നസീർ പറഞ്ഞു: എല്ലാവർക്കും നമ്മളെ അറിയാം എന്ന് വിചാരിക്കരുത്

നസീർ പറഞ്ഞു: എല്ലാവർക്കും നമ്മളെ അറിയാം എന്ന് വിചാരിക്കരുത്

നിത്യഹരിത നായകൻ പ്രേംനസീർ വിടവാങ്ങിയിട്ട് ഇന്ന് 34 വർഷം തികയുന്നു. നസീറിന്റെ അവസാന അഭിമുഖത്തിന്റെ ഓർമ്മ പങ്കുവെക്കുകയാണ് രവി മേനോൻ

അഞ്ചു മിനിറ്റ് വൈകിയാണ് നിത്യഹരിത നായകൻ എത്തിയത്; അഞ്ചേ അഞ്ചു മിനിറ്റ്. വന്നയുടൻ കൈകൂപ്പിക്കൊണ്ട്  ക്ഷമാപണപൂർവം അദ്ദേഹം മൊഴിയുന്നു: '' മിസ്റ്റർ മേനോൻ ? കാത്തിരുന്നു മുഷിഞ്ഞുകാണും അല്ലേ ? അയാം വെരി സോറി. വരുന്ന വഴിക്ക് ഒരാളുമായി അല്പനേരം സംസാരിച്ചു നിൽക്കേണ്ടി വന്നു…''

യുവപത്രപ്രവർത്തകൻ ഞെട്ടിപ്പോയത് സ്വാഭാവികം. ചെറുകിട താരശിങ്കങ്ങൾക്ക് വേണ്ടി പോലും മണിക്കൂറുകളോളം, ചിലപ്പോൾ  ദിവസങ്ങൾ വരെ കാത്തിരുന്നാണല്ലോ അവന് ശീലം. ഇവിടെയിതാ അഞ്ചു മിനിറ്റ് വൈകിപ്പോയതിന് ക്ഷമ ചോദിക്കുന്ന ഒരു മനുഷ്യൻ. മറ്റാരെങ്കിലുമായിരുന്നെങ്കിൽ പരിഹാസമെന്ന് കരുതി ചിരിച്ചു തള്ളാം. പക്ഷേ പറയുന്നത് നസീർ സാറാണ്. മാന്യതയുടെയും ആത്മാർത്ഥതയുടെയും ആൾരൂപം. ഇന്നലെ പണി തുടങ്ങിയ പത്രലോകത്തെ പയ്യനോട് ക്ഷമ ചോദിക്കേണ്ട കാര്യമേയില്ല അദ്ദേഹത്തിന്.

പക്ഷേ അതല്ലല്ലോ പ്രേംനസീറിന്റെ രീതി. പെരുമാറ്റത്തിലെ "നസീറിസം'' അനുപമം, അപൂർവ സുന്ദരം; ആകർഷകമായ ആ ചിരി പോലെ.

നസീർ പറഞ്ഞു: എല്ലാവർക്കും നമ്മളെ അറിയാം എന്ന് വിചാരിക്കരുത്
ഭൂമിയില്‍ കാലുറപ്പിച്ച് പൗര്‍ണമി ചന്ദ്രികയെ തൊട്ടു വിളിച്ചയാള്‍

കോഴിക്കോട്ടെ സിവിൽ സ്റ്റേഷനിൽ "ധ്വനി''യുടെ ചിത്രീകരണത്തിന്റെ അവസാന നാളിലായിരുന്നു ആ കൂടിക്കാഴ്ച്ച. പിറ്റേന്ന് നസീർ സാർ ചെന്നൈയിലേക്ക് പറക്കുന്നു. "എനിക്കിപ്പോൾ ഇഷ്ടം പോലെ സമയമുണ്ട്. മിസ്റ്റർ മേനോൻ മദ്രാസിലേക്ക് വരൂ. നമുക്ക് വിശദമായി സംസാരിക്കാം'' എന്ന് തലേന്ന്  ഫോണിലൂടെ പറഞ്ഞതാണ് അദ്ദേഹം. പക്ഷേ അത്രത്തോളം കാത്തിരിക്കാൻ ക്ഷമയില്ല മിസ്റ്റർ മേനോന്. ജീവിതത്തിലൊരിക്കലെങ്കിലും കാണാൻ മോഹിച്ച മനുഷ്യനെ അങ്ങനെയങ്ങു കൈവിടാൻ ഒരുക്കമല്ലായിരുന്നു അവന്റെ ഉള്ളിലെ "നസീർഭ്രാന്തൻ.''

മുന്നിൽ വന്നു നിന്ന യുഗപുരുഷനെ വിസ്‌മയത്തോടെ നോക്കിനിന്നു അവൻ. "ധ്വനി''യിലെ ന്യായാധിപന്റെ വേഷത്തിൽ സഫാരി സൂട്ടിലാണ് പ്രേംനസീർ. വെളുത്തു തുടുത്ത മുഖം. വെപ്പു മീശ. അങ്ങിങ്ങായി നര കലർന്ന വിഗ്ഗ്. നാല്പതുകാരൻ അറുപതുകാരന്റെ വേഷം കെട്ടിയ പോലെ.

"എന്നാൽ തുടങ്ങുകയല്ലേ?'' -- കസേരയിൽ ഇരുന്നുകൊണ്ട് സൗമ്യമധുരമായ ശബ്ദത്തിൽ നസീർ സാറിന്റെ ചോദ്യം.

