സ്വാതന്ത്ര്യം നുകർന്ന്, വിവാദം ശ്വസിച്ച്; ജീവിതം ആഘോഷമാക്കിയ പ്രൊതിമ 

സ്വാതന്ത്ര്യം നുകർന്ന്, വിവാദം ശ്വസിച്ച്; ജീവിതം ആഘോഷമാക്കിയ പ്രൊതിമ 

നഗ്ന ഓട്ടം നടത്തി ഞെട്ടിച്ച, നർത്തകി എന്ന പേരിൽ മനം കവർന്ന മുൻ മോഡൽ പ്രൊതിമ ബേദി / പ്രൊതിമ ഗൗരി മാൽപ്പ ഉരുൾപൊട്ടലിൽ മരിച്ചിട്ട് ഇന്ന് 25 വർഷം 

25 വർഷം മുൻപ് ഓഗസ്റ്റ് 18 ന്, ഇതേ ദിവസമാണ് മാൽപ്പ ദുരന്തത്തിൽ പ്രൊതിമാ ബേദി അന്തരിക്കുന്നത്. 49 വയസുകാരിയായ മുൻമോഡലും നർത്തകിയുമായ പ്രൊതിമ ബേദി മരിച്ച വാർത്ത മാധ്യമങ്ങളിൽ തലക്കെട്ടായത് കൈലാസ്  മാനസരോവർ യാത്രക്കിടെ വിദൂര ഹിമാലയൻ കുഗ്രാമമായ മാൽപ്പയിൽ നടന്ന ദുരന്തം എന്ന നിലയിൽ മാത്രമായിരുന്നില്ല; വിവാദങ്ങൾ നിറഞ്ഞ ജീവിതം  ആഘോഷമാക്കിയ ഒരു അസാധാരണ വനിതയുടെ ചരമ വാർത്ത എന്ന നിലയിലുമാണ്.   

അവർ വസ്ത്രം ധരിച്ചാലും വസ്ത്രം അഴിച്ചാലും വിവാദമായിരുന്നു. തന്റെ ജീവിതകാലത്ത് നിലനിന്നിരുന്ന സദാചാര ധാരണകളെ മറികടന്ന് വേഗത്തിൽ അവർ ജീവിച്ചു. ഒടുവിൽ ആസക്തിയിൽ നിന്ന് ആധ്യാത്മികതയിലേക്ക് എത്തിയവസാനിച്ചു 

1970കളുടെ ആദ്യം ഇന്ത്യ മുഴുവൻ ച‍ർച്ച ചെയ്ത വിഷയമായിരുന്നു സദാചാര നാട്യത്തിൻ്റെ മുഖത്തടിച്ച് പ്രൊതിമ ബോംബയിലെ ജുഹു ബീച്ചിൽ നടത്തിയ  നഗ്നയോട്ടം. “ഒരു സ്ത്രീയുടെ ശരീരത്തെ സംബന്ധിച്ച് അവള്‍ക്കു പൂര്‍ണമായ സ്വാതന്ത്ര്യം  ഉണ്ടായിരിക്കണം,” എന്ന് ഒരു ഇന്ത്യൻ യുവതി പരസ്യമായി നടത്തിയ പ്രഖ്യാപനമായിരുന്നു പ്രൊതിമ ബേദിയുടേത്. അവർ വസ്ത്രം ധരിച്ചാലും വസ്ത്രം അഴിച്ചാലും വിവാദമായിരുന്നു. തന്റെ ജീവിതകാലത്ത് നിലനിന്നിരുന്ന സദാചാര ധാരണകളെ മറികടന്ന് വേഗത്തിൽ അവർ ജീവിച്ചു. ഒടുവിൽ ആസക്തിയിൽ നിന്ന് ആധ്യാത്മികതയിലേക്ക് എത്തിയവസാനിച്ചു.  

ഹരിയാനക്കാരനായ ബിസിനസുകാരൻ ലക്ഷ്മി ചന്ദും ബംഗാളിയായ രേബ ഗുപ്തയുമാണ് പ്രൊതിമ ബേദിയുടെ മാതാപിതാക്കൾ. 1949-ൽ ഡൽഹിയിൽ ജനിച്ച പ്രൊതിമ അവരുടെ കോളേജ് വിദ്യാഭ്യാസത്തിന്റെ അവസാനത്തിൽ എയർ ഹോസ്റ്റസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ പിതാവിന്റെ എതിർപ്പ് കാരണം ജോലിക്ക് ചേരാൻ കഴിഞ്ഞില്ല. അതോടെ പ്രൊതിമ തന്റെ വഴിയായി മോഡലിങ്ങ് തിരഞ്ഞെടുത്തു. അന്നത്തെ മികച്ച ടെക്സ്റ്റയിൽ ബ്രാൻഡായ ബോംബെ ഡൈയിങ്ങിന്റെ മോഡലായി നിശാവസ്ത്രമണിഞ്ഞ പ്രൊതിമ ടൈംസ് ഓഫ് ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടു. അവരുടെ ആദ്യത്തെ പരസ്യം. പക്ഷേ, പിതാവ്  അതിനെയും എതിർത്തു. വീട്ടുകാരുടെ വഴിയിൽ  നടക്കാൻ പ്രൊതിമ തയ്യാറല്ലായിരുന്നതിനാൽ സ്വന്തം വീട്ടിൽ നിന്ന് അവർ പുറത്തായി.

