പി വി അൻവർ, അബ്ദുറഹ്മാൻ.. അടുത്തത് ഷൗക്കത്ത് വരുമോ? കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍നിന്ന് മുതലെടുക്കാന്‍ സിപിഎം

പി വി അൻവർ, അബ്ദുറഹ്മാൻ.. അടുത്തത് ഷൗക്കത്ത് വരുമോ? കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍നിന്ന് മുതലെടുക്കാന്‍ സിപിഎം

കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെ സംരക്ഷിക്കുമെന്ന എകെ ബാലന്റെ പ്രതികരണമാണ് ഇതുസംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കുന്നത്.

പലസ്തീൻ ഐക്യദാർഡ്യ റാലിയുടെ പേരിൽ മലപ്പുറം കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തിൽനിന്ന് മുതലെടുക്കാൻ സിപിഎം. പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ സംരക്ഷിക്കുമെന്ന നിലപാട് സിപിഎം പരസ്യപ്പെടുത്തി. ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ സിപിഎം സംരക്ഷിക്കുമെന്ന കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. എന്നാൽ ഷൗക്കത്തിനെതിരെ കടുത്ത നടപടിയെടുക്കുന്നതിനെതിരെ കോൺഗ്രസിൽ തന്നെ ആവശ്യമുയർന്നിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് അച്ചടക്ക സമിതിയ്ക്ക് മുമ്പാകെ ആര്യാടൻ ഷൗക്കത്ത് ഹാജരാകുക.

ഷൗക്കത്തിന് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിക്കുന്ന നിലയുണ്ടായാല്‍ കോണ്‍ഗ്രസ് ബിജെപിയുടെ നിലപാടിന് ഒപ്പം എന്ന് വ്യക്തമാകും. അങ്ങനെയെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിനെ എല്ലാ രൂപത്തിലും പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരിക്കും സിപിഎമ്മും ഇടതുപക്ഷ മുന്നണിയും സ്വീകരിക്കുക എന്നും എകെ ബാലന്‍ വ്യക്തമാക്കുന്നു.

പി വി അൻവർ, അബ്ദുറഹ്മാൻ.. അടുത്തത് ഷൗക്കത്ത് വരുമോ? കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍നിന്ന് മുതലെടുക്കാന്‍ സിപിഎം
'പലസ്തീൻ ഐക്യദാർഢ്യ സദസ് നടത്തരുത്'; ആര്യാടൻ ഷൗക്കത്തിന് മുന്നറിയിപ്പുമായി കെപിസിസി

ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടും എന്ന മുന്നറിയിപ്പും എകെ ബാലന്‍ നല്‍കുന്നു. മതനിരപേക്ഷത ഉയര്‍ത്തുന്ന നേതാവാണ് ആര്യാടന്‍ ഷൗക്കത്ത്. ഈ വിഷയത്തില്‍ സിപിഎം ആണോ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് തുറന്നുപറയാന്‍ കെ സുധാകരന്‍ തയ്യാറാകണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവര്‍ണറുടെ പ്രസ്താവനക്കുള്ള ലീഗ് മറുപടി പോലും യുഡിഎഫ് നിലപാടല്ല

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ മുസ്ലീംലീഗിന്റെ നിലപാട് എന്താണെന്നതിന്റെ സൂചനയാണ് എന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ലീഗിന്റെ മനസ് എവിടെയാണെന്നും ശരീരം എവിടെയാണെന്ന് കേരളം കണ്ടുകഴിഞ്ഞു. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് സാങ്കേതികം മാത്രമാണ്. കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം പോലും ഇതിന് ഉദാഹരണമാണ്. സിപിഎം റാലിയെ കുഞ്ഞാലിക്കുട്ടി പൂര്‍ണമായി പിന്തുണയ്ക്കുകയാണ് ചെയ്തത്. ഗവര്‍ണറുടെ പ്രസ്താവനക്കുള്ള ലീഗ് മറുപടി പോലും യുഡിഎഫ് നിലപാടല്ലെന്നും എകെ ബാലന്‍ പറഞ്ഞു.

