തോറ്റാലും ജയിച്ചാലും രാജസ്ഥാനിൽ കോൺഗ്രസിന് അഭിമാനിക്കാം

തോറ്റാലും ജയിച്ചാലും രാജസ്ഥാനിൽ കോൺഗ്രസിന് അഭിമാനിക്കാം

കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്ക്ക് ഏറ്റവും സമർഥമായി പരസ്യങ്ങളിലൂടെ തന്റെ സർക്കാരിനെ ആളുകളിലേക്കെത്തിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ടായിരിക്കും

ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു പ്രധാന സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വിജയം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ ഹിന്ദി ബെൽറ്റിലെ മൂന്നു സംസ്ഥാനങ്ങളിലും വിജയപ്രതീക്ഷയോടെ ബി ജെ പി യോട് ഒപ്പത്തിനൊപ്പമാണ് മത്സരം. അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് വർദ്ധിത ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും കടക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം.

ബിജെപിയെ സംബന്ധിച്ചെടുത്തോളം വലിയ സങ്കീർണതകളില്ല. എല്ലാ സംസ്ഥാനങ്ങളിലും ഒറ്റ മുഖം, നരേന്ദ്രമോദി. ഒറ്റ വാഗ്ദാനം ഡബിൾ എൻജിൻ സർക്കാർ. ഈ രണ്ടു കാര്യങ്ങളിൽ നിന്നാണ് ബാക്കിയെല്ലാം അവർ കെട്ടിപ്പൊക്കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബി ജെ പി ക്ക് കൃത്യമായ മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ ഇല്ല. എന്നാൽ കോൺഗ്രസിന് ശക്തമായ മുഖങ്ങളുണ്ട് എന്നത് ഒരുതരത്തിൽ കോൺഗ്രസിന് മുൻകൈ നൽകുന്നുണ്ടെങ്കിലും ഈ വിടവ് മോദിയുടെ മുഖം വച്ച് നികത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. "മധ്യപ്രദേശിന്റെ ഹൃദയത്തിൽ മോദി, മോദിയുടെ ഹൃദയത്തിൽ മധ്യപ്രദേശും" എന്നാണ് ബിജെപി മധ്യപ്രദേശിൽ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം.

തോറ്റാലും ജയിച്ചാലും രാജസ്ഥാനിൽ കോൺഗ്രസിന് അഭിമാനിക്കാം
ഛത്തീസ്ഗഢ്: നെൽപ്പാടങ്ങളിൽ കണ്ണുനട്ട് കോൺഗ്രസ്
അശോക് ഗെലോട്ട്
അശോക് ഗെലോട്ട്

എല്ലാ പ്രസംഗങ്ങളിലും നരേന്ദ്രമോദി ജനങ്ങളോട് ആവശ്യപ്പെടുന്നത് കേന്ദ്ര സർക്കാരിനുള്ള പിന്തുണയാണ്. ഈ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിലൂടെ ജനങ്ങൾ കേന്ദ്ര സർക്കാരിനെയാണ് അംഗീകരിക്കുന്നതെന്ന് മോദി ഡബിൾ എൻജിൻ സർക്കാർ വാഗ്ദാനം ചെയ്തുകൊണ്ട് പറയുന്നു. ഇത്രയും കാലം രാജസ്ഥാനിൽ ബി ജെ പിയുടെ പ്രധാന മുഖം വസുന്ധര രാജെ സിന്ധ്യയായിരുന്നു. എന്നാൽ ഈ പ്രാവശ്യം വസുന്ധര മുഖ്യമന്ത്രിയാകില്ലെന്നാണ് ഇപ്പോൾ മനസിലാകുന്നത്. ഇത്തവണ താമര തന്നെയാണ് നമ്മുടെ മുഖം എന്ന് ജയ്‌പ്പൂരിൽ പ്രസംഗിക്കുമ്പോൾ നരേന്ദ്രമോദി തന്നെ പറഞ്ഞിരുന്നു.

ഭൂപേഷ് ബാഗേൽ
ഭൂപേഷ് ബാഗേൽ

ഛത്തിസ്ഗഢിൽ ഒരുഭാഗത്ത് രമൺ സിങ്ങും മറുഭാഗത്ത് വിജയ് ബാഗേലുമാണ് രണ്ട് പാർട്ടികളെയും പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടോളമായി മുഖ്യമന്ത്രിയായി തുടരുന്ന രമൺ സിങിനെ മുന്നിൽ നിർത്തി ഇത്തവണയും തിരഞ്ഞെടുപ്പിൽ ജയിച്ചു കയറാമെന്ന് ബിജെപി കരുതുന്നില്ല. അവിടെയും മുഖം മോദിയുടേത് തന്നെയാണ്. മോദിയെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പുകൾ ജയിക്കുക എന്നത് 2015ൽ ബിഹാറിൽ നിന്ന് പാർട്ടി ആരംഭിച്ച തന്ത്രമാണ്. അത് പിന്നീട് എല്ലാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ ശീലമായി.

