ജനവികാരം അനുകൂലം, കോൺഗ്രസ് എടുത്ത പണിക്ക് രാജസ്ഥാനിൽ ഫലമുണ്ടാകുമോ? പോളിങ് ഇന്ന്

ജനവികാരം അനുകൂലം, കോൺഗ്രസ് എടുത്ത പണിക്ക് രാജസ്ഥാനിൽ ഫലമുണ്ടാകുമോ? പോളിങ് ഇന്ന്

കോൺഗ്രസിനെ സംബന്ധിച്ച് രാജസ്ഥാൻ നിർണ്ണായകമാണ്. കോൺഗ്രസിനെ ദേശീയ തലത്തിൽ തളർത്തുക എന്ന ഒരു ലക്ഷ്യം മാത്രമേ ബിജെപിക്കുള്ളു

രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ബഹളങ്ങളും, പ്രചാരണവും വ്യാഴാഴ്ച അവസാനിച്ചു. ഇന്ന് ജനം പോളിങ് ബൂത്തിലെത്തും. താരപ്രചാരകരെ മുന്നിൽ നിർത്തിയാണ് ബിജെപിയും കോൺഗ്രസും തങ്ങളുടെ പരസ്യപ്രചാരണങ്ങൾ അവസാനിപ്പിച്ചത്. ബിജെപിയുടെ അവസാന ലാപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായുമുൾപ്പെടെയുള്ളവർ സജീവമായി രംഗത്തുണ്ടായിരുന്നു. അപ്പുറത്ത് കോൺഗ്രസ് ക്യാംപിന് ആവേശം പകർന്നുകൊണ്ട് പാർട്ടി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും, രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും എത്തി. ബിജെപി പതിവുപോലെ വിഭജനതന്ത്രവും ഹിന്ദുത്വവും പുറത്തെടുത്തപ്പോൾ കോൺഗ്രസ് അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ ഭരണ നേട്ടങ്ങളും, പ്രകടനപത്രികയിലെ ജനക്ഷേമ പദ്ധതികളും മുന്നോട്ടു വച്ചാണ് ജനങ്ങളെ അഭിമുഖീകരിച്ചത്. രാജസ്ഥാനിലെ ക്രമസമാധാന പ്രശ്നങ്ങളും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും, അഴിമതിയുമാണ് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ ബിജെപി മുന്നോട്ടു വെക്കുന്ന ആയുധങ്ങൾ.

രാജസ്ഥാനിലെ ക്രമസമാധാന പ്രശ്നങ്ങളും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും, അഴിമതിയുമാണ് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ ബിജെപി ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍

രാജസ്ഥാൻ തിരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോൾ ആദ്യം പറയേണ്ടതും ഏറ്റവും പ്രധാനപ്പെട്ടതുമായ വസ്തുത, ഈ സംസ്ഥാനത്ത് കാര്യമായ ഭരണവിരുദ്ധ വികാരമില്ല എന്നതാണ്. "കാം കിയ ഹേ" കഴിഞ്ഞ അഞ്ചു വർഷക്കാലം അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ തങ്ങളുടെ പണി കൃത്യമായി എടുത്തിട്ടുണ്ടെന്ന് രാജസ്ഥാനിലെ സാധാരണക്കാരനായ ബിജെപിക്കാരൻ പോലും അംഗീകരിക്കും. സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തമ്മിലുള്ള തർക്കം മൂർച്ഛിക്കുന്നതും, തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സച്ചിൻ പൈലറ്റിനെ കാണുന്നില്ല എന്നതൊന്നും സർക്കാർ ആളുകളിലുണ്ടാക്കിയ അനുകൂല പ്രതികരണത്തെ ബാധിച്ചിട്ടില്ല.

ജനവികാരം അനുകൂലം, കോൺഗ്രസ് എടുത്ത പണിക്ക് രാജസ്ഥാനിൽ ഫലമുണ്ടാകുമോ? പോളിങ് ഇന്ന്
തോറ്റാലും ജയിച്ചാലും രാജസ്ഥാനിൽ കോൺഗ്രസിന് അഭിമാനിക്കാം
അശോക് ഗെഹ്‌ലോട്ട്
അശോക് ഗെഹ്‌ലോട്ട്

