അഭയാര്‍ഥി ക്യാമ്പിൽ ജനിച്ച് പലസ്തീൻകാരുടെ നാടോടി നായകനിലേക്ക്; ഇസ്രയേലിനെ ഞെട്ടിച്ച 
മുഹമ്മദ് ദയിഫ് എന്ന 'കോമേഡിയന്‍'

അഭയാര്‍ഥി ക്യാമ്പിൽ ജനിച്ച് പലസ്തീൻകാരുടെ നാടോടി നായകനിലേക്ക്; ഇസ്രയേലിനെ ഞെട്ടിച്ച മുഹമ്മദ് ദയിഫ് എന്ന 'കോമേഡിയന്‍'

പതിറ്റാണ്ടുകളായി ഇസ്രയേലിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ പ്രധാനിയാണ് മുഹമ്മദ് ദയിഫ്

''ഇന്ന് നമ്മുടെ രാജ്യത്തിന്റെ, ജനങ്ങളുടെ, അല്‍ അഖ്‌സയുടെ രോഷം കത്തിജ്വലിക്കുകയാണ്. പോരാളികളേ, ഇന്ന് നിങ്ങളുടെ ദിവസമാണ്. നിങ്ങളുടെ ദിനങ്ങള്‍ കഴിഞ്ഞെന്ന അവരുടെ തോന്നല്‍ അവസാനിപ്പിക്കാനുള്ള ദിനമാണിത്,''-കരയും കടലും ആകാശവും വഴി ഇസ്രയേൽ അതിര്‍ത്തി കടന്ന് ഹമാസ് സായുധ സംഘം ശനിയാഴ്ച അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരിൽ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ ഓപ്പറേഷന്റെ സൂത്രധാരനായ മുഹമ്മദ് ദയിഫിന്റെ ശബ്ദ സന്ദേശത്തിലെ വാചകങ്ങളാണിത്. ഇതുവരെ 950 പലസ്തീനികളും 1200 ഇസ്രയേലികളും കൊല്ലപ്പെടാന്‍ കാരണമായ അല്‍ അഖ്‌സ ഫ്‌ളഡിന്റെ മുഖ്യ സൂത്രധാരനാണ് ഹമാസിന്റെ സൈനിക മേധാവിയായ മുഹമ്മദ് ദയിഫ്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഹമാസ് ഇസ്രയേലിനുമേൽ ഇത്ര ശക്തമായ ആക്രമണം അഴിച്ചുവിടുന്നത്. 1973 മുതലുള്ള അറബ്-ഇസ്രയേലി സംഘര്‍ഷത്തിന്റെ ചരിത്രത്തിലെ തന്നെ ഇസ്രയേലി പ്രതിരോധ സേനയ്ക്കുണ്ടായ ഏറ്റവും വലിയ വീഴ്ച കൂടിയായിരുന്നു അൽ അഖ്സ ഫ്ളഡ്.

2021 മേയിൽ അറബ്-മുസ്‌ലിം ലോകത്തെ രോക്ഷാകുലരാക്കിയ അല്‍ അഖ്‌സ മസ്ജിദിലെ റെയ്ഡ് മുതലാണ് ഇസ്രയേലിനുമേൽ അതിശക്തമായ ആക്രമണത്തിന് പദ്ധതിയൊരുക്കാന്‍ ഡെയ്ഫിനെ പ്രേരിപ്പിച്ചത്. റമദാനില്‍ അല്‍ അഖ്‌സ മസ്ജിദിലേക്ക് ഇസ്രയേല്‍ സേന ഇരച്ചുകയറി വിശ്വാസികളെ മര്‍ദിക്കുകയും അക്രമിക്കുകയും പ്രായമായവരെയും വിശ്വാസികളെയും പുറത്തേക്ക് വലിച്ചിഴക്കുന്നതുമായ ദൃശ്യങ്ങളാണ് ഇതിന് കാരണമായതെന്നാണ് ഹമാസുമായുള്ള അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആ ആക്രമണം ഇസ്രയേലും ഹമാസും തമ്മിലുള്ള 11 ദിവസത്തെ യുദ്ധത്തിലേക്കാണ് നയിച്ചത്.

പതിറ്റാണ്ടുകളായി ഇസ്രയേലിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ മുന്‍നിരയിലാണ് ദയിഫിന്റെ സ്ഥാനം. ഏഴ് തവണയാണ് ഡെയ്ഫ് ഇസ്രയേലിന്റെ കൊലപാതക ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു കണ്ണ് നഷ്ടപ്പെടുകയും കാലില്‍ ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്ത ദയിഫ് ഒളിവിലിരുന്നാണ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2014ലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഡെയ്ഫിന്റെ പങ്കാളിയും ഏഴ് മാസം പ്രായമായ മകനും മൂന്ന് വയസുള്ള മകളും കൊല്ലപ്പെട്ടിരുന്നു.

