കുന്തക്കാരൻ പത്രോസ്: ചരിത്രം നീതികാട്ടാത്ത വയലാർസമര പോരാളി

കുന്തക്കാരൻ പത്രോസ്: ചരിത്രം നീതികാട്ടാത്ത വയലാർസമര പോരാളി

കുന്തക്കാരൻ പത്രോസിനെ ഓർക്കാതെ എങ്ങനെ പുന്നപ്ര വയലാർ സമരാവേശം പൂർണമായി ഉൾക്കൊള്ളാനാകും?

മറ്റൊരു ഒക്ടോബർ 24 കൂടി, പുന്നപ്ര വയലാർ രക്തസാക്ഷികളെ നമ്മൾ ഒരിക്കൽ കൂടി ഓർക്കുന്നു. എന്നാൽ ഒരിക്കലും ഓർത്തുകാണാനിടയില്ലാത്ത ഒരാളുണ്ട്. പുന്നപ്രയിലും വയലാറിലും തൊഴിലാളികൾക്കുള്ളിൽ സമരാവേശം കെടാതെ നിലനിർത്തിയ മനുഷ്യൻ. പാർട്ടിയെ കെട്ടിപ്പടുക്കാൻ എല്ലാം മറന്ന് ഓടി നടന്ന, പാർട്ടി മൂല്യങ്ങൾക്കൊപ്പം നിന്നതിന്റെ പേരിൽതന്നെ, കേരളത്തിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആറാട്ടുവഴി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ട, ചരിത്രം നീതി ചെയ്തിട്ടില്ലാത്ത പോരാളി, കെ വി പത്രോസ് അഥവാ കുന്തക്കാരൻ പത്രോസ്

കേരളത്തിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആറാട്ടുവഴി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ട, ചരിത്രം നീതി ചെയ്തിട്ടില്ലാത്ത പോരാളി

അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ നടന്ന തൊഴിലാളി സമരം ഇന്ത്യ പലതായി വിഭജിക്കപ്പെട്ടു പോകാൻ മാത്രം ശക്തമായ ഒരു കാരണത്തെ പ്രതിരോധിച്ച സമരം കൂടിയാണ്. തിരുവിതാംകൂർ ഇന്ത്യൻ യൂണിയന്റെ ഭാഗമാകാതെ സ്വതന്ത്ര രാഷ്ട്രമാക്കാനുള്ള ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ ആഗ്രഹത്തിനും സ്വപ്നത്തിനും അദ്ദേഹം കണ്ടെത്തിയ ന്യായം പാകിസ്താൻ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാൻ പോകുന്നു അതുകൊണ്ട് തിരുവിതാങ്കൂറിന്റെ ആവശ്യവും പരിഗണിക്കപ്പെടും എന്നതായിരുന്നു. ആ ആശയെ ചെറുത്തു തോൽപ്പിച്ച സമരമാണ് പുന്നപ്ര വയലാർ.

തിരുവിതാംകൂറില്‍ അമേരിക്കൻ മോഡൽ ഭരണമായിരിക്കുമെന്നു പ്രഖ്യാപിച്ച സർ സി പി തൊഴിലാളികൾക്ക് വൻ ആനൂകുല്യങ്ങളാണ് പ്രഖ്യാപിച്ചത്. എന്നാൽ 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന് മുഷ്ടി ചുരുട്ടി വിളിച്ച് തൊഴിലാളികൾ അതിനെ അതിജീവിച്ചു. ആ മുദ്രാവാക്യങ്ങൾക്ക് തൊഴിലാളികൾ നൽകിയ വില ചെറുതായിരുന്നില്ല. കൃത്യമായ കണക്കുകൾ പുറത്ത് വന്നിട്ടില്ലെങ്കിലും രണ്ടായിരത്തോളം സമര പോരാളികൾ ജീവൻ നൽകി പടുത്തുയർത്തിയതാണ് പുന്നപ്ര വയലാറിന്റെ ചരിത്രം. 1946 ഒക്ടോബർ 24ന് പോലീസ് നടത്തിയ കൂട്ടക്കൊലയും, കൂടെയുള്ളവർ മരിച്ചുവീഴുമ്പോഴും തളരാതെ വാരിക്കുന്തവുമായി പോലീസിന്റെയും പട്ടാളത്തിന്റെയും തോക്കിൻമുന്നിലേക്ക് നടന്നു ചെന്ന പോരാളികളുടെ ചരിത്രം.

കേരളത്തിന്റെ തൊഴിലാളി സമര ചരിത്രത്തിലെ നാഴികക്കല്ലായ പുന്നപ്ര വയലാർ സമരത്തിന്റെ ഊർജ്ജമെന്താണ്?

ഒരു വലിയ സമരത്തിന് ആളുകളെ എങ്ങനെയായിരിക്കും പരുവപ്പെടുത്തിയത്? 1938 ൽ ആലപ്പുഴയിൽ നടന്ന പണിമുടക്കിലാണ് അത് ആരംഭിക്കുന്നത്. ആ സമരത്തിന് തയ്യാറെടുത്തവർ പുന്നപ്രയിലും വയലാറിലും പോലീസിനെയും രാജാവിനെയും ദിവാൻ സർ സി പിയെയും നെഞ്ചു വിരിച്ച് നേരിട്ടിരിക്കും. പുന്നപ്രയിൽ തൊഴിലാളികളുടെ ആയുധമായി കണക്കാക്കപ്പെട്ട വാരിക്കുന്തം ആദ്യമായി ഉപയോഗിക്കുന്നത് '38 ലെ സമരത്തിന്റെ ഭാഗമായിട്ടാണ്. അത് പ്രയോഗിക്കാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ പരിശീലിക്കുന്നത് കെ വി പത്രോസിന്റെ വീട്ടിലും പറമ്പിലുമാണ്.