സർവേഫലങ്ങൾ പറയുന്നത്

എൻഡിടിവിയും സി എസ് ഡി എസും ചേർന്ന് നടത്തിയ സർവേയിലും എബിപി-സി വോട്ടർ സർവേയും സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് രാജസ്ഥാനിൽ പത്തിൽ ഏഴു പേരും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണ്. ഇത് രാജസ്ഥാനെ സംബന്ധിച്ചെടുത്തോളം ഏറ്റവും മികച്ച കണക്കാണ്. ഇത്രയും ആളുകൾ സംതൃപ്തി രേഖപ്പെടുത്തിയ മറ്റൊരു സർക്കാറുണ്ടായിരുന്നില്ല എന്നതാണ് സത്യം. 43 ശതമാനം പേർ പൂർണ്ണ സംതൃപ്തരും 28 ശതമാനം പേർ ഭാഗികമായി തൃപ്തരുമാണ്. ഇത് രണ്ടും കൂടി ചേർത്താൽ 71 ശതമാനം പേർ ഗെഹ്‌ലോട്ട് സർക്കാരിൽ തൃപ്തി രേഖപ്പെടുത്തിയതായി കണക്കാക്കാം. 24 ശതമാനം പേർ ഭാഗികമായോ പൂർണ്ണമായോ അസംതൃപ്തരാണ്.

ഈ ഭരണ അനുകൂല തരംഗത്തെ മറികടക്കാൻ ബിജെപി വളരെ പ്രാദേശികമായ വിഷയങ്ങൾ ഉയർത്തിക്കാണിക്കേണ്ടിവരും എന്നാൽ സ്ഥിരമായി ദേശീയ വിഷയങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന ബിജെപിക്ക് സാധിക്കുമോ എന്നതാണ് ചോദ്യം. മത്സരപരീക്ഷകളിൽ ഉൾപ്പെടെ നിരന്തരമായി പരീക്ഷാ പേപ്പറുകൾ ചോരുന്നതുൾപ്പെടെയുള്ള പ്രാദേശികമായ നിരവധി വിഷയങ്ങൾ രാജസ്ഥാനിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിൽ അത് ഉയർത്തിക്കാണിക്കാൻ ബിജെപിക്ക് ഈ തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് സാധിച്ചിട്ടില്ല എന്നതാണ് സത്യം. 2018ൽ വസുന്ധരരാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ തൃപ്തരായവർ 52 ശതമാനവും അസംതൃപ്തർ 46 ശതമാനവുമായിരുന്നു. ഇതുമായി താരതമ്യം ചെയ്താൽ ഇപ്പോൾ ഗെഹ്‌ലോട്ടിനു ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്.

സച്ചിൻ പൈലറ്റ്
സച്ചിൻ പൈലറ്റ്

സി എസ് ഡി എസ് പുറത്ത് വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ സ്കൂളുകളുടെയും, ആശുപത്രികളുടെയും നിലവാരത്തിന്റെ കാര്യത്തിലും, വൈദ്യുതി, ശുദ്ധജലം എന്നിവയുടെ ലഭ്യതയിലും, സ്ത്രീസുരക്ഷയിലും, ക്രമസമാധാനത്തിലും സംസ്ഥാനം ഏറെ മെച്ചപ്പെട്ടതായാണ് ജനങ്ങളുടെ വിലയിരുത്തൽ. സർക്കാരിന് അനുകൂലമായി തരംഗമുള്ള രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായാണ് രാജസ്ഥാൻ വിലയിരുത്തപ്പെടുന്നത്. നിലവിൽ കേരളത്തിനേക്കാളും ഉത്തർപ്രദേശിനേക്കാളും ഗുജറാത്തിനേക്കാളും പശ്ചിമ ബംഗാളിനെക്കാളും സർക്കാർ അനുകൂല തരംഗം രാജസ്ഥാനിലുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ഈ തരംഗത്തെ അതിജീവിക്കുകയാണ് ബിജെപിക്കു മുമ്പിലുള്ള വെല്ലുവിളി.

ജനവികാരം അനുകൂലം, കോൺഗ്രസ് എടുത്ത പണിക്ക് രാജസ്ഥാനിൽ ഫലമുണ്ടാകുമോ? പോളിങ് ഇന്ന്
വിഭാഗീയതയും വിമതഭീഷണിയും; രാജസ്ഥാനില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ തലവേദന

