കയ്യിട്ടു വാരുന്ന എയര്‍ടെലും ജിയോയും; എന്തിനായിരിക്കും ഇപ്പോഴുള്ള ഈ നിരക്ക് വര്‍ധന?

കയ്യിട്ടു വാരുന്ന എയര്‍ടെലും ജിയോയും; എന്തിനായിരിക്കും ഇപ്പോഴുള്ള ഈ നിരക്ക് വര്‍ധന?

എന്തിനായിരിക്കും ഇപ്പോഴുള്ള ഈ വര്‍ധനവ് എന്ന് ചിന്തിക്കാത്തവര്‍ വിരളമായിരിക്കും

ജിയോ, എയര്‍ടെല്‍, വിഐ എന്നീ ടെലികോം കമ്പനികള്‍ ഈ ജൂലൈ 3 മുതല്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്തിനായിരിക്കും ഇപ്പോഴുള്ള ഈ വര്‍ധനവ് എന്ന് ചിന്തിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ കമ്പനികള്‍ക്കോ, ഈ വര്‍ധനവിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനുമില്ല. കമ്പനികള്‍ വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കില്‍ അതാണ് തെറ്റ്. ഐഡിയയും വൊഡാഫോണും യൂനിനോറും എയര്‍ സെല്ലും ഡോകോമോയും ഒക്കെയുള്ള കാലമായിരുന്നെങ്കില്‍ റേറ്റ് കുറവുള്ളത് നോക്കി സിം പോര്‍ട്ട് എങ്കിലും ചെയ്യാമായിരുന്നു. പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ വിഐ, എയര്‍ടെല്‍, ജിയോ ഇങ്ങനെ മൂന്നു സ്വകാര്യ കമ്പനികള്‍ മാത്രമേ ഉള്ളു. ഇവര്‍ മൂന്നുപേരും റേറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് പ്രത്യേകിച്ച് ഇനി പ്രതീക്ഷയൊന്നും വേണ്ടെന്ന് സാരം.

ഈ വര്‍ധനവിലൂടെ ഒരു ലക്ഷം കോടിയുടെ അധികലാഭമാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. മുന്‍ കേന്ദ്ര ധന സെക്രട്ടറി ഇ എ എസ് ശര്‍മയുടെ കണക്കാണിത്. അതായത് 500 രൂപയുടെ പ്ലാനിന് 20 ശതമാനം വര്‍ധനവാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. അതായത് 100 രൂപയുടെ വര്‍ധനവ്. ഈ 100 രൂപ എയര്‍ടെലിന്റെയും ജിയോയുടെയും 83.7 കോടി വരിക്കാരില്‍ നിന്ന് ഈടാക്കുന്നതിലൂടെ ഒരു വര്‍ഷം ടെലികോം കമ്പനികള്‍ ഒരു ലക്ഷം കോടി രൂപ അധിക ലാഭം നേടും.

കേട്ട് ഞെട്ടേണ്ട, നമുക്കഭയം പ്രാപിക്കാന്‍ റേറ്റ് കൂട്ടാത്ത ഒരു കമ്പനിയുണ്ട്. അത് ബിഎസ്എന്‍എല്‍ ആണ്. പക്ഷേ ഇതില്‍ 4ജി തന്നെ നേരാംവണ്ണം വന്നിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് 2023 - 24 കാലയളവില്‍ മാത്രം 1.8 കോടി ഉപഭോക്താക്കളാണ് ബി എസ് എന്‍ എല്‍ ഉപേക്ഷിച്ച് എയര്‍ടെലിലേക്കും ജിയോയിലേക്കും പോയത്. 2024 മാര്‍ച്ചില്‍ മാത്രം 23 ലക്ഷം പേര്‍ മറ്റു സര്‍വീസ് പ്രൊവൈഡര്‍മാരിലേക്ക് പോയി. ബിഎസ്എന്‍എല്ലില്‍ 4ജി കാര്യക്ഷമമായി കൊണ്ടുവരുമെന്നും 2023 അവസാനാമാകുമ്പോഴേക്കും 5ജി വരുമെന്നുള്ള കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന്റെ ഉറപ്പാകട്ടെ വള്ളത്തില്‍ വരച്ച വര പോലെയായി.

