരത്തെ തന്നെ എറണാകുളം റെയില്‍വേ സ്റ്റേഷന്റെ പേരായി വരേണ്ടതായിരുന്നുവെന്നും ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ അനില്‍കുമാര്‍ പറഞ്ഞു.

അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ് എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം. ഇത് പൂര്‍ത്തിയാവുമ്പോള്‍ സൗത്ത് സ്റ്റേഷന് 'രാജര്‍ഷി രാമവര്‍മ സ്റ്റേഷന്‍' എന്ന് നല്‍കണമെന്നാണ് നഗരസഭയുടെ ആവശ്യം. ഇതുസംബന്ധിച്ച് നഗരസഭ പ്രമേയം പാസാക്കി. നഗരസഭാ നടപടിയെ കൊച്ചി രാജകുടുംബം സ്വാഗതം ചെയ്തും കഴിഞ്ഞു.

ജനാധിപത്യകാലത്ത് രാജനാമം കടംകൊള്ളുമോ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍; ആരാണ് രാജര്‍ഷി രാമവര്‍മ?
കരയിച്ചു, ആ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍

എറണാകുളം സൗത്തിന് പുതിയ പേര് നല്‍കാന്‍ ആരാണ് രാജര്‍ഷി രാമവര്‍മ? കൊച്ചിക്കാരാല്ലത്തവര്‍ ഇങ്ങനെയൊരു പേര് അത്ര പരിചിതമായിരിക്കില്ല. പുതിയ തലമുറയില്‍പ്പെട്ടവരും അറിയാന്‍ ഇടയില്ല.

1895 മുതല്‍ 1914 മുതല്‍ കൊച്ചി രാജ്യത്തിന്റെ ഭരണകര്‍ത്താവായിരുന്നു രാജര്‍ഷി രാമവര്‍മ്മ പതിനഞ്ചാമന്‍. 1852ല്‍ അമ്മ തമ്പുരാട്ടിയുടെയും കൂടലാറ്റുപുറത്ത് മനക്കല്‍ ഭാസ്‌കരന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെയും മകനായാണ് ജനനം. ലളിതമായ ജീവിതം നയിച്ചിരുന്നതായി പറയപ്പെട്ടിരുന്നതിനാല്‍ അന്നത്തെ പ്രജകള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് 'രാജര്‍ഷി' എന്ന പേരിലാണ്. രാജാവായിരുന്ന രാമവര്‍മയ്ക്ക് സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നതായാണ് ചരിത്രം. 'പണ്ഡിതന്മാരിലെ രാജാവ്' എന്നാണ് രാമവര്‍മയെ ബാല ഗംഗാധര തിലകന്‍ വിശേഷിപ്പിച്ചത്.

രാജര്‍ഷിയെ കൊച്ചി നഗരത്തിന്റെ പിതാവെന്ന നിലയ്ക്കാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. തൃപ്പുണിത്തുറ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങള്‍ വിറ്റ് തീവണ്ടിപ്പാതയ്ക്ക് പണം തികച്ച രാജാവ്, ബ്രിട്ടീഷുകാരോട് ആദര്‍ശപരമായി ഇടഞ്ഞ് സ്ഥാനം ത്യജിച്ച രാജാവ്, വെറും കൈയോടെ അധികാരപീഠം വിട്ടൊഴിഞ്ഞ രാജാവ്, അടിമവര്‍ഗത്തിന്റെ സ്വാതന്ത്ര്യപ്പോരാട്ടങ്ങളോട് സഹാനുഭൂതിയുണ്ടായിരുന്ന രാജാവ് എന്നിങ്ങനെയാണ് കഥകളില്‍ രാമവര്‍മയെക്കുറിച്ചുള്ള വിശേഷണങ്ങള്‍. ഇതിലെല്ലാം എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്നുള്ളത് ഇപ്പോഴും ചോദ്യചിഹ്നങ്ങളാണ്.

ഷൊര്‍ണൂര്‍ - കൊച്ചി റെയില്‍ ഗതാഗതം യാഥാര്‍ഥ്യമാക്കിയതിനുപിന്നില്‍ രാമവര്‍മ പതിനഞ്ചാമനാണ്. സഞ്ചാരപ്രിയനായിരുന്ന അദ്ദേഹം, അന്നത്തെ കൊച്ചി രാജ്യത്ത് തീവണ്ടി ഗതാഗതം വരുന്നതിന് മുമ്പ് തന്റെ തീവണ്ടി യാത്രകള്‍ നടത്തിയത് ഷൊര്‍ണൂരില്‍ നിന്നായിരുന്നു. എന്നാല്‍ യാത്രകള്‍ അത്ര എളുപ്പമായിരുന്നില്ല. റയില്‍ പാളങ്ങളാണ് ഇനിയുള്ള ഗതാഗത പുരോഗതിയുടെ അടുത്ത ഘട്ടമെന്ന് മനസിലാക്കിയാണ് രാമവര്‍മ പതിനഞ്ചാമന്‍, ഷൊര്‍ണൂരിലൂടെ കടന്നുപോകുന്ന തീവണ്ടി ഗതാഗതം തന്റെ രാജ്യത്തേക്ക്, ഇന്നത്തെ കൊച്ചിയിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുന്നത്.

