എപ്പോഴും ചിരിക്കുന്ന സിദ്ധിഖും ചിരിപ്പിക്കുന്ന സിനിമകളും

എപ്പോഴും ചിരിക്കുന്ന സിദ്ധിഖും ചിരിപ്പിക്കുന്ന സിനിമകളും

പലരും ദേഷ്യപ്പെടുമ്പോഴും ചിരിച്ച മുഖവുമായി മറുപടി പറയുന്ന സിദ്ധിഖിനെ അടുപ്പക്കാര്‍ക്കറിയാം. എപ്പോഴും സന്തോഷമായിരിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാകാം അദ്ദേഹത്തിന്റെ സിനിമകള്‍ക്കും അതേ സ്വഭാവമാണ്...

ആക്ഷൻ സിനിമകൾക്കും ഇമോഷണൽ ഡ്രാമ ചിത്രങ്ങൾക്കും തിയേറ്ററിൽ ലഭിച്ചിരുന്ന വമ്പിച്ച കളക്ഷൻ നർമ ചിത്രങ്ങൾക്ക് ലഭിക്കാതിരുന്ന സമയത്താണ് നാടോടിക്കാറ്റിന്റെ കഥയുമായി സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് എത്തുന്നത്. മോഹൻലാൽ-ശ്രീനിവാസൻ കോമ്പോയിലെ എക്കാലത്തെയും ഹിറ്റ് ചിത്രം തിയേറ്ററുകളിൽ 175 ദിവസം പൂർത്തിയാക്കി ബോക്‌സ് ഓഫീസ് വിജയമായി. ഇന്നും ജോലി തേടി അന്യനാട്ടില്‍ പോകുന്ന ചെറുപ്പക്കാര്‍ അന്ന് ദാസനും വിജയനും കണ്ട സ്വപ്നങ്ങള്‍ മറന്നിട്ടില്ല. ഒരു നർമ സിനിമ മനുഷ്യനെ എത്രയേറെ സ്വാധീനിക്കാമെന്നതിന് ഉത്തമ ഉദാഹരണമാണ് ഇത്.

നാടോടിക്കാറ്റ് ചിത്രത്തിൽ നിന്നുള്ള രംഗം
നാടോടിക്കാറ്റ് ചിത്രത്തിൽ നിന്നുള്ള രംഗം

സുഹ‍ൃത്ത് ഫോൺ വിളിച്ച് സംസാരിക്കുമ്പോൾ എന്തെങ്കിലും കേൾക്കാത്ത ഭാവം നടിക്കണമെങ്കിൽ ഇന്നും നമ്മളോരോരുത്തരും പറയുന്ന ഡയലോ​ഗ് 'കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്' എന്ന് തന്നെയാണ്. ആനപ്പാറ അച്ചാമ്മയ്ക്കും അഞ്ഞൂറാനും പകരം വയ്ക്കാനാരുമില്ല. മണ്ടത്തരം കൂടപ്പിറപ്പായ അപ്പുക്കുട്ടനെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന് മാത്രമെ സാധിക്കൂ. 'മോനേ ആ മാധവൻകുട്ടിക്ക് ഒരു ഇരട്ടപ്പേരുണ്ടായിരുന്നല്ലോ, അതെന്തുവാ...?' എന്ന ഡയലോ​ഗിലൂടെ മാത്രം പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്ര പേർക്ക് സാധിക്കും. ക്രോണിക്ക് ബാച്ചിലറിൽ ഇന്നസെന്റും ഹരിശ്രീ അശോകനും അനിയപ്പനും ഒരുമിച്ചുള്ള രം​ഗം കണ്ടാൽ ഇന്നും ചിരി അടക്കിപ്പിടിക്കാനാകില്ല. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത രം​ഗങ്ങളും ഡയലോ​ഗുകളും സമ്മാനിച്ച ഒരു സംവിധായക കോമ്പോ വേറെയുണ്ടാകില്ല.അവരിലൊരാളാണ് ഓര്‍മകള്‍ മാത്രമശേഷിപ്പിച്ച് നമ്മെ വിട്ടുപിരിഞ്ഞത്.

