മൂന്നാമൂഴം കാത്ത് കെസിആർ, അട്ടിമറിക്കുമോ കോൺഗ്രസ്?, ചുവടുറപ്പിക്കാൻ ബിജെപി; തെലങ്കാനയിൽ ഇന്ന്‌ വിധിയെഴുത്ത്

മൂന്നാമൂഴം കാത്ത് കെസിആർ, അട്ടിമറിക്കുമോ കോൺഗ്രസ്?, ചുവടുറപ്പിക്കാൻ ബിജെപി; തെലങ്കാനയിൽ ഇന്ന്‌ വിധിയെഴുത്ത്

കര്‍ണാടക കഴിഞ്ഞാല്‍, ബിജെപി ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് തെലങ്കാന

മൂന്നാമൂഴം കാത്ത് കെസിആര്‍, അട്ടിമറിക്കാനൊരുങ്ങി കോണ്‍ഗ്രസ്, ശക്തമായ മത്സരം കാഴ്ചവച്ച് ബിജെപി... തെലങ്കാന പോരില്‍ ജനം വിധിയെഴുതുന്നു. ക്ഷേമപദ്ധതികള്‍, മികച്ച ക്രമസമാധാനപാലനം, വികസനം എന്നീ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. രേവന്ത് റെഡ്ഡിയുടെ കുടക്കീഴില്‍ ഒറ്റക്കെട്ടായി അണിനിരന്ന കോണ്‍ഗ്രസ് ഭരണം പിടിക്കല്‍ അല്ലാതെ മറ്റൊന്നും സ്വപ്‌നം കാണുന്നില്ല. കര്‍ണാടക കഴിഞ്ഞാല്‍, ബിജെപി ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് തെലങ്കാന. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും രംഗത്തിറക്കി കാടിളക്കിമറിച്ചു നടത്തിയ പ്രചാരണത്തിന്റെ ഫലം എന്താണെന്നറിയാന്‍ മൂന്നാം തീയതി വരെ കാത്തിരിക്കണം.

കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ കെ ചന്ദ്രശേഖര്‍ റാവു ബിആര്‍എസിന്റെ 115 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ഇതിലൂടെ പാര്‍ട്ടിയില്‍ ഭിന്നതകളില്ലെന്നും തിരഞ്ഞെടുപ്പിന് സജ്ജമാണെന്നുമുള്ള സന്ദേശം ഇതിലൂടെ നല്‍കാന്‍ കെസിആറിന് കഴിഞ്ഞു.

2014-ല്‍ തെലങ്കാനയിലെ പ്രഥമ സര്‍ക്കാര്‍ രൂപീകരിച്ചതിന്‌ ശേഷം സംസ്ഥാനത്തുണ്ടായ വികസന-ക്ഷേമപദ്ധതികള്‍ റാലികളില്‍ കെസിആര്‍ എണ്ണിയെണ്ണി പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും ഭരണത്തിലെത്തിയാല്‍ സംസ്ഥാന താത്പര്യങ്ങള്‍ ഒരിക്കലും സംരക്ഷിക്കപ്പെടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞു മകന്‍ കെ ടി രാമറാവുവും മകള്‍ കവിതയും അച്ഛന്റെ പ്രചാരണങ്ങള്‍ക്ക് ശക്തിയായി ഇടംവലം നിന്നു.

മൂന്നാമൂഴം കാത്ത് കെസിആർ, അട്ടിമറിക്കുമോ കോൺഗ്രസ്?, ചുവടുറപ്പിക്കാൻ ബിജെപി; തെലങ്കാനയിൽ ഇന്ന്‌ വിധിയെഴുത്ത്
എന്തിനും ഏതിനും യാഗം; കെസിആര്‍ 'ഫാം ഹൗസ് മുഖ്യമന്ത്രി' ആയതെങ്ങനെ?

എതിർവശത്ത്, കോൺഗ്രസ് മൂന്ന് തവണയായാണ്‌ 118 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സിപിഎമ്മുമായുള്ള ചർച്ച പരാജയപ്പെട്ടെങ്കിലും കോതഗുഡെം സീറ്റിൽ മത്സരിക്കുന്ന സിപിഐയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചു. കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി 90 മണ്ഡലങ്ങളിൽ പ്രചാരണ റാലികളിലും റോഡ് ഷോകളിലുമായി സജീവ സാന്നിധ്യമായിരുന്നു.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മറ്റ് മുതിർന്ന നേതാക്കൾ തുടങ്ങിയവരെ അണിനിരത്തിയാണ് കോൺഗ്രസിന്റെ പ്രചാരണം മുന്നേറിയത്. കൂടാതെ, മിന്നും വിജയം നേടി 'താരങ്ങളായി നില്‍ക്കുന്ന' കര്‍ണാടകയിലെ പ്രധാനപ്പെട്ട നേതാക്കളെയും കൊണ്ടുവന്നു.