താരിഫ് ഇനത്തില്‍ ജിയോ 12 മുതല്‍ 25 ശതമാനത്തോളവും എയര്‍ടെല്‍ 11 മുതല്‍ 21 ശതമാനത്തോളവുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇനി ഈ കമ്പനികള്‍ നഷ്ടത്തിലായതു കൊണ്ടാണോ ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിച്ചത്? അങ്ങനെ കരുതാനും നിര്‍വാഹമില്ല. കാരണം, 2023 - 24 സാമ്പത്തിക വര്‍ഷത്തില്‍ ജിയോയ്ക്ക് മാത്രം ലഭിച്ച അറ്റാദായം 20,607 കോടി രൂപയാണ്. എയര്‍ടെലിന് 7,467 കോടിയും. അതുകൊണ്ട് നഷ്ടത്തിന്റെ വക്കില്‍ നിന്ന് കരകയറാനുള്ള നീക്കമൊന്നുമായി ഇതിനെ കാണാന്‍ സാധിക്കില്ല.

കയ്യിട്ടു വാരുന്ന എയര്‍ടെലും ജിയോയും; എന്തിനായിരിക്കും ഇപ്പോഴുള്ള ഈ നിരക്ക് വര്‍ധന?
മോദി 3.0: അധികാരമേറ്റ് 20 ദിവസം, ആൾക്കൂട്ടക്കൊല ആറ്

ഇങ്ങനെ, തോന്നുമ്പോള്‍ തോന്നുന്ന പോലെ നിരക്ക് നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കുമോ? ഇവിടെ നിയമവും കോടതിയും ഇല്ലേ? ഇത് നിയന്ത്രിക്കുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി പേരിനു ജീവിച്ചിരിപ്പുണ്ടെങ്കിലും അനക്കമില്ലാതായിട്ട് ഏകദേശം 8 വര്‍ഷത്തോളമായി. 2016ലാണ് ജിയോ അവരുടെ വെല്‍ക്കം ഓഫറുമായി രംഗത്തെത്തുന്നത്. അന്ന് നിലവിലുണ്ടായിരുന്ന എല്ലാ കമ്പനികളെയും ഉപേക്ഷിച്ച് ആളുകള്‍ ജിയോയ്ക്ക് പിന്നാലെ പോയി.

അടിസ്ഥാനപരമായി ഇതൊരു കച്ചവടമാണല്ലോ. സേവനമാണ് ഇവര്‍ വില്‍ക്കുന്നത്. സേവനമല്ല ഇനി എന്ത് സാധനം കച്ചവടം ചെയ്യുന്നതാണെങ്കിലും അതില്‍ ഒരുമര്യാദയുണ്ടല്ലോ. ഒരു പലചരക്കു കടക്കാരന് മാത്രം കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കാനാകില്ലല്ലോ, അംഗീകരിച്ച തുകയ്ക്കല്ലാതെ നിങ്ങള്‍ക്ക് നാട്ടില്‍ ഓട്ടോ ഓടിക്കാന്‍ കഴിയുമോ? പക്ഷേ നിരവധി ടെലികോം കമ്പനികള്‍ നിലനില്‍ക്കുമ്പോഴും ജിയോ എന്ന ഒരു കമ്പനിക്ക് മാത്രം സൗജന്യമായി സേവനം നല്കാന്‍ സാധിക്കും. അതെങ്ങനെ? ട്രായി എന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ആ സമയത്ത് എന്ത് ചെയ്യുകയായിരുന്നു. ഒരു മേഖലയില്‍ പരസ്പരം കമ്പനികള്‍ മത്സരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കമ്പനി വന്ന് സൗജന്യമായി സേവനം നല്‍കിയാല്‍ ആളുകള്‍ മുഴുവന്‍ കൂട്ടത്തോടെ അങ്ങോട്ട് പോകുമെന്നത് വസ്തുതയാണ്. അങ്ങനെ സംഭവിച്ചാല്‍ മറ്റെല്ലാ കമ്പനികളും തകരും. അത് സംഭവിക്കാതെ നോക്കുക എന്നതാണ് ട്രായ് പോലൊരു റെഗുലേറ്ററി ബോഡിയുടെ ചുമതല. അത് അവര്‍ വൃത്തിയായി നിര്‍വഹിക്കാതിരുന്നു. ടെലികോം മേഖലയിലെ പ്രധാന കമ്പനികളെല്ലാം തകര്‍ന്നു, കാര്യങ്ങള്‍ രണ്ടോ മൂന്നോ കമ്പനികളിലേക്ക് ഒതുങ്ങി.