പി വി അൻവർ, അബ്ദുറഹ്മാൻ.. അടുത്തത് ഷൗക്കത്ത് വരുമോ? കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍നിന്ന് മുതലെടുക്കാന്‍ സിപിഎം
സുധാകരന്റെ 'പട്ടി', സലാമിന്റെ 'മൃഗങ്ങള്‍'; മുന്നണിമാറ്റ ചര്‍ച്ചയും കോണ്‍ഗ്രസ് - ലീഗ് നേതാക്കളുടെ വാക്പോരും

അതേസമയം, വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിന് എതിരെ ശക്തമായ അച്ചടക്കനടപടി കെപിസിസിയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റാലി ഒഴിവാക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടാകും എന്നായിരുന്നു കെപിസിസിക്ക് ആര്യാടന്‍ ഷൗക്കത്ത് നല്‍കിയ വിശദീകരണം. മതപണ്ഡിതന്മാരടക്കം പങ്കെടുക്കുമെന്ന് അറിയിച്ച റാലിയില്‍നിന്ന് പാതിവഴിയില്‍ പിന്മാറിയിരുന്നെങ്കില്‍ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കുമെന്നുമാണ് മറുപടിയിലെ ഉള്ളടക്കം എന്നാണ് വിവരം. ഇന്ന് വൈകീട്ട് ഇന്ദിരാഭവനില്‍ ചേരുന്ന സമിതിയുടെ മുന്‍പാകെ ആര്യാടന്‍ ഷൗക്കത്ത് ഹാജരായി ഇക്കാര്യം ആവര്‍ത്തിച്ചേയ്ക്കും. ഇതിന് പിന്നാലെയാകും വിഷയത്തില്‍ തീരുമാനമെടുക്കുക എന്നാണ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കുന്ന സൂചന.

കെ സുധാകരന്റെ പരാമര്‍ശത്തില്‍ ലീഗിനെ അധിക്ഷേപിച്ചെന്ന സാഹചര്യം വീണ്ടും ചൂണ്ടിക്കാട്ടിയ എ കെ ബാലന്‍ കെപിസിസി പ്രസിഡന്റ് ഏതറ്റം വരെയും പോകുമെന്നതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഇടി മുഹമ്മദ് ബഷീറിന് എതിരെ നടത്തിയ പ്രതികരണം എന്നും ആരോപിച്ചു. കെ സുധാകരന്‍ ലീഗിനോട് മാപ്പു പറയുകയാണ് വേണ്ടതെന്നും എകെ ബാലന്‍ പറഞ്ഞു.

പലസ്തീന്‍ വിഷയം മുന്നില്‍ നിര്‍ത്തി സിപിഎം കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമം നടത്തുന്നു

കെ മുരളീധരന്‍

ആര്യാടന്‍ ഷൗക്കത്തിനു നോട്ടിസ് അയച്ചത് ഈ വിഷയത്തെ മാത്രം കേന്ദ്രീകരിച്ചല്ല. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ നടത്തിയപരസ്യ പ്രതിഷേധത്തിലാണ് അച്ചടക്ക സമിതി വിളിപ്പിച്ചിരിക്കുന്നത്.

അതിനിടെ, എകെ ബാലനെ പരിഹസിച്ച് കെ മുരളീധരന്‍ എംപി രംഗത്തെത്തി. ആര്യാടന്‍ ഷൗക്കത്തിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചാല്‍ ഇടതുപക്ഷം സംരക്ഷിക്കേണ്ടെന്ന് കെ മുരളീധരന്‍ കോഴിക്കോട് പ്രതികരിച്ചു. എകെബാലന്‍ സൈക്കിള്‍ മുട്ടിയ കേസ് വാദിച്ചാലും ജഡ്ജി വധശിക്ഷ വിധിക്കും. അത് പോലെയാണ് ബാലന്റെ പാര്‍ട്ടിക്ക് വേണ്ടിയുള്ള ഇടപെടലെന്നും അദ്ദേഹം പരിഹസിച്ചു.

