ഛത്തീസ്ഗഢ്: നെൽപ്പാടങ്ങളിൽ കണ്ണുനട്ട് കോൺഗ്രസ്

ഛത്തീസ്ഗഢ്: നെൽപ്പാടങ്ങളിൽ കണ്ണുനട്ട് കോൺഗ്രസ്

ഛത്തീസ്ഗഡിലെ കർഷകർ തന്നെ പറയും ആരാണോ ഇവിടെ കർഷകരെ സന്തോഷിപ്പിക്കുന്നത്, അവർ വിജയിക്കും. കോൺഗ്രസിന്റെ ലക്ഷ്യവും അത് തന്നെയാണ്

തിരഞ്ഞെടുപ്പടുക്കുംതോറും ഛത്തിസ്ഗഢിലെ കോൺഗ്രസിന് ആത്മവിശ്വാസം കൂടുതലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഭൂപേഷ് ബാഗേൽ സർക്കാർ നെല്ലിന് താങ്ങുവില ഉയർത്തിയതിന് ഫലം കാണും എന്നതാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം ഉയർത്തുന്നത്. ഛത്തിസ്ഗഢിൽ കർഷകരെ സന്തോഷിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് നേട്ടമുണ്ടാക്കാൻ സാധിക്കാറുണ്ട് എന്നതാണ് ചരിത്രം.

നെല്ലിന് 300 രൂപ അധികതാങ്ങുവില പ്രഖ്യാപിച്ചാണ് അവസാനത്തെ രമൺ സിങ് സർക്കാർ 2013ൽ അധികാരത്തിൽ വരുന്നത്. എന്നാൽ അത് പാലിക്കാൻ അവർക്ക് കഴിഞ്ഞില്ല. അവിടെയാണ് ബി ജെ പി പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ താങ്ങുവില പ്രഖ്യാപിച്ച് ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിൽ 2018ൽ കോൺഗ്രസ് രംഗത്ത് വരുന്നത്. അത് കേവലം വാഗ്ദാനം മാത്രമായി ഒതുങ്ങിയില്ല. രാജീവ് ഗാന്ധി കിസാൻ ന്യായ് യോജന എന്ന പദ്ധതിയിലൂടെ കേന്ദ്രം നിർദ്ദേശിച്ചതിനും മുകളിൽ, 600 രൂപ സംസ്ഥാന സർക്കാർ അധികമായി നൽകി. ഒരു ക്വിന്റലിന് 2500 രൂപയായിരുന്നു താങ്ങുവില. ഇന്ത്യയിൽ നെല്ലിന് ഇത്രയധികം താങ്ങുവില നൽകുന്ന മറ്റൊരു സർക്കാരുമില്ല. കാരണം ഒരു ഏക്കറിൽ നിന്ന് സർക്കാർ നിബന്ധമായും 15 ക്വിന്റൽ നെല്ല് സംഭരിക്കണം എന്നതുകൊണ്ട് തന്നെ ഒരു ഏക്കറിൽ മാത്രം കർഷകന് 9000 രൂപയാണ് ബോണസ് ആയി ലഭിക്കുക.

ഛത്തീസ്ഗഢ്: നെൽപ്പാടങ്ങളിൽ കണ്ണുനട്ട് കോൺഗ്രസ്
തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വം; ഛത്തിസ്‌ഗഡില്‍ ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന ഭൂപേഷ് ബാഗേല്‍ മോഡൽ
ഭൂപേഷ് ബാഗേൽ
ഭൂപേഷ് ബാഗേൽ

2013 ൽ നെല്ലിന് 300 രൂപ താങ്ങുവില പ്രഖ്യാപിച്ചായിരുന്നു ബി ജെ പി അധികാരത്തിൽ വന്നത്. 2014 ൽ അധികാരത്തിൽ വന്ന മോദി സർക്കാർ നെല്ലിന് താങ്ങുവില നൽകുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതിനെ തുടർന്ന് സർക്കാരിന് അത് അവസാനിപ്പിക്കേണ്ടി വന്നു. 15 വർഷം നീണ്ട ഭരണത്തിനൊടുവിൽ വാഗ്ദാനം പാലിക്കാത്ത ഭരണാധികാരി എന്ന നിലയിലായിരുന്നു രമൺ സിങ്ങിനെ ആളുകൾ കാണ്ടത്. എന്ന് മാത്രമല്ല, വാക്കു പാലിച്ച ഭൂപേഷ് ബാഗേലിനൊപ്പമാണ് ബഹുഭൂരിപക്ഷം കർഷകരും.

കോൺഗ്രസിന് എന്തുകൊണ്ട് ആത്മവിശ്വാസം?