ജനക്ഷേമ പദ്ധതികളുടെ പ്രത്യുപകാരം പ്രതീക്ഷിച്ച് ഗെഹ്‌ലോട്ട്

അശോക് ഗെഹ്‌ലോട്ട് സർക്കാർ അവതരിപ്പിച്ച ജനക്ഷേമ പദ്ധതികൾ ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങളായി പ്രഖ്യാപിച്ച ഇളവുകളും ആനുകൂല്യങ്ങളും. ഗാർഹിക ആവശ്യങ്ങൾക്ക് എല്ലാവർക്കും 100 യൂണിറ്റ് വൈദ്യുതിയും, കർഷകർക്ക് 2000 യൂണിറ്റ് വൈദ്യുതിയും സൗജന്യമായി നൽകി. പാചകവാതകം സബ്സിഡിയോടുകൂടി 500 രൂപയ്ക്ക് നൽകി. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി സൗജന്യ റേഷൻ കിറ്റുകൾ നൽകി. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ സ്ത്രീകൾക്ക് സൗജന്യമായി സ്മാർട്ട് ഫോണുകളും നല്കാൻ തീരുമാനിച്ചു. വാർദ്ധക്യ പെൻഷൻ ആയിരമാക്കി, 10 ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസും 25 ലക്ഷം രൂപയുടെ ചിരഞ്ജീവി ആരോഗ്യ ഇൻഷൂറൻസും പ്രഖ്യാപിച്ചു. ഇതെല്ലാം ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന പദ്ധതികളാണ്. ജില്ലകൾ പുനർനിർണ്ണയിക്കുന്നതിലൂടെ ജനങ്ങളിലേക്ക് സർക്കാർ സംവിധാനങ്ങൾ ശക്തമായി ഇറങ്ങിച്ചെല്ലുന്നു എന്നുറപ്പാക്കാൻ ഗെലോട്ടിനു സാധിച്ചു. ഈ ജനസമ്മതിയെ വർഗീയതയോ മറ്റാരോപണങ്ങളോ ഉന്നയിച്ചുകൊണ്ട് അട്ടിമറിക്കാൻ ബിജെപിക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് ഇന്ന് ജനങ്ങൾ മറുപടി രേഖപ്പെടുത്തും.

കേരളത്തിനേക്കാളും ഉത്തർപ്രദേശിനേക്കാളും ഗുജറാത്തിനേക്കാളും പശ്ചിമ ബംഗാളിനെക്കാളും സർക്കാർ അനുകൂല തരംഗം രാജസ്ഥാനിലുള്ളതായാണ് വിലയിരുത്തപ്പെടുന്നത്

പ്രാദേശികമായ പ്രശ്നങ്ങൾ ബിജെപിക്ക് ഗുണം ചെയ്യും

വർഷങ്ങളായി രാജസ്ഥാനിൽ ബിജെപിക്ക് ഉയർത്തിക്കാണിക്കാൻ വസുന്ധര രാജെയല്ലാതെ മറ്റൊരു നേതാവില്ല. ഇപ്പോഴും അവരെ തന്നെ ഉയർത്തിക്കാണിക്കുന്നത് തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മോദി തന്നെയാണ് ബിജെപിയുടെ മുഖം. പല കോൺഗ്രസ് എംഎൽഎമാർക്കും തിരിച്ച് ഭരണത്തിലേക്ക് വരാനുള്ള സ്വാധീനം ജനങ്ങൾക്കിടയിലിപ്പോൾ ഇല്ല. എന്നാൽ എംഎൽഎമാരുമായുള്ള അസ്വാരസ്യങ്ങൾ അതിജീവിക്കാനുള്ള ശേഷി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സമാഹരിച്ചിട്ടുണ്ട് എന്നതാണ് കോൺഗ്രസിന്റെ ആശ്വാസം. സച്ചിൻ പൈലറ്റുമായുള്ള തർക്കങ്ങൾ മൂർഛിക്കുന്ന സാഹചര്യത്തിലും ജനസമ്മതിയുപയോഗിച്ച് തന്നെയാണ് റിബൽ എംഎൽഎമാരെ ഗെഹ്‌ലോട്ട് അനുനയിപ്പിക്കുന്നത്.

