പല്ല് ശരിയല്ലെങ്കിൽ കടക്ക് പുറത്ത്! ഗഗന്‍യാന്‍ ദൗത്യത്തിന്റെ 'ഹീറോകളെ' തിരഞ്ഞെടുത്തത് ഇങ്ങനെ; പരിശീലനം അതീവ കടുപ്പം

പല്ല് ശരിയല്ലെങ്കിൽ കടക്ക് പുറത്ത്! ഗഗന്‍യാന്‍ ദൗത്യത്തിന്റെ 'ഹീറോകളെ' തിരഞ്ഞെടുത്തത് ഇങ്ങനെ; പരിശീലനം അതീവ കടുപ്പം

വലിയ തയാറെടുപ്പുകളും മുന്നൊരുക്കങ്ങളും ഈ തിരഞ്ഞെടുപ്പിന് പിന്നിലുണ്ടായിരുന്നു

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാനിലേക്ക് മലയാളി അടക്കമുള്ള നാലംഗ സംഘത്തെ തിരഞ്ഞെടുത്തത് കർശനമായ ആരോഗ്യപരിശോധനകള്‍ക്ക് മൂന്നുവർഷം നീണ്ട കടുത്ത പരിശീലനത്തിനും ശേഷം. വ്യോമസനയിലെ 60 പൈലറ്റുമാരില്‍നിന്നാണ് അവസാന നാലുപേരിലേക്ക് ഐഎസ്ആര്‍ഒ എത്തിയത്.

വ്യോമസേനയിലെ സുഖോയ് യുദ്ധ പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി നായരുടെ നേതൃത്വത്തിലാണ് സംഘം രാജ്യത്തിന്റെ അഭിമാന പദ്ധതിയിലേക്ക് നീങ്ങുന്നത്. വ്യോമസേനാ പൈലറ്റുമാരായ തമിഴ്നാട് ചെന്നൈ സ്വദേശി അജിത് കൃഷ്ണന്‍, ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി അംഗത് പ്രതാപ്, ലക്നൗ സ്വദേശി ശുഭാന്‍ശു ശുക്ല എന്നിവരാണ് മറ്റു യാത്രികര്‍. ശുഭാന്‍ശു ശുക്ല ഒഴിയകെയുള്ള മൂന്ന് യാത്രികരും വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻമാരാണ്. സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞ യാത്രികനായ ശുഭാൻശു ശുക്ല വിങ് കമാൻഡറാണ്.

Summary

ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ 1984-ല്‍ പരിശീലനം നേടിയ റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്‌മോനോട്ട് ട്രെയിനിങ് സെന്ററില്‍ തന്നെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്ത നാലുപേരും പരിശീലനം നേടിയത്

വലിയ തയാറെടുപ്പുകളും മുന്നൊരുക്കങ്ങളും നാലംഗ സംഘത്തിന്റെ തിരഞ്ഞെടുപ്പിന് പിന്നിലുണ്ടായിരുന്നു. റഷ്യയിലും ബെംഗളൂരുവിലുമായിട്ടായിരുന്നു ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നൽകിയത്. വ്യോമസനയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിന്‍ ആണ് യാത്രികരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നടത്തിയത്. 2019-ലാണ് ഇവരെ ഷോര്‍ട് ലിസ്റ്റ് ചെയ്തത്. തിരഞ്ഞെടുത്തപ്പോഴും പരിശീലനം നടത്തിയ സമയത്തും ഒരിക്കല്‍പ്പോലും ഈ പേരുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ ഐഎസ്ആര്‍ഒ ചര്‍ച്ചയാക്കിയില്ല.

മാനസികമായ പിരിമുറക്കങ്ങള്‍ ഒഴിവാക്കാനുള്ള കൗണ്‍സിലിങ്, യോഗ, ശാരീകമായ പരിശീലനങ്ങള്‍, ഫ്ലൈറ്റ് സല്യൂട്ട് പരിശീലനം തുടങ്ങി കഠിനമായ പരിശീലന ഘട്ടങ്ങളിലൂടെയാണ് ഇവര്‍ കടന്നുപോയത്. ഐഎസ്ആര്‍ഒയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും ചേര്‍ന്നാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. 59 ശാരീരിക പരിശീലന സെഷനുകളിലും ഇവര്‍ പങ്കെടുത്തു.

