വിമതർക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി മോദി 3.0; തുടക്കം അരുന്ധതി റോയിയിൽ നിന്നോ?

വിമത ശബ്ദങ്ങൾ ആരുയർത്തിയാലും അവരെയെല്ലാം പിടിച്ചകത്തിടാൻ തനിക്ക് മടിയില്ലെന്ന മുന്നറിയിപ്പാകണം ഇതിലൂടെ നരേന്ദ്ര ദാമോദർദാസ് മോദി നൽകാൻ ശ്രമിക്കുന്നത്

വിശ്വപ്രസിദ്ധയായ എഴുത്തുകാരിയും അതിലുപരി ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങളെ എല്ലാകാലത്തും നഖശിഖാന്തം എതിർത്തിരുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാളിയുമാണ് അരുന്ധതി റോയ്. അവർക്കെതിരെയാണ് 14 വർഷം പഴക്കമുള്ള ഒരു കേസിൽ യുഎപിഎ ചുമത്താൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനുവാദം കൊടുത്തിരിക്കുന്നത്. 2010-ൽ കശ്മീരിനെക്കുറിച്ച് നടത്തിയ പരാമർശമാണ് കേസിന് ആധാരം. എന്നാൽ എന്തുകൊണ്ട് ഇപ്പോൾ എന്നതാണ് ചോദ്യം.

കഴിഞ്ഞ പത്ത് വർഷമായി, ഭരണകൂടത്തോട് ചോദ്യം ചോദിക്കുന്ന രാജ്യത്തെ പ്രധാന ആക്ടിവിസ്റ്റുകളെയെല്ലാം മോദി സർക്കാർ തടവറയിലേക്ക് തള്ളുമ്പോഴും നിങ്ങളെ മാത്രം എന്തുകൊണ്ട് വെറുതെ വിടുന്നു എന്ന ചോദ്യം ഒരിക്കൽ അരുന്ധതി റോയിക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ടെന്ന് ലോകത്തെ ബോധിപ്പിക്കുകയാണ് മോദി അതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നായിരുന്നു അരുന്ധതി റോയിയുടെ മറുപടി. എന്നാൽ ഇനി അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് മോദി ഭരണകൂടം അരുന്ധതി റോയിയെ വേട്ടയാടുന്നതിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.

2010ൽ കശ്മീരിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് 14 വർഷങ്ങൾക്കിപ്പുറവുമുള്ള വേട്ടയാടൽ

അതായത്, തന്റെ ശക്തി ക്ഷയിച്ചുവെന്ന നരേറ്റിവുകൾക്കെല്ലാം ഒരു മറുപടി. വിമത ശബ്ദങ്ങൾ ആരുയർത്തിയാലും, ആര് ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ എടുത്തുകാട്ടിയാലും അവരെയെല്ലാം പിടിച്ചകത്തിടാൻ തനിക്ക് മടിയില്ലെന്ന മുന്നറിയിപ്പാകണം ഇതിലൂടെ നരേന്ദ്ര ദാമോദർദാസ് മോദി നൽകാൻ ശ്രമിക്കുന്നത്. താൻ ഇപ്പോഴും കരുത്തനാണെന്ന് കാണിക്കാൻ സർവാധികാരി കാണിക്കുന്ന ഒരു നീക്കമായിരിക്കാം ഇത്.

അരുന്ധതി റോയിയെ പൂട്ടാനുറപ്പിച്ച തരത്തിലാണ് നിലവിലെ ഭരണകൂടത്തിന്റെ പ്രവർത്തനം. 2010-ൽ കശ്മീരിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് 14 വർഷങ്ങൾക്കിപ്പുറവുമുള്ള വേട്ടയാടൽ. 2023 ഒക്ടോബർ മൂന്നിന് ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്ഥയെ അറസ്റ്റ് ചെയ്തതിനെതിരെ അരുന്ധതി റോയ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമായിരുന്നു സംഘടിപ്പിച്ചത്. അതോടെയാണ് അരുന്ധതി റോയ് വീണ്ടും ഭരണകൂടത്തിന്റെ കണ്ണിലെ കരടാകുന്നത്.

