'ഇനി സസൂക്ഷ്മം സൂര്യനിലേക്ക്'; 
ആദിത്യ എൽ 1 ഇന്ന് ഹാലോ ഓർബിറ്റിൽ പ്രവേശിക്കും

'ഇനി സസൂക്ഷ്മം സൂര്യനിലേക്ക്'; ആദിത്യ എൽ 1 ഇന്ന് ഹാലോ ഓർബിറ്റിൽ പ്രവേശിക്കും

അവസാന ഭ്രമണപഥം ഉയർത്തൽ വൈകിട്ട് നാലിന്

126 ദിവസത്തെ  യാത്ര ഒടുവിൽ ലക്ഷ്യ സ്ഥാനത്തേക്ക്. രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യ പേടകമായ  ആദിത്യ എൽ -1 മുൻ നിശ്ചയിച്ച  പ്രകാരം ഇന്ന് ലഗ്രാഞ്ച്  ഒന്ന് എന്ന ബിന്ദുവിലേക്കെത്തുന്നു. പേടകത്തെ ഭൂമിയിൽനിന്ന് നിയന്ത്രിക്കുന്ന  ബംഗളൂരുവിലെ ഐ എസ് ആർ ഒ ആസ്ഥാനത്ത് വൈകിട്ട് നാലിനാണ് അവസാന ഭ്രമണപഥം ഉയർത്തൽ പ്രക്രിയ നടത്തുക. ഇതോടെ പേടകം ലഗ്രാഞ്ച്  ഒന്നിന് ചുറ്റുമുള്ള ഭ്രമണ പഥമായ ഹാലോ ഓർബിറ്റിലേക്കു പ്രവേശിക്കും.


സെപ്റ്റംബർ രണ്ടിനായിരുന്നു ആദിത്യ എൽ -1 ഭൂമിയിൽ നിന്ന് യാത്ര തിരിച്ചത്. ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഭൂമിയുടെ ഭ്രമണപഥം കടന്ന് നിർണായക ഘട്ടങ്ങൾ  താണ്ടിയും സൂര്യനിലേക്കുള്ള വഴിയിലെ അന്തരീക്ഷത്തെക്കുറിച്ചും ഭൗമ-സൗര വികിരണങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചുമായിരുന്നു പേടകത്തിന്റെ പ്രയാണം.

രഹസ്യം തുറക്കാൻ 7 പേലോഡുകൾ

ലഗ്രാഞ്ച്  ഒന്ന്  എന്ന ബിന്ദുവിൽനിന്ന്  മറ്റൊരു ആകാശഗോളത്തിന്റെയും  മറയില്ലാതെ സൂര്യനെ സസൂക്ഷ്മം നിരീക്ഷിക്കാനും പഠനം നടത്താനും  ആദിത്യ എൽ1ന് സാധിക്കും. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളിൽ ഒന്നാണ് ലഗ്രാഞ്ച് ഒന്ന് എന്ന ഭാഗം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ആദിത്യ എൽ -1  ഈ ബിന്ദുവിൽ എത്തിച്ചേർന്നിരിക്കുന്നത്.

സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെ താപ വ്യതിയാനം, സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയർ, ക്രോമോ സ്പിയർ, പുറം പാളിയായ കൊറോണ എന്നിവയെക്കുറിച്ചാണ് ആദിത്യ എൽ -1  പഠിക്കുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏഴ് പേലോഡുകളാണ് പേടകത്തിൽ പഠനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.

'ഇനി സസൂക്ഷ്മം സൂര്യനിലേക്ക്'; 
ആദിത്യ എൽ 1 ഇന്ന് ഹാലോ ഓർബിറ്റിൽ പ്രവേശിക്കും
നാളെ നിർണായക ചുവടുവെപ്പ്; ആദിത്യ എൽ 1 അന്തിമ ഭ്രമണപഥത്തിലേക്ക്

ഇതിൽ നാലെണ്ണം സൂര്യനെക്കുറിച്ചും  മൂന്നെണ്ണം ലഗ്രാഞ്ച് 1 എന്ന ബിന്ദുവിന്റെ  സവിശേഷതകളെക്കുറിച്ചും പഠിക്കും. പേടകത്തിലെ രണ്ട് പേലോഡുകൾ  യാത്രാമദ്ധ്യേ പ്രവർത്തനക്ഷമമാകുകയും ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലെസ്കോപും സോളാർ വിൻഡ് അയേൺ സ്പെക്ട്രോ മീറ്ററുമാണ്  ഭൗമ - സൗര അന്തരീക്ഷത്തിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും  വികിരണങ്ങളെക്കകുറിച്ചും വിവരങ്ങൾ നൽകിയത്. ലഗ്രാഞ്ച്  ഒന്നിൽ എത്തുന്നതോടെ മറ്റു അഞ്ച്  പേലോഡുകൾ കൂടി കാര്യക്ഷമമാകും.