പല്ല് ശരിയല്ലെങ്കിൽ കടക്ക് പുറത്ത്! ഗഗന്‍യാന്‍ ദൗത്യത്തിന്റെ 'ഹീറോകളെ' തിരഞ്ഞെടുത്തത് ഇങ്ങനെ; പരിശീലനം അതീവ കടുപ്പം
ഗഗൻയാൻ നായകനായി മലയാളി; ആരാണ് പ്രശാന്ത് നായർ?

ഗഗന്‍യാനിലെ എൻജിനീയറിങ് വിഭാഗത്തെ കുറിച്ചുള്ള പരിശീലനങ്ങള്‍, എയ്റോ മെഡിക്കല്‍ പരിശീലനങ്ങള്‍, റിക്കവറി ആൻഡ് സര്‍വൈവല്‍ ട്രെയിനിങ്, പാരാബോളിക് ഫ്ലൈറ്റുകളിലൂടെ മൈക്രോ ഗ്രാവിറ്റി പരിചയപ്പെടുത്തല്‍ തുടങ്ങിയ പരിശീലനങ്ങളാണ് ഐഎസ്ആര്‍ഒ ഇന്ത്യയില്‍ പ്രധാനമായും നല്‍കിയത്. കൃത്യമായ ഇടവേളകളില്‍ പരിശീലന പറക്കലുകളും യോഗപരിശീലനവും നല്‍കി.

ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ 1984-ല്‍ പരിശീലനം നേടിയ റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്‌മോനോട്ട് ട്രെയിനിങ് സെന്ററില്‍ തന്നെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്ത നാലുപേരും പരിശീലനം നേടിയത്. മോസ്‌കോയുടെ വടക്ക് ഭാഗത്തുള്ള സ്റ്റാര്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഈ പരിശീലന കേന്ദ്രം അത്യാധുനിക സൗകര്യങ്ങള്‍ക്ക് പേരുകേട്ടതാണ്. സംയോജിത സിമുലേറ്ററുകളും, പര്‍വതങ്ങള്‍, വനപ്രദേശങ്ങള്‍, ചതുപ്പുകള്‍, മരുഭൂമികള്‍, ആര്‍ട്ടിക്, കടല്‍ തുടങ്ങിയ വ്യത്യസ്ത അതിജീവന പരിശീലന സാഹചര്യങ്ങളും ഇവിടെയുണ്ട്.

വ്യോമസേനയില്‍ വിങ് കമാന്‍ഡറായിരുന്ന രാകേഷ് ശര്‍മ 1984 ഏപ്രില്‍ മൂന്നിന് റഷ്യയുടെ സോയൂസ് ടി-11 പേടകത്തിലാണ് ബഹിരാകാശ യാത്ര നടത്തിയത്. ദൗത്യത്തിന്റെ ഭാഗമായി പേടകം സല്യൂട്ട് 7 ഓര്‍ബിറ്റല്‍ സ്റ്റേഷനില്‍ ഡോക്ക് ചെയ്തു. തുടര്‍ന്ന് രാകേഷ് ശര്‍മ ഉള്‍പ്പെടുന്ന യാത്രികരുടെ സംഘം ഏഴ് ദിവസവും 21 മണിക്കൂറും 40 മിനുറ്റും സല്യൂട്ട് 7ല്‍ ചെലവഴിച്ചു. സംഘം മോസ്‌കോയിലെ ഉദ്യോഗസ്ഥരുമായും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായും സംയുക്ത ടെലിവിഷന്‍ വാര്‍ത്താ സമ്മേളനം നടത്തി. ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഇന്ത്യ എങ്ങനെയുണ്ടെന്ന ഇന്ദിരാഗാന്ധിയുടെ ചോദ്യത്തിന് 'സാരെ ജഹാന്‍ സെ അച്ചാ' (ലോകത്തിലെ ഏറ്റവും മികച്ചത്)' എന്നായിരുന്നു ശര്‍മയുടെ മറുപടി.

