റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി അൾത്താര; സൈക്കിളിലും കാളവണ്ടിയിലും തുടങ്ങിയ ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങൾക്ക് 60 വയസ്

റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി അൾത്താര; സൈക്കിളിലും കാളവണ്ടിയിലും തുടങ്ങിയ ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങൾക്ക് 60 വയസ്

തുമ്പയിലെ സെൻറ് മേരി മഗ്ദലന പള്ളിയിൽനിന്ന് ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ സ്വപ്നം പറന്നുയർന്നപ്പോൾ പള്ളി മൈതാനം ജനസാഗരമായിരുന്നു, അവരും ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് തൊട്ടടുത്ത് സോഫ്റ്റ് ലാൻഡ് ചെയ്ത ആദ്യ രാജ്യം, സൗര രഹസ്യങ്ങൾ തേടി വിക്ഷേപിച്ച ആദിത്യ-എല്‍1, മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ആദ്യ ദൗത്യം - ഗഗൻയാൻ...അങ്ങനെ നീളുന്നു ബഹിരാകാശത്ത് വിജയത്തിന്റെ പുതുചുവടുകൾ വച്ച് ലോകത്തിനു മുൻപിൽ അഭിമാനത്തോടെ മുന്നേറുന്ന ഇസ്രോയുടെ സമീപകാല വീരഗാഥ.

60 വർഷം മുൻപാണ് ഇതിനെല്ലാം തുടക്കം, ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്ക് ജീവൻ നൽകിയ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ ഗാഥ, കൃത്യം പറഞ്ഞാൽ 1963 നവംബർ 21!

വിക്ഷേപണത്തിനായി സൈക്കിളിന്റെ കാരിയറിൽ റോക്കറ്റ് പേലോഡ് കൊണ്ടുപോയ കാലം, പഴയൊരു ജീപ്പിൽ അമേരിക്ക സമ്മാനിച്ച റോക്കറ്റുമേന്തിയ യാത്ര, റോക്കറ്റ് വിക്ഷേപണത്തിന് സഹായിക്കാനായി അമേരിക്ക, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകർ; ഈയൊരു കാലഘട്ടത്തിൽ നിന്നാണ് ഇന്ന് കാണുന്ന അവസ്ഥയിലേക്കുള്ള ഇസ്രോയുടെ അഭിമാന വളർച്ച. അവിടെ നിന്ന് ഇസ്രോ എത്തിയത് ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുവെന്ന ലോക റെക്കോഡിലേക്ക്.

1960കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചത് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായി ആണ്. ഉപഗ്രഹം ഉപയോഗിച്ച് നേരിട്ടുള്ള ടെലിവിഷൻ സംപ്രേഷണത്തിന്റെ സാധ്യതയെക്കുറിച്ച് പഠിച്ച അദ്ദേഹം കൃത്രിമ ഉപഗ്രഹങ്ങളിലൂടെ ആശയവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുമെന്ന് മനസിലാക്കുകയും പിന്നീടുള്ള പ്രവർത്തനങ്ങൾ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ബഹിരാകാശ സാങ്കേതികവിദ്യ നേടിയെടുക്കുന്നതിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു. അതിനായി സ്വന്തമായി വിക്ഷേപണ വാഹനം നിർമിക്കുന്നതിനും അനുബന്ധ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിലും ശ്രമം ആരംഭിച്ചു. അങ്ങനെയാണ് വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഡോ. എ പി ജെ അബ്ദുൽ കലാം ഉൾപ്പെടുന്ന ഒരു സംഘം ശാസ്ത്രജ്ഞർ കേരളത്തിലെത്തുന്നത്.

എന്തുകൊണ്ട് തെക്കൻ കേരളം?

