ഇവരെ പൂട്ടാൻ മോദിക്ക് കാരണങ്ങളുണ്ട്

രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടാനും അറസ്റ്റ് ചെയ്യപ്പെടാനും കൂടുതല്‍ കാരണങ്ങളൊന്നും ആവശ്യമില്ലാത്ത രാജ്യമാണിത്. അഭിപ്രായങ്ങൾ പറയുന്നവർ ജയിലിൽ കിടക്കേണ്ടി വരും ചിലപ്പോൾ കൊല്ലപ്പെടേണ്ടിയും വരും

ന്യൂസ്‌ക്ലിക്ക് എന്ന വാര്‍ത്ത പോര്‍ട്ടലിലെ മാധ്യമപ്രവര്‍ത്തകരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും വസതികളില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ എത്തി മണിക്കൂറുകളോളം നടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍ ന്യൂസ്‌ക്ലിക്ക് ചീഫ് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയും എച്ച് ആര്‍ മേധാവിയും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല, ആക്ടിവിസ്റ്റുകളുടെയും ചരിത്രകാരന്മാരുടെയും വീടുകളും പൊലീസ് റെയ്ഡ് ചെയ്തു. ഇങ്ങനെ റെയ്ഡ് ചെയ്യപ്പെട്ടവര്‍ ചെയ്ത തെറ്റെന്താണ്? അവരവരുടെ മേഖലകളില്‍ ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവെന്നതാണ് ഇവര്‍ ചെയ്ത കുറ്റം. നോക്കാം ഇവർ ചെയ്ത മഹാപരാധങ്ങളെന്തൊക്കെയാണെന്ന്

ന്യൂസ്‌ക്ലിക്ക് പത്രാധിപര്‍ പ്രബീര്‍ പുരകായസ്ത

പ്രബീര്‍ പുരകായസ്ത ഈ വര്‍ഷം ജൂണില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തുടക്കം ഇങ്ങനെയാണ്, '1975 ലെ അടിയന്തരാവസ്ഥയാണെങ്കിലും ഇപ്പോഴത്തെ അടിയന്തരാവസ്ഥയാണെങ്കിലും, ഒരു ഇരയായി അറിയപ്പെടാന്‍ എനിക്ക് താല്പര്യമില്ല.' ഇങ്ങനെ ശക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു വാക്യം എഴുതാന്‍ അയാള്‍ക്ക് കരുത്ത് നല്‍കുന്നത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായിരുന്നതിന്റെ ശക്തിയും രാഷ്ട്രീയ ബോധ്യവും കൈമുതലാക്കി ഈ കാലഘട്ടത്തെ മനസിലാക്കാന്‍ സാധിക്കുന്നതാണ്.

നവലിബറല്‍ കാലത്ത് സാങ്കേതികവിദ്യയുടെ വികാസം നേരിട്ട് ക്യാപിറ്റലിസത്തെ സഹായിക്കുമെന്നും ശാസ്ത്രത്തിന്റെയും ശാസ്ത്രസര്‍വ്വകലാശാലകളുടെയും വികാസമാണ് നേരിട്ട് ജനങ്ങളെ ബാധിക്കുന്നതെന്നും പറയുന്ന 'നോളഡ്ജ് ആസ് കോമണ്‍സ്' പോലുള്ള പുസ്തകങ്ങളും, മാധ്യമ സ്വാതന്ത്രത്തിലേക്ക് എത്ര കൗശലത്തോടെയാണ് ഭരണകൂടം കയറിവരുന്നതെന്ന് വിളിച്ച് പറയുന്ന ലേഖനങ്ങളും മുതലാളിമാരെ സുഖിപ്പിക്കുന്നവരെയും രാജ്യം ഭരിക്കുന്നവരെയും അസ്വസ്ഥരാക്കി എന്നതാണ് പ്രബീറിന്റെ അറസ്റ്റിലൂടെ തെളിയുന്നത്.