ഒട്ടും കൂസാതെ അവർ മറ്റൊരിടത്ത്  താമസമാരംഭിച്ചു. അന്നത്തെ മധ്യവർഗ സമൂഹത്തിന്റെ വിലക്കൊക്കെ തട്ടി മാറ്റി സ്വന്തം ശരീരത്തിന്റെ വശ്യത പ്രദർശനമാക്കാൻ ഒരു മടിയും അവർ കാണിച്ചില്ല. ഇല്ല, ഖേദിക്കുന്നു എന്നീ വാക്കുകൾ ഒരിക്കലും അവർ ഉപയോഗിച്ചിരുന്നില്ല. രഹസ്യമെന്നത്  അവരുടെ ജീവിതത്തിലില്ലായിരുന്നു. ഒന്നും മറച്ചുവെയ്ക്കാതെ, തനിക്ക് ബന്ധമുള്ള എല്ലാ പുരുഷന്മാരെകുറിച്ചും അവർ തുറന്നു പറഞ്ഞു.  പ്രത്യേകിച്ചും  വിവാഹേതര ബന്ധങ്ങളെ കുറിച്ച്.

സമൂഹത്തിന്റെ വിലക്കുകള്‍ തട്ടിമാറ്റി സ്വന്തം ശരീരത്തിന്റെ വശ്യത പ്രദർശനമാക്കാൻ ഒരു മടിയും അവർ കാണിച്ചില്ല

“കാര്യങ്ങൾ സംഭവിക്കാൻ അതിനു തയ്യാറായി നിന്നു കൊടുക്കുക മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. നിങ്ങൾക്കു വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം നിങ്ങളുടെ വഴിയിൽ തടസമാകാതെ മാറി നിൽക്കുക എന്നതാണ്”.  ഇതായിരുന്നു പ്രൊതിമ ബേദിയുടെ പ്രചോദന വാക്യം.

ഇന്ത്യയിലെ എറ്റവും പ്രസിദ്ധ പരസ്യക്കമ്പനിയായ വാൾട്ടർ ജെ. തോംസണിന്റെ കക്ഷികളായ 'സിഗ്നൽ ടുത്ത് പേസ്റ്റ്, നെസ് കഫേ തുടങ്ങിയ മികച്ച ഉത്പ്പന്നങ്ങളുടെ മോഡലായതോടെ പ്രൊതിമ അറിയപ്പെടുന്ന പരസ്യ മോഡലായി. അന്ന് പ്രൊതിമയോടൊപ്പം പരസ്യരംഗത്ത് സജീവമായിരുന്ന 17 കാരിയാണ് പിൽക്കാലത്ത് പംക്തികാരിയും എഴുത്തുകാരിയുമായി മാറിയ ശോഭ ഡേ. 

സ്വാതന്ത്ര്യം നുകർന്ന്, വിവാദം ശ്വസിച്ച്; ജീവിതം ആഘോഷമാക്കിയ പ്രൊതിമ 
മുത്തുവേല്‍ കരുണാനിധി: എന്നും തലയുയര്‍ത്തി നിന്ന ദ്രാവിഡന്‍

അന്നത്തെ യുവത്വത്തിനെ ആവേശിച്ചിരുന്ന മാർഗത്തിലൂടെ സഞ്ചരിച്ച പ്രൊതിമ ബോംബെ മറൈൻ ഡ്രൈവിലെ ഫ്ലൈ ഓവറിനടുത്ത് 'ഹൈഡ് ഔട്ട്' എന്ന പേരിൽ  ഒരു ഡിസ്ക്കോതെക്ക്  ആരംഭിച്ചു.  സമാന മനസ്കരായ യുവാക്കളും യുവതികളും വിഹരിക്കുന്ന ഒരു നിശാ ക്ലബായി പേരെടുത്തെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്ന, പ്രചരിക്കുന്ന ഒരു കേന്ദ്രമായി വളർന്നെന്നാരോപിച്ച് ബോംബെ പോലീസ് അത് അടച്ചു പൂട്ടിച്ചു.

ബെൻസൺ എന്ന പരസ്യ കമ്പനിയുടെ ചലച്ചിത്ര, റേഡിയോ വിഭാഗത്തിന്റെ തലവനായ പഞ്ചാബിയായ നടനും ടി വി അവതാരകനുമായ കബീർ ബേദിയുമായുള്ള പ്രൊതിമയുടെ കൂടിക്കാഴ്ച വിവാഹത്തിലെത്തിയതോടെ, സമാന സ്വതന്ത്ര ചിന്തഗതിക്കാരായ ബോളിവുഡിലെ പ്രശസ്ത ദമ്പതിമാരായി അവർ അറിയപ്പെട്ടു. അറുപതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ച കബീർ ബേദി ജെയിംസ് ബോണ്ട് ചിത്രത്തിലഭിനയിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ്. 1983-ൽ പുറത്ത് വന്ന, ഇന്ത്യയിൽ ഭാഗികമായി ചിത്രീകരിച്ച പതിമൂന്നാമത്തെ ബോണ്ട് ചിത്രമായ  'ഒക്ടോപ്പസി ​യി'ൽ അദ്ദേഹം അഭിനയച്ച വില്ലൻ റോൾ  ശ്രദ്ധേയമായി. ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ട അമേരിക്കൻ ടെലിവിഷൻ പരമ്പരയായ, സി ബി എസ് നെറ്റ് വർക്കിൽ പ്രക്ഷേപണം ചെയ്ത 'ദ ബോൾഡ് ആൻഡ് ദ ബ്യൂട്ടിഫുളിൽ അഭിനയിച്ചിരുന്ന  ഇന്ത്യൻ നടനാണ് കബീർ ബേദി.

