തടവറയിലും തളരാത്ത പോരാട്ടം; നർഗീസ് മുഹമ്മദിയെ തേടി സമാധാന നൊബേൽ എത്തുമ്പോൾ

തടവറയിലും തളരാത്ത പോരാട്ടം; നർഗീസ് മുഹമ്മദിയെ തേടി സമാധാന നൊബേൽ എത്തുമ്പോൾ

മഹ്സ അമിനി കൊല്ലപ്പെട്ടതിന്റെ വാർഷികത്തിൽ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, 'എത്രത്തോളം നമ്മളെ പൂട്ടുന്നുവോ അത്രത്തോളം നമ്മൾ ശക്തരാകും' എന്നായിരുന്നു നർഗീസ് കുറിച്ചത്

സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം സ്വീഡിഷ് റോയൽ അക്കാദമി പ്രഖ്യാപിക്കുമ്പോൾ അതിന് അർഹയായ നർഗീസ് സഫീ മുഹമ്മദിയെ ഇറാനിൽ ജയിലിലാണ്. കുറ്റം സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി പോരാടി എന്നത്. ഈ അവകാശപ്പോരാട്ടാണ് നർഗീസിനെ നൊബേൽ പുരസ്‌കാരത്തിന് അർഹയാക്കിയതും.

ഇറാനിലെ ഭരണകൂടത്തിന്റെ യാഥാസ്തിതിക നിലപാടുകൾക്കെതിരെയും സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നിരന്തരം പോരാട്ടം നടത്തിയ നർഗീസ് 13 തവണയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അഞ്ച് തവണ ശിക്ഷിച്ചു. ലഭിച്ചത് 31 വർഷത്തെ തടവും 154 ചാട്ടവാറടിയും.

ഒരോ തവണയും ഭരണകൂടം ജയിലിൽ അടയ്ക്കുമ്പോഴും പൂർവാധികം ശക്തിയോടെ നർഗീസ് പോരാട്ടം തുടർന്നു. ഏറ്റവുമൊടുവിൽ, ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപ്പോലീസ് പിടികൂടിയ മഹ്സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാനിലുടനീളം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളെത്തുടർന്നാണ് നർഗീസ് ജയിലിലടയ്ക്കപ്പെട്ടത്.

തടവറയിലും തളരാത്ത പോരാട്ടം; നർഗീസ് മുഹമ്മദിയെ തേടി സമാധാന നൊബേൽ എത്തുമ്പോൾ
ഇറാൻ ജയിലിലടച്ച മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാന നൊബേൽ

സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരായും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും വേണ്ടി നടത്തിയ പോരാട്ടത്തിനാണ് നർഗീസിനെ തിരഞ്ഞെടുത്തതെന്നാണ് സ്റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമി നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. അസമത്വത്തിനെതിരെയും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നയാളായാണ് നർഗീസ് സ്വയം വിശേഷിപ്പിക്കുന്നത്.

1972 ൽ ഇറാനിലെ സഞ്ജനിൽ ജനിച്ച നർഗീസ് കുർദിസ്ഥാനിലെ കോർവെ, കരാജ്, ഓഷ്‌നവിയ എന്നിവിടങ്ങളിലായിട്ടാണ് വളർന്നത്. ഇമാം ഖൊമേനി ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് 1990ൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ നർഗീസ് തുടർന്ന് പ്രൊഫഷണൽ എൻജിനീയറായി പ്രവർത്തിച്ചു.

Narges 1
Narges 1

ഒരിക്കലും രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങരുതെന്നായിരുന്നു കുട്ടിക്കാലത്ത് നർഗീസിന് അമ്മ നൽകിയ ഉപദേശം. എന്നാൽ തനിക്ക് ചുറ്റുമുള്ള യാഥാർഥ്യങ്ങളോട് മുഖം തിരിക്കാൻ അവർക്ക് സാധിച്ചില്ല. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ നർഗീസ് തന്റെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. ഇറാനിലെ വിദ്യാർത്ഥി ഗ്രൂപ്പായ തഷാക്കോൽ ദാനേഷ്ജുയി റോഷങ്കാരന്റെ ('പ്രബുദ്ധ വിദ്യാർത്ഥി സംഘം') രണ്ട് യോഗങ്ങളിൽ പങ്കെടുക്കുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു.

തടവറയിലും തളരാത്ത പോരാട്ടം; നർഗീസ് മുഹമ്മദിയെ തേടി സമാധാന നൊബേൽ എത്തുമ്പോൾ
രസതന്ത്ര നൊബേൽ പങ്കിട്ട് മൂന്നുപേർ; പേരുകൾ മണിക്കൂറുകൾക്ക് മുൻപ് ചോർന്നു

സർവകലാശാല ജീവിതത്തിനിടയിൽ, വിദ്യാർഥികൾ പുറത്തിറക്കിയ പത്രത്തിൽ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ലേഖനങ്ങൾ അവർ എഴുതി. രാജ്യത്തെ ഭരണകൂട ഭീകരതയ്‌ക്കെതിരെ നിലനിൽക്കുന്ന പത്രങ്ങളിൽ പത്രപ്രവർത്തകയായും കോളമിസ്റ്റായും നർഗസ് പ്രവർത്തിച്ചു.