ജനാധിപത്യകാലത്ത് രാജനാമം കടംകൊള്ളുമോ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍; ആരാണ് രാജര്‍ഷി രാമവര്‍മ?
ഇസ്രയേൽ സൈന്യം ബുൾഡോസർ കയറ്റിക്കൊന്ന അമേരിക്കൻ പെൺകുട്ടി; അറിയണം റേച്ചൽ കോറിയുടെ കഥ

തീവണ്ടിപ്പാതക്ക് പണം തികച്ചത് നെറ്റിപ്പട്ടങ്ങള്‍ വിറ്റോ?

ബ്രിട്ടീഷ് സര്‍ക്കാറിനോട് തീവണ്ടിപ്പാത നടപ്പിലാക്കുന്നതിനായുള്ള ആവശ്യം ഉന്നയിച്ചപ്പോള്‍ അതിനായുള്ള ചെലവ് രാജവംശം വഹിക്കണമെന്നായിരുന്നു മറുപടി. എന്നാല്‍ അത്തരമൊരു പദ്ധതി നടപ്പാക്കാനുള്ള പണം രാജ്യത്തെ പൊതുഖജനാവില്‍ ഇല്ലാത്തതിനാല്‍, ബ്രിട്ടിഷ് സാമ്രാജ്യത്തോട് പദ്ധതിക്കാവശ്യമായ തുക വായ്പയായ് നല്‍കുവാന്‍ അപേക്ഷിച്ചിരുന്നതായും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. വായ്പാ നിര്‍ദേശം നിരസിച്ച ബ്രിട്ടീഷ് ഭരണകൂടം നികുതി വര്‍ധിപ്പിച്ച് പണം കണ്ടതിനുള്ള മാര്‍ഗം മുന്നോട്ടുവയ്ക്കുകയായിരുന്നു.

ജനസ്‌നേഹിയായ രാമവര്‍മ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കാതെ, മറിച്ച് തൃപ്പുണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ 15 സ്വര്‍ണ നെറ്റിപ്പട്ടങ്ങളില്‍ 14 എണ്ണവും വിറ്റാണ് പണം തികച്ചതെന്നാണ് വ്യാപകമായി കേരളചരിത്രത്തില്‍ നിലനില്‍ക്കുന്ന കഥകളിലൊന്ന്. ഇതിനുപകരമായി വെള്ളിയില്‍ തീര്‍ത്ത നെറ്റിപ്പട്ടങ്ങള്‍ സ്വര്‍ണം പൂശിനല്‍കാന്‍ രാമവര്‍മ പതിനഞ്ചാമന്‍ നിര്‍ദേശിച്ചിരുന്നതായും പറയപ്പെടുന്നു.

എന്നാല്‍ തൃപ്പുണിത്തുറ ക്ഷേത്രത്തിലെ നെറ്റിപ്പട്ടം വിറ്റ് തീവണ്ടിപ്പാതക്ക് പണം തികച്ച ആദര്‍ശ രാജാവെന്നത് അടിസ്ഥാനരഹിതവും കെട്ടിച്ചമച്ച കഥയുമാണെന്ന് സ്ഥാപിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. മേല്‍ പറഞ്ഞവയുടെയൊന്നും തെളിവുകള്‍ രാജഭരണകാലത്തെ ആര്‍ക്കൈവ്സുകളില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് രേഖകളുടെ അടിസ്ഥാനളിലുള്ള ലേഖനങ്ങളില്‍ പരാമര്‍ശിക്കുന്നത്.