പല്ല് ശരിയല്ലെങ്കിൽ കടക്ക് പുറത്ത്! ഗഗന്‍യാന്‍ ദൗത്യത്തിന്റെ 'ഹീറോകളെ' തിരഞ്ഞെടുത്തത് ഇങ്ങനെ; പരിശീലനം അതീവ കടുപ്പം
ഗഗൻയാൻ: മലയാളിയായ പ്രശാന്ത് നായർ ഉൾപ്പെടെ നാലുപേർ ബഹിരാകാശത്തേക്ക്, തിരഞ്ഞെടുപ്പ് നടന്നത് മൂന്ന് വർഷം മുമ്പ്

പല്ലു ശരിയല്ലാത്തവര്‍ കടക്ക് പുറത്ത്

സൂക്ഷ്മമായ പരിശോധനകള്‍ക്കുശേഷമാണ് ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ളവരെ തിരഞ്ഞെടുത്തത്. 60 പൈലറ്റുമാരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചത്. പല്ലിന്റെ വിടവും കേടുംവരെ പരിശോധനയ്ക്ക് വിധേയമാക്കി. ചെറിയ ശാരീരിക പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് ഐഎഎം ആദ്യം 16 പൈലറ്റുമാരെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, റഷ്യയില്‍ നിന്നെത്തിയ വിദഗ്ധ സംഘം, ഇത് ശരിയല്ലെന്ന നിലപാടെടുത്തു. തുടര്‍ന്ന് വീണ്ടും സെലക്ഷന്‍ നടത്തി. 560 ദിവസം ബഹിരാകാശത്ത് തങ്ങിയ യാത്രികന്‍ ഉള്‍പ്പെടെയുള്ള റഷ്യൻ വിദഗ്ധസംഘത്തിന്റെ നിര്‍ദേശം തള്ളിക്കളയാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിക്കുമായിരുന്നില്ല. റഷ്യന്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഏഴുപേര്‍ മാത്രമാണ് ആദ്യ ബാച്ചില്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ബഹിരാകാശ യാത്രികര്‍ക്ക് നല്ല പല്ലുകള്‍ ആവശ്യമാണെന്നാണ് വിവിധ ഏജന്‍സികള്‍ പറയുന്നത്. ബഹിരാകാശ യാത്രക്കിടെ വൈബ്രേഷനുകള്‍ വളരെ ശക്തമാണ്. അന്തരീക്ഷ മര്‍ദം മാറുന്നത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് കണക്കിലെടുത്ത്, മികച്ച പല്ലുകള്‍ ഉള്ളവര്‍ക്കാണ് സ്പെയ്സ് ഏജന്‍സികള്‍ മുന്‍ഗണന നല്‍കുന്നത്.

അസഹനീയ പല്ലുവേദന കാരണം ബഹിരാകാശ യാത്രികര്‍ ബുദ്ധുമുട്ടിയ സംഭവങ്ങളുമുണ്ട്. 1976-ല്‍ റഷ്യയുടെ സല്യൂട്ട്-6 മിഷനില്‍ പങ്കാളിയായ യൂറി റോമാനെങ്കോവിന്റെ കഥ ഇതില്‍ പ്രധാനിയാണ്. പല്ലിലെ പ്രശ്‌നം വകവയ്ക്കാതെ ദൗത്യത്തിനിറങ്ങിയ യൂറിക്ക് രണ്ടാഴ്ചയോളമാണ് കടുത്ത പല്ലു വേദന കാരണം ബുദ്ധിമുട്ട് നേരിടേണ്ടിവന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് റഷ്യന്‍ വിദഗ്ധര്‍ പല്ലു ശരിയല്ലാത്തവരെ ദൗത്യത്തിനൊപ്പം കൂട്ടേണ്ടെന്ന തീരുമാനം എടുത്തത്.

