അടിയന്തരാവസ്ഥയെ
അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

അടിയന്തരാവസ്ഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

ലോകപത്ര സ്വാതന്ത്ര്യ സൂചികയില്‍ അവസാന ഇരുപതിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയില്‍ ഭരണകൂടത്തിനെതിരെ ശബ്ദിച്ച ഒരു പത്രാധിപര്‍ കൂടിയാണ് നിയമവിരുദ്ധ അറസ്റ്റിന് ഇരയായതെന്ന് ഉത്തരവിലൂടെ ഇപ്പോള്‍ വ്യക്തമാവുകയാണ്

രാജ്യത്തിന്റെ പരമാധികാരം തകര്‍ക്കാന്‍ ചൈനയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് 2023 ഒക്ടോബര്‍ മൂന്നിന് ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയേയും എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയേയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. എട്ടു മാസങ്ങള്‍ക്കിപ്പുറം പ്രബീറിനെതിരേ യുഎപിഎ ചുമത്തിയതും അറസ്റ്റും നിയമവിരുദ്ധമെന്ന് വ്യക്തമാക്കി മോചനത്തിന് രാജ്യത്തെ പരമോന്നത നീതിപീഠം ഉത്തരവിടുമ്പോള്‍ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്ന ഫാസ്റ്റിസ് രീതിക്കുള്ള തിരിച്ചടി കൂടിയായി മാറുകയായാണിത്. എട്ട് മാസത്തിന് ശേഷം കോടതി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയുമ്പോള്‍ പുരകായ്‌സത മറ്റൊരു അടിച്ചമര്‍ത്തലിനെ കൂടിയാണ് അതിജീവിക്കുന്നത്. അടിയന്തരാവസ്ഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കുകയാണ്.

നിയമപരമല്ലാതെ പണം ചെലവഴിച്ചെന്ന പേരില്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരുടെയും ആക്ടിവിസ്റ്റുകളുടെയും വീടുകളില്‍ പുലര്‍ച്ചെ മുതല്‍ ഡല്‍ഹി പോലീസ് നടത്തിയ റെയ്ഡിനെതിരെ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. റെയ്ഡിനൊടുവിലാണ് ന്യൂസ് ക്ലിക്കിന്റെ ചീഫ് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ കസ്റ്റഡിയിലെടുത്തത്. ഭരണകൂടത്തെ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ നിരന്തരം അക്രമിക്കപ്പെടുന്ന സവിശേഷ രാഷ്ട്രീയ കാലാവസ്ഥയില്‍ പ്രബീറിനെ അറസ്റ്റ് ചെയ്യാന്‍ മോദി സര്‍ക്കാരിനും ഡല്‍ഹി പോലീസിനും കാരണങ്ങള്‍ ഒരുപാടുണ്ട്.

അടിയന്തരാവസ്ഥയെ
അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും
'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ആരാണ് പ്രബീര്‍ പുരകായസ്ത?

ശാസ്ത്രമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗഹനമായ അറിവും, ശക്തമായ രാഷ്ട്രീയ നിലപാടുമുള്ള മാധ്യമപ്രവര്‍ത്തകനാണ് പ്രബീര്‍ പുരകായസ്ത. അദ്ദേഹം ജൂണില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തുടക്കം, '1975 ലെ അടിയന്തരാവസ്ഥയിലാണെങ്കിലും ഇപ്പോഴത്തെ അടിയന്തരാവസ്ഥയിലാണെങ്കിലും, ഒരു ഇരയായി അറിയപ്പെടാന്‍ എനിക്ക് താല്പര്യമില്ല' എന്നായിരുന്നു. ഇങ്ങനെ ശക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു വാക്യം എഴുതാന്‍ അയാള്‍ക്ക് കരുത്തുനല്‍കുന്നത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായിരുന്നതിന്റെ ശക്തിയും പുതിയ കാല രാഷ്ട്രീയത്തെ ആ അനുഭവങ്ങളില്‍നിന്ന് നിര്‍വചിക്കാന്‍ സാധിക്കുന്നതുമാണ്. ജെഎന്‍യുവില്‍ പഠിച്ചിരുന്ന കാലത്ത് എസ്എഫ്‌ഐയുടെ ഭാഗമായിരുന്ന പ്രബീര്‍ പിന്നീട് സിപിഎം സഹയാത്രികനുമായിരുന്നു.