പലസ്തീന്‍ വിഷയം മുന്നില്‍ നിര്‍ത്തി സിപിഎം കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും കെ മുരളീധരന്‍ ആവര്‍ത്തിച്ചു. മറ്റുള്ളവര്‍ക്ക് ഇളക്കമുണ്ടോ എന്ന് നോക്കേണ്ട അവസ്ഥയിലാണ് സിപിഎം എന്നും അദ്ദേഹം പ്രതികരിച്ചു. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സര്‍ക്കാര്‍ പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുകയാണ്. ഭരണപരാജയം മറച്ചു വയ്ക്കാനുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ ഒരു സര്‍വക്ഷി യോഗം വിളിക്കുകയോ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് ഐകകണ്ഠമായി പാസ്സാക്കുകയുമാണ് സിപിഎം ചെയ്യേണ്ടത്, അതില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കും. എന്നാല്‍ റാലികള്‍ നടത്തി മറ്റു പാര്‍ട്ടികളില്‍ നിന്ന് ആരൊക്കെ ഇളകി നില്‍ക്കുന്നുണ്ടെന്ന് നോക്കി അവരെയൊക്കെ ഇളക്കാനാണ് സിപിഎം നോക്കുന്നത്. സിപിഎം യാഥാര്‍ഥ്യങ്ങളെ മറച്ചുവച്ച് നേട്ടമുണ്ടാക്കാന്‍ നോക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിന് എല്ലാ കാലത്തും ഒരേ നിലപാടാണ് അതില്‍ ഇതുവരെ വെള്ളം ചേര്‍ത്തിട്ടില്ല. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എതിരാണെന്നുള്ള തരത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. ആര്യാടന്‍ ഷൗക്കത്തിനു നോട്ടിസ് അയച്ചത് ഈ വിഷയത്തെ മാത്രം കേന്ദ്രീകരിച്ചല്ല. ആര്യാടന്‍ ഷൗക്കത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തിയതിനല്ല നടപടി എടുക്കാന്‍ ഉള്ള നീക്കം. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ നടത്തിയപരസ്യ പ്രതിഷേധത്തിലാണ് അച്ചടക്ക സമിതി വിളിപ്പിച്ചിരിക്കുന്നത്. ഷൗക്കത്തിനു ഓട്ടോയിലും ചെണ്ടയിലും ഒന്നും പോകേണ്ട കാര്യമില്ല. കൈപ്പത്തി മതിയെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന് അദ്ദേഹത്തിന് നോട്ടിസ് അയച്ചതെന്ന് പറയുന്നത് സിപിഎമ്മിന്റെ തരംതാണ രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പി വി അൻവറും, അബ്ദുറഹ്മാനുമൊക്കെ ഇടതുപക്ഷത്തെത്തിയത്. അതുപോലെ ഇപ്പോഴത്തെ പലസ്തീൻ വിഷയത്തെ അധികരിച്ച് ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ മലപ്പുറം രാഷ്ട്രീയത്തിൽ അത് വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് സിപിഎമ്മിൻ്റെ പ്രതീക്ഷ. വണ്ടൂർ എം എൽ എ എ പി അനിൽകുമാർ, ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് എന്നിവരാണ് ഷൗക്കത്തിനെതിരായ നീക്കത്തിന് പിന്നിലെന്നാണ് സൂചന. എന്നാൽ പലസ്തീൻ പോലെ മുസ്ലീം ന്യൂനപക്ഷ വൈകാരികമായി കാണുന്ന വിഷയത്തിൽ റാലി നടത്തിയതിന് നടപടിയെടുത്താൽ അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന ബോധ്യം പാർട്ടി നേതൃത്വത്തിനുമുണ്ടെന്നാണ് സൂചന

logo
The Fourth
www.thefourthnews.in