എപ്പോഴും ചിരിക്കുന്ന സിദ്ധിഖും ചിരിപ്പിക്കുന്ന സിനിമകളും
തുടക്കം ഫാസിലിനോടൊപ്പം: തുടങ്ങിവച്ചത് കോമഡിയുടെ പുത്തന്‍ തരംഗം
കാബൂളിവാല എന്ന ചിത്രത്തിൽ നിന്ന്
കാബൂളിവാല എന്ന ചിത്രത്തിൽ നിന്ന്

ഇസ്മയിൽ ഹാജിയുടെയും സൈനബയുടെയും മകനായി 1954 ഓഗസ്റ്റ് 1ന് കൊച്ചിയിലാണ് സിദ്ദിഖിന്റെ ജനനം. കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ പഠിച്ച സിദ്ദിഖ് അക്കാലത്ത് കൊച്ചിൻ കലാഭവനിലെ സജീവ സാന്നിധ്യമായിരുന്നു. സിദ്ദിഖിനൊപ്പം ലാൽ, അൻസാർ, കെ എസ് പ്രസാദ്, വർക്കിച്ചൻ, റഹ്മാൻ എന്നിവരടങ്ങുന്ന സംഘമാണ് കലാഭവന്റെ പ്രൊഫഷണൽ മിമിക്രി ട്രൂപ്പ് ആരംഭിച്ചത്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചു നടന്നിരുന്ന കാലത്താണ് സംവിധായകൻ ഫാസിൽ സിദ്ദിഖിനെയും ലാലിനെയും കണ്ടുമുട്ടുന്നത്. തുടർന്ന് ഫാസിലിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയിലേക്കുള്ള സിദ്ദിഖിന്റെ കടന്നുവരവ്.

ഗോഡ്ഫാദർ എന്ന ചിത്രത്തിൽ നിന്ന്
ഗോഡ്ഫാദർ എന്ന ചിത്രത്തിൽ നിന്ന്

1986ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ തുടക്കം. തുടർന്ന് നാടോടിക്കാറ്റിനും തിരക്കഥയൊരുക്കി. ശേഷം കാക്കൊത്തിക്കാവിലെ അപ്പൂപ്പൻ താടിയിൽ സംവിധായകൻ കമലിനൊപ്പം അസോസിയേറ്റ് ഡയറക്ടറായി സിദ്ധിഖ് പ്രവർത്തിച്ചു. 1989ൽ റാംജിറാവു സ്പീക്കിങ്ങിലൂടെയാണ് സിദ്ധിഖ്-ലാലിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം. ചിത്രത്തിന് തിരക്കഥയൊരുക്കിയതും ഇരുവരും ചേർന്ന് തന്നെ. പിന്നീട് ഒന്നിനുപുറകെ ഒന്നായി ഇൻ ഹരിഹർ ന​ഗറും ​ഗോഡ്ഫാദറും വിയറ്റ്നാം കോളനിയും പുറത്തിറങ്ങി. 1993ൽ റിലീസായ കാബൂളിവാലയ്ക്ക് ശേഷം സിദ്ദിഖ്-ലാലിന്റെ സംവിധാനത്തിൽ ചിത്രങ്ങളുണ്ടായില്ല.

എപ്പോഴും ചിരിക്കുന്ന സിദ്ധിഖും ചിരിപ്പിക്കുന്ന സിനിമകളും
'ഇതൊന്നും ഞാന്‍ ചെയ്തതല്ല, ഇവന്‍മാര്‍ മറ്റാരൊക്കൊണ്ടോ ചെയ്യിച്ചതാണ്' സിദ്ധിഖ് - ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
സിദ്ദിഖ് ലാലിനൊപ്പം
സിദ്ദിഖ് ലാലിനൊപ്പം

സംവിധാന രം​ഗത്തേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സിദ്ധിഖ് തീരുമാനിച്ചപ്പോൾ അഭിനയത്തിലും നിർമാണത്തിലേക്കുമാണ് ലാൽ തിരിഞ്ഞത്. എന്നാൽ ഇരുവരുടെയും കഥ പറച്ചിൽ അവിടെയും അവസാനിച്ചില്ല. മക്കൾ മാഹാത്മ്യവും മാന്നാർ മത്തായി സ്പീക്കിങ്ങും ഇരുവരും ചേർന്ന് തിരക്കഥ രചിച്ചു. ശേഷം സംവിധാനവും തിരക്കഥയും ഒറ്റയ്ക്ക് ചെയ്താലും മികച്ചതാക്കാൻ സാധിക്കുമെന്ന് 1996ൽ റിലീസായ ഹിറ്റ്ലറിലൂടെ സിദ്ദിഖ് തെളിയിച്ചു. അപ്പോഴും സുഹൃത്തിന്റെ സാന്നിധ്യം ഒപ്പമുണ്ടായിരുന്നുവെന്നത് എടുത്തു പറയണം. മമ്മൂട്ടി നായകനായ ഹിറ്റ്ലർ അക്കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായിരുന്നു. 300 ദിവസം തിയേറ്ററുകളിൽ നിറഞ്ഞോടിയ ചിത്രത്തിന്റെ നിർമാതാവായാണ് സിദ്ധിഖിനൊപ്പം ലാൽ സാന്നിധ്യമറിയിച്ചത്. തുടർന്ന് 1998ൽ അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിനുവേണ്ടി ഇരുവരും വീണ്ടും തിരക്കഥയൊരുക്കി.