1998 ലാണ് നർഗീസ് ആദ്യമായി ജയിലിലടയ്ക്കപ്പെട്ടത്. ഇറാനിയൻ സർക്കാരിനെ വിമർശിച്ചുവെന്നതായിരുന്നു കുറ്റം. ഒരു വർഷത്തെ തടവിനൊടുവിൽ ജയിൽ മോചിതയായ നർഗീസ്, പത്രപ്രവർത്തകനായ താഗി റഹ്‌മാനിയെ 1999 ൽ വിവാഹം ചെയ്തു.

Narges 2
Narges 2

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് ഷിറിൻ എബാദി സ്ഥാപിച്ച ടെഹ്റാനിലെ ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്ററുമായി ചേർന്ന് 2003-ൽ നർഗീസ് പ്രവർത്തിച്ച് തുടങ്ങി. 2010 ഏപ്രിലിൽ, ഡി എച്ച് ആർ സിയിലെ അംഗത്വം ചൂണ്ടിക്കാട്ടി നർഗീസിനെ ഇസ്‌ലാമിക് റെവല്യൂഷണറി കോടതിയിലേക്ക് വിളിപ്പിച്ചു. 50,000 ഡോളർ ജാമ്യത്തിൽ ഹ്രസ്വകാലത്തേക്ക് വിട്ടയച്ചുവെങ്കിലും ദിവസങ്ങൾക്കുശേഷം വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും എവിൻ ജയിലിൽ അടയ്ക്കുകയും ചെയ്തു. ജയിലിൽ വച്ച് ആരോഗ്യാവസ്ഥ മോശമായ നർഗീസിനെ ആശുപത്രിയിൽ പോകാൻ അനുവദിച്ചു.

തടവറയിലും തളരാത്ത പോരാട്ടം; നർഗീസ് മുഹമ്മദിയെ തേടി സമാധാന നൊബേൽ എത്തുമ്പോൾ
ഹിജാബ് ധരിക്കാത്തതിന് അറസ്റ്റ് ഭീഷണി നേരിട്ട ഇറാന്‍ ചെസ് താരം ഇനി സ്പാനിഷ് പൗര

2011 ജൂലൈയിൽ നർഗീസിനെ വീണ്ടും വിചാരണയ്ക്ക് വിധേയയാക്കിയ നർഗീസിനെ 11 വർഷത്തെ തടവിന് ശിക്ഷിച്ചു. ദേശീയ സുരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചു, ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തി, ഡി എച്ച് ആർ സിയിൽ അംഗത്വമെടുത്തു എന്നിവയായിരുന്നു കുറ്റങ്ങൾ.

2012 ൽ ശിക്ഷ ആറ് വർഷമായി കുറച്ചു. അതേവർഷം, ഏപ്രിലിൽ വീണ്ടും അറസ്റ്റിലായ നർഗീസിനുവേണ്ടി ലോകവ്യാപകമായി ശബ്ദമുയർന്നു. തുടർന്ന് 2012 ജൂലൈ 31 ന് ജയിലിൽനിന്ന് മോചിപ്പിച്ചു.

2015 മേയ് അഞ്ചിന് നർഗീസിനെ വീണ്ടും അറസ്റ്റ് ചെയ്തു. വധശിക്ഷയ്‌ക്കെതിരായി കാമ്പെയ്ൻ ആരംഭിച്ചതായിരുന്നു ഭരണകൂടത്തെ ചൊടിപ്പിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ നർഗീസിന്റെ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചത് രാജ്യത്തെ സംവിധാനങ്ങൾക്കെതിരായ പ്രചാരണമായും വിലയിരുത്തി മൊത്തം ആറ് വർഷത്തെ തടവിനായിരുന്നു ഇത്തവണ നർഗീസിനെ ശിക്ഷിച്ചത്.

2020 ഒക്ടോബർ എട്ടിന് നർഗീസ് വീണ്ടും ജയിൽ മോചിതയായി. എന്നാൽ തന്റെ പോരാട്ടങ്ങളിൽ പിന്നോട്ടുപോകാൻ അവർ തയാറായില്ല. ജയിലിലായിരിക്കുമ്പോൾ തനിക്കെതിരെ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ജയിൽ മോചിതയായ ശേഷവും രണ്ട് തവണ കോടതിയിലേക്ക് വിളിപ്പിച്ചതായി നർഗീസ് വെളിപ്പെടുത്തിയിരുന്നു.