'മാർപ്പു കാവലി, കോൺഗ്രസ് രാവലി' (മാറ്റം അനിവാര്യം, കോൺഗ്രസ് വരണം) എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ മുദ്രാവാക്യം. ബിആര്‍എസ് നല്‍കുന്ന ക്ഷേമപദ്ധതികളെക്കാള്‍ കൂടുതല്‍ നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചു. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കർണാടകയിൽ കരസ്ഥമാക്കിയ വൻ വിജയത്തിന്റെ പിൻബലത്തിലാണ് ബിആർഎസിനെ തെലങ്കാനയിൽ നിന്നും താഴെയിറക്കുമെന്നാണ്‌ കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്. ചില നിയോജക മണ്ഡലങ്ങളിൽ നിന്നും ഭരണവിരുദ്ധ റിപോർട്ടുകൾ ഉയർന്നുവന്നതോടെയാണ് ഇത്തരത്തിലൊരു ആത്മവിശ്വാസം കോൺഗ്രസിൽ ഉടലെടുക്കുന്നത്. 2014-2018 വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, മുസ്ലീം വിഭാഗത്തിലെ വോട്ടുകൾ പാർട്ടിക്ക് അനുകൂലമായി വിഭജിക്കപ്പെടുമെന്നതാണ്‌ കോൺഗ്രസിന്റെ വിശ്വാസം.

മൂന്നാമൂഴം കാത്ത് കെസിആർ, അട്ടിമറിക്കുമോ കോൺഗ്രസ്?, ചുവടുറപ്പിക്കാൻ ബിജെപി; തെലങ്കാനയിൽ ഇന്ന്‌ വിധിയെഴുത്ത്
'വീര തെലങ്കാനയില്‍' കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതിയെന്ത്?; പിണറായി പോയി പ്രസംഗിച്ചിട്ടും പാലം വലിച്ച കെസിആര്‍

ത്രികോണ മത്സരം കാഴ്ചവയ്ക്കാന്‍ രംഗത്തിറങ്ങിയ ബിജെപി വന്‍ വാഗ്ദാനങ്ങളാണ് നടത്തിയത്. സ്ത്രീകള്‍ക്ക് 10 ലക്ഷം തൊഴിലവസരങ്ങള്‍, കര്‍ഷകര്‍ക്ക് സൗജന്യമായി പശുക്കള്‍ തുടങ്ങി മോഹവാഗ്ദാനങ്ങളുടെ പെരുമഴതന്നെ ബിജെപി തീര്‍ത്തു. കൂടാതെ, ഏകീകൃത സിവില്‍ കോഡിന്റെ കരട് തയാറാക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ തെലങ്കാനയിലെ എല്ലാവര്‍ക്കും അയോധ്യയിലെ രാമക്ഷേത്രത്തില്‍ സൗജന്യ സന്ദര്‍ശനം ഉറപ്പാക്കുമെന്നും ബിജെപി വാഗ്ദാനം നല്‍കിയിട്ടുണ്ട്.

എട്ടു പൊതുയോഗങ്ങളാണ് തെലങ്കാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ഹൈദരാബാദില്‍ കൂറ്റന്‍ റോഡ്ഷോയും നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തുടനീളം 22 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ബിആർഎസ് സർക്കാരിന്റെ അഴിമതിയാണ് പ്രചാരണത്തിന്റെ മുഖ്യഘടകമാക്കി ബിജെപി ചൂണ്ടിക്കാട്ടിയത്. കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, മിഷൻ ഭഗീരഥ, മിഷൻ കാകതീയ, മിയാപൂർ ഭൂമി ഇടപാട്, തുടങ്ങിയ വിവിധ പദ്ധതികളില്‍ അഴിമതിയുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

ഒരുപക്ഷേ കോണ്‍ഗ്രസും ബിജപിയും രാജസ്ഥാനിലും മധ്യപ്രദേശിലും നടത്തിയ പോരിനെക്കാള്‍ അഗ്രസീവായ ക്യാമ്പയിന്‍ നടത്തിയത് തെലങ്കാനയിലായിരിക്കും. ബിആര്‍എസിന് അടിപതറുമെന്നും കോണ്‍ഗ്രസ് അട്ടിമറി വിജയം നേടുമെന്നുമാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസിന് തെലങ്കാനയില്‍ നിന്നൊരു തീപ്പൊരി നേതാവിനെ കിട്ടും, രേവന്ത് റെഡ്ഡി.

ഈ നിയമഭ തിരഞ്ഞെടുപ്പ് മാത്രമല്ല തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി അടിത്തറ വിപുലീകരിക്കുക എന്നതണ് അജണ്ടയെന്നും ബിജെപിയുടെ ശൈലിയില്‍ നിന്ന് വ്യക്തമാണ്.

logo
The Fourth
www.thefourthnews.in