1999ൽ റിലീസായ ഫ്രണ്ട്സാണ് പിന്നീട് സിദ്ധിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. അവിടെയും നിർമാതാവായി ലാൽ ഉണ്ടായിരുന്നു. തുടർന്ന് ഇതേ ചിത്രത്തിന്റെ തമിഴ് പതിപ്പ് ഒരുക്കിക്കൊണ്ടായിരുന്നു തമിഴകത്തേക്കുള്ള സിദ്ധിഖിന്റെ അരങ്ങേറ്റം. പിന്നാലെ 2003ലാണ് മുഴുനീള എന്റർടെയ്നർ ചിത്രമായ ക്രോണിക് ബാച്ചിലർ എത്തിയത്. ശേഷം മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ തെലു​ഗു, തമിഴ് പതിപ്പുകളും ക്രോണിക്ക് ബാച്ചിലറിന്റെ തമിഴ് പതിപ്പും ​ഗോഡ്ഫാദറിന്റെ ഹിന്ദി പതിപ്പും ചെയ്തിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം 2010ൽ റിലീസായ ദിലീപ് ചിത്രം ബോഡിഗാഡാണ് തിയേറ്ററിൽ വിജയം കണ്ടത്. അതേ പേരിൽ റിലീസായ ചിത്രത്തിന്റെ തമിഴ് ഹിന്ദി പതിപ്പുകളും വൻ വിജയമായിരുന്നു. 17 വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം പിന്നീട് ലാലുമായി സിദ്ധിഖ് ഒരുമിക്കുകയും ചെയ്തു, കിങ് ലയര്‍ എന്ന ദിലീപ് ചിത്രത്തിലൂടെ. 2020-ൽ റിലീസായ ബി​ഗ് ബ്രദറാണ് സിദ്ധിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.

ഫ്രണ്ട്സിന്റെ തമിഴ് പതിപ്പിന്റെ ചിത്രീകരണ വേളയിൽ നടൻ വിജയ്ക്കൊപ്പം
ഫ്രണ്ട്സിന്റെ തമിഴ് പതിപ്പിന്റെ ചിത്രീകരണ വേളയിൽ നടൻ വിജയ്ക്കൊപ്പം

ഏതു കാര്യത്തെയും ക്ഷമയോടെ നേരിടുക എന്നതാണ് സിദ്ദിഖിന്റെ രീതി. പലരും പല കാര്യങ്ങൾ പറഞ്ഞ് ദേഷ്യപ്പെടുമ്പോഴും ബഹളമുണ്ടാക്കുമ്പോഴും ചിരിച്ച മുഖവുമായി മറുപടി പറയുന്ന സിദ്ധിഖിനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാ​ര്യ സജിത തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എപ്പോഴും സന്തോഷമായിരിക്കാൻ ആ​ഗ്രഹിക്കുന്നതുകൊണ്ടാകാം അദ്ദേഹത്തിന്റെ സിനിമകൾക്കും അതേ സ്വഭാവമാണ്. എന്തെങ്കിലും വിഷമത്തിലിരിക്കുന്ന സമയത്ത് സിദ്ധിഖിന്റെ സിനിമകൾ കാണുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും കന്നാസും കടലാസും തുടങ്ങി പ്രേക്ഷക മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളുമുണ്ട്. സിദ്ധിഖ് വർഷങ്ങൾക്ക് മുൻപ് ചെയ്ത് വച്ച ചിത്രങ്ങൾ ഇന്ന് കണ്ടാലും ആളുകൾ പൊട്ടിച്ചിരിക്കുന്നുവെന്നത് നിസാരകാര്യമല്ല. ആ ചിത്രങ്ങളുടെ സ‍ൃഷ്ടാവ് നമ്മെ വിട്ടു പിരിഞ്ഞാലും അഭ്രപാളിയില്‍ ചിത്രങ്ങള്‍ ചലിക്കുന്ന കാലത്തോളം പ്രേക്ഷക മനസില്‍ അദ്ദേഹം മായാതെ നിലനില്‍ക്കുമെന്നു തീര്‍ച്ചയാണ്.

logo
The Fourth
www.thefourthnews.in