2018 ൽ ആകെയുണ്ടായിരുന്ന 90 സീറ്റുകളിൽ 68 സീറ്റുകളും നേടിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. അതിനു ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് മേൽകൈ നേടാൻ സാധിച്ചു എന്നതൊഴിച്ചാൽ അസംബ്ലി തിരഞ്ഞെടുപ്പിൽ ഒരു തരത്തിലും പേടിക്കേണ്ടതില്ലെന്ന ധാരണയിൽ തന്നെയാണ് കോൺഗ്രസ്. ഭൂപേഷ് ബാഗേൽ തുടക്കം മുതൽ തന്നെ കർഷകരെ പരിഗണിച്ചുകൊണ്ട് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. കർഷക വായ്പകൾ എഴുതിത്തള്ളിയതായിരുന്നു അതിൽ ആദ്യത്തേത്. നേരത്തെ പരാമർശിച്ച രാജീവ്ഗാന്ധി കിസാൻ ന്യായ് പദ്ധതി രാഷ്ട്രീയ ഭേദമന്യേ കർഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി. ഗോ ധൻ ന്യായ യോജനയിലൂടെ (പൈസ നൽകി ചാണകം സംഭരിക്കുന്ന പദ്ധതി) കന്നുകാലി കർഷകരെയും കോൺഗ്രസ് കയ്യിലെടുത്തു. ഇത് കേവലം ഒരു കാർഷിക പദ്ധതി മാത്രമല്ല. പശുവിനെ മുഖ്യപ്രചാരണ വിഷയമായി അവതരിപ്പിക്കുന്ന ബി ജെ പിക്ക് ഒരു മറുപടി കൂടിയായിരുന്നു.

നെല്ലിന് നല്ല വില ലഭിക്കുന്നു എന്നതിനർത്ഥം ഭൂവുടമയ്ക്ക് വലിയ ലാഭമുണ്ടാകുന്നു എന്ന് മാത്രമാണ്. തങ്ങൾക്ക് ഇപ്പോഴും ഏഴു മണിക്കൂർ ജോലി ചെയ്യുന്നതിന് 110 രൂപയാണ് കിട്ടുന്നതെന്ന് സാധാരണക്കാർ പറയുന്നു

നിരവധി ഗോത്രവിഭാഗങ്ങളുള്ള സംസ്ഥാനം കൂടിയാണ് ഛത്തിസ്ഗഢ്. ഏറ്റവും വലിയ ഒ ബി സി വിഭാഗമായ സാഹു സമുദായത്തെയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. കുർമി, യാദവ്, മരാർ, അഗ്രിയ പട്ടേൽ വിഭാഗങ്ങളെ കൂടെ നിർത്താനാണ് കോൺഗ്രസിന്റെ ശ്രമം. ബി ജെ പിയുടെ ദേശീയവാദത്തെ കോൺഗ്രസ് കർണാടകയിലുൾപ്പെടെ പയറ്റി തെളിഞ്ഞ പ്രാദേശികവാദമുപയോഗിച്ചാവും പ്രതിരോധിക്കുക. പ്രാദേശിക ഭാഷ, കലാരൂപങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ എന്നിവയ്ക്ക് പ്രധാന്യം നൽകുന്ന നിരവധി പദ്ധതികൾക്കാണ് ബാഗേൽ തന്റെ ഭരണകാലത്ത് രൂപം നൽകിയത്. ബി ജെ പിയുടെ ഹിന്ദുത്വ കാർഡിനെ പ്രതിരോധിക്കാനുള്ള മൃദുഹിന്ദുത്വ വിദ്യകളും കോൺഗ്രസിന്റെ കയ്യിലുണ്ട്. രാമൻ വനവാസ കാലത്ത് സഞ്ചരിച്ചിരുന്നതായി കരുതുന്ന പാതയുടെ ഭാഗങ്ങൾ 'റാം വൻ ഗമൻ പാത' എന്ന പേരിൽ പുനരുദ്ധരിച്ചതാണ് ഇതിലൊന്ന്

രാഹുൽ ഗാന്ധിയും ഭൂപേഷ് ബാഗേലും നെൽകർഷകരോടൊപ്പം
രാഹുൽ ഗാന്ധിയും ഭൂപേഷ് ബാഗേലും നെൽകർഷകരോടൊപ്പം

കല്ലുകടികൾ

കോൺഗ്രസിന്റെ കർഷകരെ ലക്ഷ്യം വച്ചുള്ള പദ്ധതി പൂർണ്ണമായും സമ്പന്നരായ കർഷകർക്ക് മാത്രം ഉപകാരപ്പെടുന്നതാണെന്നും, തൊഴിലാളികളായ സാധാരണക്കാരെയും, ചെറുകിട കർഷകരെയും അത് സഹായിക്കുന്നില്ല എന്നും വിമർശനമുണ്ട്. സ്വന്തമായി കൃഷിഭൂമിയില്ലാത്ത കർഷക തൊഴിലാളികൾക്ക് ഈ പദ്ധതികൊണ്ട് ഒരു ഗുണവും ലഭിക്കുന്നില്ല എന്നതും ഒരുഭാഗത്തുണ്ട്. നെല്ലിന് നല്ല വില ലഭിക്കുന്നു എന്നതിനർത്ഥം ഭൂവുടമയ്ക്ക് വലിയ ലാഭമുണ്ടാകുന്നു എന്ന് മാത്രമാണ്. തങ്ങൾക്ക് ഇപ്പോഴും ഏഴു മണിക്കൂർ ജോലി ചെയ്യുന്നതിന് 110 രൂപയാണ് കിട്ടുന്നതെന്ന് സാധാരണക്കാർ പറയുന്നു.