അഭയാര്‍ഥി ക്യാമ്പിൽ ജനിച്ച് പലസ്തീൻകാരുടെ നാടോടി നായകനിലേക്ക്; ഇസ്രയേലിനെ ഞെട്ടിച്ച 
മുഹമ്മദ് ദയിഫ് എന്ന 'കോമേഡിയന്‍'
മൂന്ന് ലക്ഷം സൈനികര്‍ അതിര്‍ത്തിയിലേക്ക്; ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍

2021ന് ശേഷം അപൂര്‍വമായി മാത്രമേ ദയിഫ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുകയും സംസാരിക്കുകയും ചെയ്യാറുള്ളൂ. എന്നാല്‍ ശനിയാഴ്ച ദയിഫ് ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് ഹമാസിന്റെ ടിവി ചാനല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രധാനപ്പെട്ട 'എന്തോ' നടക്കാന്‍ പോകുന്നെന്ന പ്രതീതി പലസ്തീനികള്‍ക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ, നേരിട്ടുള്ള അഭിസംബോധന ഒഴിവാക്കി ശബ്ദസന്ദേശമാണ് പിന്നീട് പുറത്തുവന്നത്. മുഖം കാണിക്കാതെ ചെറുപ്പകാലത്തെ തന്റെ ഫോട്ടോയും മാസ്‌ക് ധരിച്ച മറ്റൊരു ഫോട്ടോയും നിഴലിന്റെ ചിത്രവുമാണ് ശബ്ദസന്ദേശത്തിനൊപ്പം ദയിഫ് ഉപയോഗിച്ചത്.

''പലസ്തീനികള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ദുരുപയോഗം ചെയ്യപ്പെട്ട, പീഡിപ്പിക്കപ്പെട്ട തടവുകാരെ മോചിപ്പിക്കണമെന്നും പലസ്തീന്‍ ഭൂമി തട്ടിയെടുക്കുന്നത് തടയാനും ഹമാസ് ഇസ്രയേലിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓരോ ദിവസവും വെസ്റ്റ് ബാങ്കിലെ അധിനിവേശം നമ്മുടെ ഗ്രാമങ്ങളെ തകര്‍ക്കുകയാണ്. വീടുകള്‍ റെയ്ഡ് ചെയ്യുകയും ആളുകളെ കൊല്ലുകയും പരുക്കേല്‍പ്പിക്കുകയും ചെയ്യുന്നു.

അവര്‍ നമ്മുടെ ഏക്കര്‍ കണക്കിന് ഭൂമിയാണ് കണ്ടുകെട്ടുന്നത്. ഗാസയില്‍ ക്രിമിനല്‍ ഉപരോധം തുടരുമ്പോള്‍ ജനവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി നമ്മുടെ ആളുകളെ അവരുടെ വീടുകളില്‍ നിന്ന് തുരത്തുകയും ചെയ്യുന്നു. അധിനിവേശ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഹമാസ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇസ്രയേല്‍ അവരുടെ പ്രകോപനം ശക്തമാക്കുകയായിരുന്നു.

പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഹമാസ് ഇസ്രയേലിനോട് മനുഷ്യത്വപരമായ കരാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അത് നിരസിച്ചു. അധിനിവേശത്തിന്റെ ഭീകരമായ വെളിച്ചത്തില്‍ അന്താരാഷ്ട്ര നിയമത്തിന്റെയും പ്രമേയത്തിന്റെയും നിരോധനങ്ങളുടെ വെളിച്ചത്തില്‍ അമേരിക്കയുടെയും പാശ്ചാത്യ പിന്തുണയുടെയും മൗനത്തിന്റെയും വെളിച്ചത്തില്‍ ഇതെല്ലാം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,''എന്നാണ് ദയിഫ് പലസ്തീനികള്‍ക്ക് പതുങ്ങിയ ശബ്ദത്തില്‍ നല്‍കിയ സന്ദേശം.

അഭയാര്‍ഥി ക്യാമ്പിൽ ജനിച്ച് പലസ്തീൻകാരുടെ നാടോടി നായകനിലേക്ക്; ഇസ്രയേലിനെ ഞെട്ടിച്ച 
മുഹമ്മദ് ദയിഫ് എന്ന 'കോമേഡിയന്‍'
പലസ്തീനെ കൈവിട്ട് ഇസ്രയേലിന്റെ ചങ്ങാതിയാകുന്ന ഇന്ത്യ; നെഹ്റുവിൽനിന്ന് മോദിയിലെത്തുമ്പോൾ

ദയിഫിനെക്കുറിച്ച് കൂടുതൽ വിവരമൊന്നും ലഭ്യമല്ലെങ്കിലും ഗാസയിലെ തുരങ്കങ്ങളിൽ ഒളിവിലാകും ദയിഫ് എന്ന കാര്യത്തില്‍ സംശയമില്ല. ആക്രമണത്തിന്റെ ആസൂത്രണത്തിലും പ്രവര്‍ത്തനത്തിലും ദയിഫ് നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് ഇസ്രയേല്‍ സുരക്ഷാ സേന പറയുന്നത്.