തിരുവിതാംകൂറിനെ അപേക്ഷിച്ച് വളരെ ദുര്‍ബലമായ രാജ്യമായിരുന്നു കൊച്ചി. രാജഭരണകാലത്ത് രാജകുടുംബം സ്വത്തുക്കളുണ്ടാക്കിയത് നികുതികളിലൂടെയും മറ്റു ഫ്യൂഡല്‍ ചൂഷണമാര്‍ഗങ്ങളിലൂടെയുമാണ്. ഇവയുടെ സമ്പാദനം നടന്നത് ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നുവെന്നും ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, കൊച്ചി റയില്‍ ഗതാഗതം യാഥാര്‍ഥ്യമാക്കിയതിത് രാമവര്‍മ പതിനഞ്ചാമനാണെന്നത് വാസ്തവം. 1902 ജൂണിലായിരുന്നു ആദ്യത്തെ ചരക്ക് തീവണ്ടി മലബാറില്‍നിന്ന് ഇന്നത്തെ പഴയ കൊച്ചി പാലത്തിലൂടെ ഉദ്ഘാടന സര്‍വീസ് നടത്തിയത്. അതേ വര്‍ഷം ജൂലായ് 16നായിരുന്നു ആദ്യത്തെ യാത്രാ വണ്ടിയുടെ ഉദ്ഘാടന സര്‍വീസ്.

ഉയരുന്ന വിമര്‍ശനങ്ങള്‍

നമ്മുടെ ഗൃഹാതുര പൈങ്കിളിഭാവനകള്‍ രാജവാഴ്ചയെ ഇപ്പോഴും പൊലിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജനാധിപത്യമല്ല, രാജാവിന്റെ ഭരണമാണ് മെച്ചപ്പെട്ടതെന്ന് പറയാന്‍ കേരളത്തില്‍ പോലും ആളുണ്ടെന്നുമാണ് സംഭവത്തിനുപിന്നാലെ എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

''ഈ നാടുവാഴികളെല്ലാവരും നാടിനെ വൈദേശികശക്തികള്‍ക്ക് കൈത്താലത്തില്‍ സമര്‍പ്പിച്ച് അതിന്റെ ഒറ്റുകാശുകൊണ്ട് പ്രതാപം കാട്ടി നടന്നവരാണ്്. അവശേഷിപ്പായി കിട്ടിയ വാളും നിയമവും ഇവരുപയോഗിച്ചത് ബ്രാഹ്‌മണിസവും ജാതിമേധാവിത്തവും അടിച്ചേല്‍പ്പിച്ച് പണിയെടുക്കുന്ന മനുഷ്യനെ കീടത്തെപ്പോലെ ചവിട്ടിയരക്കാനാണ്. ശുദ്ധമണ്ടരും കോമാളികളും ബ്രിട്ടീഷ് വാഴ്ചയുടെ വിനീതദാസന്മാരുമായിരുന്നു കൊച്ചിരാജാക്കന്മാര്‍. ബുദ്ധിമാന്ദ്യം മഹത്വത്തിന്റെ ലക്ഷണമല്ല. വിദ്യാഭ്യാസവും അറിവും ലോകപരിചയവും ഇല്ലാത്തതു കൊണ്ടുണ്ടാവുന്ന പരിമിതിയെ വിശേഷിപ്പിക്കാനുള്ള വാക്കല്ല ലളിതജീവിതം എന്നത്,''അദ്ദേഹം കുറിച്ചു.

'മാതൃകാ രാജന്‍' എന്ന് കേള്‍വിപ്പെട്ട ബിംബത്തിന് അടുത്തെത്താവുന്ന ഒന്നും തന്നെ രാജര്‍ഷി രാമവര്‍മയെക്കുറിച്ച് ഔദ്യോഗിക ആര്‍ക്കൈവുകളില്‍ പരാമര്‍ശിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടുന്ന വിഭാഗവും എതിര്‍പ്പുമായി രംഗത്തുണ്ട്. കീഴ്ജാതിക്കാര ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയ വ്യക്തിയാണ് രാജര്‍ഷി രാമവര്‍മയെന്നും ഇപ്പോള്‍ റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍നാമകരണത്തിന് നേതൃത്വം വഹിക്കുന്നവര്‍ ഫ്യൂഡല്‍ നാടുവാഴിത്തതത്തിന്റെ സ്മൃതി ഭാരങ്ങള്‍ വിളംബരം ചെയ്യുകയാണെന്നും അവര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. തൃപ്പൂണിത്തുറ ക്ഷേത്രത്തിനകത്ത് നായര്‍ സമുദായംഗങ്ങള്‍ പ്രവേശിക്കുന്ന വിലക്കിയാണ് രാജര്‍ഷി രാമവര്‍മ ഉത്തരവിട്ടത്. ഇതിനു പുറമേ ക്ഷേത്രനിരത്തില്‍ കൂടി കീഴ്ജാതിക്കാര്‍ സഞ്ചരിക്കുന്നതിനെതിരേ അദ്ദേഹം ലേഖനമെഴുതിയ സംഭവവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in