ഒരു താരം നിരത്തിൽ കൂടി നഗ്നയായി ഓടുക. ഇന്ത്യയിൽ അത് അന്ന്  അചിന്തനീയം തന്നെയായ ഒരു സംഭവമായിരുന്നു

ഫിലിം ഫെയർ സിനിമാ മാസിക ടൈംസ് ഗ്രൂപ്പ് തുടങ്ങുന്നത് 1952ലാണ്. തൊട്ടടുത്ത വർഷം ഫിലിം ഫെയർ സിനിമ അവാർഡുകളും ആരംഭിച്ചു. മാസികയുടെ വിജയം സസൂഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്ന ബ്ലിറ്റ്സ് പത്രാധിപർ റൂസ്സി കരഞ്‌ജിയ ഒരു സിനിമാ വാരിക ആരംഭിക്കാൻ ഒരുങ്ങി 

(കരഞ്‌ജിയയുടെ സഹോദരൻ ബി കെ കരഞ്‌ജിയ 'ഫിലിം ഫെയറിന്റെ' ആദ്യ എഡിറ്ററായിരുന്നു). 'ബ്ലിറ്റ്സ് 'എന്ന ജർമ്മൻ വാക്കിന് (ബ്ലിറ്റ് സ്ക്രീഗ്) ഇടിമിന്നൽ എന്നാണ് അർത്ഥം. തന്റെ പുതിയ വാരികക്ക് 'സിനി ബ്ലിറ്റ്സ് ' എന്ന് അദ്ദേഹം പേരിട്ടു. കരഞ്‌ജിയയുടെ മകളായ റീത്ത മേത്തയായിരുന്നു സിനി ബ്ലിറ്റ്സിന്റെ എഡിറ്റർ. വാരികയ്ക്ക് ഇടിമിന്നൽ പോലൊരു ലോഞ്ച് വേണമെന്ന് റീത്ത കരഞ്ജിയ തീരുമാനിച്ചു. ഒരു താരത്തിന്റെ നഗ്ന ചിത്രങ്ങൾ കൊടുക്കാം. പക്ഷേ, അത് സാധാരണമാണ്. എന്നാൽ ഒരു  നടിയുടെ നഗ്ന ഓട്ടമായാലോ? ഒരു താരം നിരത്തിൽ കൂടി നഗ്നയായി ഓടുക. ഇന്ത്യയിൽ അത് അന്ന്  അചിന്തനീയം തന്നെയായ ഒരു സംഭവമായിരുന്നു. 

ഇന്ത്യൻ സമൂഹത്തിൽ ഒരിക്കലും ചിന്തിക്കാനാവാത്ത ആ സാഹസം ചെയ്യാൻ അന്ന് അവരുടെ മനസിൽ ബോംബെയിൽ ഒരു പേരേയുണ്ടായിരുന്നുള്ളൂ - പ്രൊതിമ ബേദി. റീത്ത മേത്ത പ്രൊതിമയോട്  ചോദിച്ചു, നിങ്ങൾക്ക് അത് ചെയ്യാനാകുമോ? പ്രൊതിമ പറഞ്ഞു, യെസ്! നോ പറഞ്ഞ് അവർക്ക് ശീലമില്ലായിരുന്നു.

ആയിടെ 1974 ഏപ്രിലിൽ,  ഇംഗ്ലണ്ടിൽ ഒരു റഗ്ബി മത്സരത്തിനിടയിൽ മൈക്കേൽ ഓബ്രിയൻ എന്നൊരു ഓസ്ട്രേലിയക്കാരൻ നഗ്നനായി സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നു. ഒരു പോലീസുകാരൻ സ്വന്തം തൊപ്പിയൂരി അയാളുടെ നഗ്നത മറച്ച് പിടിച്ച് കൊണ്ടുപോകുന്ന ചിത്രം ലോകത്തിലെ പത്രമാധ്യമങ്ങളിലെല്ലാം വന്നിരുന്നു. അതായിരുന്നു റീത്തയ്ക്ക് പ്രചോദനം. എന്നാൽ യഥാർഥത്തിൽ  ആദ്യ നഗ്നയോട്ടം അതിന് ഒരു മാസം മുൻപ് ഇന്ത്യയിൽ നടന്നിരുന്നു. വെറെയെവിടെയുമല്ല, നമ്മുടെ കൊച്ചിയിൽ ! 1974 ഏപ്രിൽ 1 ന് എറണാകുളം ലോ കോളേജിലെ നാല് വിദ്യാർഥികൾ ബ്രോഡ്‌വേയിൽ നഗ്നരായി ഓടി. പിന്നീട്  ഇലസ്ട്രേറ്റഡ് വീക്കിലിയിൽ ഈ പടം 'കേരളത്തിലെ നഗ്ന വാനരന്മാർ' എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചു.