പ്രബീര്‍ പുരകായസ്ത
പ്രബീര്‍ പുരകായസ്ത

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ സഞ്ജയ് രജൗറ

തമാശ പറയുന്നത് ഒരു കുറ്റകൃത്യമായി മാറുന്ന കാലമാണിതെന്ന തോന്നലിലേക്ക് നമ്മളെ എത്തിക്കുന്ന അവസാനത്തെ ഉദാഹരണമാണ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ സഞ്ജയ് രാജൗറയുടെ വസതിയിലെ റെയ്ഡും അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പരിശോധിച്ചതും. ഹാസ്യം പാറ്റകളെ പോലെ നിങ്ങള്‍ക്ക് ഒരിക്കലും ഇല്ലാത്തതാക്കാന്‍ സാധികാത്ത ഒന്നാണ്, ഒരണുബോംബ് വര്‍ഷിച്ചാല്‍ പോലും ഹാസ്യവും കുറെ പാറ്റകളും ഇവിടെ അവശേഷിക്കും എന്നെഴുതിയ ആളാണ് സഞ്ജയ് രജൗറ. ഗോഡി മീഡിയ എന്ന് വിളിക്കപ്പെടുന്ന, സര്‍ക്കാരിനെ സ്തുതിക്കുന്ന മുഴുവന്‍ മാധ്യമങ്ങളെയും അതിലെ അവതാരകരെയും ഒന്നൊഴിയാതെ പരിഹസിച്ചയാളാണ് സഞ്ജയ്. മുനവ്വര്‍ ഫാറൂഖിയിലൂടെയും, വീര്‍ ദാസിലൂടെയും, കുനാല്‍ കമ്രയിലൂടെയും തുടരുന്ന ഭരണകൂടത്താല്‍ വെറുക്കപ്പെട്ട ഹാസ്യകാരുടെ പട്ടികയില്‍ ഒടുവില്‍ സഞ്ജയ് രജൗറയും. ജനങ്ങള്‍ക്ക് അവരടങ്ങുന്ന സമൂഹത്തെ ഓര്‍ത്ത് ചിരിക്കാന്‍ തോന്നുന്നില്ലെങ്കില്‍ ആ സമൂഹം മരിച്ചതിനു തുല്യമായിരിക്കും എന്നെഴുതിയ സഞ്ജയ് രജൗറ, ഏറ്റവും ദുഷ്‌കരമായ അവസ്ഥയിലൂടെ സമൂഹം കടന്നുപോകുമ്പോഴാണ് ശക്തമായ ഹാസ്യം ഉണ്ടായിട്ടുള്ളെതെന്നും ഉറപ്പിച്ച് പറയും.

സഞ്ജയ് രജൗറ
സഞ്ജയ് രജൗറ
ഇവരെ പൂട്ടാൻ മോദിക്ക് കാരണങ്ങളുണ്ട്
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത റിമാന്‍ഡില്‍; ഏഴ് ദിവസം പോലീസ് കസ്റ്റഡിയില്‍

ഗീതാ ഹരിഹരന്‍

ഗീതാ ഹരിഹരന്‍ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ശക്തമായ സാന്നിധ്യമാണ്. അവരുടെ നോവലുകള്‍ ഇന്ത്യയിലെ അസഹിഷ്ണുതയേയും ജാതീയതയേയും, സ്ത്രീകളെയുമാണ് അഭിമുഖീകരിക്കുന്നത്. 'ഐ ഹാവ് ബികം ദി ടൈഡ്' എന്ന നോവലില്‍ ആശ എന്ന കറുത്ത നിറമുള്ള ദളിത് വിദ്യാര്‍ത്ഥി അവളുടെ സുഹൃത്ത് പ്രിയയുടെ വീട്ടില്‍ പോകുന്ന ഒരു രംഗമുണ്ട്. പ്രിയയുടെ മുത്തച്ഛന്‍ ആശയെ നോക്കി 'നീ ഏതാണ് ജാതി?' എന്ന് ചോദിക്കുന്നു. ഇന്ത്യയുടെ ആത്മാവിലേക്ക് നീളുന്ന ചോദ്യമാണത്.

പെരുമാള്‍ മുരുകന്റെ മധുരോഭാഗന്‍ എന്ന വിവാദ നോവല്‍ അനിരുദ്ധന്‍ വാസുദേവന്‍ 'വണ്‍ പാര്‍ട്ട് വുമണ്' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തപ്പോള്‍, അതിന് മികച്ച പരിഭാഷയ്ക്കുള്ള സാഹിത്യ അക്കാഡമി അവാര്‍ഡ് നല്‍കിയ ജൂറിയില്‍ ഗീത ഹരിഹരന്‍ ഉണ്ടായിരുന്നു. ആ നോവല്‍ ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതിനാല്‍ അവാര്‍ഡ് പിന്‍വലിക്കണം എന്ന ആവശ്യമുയര്‍ന്നപ്പോള്‍ അവാര്‍ഡ് തിരിച്ചു നല്‍കരുത് എന്ന് പറഞ്ഞ ജൂറി അംഗം കൂടിയാണ് ഗീതാ ഹരിഹരന്‍.