വി കെ സക്സേന
വി കെ സക്സേന

2023 ഒക്ടോബർ പത്തിന്, അങ്ങനെ 13 വർഷം പഴക്കമുള്ള കേസ് വീണ്ടും കുത്തിപ്പൊക്കി. 2010-ൽ രജിസ്റ്റർ ചെയ്ത കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നെങ്കിലും 124എ പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പക്ഷെ ഭരണകൂടത്തിന് തിരിച്ചടിയായി. അങ്ങനെ വന്നാൽ കേസ് കോടതി സ്വീകരിക്കില്ല അവസ്ഥ വന്നു. കാരണം കേസിന്റെ കാലപ്പഴക്കം തന്നെ. അങ്ങനെയൊരു പ്രശ്‌നത്തെ മറികടക്കുകയാണ് നിലവിലെ യു എ പി എ യിലൂടെ സർക്കാർ ശ്രമിക്കുന്നത്.

ജനാധിപത്യവാദി ദേശവിരുദ്ധയാക്കപ്പെടുമ്പോൾ

നവലിബറൽ ലോകഘടനയിൽ, അധികാരത്തിന്റെ മത്ത് പിടിച്ച ഭരണാധികാരികൾ കോര്‍പറേറ്റ് താൽപര്യങ്ങളുടെ നടത്തിപ്പുകാരാകുമ്പോൾ വർഗീയതയും വംശീയതയും ആയുധമാക്കുന്നവർ ലോകം വാഴുമ്പോൾ, സത്യത്തിന്റെയും നീതിയുടെയും പ്രകാശവാഹകരായി മാറേണ്ട മാധ്യമങ്ങൾ ഭരണകൂട ജിഹ്വകളായി അധഃപതിക്കുമ്പോൾ, നീതിക്കെതിരായ ഇത്തരം നീക്കങ്ങൾക്കെതിരെ നിരന്തരം ശബ്ദിക്കുന്ന, ആക്ടിവിസ്റ്റ് ഇന്റലക്ച്വല്‍ ആണ്, ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ വിമത, അരുന്ധതി റോയ്. ഒരു മോദിയോട് മാത്രമല്ല, ഫാസിസ്റ്റ് പ്രവണത പുറത്തെടുത്ത ഓരോ അധികാരകേന്ദ്രങ്ങളോടും അരുന്ധതി റോയ് നിരന്തര കലഹത്തിലേർപ്പെട്ടു.

ആദ്യ നോവലായ 'ദ ഗോഡ് ഓഫ് സ്മാൾ തിങ്ങ്‌സ്' മാൻ ബുക്കർ പ്രൈസ് നേടി, എഴുത്തുകാരിയെന്ന നിലയിൽ പ്രസിദ്ധയായ അരുന്ധതി റോയിലെ ആക്ടിവിസ്റ്റിനെ ലോകം തിരിച്ചറിയുന്നത് വാജ്പേയി കാലത്ത് പൊഖ്റാനിൽ നടത്തിയ ആണവായുധ പരീക്ഷണത്തിന് പിന്നാലെയാണ്. അന്നവർ എഴുതിയ 'എൻഡ് ഓഫ് ഇമാജിനേഷൻ' ഇന്ത്യയുടെ ആണവ നയത്തെക്കുറിച്ചുള്ള വിമർശനാത്മകമായി സമീപിക്കുന്നതായിരുന്നു. അവിടെ നിന്നങ്ങോട്ട് ജനാധിപത്യ സർക്കാരുകൾ തന്നെ ജനാധിപത്യത്തെ തകർക്കാനൊരുങ്ങുന്നു എന്ന് തോന്നലുണ്ടാക്കിയപ്പോഴെല്ലാം അരുന്ധതിയുടെ ശബ്ദം ഉയർന്നു കേട്ടു.