കയ്യെത്തും ദൂരെ ഇതിഹാസതാരത്തെ  "വീണുകിട്ടിയ'' തിന്റെ ത്രില്ലിൽ എവിടെ തുടങ്ങണമെന്നറിയാതെ മിഴിച്ചിരുന്ന അഭിമുഖകാരനെ നോക്കി ചിരിച്ചുകൊണ്ട്,  ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ പ്രേംനസീർ പറഞ്ഞു തുടങ്ങുന്നു:

"മരുമകൾ എന്ന സിനിമയിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. അതിൽ നെയ്യാറ്റിൻകര കോമളം ആയിരുന്നു നായിക. പക്ഷേ ആ സിനിമ വലിയ ഹിറ്റായില്ല. അച്ഛൻ എന്ന സിനിമയിലാണ് പിന്നെ …''

ഇടംവലം നോക്കാതെ ഓർമ്മക്കുതിരയെ അഴിച്ചുവിടുകയാണ് നസീർ സാർ; സ്വന്തം സിനിമാ ജീവിതത്തിന്റെ നാൾ വഴികളിലൂടെ.

"ചെറിയൊരു കയ്യാംഗ്യത്തോടെ സംസാരത്തിൽ വിനയപൂർവം ഇടപെട്ടുകൊണ്ട് പത്രക്കാരൻ പയ്യൻ പരിഭവപൂർവം പറയുന്നു:  നസീർ സാർ ക്ഷമിക്കണം, ഈ ചരിത്രമൊക്കെ അറിയാത്ത ഏത് മലയാളിയുണ്ട് ? സാറിന്റെ  ലൈഫ് സ്റ്റോറി എനിക്ക്  പറഞ്ഞുതരികയേ വേണ്ട. മനഃപാഠമാണ്…  ഞാൻ വേറെ ചില ചോദ്യങ്ങൾ ചോദിച്ചോട്ടെ?''

തെല്ലൊരത്ഭുതത്തോടെ എന്നെ നോക്കിയിരുന്നു പ്രേംനസീർ. എന്നിട്ട് ചോദിച്ചു: "അനിയാ, എന്നെപ്പറ്റി നന്നായി അറിയാമോ? കണ്ടപ്പോൾ തീരെ ചെറുപ്പമാണെന്ന് തോന്നി. അതുകൊണ്ടാണ് തുടക്കം മുതലുള്ള കാര്യം പറഞ്ഞത്.''

തൊട്ടുപിന്നാലെ ആത്മഗതം പോലെ ഇത്രകൂടി:  "എല്ലാവർക്കും നമ്മളെ അറിയണമെന്നില്ലല്ലോ…''

വർഷങ്ങൾക്ക് മുൻപ്  മദ്രാസിലേക്കുള്ള വിമാനയാത്രയിൽ ഉണ്ടായ ഒരനുഭവം വിവരിക്കുന്നു നസീർ സാർ; രസകരമായി:

"സീറ്റിൽ അടുത്തിരുന്ന ആൾ  പരിചയഭാവത്തിൽ എന്നെ നോക്കി ചിരിച്ചു. സിനിമയിൽ നമ്മളെ കണ്ടിട്ടുണ്ടാവുമല്ലോ എന്നോർത്ത് ആ ചിരി ഞാൻ മടക്കിക്കൊടുക്കുകയും ചെയ്തു. അപ്പോഴാണ് അയാളുടെ ഔപചാരികമായ  ചോദ്യം: എങ്ങോട്ടാ? "മദ്രാസിലേക്ക്..'' -- ഞാൻ പറഞ്ഞു."മദ്രാസിലെവിടെയാ?''-- അടുത്ത ചോദ്യം. "മഹാലിംഗപുരത്ത്''-- എന്റെ മറുപടി.അടുത്ത ചോദ്യം ഉടൻ വന്നു: "എന്താ അവിടെ ഏർപ്പാട് ? ബിസിനസ്സാ?'' ഇത്തവണ ഒന്ന് ഞെട്ടിയെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് നിത്യവസന്തം പറഞ്ഞു: " അങ്ങനെയൊന്നുമില്ല. സിനിമാ ഫീൽഡിലാണ്..''``ഓ'' എന്ന പ്രതികരണത്തിൽ തെല്ലൊരു പുച്ഛവും കലർന്നിരുന്നില്ലേ എന്ന് നസീർ സാറിന് സംശയം. പിന്നാലെ വിലപ്പെട്ട ഒരുപദേശവും: " തട്ടിപ്പുകാരുടെ ഫീൽഡാണ്. സൂക്ഷിച്ചും കണ്ടുമൊക്കെ നിന്നോളണം...''ഒന്നും മിണ്ടാതെ തലയാട്ടി ചിരിച്ചു താനെന്ന് നസീർ. എന്തു മറുപടി പറയാൻ? കഥ പറഞ്ഞു നിർത്തിയ ശേഷം ഇത്ര കൂടി പറഞ്ഞു പ്രേംനസീർ: "ഇപ്പൊ അനിയന് പിടികിട്ടിക്കാണുമല്ലോ ഞാൻ പറഞ്ഞതിന്റെ പൊരുൾ. നമ്മളെ അറിയാത്ത ലക്ഷക്കണക്കിന് ആളുകളും ഉണ്ടാകും ഈ ലോകത്ത്.''

 സ്നേഹം കൊണ്ടും വിനയം കൊണ്ടും തിളങ്ങുന്ന ആ മുഖത്ത്  നിശ്ശബ്ദനായി നോക്കിയിരുന്നു ഞാൻ. ഇങ്ങനെയും ഉണ്ടാകുമോ ഒരു മനുഷ്യൻ?

logo
The Fourth
www.thefourthnews.in