ഇന്ത്യൻ പതാകയ്ക്കുകീഴില്‍ പാക് താരത്തെയും ചേർത്തുനിർത്തി നീരജ് ചോപ്ര;  ലോകജേതാവിനെ പ്രശംസിച്ച് അർഷാദ് നദീം

ഇന്ത്യൻ പതാകയ്ക്കുകീഴില്‍ പാക് താരത്തെയും ചേർത്തുനിർത്തി നീരജ് ചോപ്ര; ലോകജേതാവിനെ പ്രശംസിച്ച് അർഷാദ് നദീം

ലോകം കീഴടക്കിയതിനൊപ്പം ആരാധകരുടെ മനസും നിറച്ച് നീരജ് ചോപ്ര

കായികവേദികളില്‍ എതിരാളികള്‍ സൗഹൃദം പങ്കിടുന്നത് ആദ്യമായല്ല. മത്സരങ്ങളില്‍ പരസ്പരം കൊമ്പുകോര്‍ത്തവര്‍ മൈതാനത്തിനു പുറത്ത് ചേര്‍ന്നു നില്‍ക്കുന്ന നിമിഷങ്ങള്‍ക്ക് ഇതിനുമുന്‍പും നമ്മള്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ജാവലിന്‍ ത്രോ ഇന്ത്യ-പാകിസ്താന്‍ സൗഹൃദ പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യയുടെ നീരജ് ചോപ്ര ലോകം കീഴടക്കിയതിനൊപ്പം ആരാധകരുടെ മനസും നിറച്ചു. ബദ്ധവൈരികളെന്ന് ലോകം നോക്കിക്കാണുന്ന ഇന്ത്യയുടെയും പാകിസ്താന്റെയും കരുത്തന്മാരുടെ ഊഷ്മള ബന്ധത്തിന്റെ നേര്‍ച്ചിത്രം കൂടിയായിരുന്നു ആ ജാവലിന്‍ ത്രോ വേദി.

ഇന്ത്യന്‍ പതാകയ്ക്കു കീഴില്‍ ഇരുവരും ചേര്‍ന്നു നിന്നപ്പോള്‍ ക്യാമറക്കണ്ണുകള്‍ ആ സൗഹൃദം ഒപ്പിയെടുത്തു

നീരജ് ചോപ്ര ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ പാകിസ്താന്റെ അര്‍ഷാദ് നദീമായിരുന്നു രണ്ടാം സ്ഥാനത്ത്. ചരിത്ര നേട്ടത്തിന് ശേഷം ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. മെഡല്‍ അണിഞ്ഞതിന് ശേഷം താരങ്ങള്‍ ഫോട്ടോയ്ക്കായി പോസ് ചെയ്തു. ചോപ്രയും മൂന്നാം സ്ഥാനക്കാരനായ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെജും ഇരു രാജ്യങ്ങളുടെയും പതാകകളുമായി ഫോട്ടോ എടുക്കാന്‍ നിന്നു. അര്‍ഷാദ് മാറി നില്‍ക്കുന്നത് കണ്ട ചോപ്ര താരത്തെയും ഒപ്പം കൂട്ടി. ഇന്ത്യന്‍ പതാകയ്ക്കു കീഴില്‍ ഇരുവരും ചേര്‍ന്നു നിന്നപ്പോള്‍ ക്യാമറക്കണ്ണുകള്‍ ആ സൗഹൃദം ഒപ്പിയെടുത്തു. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ഇരുവരെയും അഭിനന്ദിച്ച് ധാരാളം പേരാണ് മുന്നോട്ട് വന്നത്.

ചോപ്രയുടെ സ്‌നേഹ പ്രകടനത്തെ അര്‍ഷാദും പ്രശംസിച്ചു. അടുത്ത വര്‍ഷം നടക്കുന്ന പാരിസ് ഒളിമ്പിക്‌സിലും ഇന്ത്യയ്ക്കും പാകിസ്താനും ഇതുപോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കട്ടേയെന്ന് താരം പറഞ്ഞു. ''നീരജ് ഭായിയുടെ പ്രകടനത്തില്‍ സന്തോഷമുണ്ട്. ഇന്ത്യയും പാകിസ്താനും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ത്തെിയിരിക്കുന്നു. ഒളിമ്പിക്‌സിലും 1-2 സ്ഥാനത്ത് തന്നെ ആയിരിക്കട്ടെ'' അര്‍ഷാദ് മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ചോപ്രയെ പ്രശംസിച്ചുകൊണ്ട് അര്‍ഷാദ് ഇതിന് മുന്‍പും രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യൻ പതാകയ്ക്കുകീഴില്‍ പാക് താരത്തെയും ചേർത്തുനിർത്തി നീരജ് ചോപ്ര;  ലോകജേതാവിനെ പ്രശംസിച്ച് അർഷാദ് നദീം
ഫൗളിൽ തുടക്കം, പിന്നീട് സംഭവിച്ചത് ചരിത്രം; ചോപ്രയെന്ന ഇന്ത്യയുടെ കുന്തമുന

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടില്‍ തന്നെ ഇരുവരും പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു. ഇതിനു മുന്‍പും ഇരുവരും പല തവണ മുഖാമുഖം വന്നിട്ടുണ്ട്. ബര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ 90.18 മീറ്ററെന്ന അര്‍ഷാദിന്റെ മാന്ത്രികദൂരം ബുഡാപെസ്റ്റില്‍ ചോപ്രയ്ക്ക് ഭീഷണിയാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇത്തവണ ചോപ്രയുടെ ജാവലിന് ഉന്നം പിഴച്ചില്ല. മനപ്പൂര്‍വമുള്ള ആദ്യ ഫൗളിന് പിന്നാലെ രണ്ടാം ത്രോയില്‍ സ്വര്‍ണദൂരം പിന്നിട്ട ചോപ്ര ഇന്ത്യയ്ക്കായി ചരിത്രം കുറിച്ചു.

logo
The Fourth
www.thefourthnews.in