ആദിത്യയുടെ പാർക്കിങ് വെല്ലുവിളി

ഹാലോ ഓർബിറ്റിൽ ഇന്ന് പ്രവേശിക്കുന്ന പേടകത്തെ പഠനത്തിനായും വിവരശേഖരണത്തിനായും  ഭ്രമണപഥത്തിൽ നിശ്ചിത ഇടത്ത് ഉറപ്പിക്കുക (പാർക്കിങ്) എന്നതാണ്  ഐ എസ് ആർ ഒയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി. സൂര്യനും ഭൂമിയും അവരവരുടെ കേന്ദ്രത്തിലേക്ക് ആദിത്യ പേടകത്തെ പിടിച്ചുവലിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന മേഖലയാണ് ലഗ്രാഞ്ച്  ഒന്ന്.  

ലിക്വിഡ് അപ്പോജി മോട്ടോർ ജ്വലിപ്പിച്ചു ഇന്ധനം ഉണ്ടാക്കി വേണം ഭ്രമണപഥം ഉയർത്തി പേടകത്തെ സ്ഥിരമായി ഒരിടത്തു പ്രതിഷ്ഠിക്കാൻ. തുടർച്ചയായുള്ള നിരീക്ഷണവും ഭ്രമണപഥം ക്രമീകരിക്കലും അനിവാര്യമാണ്. നാസയുടെ സൗരദൗത്യ പേടകമായ വിൻഡ്, എ സി ഇ, ഡിസ്കവർ, യൂറോപ്പ്യൻ സ്‌പേസ് ഏജൻസിയും നാസയും ചേർന്ന് വിക്ഷേപിച്ച സൊഹോ എന്നീ പേടകങ്ങൾ ഇതേ ലഗ്രാഞ്ച് ഒന്നിൽ  ചുറ്റിത്തിരിയുന്നുണ്ട്.

പേടകങ്ങൾ കൂട്ടിയിടിക്കാതിരിക്കാൻ ഇടയ്ക്കിടെ ആദിത്യ എൽ ഒന്നിനെ വഴിതിരിച്ചുവിടേണ്ടി വരും. പരിക്രമണ പാത നിരന്തരം' ട്രാക്ക്' ചെയ്യുന്നതിന് നാസയും ഐ എസ് ആർ ഒയെ ഒരു കൈ സഹായിക്കും. ആറ്റിറ്റ്യുഡ് ആൻഡ് ഓർബിറ്റ് കൺട്രോൾ സിസ്റ്റമാണ് പേടകത്തിന്റെ സഞ്ചാരപാത ക്രമീകരിക്കുന്നത്. ഇതിനായി പേടകത്തിൽ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഭൂമിയിൽനിന്ന് പേടകത്തിന്റെ പ്രവേഗം, സ്ഥാനം എന്നിവ പുനഃക്രമീകരിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിയും.

ഹാലോ ഓർബിറ്റിൽ  ഇന്ന് പ്രവേശിക്കുന്ന ആദിത്യ എൽ -1 ഒരുമാസമെങ്കിലും എടുത്താകും കൃത്യമായ സ്ഥാനം  ഉറപ്പിച്ച്   സൂര്യനെ നിരീക്ഷിച്ച്  തുടങ്ങുക. കൃത്യമായ ബിന്ദുവിൽ എത്തിക്കഴിഞ്ഞാൽ ഗ്രഹണങ്ങൾ ഒന്നും ബാധിക്കാതെ ദൗത്യ പേടകത്തിന്  ജോലി തുടരാം.

'ഇനി സസൂക്ഷ്മം സൂര്യനിലേക്ക്'; 
ആദിത്യ എൽ 1 ഇന്ന് ഹാലോ ഓർബിറ്റിൽ പ്രവേശിക്കും
ആദിത്യ എൽ വൺ നിർണായക ഘട്ടത്തിലേക്ക്; ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു

ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ലഗ്രാഞ്ച്  ഒന്നിൽ

അമേരിക്ക (നാസ), ജപ്പാൻ,  ചൈന, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളാണ് ഇതിനു മുൻപ് സൗര ദൗത്യ പേടകം വിക്ഷേപിച്ചിട്ടുള്ളത്. 1990ൽ യൂറോപ്യൻ യൂണിയൻ  വിക്ഷേപിച്ച യുലീസസ് ആണ് ഏറ്റവും പഴക്കമുള്ള സൗരദൗത്യപേടകം. അന്ന് മുതൽ ഇങ്ങോട്ട് സൂര്യന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള വ്യഗ്രതയിലായിരുന്നു മറ്റു ബഹിരാകാശ ശക്തികൾ.

ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനത്തോളം മാത്രമേ ആദിത്യ എൽ -1 യാത്ര ചെയ്യുന്നുള്ളൂവെങ്കിലും പേടകത്തിലെ അത്യാധുനിക പഠനോപകരണങ്ങൾ നൽകുന്ന വിവരങ്ങൾ ബഹിരാകാശ ശാസ്ത്ര ലോകത്തിന് സുപ്രധാനമാണ്. അഞ്ച് വർഷവും രണ്ടു മാസവുമാണ് ആദിത്യ എൽ -1ന്റെ ദൗത്യ കാലാവധി. 

logo
The Fourth
www.thefourthnews.in