ഗീതാ ഹരിഹരന്‍
ഗീതാ ഹരിഹരന്‍

ടീസ്ത സെതല്‍വാദ്

ടീസ്ത സെതല്‍വാദ് അവരുടെ കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നത് 1984 ല്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ നിന്നാണ്. ടീസ്ത കാണുന്ന രണ്ടാമത്തെ കലാപം, ഇന്ത്യന്‍ വലതുപക്ഷം അവരുടെ ഭാവി കെട്ടിപ്പടുത്ത 1992 ലെ ബാബരി മസ്ജിദ് ആക്രമണമാണ്. മൂന്നാമത്തേത് 2002 ലെ ഗുജറാത്ത് കലാപം. ഇത് മൂന്നും കണ്ട് വിറങ്ങലിച്ച ഒരാള്‍ക്ക് മൂന്നാമത്തേതില്‍ നിന്നും തിരിഞ്ഞു നോക്കാതെ നടന്നുപോരാനാകുമായിരുന്നു, എന്നാല്‍ അതിജീവിക്കുകയല്ല പ്രതിരോധിക്കുകയാണ് വേണ്ടതെന്ന തീരുമാനത്തിലാണ് ടീസ്ത എത്തിയത്. 1984 ല്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടക്കൊലയില്‍ നമ്മള്‍ പ്രതികരിച്ചിരുന്നെങ്കില്‍ '92 ലെ കലാപം നടക്കില്ലായിരുന്നു എന്ന് ടീസ്ത പറയുന്നുണ്ട്

ടീസ്തയും സംഘപരിവാര്‍ ഭരണകൂടവും കാലങ്ങളായി നേര്‍ക്കുനേര്‍ യുദ്ധത്തിലാണ്. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടന രൂപീകരിച്ചു. ഗുല്‍ബെര്‍ഗയില്‍ കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജെഫ്രിയുടെ ഭാര്യ സാകിയ ജിഫ്രി ഉള്‍പ്പെടെയുള്ളവരുടെ പരാതികള്‍ക്കൊപ്പം നിന്നു. ഒടുവില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജ തെളിവുകള്‍ നിര്‍മ്മിച്ചെന്നാരോപിച്ച് ടീസ്തയ്‌ക്കെതിരെ പോലീസ് കേസെടുത്തു. അവിടെ നിന്നിങ്ങോട്ട് പോലീസിനെയും ജുഡിഷ്യറിയയെയും നേരിട്ട്, അനിശ്ചിതത്വങ്ങള്‍ മാത്രമുള്ള ഒരു ജീവിതം ജീവിക്കുന്ന ടീസ്ത സെതല്‍വാദിന് ചോദ്യം ചെയ്യല്‍ പുത്തരിയൊന്നുമല്ല. പോലീസില്‍ കീഴടങ്ങാന്‍ ഗുജറാത്ത് ഹൈക്കോടതി പറഞ്ഞിടത്ത് നിന്ന് ജാമ്യം അനുവദിച്ചാല്‍ എന്താ മാനം ഇടിഞ്ഞു വീഴുമോ എന്ന് ചോദിച്ചാണ് സുപ്രീം കോടതി അവരെ തിരിച്ചു വീട്ടിലേക്കയച്ചത്.

ഇവരെ പൂട്ടാൻ മോദിക്ക് കാരണങ്ങളുണ്ട്
ചൈനീസ് താത്പര്യങ്ങളുടെ മുഖപത്രമല്ല, നിയമനടപടിയുടെ പവിത്രതയെ മാനിക്കും; നിലപാട് നേരത്തേ വ്യക്തമാക്കി ന്യൂസ്‌ക്ലിക്ക്
ടീസ്ത സെതല്‍വാദ്
ടീസ്ത സെതല്‍വാദ്

പരഞ്‌ജോയ് ഗുഹ തക്കുര്‍ത്ത

അദാനിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കപ്പെട്ട വ്യക്തിയാണ് പഴയ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മുന്‍ എഡിറ്റര്‍ പറഞ്‌ജോയ് ഗുഹ തക്കുര്‍ത്ത. 20 വര്‍ഷം മുമ്പ് ആര്‍ക്കും അറിയുകപോലുമില്ലായിരുന്ന ഗൗതം അദാനിയെന്ന ബിസിനെസ്സുകാരന്റെ വളര്‍ച്ച എങ്ങനെയാണ് ഇത്ര വേഗത്തിലായത് എന്ന കൗതുകം തക്കുര്‍ത്തയെ കടുത്ത അദാനി വിമര്‍ശകനാക്കി. 2015 മുതല്‍ അദാനിക്കെതിരെ ശക്തമായ ലേഖനങ്ങള്‍ തക്കുര്‍ത്തയുടേതായി വന്നു തുടങ്ങി.