കോൺഗ്രസ്: ഓരോയിടത്തും ഓരോ തന്ത്രം

ബി ജെ പിയിൽ നിന്ന് വ്യത്യസ്തമായി ഓരോ സംസ്ഥാനത്തും കോൺഗ്രസിന് വ്യത്യസ്ത തന്ത്രണങ്ങളും വിഷയങ്ങളുമുണ്ട്. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിച്ചുകൊണ്ടായിരിക്കും കോൺഗ്രസിന്റെ പ്രചരണം. വലിയ സ്വീകാര്യതയുണ്ടാക്കിയ നിരവധി പദ്ധതികൾ ഗെലോട്ട് സർക്കാരിന് ഉയർത്തിക്കാണിക്കാനുണ്ട്. "ഞങ്ങൾ ഹൃദയത്തിൽ നിന്ന് കഠിനപ്രയത്നം ചെയ്തു, കോൺഗ്രസിന് വീണ്ടും വോട്ട് ചെയ്യൂ" എന്നതാണ് കോൺഗ്രസിന്റെ മുദ്രാവാക്യം. 2011ൽ കോൺഗ്രസിന് അവരുടെ സർക്കാരിനെയും സർക്കാർ ചെയ്ത പ്രവർത്തനങ്ങളെയും ആളുകളിലേക്കെത്തിക്കാൻ സാധിക്കാതിരുന്നത് മറികടന്നുകൊണ്ടാണ് ഈ തവണ ഗെലോട്ട് ജനങ്ങൾക്ക് മുമ്പിലേക്ക് വരുന്നത്. സൗജന്യമായി മരുന്ന് നൽകിയതുൾപ്പെടെയുള്ള കാര്യങ്ങൾ പരസ്യങ്ങളിലൂടെ കൃത്യമായി ആളുകളിലേക്കെത്തിക്കാൻ ഗെലോട്ടിനു സാധിച്ചു.

ഒരുപക്ഷെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്ക്ക് ഏറ്റവും സമർഥമായി പരസ്യങ്ങളിലൂടെ തന്റെ സർക്കാരിനെ കൃത്യമായി ആളുകളിലേക്കെത്തിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ടായിരിക്കും. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷാ പത്രങ്ങളിലും മധ്യപ്രദേശ് സർക്കാരിന്റെ പരസ്യങ്ങൾ വന്നിരുന്നു. 2010-2011 കാലഘട്ടത്തിൽ ഗുജറാത്തിലെ മോദി സർക്കാരിന്റെ പരസ്യങ്ങൾ വന്നതിനു സമാനമായിരുന്നു ഇത്. പക്ഷെ ബിജെപിക്ക് ഗുണം ചെയ്തതുപോലെ അത് കോൺഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം.

തോറ്റാലും ജയിച്ചാലും രാജസ്ഥാനിൽ കോൺഗ്രസിന് അഭിമാനിക്കാം
തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വം; ഛത്തിസ്‌ഗഡില്‍ ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന ഭൂപേഷ് ബാഗേല്‍ മോഡൽ

'എൻഡിടിവി-സിഎസ്ഡിഎസ്- ലോകനീതി പോൾ' സർവേ ഫലങ്ങൾ പുറത്ത് വരുമ്പോൾ ജനങ്ങൾ പൊതുവിൽ അശോക് ഗെലോട്ട് സർക്കാരിൽ തൃപ്തരാണ് എന്നാണ് മനസിലാക്കേണ്ടത്. 43 ശതമാനം പേരും ഘെലോട്ട് സർക്കാരിൽ പൂർണതൃപ്തരാണ്. 28 ശതമാനം പേർ ഭാഗികമായി തൃപ്തരാണ്. രാജസ്ഥാനത്തിൽ കോൺഗ്രസിന്റെ പ്രചരണം പൂർണമായും വികസനത്തിൽ അധിഷ്ഠിതമായതുകൊണ്ടു തന്നെ മൃദുഹിന്ദുത്വം ആവശ്യം വന്നില്ല. എന്നാൽ ചണ്ഡീഗഡിലോ മധ്യപ്രദേശിലോ ഇതല്ല സ്ഥിതി. മധ്യപ്രദേശിൽ കമൽ നാഥ് ഹിന്ദുത്വ രാഷ്ട്രീയമാണ് പറയുന്നത്.