വിമതർക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി മോദി 3.0; തുടക്കം അരുന്ധതി റോയിയിൽ നിന്നോ?
14 വർഷം പഴക്കമുള്ള പ്രസംഗത്തിന് യുഎപിഎ; നീക്കം അരുന്ധതി റോയ്‌യെ പൂട്ടാൻ തന്നെ!

നർമദാ നദിയിലെ അണക്കെട്ട് നിർമാണത്തിനെതിരെയുള്ള പോരാട്ടത്തിലും, മാവോയിസ്റ്റുകൾക്കെതിരായ വേട്ടയാടലിനെതിരെയും, കശ്മീരിലെ ഉൾപ്പെടെ രാജ്യത്തെ ഓരോ ഇടങ്ങളിലെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും അരുന്ധതി റോയ് ശബ്ദിച്ചു, പ്രസംഗിച്ചു, ബുക്കുകളും പ്രബന്ധങ്ങളുമെഴുതി. വോക്കിങ് വിത്ത് ദ കോമ്രേഡ്‌സ്‌, ഏറ്റവുമൊടുവിലിറങ്ങിയ 'ആസാദി' എല്ലാം അതിന്റെ ചില ഉദാഹരണങ്ങൾ മാത്രം. അമേരിക്കൻ ഭരണകൂടം സ്വന്തം പൗരന്മാരിൽ ചാരപ്രവർത്തനം നടത്തുന്നവെന്ന് തെളിയിച്ച എഡ്വേഡ് സ്‌നോഡനുമായി റഷ്യയിൽ നടത്തിയ സംഭാഷണവും ലോക ശ്രദ്ധയാകർഷിച്ചതാണ്.

മുസ്ലീങ്ങളെ ഇരകളാക്കിയവർ രാജ്യം ഭരിക്കുമ്പോൾ, ഇന്ത്യയെ എങ്ങനെ ജനാധിപത്യരാജ്യമെന്ന് വിളിക്കാനാകുമെന്ന് അരുന്ധതി റോയ് വിളിച്ചു പറയും. മോദി താങ്കൾ പ്രധാനമന്ത്രിക്കസേരയിൽനിന്ന് ഇറങ്ങിപ്പോകുവെന്ന് അവർ ഉറക്കെയുറക്കെ അലറിവിളിക്കും. ഇന്ത്യൻ ഫാസിസത്തിന്റെ തച്ചുശാസ്‌ത്രം നടപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളെയും അവർ ഇനിയും എതിർക്കും. സി എ എ സമരകാലത്തും മറ്റുബഹുജന പ്രക്ഷോഭങ്ങളിലുമെല്ലാം അത് ലോകം കണ്ടതാണ്.

വിമതർക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി മോദി 3.0; തുടക്കം അരുന്ധതി റോയിയിൽ നിന്നോ?
മോദിയെ വാഴ്ത്തുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് അറിയുമോ ജനാധിപത്യം ഇല്ലാതാക്കപ്പെടുന്ന ഈ രാജ്യത്തിന്റെ കഥ?

നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിയും ബുദ്ധിജീവിയുമാണ് അരുന്ധതി. ഹിന്ദുത്വ ഫാസിസത്തിന്റെ ഭീകരതയെക്കുറിച്ച് ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലേക്ക് കൊണ്ടുവന്ന വരിൽ പ്രധാനി. മൂന്നാം മോദി ഭരണകൂടം അതിന്റെ ആദ്യ യുദ്ധ പ്രഖ്യാപനം, ലോക പ്രശസ്തയായ ഒരു എഴുത്തുകാരിക്കെതിരെ നടത്തിയിരിക്കുന്നു. ഇന്ത്യ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് വളരെ പ്രധാനമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in