ഇന്ത്യൻ സമൂഹത്തിൽ ഒരിക്കലും ചിന്തിക്കാനാവാത്ത ആ സാഹസം ചെയ്യാൻ അന്ന് അവരുടെ മനസിൽ ബോംബെയിൽ ഒരു പേരേയുണ്ടായിരുന്നുള്ളൂ - പ്രൊതിമ ബേദി. റീത്ത മേത്ത പ്രൊതിമയോട്  ചോദിച്ചു, നിങ്ങൾക്ക് അത് ചെയ്യാനാകുമോ? പ്രൊതിമ പറഞ്ഞു, യെസ്! നോ പറഞ്ഞ് അവർക്ക് ശീലമില്ലായിരുന്നു.

1974 ഡിസംബറിൽ ബോംബെയിൽ ജുഹു ബീച്ചിൽ യൗവനവും ലൈംഗികതയും ആഘോഷമാക്കി 25 കാരിയായ പ്രൊതിമ ബേദി 'നഗ്നയോട്ടം' നടത്തി. ബോളിവുഡിലെ മറ്റൊരു ഗ്ലാമർതാരം സീനത്ത് അമന്റെ കവർ ചിത്രത്തോടെ പുറത്തിറങ്ങിയ ആദ്യ ലക്കം സിനി ബ്ലിറ്റ്സിൽ അകത്തെ പേജിൽ പ്രൊതിമ ബേദിയുടെ നഗ്നയോട്ട ചിത്രം തിളങ്ങി നിന്നു. സ്വാഭാവികമായും സിനി ബ്ലിറ്റ്സ് ചൂടോടെ വിറ്റുപോയി. പ്രൊതിമയുടെ നഗ്നയോട്ട ചിത്രം പ്രസിദ്ധമായ ഒരു ഐക്കൺ ചിത്രമായി ക്രമേണ പ്രചരിച്ചു.  എന്നാൽ ചിത്രത്തിനോടൊപ്പം  മറ്റൊരു വിവാദവുമുണ്ടായി.

വിവാദത്തിന്റെ വിവാദം

ആദ്യം നടത്തിയ നഗ്നയോട്ടത്തിന്റെ ചിത്രം പ്രൊതിമക്ക് ഇഷ്ടപ്പെടാത്തതിനാൽ വീണ്ടും റീ ഷൂട്ട് ചെയ്തു എന്നാണ് എഡിറ്റർ റീത്ത ഇതേ കുറിച്ച് പറഞ്ഞത്. ആദ്യം ഫ്ലോറ ഫൗണ്ടന്റെ അടുത്തും പിന്നിട് ജുഹുവിലുമാണ് ഫോട്ടോ ഷൂട്ട് നടത്തിയതെന്ന് അവർ പറഞ്ഞു.

തന്റെ ആത്മകഥയായ ടൈം പാസിൽ പ്രൊതിമ ഇതേ കുറിച്ച് പറയുന്നത് ഇങ്ങനെ, നഗ്നയോട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട  സംഭവം നടന്നത്  ഗോവയിലായിരുന്നു. “അക്കാലത്ത് ഗോവയിലെ അഞ്ജുന ബീച്ചിൽ ഹിപ്പികളുമൊത്ത് ഞാൻ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നു. അവിടെ  എല്ലാവരും നഗ്നരായിട്ടാണ് നടന്നിരുന്നത്. അത് കൊണ്ട് മറ്റുള്ളവരെപ്പോലെ ഞാനും ഒരു നഗ്നതാവാദിയായി. ആ സമയത്ത് ആരെങ്കിലും എന്റെ നഗ്ന ചിത്രമെടുത്തു കാണും. ബോംബെയിലെ ആ വാരികക്ക് എന്റെ നഗ്നചിത്രത്തെ ബോബെയിലെ എതെങ്കിലും ഒരു തെരുവു ദൃശ്യമായി യോജിപ്പിക്കുകയേ വേണ്ടിയിരുന്നുള്ളൂ.” അതായത് പ്രൊതിമ ബേദി ജുഹുവിൽ  ഒരിക്കലും  നഗ്നയായി ഓടിയിട്ടില്ല. അത് ഭാഗികമായെങ്കിലും കൃത്രിമമായി നിർമ്മിച്ചെടുത്ത ഫോട്ടോഗ്രാഫാണ്.

ഭർത്താവായ കബീർ ബേദി തന്റെ ഓർമ്മക്കുറിപ്പായ 'ദി ഇമോഷണൽ ജേർണി ഓഫ് ആൻ ആക്ടറി'ൽ എഴുതി: മലേഷ്യയിൽ വച്ച്  പ്രൊതിമ എന്റെ അടുത്ത് വന്ന് 'ഞാൻ സ്ട്രീക്ക് ചെയ്തു' എന്ന് പറഞ്ഞു.  ഒരു മാസികയുടെ പബ്ലിസിറ്റി സ്റ്റണ്ട് എന്ന നിലയിലാണ് അവൾ ഇത് ചെയ്തതെന്ന് പിന്നീട് എനിക്ക്  മനസ്സിലായി. 

