2024 ഗഗന്‍യാന്റെ വര്‍ഷം; നിരവധി സുപ്രധാന പരീക്ഷണങ്ങള്‍ക്ക്  ഐഎസ്ആർഒ, രണ്ടാമത്തേത് ഉടന്‍

2024 ഗഗന്‍യാന്റെ വര്‍ഷം; നിരവധി സുപ്രധാന പരീക്ഷണങ്ങള്‍ക്ക് ഐഎസ്ആർഒ, രണ്ടാമത്തേത് ഉടന്‍

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ 2025ല്‍ യാഥാര്‍ഥ്യമാക്കാനുള്ള ഊര്‍ജിതശ്രമങ്ങളിലാണ് ഐഎസ്ആര്‍ഒ

2024നെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ വര്‍ഷമെന്ന് വിശേഷിപ്പിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ദൗത്യം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നിരവധി സുപ്രധാന പരീക്ഷണങ്ങള്‍ ഈ വര്‍ഷം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്സ്പോസാറ്റ് വിജയകരമായി വിക്ഷേപിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോമനാഥ്.

''2024 ഗഗന്‍യാന്‍ ദൗത്യത്തിന് സജ്ജമാക്കുന്നതിനുള്ള വര്‍ഷമായിരിക്കും. നിരവധി പരീക്ഷണങ്ങളാണ് വരാനിരിക്കുന്നത്. ഗന്‍യാന്റെ പാരച്യൂട്ട് സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കാന്‍ ഹെലികോപ്റ്റര്‍ അധിഷ്ഠിത ഡ്രോപ്പ് ടെസ്റ്റ് നടത്തും. ഒന്നിലധികം ഡ്രോപ്പ് ടെസ്റ്റുകളും ഉണ്ടാകും. കൂടാതെ നൂറുകണക്കിന് മൂല്യനിര്‍ണയ പരിശോധനകളുമുണ്ടാകും. അതോടൊപ്പം ജിഎസ്എല്‍വി റോക്കറ്റിന്റെ വിക്ഷേപണങ്ങളും നടത്തും. 12 മാസത്തിനുള്ളില്‍ നമ്മുടെ ലക്ഷ്യത്തില്‍ കുറഞ്ഞത് 12 ദൗത്യങ്ങളെങ്കിലും ഉണ്ടായിരിക്കണം,'' സോമനാഥ് പറഞ്ഞു.

2024 ഗഗന്‍യാന്റെ വര്‍ഷം; നിരവധി സുപ്രധാന പരീക്ഷണങ്ങള്‍ക്ക്  ഐഎസ്ആർഒ, രണ്ടാമത്തേത് ഉടന്‍
ഐഎസ്ആർഒയുടെ പുതുവത്സര സമ്മാനം; എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

ദൗത്യത്തിനുവേണ്ടിയുള്ള ഹാര്‍ഡ്വെയറുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതും പരിശോധനകള്‍ നടത്തുന്നതും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ. ഈ രണ്ടു കാര്യങ്ങളില്‍ വൈകലുണ്ടായാല്‍ അത് ദൗത്യം നീളാന്‍ ഇടയായേക്കും. 2024ല്‍ കുറഞ്ഞത് 12-14 പരീക്ഷണ ദൗത്യങ്ങളാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ 2025ല്‍ യാഥാര്‍ഥ്യമാക്കാനുള്ള ഊര്‍ജിതശ്രമങ്ങളിലാണ് ഐഎസ്ആര്‍ഒ. ദൗത്യം മനുഷ്യയാത്രയ്ക്ക് സുരക്ഷിതമാണെന്ന് ഉറപ്പുവരുന്നതിന് നിരവധി പരീക്ഷണങ്ങളും കടമ്പകളും താണ്ടേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി രണ്ട് അബോര്‍ട്ട് ദൗത്യ പരീക്ഷണങ്ങള്‍ ഈ വര്‍ഷം നടക്കും. ഇതില്‍ ആദ്യത്തേത് മാര്‍ച്ചിനുള്ളിലുണ്ടാകുമെന്നാണ് ഐഎസ്ആര്‍ഒ നേരത്തെ നല്‍കിയ സൂചന. ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി കടലില്‍ വീഴ്ത്തുന്ന ക്രൂ മൊഡ്യൂള്‍ ശരിയായ സ്ഥാനം കൈവരിച്ച് പൊങ്ങിനില്‍ക്കുന്നത് ഉറപ്പാക്കാനുള്ള പരീക്ഷണമാണ് ഉടന്‍ നടത്താനിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ 2025ല്‍ യാഥാര്‍ഥ്യമാക്കാനുള്ള ഊര്‍ജിതശ്രമങ്ങളിലാണ് ഐഎസ്ആര്‍ഒ

ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉള്‍പ്പെടുന്ന ആദ്യ അബോര്‍ട്ട് പരീക്ഷണമായ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ -1 (ടിവി ഡി-1) ഒക്ടോബര്‍ 21ന് വിജയകരമായി പരീക്ഷിച്ചിരുന്നു. റോക്കറ്റില്‍നിന്ന് ക്രൂ മൊഡ്യൂള്‍ മാതൃക ബംഗാള്‍ ഉള്‍ക്കടലില്‍ വീഴ്ത്തുകയും തുടര്‍ന്ന് വീണ്ടെടുക്കുകയും ചെയ്തതായിരുന്നു ഈ പരീക്ഷണം. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പരീക്ഷണങ്ങള്‍.