പല്ല് ശരിയല്ലെങ്കിൽ കടക്ക് പുറത്ത്! ഗഗന്‍യാന്‍ ദൗത്യത്തിന്റെ 'ഹീറോകളെ' തിരഞ്ഞെടുത്തത് ഇങ്ങനെ; പരിശീലനം അതീവ കടുപ്പം
'ഇത് എനിക്കും അഭിമാന നിമിഷം'; ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന

പല്ലിന്റെ പ്രശ്‌നം മാത്രമല്ല, കാഴ്ച പരിമിതിയും കേള്‍വിക്കുറവും ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്നവര്‍ക്ക് വെല്ലുവിളിയാണ്. രണ്ടാമത്തെ ബാച്ചില്‍ ഐഎഎം 15 പേരെ തിരഞ്ഞെടുക്കുകയും ഇതില്‍ 12 പേരെ റഷ്യന്‍ വിദഗ്ധര്‍ അംഗീകരിക്കുകയും ചെയ്തു. സെലക്ഷന് വേണ്ടി എത്തിയ 60 പേരും ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഏറ്റവും ശാരീരിക ക്ഷമതയുള്ള പൈലറ്റുമാരായിരുന്നു. എന്നിട്ടും പല്ലിന്റെ വിഷയം ചൂണ്ടിക്കാട്ടി ഇവരില്‍ ഭൂരിഭാഗം പേരേയും പരിശീലനത്തിന്റെ പ്രാഥമിക ഘട്ടം കഴിഞ്ഞപ്പോള്‍ ഒഴിവാക്കേണ്ടി വന്നു.

ഗഗന്‍യാന്‍ ദൗത്യത്തിന് വേണ്ടി ആളുകളെ തിരഞ്ഞെടുത്തതില്‍ പ്രധാനമായും നാല് ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യം ശാരീരിക അവസ്ഥയും മെഡിക്കല്‍ഹിസ്റ്ററിയും വിലയിരുത്തി. രണ്ടാം ഘട്ടത്തില്‍ മാനസികാരോഗം വിലയിരുത്തി. മൂന്നാം ഘട്ടത്തില്‍ എയറോ മെഡിക്കല്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കെല്‍പ്പുണ്ടോയെന്ന് വിലിയിരുത്തുന്നതായിരുന്നു മൂന്നാമത്തെ ഘട്ടം. ഈ ഘട്ടങ്ങളെല്ലാം താണ്ടിവന്നവരില്‍ നിന്ന്, ഏറ്റവും യോഗ്യരായവരെ നാലാം ഘട്ടത്തില്‍ തിരഞ്ഞെടുത്തു.

പല്ല് ശരിയല്ലെങ്കിൽ കടക്ക് പുറത്ത്! ഗഗന്‍യാന്‍ ദൗത്യത്തിന്റെ 'ഹീറോകളെ' തിരഞ്ഞെടുത്തത് ഇങ്ങനെ; പരിശീലനം അതീവ കടുപ്പം
ഒരു ചുവടകലെ ആദ്യ ഗഗന്‍യാന്‍ ദൗത്യം; ക്രയോജനിക് എന്‍ജിന്റെ അന്തിമ പരീക്ഷണം വിജയം

അഭിമാനമുയര്‍ത്തി മലയാളി

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററി(വിഎസ്എസ്സി)ല്‍ നടന്ന ചടങ്ങിലാണ് പാലക്കാട് സ്വദേശിയായ പ്രശാന്ത് നായര്‍ ഉൾപ്പെടെയുള്ള നാല് യാത്രികരെ രാജ്യത്തിനു മുന്നിൽ പരിചയപ്പെടുത്തിയത്. പാലക്കാട് നെന്മാറ കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റെയും മകനായ പ്രശാന്ത് ബി നായര്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി(എന്‍ഡിഎ)യിലെ പഠനത്തിനുശേഷമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജില്‍ പഠിക്കവേയായിരുന്നു എന്‍ഡിഎ പ്രവേശനം.

1998 ല്‍ ഹൈദരാബാദ് വ്യോമസേന അക്കാദമിയില്‍നിന്ന് സ്വേര്‍ഡ് ഓഫ് ഓണര്‍ നേടി. 1999 ജൂണില്‍ വ്യോമസേനയില്‍ അംഗമായി. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. അഭിനേത്രി ലെനയുടെ പങ്കാളി കൂടിയാണ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. 2024 ജനുവരി 17 നാണ് ഇരുവരും വിവാഹിതരായത്.

logo
The Fourth
www.thefourthnews.in