കാലാവസ്ഥ പ്രവചനത്തിൽ ഇനി കൂടുതല്‍ കൃത്യത; ഇന്‍സാറ്റ്-3ഡിഎസ് ഭ്രമണപഥത്തിൽ

കാലാവസ്ഥ പ്രവചനത്തിൽ ഇനി കൂടുതല്‍ കൃത്യത; ഇന്‍സാറ്റ്-3ഡിഎസ് ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വൈകീട്ട് 5.35നാണ് ജിഎസ്എല്‍വി-എഫ്14 റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചത്

ബഹിരാശകാശത്ത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഐ എസ് ആര്‍ ഒ. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസിന്റെ വിക്ഷേപണം വിജയം. വൈകീട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ജിഎസ്എല്‍വി-എഫ്14 റോക്കറ്റാണ് ഉപഗ്രഹവുമായി കുതിച്ചത്.

2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ജിയോ സിക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് ജിഎസ്എല്‍വി-എഫ്14 എത്തിച്ചത്. ഇനി ഉപഗ്രഹത്തെ ഐഎസ്ആർഒയുടെ ബെംഗളുരുവിലെ കേന്ദ്രത്തിൽനിന്ന് നിയന്ത്രിച്ച് ഘട്ടം ഘട്ടമായി ഉയര്‍ത്തി ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ മാറ്റും. വിക്ഷേപിച്ച് 19-ാം മിനുറ്റിൽ ഉപഗ്രഹം ഐഎസ്ആർഒ ലക്ഷ്യമിട്ട ജിയോ സിക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലെത്തി. തുടർന്ന് ദൗത്യം വിജയിച്ചതായി ഐഎസ്ആർഒ അറിയിച്ചു.

രാജ്യത്തിന്റെ കാലാവസ്ഥ പ്രവചന ശേഷി വര്‍ധിപ്പിക്കുന്നതിനും കാലാവസ്ഥ നിരീക്ഷണം കൂടുതല്‍ വിപുലമാക്കുന്നതിനും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഉപഗ്രഹമാണ് ഇന്‍സാറ്റ്-3ഡിഎസ്. ഇന്‍സാറ്റ്-3ഡി, ഇന്‍സാറ്റ്-3ഡിആര്‍ ഉപഗ്രഹങ്ങളുടെ എന്നിവ ഉള്‍പ്പെടുന്ന കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളുടെ നിരയിലേക്കാണ് ഇന്‍സാറ്റ്-3ഡിഎസ് എത്തിയിരിക്കുന്നത്. ദുരന്ത മുന്നറിയിപ്പ് നല്‍കുന്നതു ലക്ഷ്യമിട്ട് കര, സമുദ്ര ഉപരിതലങ്ങള്‍ നിരീക്ഷിക്കുന്നത് ഇന്‍സാറ്റ്-3ഡിഎസിന്റെ വരവോടെ സജീവമാകും.

കരയിലേയും സമുദ്രത്തിലേയും കാലാവസ്ഥ മാറ്റങ്ങളുടെ ഏറ്റവും മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇന്‍സാറ്റ്-3ഡിഎസിന് കഴിയും. നിരീക്ഷണത്തിനായി ആറ് ചാനലുകളുള്ള ഇമേജറും 19 ചാനലുകള്‍ക്കുള്ള സൗണ്ടറും ഉള്‍പ്പെടെ അത്യാധുനിക പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. ഡേറ്റ റിലേ ട്രാന്‍സ്‌പോണ്ടര്‍ (ഡി ആര്‍ ടി) പോലെ അത്യാവശ്യ ആശയവിനിമയ പേലോഡുകളും ഇന്‍സാറ്റ്-3ഡിഎസിലുണ്ട്. ഓട്ടോമാറ്റിക് ഡേറ്റ കലക്ഷന്‍ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവ സഹായിക്കും.

കാലാവസ്ഥ പ്രവചനത്തിൽ ഇനി കൂടുതല്‍ കൃത്യത; ഇന്‍സാറ്റ്-3ഡിഎസ് ഭ്രമണപഥത്തിൽ
മുഖംതിരിച്ച നാസയ്ക്ക് സാരാഭായിയുടെ മറുപടി; ഇന്ന് നിർണായക കുതിപ്പുമായി 'വികൃതിക്കുട്ടി', ഇന്‍സാറ്റ് പിറന്ന കഥ

