ചന്ദ്രയാന്‍ 3 വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ തിരിച്ചെത്തി; പതിച്ചത് പസഫിക് സമുദ്രത്തില്‍

ചന്ദ്രയാന്‍ 3 വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ തിരിച്ചെത്തി; പതിച്ചത് പസഫിക് സമുദ്രത്തില്‍

ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ തിരികെ എത്തിയതായി ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ 3 പേടകം വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റിന്റെ ഭാഗം 124 ദിവസത്തിനകം ഭൂമിയുടെ അന്തരീക്ഷത്തിൽ തിരികെയെത്തി. എൽവിഎം3 എം4 റോക്കറ്റിന്റെ ക്രയോജനിക് അപ്പർ സ്റ്റേജ് ഭാഗമാണ് അനിയന്ത്രിതമായി ഭൗമാന്തരീക്ഷത്തിലേക്ക് തിരികെയെത്തിയത്.

റോക്കറ്റിന്റെ ഭാഗം ഇന്നലെ ഉച്ചയ്ക്ക് 2.42ന് ഭൗമാന്തരീക്ഷത്തിൽ തിരികെ പ്രവേശിച്ചതായി ഐഎസ്ആർഒ അറിയിച്ചു. റോക്കറ്റിന്റെ ഭാഗം ഇന്ത്യയ്ക്ക് മുകളിലെത്തിയിട്ടില്ലെന്നും വടക്കന്‍ പസഫിക് കടലില്‍ പതിച്ചെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎസ്ആർഒ അറിയിച്ചു.

ചന്ദ്രയാന്‍ 3 വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ തിരിച്ചെത്തി; പതിച്ചത് പസഫിക് സമുദ്രത്തില്‍
ഗഗന്‍യാന്‍: രണ്ടാം വിക്ഷേപണത്തിന്‌ ഇസ്രോ; പരീക്ഷിക്കുന്നത് കടലിൽ വീഴുന്ന ക്രൂ മൊഡ്യൂള്‍ ശരിയായ സ്ഥാനം കൈവരിക്കുന്നത്

ജൂലൈ 21നാണ് ചന്ദ്രയാൻ-3 പേടകത്തെ എൽവിഎം3 എം4 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത്. ഭൂമിയിൽനിന്ന് കുറഞ്ഞ ദൂരം 133 കിലോ മീറ്ററും കൂടിയ ദൂരം 35823 കിലോ മീറ്ററും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്കാണ് പേടകത്തെ റോക്കറ്റ് വിജയകരമായി എത്തിച്ചത്.

മൂന്ന് ഘട്ടങ്ങളുള്ളതാണ് ഐഎസ്ആർഒയുടെ ഭീമൻ റോക്കറ്റായ എൽവിഎം3. ഇതിൽ അവസാന ഘട്ടമാണ് ക്രയോജനിക്. സിഇ-20 എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഘട്ടത്തിന്റെ ഉയരം 13.5 മീറ്ററാണ്.

43.5 മീറ്ററാണ് റോക്കറ്റിന്റെ മൊത്തം ഉയരം. വിക്ഷേപണ സമയത്ത് 640 ടൺ ഭാരമുള്ള റോക്കറ്റിന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് നാലായിരം കിലോയും ഭൂമിക്ക് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലേക്ക് എണ്ണായിരം കിലോയും ഭാരമുള്ള പേലോഡ് എത്തിക്കാനാവും.

ഭൂമിക്ക് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെ വിക്ഷേപണവാഹന അവശിഷ്ടങ്ങളുടെ നിർമാജനം സംബന്ധിച്ച് ഇന്റര്‍-ഏജന്‍സി സ്പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റി (ഐഎഡിസി)യുടെ '25 വർഷ ചട്ടം' നിലനിൽക്കുന്നുണ്ട്. എല്‍വിഎം3-എം4 റോക്കറ്റിന്റെ ക്രയോജനിക് അപ്പര്‍ സ്റ്റേജ്, ദൗത്യത്തിനുശേഷം ഭ്രമണപഥത്തിൽ തങ്ങിയ കാലയളവ് ഈ ചട്ടം പൂർണമായി പാലിക്കുന്നതാണെന്ന് ഐഎസ്ആർഒ അറിയിയിച്ചു.

ചന്ദ്രയാന്‍ 3 വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ തിരിച്ചെത്തി; പതിച്ചത് പസഫിക് സമുദ്രത്തില്‍
ചന്ദ്രയാൻ-3, ആദിത്യ-എൽ1 എന്നിവയ്ക്കുശേഷം വമ്പൻ ദൗത്യങ്ങളുടെ പരമ്പരയുമായി ഐഎസ്ആർഒ; ഡിസംബറിനുള്ളിൽ രണ്ട് വിക്ഷേപണം

ഐക്യരാഷ്ട്രസഭയും ഐഎഡിസിയും നിര്‍ദേശിച്ച ബഹിരാകാശ അവശിഷ്ട ലഘൂകരണ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, അപ്രതീക്ഷിതമായ സ്ഫോടനങ്ങള്‍ മൂലമുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ചന്ദ്രയാന്‍-3 വിക്ഷേപണശേഷം റോക്കറ്റിന്റെ അപ്പര്‍ സ്റ്റേജിലെ പ്രൊപ്പല്ലന്റും ഊര്‍ജസ്രോതസുകളും നീക്കം ചെയ്യുന്നതിനുള്ള 'പാസിവേഷന്‍' പ്രക്രിയ നടത്തിയിരുന്നുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് എല്‍വിഎം3 എം4 ഭാഗത്തിന്റെ വിക്ഷേപണദൗത്യത്തിനുശേഷമുള്ള നിർമാർജനം ബഹിരാകാശ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഒരിക്കൽ കൂടി ഉറപ്പിക്കുന്നതായും ഐഎസ്ആർഒ അറിയിച്ചു.

logo
The Fourth
www.thefourthnews.in