അദാനി വിമര്‍ശനം കാരണം ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ നിന്ന് ജോലി രാജിവെക്കേണ്ടി വന്ന എഡിറ്റര്‍ കൂടിയാണ് തക്കുര്‍ത്ത. രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള ലേഖനം പിന്‍വലിക്കാതെ മുറിയില്‍ നിന്ന് പുറത്തിറങ്ങാനാകില്ല എന്ന് മാനേജ്മന്റ് പറഞ്ഞപ്പോള്‍ ലേഖനം പിന്‍വലിച്ച് ഒരു കടലാസ്സില്‍ തന്റെ രാജിക്കത്തും എഴുതിക്കൊടുത്ത് അയാള്‍ അവിടെ നിന്നിറങ്ങി.

ഇന്ത്യയില്‍ അദാനി ഗ്രൂപ്പ് ഏറ്റവും കൂടുതല്‍ മാനനഷ്ടക്കേസ് നല്‍കിയിട്ടുള്ളത് പരഞ്‌ജോയ് തക്കുര്‍ത്തയ്‌ക്കെതിരെയാണ്. 6 മനനഷ്ടക്കേസുകളാണ് ഇദ്ദേഹത്തിനെതിരെ അദാനി ഗ്രൂപ്പ് നല്‍കിയത്.

പരഞ്‌ജോയ് ഗുഹ തക്കുര്‍ത്ത
പരഞ്‌ജോയ് ഗുഹ തക്കുര്‍ത്ത

മേല്പറഞ്ഞവരെല്ലാം സാമൂഹിക ദ്രോഹികളായി മുദ്രകുത്തപ്പെടാനും അറസ്റ്റ് ചെയ്യപ്പെടാനും ഇതിലും കൂടുതല്‍ കാരണങ്ങളൊന്നും ആവശ്യമില്ലാത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. 2007 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ആളാണ് ടീസ്ത സെതല്‍വാദ്, കോമണ് വെൽത്ത് സാഹിത്യപുരസ്‌കാരം നേടിയ ആളാണ് ഗീത ഹരിഹരന്‍, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മാധ്യമപ്രവർത്തകനാണ് പരഞ്‌ജോയ് തക്കുര്‍ത്ത. ഒളിമ്പിക് മെഡല്‍ നേടിയ ഗുസ്തി താരങ്ങളെ രാജ്യം കൈകാര്യം ചെയ്തതുകൂടി ഇതിന്റെ കൂടെ വായിച്ചാല്‍ ഒരു കാര്യം മനസിലാകും, മിണ്ടാതിരിക്കാന്‍ പഠിക്കണം. ആരായാലും കൊള്ളാം ശബ്ദമുയര്‍ത്താതെ സ്വന്തം കാര്യം നോക്കി ജീവിക്കണം. കാണുന്നതിനൊക്കെ അഭിപ്രായം പറയാന്‍ നിന്നാല്‍ ജയിലില്‍ കിടക്കേണ്ടി വരും. ചിലപ്പോള്‍ കൊല്ലപ്പെടേണ്ടിയും വരും. തോന്നുന്നവരെ പിടിച്ചകത്തിടുന്നതൊന്നുമല്ല, ഇവിടെ സർക്കാർ വിമർശനമാണ് രാജ്യദ്രോഹം. സ്വന്തം അഭിപ്രായം പറയുന്നവരും എഴുതുന്നവരുമാണ് തീവ്രവാദികൾ. നീതി ബോധം ഈ നാട്ടില്‍ ഒരു ബാധ്യതയാകുമെന്ന് ചുരുക്കം.

ഇവരെ പൂട്ടാൻ മോദിക്ക് കാരണങ്ങളുണ്ട്
പ്രബീർ പുരകായസ്ത: അടിയന്തരാവസ്ഥയെ അതിജീവിച്ച പത്രാധിപർ

Related Stories

No stories found.
logo
The Fourth
www.thefourthnews.in