ബീക്കണ്‍ ട്രാന്‍സ്മിറ്ററുകളില്‍നിന്ന് ഡിസ്ട്രസ് സിഗ്നലുകളും അറിയിപ്പുകള്‍ സ്വീകരിക്കാന്‍ വേണ്ടി എസ് എ എസ് ആന്‍ഡ് ആര്‍ എന്ന ട്രാന്‍സ്പോണ്ടറും ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ രക്ഷാപ്രവര്‍ത്തനം, തിരച്ചില്‍ എന്നിവയ്ക്ക് ഈ ഉപകരണം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്, നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ് (എന്‍ സി എം ആര്‍ ഡബ്ല്യു എഫ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (ഐ ഐ ടി എം), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി (എന്‍ ഐ ഒ ടി) , ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഐ എന്‍ സി ഒ ഐ എസ്) ഉള്‍പ്പെടെ വിവിധ ഏജന്‍സികളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി ഇന്‍സാറ്റ്-3ഡിഎസ് ഉപഗ്രഹത്തെയാകും ഇനിമുതല്‍ ആശ്രയിക്കുക.

480 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇന്‍സാറ്റ്-3ഡിഎസിനായി പൂര്‍ണമായും പണം മുടക്കിയത് ഭൗമശാസ്ത്ര മന്ത്രാലയമാണ്. ഉപഗ്രഹത്തിന്റെ നിര്‍മാണത്തില്‍ രാജ്യത്തെ നിരവധി വ്യവസായങ്ങള്‍ ഗണ്യമായ സംഭാവന നല്‍കി.

കാലാവസ്ഥ പ്രവചനത്തിൽ ഇനി കൂടുതല്‍ കൃത്യത; ഇന്‍സാറ്റ്-3ഡിഎസ് ഭ്രമണപഥത്തിൽ
ദൗത്യം പൂര്‍ത്തിയാക്കിയ കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം തിരിച്ചിറിക്കി നശിപ്പിച്ച് ഐഎസ്ആര്‍ഒ

ജി എസ് എല്‍ വിയുടെ പതിനാറാം ദൗത്യമായിരുന്നു ഇന്നത്തേത്. പിഎസ്എല്‍വിയെപ്പോലെ വിശ്വസ്ത വിക്ഷേപണവാഹനമായി ജിഎസ്എല്‍വിയെ മാറ്റാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിഞ്ഞിരുന്നില്ല. നേരത്തെയുള്ള 15 ദൗത്യങ്ങളില്‍ ആറെണ്ണം പരാജയമായിരുന്നു. 40 ശതമാനമാണ് പരാജയ നിരക്ക്. അതുകൊണ്ടു തന്നെ 'വികൃതിക്കുട്ടി' എന്നാണ് ഈ റോക്കറ്റിനെ ഐ എസ് ആര്‍ ഒയുടെ ഒരു മുന്‍ ചെയര്‍മാന്‍ വിശേഷിപ്പിച്ചത്.

കഴിഞ്ഞവര്‍ഷം മേയ് 29നായിരുന്നു ജിഎസ്എല്‍വിയുടെ അവസാന വിക്ഷേപണം. അത് വിജയമായിരുന്നെങ്കിലും അതിനു മുന്‍പ് 2021 ഓഗസ്റ്റ് 12ന് നടന്ന ദൗത്യം പരാജയമായിരുന്നു.

51.7 മീറ്റര്‍ നീളവും 420 ടണ്‍ ഭാരവും പിണ്ഡവുമുള്ളതാണ് ഇന്ന് ഇന്‍സാറ്റ്-3ഡിഎസിനെ വിജയകരമാായി ഭ്രമണപഥത്തിലെത്തിച്ച ജിഎസ്എല്‍വി-എഫ് 14. മൂന്ന് ഘട്ടമായാണ് ഇത്തരം റോക്കറ്റുകള്‍ പ്രവര്‍ത്തിക്കുക. 139 ടണ്‍ ഇന്ധനമുള്ള ഒരു ഖര ഇന്ധന മോട്ടോറും 40 ടണ്‍ ദ്രാവക ഇന്ധനം വീതം വഹിക്കുന്ന നാല് സ്ട്രാപ്പോണ്‍ മോട്ടോറുകളും ഉള്‍പ്പെടുന്നതാണ് ആദ്യ ഘട്ടം. 40 ടണ്‍ ഇന്ധനം വഹിക്കുന്നതാണ് രണ്ടാം ഘട്ടം. മൂന്നാംഘട്ടമാണ് ക്രയോജനിക് ഘട്ടം. 15 ടണ്‍ ദ്രവീകൃത ഓക്സിജനും ദ്രവീകൃത ഹൈഡ്രജനും ചേര്‍ന്നതാണ് ഈ ഘട്ടത്തിലെ ഇന്ധനം.

logo
The Fourth
www.thefourthnews.in