സുധാകരന്റെ 'പട്ടി', സലാമിന്റെ 'മൃഗങ്ങള്‍'; മുന്നണിമാറ്റ ചര്‍ച്ചയും കോണ്‍ഗ്രസ് - ലീഗ് നേതാക്കളുടെ വാക്പോരും

സുധാകരന്റെ 'പട്ടി', സലാമിന്റെ 'മൃഗങ്ങള്‍'; മുന്നണിമാറ്റ ചര്‍ച്ചയും കോണ്‍ഗ്രസ് - ലീഗ് നേതാക്കളുടെ വാക്പോരും

സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രസ്താവനയാണ് ചര്‍ച്ചകളുടെ തുടക്കം.

സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ച നടപടിയെ ചൊല്ലി കോണ്‍ഗ്രസ് - ലീഗ് നേതാക്കള്‍ തമ്മില്‍ വാക്പോര്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് വിഷയത്തില്‍ തുറന്ന പ്രതികരണവുമായി ലീഗ് നേതാക്കളും രംഗത്തെത്തിയത്. സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രസ്താവനയാണ് ചര്‍ച്ചകളുടെ തുടക്കം. പിന്നാലെ ലീഗിന്റെ മുന്നണി മാറ്റത്തിലേക്ക് ചര്‍ച്ച തിരിയുകയായിരുന്നു.

''യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഎം നടത്തുന്ന തൊരപ്പന്‍ പണിയുടെ ഭാഗമാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കുള്ള ക്ഷണം''

കെ മുരളീധരന്‍

ലീഗിന്റെ മുന്നണി മാറ്റം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞായിരുന്നു കെ സുധാകരന്‍ വിവാദത്തിന് തുടക്കമിട്ടത്. ''ലീഗിന് അത്തരം ഒരു താത്പര്യം ഉണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ അപ്പോള്‍ ആലോചിക്കാം. വരുന്ന ജന്‍മത്തില്‍ പട്ടിയാകും എന്നുവച്ച് ഇപ്പോള്‍ തന്നെ കുരയ്ക്കാന്‍ പറ്റുമോ.'' എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍.

ഇക്കാര്യത്തെ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രൂക്ഷമായ ഭാഷയിലായിരുന്നു സുധാകരനെതിരെ പ്രതികരിച്ചത്. ''മൃഗങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നില്ല. ഏത് മനുഷ്യനായാലും വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണം. പ്രത്യേകിച്ച് ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍. കുറേ തവണ പറഞ്ഞിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശം എന്നത് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം പരിശോധിക്കേണ്ടതുണ്ട് '' പിഎംഎ സലാം വ്യക്തമാക്കി.

സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി കെ സുധാകരന്‍ വീണ്ടും രംഗത്തെത്തി. പറഞ്ഞത് ലീഗിനെ കുറിച്ചല്ലെന്നായിരുന്നു സുധാകരന്റെ മയപ്പെടുത്തല്‍. ലീഗ് നേതാക്കളെ ഫോണില്‍ വിളിച്ച് പരാമര്‍ശം വിശദീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. പി കെ കുഞ്ഞാലിക്കുട്ടിയുമായും കെ സുധാകരന്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുധാകരന്റെ 'പട്ടി', സലാമിന്റെ 'മൃഗങ്ങള്‍'; മുന്നണിമാറ്റ ചര്‍ച്ചയും കോണ്‍ഗ്രസ് - ലീഗ് നേതാക്കളുടെ വാക്പോരും
ലീഗ് വരുമോ? സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാർഢ്യറാലിയില്‍ രാഷ്ട്രീയ ചര്‍ച്ച സജീവം, തീരുമാനം നാളെ

ലീഗിനെ പുകഴ്ത്തി സിപിഎം നേതാവ് എകെ ബാലന്‍ നടത്തിയ പരാമര്‍ശമാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെ മുന്നണിമാറ്റ ചര്‍ച്ച എന്ന നിലയിലേക്ക് തിരിച്ചത്. മുസ്ലീം ലീഗ് കോണ്‍ഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്നായിരുന്നു മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എ കെ ബാലന്റെ പ്രതികരണം.

