ഭൂഗുരുത്വാകര്‍ഷണ വലയം പിന്നിട്ട് ആദിത്യ എല്‍ 1; ലക്ഷ്യത്തിലേക്ക് ഇനി 110 നാള്‍ യാത്ര

ഭൂഗുരുത്വാകര്‍ഷണ വലയം പിന്നിട്ട് ആദിത്യ എല്‍ 1; ലക്ഷ്യത്തിലേക്ക് ഇനി 110 നാള്‍ യാത്ര

15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് വണ്‍ ആണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യം

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ 1 അഞ്ചാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ഭൂഗുരുത്വാകര്‍ഷണ വലയത്തില്‍നിന്ന് പുറത്തുകടന്ന ആദ്യത്യ എല്‍ 1 ലഗ്രാഞ്ചിയന്‍ പോയിന്റ് വണ്ണിലേക്കുള്ള യാത്രയുടെ അടുത്തഘട്ടം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടിന് ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് 1 (ടിഎൽ) ഇന്‍സര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സൗര-ഭൗമ എൽ1 പോയിന്റ് ലക്ഷ്യമാക്കിയുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോൾ സഞ്ചരിക്കുന്നത്. 110 ദിവസത്തിനുശേഷം പേകടകത്തെ എൽ1 പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് മാറ്റുമെെന്നും ഐഎസ്ആര്‍ഒ സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.

സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച ആദിത്യ എൽ1ന്റെ അഞ്ചാം ഭ്രമണപഥമുയർത്തലാണ് ഇന്ന് പുലർച്ചെ നടന്നത്. 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് വണ്‍ ആണ് ആദിത്യ എല്‍1ന്റെ ലക്ഷ്യം.

ഭൂഗുരുത്വാകര്‍ഷണ വലയം പിന്നിട്ട് ആദിത്യ എല്‍ 1; ലക്ഷ്യത്തിലേക്ക് ഇനി 110 നാള്‍ യാത്ര
ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി ആദിത്യ എൽ1; വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രോ

ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളിൽ ഒന്നാണ് ലഗ്രാഞ്ച് - 1. ഇവിടെനിന്ന് ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽ പതിക്കാതെ സൂര്യനെ നന്നായി വീക്ഷിക്കാൻ പേടകത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറ്റലിക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ജോസഫ് ലൂയി ലഗ്രാഞ്ചിന്റെ സ്മരണാർത്ഥമാണ് ഈ പേര് നൽകിയിരിക്കുന്നത്.

ആദിത്യ എൽ-1 ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. ആദിത്യയിലെ സുപ്ര തെർമൽ ആൻഡ് എനെർജെറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ (സ്‌റ്റെപ്സ്) എന്ന ഉപകരണമാണ് ഭൂമിയിൽനിന്ന് 50,000 കിലോമീറ്റർ അകലെയുള്ള സുപ്ര- തെർമൽ, എനർജെറ്റിക് അയോൺ, ഇലക്ട്രോണുകളെ അളക്കാൻ ആരംഭിച്ചത്.

ഭൂമിയുടെ ചുറ്റുമുള്ള കണങ്ങളുടെ, പ്രത്യേകിച്ച് ഭൂമിയുടെ കാന്തികമണ്ഡലത്തിലുള്ളവയുടെ സ്വഭാവം മനസിലാക്കാൻ ഈ വിവരങ്ങൾ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. സ്‌റ്റെപ്സിലെ സെൻസറുകളാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്ന് ഐഎസ്ആർഒ എക്‌സിൽ അറിയിച്ചു. ഭൂമിക്ക് ചുറ്റുമുള്ള കണികകളുടെ ഊർജത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ വ്യക്തമാക്കുന്ന ചിത്രവും ഇസ്രോ തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു.

logo
The Fourth
www.thefourthnews.in