സമ്പന്നരായ കർഷകർക്ക് നൽകുന്ന ബോണസുകൾകൊണ്ട് കാര്യമില്ല, ദിവസവേതനത്തിനു ജോലി ചെയ്യുന്ന സാധാരണക്കാരായ ആളുകൾ തങ്ങളെ ഭരണത്തിലെത്തിക്കുമെന്നാണ് ബി ജെ പിയുടെ പ്രാദേശിക നേതാക്കൾ കരുതുന്നത്. കാർഷിക മേഖലയിൽ താങ്ങുവില നൽകുന്നതിനപ്പുറം ജലസേചനമുൾപ്പെടെയുള്ള മറ്റു പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുമെന്നും ബി ജെ പി അവകാശപ്പെടുന്നുണ്ട്. എന്നാൽ 2013ൽ വാക്കു തെറ്റിച്ച ബി ജെ പിയെ ജനങ്ങൾ വിശ്വസിക്കുമോ എന്നതാണ് ചോദ്യം. പതിനഞ്ച് വർഷം നീണ്ട രമൺ സിങ് സർക്കാരാണ് അന്ന് പുറത്തായത്. നഷ്ടപ്പെട്ട വിശ്വാസ്യത ബി ജെ പി ക്ക് അങ്ങനെ എളുപ്പമൊന്നും തിരിച്ചു പിടിക്കാനും സാധിക്കില്ല.

ഛത്തീസ്ഗഢ്: നെൽപ്പാടങ്ങളിൽ കണ്ണുനട്ട് കോൺഗ്രസ്
ഹിന്ദുത്വ കാർഡിനെ മറികടക്കാൻ പിന്നാക്കസംവരണ രാഷ്ട്രീയത്തിനാകുമോ? മധ്യപ്രദേശില്‍ ബി ജെ പിയും കോൺഗ്രസും നേര്‍ക്കുനേര്‍
രമൺ സിംഗ്
രമൺ സിംഗ്

കർഷകർ തന്നെയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് ഈ ഒക്ടോബര് 29 ന് രാഹുൽ ഗാന്ധി ഛത്തിസ്ഗഡിൽ നടത്തിയ സന്ദർശനത്തിൽ നിന്ന് തന്നെ വ്യക്തം. പങ്കെടുത്ത എല്ലാ പൊതുയോഗങ്ങളിലും രാഹുൽ പ്രസംഗിച്ചത് നെൽകർഷകരെ കുറിച്ചായിരുന്നു. ശേഷം കർഷകരോടൊപ്പം രാഹുൽ നെല്പാടത്തിറങ്ങി. അഞ്ച് പ്രധാന പദ്ധതികളാണ് രാഹുൽ പ്രചാരണങ്ങൾക്കിടയിൽ പ്രഖ്യാപിച്ചത്. മിക്കതും നേരത്തെ ബാഗേൽ സർക്കാർ രൂപീകരിച്ച പദ്ധതികളുടെ തുടർച്ച തന്നെയാണ്. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2640 ആക്കി ഉയർത്തും എന്നതാണ് ആദ്യത്തെ പ്രഖ്യാപനം.

പതിനായിരം കോടിരൂപയോളം വരുന്ന 19 ലക്ഷം കർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളും. കർഷകർ ഇനി വൈദ്യുതി ബില്ല് പകുതി അടച്ചാൽ മതിയാകും. കർഷക തൊഴിലാളികൾക്ക് വർഷം 7000 രൂപ നൽകും. 26 ലക്ഷം കർഷകർക്ക് 23000 കോടി രൂപ സബ്സിഡിയായി നൽകും. ഇതാണ് ഛത്തിസ്ഗഢ് ജയിച്ചു കയറാൻ രാഹുൽ കണ്ടുവച്ചത്. ഛത്തിസ്ഗഢിലെ കർഷകർ തന്നെ പറയും ആരാണോ ഇവിടെ കർഷകരെ സന്തോഷിപ്പിക്കുന്നത്, അവർ വിജയിക്കും. കോൺഗ്രസിന്റെ ഉദ്ദേശവും അത് തന്നെയാണ്

logo
The Fourth
www.thefourthnews.in