എഴുത്തുകാർക്ക് പ്രതിഫലം സാംസ്കാരിക മൂലധനമോ?

മിമിക്രിക്കും പാട്ടിനും പതിനായിരങ്ങളും ലക്ഷങ്ങളും പ്രതിഫലം നൽകുന്ന മലയാളികൾ സാഹിത്യ അക്കാദമിയിലൂടെ തനിക്കു കൽപ്പിച്ച വിലയാണ് 2400 രൂപ എന്നാണ് ചുള്ളിക്കാട് പറഞ്ഞുവച്ചത്

കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര സാഹിത്യോത്സവത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രൻ ചുള്ളിക്കാടിനു കൃത്യമായി വണ്ടിക്കൂലി പോലും നൽകിയില്ല എന്ന് കവി തന്നെ വെളിപ്പെടുത്തിയതിലൂടെ കേരളത്തിലെ സാംസ്കാരിക പരിപാടികളിൽ ആളുകൾക്ക് ലഭിക്കുന്ന സ്ഥാനത്തെ കുറിച്ചും, സാംസ്കാരിക പ്രവർത്തകർക്കും എഴുത്തുകാർക്കും നൽകുന്ന പ്രതിഫലത്തെ കുറിച്ചുമുള്ള ചർച്ചയാണ് സജീവമാകുന്നത്. ഇത്തരംപരിപാടികളിൽ എഴുത്തുകാർക്ക് പണത്തിനു പകരം സാംസ്കാരിക മൂലധനമാണോ പ്രതിഫലം എന്ന ചോദ്യത്തിലേക്കാണ് നിലവിലെ ചർച്ചകൾ ചെന്നെത്തുന്നത്.

എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും സ്ഥിരമായി വളരെ കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നതെന്ന ചർച്ച കാലങ്ങളായി കേരളത്തിന്റെ സാംസ്കാരിക ഇടങ്ങളിൽ സജീവമായുള്ളതാണ്. എന്നാൽ ഈ ചർച്ചകൾ ചുള്ളിക്കാടിന്റെ പ്രതികരണത്തിലൂടെ വീണ്ടും സജീവമാകുമ്പോൾ അതിന്റെ വ്യത്യസ്ത തലങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

സാഹിത്യോത്സവത്തിൽ കുമാരനാശാന്റെ കരുണയെ പറ്റി സംസാരിക്കാനാണ് ചുള്ളിക്കാടിനെ ക്ഷണിച്ചത്. രണ്ടു മണിക്കൂർ സംസാരിച്ച ചുള്ളിക്കാടിന് സാഹിത്യ അക്കാദമി നൽകിയത് 2400 രൂപയാണ്. എന്നാൽ എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് ടാക്സിയിൽ വന്നതിന് കാത്തിരിപ്പു കൂലിയടക്കം 3500 രൂപയായെന്നും അതിൽ 2400 ഒഴിച്ച് ബാക്കി താൻ സീരിയലിൽ അഭിനയിച്ച് ഉണ്ടാക്കിയ പണമാണെന്നുമായിരുന്നു 'എന്റെ വില' എന്ന തലക്കെട്ടിൽ ബാലചന്ദ്രൻ ചുള്ളിക്കാടെഴുതിയ കുറിപ്പിൽ പറഞ്ഞത്.

സാഹിത്യ അക്കാദമി അംഗത്വമോ നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് അവാർഡുകൾ കുനിഞ്ഞു വാങ്ങാനോ താൻ വന്നിട്ടില്ല എന്നും ഒരിക്കലും വരികയില്ല എന്നും പറഞ്ഞ ചുള്ളിക്കാട് മിമിക്രിക്കും പാട്ടിനും പതിനായിരങ്ങളും ലക്ഷങ്ങളും പ്രതിഫലം നൽകുന്ന മലയാളികൾ സാഹിത്യ അക്കാദമിയിലൂടെ തനിക്കു കൽപ്പിച്ച വിലയാണ് 2400 രൂപ എന്നാണ് ചുരുക്കി പറഞ്ഞു വച്ചത്.