അടിയന്തരാവസ്ഥയെ
അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും
'നേരം പുലരും മുന്‍പേ ഹാജരാക്കി, അഭിഭാഷകനെ പോലും അറിയിച്ചില്ല'; പ്രബീർ പുരകായസ്തയുടെ അറസ്റ്റിൽ പോലീസിനെതിരേ സുപ്രീം കോടതി

നവലിബറല്‍ കാലത്ത് സാങ്കേതികവിദ്യയുടെ വികാസം നേരിട്ട് ക്യാപിറ്റലിസത്തെ സഹായിക്കുമെന്നും ശാസ്ത്രത്തിന്റെയും ശാസ്ത്രസര്‍വകലാശാലകളുടെയും വികാസമാണ് നേരിട്ട് ജനങ്ങളെയും വിശിഷ്യാ വിദ്യാര്‍ത്ഥികളെയും സഹായിക്കുന്നതെന്നും പറയുന്ന 'നോളഡ്ജ് ആസ് കോമണ്‍സ്' പോലുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളും മാധ്യമ സ്വാതന്ത്ര്യത്തിലേക്ക് ഭരണകൂടം ഇടിച്ചുകയറുന്നതിനെ കുറിച്ചുള്ള ലേഖനങ്ങളും മുതലാളിമാരെ സുഖിപ്പിക്കുന്നവരെയും രാജ്യം ഭരിക്കുന്നവരെയും അസ്വസ്ഥരാക്കും എന്നുറപ്പാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെ ചൈനീസ് ഫണ്ട് ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രബീര്‍ പുരകായസ്തയുടെ വസതി ഓഗസ്റ്റില്‍ ഇ ഡി സീല്‍ ചെയ്തിരുന്നു. അന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ന്യൂസ്‌ക്ലിക്കിന്റെ ഭാഗം അവതരിപ്പിച്ചത് പ്രബീറായിരുന്നു.

'നോളഡ്ജ് ആസ് കോമൺസ്'
'നോളഡ്ജ് ആസ് കോമൺസ്'

സാമ്പത്തിക ക്രമക്കേട് ആരോപിച്ച് 2021 സെപ്റ്റംബറിലാണ് പ്രബീര്‍ പുരകായസ്തയുടെ വീട് ആദ്യമായി ഇ ഡി റെയ്ഡ് ചെയ്യുന്നത്. അന്നത്തെ ആരോപണങ്ങള്‍ എവിടെയും എത്തിയില്ല. പിന്നീട് ഈ വര്‍ഷം ഓഗസ്റ്റില്‍ ന്യൂസ്‌ക്ലിസിക്കിന് ഫണ്ട് നല്‍കുന്ന യു എസ് ശതകോടീശ്വരന്‍ നെവില്ലെ റോയ് സിങ്ഹാമിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നുള്ള ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വീണ്ടും പ്രബീറിന്റെ വീട് ഇ ഡി സീല്‍ ചെയ്യുന്നത്.

പരിശോധനകളും ചോദ്യംചെയ്യലുകളും അവസാനിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന പത്രാധിപരില്‍ ഒരാളായ പ്രബീര്‍ പുരാകയസ്തയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റിലാക്കുകയും ചെയ്തു എന്നതാണ്. ലോകപത്ര സ്വാതന്ത്ര്യ സൂചികയില്‍ അവസാന ഇരുപതിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയില്‍ ഭരണകൂടത്തിനെതിരെ ശബ്ദിച്ച ഒരു പത്രാധിപര്‍ കൂടിയാണ് നിയമവിരുദ്ധ അറസ്റ്റിന് ഇരയായതെന്ന് സുപ്രീം കോടതി ഉത്തരവിലൂടെ ഇപ്പോള്‍ വ്യക്തമാവുകയാണ്.

logo
The Fourth
www.thefourthnews.in