ഒരാൾക്ക് ഇഷ്ടമുള്ളത് പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്ന സന്ദേശം സമൂഹത്തിന് നൽകാനാണ് പ്രൊതിമ നഗ്നയോട്ടത്തിന് തയ്യാറായത്. എഴുപതുകളിൽ ലോകമെമ്പാടും സാഹിത്യത്തിലും കലയിലും ചലചിത്രത്തിലും സംഗീതത്തിലും പ്രകടമായ, ക്ഷോഭിക്കുന്ന യുവത്വത്തിന്റെ  പ്രതീകമെന്ന നിലയിൽ വളർന്ന ഒരു വേറിട്ട പ്രതിഷേധ മാർഗമായിരുന്നു പൊതുസ്ഥലങ്ങളിലെ നഗ്ന ശരീര പ്രദർശനം. എന്നാൽ  ആവിഷ്കാര സ്വാതന്ത്ര്യം ഒരു മാസികയുടെ പബ്ലിസിറ്റി സ്റ്റണ്ട് ആക്കി മാസികക്കാർ മാറ്റിയതോടെ അവർ തന്റെ നിലപാട് മാറ്റി. അത് ഗോവയിലെ ഒരു നഗ്നതാ ക്യാമ്പിന്റെ ഭാഗമായിരുന്നപ്പോൾ എടുത്ത ചിത്രമാണെന്നും പിന്നീട് ബോംബെയിലെ ഒരു ബീച്ചിന്റെ പശ്ചാത്തലത്തിൽ ചിത്രം സൂപ്പർഇമ്പോസ് ചെയ്തതാണെന്നും വ്യക്തമാക്കി. 'ഈ കൂട്ടികലർത്തിയ ചിത്രം വാരിക പ്രസിദ്ധീകരിച്ചപ്പോൾ അത് വൃത്തികെട്ട കാര്യമായി മാറി,' അവർ ആത്മകഥയിൽ എഴുതി. 

ഒഡീസി' യെന്ന നൃത്ത രൂപം അവരുടെ അന്നുവരെയുള്ള ജീവിതം മാറ്റി മറിച്ചു

1974 ഏപ്രിലില്‍ വിനോദ് മേത്ത എഡിറ്റ് ചെയ്ത ആദ്യ ലക്കം 'ഡബനിയര്‍' മാസിക ഇന്ത്യയിൽ തരംഗം സൃഷ്ടിച്ചപ്പോൾ ബോളിവുഡിൽ താരമായി ഉയരുകയായിരുന്ന കബീർ ബേദി മാസികയെ സ്വാഗതം ചെയ്തു. പ്രൊതിമ തന്റെ പടങ്ങൾ കൊടുക്കണമെന്ന്  വിനോദ് മേത്തയോട് ആവശ്യപ്പെട്ടു. ഒന്നാന്തരം അവസരമായി ഇതിനെ കണ്ട വിനോദ്  മേത്ത അവരുടെ നഗ്ന ചിത്രങ്ങൾ ഡബനിയറിൽ കൊടുക്കാനൊരുങ്ങി. പക്ഷേ, കബീർ ബേദി ഫോണിൽ വിളിച്ച് തന്റെ സിനിമാ ജീവിതത്തെ അത് മോശമായി ബാധിക്കുമെന്നതിനാൽ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടു.  കൂടാതെ ബോളിവുഡ് ശൈലിയിൽ രണ്ട് ഗുണ്ടകളെ ഓഫിസിലേക്ക് അയച്ചു വിരട്ടി. അതിനാൽ പടം  പ്രിന്റ് ചെയ്ത പേജുകൾ  വിനോദ് മേത്തക്ക്  നശിപ്പിക്കേണ്ടി വന്നു. ഏറെ താമസിയാതെ കബീർ ബേദിയുമായി പ്രൊതിമ വേർ പിരിഞ്ഞു. രണ്ട് കുട്ടികളായിരുന്നു ഈ ബന്ധത്തിൽ - സിദ്ധാർഥും പൂജ ബേദിയും.

തുടർന്നുള്ള പൊതിമയുടെ  ജീവിതം ബോളിവുഡ് ചലച്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. നിരവധി കാമുകന്മാർ പ്രൊതിമയുടെ ജീവിതത്തിലേക്ക് കടന്നു വന്നു. വിശ്രുതനായ ഗായകൻ പണ്ഡിറ്റ്‌ ജസ് രാജ്, ബോംബയിലെ ശക്തനായ രാഷ്ട്രീയക്കാരൻ രജനി പട്ടേൽ, വൻ വ്യവസായി വിജയ് പഥ് സിംഗാനിയ തുടങ്ങിയവരടക്കം എട്ടു പേരെങ്കിലും പല കാലങ്ങളിലായി അവരുടെ കാമുകന്മാരായിരുന്നു