രണ്ട് പ്രധാന വെല്ലുവിളികളാണ് കോൺഗ്രസിന് മുൻപിലുള്ളത്. സംസ്ഥാന വ്യാപകമായി അടിച്ചമർത്തപ്പെട്ട മനുഷ്യരെ മുഴുവൻ ഒരുമിപ്പിച്ച് നിർത്താം എന്ന കോൺഗ്രസ് പദ്ധതി ചിലപ്പോൾ പാളാൻ സാധ്യതയുണ്ട്. ദളിത് ആദിവാസി സമൂഹങ്ങൾക്കിടയിൽ ശക്തമായ സ്വാധീനം പാർട്ടിക്ക് ഇപ്പോൾ ഇല്ല. ഓരോ മണ്ഡലത്തിലെയും എംഎൽഎമാരെ നോക്കിയാണ് ആളുകൾ വോട്ട് ചെയ്യുന്നതെങ്കിലും കോൺഗ്രസിന് തിരിച്ചടിയാകും. ഒറ്റനോട്ടത്തിൽ കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് രാജസ്ഥാനിൽ മത്സരം. എന്നാൽ നേരത്തെ പറഞ്ഞതുപോലെ പ്രാദേശികമായ വിഷയങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സ്ഥിതിയുണ്ടായാൽ അപ്രധാനമായി കണക്കാക്കുന്ന പാർട്ടികൾ നേടുന്ന വോട്ടുകളും സീറ്റുകളും നിർണ്ണായകമാകും. ബിജെപി-കോൺഗ്രസ് ഇതര പാർട്ടികൾ 30 ശതമാനത്തോളം സീറ്റുകൾ കഴിഞ്ഞ തവണ നേടി എന്നതുകൊണ്ട് തന്നെ ഈ പാർട്ടികൾ നിർണ്ണായകമാകും എന്നത് ഉറപ്പാണ്. 27 സീറ്റുകൾ കഴിഞ്ഞ തവണ ഈ പാർട്ടികൾ നേടിയിട്ടുണ്ട്.

നരേന്ദ്രമോദി
നരേന്ദ്രമോദി

ഒരു കച്ചിത്തുരുമ്പും ഇല്ലെന്ന അവസ്ഥയിൽ ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം പ്രചാരണ വിഷയമാക്കാനാകുമോ എന്നാണ് ബിജെപി നോക്കുന്നത്. കഴിഞ്ഞ ദിവസം മോദി നടത്തിയ ഗുജ്ജർ പരാമർശം വലിയ വിവാദമായിരുന്നു. ഗുജ്ജർ വിഭാഗത്തിൽ പെട്ട സച്ചിൻ പൈലറ്റിനെ പാലിൽ നിന്ന് ഈച്ചയെ എടുത്ത് കളയുന്നതുപോലെ എടുത്തുകളയാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും, അച്ഛൻ രാജേഷ് പൈലറ്റിനെ ഒതുക്കിയതിനു സമാനമായി സച്ചിൻ പൈലറ്റിനെയും ഒതുക്കുകയാണ് കോൺഗ്രസിന്റെ ഉദ്ദേശമെന്നും അത് സച്ചിൻ പൈലറ്റ് ഗുജ്ജർ വിഭാഗത്തിൽ പെടുന്നതുകൊണ്ടാണെന്നും മോദി പറയുന്നതിന് മറ്റൊരുദ്ദേശം കൂടിയുണ്ട്. ബിജെപിക്ക് ഗുജ്ജർ വിഭാഗത്തിൽ നിന്ന് കാര്യമായ പിന്തുണ രാജസ്ഥാനിൽ ലഭിച്ചിരുന്നില്ല. ഗുജ്ജർ വിഭാഗത്തിൽ നിന്ന് പിന്തുണ നേടാനാകുമോ എന്ന ഒരു അവസാനവട്ട ശ്രമം മാത്രമായേ ഇതിനെ കാണാൻ സാധിക്കുകയുള്ളു. സോണിയ ഗാന്ധിക്കെതിരെ 1997ൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച രാജേഷ് പൈലറ്റിനെ കോൺഗ്രസ് പാർട്ടി ഒതുക്കിയതാണെന്നും അതുപോലെതന്നെയാണ് സച്ചിൻ പൈലറ്റിനോട് പെരുമാറുന്നതെന്നും നരേന്ദ്രമോദി പറഞ്ഞതിന്റെ കാരണം അത് തന്നെയാണ്.

ജനവികാരം അനുകൂലം, കോൺഗ്രസ് എടുത്ത പണിക്ക് രാജസ്ഥാനിൽ ഫലമുണ്ടാകുമോ? പോളിങ് ഇന്ന്
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യപ്രശ്‌നം തൊഴിലില്ലായ്മ; പ്രചാരണത്തിൽ കളംപിടിക്കുന്നത് ജാതിസെന്‍സസ്

കോൺഗ്രസിനെ സംബന്ധിച്ച് രാജസ്ഥാൻ നിർണ്ണായകമാണ്. ഒരു കാരണവശാലും കൈവിട്ടുകളയാൻ സാധിക്കാത്ത സ്ഥലം. എന്നാൽ കോൺഗ്രസിനെ ദേശീയ തലത്തിൽ തളർത്തുക എന്ന ഒരു ലക്ഷ്യം മാത്രമേ ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്കുള്ളു. അതിന് ഏതറ്റം വരെയും പോകും എന്നവർ ഇതിനോടകം തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു.

logo
The Fourth
www.thefourthnews.in