പരീക്ഷണ ദൗത്യങ്ങളിലേതുപോലെ യഥാര്‍ഥ ദൗത്യത്തിലും പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ വീഴ്ത്തിയശേഷം വീണ്ടെടുക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനാല്‍ കടലില്‍ വീഴുന്ന പേടകം തലകീഴായി മറിഞ്ഞുപോകാതെ ശരിയായ സ്ഥാനം കൈവരിക്കേണ്ടത് ബഹിരാകാശ യാത്രികരുടെ സുരക്ഷ സംബന്ധിച്ച് പ്രധാനമാണ്. ഇത് ഉറപ്പാക്കുന്നതിനാണ് ടിവി ഡി-2 എന്ന രണ്ടാം പരീക്ഷണം.

2024 ഗഗന്‍യാന്റെ വര്‍ഷം; നിരവധി സുപ്രധാന പരീക്ഷണങ്ങള്‍ക്ക്  ഐഎസ്ആർഒ, രണ്ടാമത്തേത് ഉടന്‍
രാജ്യത്തിനുചുറ്റും ചാരക്കണ്ണുകൾ ശക്തമാക്കാൻ ഇന്ത്യ; അഞ്ച് വർഷത്തിനുള്ളിൽ ഐഎസ്ആർഒ വിക്ഷേപിക്കുക 50 ഉപഗ്രഹം

യാത്രികര്‍ തലകീഴായി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ യഥാര്‍ത്ഥ ക്രൂ മൊഡ്യൂളില്‍ വാതക ബലൂണുകള്‍ പോലെയുള്ള നിവര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്ന സംവിധാനമുണ്ടാകും. കാറുകളിലെ എയര്‍ബാഗുകള്‍ക്ക് സമാനമായതായിരിക്കും ഈ സംവിധാനം. ഇതാണ് പരീക്ഷിക്കാനിരിക്കുന്നത്. കൂ സീറ്റ്, സസ്പെന്‍ഷന്‍ സംവിധാനങ്ങള്‍ തുടങ്ങി ദൗത്യത്തിനുവേണ്ടി വികസിപ്പിച്ച മറ്റു നിരവധി സംവിധാനങ്ങളും ഈ വിക്ഷേപണത്തില്‍ ഐഎസ്ആര്‍ഒ പരീക്ഷിക്കും. ഇവയ്ക്കുപുറമെ ലോഞ്ച് പാഡ് അബോര്‍ട്ട് ടെസ്റ്റുകള്‍, ഹെലിക്കോപ്റ്റര്‍ ഡ്രോപ്പ് ടെസ്റ്റ്, രണ്ട് ആളില്ലാ ദൗത്യങ്ങള്‍ എന്നിവയും നടത്തും.

ഇന്‍സാറ്റ്-3 ഡിഎസ്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി ചേര്‍ന്ന് ഒരുക്കുന്ന നിസാര്‍ (നാസ-ഇസ്രോ സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍) തുടങ്ങിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങളും ഉടന്‍ നടക്കാനിരിക്കുകയാണ്

വരാനിരിക്കുന്നത് ഇന്ത്യന്‍ ബഹിരാകാശശാസ്ത്ര മേഖലയുടെ വര്‍ഷമാണെന്നത് തെളിയിക്കുന്ന വിധത്തില്‍ 2024ലെ വിക്ഷേപണ കലണ്ടറിന് ജനുവരി ഒന്നിന് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഗോളാന്തര പഠനങ്ങളില്‍ നിര്‍ണായകമായ ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്സ്പോസാറ്റിനൊപ്പം മറ്റ് 10 പേലോഡുകള്‍ കൂടി ഐഎസ്ആര്‍ഒ ഇന്ന് വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ എക്കാലത്തെയും വിശ്വസ്ത വിക്ഷേപണവാഹനമായ പിഎസ്എല്‍വി-സി58 ഉപയോഗിച്ചായിരുന്നു ഈ ദൗത്യം.

ഇന്‍സാറ്റ്-3 ഡിഎസ്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി ചേര്‍ന്ന് ഒരുക്കുന്ന നിസാര്‍ (നാസ-ഇസ്രോ സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍) തുടങ്ങിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങളും ഉടന്‍ നടക്കാനിരിക്കുകയാണ്. ഇതോടൊപ്പം ഇന്‍ ഓര്‍ബിറ്റ് സര്‍വീസര്‍ മിഷന്‍, 2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്ന ഡോക്കിങ് ഇന്‍ സ്പേസ് (സ്പേഡെക്സ്), 2040 ഓടെ ഇന്ത്യക്കാരെ ചന്ദ്രനിലിറക്കാന്‍ ലക്ഷ്യമിടുന്ന ലൂണാര്‍ സാമ്പിള്‍ റിട്ടേണ്‍ മിഷന്‍സ്, മാര്‍സ് ലാന്‍ഡര്‍ മിഷന്‍ എന്നിങ്ങനെ വമ്പന്‍ ദൗത്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്കും ഐഎസ്ആര്‍ഒ ഈ വര്‍ഷം കടക്കും.

logo
The Fourth
www.thefourthnews.in