ഇരുപത്തിയെട്ടാം വയസിൽ ബോംബയിലെ ബുലാഭായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യുട്ടിൽവെച്ച് യാദൃശ്ചികമായി കാണാനിടയായ ' ഒഡീസി' യെന്ന നൃത്ത രൂപം അവരുടെ അന്നുവരെയുള്ള ജീവിതം മാറ്റി മറിച്ചു. അവിടെയുണ്ടായിരുന്ന ആ നൃത്തരൂപത്തിന്റെ ആചാര്യനായ ഗുരു കേളുചരൺ പത്രയോട് തന്നെ ഈ നൃത്തം പഠിപ്പിക്കണമെന്ന് പ്രൊതിമ താഴ്മയായി അപേക്ഷിച്ചു. ആദ്യം അത് നിരാകരിച്ചെങ്കിലും പിന്നീട് അദേഹം സമ്മതിച്ചു. ഒറീസയിലെ കട്ടക്കിൽ ഗുരുവിന്റെ വീട്ടിൽ താമസിച്ചു മൂന്ന്മാസത്തെ കഠിനമായ പരിശീലനം കൊണ്ട് അവർ ഒഡീസി നൃത്തം പഠിച്ചെടുത്തു. പുകവലിയും ലഹരിയുമുൾപ്പടെ എല്ലാ ശീലങ്ങളും ത്യജിച്ച് ലളിതമായ വസ്ത്രങ്ങൾ മാത്രം ധരിച്ച് അവർ ആ അഭിലാഷം നിറവേറ്റി.  ബോംബെയിലെ രംഗ് ഭവനിൽ പൊതു വേദിയിൽ അവരുടെ ആദ്യത്തെ അരങ്ങേറ്റം നടന്നു.

മൂന്ന് വർഷത്തിനുള്ളിൽ പ്രൊതിമ അംഗീകരിക്കപ്പെട്ട ഒരു നർത്തകിയായി. യാമിനി കൃഷ്ണമൂർത്തി, സംയുക്ത പാണിഗ്രാഹി, സോനാൽ മാൻ സിംഗ് തുടങ്ങിയ ഇന്ത്യയിലെ അന്നത്തെ മികച്ച കലാകാരികളുടെ പേരിനോടൊപ്പം പ്രൊതിമ ബേദിയുടെ പേരും പ്രത്യക്ഷപ്പെട്ടു. അവരുടെ പഴയ പ്രതിച്ഛായയും ഒരർത്ഥത്തിൽ അവർക്ക് ഗുണം ചെയ്തു. പ്രൊതിമ ബേഡിയുടെ നൃത്തമായതിനാൽ കണ്ട് രസിക്കാനായി ആളുകൾ എത്തി. ഇത്രയും കുറഞ്ഞ കാലം കൊണ്ട് ജനപ്രിയയായ മറ്റാരും ഇല്ലാത്തതിനാൽ വിമർശകർ ഒടുവിൽ അവരെ അംഗീകരിച്ചു.

ജുഹുവിലെ പൃഥി തിയേറ്ററിൽ ഒരു ഡസൻ വിദ്യാർത്ഥികളുമായി പ്രൊതിമ ഒരു നൃത്തശാല ആരംഭിച്ചു.  പണ്ഡിറ്റ് ജസ്‌രാജിന്റെ കാമുകിയായിരുന്നു അപ്പോഴവർ. നാലു വർഷത്തിന് ശേഷം അത് വിട്ട് ബോംബ രാഷ്ട്രീയത്തിലെ കരുത്തനായ രജനി പട്ടേലുമായി അടുത്തു. കുറച്ച് കാലത്തിന് ശേഷം രജനി പട്ടേൽ മരണാസന്നനായി ജെസ് ലോക് ആശുപത്രിയിൽ കഴിയുമ്പോൾ പ്രൊതിമ കാണാനായി ശ്രമിച്ചെങ്കിലും രജനിയുടെ ഭാര്യ ബകുൾ ശക്തമായി എതിർത്തതിനാൽ സാധിച്ചില്ല

രജനി പട്ടേലിന്റെ മരണത്തിന്റെ നാൽപ്പതാം നാളിൽ അവരൊരു പുസ്തകം എഴുതി പ്രകാശനം ചെയ്യാൻ തയ്യാറായി. ' ടു മൈ ദാ' എന്ന് പേരിട്ട ആ പുസ്തകം.  രജനി പട്ടേലിന് പ്രൊതിമയെന്ന കാമുകി നൽകുന്ന സ്നേഹോപഹാരം പോലെ ഒന്ന്.  ഉള്ളടക്കം ഇരുവരും തമ്മിലുള്ള പ്രണയ ലേഖനങ്ങളായിരുന്നു. പുസ്തകത്തിന്റെ  ഒരു ഭാഗം ഇന്ത്യാ ടുഡെ മാസികയിൽ പ്രസിദ്ധീകരിച്ചത് വൻ കോളിളക്കമുണ്ടാക്കി. പ്രശസ്തനായ രാഷ്ട്രീയക്കാരനും ബോംബെയിലെ വൻ വൃക്ഷവുമായ രജനി പട്ടേലിന്റെ സ്വകാര്യ രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായത് ബോംബെയിൽ വൻ വിവാദമായി. പ്രൊതിമക്കെതിരെ പ്രതിഷേധമുയർന്നു.