'മുസ്ലിം ലീഗ് എന്നത് കോണ്‍ഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ല. ശക്തമായ രാഷ്ട്രീയ തീരുമാനം അവര്‍ എടുത്തുകഴിഞ്ഞു. യഥാര്‍ഥത്തില്‍ ഏകീകൃത സിവില്‍ കോഡില്‍ തന്നെ കോണ്‍ഗ്രസിന്റെ നിലപാടിനോട് അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസെടുക്കുന്ന നിലപാടിനോട് പരിപൂര്‍ണമായി യോജിക്കാനാവാത്ത സാഹചര്യം മുസ്ലീം ലീഗിന് വന്നു ചേര്‍ന്നുവെന്നുള്ളത് രാഷ്ട്രീയമായി ഏറ്റവും പ്രാധാന്യമുള്ളൊരു വിഷയമാണ്,' എന്നും എകെ ബാലന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

സുധാകരന്റെ 'പട്ടി', സലാമിന്റെ 'മൃഗങ്ങള്‍'; മുന്നണിമാറ്റ ചര്‍ച്ചയും കോണ്‍ഗ്രസ് - ലീഗ് നേതാക്കളുടെ വാക്പോരും
"കേരളത്തിൽ യുഡിഎഫിന്റെ യഥാർത്ഥ ശക്തി മുസ്ലീം ലീഗ്"; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ - അഭിമുഖം

പിന്നാലെ, തന്റെ പരാമര്‍ശം വിശദീകരിച്ച് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ തന്നെ രംഗത്തെത്തി. ''ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്നത് വെറും ആരോപണം മാത്രമാണ്. സിപിഎം റാലിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണം തീര്‍ത്തും വ്യക്തിപരമാണ്. പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ല. പലസ്തീന്‍ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കുക എന്നാണ് ഉദ്ദേശിച്ചത്. സിപിഎമ്മിനൊപ്പം നില്‍ക്കുക, കോണ്‍ഗ്രസില്‍ നിന്ന് മാറുക എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല.'' ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞ കാര്യം മുഖവിലക്കെടുക്കും.

പിഎംഎ സലാം

അതിനിടെ, പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ച സിപിഎമ്മിനെ പരിഹസിച്ച് കെ മുരളീധരന്‍ എംപി രംഗത്തെത്തി. ''യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഎം നടത്തുന്ന തൊരപ്പന്‍ പണിയുടെ ഭാഗമാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കുള്ള ക്ഷണം'' എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. സിപിഎം ക്ഷണം സ്വീകരിച്ച് ഒരിക്കലും മുസ്ലിം ലീഗ് പരിപാടിയില്‍ പങ്കെടുക്കില്ല. എന്ത് നഷ്ടമുണ്ടായാലും സിപിഎമ്മുമായി കോണ്‍ഗ്രസ് സഹകരിക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.

സുധാകരന്റെ 'പട്ടി', സലാമിന്റെ 'മൃഗങ്ങള്‍'; മുന്നണിമാറ്റ ചര്‍ച്ചയും കോണ്‍ഗ്രസ് - ലീഗ് നേതാക്കളുടെ വാക്പോരും
'രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്ക്, ലോക്ക് തുറന്നത് രാജീവ്'; ഹിന്ദുത്വം കടുപ്പിച്ച് മധ്യപ്രദേശിൽ കമൽ നാഥ്

അതേസമയം, സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് നേതാക്കളുടെ യോഗം ചേര്‍ന്നശേഷം അറിയിക്കുമെന്ന് പിഎംഎ സലാം വ്യക്തമാക്കി. നാളെ കോഴിക്കോട് ലീഗ് ഹൗസില്‍ യോഗം ചേരും. മലപ്പുറം പാണക്കാട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞ കാര്യം മുഖവിലക്കെടുക്കും. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും സലാം പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെന്നത് പൊതുകാര്യമാണ്. മനുഷ്യാവകാശ പ്രശ്‌നമാണ്. ഇത്തരം കാര്യങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. തീരുമാനമെടുക്കുമ്പോള്‍ വേണമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നാണ് സലാം പറഞ്ഞത്.

logo
The Fourth
www.thefourthnews.in