ദയിഫ് ഗാസയിലെ ഹമാസ് നേതാവായ യഹിയ സിന്‍വാറും സംയുക്തമായാണ് ആക്രമണത്തിന്റെ പദ്ധതികള്‍ തയ്യാറാക്കിയതെന്ന് ഹമാസിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ആക്രമണത്തിനുപിന്നില്‍ രണ്ട് ബുദ്ധിയും ഒരു സൂത്രധാരനുമാണുള്ളതെന്ന് പറഞ്ഞ അവര്‍ ആക്രമണത്തെക്കുറിച്ച് ചുരുക്കം ചില ഹമാസ് നേതാക്കള്‍ക്ക് മാത്രമേ അറിയുകയുള്ളുവെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു വലിയ ഓപ്പറേഷന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരം ഇറാന് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇത് ഹമാസ്, പലസ്തീന്‍ നേതാക്കള്‍, ഹിസ്ബുള്ള, ഇറാന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംയുക്ത സംഘത്തിൽ ചര്‍ച്ച ചെയ്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ഇറാന് പങ്കില്ലെന്ന് ആയത്തുള്ള അലി ഖമേനി വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ നേരിട്ട് ആക്രമണങ്ങളില്‍ പങ്കെടുക്കുന്നതിന്റെ തെളിവുകളൊന്നുമില്ലെന്ന് അമേരിക്കയും അറിയിച്ചു.

പൊതുവേ ശാന്തമായ അന്തരീക്ഷം തുടരുന്ന സാഹചര്യത്തിൽ ഹമാസിന് ആക്രമണം ആരംഭിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് ഇസ്രയേല്‍ കരുതിയിരുന്നത്. ഗാസയിലെ സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കലാണ് ഹമാസ് ലക്ഷ്യമെന്നായിരുന്നു ഇസ്രയേലിന്റെ ധാരണ. എന്നാല്‍ രണ്ട് വര്‍ഷങ്ങളായി തങ്ങള്‍ ഈ യുദ്ധത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് ഹമാസിന്റെ ബാഹ്യ ബന്ധങ്ങളുടെ ചുമതല വഹിക്കുന്ന നേതാവായ അലി ബറാക്കയുടെ പ്രതികരണം.

1948ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തിന് ശേഷം സ്ഥാപിച്ച ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാമ്പില്‍ 1965ലാണ് ദയിഫ് ജനിക്കുന്നത്. മുഹമ്മദ് മസ്‌രി എന്നായിരുന്നു ആദ്യ നാമം. 1987ല്‍ ആരംഭിച്ച പലസ്തീന്‍ പ്രക്ഷോഭത്തില്‍ ഹമാസില്‍ ചേര്‍ന്നതോടെയാണ് മുഹമ്മദ് ദയിഫ് എന്ന പേര് സ്വീകരിക്കുന്നത്.

1989ല്‍ ഇസ്രയേല്‍ ദയിഫിനെ അറസ്റ്റ് ചെയ്യുകയും 16 മാസം തടവിലടക്കുകയും ചെയ്തു. ഗാസയിലെ ഇസ്‌ലാമിക് സര്‍വകലാശാലയില്‍നിന്ന് സയന്‍സില്‍ ബിരുദം നേടിയ ദയിഫ് വിനോദകാര്യങ്ങളിൽ‍ താല്‍പ്പര്യം കാണിക്കുകയും സര്‍വകലാശാലയിലെ വിനോദ കമ്മിറ്റിയുടെ തലവനുമായിരുന്നു. നിരവധി സദസുകളിൽ കോമേഡിയനായും ദയിഫ് തിളങ്ങി. ഹമാസിലെ ഉന്നത പദവിയിൽ എത്തിയ ദയിഫ് സായുധസംഘത്തിന്റെ ശൃംഖല വികസിപ്പിച്ചെടുക്കുകയും ബോംബ് നിര്‍മാണ വൈദഗ്ധ്യം വര്‍ധിപ്പിക്കുകയും ചെയ്തു.

ദയിഫിന്റെ അതിജീവനം കാരണം ഇദ്ദേഹം പലസ്തീനിയന്‍ നാടോടി നായകന്‍ എന്നാണ് അറിയപ്പെടുന്നത്. വീഡിയോകളില്‍ മാസ്‌ക് ധരിച്ചോ അല്ലെങ്കില്‍ നിഴല്‍ കാണിച്ചോ പ്രത്യക്ഷപ്പെടുന്ന ദയിഫ് സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള പുതിയ സാങ്കേതിക വിദ്യകള്‍ വ്യക്തിപരമായ ഉപയോഗിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in