കുന്തക്കാരൻ പത്രോസ്: ചരിത്രം നീതികാട്ടാത്ത വയലാർസമര പോരാളി
ചർച്ചയാകുന്ന ജാതി സെൻസസ് : എന്താണ് ഒബിസിയും അതിലെ ഉപവിഭാഗങ്ങളും ?

പത്രോസ് എന്ന സമര നേതാവിനെ മറന്നവർക്ക്, ഒരു സ്മാരകത്തിലൂടെപോലും ഓർക്കാൻ ശ്രമിക്കാത്തവർക്ക്, പത്രോസിന്റെ കാട്ടുങ്കൽ വീടിനെപ്പറ്റി ഒന്നോർമ്മിപ്പിക്കാം. പി കൃഷ്ണപിള്ളയും, ഇ എം എസ് നമ്പൂതിരിപ്പാടുമുൾപ്പെടെയുള്ളവർ തൊഴിലാളി സമര കാലത്തും സംഘടനാരൂപീകരണകാലത്തും നിരവധി ദിവസങ്ങൾ വന്നു താമസിച്ച വീടാണ് കാട്ടുങ്കൽ കണ്ടത്തിൽ വീട്. അവിടെ വന്ന മുഴുവൻ കമ്യൂണിസ്റ്റു നേതാക്കൾക്കും, ദാരിദ്ര്യത്തിലും വച്ചു വിളമ്പിയ റോസാ അന്ന എന്ന ഒരു സ്ത്രീയുണ്ട് അഥവാ പത്രോസിന്റെ അമ്മ. ഈ അമ്മയെ കുറിച്ച് എ കെ ജി അദ്ദേഹത്തിന്റെ ആത്മകഥയിൽ എഴുതുന്നുണ്ട്. സോവിയേറ്റ് എഴുത്തുകാരനായ മാക്സിം ഗോർക്കിയുടെ മദർ എന്ന നോവലിലെ തോഴിളികളോടൊപ്പം സമരം ചെയ്യുന്ന നിരക്ഷരയായ ആ അമ്മയോടാണ് എ കെ ജി കാട്ടുങ്കൽ കണ്ടത്തിൽ അന്ന റോസാ എന്ന ഈ അമ്മയെ ഉപമിച്ചത്. "ആ അമ്മ ഇന്നും പാർട്ടിയുടെ സ്വന്തം അമ്മ" എന്നുകൂടി എ കെ ജി എഴുതുന്നുണ്ട് .

കുന്തക്കാരൻ പത്രോസ്: ചരിത്രം നീതികാട്ടാത്ത വയലാർസമര പോരാളി
സിപിഎം പോരാട്ടം തുണച്ചു; മൂന്ന് പതിറ്റാണ്ടിനുശേഷം വച്ചാത്തിയില്‍ നീതി

കാട്ടുങ്കൽ വീട്ടിൽ, പത്രോസും അമ്മയും കൂടാതെ ഒരു സഹോദരനുമുണ്ട്, മരിയാൻ. സ്വന്തം ചേട്ടന്റെ പൊതുപ്രവർത്തനത്തിൽ ഒളിച്ചിരുന്നെങ്കിലും അമർഷം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു മരിയാൻ. ഒരു ദിവസം അർധരാത്രി മുഴുവൻ കൃഷ്ണപിള്ളയും പത്രോസും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നത് നോക്കിനിന്ന മരിയാനെ കുറിച്ച് ജി യദുകുലകുമാർ കെ വി പത്രോസിനെ കുറിച്ചെഴുതിയ കുന്തക്കാരനും ബലിയാടും എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. രാത്രി വൈകിയും ഇവർ സംസാരിക്കുന്നത് മരിയാൻ ഞെട്ടിയുണർന്ന് കണ്ടു നിൽക്കാറുണ്ട്, എന്നിട്ടയാൾ മനസ്സിൽ പറയും; 'ഇരുണ്ട രണ്ട് രൂപങ്ങൾ പ്രേതബാധയേറ്റതുപോലെ അഭിമുഖമായി ഇരുന്ന് ഏതോ ക്ഷുദ്ര ശക്തിയെ പറ്റി സംസാരിക്കും. ആരാണീ വീടും കൂടുമില്ലാതെ ചുറ്റി നടക്കുന്ന ഭീകരൻ' എന്ന്. ഒരുപാട് നേരം സംസാരിച്ചിരുന്ന്, ഒടുവിൽ ഒരേ പായയിൽ ഞങ്ങൾ കിടന്നുറങ്ങും എന്ന് പത്രോസ് തന്നെ കൃഷ്ണപിള്ളയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഒരു ബഹുജന സംഘടനയെ കെട്ടിപ്പടുത്ത ഒരു നേതാവിന്, അയാൾ മുന്നോട്ടു വച്ച ആശയത്തിന് ഇപ്പോൾ ആ സംഘടന എത്ര പ്രാധാന്യം നൽകുന്നുണ്ട് എന്നത് ചെറിയ ചോദ്യമല്ല. കുന്തക്കാരൻ പത്രോസിനെയും കാട്ടുങ്കൽ കണ്ടത്തിൽ വീട്ടിൽ നടന്ന സംഘടന പ്രവർത്തനങ്ങളെയും ഓർക്കാതെ എങ്ങനെ പുന്നപ്ര വയലാർ സമരാവേശം പൂർണമായി ഉൾക്കൊള്ളാനാകും?

logo
The Fourth
www.thefourthnews.in