2024ലും നേട്ടം തുടരാൻ ഐഎസ്ആര്‍ഒ; 
പുതുവർഷത്തെ വരവേൽക്കുക എക്‌സ്‌പോസാറ്റ്  വിക്ഷേപണത്തോടെ

2024ലും നേട്ടം തുടരാൻ ഐഎസ്ആര്‍ഒ; പുതുവർഷത്തെ വരവേൽക്കുക എക്‌സ്‌പോസാറ്റ് വിക്ഷേപണത്തോടെ

ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റിന്റെ വിക്ഷേപണം ജനുവരി ഒന്നിന്

ചന്ദ്രയാന്‍ 3, ആദിത്യ എല്‍-1 ഉൾപ്പടെയുള്ള സങ്കീർണമായ ബഹിരാകാശ പദ്ധതികൾ ലോകത്തിന് മുൻപിൽ നൽകിയ തലപ്പൊക്കം 2024ലും തുടരാൻ ഐഎസ്ആർഒ. പുതുവർഷത്തെ ആദ്യ വിക്ഷേപണം ജനുവരി ഒന്നിന് നടക്കും. ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് ആണ് ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിക്കുക. രാവിലെ 9.10നാണ് എക്‌സ്‌പോസാറ്റിനെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വി-സി58 കുതിച്ചുയരുക.

തീവ്രമായ അവസ്ഥയിലെ ശോഭയുള്ള ജ്യോതിശാസ്ത്ര എക്സ്റേ സ്രോതസ്സുകളുടെ വിവിധ ചലനാത്മകത പഠിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ധ്രുവരേഖാ ദൗത്യമാണ് എക്സ്പോസാറ്റ്. സ്‌പെക്ട്രോസ്‌കോപ്പിക്, ടൈമിങ് ഡേറ്റകള്‍ നല്‍കുന്ന ബഹിരാകാശ നിരീക്ഷണ നിലയങ്ങള്‍ നിലവിലുണ്ടെങ്കിലും ആകാശഗോളങ്ങളില്‍നിന്ന് ഏതുതരത്തിലുള്ള പ്രകാശമാണ് വരുന്നതെന്ന് കൃത്യമായി കണ്ടെത്തുന്നത് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും ബുദ്ധിമുട്ടാണ്.

അഞ്ചുവര്‍ഷം നീളുന്ന എക്‌സ്‌പോസാറ്റ് ദൗത്യം പ്രകാശ തരംഗങ്ങളുടെ വൈബ്രേഷന്‍ ഓറിയന്റേഷന്‍ അളക്കും. ഇത് ബഹിരാകാശ സ്രോതസ്സുകളുടെ റേഡിയേഷന്‍ മെക്കാനിസം മനസ്സിലാക്കാന്‍ സഹായിക്കും.

രണ്ട് ശാസ്ത്രീയ പേലോഡുകള്‍ ഉൾപ്പെടുന്ന എക്‌സ്പോസാറ്റ് പേടകത്തെ ഭൂമിക്ക് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലാണ് വിക്ഷേപിക്കുക.

പോളിക്‌സ് (പോളാരിമീറ്റര്‍ ഇന്‍സ്ട്രുമെന്റ് ഇന്‍ എക്സ്-റേസ്) ആണ് പ്രധാന പേലോഡ്. ഇത് ജ്യോതിശാസ്ത്ര ഉത്ഭവത്തിന്റെ 8-30 കെഇവി യൂണിറ്റ് ഫോട്ടോണുകളുടെ ഇടത്തരം എക്സ്-റേ ഊര്‍ജ ശ്രേണിയിലെ പോളാരിമെട്രി പാരാമീറ്ററുകള്‍ (ധ്രുവീകരണത്തിന്റെ ഡിഗ്രിയും കോണും) അളക്കും. എക്‌സ്എസ്‌പെക്റ്റ് ((എക്‌സ്-റേ സ്‌പെക്ട്രോസ്‌കോപ്പി ആന്‍ഡ് ടൈമിങ്്) ആണ് രണ്ടാമത്തെ പേലോഡ്. ഇത് 0.8-15 കെവി ഊര്‍ജശ്രേണിയിലുള്ള സ്‌പെക്ട്രോസ്‌കോപ്പിക് വിവരങ്ങള്‍ നല്‍കും.

2024ലും നേട്ടം തുടരാൻ ഐഎസ്ആര്‍ഒ; 
പുതുവർഷത്തെ വരവേൽക്കുക എക്‌സ്‌പോസാറ്റ്  വിക്ഷേപണത്തോടെ
ആദിത്യ എൽ വൺ നിർണായക ഘട്ടത്തിലേക്ക്; ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു

പ്രകാശ രശ്മികളുടെ ഉറവിടങ്ങളുടെ താത്കാലികമായ സ്‌പെക്ട്രല്‍, ധ്രുവീകരണ സവിശേഷതകള്‍ ഒരേസമയം പഠിക്കാന്‍ ഇത് എക്‌സ്‌പോസാറ്റിനെ പ്രാപ്തമാക്കുന്നു. തമോഗർത്തങ്ങൾ, ന്യൂട്രണ്‍ നക്ഷത്രങ്ങൾ അടക്കമുള്ളവയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഈ പഠനം സഹായിക്കും.

ശാസ്ത്രീയവും വാണിജ്യവുമായ പേലോഡുകള്‍ വഹിക്കുന്ന പോയം (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ പരീക്ഷണ മോഡ്യൂള്‍) എന്ന ഉപഗ്രഹവും എക്‌സ്പോസാറ്റിനൊപ്പം ഐഎസ്ആർഒ വിക്ഷേപിക്കും.

2024ല്‍ വമ്പന്‍ പദ്ധതികള്‍

ഐഎസ്ആര്‍ഒയ്ക്ക് 2024ല്‍ വമ്പന്‍ പദ്ധതികളുടെ വര്‍ഷമാണ്. സൂര്യ ദൗത്യമായ ആദിത്യ എല്‍-1 ഈ വര്‍ഷം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കും. സൂര്യനോട് ഏറ്റവും അടുത്തായി കണക്കാക്കപ്പെടുന്ന ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് കടക്കാനുള്ള ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന് ജനുവരി ആറിന് തുടക്കമാകും.

ജനുവരി 12-ന് കാലാവസ്ഥ ഉപഗ്രഹ വിക്ഷേപണ പരമ്പരയുടെ ഭാഗമായി ഇന്‍സാറ്റ്-3ഡിഎസ് മെറ്ററോളിക്കല്‍ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കും. ഇതോടൊപ്പം ഗഗന്‍യാന്‍ ദൗത്യത്തിന്റെ തുടർ പരീക്ഷണങ്ങൾ, 2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്ന ഡോക്കിങ് ഇന്‍ സ്പേസ് (സ്പേഡെക്സ്), 2040 ഓടെ ഇന്ത്യക്കാരെ ചന്ദ്രനിലിറക്കാന്‍ ലക്ഷ്യമിടുന്ന ലൂണാര്‍ സാമ്പിള്‍ റിട്ടേണ്‍ മിഷന്‍സ്, മാര്‍സ് ലാന്‍ഡര്‍ മിഷന്‍, വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനം എന്നീ വമ്പന്‍ ദൗത്യങ്ങൾ യാഥാർഥ്യമാക്കുന്ന പ്രവർത്തനങ്ങളിലേക്കും ഐഎസ്ആര്‍ഒ ഈ വര്‍ഷം കടക്കും.

logo
The Fourth
www.thefourthnews.in