ഗവേഷണം ഫലപ്രാപ്തിയിൽ എത്തിക്കാൻ അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുകയായിരുന്നു വിക്രം സാരാഭായിയുടെ മുന്നിലുണ്ടായിരുന്ന ആദ്യ കടമ്പ. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യത്തിനായി വിക്രം സാരാഭായി തിരഞ്ഞെടുത്തതാകട്ടെ തെക്കൻ കേരളവും. തിരുവനന്തപുരം ജില്ലയിലെ തുമ്പ എന്ന ഗ്രാമം. ഭൂമിയുടെ കാന്തിക മധ്യരേഖയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഭൂപ്രദേശമാണ് തുമ്പ. അതുകൊണ്ടാണ് ശാസ്ത്രീയമായി ഏറെ പ്രാധാന്യമുള്ള ഈ പ്രദേശം റോക്കറ്റ് വിക്ഷേപണത്തിനായി വിക്രം സാരാഭായ് തിരഞ്ഞെടുക്കുന്നത്. കൂടാതെ സൗണ്ടിങ് റോക്കറ്റളുടെ വിക്ഷേപണത്തിന് ഏറ്റവും ഉചിതമായ ഇടം കൂടിയായിരുന്നു ഈ ഗ്രാമം. ബഹിരാകാശ രംഗത്തെ ശൈശവദശയിൽ ഇന്ത്യ വിക്ഷേപിച്ച റോക്കറ്റുകൾ എല്ലാം സൗണ്ടിങ് റോക്കറ്റുകളായിരുന്നു.

സൗണ്ടിങ് റോക്കറ്റുകൾ

വലിയ ദൗത്യങ്ങൾക്ക് മുമ്പുള്ള പരീക്ഷണ റോക്കറ്റുകളാണ് സൗണ്ടിങ് റോക്കറ്റുകൾ. കാലാവസ്ഥാ പഠനമാണ് ഇവ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. ഉപഗ്രഹങ്ങൾക്ക് കറങ്ങാൻ സാധിക്കാത്തതുകൊണ്ട് താഴെയുള്ള അന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്താനാണ് സൗണ്ടിങ് റോക്കറ്റുകൾ അയയ്ക്കുന്നത്. രണ്ട് ഘട്ടങ്ങൾ വരെയുള്ള സോളിഡ് പ്രൊപ്പലന്റ് ഉപയോഗിക്കുന്ന രോഹിണി സീരീസ് റോക്കറ്റുകളാണ് സൗണ്ടിങ് റോക്കറ്റുകൾ.

പ്രഥമ സാറ്റ് ലൈറ്റ് മോഡല്‍
പ്രഥമ സാറ്റ് ലൈറ്റ് മോഡല്‍

തുമ്പയിലെ മേരി മഗ്ദലന പള്ളി റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി മാറിയ ചരിത്രം

1963ൽ ഇന്ത്യയിലെ ആദ്യ വിക്ഷേപണകേന്ദ്രമായ 'തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ' (ടിഇആർഎൽഎസ്) സ്ഥാപിക്കപ്പെടുന്നത് തുമ്പയിലെ ‘മേരി മഗ്ദലന’ എന്ന ക്രിസ്ത്യൻ പള്ളിയിലായിരുന്നു. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ബഹിരാകാശ ദൗത്യത്തിൽ വഹിക്കുന്ന പ്രാധാന്യം അവിടുത്തെ ബിഷപ്പിനെ അറിയിക്കുകയും ശേഷം ഗ്രാമവാസികളുമായി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ച ബിഷപ്പ് പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലം ശാസ്ത്രജ്ഞർക്കായി വിട്ടു കൊടുക്കുകയുമായിരുന്നു. പ്രദേശത്ത് താമസിച്ചിരുന്ന 350ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ രാജ്യത്തിനുവേണ്ടി മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറാൻ തയാറാവുകയായിരുന്നു.