തടവറയിലും തളരാത്ത പോരാട്ടം; നർഗീസ് മുഹമ്മദിയെ തേടി സമാധാന നൊബേൽ എത്തുമ്പോൾ
''പ്രവാചക നിന്ദ,നിരീശ്വരവാദം'' ; വീണ്ടും വധ ശിക്ഷ നടപ്പിലാക്കി ഇറാന്‍ ഭരണകൂടം

2019 നവംബറിൽ സുരക്ഷാ സേന പ്രതിഷേധക്കാരെ വധിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് എവിൻ ജയിലിൽ വനിതാ രാഷ്ട്രീയത്തടവുകാർ നടത്തിയ കുത്തിയിരിപ്പ് സമരവുമായി ബന്ധപ്പെട്ടാണ് അവർക്കെതിരെ പുതിയ കേസ് ആരംഭിച്ചത്.

2021 മേയിൽ, നർഗീസിന് രണ്ടര വർഷം തടവും 80 ചാട്ടയടികളും രണ്ട് വ്യത്യസ്ത പിഴകളും വിധിച്ചു. നാല് മാസത്തിന് ശേഷം, ഈ ശിക്ഷക്കായി ഹാജരാവാൻ സമൻസ് നർഗീസിന് ലഭിച്ചു, പക്ഷേ ശിക്ഷാവിധി അന്യായമാണെന്ന് ചൂണ്ടിക്കാട്ടി ഇതിനോട് നർഗീസ് പ്രതികരിച്ചില്ല.

നർഗീസ് ഉയർത്തിയ 'സൻ-സിന്ദഗി-ആസാദി' (സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം രാജ്യത്ത് പടർന്നത്
Narges 3
Narges 3BEHROUZ MEHRI

2021 നവംബർ 16 ന്, 2019 നവംബറിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ ഇറാൻ സുരക്ഷാ സേനയാൽ കൊല്ലപ്പെട്ട ഇബ്രാഹിം കേതാബ്ദാറിന്റെ അനുസ്മരണത്തിൽ പങ്കെടുക്കുന്നതിനിടെ അൽബോർസ് പ്രവിശ്യയിലെ കരാജിൽ വച്ച് നർഗീസ് അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനിടെ 2022 ൽ കുർദിഷ് യുവതി മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഇറാനിൽ വ്യാപകമായി ഉയർന്നു. നർഗീസ് ഉയർത്തിയ 'സൻ-സിന്ദഗി-ആസാദി' (സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം രാജ്യത്ത് പടർന്നത്.

ജയിലിലായിരിക്കുന്നതിനിടെ 2023 ജനുവരിയിൽ, ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട് നർഗീസ് പുറത്തുവിട്ടു. ശിക്ഷാ രീതികളിലെ ഏറ്റവും ക്രൂരമായ ശിക്ഷാ രീതിയായ വൈറ്റ് ടോർച്ചറിങ്ങിനും ലൈംഗികാതിക്രമങ്ങൾക്കും വിധേയരായ സ്ത്രീത്തടവുകാരുടെ വിവരങ്ങളടക്കമാണ് നർഗീസ് പുറത്തുവിട്ടത്.

ജയിലിടയ്ക്കപ്പെട്ടപ്പോഴും തന്റെ പോരാട്ടം നർഗീസ് തുടരുകയാണ്. മഹ്‌സയുടെ മരണത്തിൽ രാജ്യത്ത് ഉയർന്ന പ്രതിഷേധം ജയിലിലെ രാഷ്ട്രീയ തടവുകാർക്കിടയിലും ആരംഭിച്ചും ഇതിന്റെ നേതൃത്വം നർഗീസ് ഏറ്റെടുത്തിരുന്നു. ഇതോടെ കൂടുതൽ കർശനമായ വ്യവസ്ഥകൾക്ക് നർഗീസ് വിധേയയായിരിക്കുകയാണ് ജയിലേക്കുള്ള ഫോൺ കോളുകളും സന്ദർശകരെയും സ്വീകരിക്കുന്നതിന് നർഗീസിനെ വിലക്കിയിട്ടുണ്ട്.

ഇതിനിടെ മഹ്സ അമിനി കൊല്ലപ്പെട്ടതിന്റെ വാർഷികത്തിൽ ന്യൂയോർക്ക് ടൈംസിൽ നർഗീസിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. 'എത്രത്തോളം നമ്മളെ പൂട്ടുന്നുവോ അത്രത്തോളം നമ്മൾ ശക്തരാകും.' എന്നായിരുന്നു നർഗീസ് ലേഖനത്തിൽ പറഞ്ഞത്.

നർഗീസിന് പുരസ്‌കാരം ലഭിച്ചതിൽ താൻ അതീവ സന്തോഷവാനാണെന്നാണ് സഹോദരൻ ഹമീദ്രേസയുടെ പ്രതികരണം. ഈ നേട്ടം ഇറാനിലെ ആക്ടിവിസ്റ്റുകളുടെ ജീവന് സുരക്ഷ നൽകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇറാൻ സർക്കാരിന്റെ ഭരണകൂടത്തിന് കീഴിൽ നർഗീസ് ജയിലിൽനിന്ന് ഒരിക്കലും മോചിതയാകാൻ സാധ്യതയില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in