രാജാക്കന്‍മാരെ ഉണ്ടാക്കലല്ല, വിഷം ചീറ്റലാണ്; തൊഴിലാളി വിരുദ്ധത മുഖമുദ്രയാക്കിയവരില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കരുത്

രാജാക്കന്‍മാരെ ഉണ്ടാക്കലല്ല, വിഷം ചീറ്റലാണ്; തൊഴിലാളി വിരുദ്ധത മുഖമുദ്രയാക്കിയവരില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കരുത്

മുന്നിലിരിക്കുന്ന തന്നെ കേൾക്കാൻ വന്നവരെ നിസ്സാരരായി കാണുകയും അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നതാണ് അനിൽ ബാലചന്ദ്രൻ്റെ രീതി.

സ്വയം കിംഗ് മേക്കർ എന്നു വിശേഷിപ്പിക്കുന്ന ബിസിനസ് 'മോട്ടിവേഷണൽ സിംഹം' അനിൽ ബാലചന്ദ്രന്റെ മോട്ടിവേറ്റഡ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. റോട്ടറി കാലിക്കറ്റ് സൈബര്‍സിറ്റിയുടെ നേതൃത്വത്തില്‍ മെയ് 22ന് മൈ ബിസിനസ് മൈ ഫ്യൂച്ചര്‍ എന്ന പേരില്‍ നടത്തിയ പരിപാടിയിലെ അനിൽ ബാലചന്ദ്രന്റെ അസഭ്യവർഷം വലിയ ചര്‍ച്ചയാണ്.

ബിസിനസുകാരെയും, ഉപഭോക്താക്കളെയും തെണ്ടികളെന്ന് വിളിച്ച് അധിക്ഷേപിച്ച് കൊണ്ടാണ് തന്റെ സ്ഥിരം ശൈലിയില്‍ അനില്‍ മോട്ടിവേഷന്‍ വാരിച്ചൊരിഞ്ഞത്. തെണ്ടികളെ പോലെ കസ്റ്റമേഴ്‌സിന്റെ പിന്നാലെ ബിസിനസുകാര്‍ പോകരുതെന്നാണ് ഇദ്ദേഹത്തിന്റെ പ്രധാന ഉപദേശം. നാല് ലക്ഷം രൂപ നേരത്തെ പ്രതിഫലമായി വാങ്ങിയ പരിപാടി മനപ്പൂര്‍വം ഒരു മണിക്കൂര്‍ വൈകിച്ച ആളാണ് ഇത് പറയുന്നത് എന്നു മറക്കരുത്. കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കാൻ നേരത്തെ തന്നെ സ്ഥലത്തെത്തിയ അനിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വളരെ കുറവാണെന്നു പറഞ്ഞ് താൻ ട്രെയിനിങ് ചെയ്യില്ല എന്നറിയിച്ച് ഹോട്ടൽ മുറിയിൽ തന്നെ ഇരിക്കുകയായിരുന്നെന്ന് സംഘാടകർ തന്നെ പറയുന്നു. നേരത്തെ പണം കൊടുത്തുപോയതുകൊണ്ട് കയ്യും കാലും പിടിച്ചാണ് ഒടുവിൽ അയാളെ സ്റ്റേജിൽ എത്തിച്ചത്.

താന്‍ സംഘാടകരെ വെള്ളം കുടിപ്പിച്ചെന്ന് വേദിയിൽ പുച്ഛത്തോടെ പറയുന്ന അനിലിനെയും നമുക്ക് കാണാം. അവസാനം ഒരാവേശംകേറി മുന്നിലിരിക്കുന്നവരെ തെണ്ടികളെന്നു വിളിക്കാനും അനിൽ ബാലചന്ദ്രൻ മുതിർന്നു. തെണ്ടികള്‍ എന്ന് വിളിച്ച അനിലിനെ മോട്ടിവേഷന്‍ കേള്‍ക്കാന്‍ വന്നവര്‍ തന്നെ അവസാനം ഓടിച്ച് വിടേണ്ടി വന്നു.

സമൂഹമാധ്യമങ്ങളിലൂടെ അനിലിനെ അറിയുന്നവര്‍ക്ക് ഈ സംഭവം കേട്ട് വലിയ ഞെട്ടലൊന്നുമുണ്ടാകില്ല. മുന്നിലിരിക്കുന്ന തന്നെ കേൾക്കാൻ വന്നവരെ നിസ്സാരരായി കാണുകയും അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നതാണ് അയാളുടെ രീതി. അങ്ങേയറ്റം തൊഴിലാളി വിരുദ്ധത പറയുന്ന, സാധാരണക്കാരായ ഉപഭോക്താക്കളെ ഒട്ടും പരിഗണിക്കാത്ത ഒരു വരേണ്യവിഭാഗമാകണം വ്യവസായികൾ എന്ന് പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്ന അയാളിൽ നിന്ന് ഇതിലും മെച്ചപ്പെട്ട ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

