'ഇന്ത്യൻ പതാക'യിൽ ഓട്ടോഗ്രാഫ് വേണമെന്ന് യുവതി; ടീ ഷര്‍ട്ടില്‍ നല്‍കി നീരജ്

'ഇന്ത്യൻ പതാക'യിൽ ഓട്ടോഗ്രാഫ് വേണമെന്ന് യുവതി; ടീ ഷര്‍ട്ടില്‍ നല്‍കി നീരജ്

ഇന്ത്യൻ പതാകയിൽ കയ്യൊപ്പ് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ നീരജ് യുവതിയുടെ ടീ ഷർട്ടിന്റെ കയ്യിൽ ഓട്ടോഗ്രാഫ് നൽകി

രാജ്യത്തിന്റെ അഭിമാനം വീണ്ടും വാനോളം ഉയർത്തി നീരജ് ചോപ്ര. ഹങ്കറിയിലെ ബുഡാപെസ്റ്റിലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയിൽ ഫൈനലില്‍ 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞിട്ട് നീരജ് സ്വർണ മെഡൽ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. നേട്ടത്തിന് പിന്നാലെ ഒരു ഹംഗേറിയന്‍ വനിത നീരജിനടുത്ത് ഓട്ടോഗ്രാഫിനായെത്തി. ഇന്ത്യയുടെ ദേശീയ പതാകയിലായി ഓട്ടോഗ്രാഫ് നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

എന്നാൽ പതാകയിൽ കയ്യൊപ്പ് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ നീരജ് യുവതിയുടെ ടീ ഷർട്ടിന്റെ കയ്യിൽ ഓട്ടോഗ്രാഫ് നൽകി. ജൊനാതൻ സെൽവരാജ് എന്ന മാധ്യമപ്രവർത്തകനാണ് സംഭവം പകർത്തിയത്. ഇതോടെ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മത്സര സമയത്ത് മാത്രമല്ല അതിന് പുറത്തുള്ള താരത്തിന്റെ പക്വതയാണ് ഇപ്പോൾ ആളുകൾ ഒന്നായി ഏറ്റെടുത്തിരിക്കുന്നത്.

'ഇന്ത്യൻ പതാക'യിൽ ഓട്ടോഗ്രാഫ് വേണമെന്ന് യുവതി; ടീ ഷര്‍ട്ടില്‍ നല്‍കി നീരജ്
ഇന്ത്യൻ പതാകയ്ക്കുകീഴില്‍ പാക് താരത്തെയും ചേർത്തുനിർത്തി നീരജ് ചോപ്ര; ലോകജേതാവിനെ പ്രശംസിച്ച് അർഷാദ് നദീം

ഇതിനു മുൻപും ആളുകളുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു നീരജ് ചോപ്ര. താരം ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനം നേടിയ പാക് താരം അര്‍ഷാദ് നദീമിനെ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ ചേർത്ത് നിർത്തി ഫോട്ടോ എടുത്തതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

മെഡൽ നേട്ടത്തിന് ശേഷം ചോപ്രയും മൂന്നാം സ്ഥാനക്കാരനായ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെജും ഫോട്ടോ എടുക്കാനായി നിന്നപ്പോൾ രണ്ടാം സ്ഥാനക്കാരനായ അര്‍ഷാദ് മാറി നില്‍ക്കുന്നത് കണ്ട ചോപ്ര താരത്തെയും ഒപ്പം കൂട്ടുകയായിരുന്നു. ഈ ചിത്രം വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് നീരജ് ചോപ്രയ്ക്ക് അഭിനന്ദങ്ങളുമായി എത്തിയത്.

logo
The Fourth
www.thefourthnews.in