ബിജെപിയെന്നു തോന്നിക്കുന്ന കമൽനാഥ്

ഈ അടുത്ത ദിവസം കമൽനാഥ് നടത്തിയ ഒരു പരാമർശം ഹിന്ദുത്വ വോട്ട് തന്നെയാണ് മധ്യപ്രദേശിൽ കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് വെളിവാക്കുന്നതായിരുന്നു. ബാബരി മസ്ജിദ് ആദ്യം തുറന്നു നൽകിയത് രാജീവ് ഗാന്ധിയായിരുന്നു അതുകൊണ്ട് അതിന്റെ ക്രെഡിറ്റ് തങ്ങൾക്ക് വേണം എന്നതായിരുന്നു കമൽനാഥിന്റെ അവകാശവാദം. രാമക്ഷേത്ര നിർമ്മാണത്തിൽ തങ്ങൾക്കും പങ്കുണ്ടെന്ന് വാദിക്കുന്ന ഒരുപറ്റം കോൺഗ്രെസ്സുകാരുടെ വികാരം തന്നെയാണ് കമൽനാഥും പ്രകടിപ്പിക്കുന്നത്. ബാബരി മസ്ജിദുമായി ബന്ധപെട്ട പരാമർശത്തിന് ശേഷം രാമൻ വനവാസകാലത്ത് സഞ്ചരിച്ചിരുന്നതായി കണക്കാക്കുന്ന 'റാം വൻ ഗമൻ പഥ്' പുനരുദ്ധരിക്കുമെന്നും രാമാ വിഗ്രഹം സ്ഥാപിക്കുമെന്നുമുള്ള വാഗ്ദാനങ്ങളുമായാണ് രംഗത്തെത്തുന്നത്. ഛത്തിസ്ഗഢിൽ ഭൂപേഷ് ബാഗേൽ സമാനമായി 'റാം വൻ ഗമൻ പഥ്' ഉദ്‌ഘാടനം ചെയ്തിരുന്നു. അതിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് കമൽനാഥും വാഗ്ദാനം നടത്തിയിരിക്കുന്നത്. രാമനും സീതയും ഒരുമിച്ച് നടന്ന പാതയായാണ് ഇതിനെ ആളുകൾ കാണുന്നത്.

കമൽനാഥ്
കമൽനാഥ്
തോറ്റാലും ജയിച്ചാലും രാജസ്ഥാനിൽ കോൺഗ്രസിന് അഭിമാനിക്കാം
'രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്ക്, ലോക്ക് തുറന്നത് രാജീവ്'; ഹിന്ദുത്വം കടുപ്പിച്ച് മധ്യപ്രദേശിൽ കമൽ നാഥ്

ഗെഹ്‌ലോട്ട് ആണെങ്കിലും പൂർണ്ണമായും ഇത്തരം ഹിന്ദുത്വ വഴിതെറ്റലുകളിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല. ബ്രാഹ്മണ ക്ഷേമ ബോർഡ് രൂപീകരിച്ച് പുരോഹിതർക്ക് ഓണറേറിയം പ്രഖ്യാപിച്ച സർക്കാരാണ് ഘെലോട്ടിന്റെത്. രാജസ്ഥാൻ സർക്കാർ ഗോശാലകൾക്കുവേണ്ടിയും ഫണ്ട് വകയിരുത്തിയിരുന്നു. ഇതെല്ലാം ബിജെപിയുടെ ഹിന്ദുത്വത്തെ പ്രതിരോധിക്കാനാണ് എന്ന് പറയുമ്പോൾ തന്നെ ഒരു തിരഞ്ഞെടുപ്പ് റാലിയിലും ഇതൊന്നും പറയാൻ ഗെലോട്ട് മുതിർന്നിട്ടില്ല. നേതാക്കളുടെ തിരഞ്ഞെടുപ്പും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. കമൽനാഥ് ഒരു ഉയർന്ന ജാതിയിൽപെടുന്ന ഹിന്ദുവാണ്. ആ സ്വത്വം അയാൾക്ക് ഉയർത്തിപ്പിടിക്കേണ്ടതുമുണ്ട്. എന്നാൽ അശോക് ഗെലോട്ട് ഒബിസി വിഭാഗത്തിൽ പെടുന്ന തന്റെ മതപരമായ സ്വത്വം ഉയർത്തിപ്പിടിച്ചിട്ടില്ലാത്ത നേതാവുമാണ്. കോൺഗ്രസിന് ഇപ്പോഴും ദേശീയതലത്തിൽ 'ഇന്ത്യ' മുന്നണിയുടെ ഭാഗമായി സ്വീകരിച്ച നിലപാടുകൾ എല്ലായിടത്തും ഉയർത്തിപ്പിടിക്കാൻ സാധിക്കുന്നില്ല എന്നത് ഒരു വെല്ലുവിളി തന്നെയാണ് അതിനെ അതിജീവിച്ചില്ലെങ്കിൽ 2024 ൽ 2019 ആവർത്തിക്കുമെന്ന് സംശയിക്കേണ്ടി വരും.

logo
The Fourth
www.thefourthnews.in