രാജാക്കന്‍മാരെ ഉണ്ടാക്കലല്ല, വിഷം ചീറ്റലാണ്; തൊഴിലാളി വിരുദ്ധത മുഖമുദ്രയാക്കിയവരില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കരുത്
കനി: ഇസ്ലാമോഫോബിയയും ആവേശക്കമ്മിറ്റിക്കാരും

കസ്റ്റമറാണ് പ്രധാനം എന്നതിന് പകരം ബിസിനസുകാരാണ് രാജാവെന്ന് പറയുക മാത്രമല്ല, കസ്റ്റമര്‍ക്ക് പുല്ലുവിലപോലും നൽകരുതെന്നും ഇയാൾ ആവർത്തിക്കുന്നു. കസ്റ്റമര്‍, അതായത് നമ്മളെ പോലെയുള്ള ഉപഭോക്താക്കള്‍ ഇത്തരം മുതലാളിമാരെ തൊഴുത് നിൽക്കുന്ന സഹചര്യമുണ്ടാകണമെന്നാണ് ചുരുക്കിപ്പറഞ്ഞാൽ കിംഗ് മേക്കറിന് പറയാനുള്ളത്.

ഉല്‍പ്പന്നങ്ങളെയും ആവശ്യക്കാരെയും അനുസരിച്ചായിരിക്കും ഓരോ ബിസിനസും മുന്നോട്ട് പോകുകയെന്നിരിക്കെ, പ്രീമിയം എന്ന് വിളിക്കപ്പെടുന്ന, മിഡില്‍ ക്ലാസിന് മുകളിലുള്ള കസ്റ്റമേഴ്‌സിനെ മാത്രം ലക്ഷ്യം വച്ചുള്ള ഉപദേശം മാത്രമാണ് ഇയാള്‍ക്ക് നല്‍കാനുള്ളത്. അതും അവരെ അങ്ങേയറ്റം അപഹസിച്ചു കൊണ്ട്. കമ്പനിയിലെ സ്റ്റാഫുകൾ നല്ല രീതിയില്‍ ഒരുങ്ങിവരുന്നതിനെ പോലും എതിര്‍ക്കണമെന്നു പഠിപ്പിക്കുന്ന അള്‍ട്ടിമേറ്റ് സ്പീക്കറാണ് ഈ സ്വയം പ്രഖ്യാപിത കിങ് മേക്കര്‍.

രാജാക്കന്‍മാരെ ഉണ്ടാക്കലല്ല, വിഷം ചീറ്റലാണ്; തൊഴിലാളി വിരുദ്ധത മുഖമുദ്രയാക്കിയവരില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കരുത്
സ്ത്രീ വിരുദ്ധതയ്ക്ക് രമയ്ക്കും പതിവ് മറുപടി മാത്രമോ?

ഒരു ബിസിനസുകാരന് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഏത് വിഭാഗത്തിലുള്ളവരെ ഉദ്ദേശിച്ച് പുറത്തിറക്കണമെന്ന കൃത്യമായ ധാരണയുണ്ടായിരിക്കാം. അത് തീര്‍ത്തും അവരുടെ താല്പര്യമാണ്. എന്നാല്‍ എല്ലാതരം ബിസിനസുകാരെയും ഒരു വേദിയില്‍ വിളിച്ചിരുത്തി ഒരു വിഭാഗത്തെ മാത്രമേ പരിഗണിക്കാവൂ എന്ന് പറയുന്നത് ഉള്ളിലെ വരേണ്യബോധത്തില്‍ നിന്നുമുള്ള വിഷം ചീറ്റലാണ്. അത് തന്നെയാണ് അനിൽ ബാലചന്ദ്രനിൽ നിന്നും പുറത്ത് ചാടിക്കൊണ്ടിരിക്കുന്നത്. ഇത്രയും നാള്‍ തുടര്‍ന്നത് പോലെ ഇനിയും അയാൾ ഇതേ രീതിയില്‍ മോട്ടിവേറ്റ് ചെയ്യുമായിരിക്കും, തെറി അഭിഷേകം നടത്തുമായിരിക്കും, മണിക്കൂറിന് നാലും അഞ്ചും ആറും ലക്ഷങ്ങളും വാങ്ങുമായിരിക്കും. അതുകേട്ട് പലർക്കും രോമാഞ്ചവും ഉണ്ടാകുമായിരിക്കും. പക്ഷെ ഉപഭോക്താക്കളോട് പ്രതിബദ്ധതയില്ലാത്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ ജനങ്ങൾ രണ്ടാമതോന്നലോചിക്കില്ല എന്നു കൂടി നിങ്ങൾ ഓർക്കുന്നത് നല്ലതായിരിക്കും.

logo
The Fourth
www.thefourthnews.in