ഈ വിമർശനത്തെ ഭൂരിഭാഗംപേരും അംഗീകരിച്ചുകൊണ്ടാണ് പ്രതികരിച്ചിരുന്നതെങ്കിലും, ചുള്ളിക്കാടിനെ അനുകൂലിച്ചുകൊണ്ട് തന്നെ ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്ന സാംസ്കാരിക മൂലധനവും സാമൂഹിക അംഗീകാരങ്ങളും സ്വീകരിക്കുന്നവർ ആരൊക്കെയാണെന്ന ചോദ്യവും പലരും ഉയർത്തി. ഇത്തരം സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും അധ്യാപകരായിട്ടുള്ളവരോ, മറ്റെന്തെങ്കിലും ജോലികൾ ചെയ്യുന്നവരോ ആണ്. അത്തരക്കാർക്ക് ഈ കുറഞ്ഞ പ്രതിഫലം പ്രശ്നമാകാത്തത് അവർക്ക് ആവശ്യമുള്ളത് സാംസ്കാരിക മൂലധനമായതുകൊണ്ടാണ് എന്ന വിമർശനമാണ് ഒരു ഭാഗത്ത് നിന്ന് ഉയർന്നത്.

എഴുത്തുകാർക്ക് പ്രതിഫലം സാംസ്കാരിക മൂലധനമോ?
കേരളഗാനത്തിലും വാക്‌പോര്; തമ്പിയുടെ വരികൾ ക്ലീഷേയെന്ന് സച്ചിദാനന്ദൻ, അവസരം കാത്തിരുന്ന് അവഹേളിച്ചെന്ന് ശ്രീകുമാരൻ തമ്പി

സർക്കാരിനോട് ചേർന്ന് നിൽക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലമാണ് ഇത്തരം സാംസ്കാരിക പരിപാടികളിൽ ലഭിക്കുന്ന സാംസ്കാരിക മൂലധനമെന്നാണ് സാമൂഹിക ചരിത്രകാരിയായ ജെ ദേവിക അഭിപ്രായപ്പെട്ടത്. സാഹിത്യ അക്കാദമിയാണ് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും മുൻകയ്യെടുക്കേണ്ടത്. എന്നാല്‍ അക്കാദമിതന്നെ വളരെ നിസ്സാരരായി എഴുത്തുകാരെ കാണുന്നു എന്ന വിമർശനം പലർക്കും വ്യക്തിപരമായി ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിൽ ആരും പൊതുമധ്യത്തിൽ ഉറച്ചു പറഞ്ഞിട്ടില്ല.

ഇത്തരത്തിൽ അവഹേളനങ്ങൾ അനുഭവിക്കേണ്ടിവന്നാലും ആളുകൾ പരാതി പറയാത്തതിന് കാരണം നാർസിസ ആനന്ദ അഡിക്ഷൻ ആണെന്നാണ് ദേവിക പറയുന്നത്. ആ അഡിക്ഷൻ ഉള്ള മനുഷ്യർ പരാതികളെ പല ന്യായീകരണങ്ങളാൽ സ്വന്തം ആത്മാവിനുള്ളിൽ മൂടാൻ കഴിവുള്ളവരായിരിക്കുമെന്നും ദേവിക പറയുന്നു.

ആളുകളുടെ സാംസ്കാരിക മൂലധനം അവരുടെ ചിന്താശേഷിയെ പോലും ഇല്ലാതാക്കുമെന്നത് അത്ര ചെറിയ വിമർശനമൊന്നുമല്ല. സാമൂഹിക നിലവാരം നിശ്ചയിക്കുന്ന സാംസ്കാരിക ചിഹ്നങ്ങളായി സാഹിത്യോത്സവങ്ങൾ മാറുന്ന കാലത്ത് എഴുത്തുകാരന്റെ പ്രതിഫലം ഒരു വിഷയമാകില്ലെന്ന കാര്യം ഉറപ്പാണ്. ഈ മേഖല പുറമെ നിന്ന് കാണുന്ന പോലെ അത്ര നന്മനിറഞ്ഞ ഇടങ്ങളൊന്നുമല്ലെന്നുള്ളതാണ് സത്യം. ചേരി തിരിഞ്ഞ് പരസ്പരം തല്ലുകൂടുന്നവരിൽ മുൻപന്തിയിലാണ് എഴുത്തുകാർ. അടിമുടി ഗ്രൂപ്പിസമാണെന്ന് പറയാതിരിക്കാൻ സാധിക്കില്ല. പലസംഘങ്ങൾ പല മേഖലകൾ തിരിച്ച് പരിപാടികൾ സംഘടിപ്പിക്കുകയും ഒരു സംഘത്തിന്റെ പരിപാടിയിൽ മറു സംഘത്തിലുള്ളവർക്ക് പ്രവേശനം നൽകാതിരിക്കുകയും ചെയ്യുന്ന അത്രയും കുടിപ്പക നിലനിൽക്കുന്ന ഒരു മേഖല.