രജനി പട്ടേലിന്റെ പേര് ചീത്തയാക്കിയെന്നാരോപിച്ച് ബോംബെ പത്രങ്ങൾ അവർക്കെതിരെ തിരിഞ്ഞു. ഫോണിലൂടെ വരെ ഭീഷണികൾ വന്നു. പ്രൊതിമ ബേദിയുടെ പഴയ നഗ്നയോട്ടം ആസൂത്രണം ചെയ്ത പഴയ സ്നേഹിതൻ റൂസി കരഞ്ചിയപോലും അവരെ ഈ കാര്യത്തിൽ പിൻതുണച്ചില്ല. 

കരഞ്ചിയ  ബ്ലിറ്റ്സിൽ എഴുതി, “പ്രൊതിമ അവകാശപ്പെട്ട ആഴമുള്ള ശാശ്വതമായ സ്നേഹം രജനി അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ അദ്ദേഹത്തിന്റെ ഭാര്യ ബകുളിനാണ് നീക്കി വെച്ചത്. ഇതൊരു തട്ടിപ്പ് പുസ്തകമായിരിക്കും”. ഈ കോലാഹലങ്ങൾ രൂക്ഷമായതോടെ പുസ്‌തകം പ്രസിദ്ധീകരിക്കേണ്ടെന്ന് അവർ തീരുമാനിച്ചു.

മദ്രാസിലെ കലാക്ഷേത്രം പോലെ ഒരു ഭാരതീയ നൃത്തകേന്ദ്രമായിരുന്നു പ്രൊതിമയുടെ അടുത്ത ലക്ഷ്യം. കർണാടക മുഖ്യ മന്ത്രി രാമകൃഷ്ണ ഹെഗ്ഡേയുടെ സഹായത്താൽ ബാംഗ്ലൂർ നഗരത്തിനു പുറത്ത് ഹെസ്റ്ററഗഡയിൽ അവരുടെ സ്വപ്നമായ ' നൃത്യഗ്രാമം' ഒഡീസി ഗുരുകുലം  സ്ഥാപിച്ചു. 1990 മെയ്  11ന് ഇന്ത്യൻ പ്രധാനമന്ത്രി വി പി സിങ്ങ് ന്യത്യ ഗ്രാമം ഉൽഘാടനം ചെയ്തു. 

മഹത്തായ ലക്ഷ്യങ്ങൾക്കായി തന്റെ ജീവിതം നീക്കിവെച്ച പ്രൊതിമ തന്റെ പേരിലെ ബേദി നീക്കം ചെയ്ത്  പ്രൊതിമ ഗൗരിയെന്നാക്കി മാറ്റി. വിദ്യാർത്ഥികൾ അവിടെ അവരെ ഗൗരിമാ എന്ന് വിളിച്ചു. കേളുചരൺ പത്രയെപ്പോലെയുള്ള ആചാര്യമാർ  അവിടെ ഇടയ്ക്ക് വന്നിരുന്നതിനാൽ അദ്ധ്യയനം മികച്ചതായിരുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തന്റെ യുവ ഒസീസി നർത്തകരുമായി അമേരിക്ക സന്ദർശിക്കാൻ അവർക്കായി. നൃത്യഗ്രാമം പേരെടുത്തെങ്കിലും നടത്തിപ്പിൽ പല പ്രശ്നങ്ങളും ഉയർന്നു. പല എതിർപ്പുകളും നേരിടേണ്ടി വന്നു. ഗുരു കേളുചരൺ പത്ര ഇതിനകം തെറ്റി പിരിഞ്ഞു പോയി. ഒരു വലിയ സ്ഥാപനത്തിലുണ്ടാകുന്ന സാമാന്യ പ്രശ്നങ്ങൾ പലതും  അവിടെയുണ്ടായി. കഠിനാദ്ധ്വാനം മടുത്തു കഴിഞ്ഞ പ്രൊതിമക്ക് അവ നേരിടാനുള്ള ശേഷി ഇല്ലാതായിക്കഴിഞ്ഞിരുന്നു. തന്റെ നൃത്ത പരിശീലനം പോലും അവർ ഇതിനകം അവസാനിപ്പിച്ചിരുന്നു. ഒടുവിൽ തന്റെ സ്വപ്നമായ നൃത്യഗ്രാമം വളർന്ന് വരുന്ന കലാകാരിയായ സരൂപാ സെനിന് കൈമാറി പ്രൊതിമ കലാഗ്രാമത്തോട് വിട പറഞ്ഞു.

മരണത്തിലും പ്രൊതിമ വിവാദത്തിലൂടെ കടന്നുപോയി

ഏറെ താമസിയാതെ മറ്റൊരു ദുരന്ത വാർത്ത പ്രൊതിമയെ തേടിയെത്തി. 1997 ജൂലൈ 19 ന് ലോസ് ഏഞ്ചൽസിൽ വെച്ച് ഏക മകൻ സിദ്ധാർഥ് ആത്മഹത്യ ചെയ്തു. വർഷങ്ങളായി മനോരോഗിയായ അയാൾ ചികിത്സയിലായിരുന്നു. മകൾ പൂജാ ബേദി ചലച്ചിത്ര നടിയും മോഡലും എന്ന നിലയിൽ പേരെടുത്തു വിവാഹിതയായി എന്നതായിരുന്നു അവരുടെ ഏക ആശ്വാസം. കൂടുതൽ പ്രശസ്തിയും പണവും ആദരവും അവർക്കാവശ്യമില്ലായിരുന്നു. സമാധാനം മാത്രമായിരുന്നു അവർക്കാവശ്യം. തിരുപ്പതിയിൽ അവർ ദർശനത്തിന് പോയി. അവിടെ വെച്ച് തല മുണ്ഡനം ചെയ്തു. മകന്റെ മരണത്തോടെ എകാന്തതയും നഷ്ടബോധവും അവരെ പിടികൂടി.