ഉപഭോക്താവിനോപ്പം നില്‍ക്കുന്ന ബി എസ് എന്‍ എല്ലിനെ കുറിച്ച് ചിലതുകൂടി പറയാം. 2020ലാണ് 4ജി നല്‍കാനുള്ള അനുമതി ബിഎസ്എന്‍എല്ലിന് ലഭിക്കുന്നത്. എന്നാല്‍ എയര്‍ടെലും ജിയോയും ചെയ്തതുപോലെ രാജ്യത്തിനു പുറത്ത്‌നിന്നു മികച്ച ഉപകരണങ്ങള്‍ എത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയില്ല. പിന്നീട് 2023ല്‍ നേരത്തെ പറഞ്ഞതുപോലെ ഇതാ എത്തിപ്പോയി എന്ന് മന്ത്രി അശ്വനി വൈഷ്ണവില്‍ നിന്ന് ഉറപ്പു കിട്ടി. പക്ഷേ ഇപ്പോഴും 4ജി വന്നിട്ടില്ല.

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും സ്വകാര്യ ടെലികോം കമ്പനികളെ സഹായിക്കുകയും ചെയ്യുന്നതിന് ഇതില്‍പ്പരം തെളിവുകള്‍ ആവശ്യമുണ്ടോ?

എയര്‍ടെലിന്റെയും ജിയോയുടെയും നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പക്ഷേ ഒരു കാര്യവുമുണ്ടായില്ല എന്ന് മാത്രമല്ല, അതേസമയം നഷ്ടത്തിലായ വൊഡാഫോണ്‍ ഐഡിയയുടെ ഓഹരികള്‍ വാങ്ങി അവരെ സഹായിക്കുകയും ചെയ്തു. ആ ഷെയര്‍ വാങ്ങാന്‍ മുടക്കിയ പൈസ ബി എസ് എന്‍ എല്‍ പുനരുജ്ജീവിപ്പിക്കാന്‍ എടുത്തുകൂടായിരുന്നോ എന്ന ചോദ്യം വേണമെങ്കില്‍ ചോദിക്കാം. പ്രത്യേകിച്ച് കാര്യമൊന്നുമില്ല ചുമ്മാ ചോദിക്കാമെന്ന് മാത്രം. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും സ്വകാര്യ ടെലികോം കമ്പനികളെ സഹായിക്കുകയും ചെയ്യുന്നതിന് ഇതില്‍പ്പരം തെളിവുകള്‍ ആവശ്യമുണ്ടോ?

ജിയോയുടെ മുതലാളി മുകേഷ് അംബാനിയുടെ മകന്റെ കല്യാണത്തിന്റെ ആകെ ചെലവ് 1500 കോടിരൂപയാണെന്നാണ് കരക്കമ്പി. കഴിഞ്ഞ ഒരു മാസമായി അത് നടന്നുകൊണ്ടിരിക്കുകയാണ്. കല്യാണം നടത്താനാണോ ഈ വര്‍ധനവ് എന്ന പരിഹാസം സമൂഹ മാധ്യമങ്ങളിലുണ്ട്. പക്ഷേ സംഗതി അത്ര എളുപ്പം ട്രോളിക്കളയാവുന്നതല്ല.

എന്തനായാസമായാണ് വന്‍ കുത്തക കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതെന്ന് ആലോചിച്ച് നോക്കൂ. ആശയവിനിമയം നടത്തുക എന്ന വളരെ അടിസ്ഥാനപരമായ കാര്യത്തില്‍ മനുഷ്യര്‍ക്ക് വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ല. എന്ത് വിലകൊടുത്തും അത് ചെയ്യേണ്ടി വരും. എത്ര രൂപ ചോദിച്ചാലും അത് കൊടുക്കേണ്ടി വരികയും ചെയ്യും. അതൊരു മനുഷ്യന്റെ അനിവാര്യതയാണ്. അത്തരമൊരു മേഖലയില്‍ നിലനില്‍ക്കേണ്ടുന്ന സര്‍വ മര്യാദയും കാറ്റില്‍ പറത്തിയാണ് ഒന്നോ രണ്ടോ കമ്പനികളിലേക്ക് ഈ സംവിധാനം മുഴുവനായും ചുരുങ്ങുന്നത്. അതും സര്‍ക്കാരിന്റെ കൂടി ഒത്താശയില്‍.

ആളുകള്‍ക്ക് ഏറ്റവും അത്യാവശ്യം വേണ്ട കണക്റ്റിവിറ്റിപോലും നരേന്ദ്രമോദി സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരായ മുകേഷ് അംബാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് തീറെഴുതി നല്‍കുകയാണ്. ഒരു നിയന്ത്രണവുമില്ലാത്ത കഴുത്തറപ്പന്‍ മത്സരം കുത്തകകളെ ഉണ്ടാക്കുമെന്ന അടിസ്ഥാന സാമ്പത്തിക പാഠം ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുകയാണ്.

logo
The Fourth
www.thefourthnews.in