കേരളത്തിലങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന പലപേരുകളിൽ നടക്കുന്ന പരിപാടികളിൽ കാര്യക്കാരായ ഈ എഴുത്തുകാരെ അഥവാ സാംസ്കാരിക നായകരെ സംബന്ധിച്ച് സാഹിത്യ അക്കാദമിയുടെ വേദി സർവസമ്മതി നൽകുന്ന സ്ഥലമാണ്. അതുകൊണ്ടുതന്നെ അക്കാദമിയുടെ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ട് വണ്ടിക്കൂലി പോലും കിട്ടിയില്ലെങ്കിലും ആളുകൾ സന്തോഷത്തോടെയും സംതൃപ്തിയോടെയും ആ പരിപാടിയിൽ പങ്കെടുക്കുമെന്നുള്ള കാര്യം ഉറപ്പാണ്. ഇതിനു മറ്റൊരു കാരണം കൂടിയുണ്ട്. അങ്ങനെ പൊതുമധ്യത്തിൽ സാംസ്കാരിക ചിഹ്നമായി അവതരിക്കാൻ അവസരം കിട്ടുന്നവരിൽ മിക്കവാറും വലിയ സാമ്പത്തിക ഭദ്രതയുള്ളവർകൂടിയാണ്. അതുകൊണ്ടുകൂടിയാണ് ഈ വിഷയം ഒരു പരാതിയായി ഉയർന്നു വരാത്തത് എന്നുകൂടി മനസിലാക്കേണ്ടതുണ്ട്.

ഇത്തരം സാഹിത്യോത്സവങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ലഭിക്കുന്ന പ്രാതിനിധ്യവും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടിനു സംസാരിക്കാൻ രണ്ടു മണിക്കൂർ കിട്ടി എന്ന് പറയുമ്പോൾ ഒരുമണിക്കൂർ മാത്രം സമയം ലഭിച്ചവരാണ് കൂടുതലും എന്നുകൂടി മനസിലാക്കേണ്ടതുണ്ട്. അതിലെത്ര സ്ത്രീകൾ, എത്ര ദളിതർ, എത്ര ക്വീർ എന്ന ചോദ്യം കൂടി നമ്മൾ ചോദിച്ചാൽ സാഹിത്യ അക്കാദമിയുടേത് മാത്രമല്ല കേരളത്തിൽ നടക്കുന്ന പല സാഹിത്യോത്സവങ്ങളുടെയും തലയെടുപ്പില്ലാതാകും എന്നുകൂടി ഉറപ്പിച്ച് പറയാം.

എഴുത്തുകാർക്ക് പ്രതിഫലം സാംസ്കാരിക മൂലധനമോ?
'പാട്ടെഴുതിച്ചു, അപമാനിക്കപ്പെട്ടു'; സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പിയും

സാഹിത്യോത്സവങ്ങൾ സാംസ്കാരിക ചിഹ്നങ്ങളാകുന്നതിലൂടെ അതിൽ പങ്കെടുക്കുന്നവർകൂടി ബിംബങ്ങളാകുന്ന ലോകമാണിത്. ഈ പരിപാടികളിൽ അടിസ്ഥാനപരമായി പ്രതിനിധ്യത്തിന്റെയും സാമ്പത്തിക അസമത്ത്വത്തിന്റെയും പ്രശ്നങ്ങളുണ്ടെന്ന് മനസിലാക്കാൻ കേരള സർക്കാർ നേതൃത്വം നൽകുന്ന സാഹിത്യ അക്കാദമിക്ക് പോലും സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ നമ്മളിത്രയും സാഹിത്യോത്സവങ്ങളും സാംസ്കാരികാഘോഷങ്ങളും സംഘടിപ്പിച്ചിട്ട് എന്താണ് കാര്യം?

Related Stories

No stories found.
logo
The Fourth
www.thefourthnews.in