ഹിമാലത്തിലേക്ക് യാത്രയാകാൻ തീരുമാനിച്ച് ഒസ്യത്ത് പോലും എഴുതി. എല്ലാ സമ്പാദ്യവും മകളായ പൂജ ബേദിയെ ഏൽപ്പിച്ചു. അതൊരു മടക്കമില്ലാത്ത യാത്ര പോലെയായിരുന്നു.

കൈലാസ് മാനസ സരോവർ യാത്ര വളരെ കഠിനമാണ്. മകൾ പൂജ അവരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. മൂന്ന് തവണ ഹൃദയാഘാതമുണ്ടായ അവർ ഈ യാത്ര അതിജീവിക്കുമോ എന്ന് മകൾ ഭയന്നു. 1998 ഓഗസ്റ്റ് 18 കൈലാസ് മാനസസരോവർ യാത്രയിലെ 12ാം ബാച്ച് രാത്രി ക്യാമ്പ് ചെയ്തത്. മാൽപ്പയായിരുന്നു. കാളി നദി തീരത്തുള്ള ഒരു ചെറിയ ഗ്രാമമാണ് മാൽപ്പ .

സന്ധ്യയായതോടെ കാലാവസ്ഥ മാറി. കാറ്റും മഴയും കൊടും തണുപ്പും കാരണം സംഘാംഗങ്ങൾ ക്യാമ്പിൽ ഒതുങ്ങിക്കൂടി. അന്ന് അർദ്ധരാത്രിയിൽ തെക്ക് പടിഞ്ഞാറ് നിന്നിരുന്ന ഒരു പടുകൂറ്റൻ പർവ്വത നിര ഇടിഞ്ഞ് ആ പ്രദേശം നിലം പരിശാക്കി. 300 പേർ സെക്കന്റുകൾക്കുള്ളിൽ മൃതിയടഞ്ഞു.  ഒരു മൃതശരീരം പോലും കണ്ടെടുക്കാൻ പിറ്റേ ദിവസം എത്തിയ പട്ടാളത്തിന് കഴിഞ്ഞില്ല. കൈലാസ് മാനസ സരസ് യാത്ര യാത്രയിലെ ഏറ്റവും വലിയ ദുരന്തമാണ് 25 വർഷം മുൻപ് മാൽപ്പയിൽ നടന്നത്.

അവരാഗ്രഹിച്ച പോലെ അവസാനം പ്രൊതിമ പ്രകൃതിയോട് ലയിച്ചു ചേർന്നു. മരണത്തിലും പ്രൊതിമ വിവാദത്തിലൂടെ കടന്നുപോയിയെന്നൊരു അടക്കം പറച്ചിലുകൾ അവസാനത്തിലും ഉണ്ടായി. ആ മാനസസരോവർ യാത്രകളിൽ  രാത്രികളിൽ ക്യാമ്പിൽ പ്രൊട്ടോക്കോൾ ലംഘിച്ച് പ്രൊതിമ നൃത്തം നടത്തിയിരുന്നു അത്  ആചാര വിരുദ്ധമായിരുന്നു എന്നാണ്  അവരെ കുറിച്ചുള്ള അവസാന വിവാദം. ഈ പ്രവൃത്തിയാണ്  ദുരന്തത്തിന് വഴി തെളിച്ചതെന്നും ചിലർ വിശ്വസിക്കുന്നു. 

തട്ടിപ്പുകാരേയും കപട വേഷധാരികളേയും പ്രൊതിമ വെറുത്തു. 

“ഞാനറിഞ്ഞ ഏതൊരു സ്ത്രീയും ആകാവുന്നത്ര പുരുഷന്മാരുമായി പ്രണയത്തിലാകുവാൻ രഹസ്യമായെങ്കിലും ആഗ്രഹിച്ചു. എങ്കിലും പല കാരണങ്ങളാൽ പാതി വഴിയിൽ അവർ നിന്നു. പലരേയും പല സമയത്ത് പ്രണയിക്കാനുള്ള കഴിവ് എന്നിലുണ്ടായിരുന്നു. അതിനാൽ എന്നെ വഴി പിഴച്ചവൾ എന്നൊക്കെ പഴി ചാരി,” തന്റെ ആത്മകഥയായ 'ടൈം പാസിൽ ' അവർ എഴുതി. മരണത്തിന് ഒരു വർഷം മുൻപ് പ്രൊതിമ ബേദി എഴുതി വെച്ചിരുന്ന ഓർമ്മക്കുറിപ്പ് ' ടൈം പാസ്' എഡിറ്റ് ചെയ്ത് മകൾ പൂജാ ബേദി ഇബ്രാഹിം 2000-ൽ പുറത്തിറക്കി.

logo
The Fourth
www.thefourthnews.in