ഡോ. എ പി ജെ അബ്ദുൾ കലാമും ആർ അരവമുദനും ചേർന്ന് ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് അസംബിൾ ചെയ്യുന്നു
ഡോ. എ പി ജെ അബ്ദുൾ കലാമും ആർ അരവമുദനും ചേർന്ന് ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് അസംബിൾ ചെയ്യുന്നു

അങ്ങനെയാണ് തുമ്പയിലെ പള്ളി, റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ വര്‍ക്ക്‌ഷോപ്പ്‌ ആയും ബിഷപ്പിന്റെ വസതി ദൗത്യത്തിന്റെ ഓഫീസായും രൂപം പ്രാപിക്കുന്തന്. പള്ളിയോട് ചേർന്ന് കടൽത്തീരത്തായിരുന്നു റോക്കറ്റ് വിക്ഷേപണത്തറ സജ്ജമാക്കിയിരുന്നത്.

ഇസ്രോയുടെ ആദ്യ  ഓഫീസായി മാറിയ തുമ്പയിലെ മേരി മഗ്ദലന പള്ളി
ഇസ്രോയുടെ ആദ്യ ഓഫീസായി മാറിയ തുമ്പയിലെ മേരി മഗ്ദലന പള്ളി

പ്രതിസന്ധികളെ അതിജീവിച്ച ദൗത്യം

കടൽത്തീരത്തുള്ള നിക്ഷേപണത്തറയിലേക്ക് റോക്കറ്റിന്റെ ഭാഗങ്ങളും പേലോഡുകളും എത്തിച്ചേരുന്നത് സൈക്കിളിലും കാളവണ്ടികളിലും ആയിരുന്നു. ദൗത്യത്തിനായുള്ള സഹായത്തിനായി അമേരിക്ക, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ പിന്തുണയുമുണ്ടായിരുന്നു.

റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി അൾത്താര; സൈക്കിളിലും കാളവണ്ടിയിലും തുടങ്ങിയ ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങൾക്ക് 60 വയസ്
ചന്ദ്രയാന്‍ 3 വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ തിരിച്ചെത്തി; പതിച്ചത് പസഫിക് സമുദ്രത്തില്‍

നീണ്ട പ്രയത്നങ്ങളുടെ ഫലം കണ്ടത് 1963 നവംബർ 21നായിരുന്നു. അമേരിക്കയിൽ നിന്നെത്തിച്ച 'നിക്ക് അപ്പാച്ചെ' എന്ന ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിങ് റോക്കറ്റ് തുമ്പയിൽനിന്നു കുതിച്ചുയർന്നു. അന്ന് നടന്നത് ചരിത്രനേട്ടം. മറ്റ് ശക്തരായ രാജ്യങ്ങൾ പോലും അസൂയയോടെ ഉറ്റുനോക്കിയ ഇസ്രോയുടെ വിജയഗാഥകളുടെ ആദ്യ ചവിട്ടുപടി.

വർഷങ്ങൾ കടന്നുപോയി, പ്രഥമ ഘട്ടത്തിലെ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ റിസർച്ച് (ഇൻകോസ്പാർ) മാറി ഇന്നത്തെ ഇസ്രോ രൂപംകൊണ്ടു. ക്രമേണ സൗണ്ടിങ് റോക്കറ്റുകൾ എസ്എല്‍വി, എഎസ്എല്‍വി, പിഎസ്എല്‍വി, ജിഎസ്എല്‍വി എന്നീ വിക്ഷേപണവാഹനങ്ങൾക്ക് ചേക്കേറി.

തുമ്പയിലെ സെൻറ് മേരി മഗ്ദലന പള്ളിയിൽനിന്ന് ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണസ്വപ്നം പറന്നുയർന്നപ്പോൾ പള്ളി മൈതാനം ജനസാഗരമായിരുന്നു, രാജ്യത്തിന്റെ പുരോഗതിക്കായി വീട് ഉപേക്ഷിക്കാൻ തയാറായ മത്സ്യത്തൊഴിലാളികളും ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. വിക്രം സാരാഭായിയുടെ ദീർഘവീക്ഷണമാണ് ഇന്നത്തെ നിലയിലേക്ക് ഇന്ത്യയുടെ ശാസ്ത്രലോകത്തെ ഉയർത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in